Tuesday, May 1, 2012

പഴയ വഴികള്‍ പുതിയ കാഴ്‌ച്ചകള്‍

ഷോളയാര്‍ ഡാമിനുമുകളിലൂടെയുള്ള വഴിയിലൂടെ നടക്കുമ്പോള്‍ തണുത്തകാറ്റ്‌ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. പ്രദേശത്തിന്റെ വിജന്നതയും കാറ്റൂതുന്നതിന്റെ സുഖകരമല്ലാത്ത ശബ്ദവും അന്തരീക്ഷത്തെ കൂടുതല്‍ ഭീതിതമാക്കുന്നുണ്ട്‌. എങ്കിലും അവിടെ നിന്നുള്ള മോഹിപ്പിക്കുന്ന രാക്കാഴ്‌ച്ചയില്‍ മയങ്ങി മുന്നോട്ട്‌ തന്നെ നടന്നു. മലക്കപ്പാറയുടെ ദൂരകാഴ്‌ച്ചകള്‍ ആ അരണ്ടനിലാവെളിച്ചത്തിലും വ്യക്തമാകുന്നുണ്ട്‌.   ശാരിയുടെ ജലദോഷപ്പനി അപ്പോളും പൂര്‍ണ്ണമായി വിട്ടുമാറിയിരുന്നില്ല. നീണ്ട ഒരു കാര്‍ യാത്രയുടെ ക്ഷീണവും ആലസ്യവും എല്ലാവരേയും ബാധിച്ചിട്ടുമുണ്ട്‌. കടുത്ത തണുപ്പും പേടിപ്പെടുത്തുന്ന ഒരു വിജന്നതും മടങ്ങാന്‍ പ്രേരിപ്പിക്കുമ്പോഴും നിലാവിന്റെ സൗന്ദര്യം അവിടെ തന്നെ പിടിച്ചുനിറുത്തി ഞങ്ങളെ. മഴ ചാറിത്തുടങ്ങിയതോടെ നടപ്പവസാനിപ്പിച്ച്‌ വണ്ടിക്കടുത്തേക്ക്‌ മടങ്ങി. കോട്ടേജിനടുത്തെത്താറായപ്പോഴേക്കും മഴ കനത്തുതുടങ്ങിയിരുന്നു.
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കടന്നുപോയതാണ്‌ ഈ വഴികളിലൂടെ. 99ല്‍ ആയിരുന്നിരിക്കണം അന്ന്‌ കൂടെ ഉണ്ടായിരുന്നത്‌ പൂവ്വത്തൂരെ ആസിഫും ചെന്ത്രാപ്പിന്നിയിലെ ഹുസൈറിക്കായും. ചിറ്റൂരും കൊഴിഞ്ഞാമ്പാറയും തത്തമംഗലവും ഗോവിന്ദാപുരവും മീനാക്ഷിപുരവുമൊക്കെ ചുറ്റിയടച്ച്‌ ഒരു യാത്ര ചുള്ളിയാര്‍ മേട്ടിലെ ജൈവകര്‍ഷകനായിരുന്ന സുമന്റെ വീട്ടില്‍ നിന്നായിരുന്നു ഉച്ചഭക്ഷണം. രാത്രിപൊള്ളാച്ചിയില്‍. പിറ്റേന്ന്‌ ലൈന്‍ബസ്സില്‍ മലക്കപ്പാറയിലേക്ക്‌, പിന്നീട്‌ ചാലക്കുടിയിലേക്കും. ദൈര്‍ഘ്യം യാത്രകളെ ചിലപ്പോള്‍ വല്ലാതെ വിരസമാക്കും തല പെരുപ്പിക്കും യാത്രകളുടെ ഉള്ളിലേക്കിറങ്ങാന്‍ പറ്റാതെ എങ്ങിനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതി എന്ന അവസ്ഥയിലേക്ക്‌ അത്‌ നമ്മെ കൊണ്ടുചെന്നെത്തിക്കും. അത്തരമൊരു യാത്രയായിരുന്നു അന്നത്തേത്‌. എങ്കിലും ആ മടുപ്പിനും വിരസതയ്‌ക്കുമപ്പുറം ചില ചിത്രങ്ങള്‍, ഓര്‍മ്മകള്‍, ഇപ്പോഴും നിറം മങ്ങാതെ നില്‍ക്കുന്നു. മഞ്ഞില്‍ കുളിച്ചുനിന്ന വാല്‍പ്പാറ... വാഴച്ചാലിലെ ഈറ്റക്കാടുകള്‍... അളിയാര്‍ ഡാമിന്റെ മനോഹരമായ കാഴ്‌ച്ച... മലക്കപ്പാറയിലെ തേയിലത്തോട്ടങ്ങള്‍... ആ പാതയോരങ്ങളുടെ ഓര്‍മ്മകളാകാം ശാരിയോടൊത്തുള്ള ആദ്യയാത്ര ഈ വഴിയിലൂടെ ആക്കിയതിനു പുറകിലുള്ള ഒരു കാരണവും.



(ഫോട്ടോ : വിബിന്‍ രാഘവന്‍)
തലേന്നാള്‍ അതിരപ്പിള്ളി തങ്ങാനായിരുന്നു പരിപാടി. പീച്ചി ഡാമിലും അതിനടുത്തുള്ള ബന്ധുവീടുകളിലും പോയി കോടാലി പെങ്ങളുടെ വീട്ടിലെത്തുമ്പോഴേക്കും രാത്രി 9 മണിയോടടുത്തിരുന്നു. ഭക്ഷണം കഴിഞ്ഞ്‌ താമസിക്കാതെ ഇറങ്ങി. പെരുമഴയത്ത്‌ ചാലക്കുടി എത്തിയപ്പോഴേക്കും രാത്രി പത്തരകഴിഞ്ഞിരുന്നു. മഴയത്ത്‌ അസമയത്ത്‌ അതിരപ്പള്ളിയിലേക്കൊരു രാത്രിയാത്രവേണ്ട എന്നു പറഞ്ഞത്‌ അതിരപ്പള്ളിയില്‍ ഞങ്ങള്‍ക്കായി താമസം എര്‍പ്പാട്‌ ചെയ്‌ത മനോജ്‌ തന്നെയായിരുന്നു. ചാലക്കുടി ടൗണിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. പിറ്റേന്ന്‌ രാവിലെ നേരത്തെ ഇറങ്ങി. പ്രഭാത ഭക്ഷണം കൊന്നക്കുഴി കവലയിലുള്ള ദമയന്തി ചേച്ചിയുടെ കടയില്‍ നിന്നായിരുന്നു. ഭക്ഷണവും സ്‌നേഹവും ഒരുമിച്ചു വിളമ്പിതന്നു ആ അമ്മ. ട്യൂമര്‍ ബാധിച്ച്‌ മരിച്ചു പോയ മകന്‍ നടത്തിയിരുന്നതാണത്ര ആ ചായക്കട. രാവിലെ വീട്ടില്‍ നിന്നും പാചകം ചെയ്‌തു കൊണ്ടു വരുന്ന പലഹാരങ്ങളുമായി കച്ചവടം തുടങ്ങും 9 മണി ആകുമ്പോഴേക്കും അതു തീരും അപ്പോഴേക്കും സപ്ലെക്കാരെത്തും ഉഴുന്നു വട, പരിപ്പു വട, ഉണ്ട, അങ്ങിനെ അവര്‍ തരുന്ന കടിപ്പലഹാരങ്ങളും ചായയുമാണ്‌ പിന്നത്തെ കച്ചവടം. മകന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ കണ്ണില്‍ നനവു പടര്‍ന്നു തുടങ്ങി ദമയന്തി ചേച്ചിയുടെ. പോരുമ്പോള്‍ ശാരിയുടെ കൈയില്‍ ചെറുകടികള്‍ പൊതിഞ്ഞേല്‍പ്പിച്ചു അവര്‍.



(ഫോട്ടോ : മുകുന്ദന്‍, വെജ്‌ മാഗസിന്‍)
ആദ്യം കയറിയത്‌ ചാലക്കുടിപ്പുഴയിലെ വെള്ളത്തെ വലതുകര ഇടതുകര എന്നിങ്ങനെ രണ്ടായി തൃശ്ശൂര്‍ എറണാകുളം ജില്ലകളിലേക്ക്‌ തിരിച്ചുവിടുന്ന തുമ്പൂര്‍മുഴിയിലാണ്‌. ചാലക്കുടിപ്പുഴയുടെ മനോഹരമായ തീരങ്ങളിലൊന്നാണ്‌ തുമ്പൂര്‍മുഴി. ഒരു കാലത്ത്‌ ഈ കനാലുകളിലെ വെള്ളം ഉപയോഗിച്ച്‌ കൃഷി നടത്തിയിരുന്ന പാടങ്ങളില്‍ പലതും ഇപ്പോള്‍ കരഭൂമികളായി മാറിക്കഴിഞ്ഞിരിക്കുന്നു എങ്കിലും മറ്റുകൃഷികളെ നിലനിര്‍ത്തുന്നതും വിശാലമായ ഒരു ഭൂഭാഗത്തിന്റെ പച്ചപ്പ്‌ നിലനിര്‍ത്തുന്നതും ഈ വെള്ളമാണ്‌. നിര്‍ദ്ദിഷ്ട അതിരപ്പിള്ളി ജല വൈദ്യുതപദ്ധതി ഈ നീരൊഴുക്കുകളെ ഇല്ലാതാക്കും എന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്‌ അത്‌ കൊണ്ടു തന്നെയാണ്‌ രാഷ്ടീയ നേതൃത്ത്വങ്ങളുടെ ഭാഗത്ത്‌ നിന്നൊഴിച്ച്‌ ഡാം വേണ്ട എന്ന എക സ്വരം ഉയരുന്നതിനു പുറകിലും. ഒരു കാലത്ത്‌ ഏറെക്കുറെ വിജന്നമായി കിടന്നിരുന്ന ഇറിഗേഷന്‍ വകുപ്പിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള ഈ പരിസരങ്ങളില്‍ ഇന്ന്‌ സഞ്ചാരികളുടെ മോശമല്ലാത്ത തിരക്കുണ്ട്‌.
 (ഫോട്ടോ : വിക്കീപീഡിയ)
തുമ്പൂര്‍ മുഴി വിട്ടാല്‍ ഏറെ കഴിയുന്നതിനു മുന്‍പ്‌ പിന്നീട്‌ കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഈന്തപ്പനതോട്ടങ്ങളാണ്‌ പുഴയുടെ വലതുകരമുഴുവന്‍. നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ആസൂത്രണപ്പിഴവിന്റെ ഉദാഹരണമായി. സംസ്‌ക്കരിക്കാന്‍ സംവിധാനമില്ലാതെ ഈന്തപ്പന കുലകള്‍ അവിടെ തന്നെ വെട്ടിയിടുകയായിരുന്നു പതിവ്‌ പിന്നീട്‌ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഇതിനിടയിലെ സ്ഥലം വാനിലകൃഷിക്കായി സ്വകാര്യവ്യക്തിക്ക്‌ വിട്ടുകൊടുത്തിരുന്നു. വനംവകുപ്പില്‍ നിന്ന്‌ പാട്ടത്തിനെടുത്ത്‌ ഈ സ്ഥലം വീണ്ടും മറുപാട്ടത്തിന്‌ കൊടുത്തത്‌ നീണ്ട നിയമയുദ്ധങ്ങളിലേക്കും സമരങ്ങളിലേക്കും വഴിവെച്ചിരുന്നു. പിന്നീട്‌ അതിരിപ്പിള്ളിമേഖലയില്‍ ടൂറിസത്തിന്റെ തള്ളിക്കയറ്റം വന്നപ്പോള്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ടൂറിസം കൃഷിക്കിറങ്ങിയിരുന്നു. പിള്ളപ്പാറയിലെ പുഴയോരത്ത്‌ പ്ലാന്റേഷന്‍വാലി എന്ന പേരില്‍. ആദിവാസികള്‍ക്ക്‌ പുഴയില്‍ നിന്ന്‌ കുടിവെള്ളം ശേഖരിക്കുന്നതും കുളിക്കുന്നതുമായ കടവിനടുത്ത്‌ തുടങ്ങിയ പദ്ധതി എതിര്‍പ്പിന്‌ കാരണമായിരുന്നു. അന്ന്‌്‌ ആദിവാസി സമരസമതി പ്രവര്‍ത്തകനായ ദുര്യേദനന്‍ വിളിച്ചതനുസരിച്ച്‌ ഇവിടെ വന്നിരുന്നു. പിന്നീട്‌ വാട്ടര്‍ തീം പാര്‍ക്കുകളും വന്‍കിട ചെറുകിട പദ്ധതികളുമായി ടൂറിസം അതിരപ്പിള്ളിയെ വിഴുങ്ങിയപ്പോള്‍ പഴയ പ്ലാന്റേഷന്‍ വാലി സമരവും അതുയര്‍ത്തിയിരുന്ന ചോദ്യങ്ങളും ഓര്‍മ്മപോലും അല്ലാതായി. അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരായ സമരം മുഖ്യ പരിപാടി ആയതിനാലാകാം വാട്ടര്‍തീം പാര്‍ക്കുകളും പുഴയോരകോട്ടേജുകളും പുഴയ്‌ക്കും പുഴയോരകാടുകള്‍ക്കുമേല്‍പ്പിക്കുന്ന ആഘാതം പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലും ഇപ്പോള്‍ ഉന്നയിക്കാതിരിക്കുന്നതും.

(ഫോട്ടോ : നിത്യ പ്രമോദ്‌)
അതിരപ്പിള്ളിയിലും മോശമില്ലാത്ത തിരക്കുണ്ട്‌. ഡാമിലേക്കുള്ള വഴിയില്‍ കല്ലുപാകി കൈവരികള്‍ സ്ഥാപിച്ചിരിക്കുന്നു. പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്‌. പ്ലാസ്റ്റിക്ക്‌ നിയന്ത്രിക്കുന്നതിലുള്ള ശ്രമങ്ങളും നടന്നു വരുന്നു. വനം വകുപ്പിലെ സി.സി.എഫ്‌ ആയിരുന്ന പി.എന്‍.ഉണ്ണികൃഷ്‌ണന്‍ വികസിപ്പിച്ചെടുത്ത പങ്കാളിത്ത വന പരിപാലനം വിജയകരമായി നടപ്പിലാക്കുന്ന പ്രദേശങ്ങളിലൊന്നുകൂടിയാകുന്നു അതിരപ്പിള്ളി. എങ്കിലും ടൂറിസത്തിന്റെ തള്ളികയറ്റവും ദിവസവും വന്നടിയുന്ന കനത്ത വരുമാനവും അതിരപ്പിള്ളി വാഴച്ചാല്‍ വി.എസ്‌.എസുകളുടെ ദിശ തെറ്റിക്കാതിരിക്കട്ടെ. കോണ്‍ക്രീറ്റ്‌ വികസനത്തിനുള്ള മുറവിളികള്‍ അവര്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്നു വരാതിരിക്കട്ടെ. ഇടവേളകളില്‍ ചെറുതായി ചാറിയെത്തുന്ന മഴക്കിടയിലൂടെ അതിരപ്പിള്ളിയില്‍ കുറേനേരം അലഞ്ഞു. വെള്ളച്ചാട്ടത്തിനു താഴെയുള്ള പാറക്കൂട്ടങ്ങള്‍ക്കിടയില്‍ പാറകളില്‍ തട്ടി സൂക്ഷകണികകളായി വ്യാപിക്കുന്ന ജലസ്‌പര്‍ശത്തില്‍ ലയിച്ച്‌ ഏറെ നേരമിരുന്നു. ആ പ്രവാഹത്തിന്റെ താഴേക്കുള്ള വീഴ്‌ച്ചയും അതു സൃഷ്ടിക്കുന്ന മനോഹരമായ കാഴ്‌ച്ചയും തന്നെയാകണം വലിയൊരു ജനപ്രവാഹത്തെ ഇങ്ങോട്ട്‌ ആകര്‍ഷിപ്പിക്കുന്നതും.

11 comments:

  1. സ്കൂള്‍ കാലഘട്ടത്തിലെ ആതിരപ്പള്ളി യാത്ര ഓര്‍ത്തു പോയി.. ഓര്‍മിപ്പിച്ചതിനു നന്ദി

    ReplyDelete
  2. അതിരപ്പള്ളിയിലേക്കു പലവട്ടം പോയിട്ടുള്ളതിനാലാവാം വിവരണത്തിലൂടെ കടന്നു പോകുമ്പോള്‍ നേരത്തെ കണ്ട ചിത്രങ്ങള്‍ മനസ്സിലേക്കു തിരിച്ചു വന്നു. ബിസിനസ്സുകാരുടേയും, അഴിമതിക്കാരുടേയും കീശ കൊഴുപ്പിക്കുവാന്‍ വേണ്ടിയുള്ള ജലവൈദ്യുത പദ്ധതി തന്നെയാണ് അതിരപ്പിള്ളിയുടെ ഏറ്റവും വലിയ ഭീഷണി.

    ReplyDelete
  3. മിനേഷിനും മോഹനേട്ടനും നന്ദി... മഴയും പുഴയും മണ്ണും കാടും എല്ലാം എല്ലാവരുടെയും ഗൃഹാതുരസ്‌മരണകളുടെ ഭാഗമാണല്ലോ... അതൊക്കെ നിലനില്‍ക്കട്ടെ, ഓര്‍മ്മകളില്‍ മാത്രം ഒതുങ്ങാതിരിക്കട്ടെ....

    ReplyDelete
  4. സന്തോഷം ചാലക്കുടിക്കാരാ.....

    ReplyDelete
  5. pakuthi vachu niruthiyo , nannayittundu

    ReplyDelete
  6. athrirappallye ishtappedathavar aarund. malakkappara yathraum . 2009il samanmaya yathra nadathiyathinte orma ennu mayaananu!

    ReplyDelete
  7. തുടരാം പ്രകാശേട്ടാ...
    സൗഹൃദങ്ങള്‍, യാത്രകള്‍, ഓര്‍മ്മകള്‍ ഇതൊക്കെയല്ലെ ജലീല്‍ നമ്മുടെ ശേഷിപ്പുകള്‍...

    ReplyDelete
  8. priya changathi, Kerala thamilnadu athirthikaliloode kadannu valapara via upper sholayrilethiya aa yathra njan innum orkunnu. as a sweet dreams. ormapeduthithinu orupadu thanks.
    Husair

    ReplyDelete
  9. pramodettan, nalla ezhuthu, nammude choolakkadinte thenurava vattivarandennalum ee urava thelineeraayi ennum ithupole thanne ozhukatte ennu ashamsikunnu.

    ReplyDelete
  10. നന്ദി ഹുസൈറിക്ക.....
    നന്ദി വിനീത്‌........
    നല്ല സൗഹൃദങ്ങളും കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന തെളിനീറുറവകളാണ്‌ അത്‌ ഒഴുകട്ടെ, നമ്മുടെ ഇടങ്ങളിലൂടെ, ഇടമുറിയാതെ ..

    ReplyDelete