Friday, September 18, 2009

സി.വി.ശ്രീരാമന്‍

മോട്ടിയേട്ടന്‍

ജന്‍മനാല്‍ തന്നെ ചില ശാരീരിക വിഷമതകളുണ്ട്‌ മോട്ടിയേട്ടന്‌ പക്ഷെ അദ്ദേഹത്തിന്റെ വൈവിധ്യമായ പ്രവര്‍ത്തനമേഖലയ്‌ക്ക്‌ അതൊട്ടും തടസ്സമായിട്ടില്ല. മോഹന്‍റോയ്‌ അതാണ്‌ പേര്‌. പേരിട്ടതാകട്ടെ സി.വി. ശ്രീരാമനും. പഴയ ബംഗാള്‍ ഓര്‍മ്മകള്‍ മനസ്സില്‍ വെച്ച്‌. ഒരുമിച്ചിരുന്ന്‌ പാനോപചാരം നടത്തുമ്പോഴൊക്കെ അത്‌ തന്റെ അയല്‍വാസിയെ ഓര്‍മ്മിപ്പിക്കാന്‍ ബാലേട്ടന്‍(സി.വി) മറക്കാറുമില്ല. അതുകൊണ്ട്‌ തന്നെ എനിക്ക്‌ വല്ലപ്പോഴും തൊണ്ടനനയ്‌ക്കുവാന്‍ വാങ്ങിതരേണ്ടവനാണ്‌ നീ എന്നാണ്‌ ഈ ഓര്‍മ്മപ്പെടുത്തല്‍ കൊണ്ട്‌ ബാലേട്ടന്‍ ഉദ്ദേശിക്കാറുള്ളത്‌.

മോട്ടിമ്മാന്‍ എന്ന്‌ നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന മോട്ടിയേട്ടനെക്കുറിച്ച്‌ കഥകളേറെയുണ്ട്‌ നാട്ടില്‍. കഴുത്തുമാത്രമായി തിരിക്കാന്‍ മോട്ടിയേട്ടനാവില്ല. ശരീരം മുഴുവനായെ തിരിയൂ. ഉയരം കുറവാണ്‌ അഞ്ചടിയില്‍ താഴെ. തടിച്ച ശരീര പ്രകൃതി. പക്ഷെ സൈക്കിള്‍ ചവിട്ടും കാറോടിക്കും. സൈക്കിളിന്റെ പുറകില്‍ കൂട്ടുകാരെയും കൂട്ടി വരുമ്പോള്‍ മോട്ടിയേട്ടന്‍ തുടര്‍ച്ചയായി സംസാരിക്കും പുറകില്‍ നിന്നും ആളു ചാടിപ്പോയിട്ടില്ലെന്ന്‌ ഉറപ്പുവരുത്താനാണ്‌ ഈ സംസാരം എന്നാണ്‌ ജനപക്ഷം. കോണ്‍ഗ്രസ്സ്‌ പഥയാത്രകളില്‍ ഏറ്റവും പുറകിലെ മോട്ടിയേട്ടന്‍ നടക്കൂ. പലയിടത്തുനിന്നായി നിര്‍ബന്ധിച്ച്‌ കൊണ്ടുവരുന്ന അണികള്‍ മോട്ടിയേട്ടന്‍ മുന്നില്‍ നടന്നാല്‍ മുങ്ങിക്കളയുമെന്ന പേടികൊണ്ടാണത്ര. പുറകിലെ സീറ്റില്‍ ആളുകയറി എന്ന്‌ വിചാരിച്ച്‌ കാറ്‌ വിട്ടിട്ടുമുണ്ടത്രെ മോട്ടിയേട്ടന്‍ കഥകളല്ലെ നമ്മുടെ അക്കിക്കാവുകാരല്ലെ പറയണോ.

കോണ്‍ഗ്രസ്സ്‌ കുടുംബമാണ്‌ മോട്ടിയേട്ടന്റെ. ചേട്ടന്‍ പരേതനായ പ്രഞ്‌ജന്‍ പ്രദേശത്തെ കോണ്‍ഗ്രസ്സിന്റെ പ്രമുഖനേതാവായിരുന്നു. ആന്റണിയും വി.എം .സുധീരനുമാണ്‌ ഇഷ്ടനേതാക്കള്‍. കുന്നംകുളത്തെ കോണ്‍ഗ്രസ്സുകാര്‍ മുഴുവന്‍ കരുണാകരനൊപ്പം നിന്നപ്പൊഴും ആന്റണിക്കൊപ്പം ഉറച്ചുനിന്നവരാണ്‌. മോട്ടിയും നാഷണല്‍ ഇട്ടിമാത്തുവും. പക്ഷെ മോട്ടിയേട്ടന്റെ വിപുലമായ സൗഹൃദവലയത്തിന്‌ രാഷ്ടീയം ഒരിക്കലും തടസ്സമായിരുന്നില്ല.
കമ്പിപ്പാലത്ത്‌ ഹോളോബ്രിക്‌സ്‌ ഫാക്ടറി, കുന്നംകുളത്ത്‌ നാലഞ്ച്‌ പണമിടപാട്‌ സ്ഥാപനങ്ങളില്‍ മോശമില്ലാത്ത മുതല്‍ മുടക്ക്‌, ട്രാവല്‍ ഏജന്‍സി. അടയ്‌ക്ക, തേങ്ങ, ജാതി,കുരുമുളക്‌ എന്നിങ്ങനെ കുടിയിരുപ്പ്‌ പറമ്പില്‍ നിന്ന്‌ മോശമില്ലാത്ത വരുമാനം. ഹൈവേയില്‍ കണ്ണായ സ്ഥലങ്ങളില്‍ പാരമ്പര്യമായി ലഭിച്ച തുണ്ടുഭൂമികള്‍. ബാങ്ക്‌ ക്ലാര്‍ക്കായ ഭാര്യ സ്‌കൂള്‍ ടീച്ചറായ ചേട്ടത്തി. എന്നാലും സാമ്പത്തിക വിഷമതകള്‍ മാത്രമേപറയൂ. ട്രാവല്‍ ഏജന്‍സിയിലൊന്നും പഴയ തിരക്കില്ല. ഹോളോബ്രിക്‌സ്‌ ഫാക്ടറിയില്‍ പഴയതുപോലെ വരുമാനമില്ല. കൃഷിയുടെ കാര്യം പിന്നെ പറയാനുമില്ല. കേള്‍ക്കുന്നവരുടെ കണ്ണു നിറഞ്ഞുപോകും പാവം മോട്ടിമ്മാന്‍.

വീട്ടുകാര്യങ്ങളിലൊന്നും മോട്ടിയേട്ടന്‌ ഇടപെടേണ്ടതില്ല എല്ലാം ചേട്ടത്തിയായ സുഭദ്രടീച്ചര്‍ എന്ന സുഭദ്രപ്രഞ്‌ജന്‍ നോക്കിനടത്തും. ടി.എം.എച്ച്‌.എസ്‌ പെരുമ്പിലാവില്‍ നിന്ന്‌ റിട്ടയര്‍ ചെയ്‌തതിനുശേഷം ടീച്ചര്‍ കൃഷിയില്‍ സജീവമായി. കേരളത്തില്‍ ആദ്യമായും അവസാനമായും നടന്ന ജില്ലാകൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടീച്ചര്‍ മത്സരിച്ചിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെ ഉഷടീച്ചറായിരുന്നു വിജയിച്ചത്‌. അന്ന്‌ കളരിക്കല്‍ തറവാടിന്‌ മുന്‍പില്‍ ഇടതന്‍മാര്‍ പൊട്ടിച്ച പടക്കത്തിനും വിളിച്ച മുദ്രാവാക്യങ്ങള്‍ക്കും കണക്കില്ല. താന്‍ പെരുമ്പിലാവ്‌ സ്‌ക്കൂളില്‍ പഠിപ്പിച്ചു വിട്ട പിള്ളാര്‌ തന്നെയാണല്ലോ ഇതെല്ലാം വിളിച്ച്‌ പറഞ്ഞത്‌ എന്നോര്‍ത്തായിരുന്നു ടീച്ചര്‍ക്ക്‌ സങ്കടം. അതോടെ ഇനി ഒരിക്കല്‍ കൂടി ഈ പണിക്കില്ലെന്ന്‌ ടീച്ചര്‍ ഉറപ്പിച്ചു.

മോട്ടിയേട്ടന്‌ വര്‍ഷത്തിലൊരിക്കല്‍ ആയുര്‍വേദ ചികിത്സ പതിവുണ്ട്‌. പഥ്യം വേണം പക്ഷെ നോണ്‍വെജ്‌ ഇല്ലാതെ ഭക്ഷണം ഇറങ്ങാത്തതിനാല്‍ പഥ്യം ആളങ്ങ്‌ മറന്നുപോകും. സുകുമാരന്‍ വൈദ്യര്‌ കഷായത്തിന്‌ കുറിപ്പെഴുതാന്‍ വന്നപ്പോള്‍ തീര്‍ത്തു പറഞ്ഞു ''വെദ്യരെ കുറ്റം പറയരുത്‌ പഥ്യം പാലിക്കാമെങ്കില്‍ മാത്രം ഇപ്പണിക്ക്‌ നിന്നാല്‍ മതി പലതും നിഷ്‌ദ്ദം ഇറച്ചി, മീന്‍, മദ്യം ഇത്‌ പൂര്‍ണ്ണമായി ഒഴിവാക്കുക തന്നെ വേണം". ഇത്തവണ നമ്മളും മോട്ടിക്കൊപ്പം ഇറച്ചിയും മീനും ഒഴിവാക്കണം നമ്മളതൊക്കെ കഴിക്കുന്നതുകൊണ്ടാ മോട്ടിക്ക്‌ ഇടയ്‌ക്ക്‌ വെച്ച്‌ മനസ്സിളകുന്നത്‌ ടീച്ചര്‍ നിര്‍ദ്ദേശിച്ചു.

അങ്ങിനെ ചികിത്സ തുടങ്ങി. മത്സ്യമാംസാദികള്‍ കളരിക്കല്‍ വീടിന്റെ നാലയലത്ത്‌ കടത്തി പോകരുത്‌ എന്ന ടീച്ചറുടെ കല്‍പ്പന വന്നു. പുറത്ത്‌ വെച്ച്‌ പഥ്യം തെറ്റിക്കുന്നുണ്ടോ എന്നറിയാന്‍ ചാരന്‍മാരെ ഏര്‍പ്പെടുത്തി. മോട്ടിയേട്ടന്‍ പെട്ടുപോയി നോണ്‍വെജ്‌ കിട്ടിയില്ലെങ്കിലും ഇനി ഭക്ഷണം തന്നെ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല പക്ഷെ വല്ലപ്പോഴുമൊരിക്കല്‍ ശീമയില്ലാതെ എങ്ങനെ......

ചാരന്‍മാരാണ്‌ ചുറ്റും ആരെയും വിശ്വസിക്കാന്‍ പറ്റില്ല, ശിങ്കിടികളെ ഒട്ടും, ടീച്ചറെ കാണുമ്പോള്‍ കവാത്തു മറക്കും, കളരിക്കല്‍ വീട്ടില്‍ ടീച്ചറുടെ കൈയ്യില്‍ നിന്ന്‌ വാങ്ങി കഴിച്ച ഭക്ഷണത്തിന്റെ നന്ദി അവരുകാട്ടും. എന്തായാലും ഒരു വഴികാണാതെ പറ്റില്ല. അങ്ങിനെ കുറച്ച്‌ ദിവസം കടന്നുപോയി. അതിനിടെയാണ്‌ മാളിയേക്കലെ റഷീദ്‌ നാട്ടിലെത്തിയത്‌. ''മോട്ടിയേട്ടാ നമുക്കൊന്നുകൂടണം എയര്‍പോര്‍ട്ടില്‍ നിന്ന നല്ലസാധനം വാങ്ങികൊണ്ടുവന്നിട്ടുണ്ട്‌". "വേണ്ട റഷീദെ മരുന്നും കഷായമൊക്കെയുണ്ട്‌ പഥ്യമാണ്‌." വാര്‍ത്ത ദുബായില്‍ വെച്ച്‌ തന്നെ നാട്ടുകാരില്‍ നിന്ന്‌ കേട്ടിരുന്നെങ്കിലും റഷീദ്‌ തമാശയാണെന്നാണ്‌ കരുതിയത്‌. ശീമ ഉപേക്ഷിച്ച്‌ ഒരു പഥ്യം മോട്ടിയേട്ടന്‍ എടുക്കുമോ എന്തോ റഷീദിന്‌ അത്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്തായാലും വൈകാതെ റഷീദിന്റെ പിടിയില്‍ തന്നെ മോട്ടിയേട്ടന്‍ വീണു. പൂമുഖത്തിന്റെ പടിഞ്ഞാറെ കോണിലിട്ട മേശക്കരികിലാണ്‌ മോട്ടിടേട്ടന്റെ സ്ഥിരം സീറ്റ്‌. എൈഡിയ സ്‌റ്റാര്‍ സിങ്ങര്‍ നടക്കുന്ന സമയം ഭാര്യയും കുട്ടികളും ടീച്ചറും കാര്യസ്ഥനുമൊക്കെ അകത്ത്‌ ടീവിക്ക്‌ മുന്‍പിലാണ്‌ റഷീദും ഭാര്യയും അവരോടൊപ്പം അകത്തുണ്ട്‌ അപ്പോഴാണ്‌ പുറത്ത്‌ നിന്ന്‌ മോട്ടിയേട്ടന്‍ മോളെ വിളിക്കുന്നത്‌. ''കരാങ്ങാലി വെള്ളത്തിനാവും ഈ അച്ഛന്‌ സ്‌റ്റാര്‍ സിങ്ങര്‍ കണ്ടുകൊണ്ടിരിക്കുന്നതിനിടയാലാണ്‌ ഇപ്പോകുറച്ചു ദിവസമായി ഒരു ദാഹം'' വെള്ളമെടുക്കാനായി അടുക്കളയിലേയക്ക്‌ പോകുന്നതിനിടക്ക്‌ മകള്‍ ദേഷ്യത്തോടെ പറഞ്ഞു. അപ്പോഴാണ്‌ റഷീദിന്‌ മിന്നിയത്‌.
''പഥ്യം തുടങ്ങിയതൊടെ വെള്ളം പോലും കരിങ്ങാലിയാക്കി'' പുറത്തുവന്ന റഷീദിനോട്‌ ഗ്ലാസ്‌ ചൂണ്ടി മോട്ടിയേട്ടന്‍ പറഞ്ഞു. പക്ഷെ ഇത്‌ മായം ചേര്‍ത്ത കരിങ്ങാലിയാണല്ലോ മോട്ടിയേട്ടാ. ചേച്ചിയും ടീച്ചറും ഒന്നിങ്ങുവന്നെ''. കരിങ്ങാലി വെള്ളത്തിന്റെ മറപിടിച്ച്‌ മേശയില്‍ ഒളിപ്പിച്ചുവെച്ച വിദേശിയും ഉമ്മറത്തെ പെപ്പില്‍ നിന്നെടുത്ത വെള്ളവും കലര്‍ത്തിയായിരുന്നു വീശ്‌ കണ്ടാല്‍ കരിങ്ങാലിയുടെ കളറ്‌. ''ഒരു പഥ്യവും കഷായവും ഇന്നത്തോടെ തീര്‍ന്നു ഒക്കെ മറ്റുള്ളവര്‍ വായക്ക്‌ രുചിക്കാതെ കുറേ ദിവസം ഭക്ഷണം കഴിച്ചത്‌ മിച്ചം'' കഷായചട്ടി പുറത്തേക്കെറിയുന്നതിനിടയില്‍ ടീച്ചര്‍ പറഞ്ഞു.