Thursday, April 30, 2020

ഷാഷാമെന്‍, റസ്തഫാരി,ബോബ് മാര്‍ലി...


എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (15)
---------------------------
വാസ ഒയാസിസ് ഇന്റര്‍നാഷണല്‍ എന്ന ത്രിനക്ഷത്ര ഹോട്ടലിലെ സാമാന്യം വലിപ്പമുള്ള മുറിയില്‍ മികച്ച ശയനസുഖം തരുന്ന കിടക്കയിലായിരുന്നിട്ടും ഉറക്കം കാര്യമായി നടന്നില്ല ആ രാത്രിയില്‍. യാത്രക്കിടയിലെ ചിലദിവസങ്ങളിങ്ങനെയാണ്. ഓര്‍മ്മകളിലും പാതിയുറക്കത്തിലും സ്വപനങ്ങളിലും കുരുങ്ങിയങ്ങിനെ കിടക്കും. പുലര്‍ച്ചെ നേരത്തേ ഉണരേണ്ടതുണ്ട്. ഷാഷാമെനാണ് അദ്യ ലക്ഷ്യസ്ഥാനം. ചെഗുവേര വന്നുപോയ സ്ഥലമെന്നാണ് ഡോ. അജിന്‍ ആ സ്ഥലത്തെ പറ്റി ആദ്യം വിശദീകരിച്ചത്. അദ്ദേഹത്തിന് പേര് പെട്ടെന്ന് മാറിപ്പോയതായിരുന്നു. റസ്തഫാരി മതവിഭാഗത്തിന്റെ കേന്ദ്രമായ അവിടെ ഉറങ്ങുന്നത് ബോബ്മാര്‍ലിയുടെ ഓര്‍മ്മകളാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെമിറ്റിക് മതമെന്നറിയപ്പെടുന്ന റസ്തഫാരി ആവിര്‍ഭവിക്കുന്നത് 1930കളില്‍ മാര്‍ലിയുടെ ജമൈക്കയിലായിരുന്നു. ആഫ്രിക്കയില്‍ നിന്ന് അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്കും ജമൈക്ക അടക്കമുള്ള കരീബിയന്‍ ദ്വീപ് സമൂഹങ്ങളിലേക്കും അടിമകളാക്കി കൊണ്ടു പോയവരുടെ പിന്‍മുറക്കാരാണ് റസ്തഫാരി പ്രസ്ഥാനത്തിന് തുടക്കമിടുന്നത്. സ്വത്വം തേടിയുള്ള ആത്മീയാന്വേഷണങ്ങളാണ് അവരെ റസ്തഫാരിസത്തിലേക്കും ഹെയ്‌ലി സെലാസിയിലേക്കും എത്യോപ്യയിലേക്കും കൊണ്ടെത്തിച്ചത്‌.

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വെറുക്കപ്പെട്ട ഇരുണ്ട അധ്യായങ്ങളിലൊന്നായ അടിമ കടത്ത് കച്ചവടാടിസ്ഥാനത്തില്‍ ആദ്യം തുടങ്ങിവെക്കുന്നത് അറബികളാണ്. ഒമാന്‍ സുല്‍ത്താന്റെ കീഴിലുണ്ടായിരുന്ന സാന്‍സിബാറായിരുന്നു (ഇന്നത്തെ ടാന്‍സാനിയയില്‍) ആഫ്രിക്കയിലെ ഏറ്റവും കുപ്രസിദ്ധമായ അടിമകടത്ത് കേന്ദ്രം. ആഫ്രിക്കക്കാരെ മൃഗങ്ങളെപോലെ പിടിച്ച് കച്ചവട ചരക്കാക്കി കൈമാറ്റം ചെയ്ത് കപ്പലുകളില്‍ വിദൂരദേശങ്ങളില്‍ വില്‍ക്കുകയായിരുന്നു പതിവ്. ഏഴാം നുറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വരെ അറബികള്‍ കയ്യാളിയിരുന്ന ഈ രംഗത്തേക്ക് 15-ാം നൂറ്റാണ്ട് മുതല്‍ 19-ാം നൂറ്റാണ്ട് വരെയുള്ള കാലത്ത് യൂറോപ്യന്‍മാര്‍ കടന്നുവന്നു. അറ്റ്‌ലാന്റിക് സ്ലേവ് ട്രേഡ് എന്നറിയപ്പെടുന്ന യൂറോപ്യന്‍ അടിമവ്യാപാരത്തിന്റെ ഇക്കാലത്താണ് അമേരിക്ക ഉള്‍പ്പടെ പല പുതിയ കോളനികളും കണ്ടുപിടിക്കുന്നത്. ആ കോളനികളിലെ തോട്ടംപണികള്‍ക്കും മറ്റുമായി കൊണ്ടുവരപ്പെട്ട ആഫ്രിക്കന്‍ അടിമകള്‍ നയിച്ചത് മൃഗസമാനമായ ജീവിതമായിരുന്നു. പിന്നീട് ജനാധിപത്യത്തിന്റെയും പുത്തന്‍ ആശയങ്ങളുടെയും കാലമെത്തിയതോടെ ആ അടിമകളുടെ പിന്‍മുറക്കാരായവര്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായി മോചിപ്പിക്കപ്പെട്ടു. പക്ഷെ അപ്പോഴും അവശേഷിച്ച വര്‍ണ്ണവെറിക്കും വംശീയതക്കും മറ്റു വിവേചനങ്ങള്‍ക്കും മുന്നില്‍ ആദ്യം പകച്ചു നിന്ന അവര്‍ പതുക്കെ ചെറുത്തുനില്‍പ്പുകളാരംഭിച്ചു. അവര്‍ തങ്ങളുടെ വേരുകള്‍ അന്വേഷിച്ചു തുടങ്ങി. തങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട മതങ്ങളൊന്നും തന്നെ സമത്വം പ്രധാനം ചെയ്യുന്നില്ലെന്നും ചൂഷകര്‍ക്കൊപ്പമാണ് ആ മതപൗരോഹിത്യങ്ങളൊക്കെ തന്നെയും എന്ന് മനസ്സിലാക്കിയ അവര്‍ പുതിയ അഭയകേന്ദ്രങ്ങളന്വേഷിക്കാനാരംഭിച്ചു അതാണൊടുവില്‍ റസ്തഫാരിയിലെത്തിയത്.

റസ്തഫാരി മതത്തിന്റെ അടിവേരുകള്‍ ക്രിസ്തുമതത്തിലാണ്. പക്ഷെ അവരുടെ വിശ്വസപ്രകാരം ക്രിസ്തുവിനുശേഷവും ഒരു ദൈവപുത്രന്‍ കടന്നുവരുന്നുണ്ട്. കറുത്തവരുടെ വിമോചനത്തിന് വേണ്ടി, ആ ദൈവപുത്രനാണ് എത്യോപ്യന്‍ ചക്രവര്‍ത്തിയായ ഹെയ്‌ലി സെലാസി. ക്രിസ്തുമതത്തില്‍ യേശുവിനുള്ള സ്ഥാനമാണ് റാസ്തഫാരിസത്തില്‍ സെലാസിക്ക്. ജമൈക്കയില്‍ നിന്ന് ആരംഭിച്ച റസ്തഫാരിസം കറുത്തലോകത്തിന് പുറത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നത് ബോബ് മാര്‍ലിയിലൂടയൊണ്. ഇംഗ്ലീഷുകാരനായ അച്ഛന്റെയും കറുത്തവര്‍ഗ്ഗക്കാരിയായ അമ്മയുടേയും മകനായി ജമൈക്കയില്‍ ജനിച്ച മാര്‍ലി. തന്റെ സംഗീതത്തിലൂടെ ലോകം കീഴടക്കിയപ്പോള്‍, സംഗീതം കൊണ്ട് വിവേചനത്തിനും വംശീയതക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പ്രതിഷേധവും പ്രതിരോധവുമുയര്‍ത്തിയപ്പോള്‍ മാര്‍ലിക്കൊപ്പം റസ്തഫാരിസവും ലോകമറിഞ്ഞു. തങ്ങളുടെ മാതൃഭൂമിയായ ആഫ്രിക്കയിലേക്കുള്ള മടക്കം സ്വപ്നം കണ്ട് കഴിയുന്ന വലിയൊരു വിഭാഗം കറുത്തവര്‍ഗ്ഗക്കാര്‍ ലോകത്തിലെമ്പാടുമുണ്ടായിരുന്നു. പക്ഷെ തലമുറകള്‍ക്ക് മുന്നേ വന്‍കരയുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട അവര്‍ക്ക് മടങ്ങാനായി ആഫ്രിക്കയില്‍ ഒരു രാജ്യമുണ്ടായിരുന്നില്ല. അത്തരക്കാര്‍ക്ക് വേണ്ടിയാണ് രണ്ടാംലോകമഹായുദ്ധാവസാനം
ഇറ്റാലിയന്‍ അധിനിവേശത്തില്‍ നിന്ന് മോചിതമായ എത്യോപ്യയില്‍ മടങ്ങിയെത്തി വീണ്ടും ചക്രവര്‍ത്തിപദമേറ്റെടുത്ത സെലാസി 200 ഹെക്ടര്‍ ഭൂമി ഷാഷമെന്നില്‍ അനുവദിക്കുന്നത്. എന്നാല്‍ അവിടേക്ക് കടന്നു വന്നവരിലേരെയും റസ്തഫാരി വിശ്വാസികളായിരുന്നു. അങ്ങിനെ പതുക്കെ റസ്തഫാരികളുടെ വാഗ്ദത്ത ഭൂമിയായി മാറി ഷാഷാമെന്‍.

പച്ചയും മഞ്ഞയും ചുവപ്പും ചേര്‍ന്ന എത്യോപ്യന്‍ പതാകയുടെ നിറങ്ങള്‍ തന്നെയാണ് റസ്തഫാരികളുടെ പതാകക്കും. മധ്യത്തില്‍ എത്ത്യോപ്യന്‍ രാജവംശത്തെ പ്രതിനിധാനം ചെയ്യുന്ന സിംഹം. കുരിശടയാളമുള്ള അധികാരദണ്ഡുമേന്തി നില്‍ക്കുന്ന കിരീടം വെച്ച ഈ സിംഹരൂപം (Lion of Judah) ജൂത സംസ്‌ക്കാരത്തിന്റെ ഒരു പ്രതീകം കൂടിയാണ്. സംഗീതവും ലഹരിയും റസ്തഫാരിസത്തിന്റെ അവിഭാജ്യമായ ഘടകങ്ങളാണ്. പാശ്ചാത്യസമൂഹത്തെ നിരാകരിക്കുക എന്ന ആഹ്വാനത്തോടെ ആരംഭിച്ച റസ്തഫാരിയിസത്തിന്റെ മുഖമായി പിന്നീട് മാറിയത് ബോബ് മാര്‍ലിയായിരുന്നു. അച്ഛന്‍ വെളുത്തവനായിരുന്നിട്ടും വംശീയമായ അധിക്ഷേപങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമിരയായി ബോബ് മാര്‍ലി. ഏറെ താമസിക്കാതെ കറുത്തവരുടെ വിമോചനപോരാട്ടത്തിന്റെ മുഖമായി മാറി മാര്‍ലിയും അദ്ദേഹത്തിന്റെ സംഗീതവും. കഞ്ചാവിനെ വിശുദ്ധമായി കണക്കാക്കുന്നവരാണ് റസ്തഫാരി വിശ്വാസികള്‍. മരിയുവാനയാണ് അവരുടെ ഇഷ്ട ലഹരി പദാര്‍ത്ഥം. റസ്തഫാരി വിശ്വസത്തിന്റെ ഭാഗമാണ് ലഹരിയും സംഗീതവും മാര്‍ലിയുടെ ജീവിതവും അങ്ങിനെ തന്നെ. എന്നാല്‍ ലോകത്തെ ഏറ്റവും പ്രതിഭാധനരിലൊരാളായ ആ സംഗീതജ്ഞനെ ഒരു ലഹരിയുമായി മാത്രം ചേര്‍ത്തുവെച്ചുള്ള വിലയിരുത്തലുകള്‍ മാര്‍ലി മുന്നോട്ട് വെച്ച പ്രതിരോധത്തിന്റെ രാഷ്ട്രീയത്തെ പൂര്‍ണ്ണമായും നിരാകരിക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ്. റസ്തഫാരി വിശ്വാസപ്രമാണങ്ങളുടെ ഭാഗമായി തന്നെയാണ് തലമുടി കയര്‍ പോലെ പിരിച്ച് നീട്ടി വളര്‍ത്തുന്ന ' ഡ്രെഡ്‌ലോക്ക് ' ജടാധാരണരീതി മാര്‍ലി സ്വീകരിക്കുന്നതും. റസ്തകളുടെ ആചാരമെന്നതുപോലെ കറുത്തവരുടെ സ്വത്വപ്രഖ്യാപനം കൂടിയാണ് ഈ കേശരൂപം.

1975ല്‍ ദിവ്യാത്ഭുതങ്ങളൊന്നും സംഭവിക്കാതെ ഹെയ്‌ലി സെലാസി അന്തരിച്ചതോടെ റാസ്തഫാരി വിശ്വാസികളുടെ എണ്ണത്തില്‍ വളരെ കുറവ് വന്നു. പിന്നീട് മാര്‍ലിയായിരുന്നു റാസ്തവിശ്വാസികളുടെ പ്രധാന പിന്‍ബലമായി തീര്‍ന്നത്. 36-ാം വയസ്സില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കേ കാന്‍സര്‍ രോഗം ബാധിച്ച് മരിക്കുന്നതുവരെ വരെ റസ്തഫാരിസത്തിന്റെ വക്താവായിരുന്നു മാര്‍ലി. റസ്തഫാരികളുടെ കേന്ദ്രം എന്ന നിലയില്‍ മാര്‍ലി എന്നും ആരാധനയോടെ നോക്കിക്കണ്ട ഇടമായിരുന്നു ഷാഷാമെന്‍. 1978ല്‍ മാര്‍ലി ഷാഷാമെനിലെത്തുന്നുമുണ്ട്. 1981 ല്‍ മാര്‍ലി മരിക്കുമ്പോള്‍ എത്യോപ്യ കമ്മ്യൂണിസ്റ്റ് ദെര്‍ഗ് ഭരണത്തില്‍ കീഴിലായിരുന്നു. അതുകൊണ്ടാകാം ജമൈക്കയില്‍ തന്നെയാണ് മാര്‍ലിയുടെ ശരീരം അടക്കം ചെയ്തത്. 2005 ല്‍ മാര്‍ലിയുടെ 60-ാം ജയന്തിദിനചരണത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭൗകിതാവശിഷ്ടങ്ങള്‍ ജമൈക്കയില്‍ നിന്നും ഷാഷാമാനിലെത്തിച്ച് അടക്കം ചെയ്യുമെന്ന് മാര്‍ലിയുടെ പത്‌നി പറഞ്ഞിരുന്നെങ്കിലും അതിതുവരെ സംഭവിച്ചിട്ടില്ല. കറുത്തവരുടെ വിമോചനപോരാട്ടത്തിന്റെ ഭാഗമായി തുടങ്ങിയ റസ്തഫാരിസത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് പാശ്ചാത്ത്യസമൂഹത്തിന്റെ നിരാകരണമായിരുന്നു. ആ ജീവിതശൈലിയോടൊപ്പം പാശ്ചാത്ത്യരോടും അകലം പാലിച്ച റസ്തഫാരികളുടെ അനുയായികളായി ഇന്ന് വലിയൊരു വിഭാഗം വെള്ളക്കാരാണുള്ളത്. മാര്‍ലിയിലൂടെ റാസ്തഫാരിസത്തിന് യൂറോപ്പിലും അമേരിക്കയിലും പ്രചാരം കിട്ടി. അങ്ങിനെ മതത്തിലേക്ക് കടന്നുവന്ന വെള്ളക്കാര്‍ ഇന്ന് ഷാഷാമാനിലുമുണ്ട്. വന്‍കരയക്ക് പുറത്തുള്ള വേരുകള്‍ നഷ്ടപ്പെട്ട കറുത്തവര്‍ക്ക് മടങ്ങിവരാനായി നീക്കിവെക്കപ്പെട്ട വാഗ്ദത്ത ഭൂമിയില്‍ ഇന്ന് താമസക്കാരായി വെള്ളക്കാരയ റാസ്തകളുമുണ്ടെന്നുള്ളത് ചരിത്രത്തിന്റെ വിചിത്രമായ കുഴമറിച്ചിലുകളുടെ ബാക്കിയാണ്.

പുലര്‍ച്ചെ 3.30ക്ക് എഴുന്നേറ്റ് തയ്യാറായി പുറത്തിറങ്ങി. ഹോട്ടലും പരിസരവും പൂര്‍ണ്ണനിശബ്ദതയിലാണ്. നല്ല തണുപ്പുണ്ട്. ആഘോഷരാവുകള്‍ക്ക് ശേഷം ഏറെ വൈകി ഉറങ്ങുന്ന നഗരമാണ് അവാസ അതുകൊണ്ട് തന്നെ ഇവിടത്തെ പ്രഭാതവും ഏറെ വൈകിയാണ്. വണ്ടി ഓടിതുടങ്ങിയതോടെ ഉറക്കത്തിലേക്ക് വീണ്ടും മടങ്ങി പലരും. ആഡിസ് അബാബയിലെപ്പോലെ തെരുവോരങ്ങളില്‍ പ്രകാശം പരത്തി നിലകൊള്ളുന്നത് ഹോട്ടലുകളുടേയും റിസോട്ടുകളുടേയും ഉഴിച്ചില്‍ കേന്ദ്രങ്ങളുടെയും പരസ്യപലകകള്‍ മാത്രമാണ്. മുന്‍ സീറ്റിലിരിക്കുന്ന ഡോക്ടര്‍ ഉറക്കത്തിലാണ്. അബ്ദു അതിവേഗത്തിലാണ് വണ്ടി ഓട്ടിക്കൊണ്ടിരിക്കുന്നത്. റോഡും വളരെ മികച്ചതാണ്. ഷാഷാമെന്നെത്തുന്നതും നോക്കി ഉറങ്ങാതെ കാത്തിരിക്കുകയാണ് അന്‍വറും ഞാനും. ഇടക്ക് ഡോ.അജിനോട് സ്ഥലമെത്താരായോ എന്ന് ചോദിച്ചിരുന്നു. ഇല്ലെന്നും അബ്ദു പറയുമെന്നുമായിരുന്നു മറുപടി. ഇടക്കെപ്പോഴോ ഉറങ്ങിപ്പോയി. ഉണരുമ്പോള്‍ പുലരിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. താമസിക്കാതെ അബിജട്ട-ഷാല നാഷണല്‍ പാര്‍ക്കെത്തും ഡോക്ടര്‍ ചോദിക്കാതെ തന്നെ പറഞ്ഞു. 'അപ്പോള്‍ ഷാഷാമെന്‍' ?. 'അതു കഴിഞ്ഞു പോയി'. അബ്ദു പറഞ്ഞില്ലല്ലോ എന്ന് ചോദിച്ച
ഞങ്ങളോട് ഡോകടര്‍ പറഞ്ഞു. അബ്ദുവിനോട് പറയേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു അവിടെ നേരം വെളുക്കാതെ ഒന്നും കാണാനാകില്ല. അവിടെ നേരം കളഞ്ഞാല്‍ പിന്നെ അബിജട്ട-ഷാല നാഷണല്‍ പാര്‍ക്ക് കാണാനുമാകില്ല. അജിന്‍ പറഞ്ഞത് ശരിയാണ് എങ്കിലും മാര്‍ലിയുടെ ഓര്‍മ്മകളുറങ്ങുന്ന ആ നഗരത്തിന്റെ വഴിയോരക്കാഴ്ച്ചകള്‍ പോലും കാണാനായില്ലല്ലോ എന്ന നഷ്ടബോധത്തോടെ ഞങ്ങളിരുന്നു.

(തുടരും)

Sunday, April 19, 2020

ഹിപ്പോകളെ തേടി

എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (14)
---------------------------
വാസ (ഹവാസ) തടാകതീരത്തെ അസഖ്യം ഭക്ഷണശാലകളിലെന്നില്‍ തടാകത്തിനഭിമുഖമായിട്ട ഇരിപ്പിടങ്ങളില്‍ തയ്യാറാക്കാനാവശ്യപ്പെട്ട മത്സ്യവിഭവങ്ങള്‍ കാത്തിരിക്കുകകായിരുന്നു ഞങ്ങള്‍. ജലാശയത്തിനപ്പുറം ചക്രവാളത്തില്‍ നിറങ്ങളുടെ ആഘോഷം നടക്കുകയാണ്. തടാകതീരത്തെ ഭോജനശാലകളില്‍ നിന്ന് അത്യുച്ചത്തിലുള്ള ആഫ്രിക്കന്‍ സംഗീതമുയരുന്നുണ്ട്. തടാകത്തില്‍ ചെറുവള്ളങ്ങളിലും തീരത്ത് നിന്ന് ചൂണ്ടയെറിഞ്ഞും അപ്പോഴും മീന്‍പിടുത്തം തുടരുന്നുണ്ട് ചിലര്‍. ഒട്ടും പഴക്കമില്ലാത്ത പിടക്കുന്ന മീനിനെ വറുത്ത് കൊണ്ട് വരാനാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. പഴക്കം തോന്നിയാല്‍ പണംതരില്ലെന്ന അബ്ദുവിന്റെ ഭീഷണിയും പുറകെ പോയിട്ടുണ്ട്. എത്യോപ്യന്‍ യാത്രക്കിടയില്‍ തീര്‍ച്ചയായും അനുഭവിച്ചറിയേണ്ട ഒന്നാണത്ര അവാസ തടാകതീരത്തിനഭിമുഖമായ റെസ്‌റ്റോറന്റുകളില്‍ പോക്കുവെയിലേറ്റിരുന്നുകൊണ്ടുള്ള ഈ മത്സ്യഭോജനം.

അഘോഷതിമിര്‍പ്പിലാണ് എല്ലാവരും. എങ്ങും പ്രസന്നവദനരായ ആളുകള്‍. തൊട്ടുരുമ്മിക്കൊണ്ട് നടന്നു നീങ്ങുന്ന യുവമിഥുനങ്ങള്‍. കുട്ടികളോടൊപ്പം വന്നിട്ടുള്ള അച്ഛനമ്മമാര്‍, ചുരുക്കം ചില ഏകാന്ത യാത്രികര്‍. പല രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുണ്ട് അവര്‍ക്കിടയില്‍. സ്വര്‍ണ്ണവെയിലേറ്റ് കാഴ്ച്ചമങ്ങുന്ന വിദൂരതയിലേക്ക് കണ്ണുകളാഴ്ത്തി തടാകതീത്ത് ഇങ്ങിനെയിരിക്കുമ്പോള്‍ അറിയുന്നത് എത്യോപ്യയുടെ മറ്റൊരു മുഖമാണ്. ആഡിസ് അബാബയുടെ ജനം പുളക്കുന്ന ചേരികള്‍, കോന്‍സോയിലെ പ്രാകൃതഗോത്രവര്‍ഗ്ഗക്കാര്‍, പച്ചപുതച്ച അര്‍ബാമിഞ്ച് റിഫ്റ്റ് വാലി, നിലമുഴുന്ന കര്‍ഷകരും കാലിമേക്കുന്ന ഇടയന്‍മാരുമുള്ള സമതലങ്ങള്‍, എറിത്രിയയോടു ചേര്‍ന്നുള്ള മരുഭൂമികള്‍, ഉപ്പുപാടങ്ങള്‍, ചുടുനീരുറവകള്‍ പതഞ്ഞുപൊങ്ങുന്ന സള്‍ഫര്‍ നിലങ്ങള്‍ അങ്ങിനെയങ്ങിനെ എത്രയോ എത്യോപ്യകള്‍.
അവാസ എന്ന് പദത്തിനര്‍ത്ഥം വിശാലമായ ജലാശയം എന്നാണ്. എന്നാല്‍ വലിപ്പത്തിന്റെ കാര്യത്തില്‍ ഇതിനേക്കാല്‍ വലിയ പന്ത്രണ്ടോളം തടാകങ്ങളുണ്ട് എത്യോപ്യയില്‍. 16 കിലോമീറ്റര്‍ നീളവും 9 കിലോമീറ്റര്‍ വീതിയുമുള്ള ഈ റിഫ്റ്റ്‌വാലി ശുദ്ധജലതടാകം വിപുലമായ മത്സ്യസമ്പത്തിനെകൂടി ഉള്‍ക്കൊള്ളുന്നു. കരിമീന്‍, ടിലാപിയ, ഭീമന്‍ പെഞ്ച്, സ്ഫിനോരോഗി, കാറ്റ്ഫിഷ് തുടങ്ങിയവയൊക്കെയാണ് എത്യോപ്യയിലെ പ്രധാന ശുദ്ധജല മത്സ്യങ്ങള്‍. ഈ തടാകതീരത്തെ മനോഹരമായ കാഴ്ച്ചകള്‍ കാണാനും മത്സ്യരുചികള്‍ ആസ്വദിക്കാനും ലോകത്തെ പല ഭാഗത്തുനിന്നും എത്തിയവരുണ്ട് സമീപത്തെ ഇരിപ്പിടങ്ങളിലൊക്കെ. തടാകത്തിനപ്പുറം റിഫ്റ്റ് വാലിയുടെ അതിര്‍ത്തികുറിക്കുന്ന വന്‍ പര്‍വ്വതങ്ങളാണ്. അതിനുമപ്പുറമാണ് വര്‍ണ്ണവിരുന്നൊരുക്കി യാത്രപറയുന്ന ആദിത്യന്‍.

കോന്‍സോയില്‍ നിന്നുള്ള ദീര്‍ഘയാത്രക്ക് ശേഷം ഉച്ചക്കാണ് അവാസയിലെത്തിയത്. മെയ്മാസത്തിലെ ആ മദ്ധ്യാഹ്നത്തിലും അവാസയില്‍ ഒട്ടും ചൂടുണ്ടായിരുന്നില്ല. നേരിട്ട് വെയിലടിക്കാത്ത ഇടങ്ങളിലൊക്കെ അപ്പോഴും സുഖകരമായ ഒരിളം തണുപ്പ് ബാക്കി കിടന്നിരുന്നു അവിടെ. ഹവാസ ഒയാസിസ് ഇന്റര്‍ നാഷണല്‍ ഹോട്ടലിലെ റൂമില്‍ ലഗേജുകള്‍ നിക്ഷേപിച്ച് ആദ്യം പോയത് തടാകത്തിലെ ഹിപ്പോകളെകാണാനായുള്ള ബോട്ടിങ്ങിനായിരുന്നു. കുറച്ച് ചെറു മോട്ടോര്‍ ബോട്ടുകള്‍ സഞ്ചാരികളെ കാത്തുകിടക്കുന്നുണ്ട് ഈ തടാകതീരത്ത്. ആഫ്രിക്കന്‍ തടാകങ്ങളെ അടുത്തറിയുകയും ആഫ്രിക്കന്‍ ജലഭീമന്‍മാരായ ഹിപ്പോകളെ അവരുടെ ആവാസമേഖലയില്‍ ചെന്ന് കാണുകയുമാണ് അവാസ യാത്രയുടെ ലക്ഷ്യം. എത്യോപ്യയിലെ ഏറ്റവും പ്രധാനസുഖവാസകേന്ദ്രങ്ങളിലൊന്നാണ് എപ്പോഴും സുഖകരമായ കാലാവസ്ഥ പ്രധാനം ചെയ്യുന്ന അവാസ. സമുദ്രം പോലെ പരന്നുകിടക്കുകയാണ് ലെയ്ക്ക് അവാസ. വിനോദസഞ്ചാരികളുടെ വലിയ തിരക്കില്ല അപ്പോളവിടെ. കരകൗശലസാധനങ്ങള്‍ കച്ചവടം ചെയ്യുന്ന കുട്ടികള്‍ വരുന്ന ഓരോ സന്ദര്‍ശകരേയും സമീപിക്കുന്നുണ്ട്. പക്ഷികളുടെ നഖം കൊണ്ടുള്ള ആഭരണങ്ങള്‍ തൂവലുകള്‍ കൊണ്ടുള്ള കൗതുകവസ്തുക്കള്‍.
മുതല നഖവും പല്ലുമുണ്ടെന്ന് പറഞ്ഞ് ഒരാള്‍ ഞങ്ങള്‍ക്കരികിലേക്കെത്തി. അത് പരിശോധിച്ച് വിലയുറപ്പിച്ച് വാങ്ങാനാരംഭിച്ച ജോയേട്ടനെ പിന്‍തിരിപ്പിച്ചു അജിന്‍. മുതലയുടെ നഖവും ദന്തവും മാത്രമല്ല കണ്ടാമൃഗത്തിന്റെ കൊമ്പുവരെ കൊണ്ടുവന്നുതരും അവര്‍ പക്ഷെ ശുദ്ധവ്യാജമാണെന്ന് മാത്രം. ചൈനയില്‍ നിന്ന് ആഫ്രിക്കയിലേക്ക് ആഫ്രിക്കന്‍ കരകൗശലവസ്തുക്കളുടെ പകര്‍പ്പെത്തിക്കുന്നവര്‍ തന്നെ മൃഗങ്ങളുടെ നഖ-ദന്തങ്ങളുടെ തിരിച്ചറിയാന്‍ പോലുമാകാത്ത പകര്‍പ്പുകളുമെത്തിക്കുന്നുണ്ടത്രെ. അബ്ദുവും അയാളോടെന്തോ പറഞ്ഞു. ചിരിച്ചുകൊണ്ട് അയാള്‍ ഞങ്ങളെ വിട്ടു പോയി. ചൈനാ പകര്‍പ്പുകള്‍ ആഫ്രിക്കന്‍ കരകൗശലവിപണിക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മരത്തിലും കായകളുടെ പുറന്തോടിലും ഇലകളിലും കല്ലില്ലും എല്ലുകളിലുമൊക്കെ അതുല്യമായ കലാനിര്‍മ്മിതികള്‍ സൃഷ്ടിച്ചിരുന്ന ഒരു വലിയ വിഭാഗം ഗ്രാമീണ കൈവേലക്കാര്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ തന്നെ തിരിച്ചറിയാന്‍ കഴിയാത്ത യന്ത്രനിര്‍മ്മിത പകര്‍പ്പുകളോട് മത്സരിക്കാന്‍ കഴിയാതെ അവരുടെ പരമ്പരാഗത തൊഴിലുകളില്‍ നിന്ന് പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു.

ബോട്ടില്‍ കയറിയ വഴിക്ക് ഞങ്ങളെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചു ഡൈവറുടെ സഹായിയായ ബാലന്‍. പച്ചപുതച്ച് നില്‍ക്കുകയാണ് അവാസതടാകതീരങ്ങള്‍. തടാകത്തിന്റെ വടക്ക് ഭാഗത്തേക്കായാണ് യാത്ര. ഹെയ്‌ലിയുടേതുള്‍പ്പടെയുള്ള പ്രസ്തമായ നക്ഷത്ര റിസോര്‍ട്ടുകള്‍ കിഴക്കുഭാഗത്തെ തടാകതീരത്തെ പച്ചപ്പിന് പുറകില്‍ ഒളിച്ചിരിക്കുന്നുണ്ട്. പടിഞ്ഞാറ് ഭാഗത്തേക്ക് നോട്ടമെത്തുന്നില്ല. ഗ്രാമീണരുടെ ചെറുവള്ളങ്ങള്‍ മത്സ്യബന്ധനത്തിനായി തടാകത്തിലുണ്ട്. ചില വന്‍ ബോട്ടുകള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന തിരകളില്‍ പെട്ട് ബോട്ട് ഉലയുന്നുണ്ട്. നിരവധിയായ ദേശാടനപക്ഷികളുടെ ഒരു കേന്ദ്രം കൂടിയാണ് ഈ ശുദ്ധജലതടാകവും പരിസരങ്ങളും. പുതിയ കാഴ്ച്ചയുടെ കൗതുകങ്ങളിലാണ് എല്ലാവരും ഒപ്പം ഹിപ്പോക്ക് വേണ്ടിയുള്ള കാത്തിരിപ്പിലും.
ലോകത്ത് ഹിപ്പോകളെ കണ്ടു വരുന്നത് ആഫ്രിക്കന്‍ വന്‍കരയില്‍ സഹാറ മരുമേഖലക്ക് തെക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമാണ്. പ്രധാനമായും റിഫ്റ്റ് വാലി തടാകങ്ങളാണ് അവയുടെ സ്വാഭാവിക വാസസ്ഥലങ്ങള്‍. വംശാനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവി വര്‍ഗ്ഗം കൂടിയാണ് ഹിപ്പോപ്പൊട്ടാമസ് എന്ന നീര്‍ക്കുതിരകള്‍. സസ്യബുക്കാണെങ്കിലും മുതലകളേക്കാളും അപകടകാരികളാണ് ഈ ഭീമന്‍മാര്‍ വന്‍കരയില്‍ മുതലകളുടെ ആക്രമണത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ ഹിപ്പോയുടെ കടിയേറ്റ് മരിക്കുന്നുണ്ടെന്നാണ് കണക്ക്. അതിനാല്‍ തന്നെ സംരക്ഷിത ജന്തുവിഭാഗമാണെങ്കിലും സൗകര്യപ്രദമായി കിട്ടിയാല്‍ ആഫ്രിക്കന്‍ വേട്ടക്കാര്‍ ഹിപ്പോകളെ കൊന്നിരിക്കും. രുചികരവും പോഷകസമൃദ്ധവുമായ മാംസം ഭക്ഷണത്തിന് വേണ്ടിയും തൊലിയും പല്ലും നഖങ്ങളും വില്‍പ്പനക്കായും ഉപയോഗിക്കും. വേട്ടയും സ്വാഭാവികവാസസ്ഥലങ്ങള്‍ ചുരുങ്ങിവരുന്നതും തടാകങ്ങള്‍ മലിനമാക്കപ്പെടുന്നതുമെല്ലാം ഇവയുടെ വംശനാശത്തിന് കാരണമാകുന്നുണ്ട്. പകല്‍ മുഴുവന്‍ വെള്ളത്തില്‍ കഴിയുന്ന ഇവര്‍ രാത്രിയില്‍ പുല്ലും മറ്റ് സസ്യഭക്ഷണവും തേടി കിലോമീറ്ററുകളോളം കരയില്‍ സഞ്ചരിക്കും.

ഒരു മണിക്കൂറില്‍ പരം നീണ്ട യാത്രക്കൊടുവില്‍ ബോട്ടിന്റെ വേഗം കുറഞ്ഞു. ബോട്ട് തീരത്തോട് അടുത്താണ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. തടാകപരപ്പിന് മുകളിലേക്ക് വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍. അബ്ദുവാണ് ആദ്യം ആ കാഴ്ച്ച കണ്ടത്. തടാകപ്പരില്‍ തല മാത്രം പുറത്ത് കാണിച്ച് നീന്തുന്ന രണ്ട് ഹിപ്പോകള്‍. രണ്ടെണ്ണമല്ല അതെന്ന് പിന്നീട് മനസ്സിലായി അതൊരു ഹിപ്പോ കുടുംബമാണ്. 6-7 പേരുണ്ട്. ചിലര്‍ അലസരായി വെയില്‍ കാഞ്ഞു കിടക്കുന്നു. കുഞ്ഞന്‍മാര്‍ ചില്ലറ വികൃതികളുമായി കൂത്തുമറിയുന്നു. അവര്‍ക്കടുത്തേക്ക് ബോട്ട് അടുപ്പിക്കാനാഞ്ഞ ഡ്രൈവറെ ഡോക്ടര്‍ തടഞ്ഞു. മടിയന്‍മാരാണെങ്കിലും ദേഷ്യം വന്നാല്‍ അപകടകാരികളാണ് ഹിപ്പോകള്‍. ബോട്ട് മറിച്ച് യാത്രക്കാരെ കടിച്ചു മുറിക്കും അവര്‍. നിരന്തരമുള്ള സന്ദര്‍ശകരുടെ വരവ് ഹിപ്പോകള്‍ക്ക് പരിചിതമായതുകൊണ്ട് ആക്രമണത്തിനൊന്നും മുതരാതെ അങ്ങിനെ വെറുതെ കിടക്കുക തന്നെയാണ് അവര്‍ ചെയ്യുക. എങ്കിലും അവരെ പ്രകോപിക്കേണ്ടെന്നും തന്റെ അതിഥികളെ സുരക്ഷിതരായി മടക്കി അയക്കേണ്ടതുണ്ടെന്നും ഡോ. അജിന്‍ അവരോട് പറഞ്ഞു. വെള്ളത്തിലേക്കാള്‍ അപകടകാരികളാണ് ഹിപ്പോകള്‍ കരയില്‍ മണിക്കൂറില്‍ 35 കിലോമീറ്ററോളം വേഗതയില്‍ ഓടാന്‍ ഇവര്‍ക്ക് കഴിയും. കനത്ത ശരീരഭാരവും അലസമായ ഗമനവും മൂലം ഇത്തരമൊരു ആക്രമണം ഹിപ്പോകളില്‍ നിന്നും ആരും പ്രതീക്ഷിക്കില്ല.
ബോട്ടിങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും പോക്ക് വെയില്‍ പരന്നുതുടങ്ങിയിരുന്നു. തീരം നിറയെ മാറാബൂ കൊക്കുകളാണ് ( Marabou stork). അവക്ക് തീറ്റ കൊടുക്കാനുള്ള ധാന്യങ്ങളുമായി ചിലര്‍ നില്‍ക്കുന്നുണ്ട്. പണം കൊടുത്താല്‍ അവര്‍ മാറാബൂ കൊക്കുകള്‍ക്കുള്ള ഭക്ഷണം വാരിയെറിയും അത് കഴിക്കാന്‍ ചാടിവീഴുന്ന കൊക്കുകളെ പശ്ചാത്തലമാക്കി സഞ്ചാരികള്‍ക്ക് ചിത്രങ്ങളെടുക്കാം. സഹാറന്‍ പ്രദേശങ്ങള്‍ക്ക് പുറത്ത് തെക്കന്‍ ആഫ്രിക്കയില്‍ മാത്രം കണ്ടു വരുന്ന ഒരു കൊറ്റിവര്‍ഗ്ഗമാണിത്. കഴുകനെ പോലെ ചീഞ്ഞളിഞ്ഞ മാംസമാണ് പ്രിയഭക്ഷണം. 9 കിലോവരെ തൂക്കം വരും വളര്‍ച്ചയെത്തിയ മാറാബൂ കൊറ്റുകള്‍ക്ക്. അവിടെ കുറച്ച് സമയം ചിലവഴിച്ചു പിന്നീട് റൂമിലേക്ക് പോകാതെ നേരെ വന്നത് ഈ തടാകഭാഗത്തേക്കാണ്. ഇവിടെയിരുന്ന് അസ്തമയം കാണാന്‍. ഈ മത്സ്യരുചികളറായാന്‍.
എത്യോപ്യയിലെ പ്രധാനനഗരങ്ങളിലൊന്നാണ് അവാസ. വിമാനത്താവളവും നിരവധിയായ വിദ്യഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശകര്‍ക്കുള്ള ഹോട്ടലുകളും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും ഒക്കെ അടങ്ങുന്ന നഗരമാണത്. അബ്ദുപഠിച്ച കോളേജ് ഇവിടെയാണ്. ഈജിപ്തിലെ കെയ്‌റോമുതല്‍ ദക്ഷിണാഫ്രിക്കയിലെ കെയ്പടൗണ്‍ വരെ നീണ്ടു കിടക്കുന്ന ട്രാന്‍സ് ആഫ്രിക്കന്‍ ഹൈവേ കടന്നുപോകുന്നത് ഈ നഗരത്തിലൂടെയാണ്. സൗത്ത് സുഡാനുമായും കെനിയയുമായും അതിര്‍ത്തി പങ്കിടുന്ന എത്യോപ്യയിലെ തെക്കന്‍ സംസ്ഥാനത്തിന്റെ (SNNPR)ആസ്ഥാനം കൂടിയാണ് ഈ നഗരം. 2017ല്‍ 300 ഹെക്ടര്‍ സ്ഥലത്ത് സ്ഥാപിതമായ അവാസ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് അവാസയുടെ മുഖച്ഛായ വലിയ രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമായും തുണിത്തരങ്ങളും വസ്ത്ര ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്ന അവിടെ നിലവില്‍ അമേരിക്ക, ചൈന, ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള പതിനഞ്ച് പ്രമുഖ ആഗോള തുണി - വസ്ത്ര നിര്‍മ്മാതക്കളും ആറ് പ്രാദേശിക കമ്പനികളും പ്രവര്‍ത്തിക്കുന്നു. പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ 60,000ത്തോളം തൊഴിലവസരങ്ങളും പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളറിന്റെ വിറ്റുവരവുമാണ് പ്രതീക്ഷിക്കുന്നത്.
നിരന്തരമായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഒരു ഭൂമികകൂടിയാണ് അവാസ. സ്വന്തമായി ഒരു പുതിയ സംസ്ഥാനം എന്ന സിഡാമ ഗോത്രക്കാരുടെ ആവശ്യമാണ് സര്‍ക്കാരും അവരും തമ്മിലുള്ള രക്തരൂക്ഷിതമായ സമരങ്ങള്‍ക്ക് കാരണമാകുന്നത്. സിഡാമ ലിബറേഷന്‍ മൂവ്‌മെന്റ് എന്ന രാഷ്ട്രീയ കക്ഷിയാണ് പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. എത്യോപ്യയിലെ അഞ്ചാമത്തെ വലിയ വംശീയ വിഭാഗമാണ് ജനസംഖ്യയുടെ 4% വരുന്ന സിഡാമ ഗോത്രക്കാര്‍. ഒറോമോ(34%), അംഹാര(27%) സോമാലി (6.2%) ടിഗ്രേയന്‍ (6%) എന്നിവയാണ് സിഡാമ ഗോത്രത്തേക്കാളും ജനസംഖ്യയുള്ള മറ്റ് നാല് ഗോത്രങ്ങള്‍ ആ നാല് ഗോത്രഭൂരിപക്ഷ മേഖലകള്‍ക്കും പ്രത്യേക സംസ്ഥാനങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് സിഡാമക്കാരുടെ ആവശ്യം. എന്നാല്‍ ഇനിയൊരു സംസ്ഥാനം സിഡാമകള്‍ക്ക് പ്രത്യേകമായി അനുവദിച്ചാല്‍ അതിലും കുറവ് ജനസംഖ്യയുള്ള മറ്റ് ഗോത്രങ്ങളും ഈ ആവശ്യവുമായി രംഗത്തെത്തുമെന്ന ഭയം സര്‍ക്കാരിനുണ്ട്. പ്രധാനമായും കൃഷിക്കാരാണ് സിഡാമ ഗോത്രക്കാര്‍. പ്രധാനവിള കാപ്പിയും. ഓരോ സംസ്ഥാനത്തിനും പ്രദേശികമായി അവിടത്തെ ഔദ്യോഗികഭാഷ തിരഞ്ഞെടുക്കാം അതാത് സംസ്ഥാനങ്ങള്‍ക്ക് അവരുടെ സാമൂഹ്യ-സാംസ്‌ക്കാരിക-സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസൃതമായ നിയമങ്ങള്‍ നിര്‍മ്മിക്കാനുമാകും ഇതാണ് പുതിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള വാദങ്ങള്‍ ഉയര്‍ന്നു വരുന്നതിനുള്ള കാരണം.
താമസിക്കാതെ മീനെത്തി. ടിലോപിയയാണ്. രണ്ടു തരത്തില്‍ മസാലപുരട്ടിയ മീനുകളുണ്ട്. കൂടെ മുറിച്ച ചെറുനാരങ്ങയും മുളക് ചട്‌നിയും. അറ്റാക്ക് അന്‍വര്‍ പറഞ്ഞു തീര്‍ന്നതും. ആക്രമണം തുടങ്ങി. കടുത്ത പോരാളികള്‍ പോരാട്ടവീര്യം കുറഞ്ഞവരുടെ ടെറിട്ടറികളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. തടാകത്തില്‍ നിറങ്ങളുടെ കൊട്ടിക്കലാശം കഴിഞ്ഞ് ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു. ഈച്ചയും കൊതുകുകളുമുണ്ട്. സംഗീതം അപ്പോഴും ഉച്ചസ്ഥായിയിലാണ്. തീന്‍ മേശകളിലേക്കും തിരിച്ചുമുള്ള ഓട്ടങ്ങളിലാണ് പരിചാരകര്‍. പതിനായിരക്കണക്കിന് ബിറിന്റെ കച്ചവടം നടക്കുന്നുണ്ടാകണം ഇത്തരം ഓരോ ഭക്ഷണശാലയിലും. അത്യാവശ്യം വലിയ മത്സ്യങ്ങളെയാണ് നൊടിയിടയില്‍ അപ്രത്യക്ഷമാക്കിയത്. വിശപ്പടങ്ങിയിരുന്നെങ്ങിലും മീനിന്റെ രുചി അപ്പോഴും നാവില്‍ നിന്നു വിട്ടൊഴിയാതെ നിന്നു. വീണ്ടും ഓര്‍ഡര്‍ പോയി. അപ്പോഴേക്കും തടാകം ഇരുണ്ടാലാണ്ടു കഴിഞ്ഞിരുന്നു. കൊതുകിനെ പേടിച്ച് ഇരിപ്പ് തടാകക്കരയില്‍ നിന്ന് റെസ്റ്റോറന്റിനുള്ളിലേക്ക് മാറ്റി. ഏറെ താമസിക്കാതെ വീണ്ടും മത്സ്യമെത്തി.

വൈദ്യുതി ക്ഷാമം ഇവിടേയും പ്രകടമാണ്. മങ്ങിയ വെളിച്ചം പ്രസരിപ്പിക്കുന്ന റെസ്റ്റോറന്റുകളില്‍ നിന്ന് പതുക്കെ ജനം ഒഴിഞ്ഞു തുടങ്ങിയിരുന്നു. ഇരുട്ടും വെളിച്ചവും ഇടകലര്‍ന്ന നടപ്പാതകളിലൂടെ ഞങ്ങളും വാഹനത്തിനടുത്തേക്ക് മടങ്ങി. ഹോട്ടലിലെ സാമാന്യം വലിപ്പമുള്ള രണ്ടു മുറകളികളിലായാണ് ഇന്നത്തെ താമസം. ഹവാസ ഒയാസിസ് ഹോട്ടലിലെ മുറികളില്‍ മിക്കതിലും ആളുകളുണ്ടെന്ന് തോന്നി. ഹോട്ടല്‍ ലോബിക്കപ്പുറമായുള്ള റെസ്റ്റോറന്റിലും മോശമല്ലാത്ത തിരക്കുണ്ട്. എത്യോപ്യന്‍ നൈറ്റ് ലൈഫ് അടുത്തറിയുകയാണ് ഇന്നത്തെ ശേഷിക്കുന്ന യാത്രാ പരിപാടി. നിരവധിയായ നൈറ്റ് ക്ലബുകളും ബാറുകളുമുള്ള നഗരം കൂടിയാണ് ഹവാസ. ചുടുവെള്ളത്തിലുള്ള കുളി കഴിഞ്ഞതോടെ ഉറക്കം കണ്ണുകളിലേക്കിരച്ചെത്തി. റൂമില്‍ നെറ്റ് കിട്ടുന്നില്ല. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ അത് ശരിയായി കിട്ടി. നാട്ടിലേക്കുള്ള ഫോണ്‍വിളികളും മറ്റു സന്ദേശങ്ങള്‍ക്കുള്ള മറുപടി അയക്കലുകളും കഴിഞ്ഞതോടെ സമയം വൈകി. കോളേജ് പഠന കാലത്തെ കൂട്ടുകാരെ കാണാന്‍ പോയ അബ്ദു. തിരിച്ചെത്താനും കുറച്ച് വൈകി. ഒടുവില്‍ നെറ്റ് ക്ലബ് സന്ദര്‍ശനം വേണ്ടെന്ന് വെച്ചു. ഹോട്ടലിനു സമീപത്തെ തെരുവോരങ്ങളിലേക്ക് നടക്കാനിറങ്ങി. ഇരുണ്ട ആ വഴികളിലൂടെയുള്ള യാത്ര അപകടകരമാകുമെന്ന് മനസ്സിലാക്കി മുറിയിലേക്ക് മടങ്ങി.
എത്യോപ്യന്‍ രാത്രി ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ കാണാനാകുക ആഡിസിലാണ്. അതും ശനിയാഴ്ച്ചകളില്‍. ഒരാഴ്ച്ചത്തെ അധ്വാനത്തിന് ശേഷം നഗരത്തിലെ യുവത്വം അഘോഷിക്കാനായി അവിടെ ഒത്തുചേരും. അവിടത്തെ ഭോജന നൃത്ത ശാലകളില്‍ നിന്ന് ഉയരുന്ന നൃത്തവും സംഗീതവും പതയുന്ന മദ്യവും പിറ്റേന്ന് പുലരും വരെ ആ നഗരത്തെ സജീവമാക്കും. വിദേശികളായ സഞ്ചാരികളും സ്വദേശികളായ യുവതി-യുവാക്കളും കലാകാരന്‍മാരുമൊക്കെ ചേര്‍ന്ന് ആഡിസിന്റെ ആ ആഘോഷരാവുകളെ കൊഴുപ്പിക്കും. ഡോ. അജിന്‍ പറഞ്ഞു. പക്ഷെ ആ എത്യോപ്യന്‍ രാത്രി ജീവിതം കാണാന്‍ ഇനിയൊരു രാത്രി എത്യോപ്യയിലില്ല.

(തുടരും)

Friday, April 17, 2020

അവാസയിലേക്ക്....


എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (13)
-----------------------------
വെള്ളവും കറന്റുമില്ലാത്ത ഒരു രാത്രിക്ക് ശേഷം പ്രഭാതഭക്ഷണം  കഴിക്കാന്‍ നില്‍ക്കാതെ പുലര്‍ച്ചെ തന്നെ കാന്താലോഡ്ജില്‍ നിന്ന് ഞങ്ങളിറങ്ങി. കറന്റുണ്ടായിരുന്നില്ലെങ്കിലും പുല്‍മേല്‍ക്കൂരയുള്ള മനോഹരമായ വൃത്തിയുള്ള കുടിലുകളില്‍ സുഖമായുറങ്ങിയിരുന്നു എല്ലാവരും. കോന്‍സോ അങ്ങാടി അപ്പോഴും ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല. ഭക്ഷണം പിന്നീട് വഴിയിലെവിടെ നിന്നെങ്കിലുമാകാമെന്ന ധാരണയില്‍ വണ്ടി വിട്ടു. രാത്രി കാര്യമായി തന്നെ മഴ പെയ്തിട്ടുണ്ട് ആ വഴിയോരങ്ങളിലൊക്കെ. റോഡിന് കുറുകെയുള്ള നിലംപതികളിലൂടെ കൈത്തോടുകള്‍ കടന്നുപോകുന്നു പലയിടത്തും. ചേറും ചളിയും കുഴഞ്ഞ് വല്ലാത്തൊരു പരുവത്തിലാണ് റോഡ്. ദുഷ്‌കരമായ യാത്ര. പക്ഷെ അതിസുന്ദരമായിരുന്നു ആ പാതയോരങ്ങള്‍. തെഫ് വളരുന്ന വയലുകള്‍. ചില പാടങ്ങളില്‍ നമ്മുടെ നാട്ടിലേത് പോലുള്ള കാവല്‍ മാടങ്ങള്‍. ഇളം മഞ്ഞും ചെറിയ ചാറ്റല്‍ മഴയുമുള്ള അതി മനോഹരമായ ഒരു ആഫ്രിക്കന്‍ പുലരിയായിരുന്നു അത്. വഴിയില്‍ ചിലയിടത്ത് ബസ്സ് കാത്ത് നില്‍ക്കുന്ന ഗ്രാമീണര്‍. വല്ലാതെ മോഹിപ്പിക്കുന്ന ചിലയിടങ്ങളില്‍ ചിത്രമെടുക്കാനായി വണ്ടി നിറുത്തി. ബസ് കാത്തു നില്‍ക്കുന്ന ചിലരോടൊക്കെ കുലശം ചോദിച്ചു. ചിലയിടത്ത് കുട്ടികള്‍ വണ്ടിക്ക് പുറകെ ഓടി. മഞ്ഞും മഴയും മേഘാവൃതമായ ആകാശവും അതിനിടയിലൂടെ ഇടക്കിടെ കടന്നുവരുന്ന വെള്ളിവെളിച്ചവുമൊക്കെ കൂടികലര്‍ന്ന ഒരു പുലര്‍ക്കാലം.

ഏറെ താമസിക്കാതെ ഒരു ചെറുകവലയിലെ ഒരു ഗ്രാമീണഭോജനശാലക്ക് മുന്‍പില്‍ വണ്ടി നിറുത്തി അബ്ദു. ഗാര്‍ഡുല എന്ന ഒരു ചെറിയൊരങ്ങാടി. കുറച്ച് വാഹനങ്ങള്‍ ചെറിയ കച്ചവടപ്പുരകള്‍, അലഞ്ഞുതിരിഞ്ഞു നടക്കുന്ന ചില പശുക്കള്‍, പന്നികള്‍. തുറസായ മുറ്റത്തും ചെറിയ തുറന്ന മേല്‍ക്കൂരക്കു കീഴിലുമായി കുറച്ച് ഇരിപ്പിടങ്ങള്‍. ഫാമിലി ഫിഷ് റെസ്റ്റോറന്റ് എന്നാണ് ആ ഭോജനശാലയുടെ പേര്. കുറച്ച് പ്രദേശവാസികളൊഴിച്ചാല്‍ ഒട്ടും തിരക്കില്ല. അബ്ദുവിന് തണുത്ത ബിയറെത്തി. ഇഞ്ചിറയും കാളയിറച്ചിയും എന്തൊക്കയോ പച്ചക്കറി വിഭവങ്ങളും ഓര്‍ഡര്‍ ചെയ്തു. ലളിതമെങ്കിലും രുചികരമായിരുന്നു ഭക്ഷണം. കോഫി സെറിമണി പോലെതന്നെയാണ് എത്യോപ്യന്‍ ഭക്ഷണവും ഉപചാരപൂര്‍വ്വമാണ് വിളമ്പല്‍. ഇഞ്ചിറക്ക് പുറമേ അരിപ്പൊടികൊണ്ടുള്ള ഒരപ്പവും കോഴിക്കറിയും കൂടി കഴിച്ചു. കൂടെ ഉറപ്പായും ബുന്ന എന്ന എത്യോപ്യന്‍ കാപ്പിയും. തലേന്നാള്‍ പെയ്ത മഴയുടെ ചില മരപെയ്ത്തുകള്‍ അപ്പോഴും ആ തുറസ്സിടത്തില്‍ ബാക്കിയുണ്ടായിരുന്നു അബ്ദുവിന്റെ കണ്ണ് മിക്കപ്പോഴും ഹോട്ടല്‍ വളപ്പിന് പുറത്തായി പാര്‍ക്ക് ചെയ്ത വണ്ടിയിലാണ്. ചില കുട്ടികളൊക്കെ വണ്ടിക്ക് ചുറ്റും നടന്നുനോക്കുന്നുണ്ട്. വണ്ടി തുറക്കാനുള്ള ശ്രമമുണ്ടായാല്‍ മിന്നല്‍ വേഗത്തില്‍ അവിടെ എത്തുന്ന അബ്ദുവിന്റെ കൈയുയരും. പിന്നെ ഡോക്ടര്‍ ഇടപെടേണ്ടി വരും.
രുചികരമായ പ്രാതലിന് ശേഷം വീണ്ടും യാത്ര തുടര്‍ന്നു. പച്ചപുതച്ച വഴിയോരങ്ങള്‍ അപ്പോഴും പെയ്തു പോയ മഴയുടെ ആലസ്യം കൈവിടാതെ കിടന്നു. തെഫ് ധാന്യക്കതിരുകളില്‍ ബാക്കിയായ മഴത്തുള്ളികള്‍ വെയിലേറ്റ് തിളങ്ങി. ജീപ്പില്‍ ബാക്കിയായ ചാട് ഇലകള്‍ വെറുതെ സമയം പോക്കാനായി ചവക്കുന്നുണ്ട് ജോയേട്ടന്‍. പ്രസന്നമായൊരു മൗനത്തിലാണ് ദത്തേട്ടന്‍. ചെറിയൊരു ഉറക്കച്ചടവില്‍ പുറം കാഴ്ച്ചകളിലേക്ക് നോക്കി അന്‍വര്‍. ഡോ.അജിന്‍ ഫോണില്‍ തനിക്കുള്ള മെയിലുകള്‍ പരിശോധിക്കുന്ന തിരക്കിലാണ്. തകര്‍ന്ന റോഡിലൂടെ വിദഗ്ദ്ധമായി വണ്ടിയോട്ടുന്നു അബ്ദു. ആഫ്രിക്കന്‍ ജീവിതത്തിന്റെ അവിഭാജ്യമായ ഘടകമാണ് ചാട് എന്ന മരത്തിന്റെ ഈ ഇലകള്‍. സുഖകരമായ ചെറിയൊരു ലഹരി പ്രധാനം ചെയ്യുമത്രെ ഇത്. പക്ഷെ ഒരു ലഹരിയും അനുഭവപ്പെടുന്നില്ല എന്നാണ് ഞങ്ങള്‍ക്കൊപ്പമുള്ള ലഹരി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും ചാടിന്റെ ഇല ചവച്ച് വെറുതെ ചടഞ്ഞിരിക്കുന്നത് ഒരു പൊതു ആഫ്രിക്കന്‍ ശീലമാണെന്ന് പറയുന്നു. ചാടിന്റെ ഇലയില്ലാത്ത ഒരു ദിവസം അവരില്‍ ഭൂരിഭാഗം പേര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ലത്രെ. അര്‍ബാമിഞ്ച് പിന്നിട്ടതോടെ യാത്രാദുരിതത്തിന് അവധിയായി. വഴിയിലൊരിടത്ത് നിന്ന് കുട്ടികളില്‍ നിന്ന് വിവിധങ്ങളായ പഴങ്ങള്‍ ഒരു ചാക്ക് നിറയെ വാങ്ങി വണ്ടിയുടെ മുകളില്‍ കയറ്റി ഞങ്ങള്‍.
അര്‍ബാമിഞ്ചില്‍ നിന്ന് അവാസയിലേക്കുള്ള വഴിയിലെ പ്രധാന നഗരമാണ് സോഡോ. വോലൈറ്റ സോഡോ (Wolaita Sodo) എന്ന ജില്ലയുടെ ആസ്ഥാനം കൂടിയാണ് സോഡോ നഗരം. എത്യോപ്യയെ ഭരണപരമായി 9 സംസ്ഥാനങ്ങളും 2 നഗരഭരണപ്രദേശങ്ങളുമായാണ് തരം തിരിച്ചിരിക്കുന്നത്. അഡിസ് അബാബയും ഡയര്‍ ദാവയും നഗര ഭരണപ്രദേശങ്ങള്‍. അഫാര്‍, അംഹാര, ബെനിഷാങ്കുല്‍ഗുമുസ്, ഗാംബെല, ഹരാരി, ഒറോമിയ, സോമാലി, സതേണ്‍ നേഷന്‍സ് നാഷണാലിറ്റീസ് ആന്‍ഡ് പീപ്പിള്‍സ് റീജിയന്‍(SNNPR), ടൈേ്രഗ എന്നിവയാണ് എത്യോപ്യയിലെ സംസ്ഥാനങ്ങള്‍. ആഡിസില്‍ നിന്ന് തുടങ്ങി ഒറോമിയ സംസ്ഥാനം പിന്നിട്ട് SNNPR സംസ്ഥാനത്തിലൂടെയാണ് ഞങ്ങളുടെ ഇപ്പോഴത്തെ യാത്ര. SNNPR സംസ്ഥാനത്തിലെ പ്രധാന ജില്ലയാണ് വോലൈറ്റ സോഡോ. വണ്ടി നിറുത്തി, ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാനും ATMല്‍ നിന്ന് പണമെടുക്കാനുമായി പോയി ഡോക്ടര്‍. ഞങ്ങള്‍ സോഡോ നഗരത്തിന്റെ കാഴ്ച്ചകളിലേക്ക് ചെറുതായൊന്നിറങ്ങി. നഗരങ്ങളും ഗ്രാമപ്രദേശങ്ങളും തമ്മില്‍ സാമൂഹ്യജീവിതത്തിലുള്ള അന്തരം കാണിച്ചു തരും എത്യോപ്യയിലെ ഇത്തരം ഇടത്തരം നഗരങ്ങള്‍. വന്‍സൗധങ്ങള്‍, ബ്രാന്‍ഡഡ് ഉല്‍പ്പന്നനങ്ങള്‍ ലഭ്യമാകുന്ന വില്‍പ്പനശാലകള്‍, പുതിയ വാഹനങ്ങള്‍, വൃത്തിയായി മോഡിയില്‍ വസ്ത്രം ധരിച്ച ചെറുപ്പക്കാര്‍, വീതിയുള്ള, പുല്ലും മരങ്ങളും വെച്ച് പിടിപ്പിച്ച ഡിവൈഡറുകളുള്ള നാല് വരിപാതകള്‍, അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങളുടെ വലിയ പരസ്യപലകകള്‍... രാവിലെ കടന്നുപോന്ന കോന്‍സോ അങ്ങാടിയില്‍ നിന്നെത്രയോ വിഭിന്നമായ മറ്റൊരു ലോകം.
സോഡോവില്‍ നിന്ന് 120 കിലോമീറ്ററോളം ദൂരമുണ്ട് അവാസയിലേക്ക്. പച്ചപ്പ് ചിലയിടത്ത് വരണ്ട ഭൂപ്രകൃതിക്ക് വഴിമാറുന്നുണ്ട്. വഴിയില്‍ ചിലയിടത്തായി പര്‍ദ്ധ ധരിച്ച സ്ത്രീകളെ കണ്ടു തുടങ്ങി. മുസ്ലീം ഭൂരിപക്ഷ ഗ്രാമങ്ങളാണ്. പക്ഷെ സാധാരണഗതിയില്‍ പര്‍ദ്ധധരിക്കുന്നവരല്ല എത്യോപ്യന്‍ മുസ്ലീങ്ങള്‍. എത്യോപ്യയില്‍ 30 ശതമാനത്തിന്‍ മുകളില്‍ ജനങ്ങള്‍ ഇസ്ലാം മത വിശ്വാസികളാണ്. ഇസ്ലാം ആദ്യകാലത്ത് തന്നെ പ്രചരിച്ച ഇടങ്ങളിലൊന്ന് കൂടിയാണ് എത്യോപ്യ. ഖുറൈശികളുടെ പീഢനത്തെ തുടര്‍ന്ന് മക്കയില്‍ നിന്നും പാലായനം ചെയ്ത മുഹമ്മദിനും കുടുംബത്തിനും അനുയായികള്‍ക്കും അഭയം നല്‍കിയത് എത്യോപ്യന്‍ (അന്നത്തെ അക്‌സൂം) ഭരണാധികാരിയായ അശമ ഇബിന്‍ അബ്ജാര്‍ ആയിരുന്നു. ഇസ്ലാമിക ചരിത്രത്തില്‍ ഇദ്ദേഹം പരാമര്‍ശിക്കപ്പെടുന്നത് അല്‍നജ്ജാശി രാജാവ് എന്ന പേരിലാണ്. അറേബ്യക്ക് പുറത്തുള്ള ആദ്യ മുസ്ലീം പള്ളി സ്ഥാപിക്കപ്പെട്ടതും എത്യോപ്യയിലാണ്. കാര്യമായ മതസംഘര്‍ഷങ്ങളില്ലാത്ത ഒരു രാജ്യമാണ് എത്യോപ്യ. ഇപ്പോഴത്തെ എത്യോപ്യന്‍ പ്രധാനമന്ത്രിയായ അബി അഹമ്മദ് അലി ക്രിസ്ത്യന്‍ മാതാവിന്റെയും മുസ്ലീമായ പിതാവിന്റെയും മകനാണ്. ഇടം കയ്യില്‍ ബൈബിളും വലംകയ്യില്‍ ഖുര്‍ആനുമായാണ് 2018 ഏപ്രില്‍ 2 ന് എത്യോപ്യയുടെ പ്രധാനമന്ത്രിയായി അബി അഹമ്മദ് ചുമതലയേറ്റത്. മുന്നുമാസത്തിനുള്ളില്‍ ജൂലൈയില്‍ എത്യോപ്യയും എറിത്രിയയും തമ്മിലുള്ള 20 വര്‍ഷത്തെ സംഘര്‍ഷത്തിനറുതി വരുത്തി സമാധാനകരാറില്‍ ഒപ്പു വെക്കാനായി അഹമ്മദിന് (ഈ നേട്ടത്തിന് അദ്ദേഹത്തിന് പിന്നീട് സമാധാനത്തിനുള്ള 2019ലെ നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി) ജനാധിപത്യം എന്ന പദം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥവ്യാപ്തി കൈവരിക്കുകയാണ് അബി അഹമ്മദിന്റെ എത്യോപ്യയില്‍
പൊതുവേ ആഫ്രിക്കക്ക് അത്ര പഥ്യമായ ഒന്നല്ല ജനാധിപത്യം. രണ്ടാം ലോകമഹായുദ്ധാനന്തരം ഭൂഖണ്ഡത്തിലെ കോളനികളില്‍ നിന്ന് സാമ്രാജത്വ ശക്തികള്‍ പിന്‍വാങ്ങിയതോടെ ആഫ്രിക്കയിലെമ്പാടും പുതിയ സ്വതന്ത്രരാജ്യങ്ങള്‍ രൂപം കൊണ്ടു തുടങ്ങി. ഇന്ത്യന്‍ സ്വാതന്ത്രസമരവും നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യയും അവരുടെ സ്വാതന്ത്രപ്രതീക്ഷകള്‍ക്ക് ഉണര്‍വ്വേകി. വിദ്യാസമ്പന്നരായ ജനാധിപത്യ സോഷ്യലിസ്റ്റ് സ്വപ്നങ്ങളില്‍ വിശ്വസിച്ചിരുന്ന ഒരു പുതുതലമുറ ആഫ്രിക്കയുടെ നേതൃത്വത്തിലേക്ക് ഉദിച്ചുയര്‍ന്നു. ക്വാമേ എന്‍ക്രൂമയേയും (ഘാന) ജൂലിയസ് നരേരയേയും (ടാന്‍സാനിയ) പാത്രിസ് ലുമുംബയേയും (കോംഗോ) പോലുള്ള വിശാല ഇടത് കാഴ്ച്ചപ്പാടുള്ള നേതാക്കള്‍ അധികാരത്തിലെത്തി. സ്വതന്ത്രരാഷ്ടമായി മാറിയ തങ്ങളുടെ പഴയ കോളനികളില്‍ അപ്പോഴും സാമ്പത്തിക താല്‍പര്യങ്ങളുണ്ടായിരുന്ന സാമ്രാജത്വശക്തികള്‍ തങ്ങളുടെ പാവസര്‍ക്കാരുകളെ വീണ്ടും അവിടെ പ്രതിഷ്ഠിച്ചു തുടങ്ങി. ലുമുംബയെ പോലെ തങ്ങളുടെ ഹിതത്തിനനുസരിച്ച് നടക്കാത്തവരെ വധിക്കുകയോ സ്ഥാനഭ്രഷ്ഠരാക്കുകയോ ചെയ്തു. ശേഷിച്ചവരെ ഭീഷണിയിലൂടെയും പ്രലേഭനങ്ങളിലൂടെയും വശത്താക്കി. പ്രതീക്ഷ ഉയര്‍ത്തി ഭരണത്തിലെത്തിയ പല നേതാക്കളും അഴിമതിയിലേക്കും സേച്ഛാധിപത്യത്തിലേക്കും കൂപ്പുകുത്തി. സിംബാവെയിലെ റോബര്‍ട്ട് മുഗാബെയെപ്പോലുള്ളവര്‍ വിപ്ലവവഴികളില്‍ നിന്ന് ജീര്‍ണ്ണതയിലേക്ക് കൂപ്പുകുത്തി. ഗോത്രകലഹങ്ങളും സാമാജ്രത്വതാല്‍പര്യങ്ങളും പട്ടാളഭരണകൂടങ്ങളും ശീതയുദ്ധകാലത്തെ അമേരിക്കന്‍-സോവിയറ്റ് വടംവലികളും ചേര്‍ന്ന് ആഫ്രിക്ക ഒരു നരകമായി മാറി.
90 കള്‍ക്ക് ശേഷം ഇസ്ലാമിക തീവ്രവാദം വലിയൊരു ഭീഷണിയായി ആഫ്രിക്കക്ക് മുകളിലുണ്ട്. അല്‍ഖ്വെയ്ദ, അല്‍ ശബാബ്, ബൊകോ ഹറം, അന്‍സാറുദ്ദീന്‍ തുടങ്ങിയുള്ള മതഭീകരവാദ സംഘടനകള്‍ ഭൂഖണ്ഡത്തില്‍ പലയിടത്തും സജീവമാണ്. ആയുധകച്ചവടക്കാരും, തീവ്രവാദികളും, ഗോത്രസേനകളും, പട്ടാളഭരണകൂടങ്ങളും മാഫിയാസംഘങ്ങളുമെല്ലാം ചേര്‍ന്ന് ഉല്‍പ്പതിഷ്ണുക്കളായ ആഫ്രിക്കന്‍ നേതാക്കള്‍ വളര്‍ത്തികൊണ്ടു വന്ന പാന്‍ ആഫ്രിക്കന്‍ സ്വപ്നത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ പൊതുവായ ആഫ്രിക്കയുടെ ഇത്തരമൊരു വര്‍ത്തമാനത്തില്‍ നിന്നും ഭിന്നമാണ് ഇന്നത്തെ എത്യോപ്യ. ക്രിസ്തുവിന് ശേഷം ആദ്യനൂറ്റാണ്ടുകളില്‍ തുടങ്ങി ഇരുപതാം രണ്ടാം പകുതി വരെ തുടര്‍ച്ചയായി എത്യോപ്യയുടെ അധികാരം കൈയ്യാളിയിരുന്ന പൗരസ്ത്യ ക്രിസ്ത്യന്‍ രാജവംശം. 74 മുതല്‍ 87 വരെ 13 വര്‍ഷത്തോളം എത്യോപ്യയെ നിയന്ത്രിച്ച കമ്മ്യൂണിസ്റ്റ് ദെര്‍ഗ് തുടര്‍ന്ന് 1987 മുതല്‍ 91 വരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണം. 91മുതല്‍ ഇതുവരെ ജധാനിപത്യം. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെ പോലെ കോളനിവല്‍ക്കരണത്തിന്റെയോ, അടിമകച്ചവടത്തിന്റെയോ ദുരിതങ്ങള്‍ എത്യോപ്യക്ക് നേരിടേണ്ടി വന്നിട്ടില്ല. ഏറിത്രിയയുമായുള്ള യുദ്ധകാലത്തും മെന്‍ഗിത്സു ഹെയ്‌ലി മറിയത്തിന്റെ കമ്മ്യൂണിസ്റ്റ് ദര്‍ഗ് കാലത്തുമൊഴിച്ച് ഹിംസയില്‍ നിന്ന് ഏറെയൊക്കെ മുക്തമായിരുന്നു ഈ രാജ്യം. അതുകൊണ്ടാകണം അവര്‍ ജനാധിപത്യത്തെ കൈവിടാതെ സൂക്ഷിക്കുന്നതും. ഈ സമാധാന അന്തരീക്ഷവും അവസാന എത്യോപ്യന്‍ ചക്രവര്‍ത്തിയായിരുന്നഹെയ്‌ലി സെലാസി മുന്നോട്ട് വെച്ച പാന്‍ ആഫ്രിക്കന്‍ ആശയവുമൊക്കെ കാരണമാകണം ആഫ്രിക്കന്‍ യൂണിയന്റെ ആസ്ഥാനം എത്യോപ്യയിലാണ്. സോമാലിയയിലെയും സുഡാനിലെയും തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ അമേരിക്കയുടെ ഏറ്റവും വലിയ സൗഹൃദ രാഷ്ട്രമാണ് എത്യോപ്യ.  

തന്റെ മുന്‍ഗാമികളുടെ കാലത്ത് നിലനിന്നുപോന്നിരുന്ന പല അടിച്ചമര്‍ത്തലുകളും അവസാനിപ്പിച്ച് എത്യോപ്യയെ ജനാധിപത്യത്തിന്റെ സുവര്‍ണ്ണകാലത്തിലൂടെ കൈപിടിച്ച് നടത്തുന്നു അഫ്രിക്കയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായ (43) അബി അഹമ്മദ്. ഒറോമിയയിലെ അഗാരോയ്ക്ക് അടുത്ത് ബെഷാഷായില്‍ ഒരു ദരിദ്രകുടുംബത്തില്‍ 1976 ആഗസ്റ്റ് 15 നാണ് അബി അഹമ്മദിന്റെ ജനനം. തറയിലാണ് കിടന്നുറങ്ങിയിരുന്നത്. അടുത്ത നദിയില്‍ നിന്ന് വെള്ളം ശേഖരിച്ചിച്ചു കൊണ്ടു വരണം. വീട്ടില്‍ വൈദ്യുതിയെത്തിയത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍. പഠനത്തില്‍ മിടുക്കനായ അബി ചെറുപ്രായത്തില്‍ തന്നെ എത്യോപ്യന്‍ സൈന്യത്തില്‍ റേഡിയോ ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ചു. സൈന്യം വിട്ട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള സൈബര്‍ ഇന്റലിജന്‍സ് ഓഫീസറായിരുന്നു. എറിത്രിയയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച അബി പിന്നീട് സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും വഴിവെട്ടിയത് രാജ്യത്തിനകത്ത് തന്നെയാണ്. ഭീകരവിരുദ്ധനിയമം ചുമത്തി അറസ്റ്റ് ചെയ്ത രാഷ്ട്രീയ പ്രവര്‍ത്തകരെ മോചിപ്പിച്ചു. വിദേശത്തേക്ക് നാട് കടത്തിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ വാതിലുകള്‍ തുറന്നിട്ടു. എതിരഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ താഴിട്ടുപൂട്ടേണ്ടി വന്ന പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും വീണ്ടും പ്രവര്‍ത്തന സ്വാതന്ത്രം കൊടുത്തു. ജയിലിലുണ്ടായിരുന്ന അവസാന മാധ്യമപ്രവര്‍ത്തകനേയും മോചിപ്പിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തിയെങ്കിലും ജനങ്ങളില്‍ ഭൂരിപക്ഷവും ഇന്ന് അബിയോടൊപ്പമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തെ ഈ സമാധാനം മുഴുവന്‍ ആഫ്രിക്കയുടെയും പ്രതീക്ഷയാണിന്ന്.
50 ശതമാനം വനിതാപ്രാതിനിധ്യം തന്റെ മന്ത്രിസഭയില്‍ നടപ്പിലാക്കിയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ ധീര വനിതയായ സാല്‍ വര്‍ക്ക് സ്യൂഡയെ രാജ്യത്തിന്റെ ആദ്യ വനിത പ്രസിഡന്റായി കൊണ്ടു വന്നും പിന്നെയും ലോകത്തെ ഞെട്ടിച്ചു അബി. പഴയ ഷേബ രാജ്ഞിയുടെ നാടാണെങ്കിലും പുരുഷ കേന്ദീകൃത സമൂഹമാണ് എത്യോപ്യയുടേത്.
എത്യോപ്യയുടെ പരിസ്ഥിതി പുന:സ്ഥാപനമാണ് അബി അഹമ്മദിന്റെ മറ്റൊരു പ്രധാന പരിഗണനാവിഷയം. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാജ്യത്തിന്റെ മെത്തം വിസ്തൃതിയുടെ 35 ശതമാനം വനമായിരുന്നെങ്കില്‍ ഇന്നത് 4% മാത്രമാണ്. മരുവല്‍ക്കരണവും മണ്ണൊലിപ്പും മണ്ണിന്റെ പശിമകുറവുമൊക്കെ ഇതിന്റെ ഭാഗമായി സംഭവിച്ചതാണെന്ന തിരിച്ചറിവില്‍ രാജ്യത്തെ വീണ്ടും പച്ചപുതപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അബി ഇന്ന്. അദ്ദേഹം മുന്നോട്ട് വെച്ച മരം നടീല്‍ ചലഞ്ച് ഏറ്റെടുത്ത് ഒറ്റ ദിവസം കൊണ്ട് 350 മില്യണ്‍ വൃക്ഷതൈകള്‍ നട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍!ഡ്‌സില്‍ ഇടം നേടി എത്യോപ്യന്‍ ജനത.
വണ്ടി ഒരു നഗരത്തോടത്തുകൊണ്ടിരിക്കുന്നു അവാസയാകണം. അന്തരീക്ഷത്തിന് സുഖകരമായ ഒരിളം തണുപ്പുണ്ട് ആ ഉച്ചനേരത്തും അവിടെ. ഒരു വിനോദസഞ്ചാര കേന്ദമാണെന്ന് വ്യക്തമാക്കുന്ന തരത്തില്‍ ഉയര്‍ന്നു കാണുന്ന ഹോട്ടലുകളും റിസോട്ടുകളും. കല്ല് പാകി മനോഹരമാക്കിയ വഴിയോരങ്ങള്‍. അവിടെയും തലേന്ന് പെയ്ത മഴയുടെ വെള്ളക്കെട്ടുകള്‍ ശേഷിക്കുന്നുണ്ട് പലയിടത്തും.
(തുടരും)

Thursday, April 9, 2020

ഇരുട്ടത്തെ അത്താഴം, കാന്താലോഡ്ജിലെ രാത്രി, ബ്ലൂനൈലിലെ ഡാം...

എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (12)
----------------------------------
ഴമയില്‍ നിന്ന് ആധൂനികതയിലേക്കുള്ള യാത്രക്കിടയില്‍ വികൃതമാക്കപ്പെട്ട ഒരങ്ങാടിയാണ് കോന്‍സോ പട്ടണം. ഒട്ടും സൗന്ദര്യബോധം പുലര്‍ത്താതെ നിര്‍മ്മിച്ച കോലംകെട്ട കോണ്‍ക്രീറ്റ് നിര്‍മ്മിതികളാലും പരന്നുകിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാലും ദുര്‍ഗന്ധം വമിക്കുന്ന ചവറുകൂനകളാലും അഴുക്കുചാലുകളാലും തകര്‍ന്ന പാതകളാലും മനംമടിപ്പിക്കുന്ന ഒരു ശരാശരി ആഫ്രിക്കന്‍ നഗരം. കോന്‍സോയിലെ നാട്ടുചന്തയില്‍ നിന്നും പോക്കുവെയില്‍ പിന്‍വാങ്ങിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ അവിടം വിട്ടു, പിന്നീട് നേരെ പോയത് അത്താഴം കഴിക്കാനായി കോന്‍സോ അങ്ങാടിയിലേക്കാണ്.

ഇരുട്ടു പരന്നുതുടങ്ങിയിരുന്നു. നഗരത്തില്‍ തന്നെയുള്ള ഒരു ഇടത്തരം ഭക്ഷണശാല. പാതവക്കിലെ കടമുറികളുടെ പുറകില്‍ ഇടുങ്ങിയതല്ലാത്ത ഒരു പറമ്പില്‍ ആകാശത്തിന് കീഴെയിട്ട തീന്‍മേശകള്‍ നടുവില്‍ മേല്‍ക്കൂരയുള്ള ചുമരുകളില്ലാത്ത ഒരു തറ അവിടെയും തീന്‍മേശകള്‍. നല്ല തിരക്കുണ്ട് ആ നേരത്ത് ആ ഭോജനശാലയില്‍. ഇരുണ്ട പ്രകാശത്തില്‍ ഏറെ സജീവമാണ് അപ്പോഴവിടം. അത്താഴമേശകളൊന്നും ഒഴിഞ്ഞു കിടക്കുന്നില്ല. ഉച്ചത്തിലുള്ള സംസാരങ്ങളും പൊട്ടിച്ചിരികളും. വെളിച്ചം വളരെ കമ്മിയാണ്. എണ്ണവിളക്കുകളും മെഴുകുതിരികളും മറ്റുമാണ് വെളിച്ചം പരത്തുന്നത്. ചിലയിടത്ത് വളരെ മങ്ങിയ പ്രകാശം പരത്തിക്കൊണ്ട് ഇലക്ട്രിക് ലൈറ്റുകള്‍.

വൈദ്യുതക്ഷാമം വളരെ രൂക്ഷമാണ് എത്യോപ്യയില്‍ പലയിടത്തും പ്രകാശം പരത്തുന്നത് ജനറേറ്ററുകളുപയോഗിച്ചാണ്. ഇവിടെയും അങ്ങിനെതന്നെയാകണം. പക്ഷെ അതിനിടയിലും ഉച്ചത്തിലുള്ള സംഗീതമുയരുന്നുണ്ട്. വൃത്തിയെ സംബന്ധിച്ച നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളുമായി ഒട്ടും യോജിച്ചുപോകുന്നതല്ല ആ പരിസരം. ഒരു പക്ഷെ ആ ഇരുണ്ട അന്തരീക്ഷത്തില്‍ വൃത്തിഹീനത അധികരിച്ച് തോന്നുന്നതുമാകാം. അടുത്തുപോകാന്‍പോലും കഴിയാത്തത്ര പരിതാപകരമാണ് ശുചിമുറിയുടെ അവസ്ഥ. പുറകിലാണ് അടുക്കള. അവിടെ നിന്ന് ഭക്ഷണം നിറച്ച തട്ടുകള്‍ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്.
സ്ഥൂല ശരീരത്തോടുകൂടിയ ഒരു വിളമ്പല്‍ക്കാരി സ്ത്രീ പുകയുന്ന ഒരു തട്ടുംകൊണ്ട് ഞങ്ങള്‍ക്കരികിലേക്കെത്തി അതവിടെ സ്ഥാപിച്ചു. അത് കൊതുകുകളെയും ഈച്ചയേയുമൊക്കെ അകറ്റും. ഇഞ്ചിറയും കോഴിക്കറിയും കാളയിറച്ചി വറുത്തതും ഒരിനം അപ്പവും പരിപ്പുമൊക്കെയാണ് ഞങ്ങളാവശ്യപ്പെട്ടത്. ഗോമാംസമാണ് എത്യോപ്യക്കാരുടെ പ്രധാനഭക്ഷണം. പഴയ സെമിറ്റിക്ക് വിശ്വാസങ്ങളുടെ ഭാഗമായാണെന്ന് പറയുന്നു എത്യോപ്യക്കാര്‍ പന്നിയിറച്ചി കഴിക്കാറില്ല. മാലാഖമാരോടൊപ്പം സഞ്ചരിക്കുന്നവരാണ് പക്ഷികള്‍ എന്ന് വിശ്വസിക്കുന്നതുകൊണ്ട് പറക്കുന്ന പക്ഷികളുടെ ഇറച്ചിയും അവര്‍ ഭക്ഷിക്കാറില്ല. കോഴിയെ പക്ഷിയായി കണക്കുകൂട്ടാത്തതുകൊണ്ടായിരിക്കണം കോഴിയിറച്ചി എല്ലായിടത്തും ലഭ്യമാകുന്നത്.

ഈ ഇരുട്ടത്ത് അടി കൊള്ളാന്‍ വയ്യ അതുകൊണ്ട് തന്നെ ക്യാമറ പുറത്തെടുക്കരുതെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നു. ഭക്ഷണം അത്ര സ്വാദിഷ്ടമായി തോന്നിയില്ല. പരിസരത്തിന്റെ സ്വാധീനവുമുണ്ടാകാം. എങ്കിലും തികച്ചും വ്യത്യസ്തമായ ഒരനുഭവം തന്നെയായിരുന്നു അത്. എത്യോപ്യയിലെ ഒരുള്‍നാട്ടിലെ സജീവമായ ഒരു ഗ്രാമീണ തീന്‍പുരയില്‍ അവിടത്തെ നാട്ടുകാര്‍ക്കൊപ്പം മെഴുകുതിരിവെട്ടത്തില്‍ ഒരത്താഴം. ഒരു ടൂര്‍ സംഘത്തിനൊപ്പമായിരുന്നെങ്കില്‍ ഞങ്ങള്‍ക്കിതൊക്കെ നഷ്ടമാകുമായിരുന്നു. എത്യോപ്യന്‍ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയാതെ മുന്‍ നിശ്ചയിച്ച വഴികളിലൂടെയും കാഴ്ച്ചകളിലൂടെയുമുള്ള സമയത്തിനൊപ്പിച്ച പുറംയാത്ര മാത്രമായി അത് ചുരുങ്ങുമായിരുന്നു. ഭക്ഷണം കഴിഞ്ഞു. വിളമ്പലുകാരന്‍ പറഞ്ഞ ബില്‍ തുക സംബന്ധിച്ച് സംശയം തോന്നിയ അബ്ദു വിശദാശങ്ങളാവശ്യപ്പെട്ടതോടെ തുക കുറച്ച് കുറഞ്ഞു. അബ്ദു ചെറിയൊരു നീരസത്തോടെ നടത്തിപ്പുകാരി സ്ത്രീയോടെന്തോ പറഞ്ഞു. അവരൊരു പുഞ്ചിരിയോടെ എന്തോ പറഞ്ഞ് അതിനെ നേരിട്ടു. അരിശം തീരാതെ പിന്നെയും സംസാരം തുടര്‍ന്ന അബ്ദുവിനോട് വിട്ടു കൊടുക്കാന്‍ പറഞ്ഞ് ശാന്തനാക്കി ഡോ. അജിന്‍.
മടങ്ങിയെത്തുമ്പോള്‍ ഞങ്ങള്‍ കാണുന്നത് ഇരുട്ടില്‍ കുളിച്ചു നില്‍ക്കുന്ന കാന്താ ലോഡ്ജാണ്. ചെറിയ നാട്ടുവെളിച്ചമുണ്ട്. കോട്ടേജുകളുടെ പുല്ല് മേഞ്ഞ വൃത്തമേല്‍ക്കൂരകള്‍ ആകാശത്തിന്റെ പശ്ചാത്തലത്തില്‍ ആ ഇരുണ്ട നാട്ടുവെളിച്ചത്തിലും ദൃശ്യമാകുന്നുണ്ട്. മായികമായൊരു സൗന്ദര്യമുണ്ട് ആ കാഴ്ച്ചക്ക്. റിസപ്ഷന്‍ ഏരിയയില്‍ മാത്രം മങ്ങിയ വെളിച്ചമുണ്ട്. കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം നടത്തിപ്പുകാരിലൊരാള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു. 9 മണിക്ക് അതിന്റെ പ്രവര്‍ത്തനമവസാനിപ്പിക്കും ശേഷിക്കുന്ന രാവ് മുതല്‍ അന്ധകാരത്തില്‍ കഴിച്ചുകൂട്ടണം. നിശ്ചിത സമയത്തിന് ശേഷം വൈദ്യുതി ഉണ്ടാകില്ലെന്ന് മുറിയെടുക്കുമ്പോഴെ അവര്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ കോട്ടേജിലെത്തി കുളിക്കാന്‍ നോക്കുമ്പോള്‍ വെള്ളമില്ല. പിന്നെയും കുറേ നേരം കാത്തു വെള്ളമെത്താന്‍. വെള്ളമെത്തി പക്ഷെ ചുടുവെള്ളം ലഭ്യമാകുന്നില്ല. അജിന്‍ വല്ലാതെ ക്ഷുഭിതനായി. എന്നാല്‍ തങ്ങളല്ല ഉത്തരവാദപ്പെട്ടവര്‍ എന്ന രീതിയില്‍ ഒഴിഞ്ഞു നില്‍ക്കുകയാണ് അവിടത്തെ ജോലിക്കാര്‍. ഒടുവില്‍ നീണ്ട ചീത്ത വിളിക്കള്‍ക്കും ഒച്ചയെടുക്കലുകള്‍ക്കും ശേഷം അടുക്കളയില്‍ നിന്ന് പാത്രങ്ങളില്‍ ചുടുവെള്ളം കോട്ടേജുകളിലേക്കെത്തിച്ചു തന്നു ജോലിക്കാര്‍. സമയമേറെ അങ്ങിനെ കടന്നുപോയതുകൊണ്ട് ജനറേറ്റര്‍ 10 മണി വരെ പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ടു അജിന്‍. അതിനായി വീണ്ടുമൊരു ശണ്ഠവേണ്ടി വന്നു അവരുമായി.

അതി രൂക്ഷമാണ് എത്യോപ്യയില്‍ വൈദ്യുതി ക്ഷാമം. റിഫ്റ്റ്‌വാലി തടങ്ങളിലൊഴിച്ച് ജലക്ഷാമവും അങ്ങിനെതന്നെ. ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന രീതിയിലാണ് നൈലിന്റെ പ്രധാന കൈവഴിയായ ബ്ലൂനൈല്‍ നദിയില്‍ എത്യോപ്യ ഡാം (Grand Ethiopian Renaissance Dam) പണിയാനാരംഭിച്ചത്. എത്യോപ്യയിലെ ടാനാതടാകത്തില്‍ നിന്ന് ആരംഭിച്ച് സുഡാനിലൂടെയാണ് ബ്ലൂനൈല്‍ ഈജിപ്തിലെത്തിചേരുന്നത്. ഡാം നിര്‍മ്മാണം അവസാനഘട്ടത്തിലേക്കടുത്തുകൊണ്ടിരിക്കുമ്പോള്‍ ഈജിപത് പരിഭ്രാന്തിയിലാണ്. ഈജിപ്തില്‍ നിന്ന് 2500 കിലോമീറ്ററോളം അകലെയാണ് എത്യോപ്യയുടെ ഡാമെങ്കിലും നൈലിലെ ജലലഭ്യതയെ അത് സാരമായി ബാധിക്കുമെന്നും അങ്ങിനെ ഈജിപ്ഷ്യന്‍ സാമ്പത്തികരംഗം തകരുമെന്ന ഭയം അവര്‍ക്കുണ്ട്. ഒരു യുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് കരുതുന്നവരുണ്ട്. 2011ല്‍ മുല്ലപ്പുവിപ്ലവത്തില്‍ ഈജിപ്ത് കലുഷിതമായിരിക്കുന്ന സാഹചര്യം മുതലെടുത്താണ് എത്യോപ്യ ഡാം നിര്‍മ്മാണമാരംഭിക്കുന്നത് അതുകൊണ്ട് തന്നെ അന്നതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഈജിപ്തിനായില്ല. ഈ ഘട്ടത്തില്‍ ഡാം നിര്‍മ്മാണം തടയാനാകില്ലെന്നിരിക്കെ ഡാമില്‍ ജലം നിറക്കുന്നത് 10-12 വര്‍ഷമെടുത്ത് ക്രമാനുഗതമായാകണമെന്നും തങ്ങളുടെ ആവശ്യകതയനുസരിച്ച് പ്രതിവര്‍ഷം 40 ബില്യണ്‍ ക്യുബിക്ക്മീറ്റര്‍ ജലം വിട്ടുനല്‍കണമെന്നുമാണ് ഈജിപ്തിന്റെ പ്രധാന ആവശ്യം എന്നാല്‍ ഇതു രണ്ടും പരിഗണിക്കാന്‍ എത്യോപ്യ തയ്യാറായിട്ടില്ല. വിഷയം എൈക്യരാഷ്ട്രസഭ രക്ഷാസമിതിക്ക് മുന്നില്‍ എത്തിച്ചിരിക്കുകയാണ് ഈജിപ്ത്. യു.എസ്.എയും മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തുണ്ട്. എത്യോപ്യക്കെതിരെ ആയുധമെടുക്കണമെന്ന മുറവിളി ഈജിപ്തില്‍ ഉയരുന്നുണ്ട്. എന്നാല്‍ എത്യോപ്യ തങ്ങളുടെ മണ്ണില്‍ ഒരു ഡാം നിര്‍മ്മിക്കുന്നതിനെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും അങ്ങിനെയൊരു നീക്കമുണ്ടായാല്‍ അതിനെ ചെറുക്കാന്‍ ഏതറ്റം വരെയും പോകുമെന്നുമാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവ് കൂടിയായ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് പറയുന്നത്.

ഈജിപ്തിന്റെ 90% സ്ഥലവും മരുഭൂമിയാണ് ശേഷിക്കുന്ന 10% സ്ഥലത്തെ പച്ചപ്പിന് കാരണം നൈല്‍ നദിയാണ്. ഈ 10 %പ്രദേശത്താണ് ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ 95% ജീവിക്കുന്നത്. ഈജിപ്തിലൂടെ ഒഴുകുന്ന നൈലിന്റെ 65% ജലവും ബ്ലൂനൈലിന്റെ സംഭാവനയാണ്. അതുകൊണ്ട് തന്നെ ബ്ലൂനൈലിലെ ഡാം നിര്‍മ്മാണം ഈജിപ്തിനെ പരിഭ്രാന്തരാക്കുന്നതില്‍ അത്ഭുതമില്ല. പക്ഷെ കടുത്ത ജലക്ഷാമവും വൈദ്യുതി ക്ഷാമവുമുള്ള എത്യോപ്യക്ക് ഈ ഡാമല്ലാതെ മറ്റു പോംവഴികളില്ല. ഇന്നും രാജ്യത്ത് നിലനില്‍ക്കുന്ന കടുത്ത പട്ടിണിയും ഭക്ഷ്യക്ഷാമവും വ്യാവസായിക വികസനത്തിന് തടസ്സം നില്‍ക്കുന്ന കടുത്ത വൈദ്യുതി ക്ഷാമവുമൊക്കെ മറി കടക്കാന്‍ ഈ ഡാം എത്യോപ്യയെ സഹായിക്കും. സുഡാനാണ് ഈ ഡാം നിര്‍മ്മാണം ബാധിക്കുന്ന മറ്റൊരു രാജ്യം എന്നാല്‍ മഴക്കാലത്ത് നൈല്‍ സൃഷ്ട്ക്കുന്ന വെള്ളപ്പൊക്കത്തിന് ഡാം അറുതി വരുത്തുമെന്നതും ഡാം വഴി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ ഒരു പങ്ക് തങ്ങള്‍ക്ക് ലഭിക്കുമെന്നതും സുഡാനെ നിശബ്ദരാക്കുന്നു. 74 ബില്യണ്‍ ക്യുബിക്ക് മീറ്ററാണ് ഡാമിന്റെ മൊത്തം സംഭരണശേഷി. ആഫ്രിക്കയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി (6,000 മെഗാവാട്ട് ഉല്‍പ്പാദനശേഷി) മാറും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ ഈ ഡാം. 5 ബില്യണ്‍ ഡോളറാണ് കണക്കാക്കിയിരിക്കുന്ന മൊത്തം ഉല്‍പ്പാദനച്ചിലവ്. ജനങ്ങളില്‍ നിന്നുള്ള ദേശാഭിമാനബോണ്ടുകളിലൂടെയും (Patriotic Bonds) വിദേശവായ്പകളിലൂടയുമാണ് ഈ തുക കണ്ടെത്തിയിരിക്കുന്നത്. എത്യോപ്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പുതിയതായി 4,000 മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടത്. ശേഷിക്കുന്ന വൈദ്യുതി മറ്റാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വിറ്റ് നല്ലൊരു സംഖ്യ നേടാനാകും എത്യോപ്യക്ക്. വായ്പാതിരിച്ചടവുകളും മറ്റ് സാമ്പത്തിക ബാധ്യതകളും മുന്നിലുള്ളതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് പദ്ധതി കമ്മീഷന്‍ ചെയ്ത് ഉല്‍പ്പാദനമാരംഭിക്കാനാണ് എത്യോപ്യന്‍ നീക്കം എന്നാല്‍ അതെത്രമാത്രം നീട്ടിക്കൊണ്ടു പോകാനാകുമെന്നാണ് ഈജിപ്തിന്റെ ചിന്ത. എന്തായാലും റിനൈസാന്‍സ് ഡാം ആ പേരു പോലെ തന്നെ എത്യോപ്യയുടെ സമൂലമായ മാറ്റത്തിന് സഹായകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ആ സുദിനം കാത്തിരിക്കുകയാണ് എത്യോപ്യക്കാര്‍.

ഒരു വലിയ വളപ്പില്‍ അതി മനോഹരമായാണ് കോട്ടേജുകളുടെ നിര്‍മ്മിതി. പുല്ല് വളര്‍ത്തിയ തൊടി അതിനിടയിലൂടെ കല്ലുവിരിച്ച നടവഴികള്‍ അതിനരികിലെ മനോഹരമായ പൂച്ചെടികള്‍. മികച്ച ലാന്‍ഡ് സ്‌കേപ്പിങ്ങും ആര്‍ക്കിടെക്ച്ചറും ലൊക്കേഷനുമൊക്കെയായിട്ടും അതിനോടൊന്നും ഒട്ടും നീതി പുലര്‍ത്താത്ത ആതിഥേയത്വം. കുടിലുകള്‍ക്കകവും മനോഹരമായി രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്. രണ്ടു കോട്ടേജുകളാണ് എടുത്തിരുന്നത്. ഒന്നില്‍ ദത്തേട്ടനും അന്‍വറും ഞാനും മറ്റേതില്‍ ഡോ. അജിനും അബ്ദുവും ജോയേട്ടനും. അജിനും ജോയേട്ടനും കുളി കഴിഞ്ഞ് ഞങ്ങളുടെ കോട്ടേജിലേക്കെത്തി. പുറത്ത് നല്ല തണുപ്പുണ്ട്. അതിനിടയില്‍ ചാറ്റല്‍ മഴയും തുടങ്ങി. മഴ കണ്ട് നില്‍ക്കുന്നതിനിടയില്‍ ജനറേറ്റര്‍ നിറുത്തിയിരുന്നു. അബ്ദുവിനെ കാണാനില്ല. റിസോട്ടിലെ ജോലിക്കാരിയായ എത്യോപ്യന്‍ യുവതിക്ക് അബ്ദുവിനോട് എന്തോ കാര്യമായ ആകര്‍ഷണം തോന്നിയിട്ടുണ്ടെന്ന് ജോയേട്ടന്‍ പറഞ്ഞിരുന്നു. എത്യോപ്യന്‍ സാമൂഹ്യജീവിതത്തില്‍ അത്തരം പ്രണയനാടകങ്ങള്‍ സാധാരണമാണത്രെ. സ്ത്രീ പുരുഷ ബന്ധങ്ങള്‍ കുറേകൂടി സ്വതന്ത്രവും തുറന്നതുമാണവിടെ. സാമൂഹ്യജീവിതത്തില്‍ നിന്നും ഗോത്ര സംസ്‌ക്കാരത്തിന്റെ അടയാളങ്ങള്‍ പാടെ മായ്ച്ചുകളയാന്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ക്രൈസ്തവ സദാചാരത്തിനായിട്ടില്ല. അന്നത്തെ പകല്‍ കാഴ്ച്ചകളേയും നാളത്തെ യാത്രാപരിപാടികളേയും കുറിച്ച് സംസാരിച്ചും നാട്ടുകഥകള്‍ പങ്കിട്ടും എത്രനേരമിരുന്നെന്ന് ഓര്‍മ്മയില്ല.

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പതിയെ കിടക്കിയിലേക്ക് ചരിയുകയും ക്ഷണനേരം കൊണ്ട് ഉറക്കിലേത്ത് ആഴ്ന്നുപോകുകയുമായിരുന്നെന്ന് പിറ്റേന്ന് ജോയേട്ടന്‍ പറഞ്ഞറിഞ്ഞു. പുലര്‍ച്ചെ നാലിന് അലാറം കേട്ടാണുര്‍ന്നത്. പ്രാഥമിക കൃത്യങ്ങള്‍ മാത്രം കഴിച്ച് കുളിക്കാന്‍ പോലും നില്‍ക്കാതെ ഇറങ്ങി. മതിക്കെട്ടുറങ്ങി ആ രാത്രി. പുറത്ത് രാത്രി എപ്പോഴൊക്കയോ മഴ പെയ്തിരുന്നു എന്ന് പറഞ്ഞു ദത്തേട്ടനും അന്‍വറും. കറന്റും വെള്ളവുമില്ലാത്ത ഒരു രാത്രിയാണ് കടന്നുപോയത്. അതിന്റെ അരിശം അപ്പോഴും ശമിച്ചിട്ടുണ്ടായിരുന്നില്ല ഡോ. അജിന്. ടിപ്പ് ചോദിച്ചെത്തിയ ജോലിക്കാരെ ചീത്ത പറഞ്ഞോടിച്ചു ആദ്യം അദ്ദേഹം. പിന്നീട് അവര്‍ക്കെന്തോ കൊടുത്ത്  അവിടെ നിന്നിറങ്ങി. കാന്താലോഡ്ജില്‍ നിന്നും കോന്‍സോയുടെ പ്രധാന പാതയിലേക്ക് വണ്ടി കയറുമ്പോഴേക്കും പുലര്‍ വെളിച്ചം പരന്നു തുടങ്ങിയിരുന്നു അവിടെയാക്കെ.

(തുടരും)

Monday, April 6, 2020

കോന്‍സോയിലെ ന്യൂയോര്‍ക്കും വാറ്റുപുരയും നാട്ടുചന്തയും


എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (11)
---------------------------
നാഗരീകമായ ചിഹ്നങ്ങള്‍ ഏറെയെന്നും ദൃശ്യമാകാത്ത കോന്‍സോയിലെ ആ നാട്ടുചന്തയിലെ ബഹളങ്ങള്‍ക്കിടയില്‍ അങ്ങിനെ നില്‍ക്കേ എസ്.കെ പൊറ്റെക്കാട് എന്ന മഹാസഞ്ചാരിയും കാപ്പിരികളുടെ നാട്ടിലൂടെ അദ്ദേഹം നടത്തിയ ദീര്‍ഘയാത്രയും മനസ്സിലേക്കെത്തി. ദീര്‍ഘമായ ആഫ്രിക്കന്‍ യാത്രക്കിടയില്‍ പൊറ്റെക്കാട് പക്ഷെ എത്യോപ്യ സന്ദര്‍ശിച്ചിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ വരികളിലൂടെ കണ്ടറിഞ്ഞ മറ്റ് ആഫ്രിക്കന്‍ നാട്ടു വിപണികളില്‍ നിന്ന് ഏറെയെന്നും വിഭിന്നമല്ല കാലങ്ങള്‍ക്കിപ്പോഴും കോന്‍സോയിലെ ഈ നാട്ടുചന്ത. സമീപഗ്രാമങ്ങളില്‍ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങളും മലഞ്ചരക്കുകളും കൈവേല നിര്‍മ്മിതികളും മറ്റുമായി ചന്തയിലെത്തി അത് വിപണനം ചെയ്ത് തിരിച്ച് നഗരത്തിന്റെ ഉല്‍പ്പന്നങ്ങളുമായി മടങ്ങാനൊരുങ്ങുന്ന ഈ ഗ്രാമീണര്‍ക്ക് കാലങ്ങള്‍ക്കിപ്പോഴും കാര്യമായ ഒരു മാറ്റവും വന്നിട്ടില്ലെന്ന് തോന്നും ഇതിനിടയിലൂടെ നടക്കുമ്പോള്‍. ഞങ്ങള്‍ക്കടുത്തായി ഒരു തയ്യല്‍ക്കാരന്‍ ഇരിക്കുന്നുണ്ട്. തുണിക്കള്‍ക്ക് മനോഹരമായ കര വെച്ച് കൊടുക്കുകയാണ് അയാളുടെ ജോലി. അതി വിദഗ്ദ്ധമായി നല്ല വേഗത്തിലാണ് അയാളത് ചെയ്തുകൊണ്ടിരിക്കുന്നത്. പരുത്തിതുണികള്‍ വാങ്ങി സ്ത്രീകളും കുട്ടികളും അയാള്‍ക്കരികിലെത്തുന്നു. പല മാതൃകയിലുള്ള കരകള്‍ അയാളുടെ കൈവശമുണ്ട്. ആവശ്യക്കാര്‍ അതില്‍ നിന്ന് വേണ്ടത് തിരഞ്ഞെടുക്കുന്നു അതിവേഗം അതയാള്‍ അവര്‍ കൊണ്ടുവന്ന തുണികളുടെ അരികുകളില്‍ തയ്ച്ചു പിടിപ്പിക്കുന്നു. തിരക്കേറിയ നാട്ടുചന്തയുടെ തുറസ്സിലൊരിടത്തിരുന്ന് മറ്റെല്ലാം മറന്ന് തയ്ക്കുന്ന അയാള്‍ക്ക് വാരകള്‍ നീളമുള്ള തുണി ഉയര്‍ത്തിപിടിച്ചുകൊടുക്കാനും പൈസവാങ്ങാനും മറ്റുമായി സഹായിയായ ഒരു ബാലനുമുണ്ട്. ഞങ്ങള്‍ കാഴ്ച്ചക്കാരായതോടെ ഇരുവര്‍ക്കും ആവേശമായി. തന്റെ കൈയ്യടക്കവും തെഴില്‍ വൈദഗ്ദ്ധ്യവും സന്തോഷപൂര്‍വ്വം ഞങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു അദ്ദേഹം.
വിവിധങ്ങളായ കിഴങ്ങുകള്‍, തുണിത്തരങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ലഹരി പാനീയങ്ങള്‍. വിറ്റും വാങ്ങിയും കാഴ്ച്ചകണ്ടും ചുമടെടുത്തും ഭിക്ഷയാചിച്ചും ഭക്ഷണം കഴിച്ചും അരാക്കുകുടിച്ചും നിഷ്‌കാമരായി മാറിയിരുന്നുമൊക്കെ ഇതിന്റെ ഭാഗമാകുന്ന വലിയൊരു ജനക്കൂട്ടം. ഒരു വശത്ത് ചാക്കിലും ഷീറ്റിലുമൊക്കെ നരത്തിയിട്ട ധാന്യങ്ങളുമായി ഇരിക്കുന്ന സ്ത്രീകള്‍. മൊത്തക്കച്ചവടക്കാരെ കാത്തിരിക്കുന്ന ഉല്‍പ്പാദകരാകാം അവര്‍. അത്തരം ധാന്യങ്ങള്‍ ചാക്കിലാക്കി ചെറു ലോറിയിലേക്ക് കയറ്റുന്നുണ്ട് ഇനിയൊരിടത്ത്. വിറകുകെട്ടുകളുമായി വില്‍പ്പനക്കെത്തിയ സ്ത്രീകള്‍, പഴയ പെട്ടിമരുന്നുകടകളിലെ അങ്ങാടിമരുന്നുകെട്ടുകളോട് സാമ്യമുള്ള വേരിന്റെയും ചില്ലയുടെയും കെട്ടുകളുമായി മറ്റു ചിലര്‍. പുരുഷന്‍മാരേക്കാളും പ്രാതിനിധ്യം സ്ത്രീകള്‍ക്കാകണം ഈ നാട്ടുവിപണിയില്‍. ആടും, പശുവും നായയുമൊക്കെ പോലുള്ള മൃഗങ്ങളും യാതൊരു അലോസരവും കൂടാതെ അലഞ്ഞു തിരിയുന്നുണ്ട് ഈ തിരക്കിനിടയിലും.
ഡോക്ടറും അബ്ദുവും ചേര്‍ന്ന് ആ നാട്ടുകമ്പോളത്തില്‍ നിന്ന് എന്തൊക്കയോ വാങ്ങുന്നുണ്ട്. വിലപിടിപ്പുള്ളതൊക്കെ വണ്ടിയില്‍ വെച്ചു എന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് ഡോ. അജിന്‍ അവിടെ ഞങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ചത്. എത്യോപ്യയിലെ പകല്‍മോഷണങ്ങള്‍ പലതും പരസ്യമായ പിടിച്ചുപറികളാണ്. ഫോണോ, പഴ്‌സോ, ക്യാമറയോ ആഭരണങ്ങളോ അങ്ങിനെ ഒറ്റ വലിക്ക് കൈയ്യില്‍ കിട്ടിയതുമായി മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടും. ആയൂധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയോ ശാരീരികാക്രമങ്ങള്‍ക്ക് മുതിര്‍ന്നോ ഉള്ള പിടിച്ചുപറികള്‍ എത്യോപ്യയില്‍ അപൂര്‍വ്വമാണ്. നമ്മുടെ ശ്രദ്ധതെറ്റിച്ചോ കബളിപ്പിച്ചോ പെട്ടെന്ന് കൈയ്യില്‍ നിന്ന് വലിച്ചെടുക്കാവുന്നതോ ആയി ഓടി രക്ഷപ്പെടുന്ന സാധുക്കളാണ് ഇവിടിത്തെ അപഹര്‍ത്താക്കള്‍. ഒരു നേരത്തെ വിശപ്പടക്കുക എന്നതിലുപരി കൊള്ളമുതലുകൊണ്ട് സമ്പന്നരാകലും ആര്‍ഭാടജീവിതം നയിക്കലുമൊന്നും അവരുടെ ലക്ഷ്യമല്ല. തിരക്കിനിടയില്‍ ഒല്‍പ്പം ശ്രദ്ധിച്ചാല്‍ മോഷണമെന്ന ലക്ഷ്യവുമായി നമ്മെ നിരീക്ഷിക്കുന്ന ചിലരെയെങ്കിലും നമുക്ക് കണ്ടെത്താനാകും. പക്ഷെ ഒപ്പമുള്ള അബ്ദുവിന്റെ ജാഗ്രതയും കരുതലും മനസ്സിലാക്കുന്ന അവര്‍ പതുക്കെ പിന്‍തിരിഞ്ഞുപോകുകയാണ് പതിവ്.
ഒരു കാലത്ത് പട്ടിണിയുടെ പര്യായമായിരുന്നു എത്യോപ്യ. രണ്ടാം ലോകമഹായുദ്ധകാലത്തെ ഇറ്റാലിയന്‍ അധിനിവേശവും വരള്‍ച്ചയും ക്ഷാമങ്ങളും ആഭ്യന്തര കലഹങ്ങളും എറിത്രിയുമായുള്ള യുദ്ധവും ഗോത്രകലാപങ്ങളുമൊക്കെ ചേര്‍ന്ന് അതി ദരിദ്രമായ ഒരു രാജ്യമാക്കി ഈ നാടിനെ മാറ്റി. അതിവിദൂരമല്ലാത്ത ഒരു ഭൂതകാലത്ത് നമ്മള്‍ മലയാളികള്‍ വരെ എത്യോപ്യക്കായി പിടിയരി ശേഖരിച്ചിരുന്നത് ചിലരുടെയെങ്കിലും ഓര്‍മ്മകളില്‍ ബാക്കിയുണ്ടാകും. 2000ന് ശേഷം എത്യോപ്യ പതുക്കെ പതുക്കെ ദാരിദ്രത്തില്‍ നിന്ന് മുക്തിനേടി വരുന്നുണ്ട്. കാര്‍ഷികമേഘലയിലുണ്ടായ വളര്‍ച്ചയുടെയും രാഷ്ട്രീയസ്ഥിരതയുടെയും പ്രവാസികളായ എത്യോപ്യക്കാരുടെ നിക്ഷേപപദ്ധതികളുടെയും വിദേശമുലധനത്തിന്റെയുമൊക്കെ ഫലമായി ഇന്ന് ആഫ്രിക്കയില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥമാണ് എത്യോപ്യയുടേത്. എങ്കിലും പട്ടിണിയുടെ കാര്യത്തില്‍ ലോകത്ത് ഇപ്പോഴും ഇരുപതിനോടടുത്ത സ്ഥാനമാണ് ഈ രാജ്യത്തിനുള്ളത്. സമൂഹത്തില്‍ പലയിടത്തായി ശേഷിക്കുന്ന പട്ടിണിയുടെ പഴയ വ്രണങ്ങള്‍ പരിപൂര്‍ണ്ണമായി സുഖപ്പെടാന്‍ ഇനിയും ഏറെക്കാലമെടുക്കും.
അരാക്കും തേജും പോലുള്ള നാട്ടുമദ്യങ്ങള്‍ ആ നാട്ടു കമ്പോളത്തില്‍ പരസ്യമായി വില്‍ക്കപ്പെടുന്നുണ്ട്. സ്ത്രീകളാണ് വില്‍പ്പനക്കാരില്‍ ഏറെയും പ്രദേശികമായി വീടുകളില്‍ നിര്‍മ്മിച്ചെടുക്കുന്നതായിരിക്കണം അത്. സാംസ്‌ക്കാരികഭൂമികയില്‍ നിന്ന് മടങ്ങുംവഴി അത്തരമൊരു പ്രാദേശിക വാറ്റുകേന്ദ്രത്തില്‍ ഞങ്ങള്‍ കയറുകയുണ്ടായി. മോശമല്ലാത്ത തിരക്കുണ്ടായിരുന്നു അപ്പോഴവിടെ. ഒരു ചെറിയ മണ്‍കെട്ടിടത്തിന്റെ വരാന്തയിലും മുറ്റത്തുമായി മുപ്പതോളം ആളുകള്‍ സ്വസ്ഥമായിരുന്ന് മദ്യപിക്കുന്ന ഒരിടം. പെട്ടെന്ന് വിദേശികളായ കുറച്ച് പേര്‍ അവര്‍ക്കിടയിലേക്ക് കയറിവന്നപ്പോള്‍ സ്വാഭാവികമായും അവര്‍ കൗതുകപൂര്‍വ്വം ഞങ്ങള്‍ക്കരികിലേക്കെത്തി. അകത്ത് വാറ്റ് നടക്കുന്നുണ്ട്. ഏറ്റവും താഴേത്തട്ടിലുള്ള ഒരു പോലീസുകാരനും അവര്‍ക്കിടയിലുണ്ട്. അജിനും അബ്ദുവും അവരുമായി പെട്ടെന്ന് സൗഹൃദത്തിലായി. ഡോക്ടറാണെന്നറിഞ്ഞപ്പോള്‍ അവരില്‍ പലര്‍ക്കും വൈദ്യസംബന്ധമായി അജിന്റെ ഉപദേശങ്ങളും സഹായങ്ങളും വേണ്ടതുണ്ടായിരുന്നു. തന്റെ വിസിറ്റിങ്ങ് കാര്‍ഡ് അവരില്‍ ചിലര്‍ക്ക് കൊടുത്തു അജിന്‍. ആഡിസില്‍ ചികിത്സക്കായി വരേണ്ടി വന്നാല്‍ വിളിക്കാനാവശ്യപ്പെട്ടു അവരോട്. ഏറെ ഊഷ്മളവും സൗഹൃദം നിറഞ്ഞുനില്‍ക്കുന്നതുമായിരുന്നു ആ ഗ്രാമീണ കുടിപ്പുര. ആ മണ്‍കെട്ടിടത്തിനുള്ളില്‍ മദ്യം വാറ്റുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ സ്ത്രീകള്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. കുട്ടികള്‍ കൗതുകത്തോടെ ഞങ്ങളുടെ ഫോണും ക്യാമറയുമൊക്കെ തൊട്ടു നോക്കിയും അവരുടെ ചില സാഹസങ്ങള്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ അഭിമാനത്തോടെയും ചെറിയ ലജ്ജയോടെയും പ്രദര്‍ശിപ്പിച്ചുകൊണ്ടും ഒട്ടി നടന്നു.
റോഡിലൂടെ കടന്നുപോകുന്ന ചില ചെറുപ്പക്കാര്‍ മാത്രം ഞങ്ങളെ ചെറിയൊരു സംശയത്തോടെ നോക്കിക്കൊണ്ടിരുന്നു. ഏറെ ഹൃദ്യമായ ആ സായാഹ്നത്തില്‍ എത്യോപ്യയിലെ ആ ഉള്‍നാടില്‍ ഗ്രാമീണര്‍ക്കൊപ്പം സൗഹൃദപൂര്‍വ്വം ചിലവഴിച്ച ആ നിമിഷങ്ങള്‍ പോലെ വൈവിധ്യവും എത്യോപ്യയുടെ ഉള്ളിലേക്കിറങ്ങിച്ചെന്നതുമായ അനുഭവങ്ങള്‍ സാധ്യമായത് ഡോ. അജിന്‍ അവിടെ ഞങ്ങളുടെ ആതിഥേയനായി ഉള്ളതുകൊണ്ടു മാത്രമായിരുന്നു. ആ ചെറിയ മണ്‍പുരയുടെ ചെമ്മണ്ണി്ല്‍ തീര്‍ത്ത ഉമ്മറത്തിണ്ണയില്‍ മദ്യം മോന്തി നാട്ടുവര്‍ത്തമാനങ്ങളിലാഴ്ന്ന് സ്വയം മറന്നിരിക്കുകയായിരുന്നു അപ്പോഴദ്ദേഹം. എത്യോപ്യക്കാരന്‍ കൂടിയായ അബ്ദുവിനേക്കാള്‍ അവര്‍ക്കിടയില്‍ സ്വീകാര്യത അജിനു തന്നെയായിരുന്നു. നര്‍മ്മഭാഷണവും പ്രദേശികഭാഷയിലുള്ള ജ്ഞാനവും തുറന്ന സൗഹൃദപൂര്‍വ്വമായ സമീപനവുമായിരിക്കണം അതിനദ്ദേഹത്തിനെ സഹായിക്കുന്നത്. വാറ്റുപുരക്കുപുറകില്‍ സസ്യനിബഡമായ ഒരു തൊടി നീണ്ടു കിടന്നു. ചെറുപുല്‍കൂരകള്‍ക്കു താഴെയും വൃക്ഷച്ഛായയിലുമായി കനത്ത ശരീരത്തോടു കൂടിയ കാളകള്‍. ആഫ്രിക്കന്‍ ചുരയ്ക്കയുടെ തോട് നിറുത്തി ഉള്‍ഭാഗം തുരന്നുകളഞ്ഞുണ്ടാക്കിയ കുടുക്കകളിലാണ് മദ്യം തരുന്നത്. നമ്മുടെ നാട്ടിലെ പഴയഗ്രാമീണ കള്ളുഷാപ്പുകളിലെ പോലെ മധ്യവയസ്‌ക്കരും പ്രായമായവരുമാണ് പറ്റുവരവുകാരില്‍ അധികവും. നന്നെ ചെറുപ്പക്കാര്‍ ഇല്ലെന്ന് തന്നെ പറയാം. ഒരു പക്ഷെ അപരിചിതരായ ചിലരുടെ സാന്നിധ്യം മൂലമാകണം ഏറെയൊന്നും ശബ്ദമുഖരിതമായിരുന്നില്ല അവിടം. ആചാരവാക്കുകള്‍ പറഞ്ഞ് സന്തോഷപൂര്‍വ്വം അവിടെ നിന്ന് പിരിഞ്ഞു.
പൊടി നിറഞ്ഞ ആ ചെമ്മണ്‍ വഴികളിലൂടെ ഞങ്ങള്‍ പിന്നീട് പോയത് ന്യൂയോര്‍ക്ക് എന്ന് വിളിക്കുന്ന ഭൂഭാഗത്തേക്കാണ് അമേരിക്കയിലെ യൂറ്റാ സംസ്ഥാനത്തെ ബ്രൈസ് മലയിടുക്കുകളിലെ കാന്യണ്‍ ദേശീയോദ്യാനത്തിന്റെ (Bryce Canyon National park, USA) വളരെ ചെറിയ ഒരു പതിപ്പാണ് ഈ പ്രദേശം. ജലപ്രവാഹത്തെ തുടര്‍ന്നുണ്ടായ മണ്ണൊലിപ്പിനെതുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട ഉയരത്തിലുള്ള മണ്‍സ്തൂപങ്ങള്‍ നിറഞ്ഞുകിടക്കുന്നു ഒരു പ്രദേശമാകെ. ബ്രൈസ് കാന്യനോടുള്ള അതിശയകരമായ സാമ്യം മൂലം പ്രാദേശികമായി ആരോ നല്‍കിയ പേരാണ് ന്യൂയോര്‍ക്ക്. അവിടെയും ഒരു കുട്ടിക്കൂട്ടം സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. കരകൗശലവസ്തുക്കളും ആ താഴ്‌വാരത്തു നിന്നും ലഭിക്കുന്ന ചില വര്‍ണ്ണശിലകളും ലോഹ ആഭരണങ്ങളും വില്‍പ്പന നടത്തിയും സഞ്ചാരികള്‍ക്ക് വേണ്ടി സംഘ നൃത്തം ചെയ്തും വരുമാനം കണ്ടെത്താന്‍ ഉത്സാഹിക്കുന്നു ആ കുരുന്നുകള്‍. അവരില്‍ നിന്ന് കല്ലുകളും ചില കരകൗശലവസ്തുക്കളും വാങ്ങി. ഒടുവില്‍ തങ്ങളുടെ നൃത്തപാടവവും പ്രദര്‍ശിപ്പിച്ചേ അവര്‍ ഞങ്ങളെ വിട്ടുള്ളൂ. കുട്ടിക്കൂട്ടത്തിന്റെ ഒരു ധനസമ്പാദനത്തിനുള്ള ഒരു തക്കിടി വിദ്യ എന്നതില്‍ കവിഞ്ഞ് ആഫ്രിക്കന്‍ നൃത്തച്ചുവടുകളുമായി സാമ്യമെന്നും തോന്നിയില്ലെങ്കിലും അസാമാന്യമായ ഊര്‍ജ്ജവും ചടുലമായ ചുവടുകളും അശിക്ഷിതമായ ആ നൃത്തത്തിലും പ്രകടമാകുന്നുണ്ട്. താഴെ മണ്‍സ്തൂഭങ്ങള്‍ക്കിടയില്‍ കാലികള്‍ മേയുന്നുണ്ട്. ഇടയന്‍മാരാകണം ചിലയിടങ്ങളില്‍ വിശ്രമിക്കുന്നു. മണ്‍സ്തൂഭങ്ങള്‍ക്കപ്പുറത്ത് വിശാലമയ ആഫ്രിക്കന്‍ സമതലം ദീര്‍ഘദൂരത്തോളം പരന്നുകിടക്കുന്നു. സമീപ പ്രദേശങ്ങളില്‍ പരമ്പരാഗത ആഫ്രിക്കന്‍ ശൈലിയിലുള്ള പുല്ലുമേഞ്ഞ വൃത്താകൃതിയിലുള്ള മണ്‍കൂരകള്‍. ആ ഗ്രാമത്തിലെയാകണം ഇൗ കുട്ടി വ്യാപാരികള്‍. താഴേക്കിറങ്ങാമെന്ന് ഗൈഡ് പറഞ്ഞെങ്കിലും വേണ്ടെന്ന് വെച്ച് ഞങ്ങള്‍ മടങ്ങി.
വഴിയില്‍ വിറകും ചാക്കുകെട്ടുകളായി പോകുന്ന സ്ത്രീകളെ കാണാം. വല്ലപ്പോഴും ഏതിരെ കടന്നു വരുന്ന വാഹനങ്ങള്‍. രണ്ടും മുന്നും പേരുമായി കടന്നുപോകുന്ന മോട്ടോര്‍സൈക്കിളുകള്‍. തുടര്‍ന്നാണ് ഞങ്ങള്‍ കോന്‍സോയിലെ ഈ നാട്ടു ചന്തയിലെത്തിപ്പെട്ടത്. പുരുഷാരം ഇരമ്പിയാര്‍ക്കുന്ന മധ്യകേരളത്തിലെ ഒരു ഉത്സവപറമ്പിലെന്നോണം സജീവമായ ഈ ആഴ്ച്ചചന്തയില്‍ നില്‍ക്കുമ്പോള്‍ എത്യോപ്യയുടെ കാഴ്ച്ചകള്‍ക്കും ശബ്ദങ്ങള്‍ക്കുമൊപ്പം വിവധങ്ങളായ ഗന്ധങ്ങളും കൂടി അറിയുന്നുണ്ട്. വന്യവും രൂക്ഷവും പ്രാകൃതവുമായ ബഹുവിധ ഗന്ധങ്ങള്‍....
(തുടരും)