Friday, May 22, 2009

സുബ്രഹ്മണ്യന്‍ കൊമ്പത്തിരിക്കട്ടെ..നാടായ നാടൊക്കെ ദേവപ്രശ്‌നങ്ങളും പരിഹാരകര്‍മ്മങ്ങളും പുന:പ്രതിഷ്‌ഠകളും നടക്കുന്ന കാലം വിശ്വാസത്തിനും വിശ്വാസികള്‍ക്കും പുതിയ ഒരു ഉണര്‍വ്വ്‌ ഉത്സാഹം. ചെറുപ്പക്കാരൊക്കെ ക്ഷേത്രങ്ങളില്‍ വരുന്നു. എന്തിനും മുന്നിട്ടിറങ്ങുന്നു. അക്കാലത്ത്‌ അതിന്റെ അലയൊലികള്‍ സ്വാഭാവികമായും അകതിയൂരും സമീപഗ്രാമങ്ങളിലുമെത്തി. പലയിടത്തും ആദ്യപടിയെന്നോണം വിശ്വാസികള്‍ ഒത്തുചേര്‍ന്നു. ബ്രഹ്മസ്വം ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക്‌ വിട്ടുകൊടുക്കണമെന്ന ആവശ്യമുയര്‍ന്നു. പുതിയ കമ്മറ്റികള്‍ നിലവില്‍ വന്നു. എല്ലായിടത്തും നടപടിക്രമങ്ങള്‍ ഒരേ സമയത്തും ക്രമത്തിലുമായിരുന്നു. ആദ്യം ക്ഷേത്രങ്ങളുടെ ജീര്‍ണ്ണാവസ്ഥയെക്കുറിച്ച്‌ കാതോടുകാതോരമുള്ള പ്രചരണം. പിന്നെ യോഗം. പുതിയ കമ്മറ്റികളുടെ വരവ്‌. ദേവപ്രശ്‌നം അഷ്ടമംഗല്യപ്രശ്‌നം....... ഒടുവില്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍. നവീകരണകലശം പുന:പ്രതിഷ്ട. എല്ലാം കൂടി അഞ്ചാറു ലക്ഷം രൂപ ചിലവുവരും. അത്ര സംഘടപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകുതി ചിലവില്‍ നടത്താം പക്ഷെ അത്രത്തോളം ഉത്തമമാവില്ല. പിന്നീട്‌ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഉത്തരവാദിത്വവും എല്‍ക്കില്ല. പിന്നെ മറ്റ്‌ ചിലവുകള്‍ 10-20 ബ്രാമണര്‍ക്ക്‌ താമസം, തേച്ചുകുളി, സമയാസമയത്ത്‌ അമൃതേത്ത്‌, ഓരോപുജയ്‌ക്ക്‌ മുന്‍പായി കോടിമുണ്ട്‌, ചില പൂജകള്‍ക്ക്‌ മുന്നോടിയായി സ്വര്‍ണ്ണമോതിരം, ഗോധാനം. ഭൂപരിഷ്‌കരണം വന്നതോടെ മെലിഞ്ഞ നമ്പൂതിരി ഇല്ലങ്ങളില്‍ പലതും വീണ്ടും പച്ചപിടിച്ചുതുടങ്ങി. ഇ.എം.എസ്സിന്റെയും വി.ടി.ഭട്ടതിരിപ്പാടിന്റെയും സ്വാധീനത്തില്‍ വിപ്ലവകാരികളും പുരോഗമനാശയക്കാരുമായി മാറിയ പല നമ്പൂതിരി കുടുംബങ്ങളിലെയും പുതു നമ്പൂതിരിമാര്‍ പുതിയ ബൈക്കുകളില്‍കുപ്പായമിടാതെ പൂണൂലും പ്രദര്‍ശിപ്പിച്ച്‌ രണ്ടും മുന്നും ക്ഷേത്രങ്ങളിലെ നിത്യപൂജ സംഘടിപ്പിച്ച്‌ ജോലിക്ക്‌ മുന്‍പും പിന്‍പും ഉപ വരുമാനങ്ങള്‍ കണ്ടെത്തി തുടങ്ങി. നമ്പൂതിരിയെ മനുഷ്യനാക്കുകയല്ല മനുഷ്യനെ നമ്പൂതിരിയാക്കുകയാണ്‌ വേണ്ടത്‌ എന്ന്‌ അക്കിത്തത്തിന്റെ പുതിയ പാഠഭേദവും താനൊരു ഹിന്ദുകമ്മ്യൂണിസ്‌റ്റാണ്‌ എന്ന്‌ മാടമ്പിന്റെ പ്രസ്ഥാവനയും നമ്പൂതിരി സദസ്സുകളില്‍ ചര്‍ച്ചചെയ്യാന്‍തുടങ്ങി. ചെറുപ്പകാര്‍ക്ക്‌ കഥകളിയില്‍ കമ്പം കയറി. മറന്നു തുടങ്ങിയിരുന്ന നമ്പൂതിരി ഭാഷ വീണ്ടും പഠിച്ചു തുടങ്ങി പുതുതലമുറ. അങ്ങനെയെക്കെയുള്ള ഒരു കാലത്താണ്‌ അടുത്ത ഗ്രാമത്തിലെ സുബ്രഹ്മണ്യകോവിലില്‍ ദേവപ്രശ്‌നം നടക്കുന്നത്‌. പൂശാരി സ്വാമിയേട്ടന്‍ വര്‍ഷാവര്‍ഷം പളനിമല ചവിട്ടി പതിനാറാം വര്‍ഷം പണിത കോവില്‍. അന്ന്‌ അവര്‍ണര്‍ക്ക്‌ ക്ഷേത്രത്തില്‍ പ്രവേശനമില്ല. കേരളത്തിലെ ശബരിമലയിലും തമിഴ്‌ നാട്ടില്‍ പളനിയിലും പോകാം. അന്ന്‌ പണിത കോവില്‍. തൈപ്പൂയ്യത്തിനും ഷഷ്ടിയ്‌ക്കും കാവടയെടുക്കാന്‍ കുട്ടികളെയും കൊണ്ട്‌ അമ്മമാര്‍ വരും. നാളിതുവരെയായി ഒരു നമ്പൂതിരിയും ആ കോവിലിന്റെ പടിചവിട്ടിയിട്ടില്ല. അവിടെയാണ്‌ ദേവ പ്രശ്‌നം നടക്കാന്‍ പോകുന്നത്‌. ക്ഷേത്രംപുരാധനമല്ല, അവര്‍ണ്ണ സമുധായക്കാര്‍ തുടങ്ങിവെച്ചതാണ്‌ എന്നൊന്നും ഇവിടെ പ്രശ്‌നമല്ല പഴയ കാലമല്ലല്ലോ. നമ്മളൊക്കെ പുരോഗമനം ഉള്ളവരല്ലെ''. ദേവപ്രശ്‌നത്തിനെത്തിയ നമ്പൂതിരി പറഞ്ഞു. ദ്രവ്യം ഉണ്ടോ ? എന്ന്‌ മാത്രമാണ്‌ പ്രശ്‌നം തങ്കപ്പന്‍ കൂട്ടിചേര്‍ത്തത്‌ കേട്ടില്ലെന്ന്‌ നാട്ടുകാരും നമ്പൂതിരിയും നടിച്ചു. അടുത്തൊന്നും നമ്പൂതിരി ഗ്രഹങ്ങളില്ല്‌ അതുകൊണ്ട്‌ താമസക്കാന്‍ നെടുമ്പുര കെട്ടേണ്ടി വന്നു. ഭക്ഷണം പാക്‌ം ചെയ്യാന്‍ നന്വൂതിരി നളമാര്‍ തന്നെ വന്നു. ഒന്നും ഉണ്ടായിട്ടല്ല ശുദ്ധം നോക്കണോല്ലോ ദേവന്റെ കാര്യല്ലെ. പ്രശ്‌നം നടന്നു. വിധികല്‍പ്പനകളുണ്ടായി പരിഹാരകര്‍മ്മങ്ങള്‍ നടന്നു. ചെറിയൊരു ദേശത്തെ ജനങ്ങളെല്ലാം ചേര്‍ന്ന്‌ രണ്ടുമൂന്നുലക്ഷം രൂപ സംഘടിപ്പിച്ചു. എല്ലാവര്‍ക്കും സന്തോഷം നാട്ടില്‍ പുതിയൊരു ചൈതന്യം. ഇനി നിത്യപൂജയ്‌ക്ക്‌ ഒരു നമ്പൂതിരിയെ കൂടി കണ്ടെത്തണം പതുക്കെയാകട്ടെ. ദേവപ്രശ്‌നവും കലശവുമൊക്കെ നടന്നതിന്റെ ക്ഷീണമൊന്നു മാറട്ടെ. രണ്ടു കൊല്ലം കഴിഞ്ഞില്ല. വീണ്ടും ചില മര്‍മ്മരങ്ങള്‍. ദുര്‍ലക്ഷണങ്ങള്‍ കാണുന്നുണ്ട്‌ ഒന്നുകൂടി പ്രശ്‌നം വെക്കണം.വീണ്ടും ആളെത്തി. പ്രശ്‌നം നടന്നു. ഒടുവില്‍ കാര്യം പുറത്തുവന്നു. കഴിഞ്ഞ തവണത്തെ പുന:പ്രതിഷ്‌ഠയ്‌ക്ക്‌ മുന്‍പ്‌ നടത്തേണ്ടിയിരുന്ന പാപ പരിഹാരകര്‍മ്മങ്ങള്‍ മുഴുവന്‍ നടന്നിട്ടില്ല. അതു കൊണ്ടു തന്നെ പ്രതിഷ്‌ഠ ഉറച്ചിട്ടില്ല. സുബ്രഹ്മണ്യന്റെ വാസം ഇപ്പോള്‍ ആലിന്റെ കൊമ്പത്താണ്‌. ഒന്നു കൂടി പ്രത്‌ഷ്‌ഠ നടത്തണം ചെറിയ ചിലവുകളുണ്ട്‌ അധികമൊന്നുമില്ല ഒരു നാലഞ്ചുലക്ഷം. നമ്പൂതിരി പറഞ്ഞൂ തീര്‍ന്നില്ല. കുഞ്ഞിമോനേട്ടന്‍ പറഞ്ഞു. '' ഇങ്ങനെ ഉണ്ടോ ഒരഹമ്മതി. കുമാരേട്ടന്‍ ഇരുട്ടത്ത്‌ പട്ടിണിക്കിട്ട്‌ കൊണ്ടുനടന്ന ആ കുട്ടിക്ക്‌ ഒരു സഹായം ചെയ്യാന്ന്‌ കരുതിപ്പോ അഹമ്മതി കൂടീരിക്കണു. ആലിന്റെ കൊമ്പത്താത്രെ അവിടെ ഇരിക്കട്ടെ കുറച്ച്‌ കാലം. ദേവ പ്രശ്‌നത്തിനും പരിഹാരകര്‍മ്മങ്ങള്‍ക്കും പുറകിലുള്ള സാമ്പത്തിക താല്‍പര്യങ്ങള്‍ പുറത്തു വന്നു തുടങ്ങിയിരുന്നതുകൊണ്ടോ എന്തോ നാട്ടുകാരും ആ അഭിപ്രായത്തെ പിന്‍തുണച്ചു. നമ്പൂതിരിയും പരികര്‍മ്മികളും അടുത്ത്‌ പ്രശ്‌നബാധിത പ്രദേശത്തേക്ക്‌ യാത്രയാകുകയും ചെയ്‌തു.