Friday, August 24, 2012

അമൃതാനന്ദമയി, സത്‌നാംസിങ്ങ്‌, നാരായണ്‍കുട്ടി,....

22 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാരായണന്‍ കുട്ടി, ഇപ്പോള്‍ 23 വയസ്സ്‌ മാത്രം പ്രായമുള്ള ബീഹാറുകാരനായ സത്‌നാംസിങ്ങ്‌. മാതാഅമൃതാനന്ദമയീമഠത്തില്‍ നിന്ന്‌ മാനസികാരോഗ്യകേന്ദ്രത്തിലേക്കും അവിടെ നിന്ന്‌ മരണത്തിലേക്കും കടന്നുപോയവര്‍. എന്തായിരുന്നു അവര്‍ ചെയ്‌തകുറ്റം മാതാഅമൃതാനന്ദമയീ എന്ന ചോദ്യംചെയ്യപ്പെടാനവകാശമില്ലാത്ത ഒരു വിശുദ്ധപശുവിന്‌ നേരെ ചോദ്യം ഉയര്‍ത്തിയതോ. സത്‌നാംസിങ്ങ്‌ എന്ന ബീഹാറുകാരനെ മര്‍ദ്ദനമേറ്റ്‌ അവശനായ രീതിയിലാണ്‌ വള്ളിക്കാവിലെ മാതാഅമൃതാനന്ദമയീ ആശ്രമത്തില്‍ നിന്ന്‌ കസ്‌റ്റഡിയിലെടുക്കുന്നത്‌. സ്‌നേഹത്തിന്റെ കാരുണ്യത്തിന്റെ ആള്‍രൂപം എന്ന്‌ അവകാശപ്പെടുന്ന ആള്‍ദൈവത്തിന്റെ സന്നിധിയില്‍ വെച്ചാണ്‌ നിരായുധനായ ഒരന്യനാട്ടുകാരന്‍ ഇങ്ങനെ ഭീകരമായി മര്‍ദ്ദിക്കപ്പെടുന്നത്‌. നമ്മുടെ മാധ്യമങ്ങള്‍ അമൃതാനന്ദമയിക്കെതിരെയായ ആഗോളഗൂഡാലോചനയുടെ കഥകള്‍ മിനഞ്ഞെടുത്തുകൊണ്ടിരിക്കെ തന്നെ മറ്റൊരു വാര്‍ത്തകൂടിയെത്തി, സത്‌നാംസിങ്ങിന്റെ മരണം. അതിനെയും ഗൂഡാലോചനയുടെ ഭാഗമായി തന്നെ ചിത്രീകരിക്കാനായിരുന്നു മഠവും ഹൈന്ദവവര്‍ഗ്ഗീയ സംഘടനകളും ഉടന്‍ തന്നെ ശ്രമിച്ചത്‌. മാധ്യമങ്ങളുടെ സഹകരണങ്ങളും ഈ ശ്രമത്തിന്‌ വേണ്ടുവോളം ലഭിച്ചു. 

ഒടുവില്‍ തിരുവഞ്ചിയൂരിന്റെ വേറിട്ടൊരു പോലീസിന്റെ അന്വേഷണവും പ്രതികളെ കണ്ടെത്തലും കഴിഞ്ഞിരിക്കുന്നു. പ്രതി പട്ടികയില്‍ മാതാഅമൃതാനന്ദമയീമഠത്തില്‍ സത്‌നാംസിങ്ങിനെ ഭീകരമായി തല്ലിചതച്ച ഒരാള്‍പോലും ഇല്ല. ടി.പി. ചന്ദ്രശേഖരന്‍, ഷുക്കൂര്‍ വധങ്ങളിലും സദാചാരപോലീസ്‌ പ്രശ്‌നങ്ങളിലും മുന്‍കാലങ്ങളില്‍ നിന്ന്‌ വേറിട്ട നിലപാടെടുത്ത തിരുവഞ്ചിയൂരിന്‌ പക്ഷെ വള്ളിക്കാവെത്തിയപ്പോള്‍ മുട്ടിടിച്ചു. സുകുമാരന്‍നായര്‍ക്ക്‌ മുന്‍പില്‍ ഓച്ഛാനിച്ച്‌ നില്‍ക്കുന്നവര്‍ സുധാമണിക്ക്‌ മുന്‍പില്‍ ശയനപ്രദക്ഷിണം നടത്തിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. മാസങ്ങള്‍ക്ക്‌ മുന്‍പാണ്‌ കാരുണ്യത്തിന്റെ ഈ ആള്‍രൂപം നടത്തുന്ന പഞ്ചനക്ഷത്ര ആശുപത്രിയില്‍ നിസ്സാരവേതനത്തിന്‌ അടിമപ്പണിചെയ്യേണ്ടിവരുന്ന നേഴ്‌സുമാരെ സംഘടിപ്പിക്കാനെത്തിയ അസോസിയേഷന്റെ നേതിവിന്റെ മുട്ടുചിരട്ട മഠത്തിന്റെ ഗുണ്ടകള്‍ അടിച്ചുതകര്‍ക്കുന്നത്‌. അതില്‍ പ്രതിഷേധിച്ച്‌ സമരം തുടങ്ങിയ നേഴ്‌സുമാരുടെ നേതാക്കളെ ഒരു പകല്‍ മുഴുവന്‍ മുറിയിലടച്ചിട്ട്‌ മര്‍ദ്ദിച്ചു. ഒടുവില്‍ സ്ഥലം എം.പി.യും എം.എല്‍.എ യും സ്ഥലത്തെത്തിയാണ്‌ അവരെ മോചിപ്പിച്ചത്‌. ഇതൊന്നും നടന്നത്‌ സത്‌നാംസിങ്ങിന്റെ ബീഹാറിലല്ല സാംസ്‌ക്കാരികപ്രബുദ്ധകേരളത്തിന്റ മധ്യത്തിലുള്ള മെട്രോനഗരത്തില്‍ വെച്ചാണ്‌.

ദൂരൂഹമരണത്തിന്റെ കഥകള്‍ മഠവുമായി ബന്ധപ്പെട്ട്‌ ഉയരുന്നത്‌ ഇത്‌ ആദ്യമായല്ല. മാതാഅമൃതാനന്ദമയീ എന്ന സുധാമണിയുടെ സഹോദരന്റെ മരണത്തോളം അതിന്‌ പഴക്കമുണ്ട്‌. ഇത്തരം ചോദ്യങ്ങളുയര്‍ത്തിയതുകൊണ്ടുതന്നെയാണ്‌ ശ്രീനിപട്ടത്താനത്തിന്റെ പുസ്‌തകം പഴയ ആന്റണി സര്‍ക്കാര്‍ നിരോധിച്ചതും. സത്യത്തിന്റെ കാവല്‍ഭടന്‍മാരായി സ്വയം അവരോധിച്ച മാധ്യമങ്ങളിലൊന്നുപോലും സത്‌നാംസിങ്ങിന്റെ മരണത്തിന്‌ കാരണമായ മഠത്തിന്റെ പങ്ക്‌ തുറന്നുപറയാന്‍ തയ്യാറായിട്ടില്ല. മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിലെ സക്കറിയയുടെ ലേഖനവും നാലാമിടം നടത്തിയ ഇടപെടലുകളും വേണ്ടിവന്നു കേരളത്തിന്റെ വായ ഒന്നാകെ തുന്നിപ്പിടിപ്പിച്ചതല്ല എന്ന്‌ ലോകത്തെ അറിയിക്കാന്‍. മാതാഅമൃതാനന്ദമയീ മഠമായാലും പോട്ടധ്യാനകേന്ദ്രമായാലും പൊതുസമൂഹത്തിന്‌ ശല്യമാകാത്തിടത്തോളം വിശ്വാസം വിശ്വാസത്തിന്റെ വഴിക്ക്‌ നീങ്ങട്ടെ എന്നാണ്‌ മതനിരപേക്ഷരകേരളത്തിന്റെ പൊതുനിലപാട്‌. അത്‌ ശരിയല്ലെന്നും കേരളീയ പൊതുസമൂഹത്തിന്‌ മേല്‍ കുതിരകയറുന്ന മാഫിയസംഘങ്ങളായി അത്‌ മാറിയെന്നും തെളിയിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും, ആള്‍ ദൈവങ്ങള്‍ക്ക്‌ പാദപൂജചെയ്യാനും വെള്ളപൂശാനും രാഷ്ടീയ നേതൃത്ത്വങ്ങള്‍ എല്ലാകാലത്തും മുന്നിലുണ്ടായിരുന്നു. ചാലക്കുടിയിലെ പോട്ട ധ്യാനകേന്ദ്രത്തിന്‌ നേരെ അന്വേഷണമുയര്‍ന്നപ്പോള്‍ സാക്ഷാല്‍ പിണറായി വിജയനെ രംഗത്തിറക്കിയാണ്‌ ആരോപണവിധേയനായ വൈദികന്‍ അതിനെ നേരിട്ടത്‌.

കൊല്ലപ്പെട്ട സത്‌നാംസിങ്ങിന്റെ ശരീരത്തില്‍ എഴുപതുമുറിവുകളുണ്ടായിരുന്നു. അമൃതാനന്ദമയീമഠത്തിന്റെ സുരക്ഷയില്‍ ആശങ്കാകുലരായി ഓടിക്കിതച്ചെത്തിയ ഒരു രാഷ്ടീയഭിക്ഷാംദേഹിയും ആ മുറിവുകള്‍ കണ്ടില്ല. ഇത്രമേല്‍ ഭീകരമായി കൊലച്ചെയ്യപ്പെടാന്‍ മാത്രം നിരായുധമായ ആ യുവാവ്‌ ചെയ്‌ത ഒരേയൊരു കുറ്റം മാതാഅമൃതാനന്ദമയീ ആശ്രമത്തിലെത്തുന്നതിന്‌ മുന്‍പ്‌ അയാള്‍ പത്തുദിവസത്തോളം ചിലവഴിച്ച വര്‍ക്കല നാരായണഗുരുകുലത്തില്‍ നിന്നും ഹൃദിസ്ഥമാക്കിയ ബിസ്‌മില്ലാഹി റഹ്മാനി റഹീം എന്ന സര്‍വ്വമതപ്രാര്‍ത്ഥനയില്‍ നിന്നുള്ള ഒരു ഭാഗം ഉരുവിട്ടു എന്നത്‌ മാത്രമാണ്‌. അതാണ്‌ ബിഹാറി ബ്രാഹ്മണനായ അയാളെ നിമിഷനേരംകൊണ്ട്‌ തീവ്രവാദിയാക്കി മുദ്രകുത്താനും ക്രൂരമായി തല്ലിചതയ്‌ക്കാനും കാരുണ്യം വഴിഞ്ഞൊഴുകുന്ന ദിവസേന സ്‌നേഹത്തെ പറ്റിയുള്ള ഗിരിപ്രഭാഷണങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന അന്തേവാസികള്‍ക്ക്‌ പ്രചോദനമായത്‌. അയാളെ തല്ലരുതെന്നോ പോലീസിലേല്‍പ്പിക്കും മുന്‍പ്‌ കാര്യങ്ങള്‍ ചോദിച്ചറിയണമെന്നോ എല്ലാവരുടേതുമെന്നവകാശപ്പെടുന്ന ആ അമ്മ പറഞ്ഞില്ല. സത്‌നാംസിങ്ങ്‌ മരിച്ചില്ലായിരുന്നെങ്കില്‍ അമ്മയ്‌ക്ക്‌ നേരെ അന്താരാഷ്ടതലത്തില്‍ നടന്ന ഗൂഡാലോചനയെക്കുറിച്ചും വധശ്രമത്തെക്കുറിച്ചും നമ്മുടെ സ്വന്തം മാധ്യമങ്ങള്‍ക്ക്‌ എത്ര കഥകള്‍ ചമയ്‌ക്കാമായിരുന്നു.

കൊടുങ്ങല്ലൂരെ പഴയസാംസ്‌ക്കാരിക പ്രവര്‍ത്തകനായിരുന്ന നാരായണ്‍കുട്ടിയുടെ വള്ളിക്കാവ്‌ വാസത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ മരണത്തെക്കുറിച്ചുമുള്ള നാലാമിടത്തിലെ കുറിപ്പ്‌ വായ്‌ച്ചാണ്‌ പി.കെ.സദാനന്ദേട്ടനേയും കെ.എച്ച്‌. ഹുസൈനെയും വിളിക്കുന്നത്‌. ടി.എന്‍ ജോയിയും പി.എന്‍. പ്രോവിന്റും കെ.ജി. ശിവാനന്ദനും പോലുള്ള കൊടുങ്ങല്ലൂരെ നാരായണന്‍ കുട്ടിയുടെ സുഹൃത്തുക്കളും സാംസ്‌ക്കാരികരാഷ്ടീയപ്രവര്‍ത്തകരും ചേര്‍ന്ന്‌ നാരായണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച്‌ പുനരന്വേഷണമാവശ്യപ്പെട്ട്‌ കമ്മറ്റി ഉണ്ടാക്കി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്ന്‌ സദാനന്ദേട്ടന്‍ പറഞ്ഞു. നാരായണ്‍കുട്ടിയെക്കുറിച്ച്‌ അടിയന്തിരാവസ്ഥയെക്കുറിച്ച്‌ മുഹമ്മദാലിയെക്കുറിച്ച്‌ കൃഷ്‌ണകുമാറിനെക്കുറിച്ച്‌ കൊടുങ്ങല്ലൂരിലെ പഴയ സാംസ്‌ക്കാരിക സായാഹനങ്ങളെക്കുറിച്ച്‌ നേരിയ വിഷാദം കലര്‍ന്ന പതിവുസ്വരത്തില്‍ ഹുസൈന്‍ സംസാരിച്ചു. അവര്‍ക്കിരുവര്‍ക്കും പക്ഷെ നീതിപൂര്‍വ്വമായ ഒരു പുനരന്വേഷണത്തിലും അതിന്റെ ഫലപ്രാപ്‌തിയെക്കുറിച്ചും എത്രമേല്‍ പ്രതീക്ഷയുണ്ട്‌ എന്ന്‌ എന്ന്‌ എനിക്കറിയില്ല. പക്ഷെ എനിക്കില്ല ഒട്ടും. 1990 ലാണ്‌ നാരായണന്‍കുട്ടി മരിക്കുന്നത്‌. അന്ന്‌ അമൃതാനന്ദമയിയും അവരുടെ ആധ്യാത്മീക കോര്‍പ്പറേറ്റ്‌ ബിസിനസ്സ്‌ ലോകവും ഇത്രമേല്‍ വികസിച്ചിട്ടില്ല. കൊടുങ്ങല്ലൂരിലെയും കേരളത്തിലെയും സാംസ്‌ക്കാരിക ലോകം ഇത്രമേല്‍ ശുഷ്‌കമായിട്ടുമില്ല. പ്രഫ. വി. അരവിന്ദാക്ഷനെപ്പോലെ പ്രബലരായ ബന്ധുക്കളും അടിയന്തിരാവസ്ഥനീന്തിക്കടന്ന അത്മാര്‍ത്ഥസുഹൃത്തുക്കളുമുണ്ടായിട്ടും അന്നൊന്നും നടന്നില്ല.

പക്ഷെ ഒന്നറിയാം സത്‌നാംസിങ്ങിനും സുഹൃത്തുക്കളുണ്ടാകും ബന്ധുക്കളുണ്ടാകും അവര്‍ക്കും ഓര്‍മ്മകളുണ്ടാകും. അവരുടെ മനസ്സുകളിലും കനലുകളെരിയുന്നുണ്ടാകും. ഒരു മകന്‍ ഒരു സഹോദരന്‍ നഷ്ടപ്പെട്ട വേദന നാരായണ്‍കുട്ടിയുടെ വേണ്ടപ്പെട്ടവരെപ്പോലെ അവരും അറിയുന്നുണ്ടാകും. അതെല്ലാം കൂടി ഒരിക്കല്‍ ആള്‍ദൈവങ്ങള്‍ പണിതുയര്‍ത്തുന്ന ഈ ചീട്ടുകൊട്ടാരങ്ങളെ തകര്‍ക്കുക തന്നെ ചെയ്യും. 

Sunday, August 19, 2012

വാല്‍പ്പാറയും കടന്ന്‌ ചുരമിറങ്ങി...

വാല്‍പ്പാറയിലെ തേയിലത്തോട്ടങ്ങള്‍ - ഫോട്ടോ:നിത്യ പ്രമോദ്‌
(പഴയവഴികള്‍ പുതിയകാഴ്‌ച്ചകള്‍ - തുടര്‍ച്ച)
ലക്കപ്പാറയില്‍ നിന്ന്‌ വാല്‍പ്പാറയിലേക്ക്‌ 26 കിലോമീറ്ററുണ്ട്‌.... തേയിലത്തോട്ടങ്ങളും കാടുകളും പുല്‍മേടുകളുമൊക്കെ താണ്ടി തമിഴ്‌നാടിന്റെ ചിറാപൂഞ്ചി എന്നറിയപ്പെടുന്ന വാല്‍പ്പാറയിെലത്തുമ്പോള്‍, പക്ഷെ മഴ അകന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്ന്‌ 3500 അടി ഉയരത്തില്‍ നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള ഒരു ഹില്‍സ്റ്റേഷന്‍. വാല്‍പ്പാറയുടെ ചരിത്രം ഇന്ത്യയിലെ ബ്രിട്ടീഷ്‌ കോളനി കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്‌. സമതലങ്ങളിലെ ചൂടില്‍ നിന്നും തണുപ്പുള്ള ഉയര്‍ന്ന ഭൂമികള്‍ തേടി വെള്ളക്കാര്‍ എത്തിചേര്‍ന്ന ഇടങ്ങളിലൊന്നായിരുന്നു പശ്ചിമഘട്ടത്തിലെ ആനമലനിരകളിലെ വാല്‍പ്പാറയും. പ്ലാന്റേഷന്‍ ജീവിതവും, വേട്ടയും, നൃത്തവിരുന്നുകളും,മധുരോത്സവങ്ങളും ഒക്കെയായി ഏഴു പതീറ്റാണ്ടുകളോളം അവരിവിടം അടക്കിവാണു. രണ്ടാം ലോകമഹായുദ്ധത്തിനെടുവില്‍ സഖ്യകക്ഷികള്‍ക്ക്‌ മുന്‍പില്‍ ജപ്പാന്‍ മുട്ടുമടക്കിയപ്പോള്‍ ആനമുടിയിലടക്കം പശ്ചിമഘട്ടമലനിരകളുടെ ഉയരങ്ങളിലൊക്കെ തീയെരിച്ച്‌ ഉറങ്ങാതെ അവരാ വിജയം ആഘോഷിച്ചു. അന്ന്‌ വാല്‍പ്പാറയിലും ആ വിജയമഘോഷിക്കുമ്പോള്‍ ഏറെ വൈകാതെ ഇവിടം വിട്ടുപോകേണ്ടി വരുമെന്നവര്‍ കരുതിയിരിക്കില്ല. ഇന്ത്യയുടെ സ്വാതന്ത്രം ഇവിടത്തെ ബ്രിട്ടീഷ്‌ ആധിപത്യത്തിനും വിരാമമിട്ടു. ഓരോരുത്തരായി ഈ മലനിരകളില്‍ നിന്ന്‌ ഒഴിഞ്ഞു പോയിട്ടും സ്ഥലനാമങ്ങളും സ്‌മാരകങ്ങളും എണ്ണിയാലൊടുങ്ങാത്ത അമാനുഷിക കഥകളും മിത്തുകളുമൊക്കെ കൂടി ചേര്‍ന്ന്‌ ആ കാലത്തിന്റെ സ്‌മരണകള്‍ ഇന്നും സജീവമാക്കുന്നു വാല്‍പ്പാറയില്‍. ഒരു തരത്തില്‍ ഇതൊക്കെ കൂടി കലര്‍ന്നതാണ്‌, അല്ലെങ്കില്‍ ഇതുമാത്രമാണ്‌ വാല്‍പ്പാറയുടെ ചരിത്രം. 
ടൈഗര്‍ഹണ്ടിങ്ങ്‌ 
രേഖകള്‍ പ്രകാരം 1864ല്‍ കര്‍ണ്ണാടിക്‌ കോഫി കമ്പനി മദ്രാസ്‌ സ്റ്റേറ്റില്‍ നിന്ന്‌ എക്കറൊന്നിന്‌ 5 രൂപ നിരക്കില്‍ സ്ഥലം പാട്ടത്തിനെടുത്ത്‌ കാപ്പി കൃഷി ആരംഭിക്കുന്നതോടെയാണ്‌ കൊടുംകാടായിരുന്ന വാല്‍പ്പാറയില്‍ മനുഷ്യരെത്തിച്ചേരുന്നത്‌... 1875'ല്‍ ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ വെയില്‍സ്‌ എഡ്വേര്‍ഡ്‌ ഏഴാമന്‍ മൃഗയാവിനോദത്തിനായി ഈ സ്ഥലം തിരഞ്ഞെടുത്തു. അതിനുവേണ്ടിയാണ്‌ വാല്‍പ്പാറയില്‍ വ്യാപകമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്‌... രാജകുമാരന്‍ പക്ഷെ ഇവിടെ എത്തിയില്ലെങ്കിലും വാല്‍പ്പാറ ഒരു ഹില്‍സ്‌റേറഷന്‍ എന്ന നിലയില്‍ വികസിക്കുന്നത്‌ ഇതോടുകൂടിയാണ്‌... പ്രതികൂലമായകാലാവസ്ഥയും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളും മലമ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികളും, എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുമടക്കം ഒട്ടേറെ കാരണങ്ങളാല്‍ കര്‍ണ്ണാടിക്‌ കോഫികമ്പനിയുടെ കൃഷി ലാഭകരമല്ലാതായി മാറി. വിപുലമായ തോതില്‍ കൃഷിക്കായി പിന്നീട്‌ ഇറങ്ങിയത്‌ വിന്റില്‍, നോര്‍ഡാന്‍ എന്നീ ബ്രിട്ടീഷുകാരായിരുന്നു. അതില്‍ വിന്റില്‍ തന്റെ എസ്‌റ്റേിന്റെ ചുമതലക്കാരനായി കാപ്പികൃഷിയില്‍ ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ള ഒരു ബ്രിട്ടീഷുകാരനെ പ്രതിമാസം 250 രൂപ പ്രതിഫലത്തിന്‌ കൊണ്ടുവന്നു. അദ്ദേഹമാണ്‌ പിന്നീട്‌ ആനമലയുടെ പിതാവെന്ന പേരില്‍ അറിയപ്പെട്ട കാര്‍വെര്‍ മാര്‍ഷ്‌. 
വാല്‍പ്പാറചുരം
1903'ലാണ്‌ ആനമല പ്ലാന്റേഴ്‌സ്‌ അസോസിയേഷന്‍ വാല്‍പ്പാറ ടൗണ്‍ഷിപ്പ്‌ സ്ഥാപിക്കുന്നത്‌., 1927'ല്‍ ആനമല ക്ലബിന്‌ തുടക്കമായി. ഗോള്‍ഫ്‌ ക്ലബ്‌ അടക്കം എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു ഇവിടെ. ഇന്ത്യയുടെ വൈസ്രോയിമാരും പ്രവിശ്യഗവര്‍ണര്‍മാരുമാടക്കമുള്ളവര്‍ ഇവിടത്തെ എസ്റ്റേറ്റ്‌ ബംഗ്ലാവുകളില്‍ വേനല്‍ക്കാലം ചിലവിടാനെത്തിയിരുന്നു. കാപ്പിക്ക്‌ പുറമെ ചായയും കറുവപ്പട്ടയും കുരുമുളകും ഏലവുമടക്കമുള്ള കൃഷികള്‍ ഇവിടെ ആരംഭിച്ചു.  ഇന്ന്‌ 38 പ്രധാന എസ്‌റ്റേറ്റുകളും മറ്റ്‌ ചെറുകിടതോട്ടങ്ങളുമായി 37,000 ഏക്കര്‍ സ്ഥലത്തായി പരന്നുകിടക്കുകയാണ്‌ ഇവിടത്തെ പ്ലാന്റേഷനുകള്‍. മലക്കപ്പാറയെ അപേക്ഷിച്ച്‌ ടൂറിസം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരിടം കൂടിയാണ്‌ വാല്‍പ്പാറ. തോട്ടങ്ങള്‍ പലതും ടൂറിസം വ്യവസായത്തില്‍ കൂടി കൈവെച്ചുതുടങ്ങിയിട്ടുണ്ട്‌.. വാല്‍പ്പാറയുടെ പ്രാധാന ആകര്‍ഷണങ്ങളിലൊന്ന്‌ തീര്‍ച്ചയായും ചുരം തന്നെയാണ്‌.. 40 ഹെയര്‍പിന്‍ വളവുകളുമായി നീണ്ടുകിടക്കുന്നു ഈ ചുരം. മാത്യുലോംസ്‌ എന്ന ബ്രിട്ടീഷുകാരനാണ്‌ ഈ ചുരം റോഡ്‌ രൂപകല്‍പ്പന ചെയ്യുന്നത്‌.. വാല്‍പ്പാറയിലെ പൊതുമരാമത്തുവിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ലോം സായിപ്പ്‌ വര്‍ഷങ്ങളെടുത്ത്‌ 1903ലാണ്‌ ഈ റോഡിന്റെ പണി പൂര്‍ത്തിയാക്കിയത്‌.. 
സംരക്ഷിത വനമേഖലകളാല്‍ ചുറ്റപ്പെട്ട വാല്‍പ്പാറ 
കേരളത്തിന്റെ ഇരവിക്കുളം, ചിന്നാര്‍, പറമ്പിക്കുളം വന്യമൃഗസങ്കേതങ്ങളും വാഴച്ചാല്‍ ഫോറസ്‌റ്റ്‌ ഡിവിഷനും തമിഴ്‌നാടിന്റെ ആനമല ടൈഗര്‍ റിസര്‍വ്വ്‌ എന്ന ഇന്ദിരാഗാന്ധി വന്യജീവി സങ്കേതത്തിനും ഇടയിലായി ഒരു തുരുത്തുപോലെയാണ്‌ വാല്‍പ്പാറയുടെ സ്ഥാനം. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള നിരന്തരസംഘര്‍ഷങ്ങള്‍ക്ക്‌ വേദിയാകുന്ന ഇവിടം തമിഴ്‌നാട്‌ വനംവകുപ്പിന്‌ സ്ഥിരം തലവേദന സൃഷ്ടിക്കുന്ന ഒരു പ്രദേശം കൂടിയാണ്‌.. 150   വര്‍ഷങ്ങള്‍ക്കപ്പുറം കൊടുങ്കാട്‌ വെട്ടിത്തെളിയിച്ച്‌ തോട്ടങ്ങള്‍ സ്ഥാപിച്ചതോടെ പശ്ചിമഘട്ടത്തിലെ ജൈവസമ്പന്നവും മൃഗനിബിഡവുമായ ഒരു മേഖലയിലേക്കാണ്‌ മനുഷ്യന്‍ കടന്നുകയറിയത്‌. വിവിധ വനമേഖലകള്‍ക്കിടയിലൂടെയുള്ള മൃഗങ്ങളുടെ വഴിത്താരകള്‍ ഇതോടെ തടയപ്പെട്ടു.
വാല്‍പ്പാറയിലെ കാട്ടാനക്കൂട്ടം - ഫോട്ടോ കടപ്പാട്‌ : ദി ഹിന്ദു 
 വേട്ട പ്ലാന്റേഷന്‍ ജീവിതത്തിന്റെ ഒരു ഭാഗം കൂടിയായിരുന്ന അന്ന്‌ വന്യമൃഗങ്ങളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. പിന്നീട്‌ വന-വന്യജീവി സംരക്ഷണ നിയമങ്ങള്‍ ശക്തമായതോടെ മൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും, കാടുകളുടെ ശോഷണവും കൈയ്യേറ്റവും മേഖലയിലെ നിരവധി ഡാമുകള്‍ മൂലം ശേഷിക്കുന്ന വനങ്ങള്‍ വെള്ളക്കെട്ടിനടിയിലായതുമൊക്കെ വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസസ്ഥലങ്ങളെ ചെറുതാക്കി. മഴക്കാടുകളുടെ നാശവും ഡാമുകള്‍ കാടിനുള്ളിലെ സ്വാഭാവിക നീരൊഴുക്കുകളെ ഇല്ലാതാക്കിയതും മൂലം വെള്ളവും ഭക്ഷണവും തേടി വേനലില്‍ മറ്റുവനമേഖലകളിലേക്കും നാട്ടിലേക്കുമൊക്കെയിറങ്ങേണ്ട ഗതി കേടിലായി വന്യമൃഗങ്ങള്‍.. വാല്‍പ്പാറ മലക്കപ്പാറ മേഖലയിലെ ഏറ്റവും വലിയൊരു സാമൂഹ്യപ്രശ്‌നം കൂടിയായിരിക്കുന്നു ഈ സംഘര്‍ഷങ്ങള്‍.

അളിയാര്‍ ഡാം, ചുരത്തില്‍ നിന്നുള്ള ദൃശ്യം - ഫോട്ടോ: വിബിന്‍ രാഘവന്‍ 
വാല്‍പ്പാറ നഗരത്തിലെ ഓട്ടപ്രദക്ഷിണത്തിന്‌ ശേഷം ചുരമെത്തിയപ്പോള്‍ സമയം 12 കഴിഞ്ഞിരുന്നു. ചുരമിറങ്ങി പൊള്ളാച്ചിയിലേക്ക്‌ പോകുന്ന പാതയാണ്‌ കാഴ്‌ച്ചകളുടെ വിശാലമായ ഒരു ലോകമൊരുക്കി കാത്തിരിക്കുന്നത്‌. 40 ഹെയര്‍പിന്‍ വളവുകള്‍ എന്ന ബോര്‍ഡിന്‌ മുന്‍പില്‍ വിബിന്‍ വണ്ടിയൊന്നു നിറുത്തി. കരിങ്കല്‍ ഭിത്തിക്ക്‌ മുകളില്‍ കുരങ്ങന്‍മാരുടെ വലിയൊരു കൂട്ടുകുടുബം. ചിലര്‍ സൗഹൃദം നടിച്ച്‌ വണ്ടിക്കരികിലേക്കെത്തി. ചിലരുടെ നോട്ടം വണ്ടിക്കുള്ളിലേക്കാണ്‌. ചുരത്തിലെ 13-ാം വളവാണ്‌ ലോംസ്‌ വ്യൂപോയിന്റ്‌. ഇവിടെ ലോം സായിപ്പിന്റെ വലിയൊരു പ്രതിമയുണ്ട്‌. ഇന്ദിരഗാന്ധി വന്യജീവി സങ്കേതത്തിനുള്ളിലൂടെയാണ്‌ ചുരം റോഡ്‌ കടന്നുപോകുന്നത്‌. ഒരുവശത്ത്‌ ആഴമേറിയ കൊക്ക. താഴെ അളിയാര്‍ ജലാശയത്തിന്റെയും അതിനുമപ്പുറം തമിഴ്‌നാടന്‍ സമതലങ്ങളുടെയും മനോഹരമായ ദൂരക്കാഴ്‌ച്ച. ഉച്ചഭക്ഷണത്തിന്‌ കിണാശ്ശേരിയില്‍ ജലീലിന്റെ വീട്ടിലെത്താം എന്ന്‌ ഏറ്റതാണ്‌ വൈകീട്ടെങ്കിലുമെത്തണം. അതിന്‌ മുന്‍പായി പറമ്പിക്കുളത്ത്‌ ഒരു ഓട്ടപ്രദക്ഷിണം കൂടി മനസ്സിലുണ്ടായിരുന്നു. അതിനി നടക്കില്ല. ഓരോയാത്രയിലും മുന്‍ നിശ്ചയങ്ങളില്‍ നിന്ന്‌ ചിലതെല്ലാം വിട്ടുപോകാറുണ്ട്‌ ഇത്തവണ അത്‌ പറമ്പിക്കുളമായി.

ട്രാംവേലൈന്‍ 
പറമ്പിക്കുളത്തേക്ക്‌ നടക്കാതെ പോയ പഴയൊരു യാത്രകൂടിയുണ്ട്‌. ആനപാന്തത്തുനിന്നും കാല്‍നടയായി ഒരു രാത്രിയും രണ്ടുപകലുമെടുത്ത്‌ പഴയ ട്രാംവേ ലൈനിന്‌ സമാന്തരമായി ആനമല കാടുകളിലൂടെ പരിപാടിയിട്ട ആ യാത്രയ്‌ക്ക്‌ മുന്‍കൈ എടുത്തത്‌ രാഘവന്‍ തിരുമുല്‍പ്പാടിന്റെ മകന്‍ മധുവായിരുന്നു. ആള്‍ട്ടര്‍ മീഡിയ അനിലും, കൃഷിമലയാളം സുജിത്ത്‌ കുമാറും ഫോറസ്‌റ്റ്‌ ഉദ്ദ്യോഗസ്ഥനായ രാമനാരായണനും, ഗ്രീഷയും റോബിനുമായിരുന്നെു നടക്കാതെ പോയ ആ യാത്രയില്‍ പങ്കെടുക്കേണ്ടിയിരുന്ന മറ്റുള്ളവര്‍. പുകഴേന്തി എന്ന അന്നത്തെ പറമ്പിക്കുളം വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്റെ അനുമതിക്കായി കാത്തിരുന്നാണ്‌ അന്നാ ആ യാത്ര വൈകിയത്‌. പിന്നീട്‌ ആരും മുന്‍കൈ എടുത്തതുമില്ല. പറമ്പിക്കുളം-ചാലക്കുടി ട്രാം വേ ലൈന്‍ എന്ന എഞ്ചിനീയറിങ്ങ്‌ വിസ്‌മയത്തെപ്പറ്റി പറയാതെ ആനമലക്കാടുകളുടെ ചരിത്രം പൂര്‍ത്തിയാകില്ല. പറമ്പികുളം കാടുകളില്‍ നിന്ന്‌ തേക്കും വീട്ടിയും മഹാഗണിയും അടക്കമുള്ള വന്‍മരങ്ങള്‍ ചാലക്കുടിയിലെത്തിക്കാനായി കൊച്ചി മഹാരാജാവിന്‌ വേണ്ടി R. V. Hatt Field എന്ന സായിപ്പാണ്‌ ട്രാംവേ രൂപകല്‍പ്പന ചെയ്യുന്നത്‌. 1907ല്‍ പദ്ധതി കമ്മീഷന്‍ ചെയ്‌തു.
ട്രാംവേ 
ഉയര്‍ന്ന പ്രദേശമായ പറമ്പിക്കുളത്ത്‌ നിന്ന്‌ 80 കിലോമീറ്ററോളം താണ്ടി(49.5 മൈല്‍) ഉരുക്കുപാളങ്ങളിലൂടെ വടത്തില്‍ കെട്ടി നിയന്ത്രിക്കുന്ന തടി നിറച്ച വാഗണുകള്‍ താഴെ ചാലക്കുടിയിലെത്തുമ്പോള്‍ ഒഴിഞ്ഞ വാഗണുകള്‍ മറുപാളത്തിലൂടെ മുകളിലേക്കെത്തും. ഇടയ്‌ക്ക്‌ താവളങ്ങളും ഇന്ധനമുപയോഗിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഭാഗങ്ങളുമുണ്ടായിരുന്നു. ചാലക്കുടിയിലെത്തുന്ന ഉരുപ്പടികള്‍ അവിടെ നിന്ന്‌ ചരക്കുതീവണ്ടികളിലൂടെ കൊച്ചിയിലും പിന്നീട്‌ കടലുകടന്ന്‌ റെയില്‍പാളങ്ങളുടെ നിര്‍മ്മാണത്തിനും കപ്പല്‍ നിര്‍മ്മാണത്തിനുമൊക്കെയായി ലോകത്തിന്റെ പലഭാഗത്തുമെത്തി. ആനമല കാടുകളില്‍ നിന്ന്‌ ഇങ്ങനെ പടിയിറങ്ങിപ്പോയ മരങ്ങളാണ്‌ ഒരു കാലത്ത്‌ കൊച്ചിരാജ്യത്തിന്റെ ഖജാന നിറച്ചിരുന്നത്‌. കൊച്ചിയിലേക്ക്‌ തീവണ്ടി അടക്കമുള്ള ആധൂനിക സൗകര്യങ്ങളെത്തിച്ചതും കൊച്ചിതുറമുഖം വികസിപ്പിച്ചതും ഈ വന്‍മരങ്ങള്‍ വീഴ്‌ത്തിയായിരുന്നു എന്ന്‌ ചരിത്രം. 1951 ല്‍ ട്രാംവേയുടെ പ്രവര്‍ത്തനം ഓദ്യോഗികമായി അവസാനിപ്പിച്ചു. ട്രാംവേയുടെ മാതൃക തൃശ്ശൂര്‍ ചെമ്പൂക്കാവിലുള്ള പുരാവസ്‌തു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. സലീംഅലി തന്റെ വനയാത്രകള്‍ക്കായി ഈ പാത ഉപയോഗപ്പെടുത്തിയിരുന്നത്രെ. ടൂറിസം വികസനത്തിന്റെ ഭാഗമായി ട്രാംവേ പാത വീണ്ടും തുറന്നുകൊടുക്കണമെന്ന മുറവിളി പലഭാഗത്തുനിന്നും ഉയരുന്നുണ്ട്‌. ഉള്‍ക്കാടുകളുടെ സ്വഭാവികതയ്‌ക്ക്‌ ഭംഗംവരുത്തി കാടുകളെ പ്ലാസ്റ്റിക്ക്‌ കുപ്പത്തൊട്ടിയാക്കുന്ന ട്രാംവേ പുനരുദ്ധാരണം ഇനി എതായാലും വേണ്ട.
(തുടരും...)
ഒന്നാം ഭാഗം - പഴയ വഴികള്‍ പുതിയ കാഴ്‌ച്ചകള്‍
രണ്ടാം ഭാഗം - വാഴച്ചാലിലേക്ക്‌ 
മുന്നാം ഭാഗം - കാലം നിശ്ചലമായിപ്പോയ ചിലയിടങ്ങള്‍
അഞ്ചാം ഭാഗം - തസ്രാക്കിലേക്ക്‌