Thursday, September 9, 2010

നടക്കാതെ പോയ യാത്രകള്‍, നഷ്ടപ്പെട്ടുപോയ രേഖകള്‍

(ഫോട്ടോ : ദ്രുവരാജ്‌)
(വയനാട്‌ സ്‌മരണകളിലൂടെ)

 ഓര്‍മ്മകള്‍ക്ക്‌ ചില പക്ഷപാതിത്വങ്ങളുണ്ട്‌. അത്‌ ചിലതിനെ തെളിച്ചം കെടാതെ സൂക്ഷിക്കും മറ്റു ചിലതിനെ മുക്കാലും കുഴിച്ചുമൂടും നമ്മുടെ സ്വപ്‌നങ്ങളെ നമ്മുടെ ആഗ്രഹങ്ങളെ ഒക്കെ ചിലപ്പോഴത്‌ നമ്മുടെ ഭൂതകാലവുമായി കൂട്ടിയിളക്കും. ഏതാണ്‌ സത്യം ഏതാണ്‌ സ്വപ്‌നം എന്ന്‌ തിരിച്ചറിയാത്ത അവസ്ഥയിലേക്ക്‌ ചിലപ്പോഴെങ്കിലും അത്‌ നമ്മെ തന്നെ കൊണ്ടുചെന്നെത്തിക്കും. വയനാടിനെപ്പറ്റിയും അങ്ങിനെ ക്രമം തെറ്റി കിടക്കുന്ന കുറച്ച്‌ ഓര്‍മ്മകളാണ്‌ മനസ്സിലവശേഷിക്കുന്നത്‌. അടുക്കില്ലായ്‌മയുടെ ഒരലസ സുഖം അതിലൂടെ കടന്നുപോകുമ്പോള്‍ കിട്ടാറുണ്ട്‌ മനസ്സിന്റെ ആ വഴികള്‍ക്ക്‌ വെയിലടിക്കാതെ കരിയിലകള്‍ മൂടികിടക്കുന്ന ഒരു നാട്ടുവഴിയുടേയും അത്‌ ചെന്നെത്തുന്ന തുറസ്സിന്റെയും സൗന്ദര്യമാണുള്ളതെന്ന്‌ തോന്നാറുമുണ്ട്‌.

മൈസൂര്‌ നിന്നും തൃശ്ശൂരിലേക്കുള്ള രാത്രി യാത്രകള്‍. ഉറക്കത്തിനും ഉണര്‍വ്വിനുമിടയിലൂടെയുള്ളതായിരുന്നു അതത്രയും. 7.00 മണിയോടെ മൈസൂര്‌ സ്‌റ്റാന്റ്‌ വിടുന്ന കെ. എസ്‌. ആര്‍.ടി.സി ബസ്സിലാണ്‌ സ്ഥിരം യാത്ര. ഇടത്താവളമായ ഗുണ്ടല്‍പേട്ട്‌ നിന്ന്‌ ഭക്ഷണം കഴിച്ച്‌ കയറിയാല്‍ പിന്നെ എപ്പോഴും ഉറക്കത്തിലേക്ക്‌ വീഴാം. നാഗര്‍ഹോള നാഷണല്‍പാര്‍ക്കിനുള്ളിലൂടെയുള്ള കാട്ടുപാതയ്‌ക്കരികിലെ മൃഗസാന്നിധ്യം തേടി കണ്ണിമയിളകാതെയിരിക്കുന്നതിനിടയില്‍ എപ്പോഴെങ്കിലും അറിയാതെതന്നെ കണ്ണടയും. തലേന്നാളത്തെ ഒരു രാത്രി യാത്രയുടെയും ചെന്നപ്പട്ടണത്തെ പൊടിയും ചൂടും നിറഞ്ഞ ഒരു പകലിന്റെയും മുഴുവന്‍ ക്ഷീണവും കാണും മനസ്സിനും ശരീരത്തിനും. ഏകദേശം കാലിയായ പേഴ്‌സ്‌ പഴകിപ്പൊളിഞ്ഞ പഴയ മോഡലിലുള്ള ഒരു മൊബൈല്‍ ഫോണ്‍ ഭാരങ്ങളില്ലാതെ ഉറങ്ങാന്‍ തീര്‍ച്ചയായും ഇതൊക്കെ സഹായം തന്നെയാണ്‌. പിന്നെയുള്ളത്‌ പുറകിലെ സീറ്റിനടിയിലും ലഗേജ്‌ ബര്‍ത്തിലുമായി അടക്കിയിരിക്കുന്ന മരക്കളിപ്പാട്ടങ്ങള്‍ നിറച്ച തേയില ബാഗുകളാണ്‌. അത്‌ നാലുവര്‍ഷക്കാലത്തെ ദൈ്വവാര യാത്രകള്‍ക്കിടയില്‍ ഒരിക്കല്‍ പോലും മോഷണം പോയിട്ടുമില്ല. റോഡിലെ കുഴികളൊ കൊടും വളവുകളൊ ചിലപ്പോള്‍ ഉറക്കത്തില്‍ നിന്നും തിരിച്ചുവിളിക്കും. അങ്ങിനെ ഇടമുറിയുന്ന ഉറക്കം ചിലപ്പോഴൊക്കെ നാളെയുടെ അനിശ്ചിതത്ത്വത്തിലേക്ക്‌ മനസ്സിനെ കൊണ്ടുപോകും. ചിന്തകള്‍ക്കും ഓര്‍മ്മകള്‍ക്കും കാടുകയറാന്‍ തനിച്ചുള്ള യാത്രകളേക്കാള്‍ പറ്റിയ മറ്റൊരു അവസരമില്ലല്ലോ.

 

(ഫോട്ടോ : രവിതേജ)

വീണ്ടും തളര്‍ച്ചയും ക്ഷീണവും ചേര്‍ന്ന്‌ തലച്ചോറിനെ സുഷുപ്‌തിയിലേക്ക്‌ തള്ളിമാറ്റും. പിന്നെ ഉണരുന്നത്‌ മുത്തങ്ങ ചെക്ക്‌ പോസ്‌റ്റില്‍ വെച്ചാണ്‌. മുഖപരിചയമില്ലാത്ത ഫോറസ്‌റ്റുകാരാണെങ്കില്‍ കളിപ്പാട്ടസഞ്ചികള്‍ കുത്തിനോക്കും. ഒരു പക്ഷെ പിന്നീട്‌ സുല്‍ത്താന്‍ബത്തേരി സ്റ്റാന്റെത്തുന്നത്‌ അറിയും അല്ലെങ്കില്‍ പിന്നെ ഉണരുക ചുരമിറങ്ങുമ്പോഴായിരിക്കും. ഇത്തരം രാത്രിയാത്രയിലൊരിക്കലാണ്‌ നിലാവില്‍ കുളിച്ചുകിടക്കുന്ന വയനാട്‌ ചുരം കാണുന്നത്‌. ഉറക്കത്തിനും ഉണര്‍വ്വിനുമിടയില്‍ ഒരു സ്വപ്‌നം പോലെ. ഏറെ നേരമൊന്നും നീണ്ടു നിന്നില്ല മായികമായ ആ കാഴ്‌ച്ച. അതിനുമുന്‍പും അതിന്‌ ശേഷവും കണ്ടിട്ടുമില്ല ചുരത്തിന്റെ അത്തരമൊരു ദൃശ്യം.

കൃഷ്‌ണന്‍കുട്ടിയും റോബിനുമൊത്ത്‌ പദ്ധതിയിട്ടിരുന്ന ഒരു രാത്രി യാത്രയുണ്ടായിരുന്നു വയനാട്ടിലെ ചെമ്പ്രമുടിയിലേക്ക്‌ മലമുകളില്‍ തടാകക്കരയില്‍ വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളേയും കണ്ട്‌ തീകാഞ്ഞ്‌ നിലാവിലലിയുന്ന ഒരു രാത്രി. വയനാട്‌ ഡി.ടി.പി.സി യിലെ ഹരിയേട്ടന്‍ വേണ്ട സഹായങ്ങള്‍ ചെയ്‌തു തരാമെന്നേറ്റിരുന്നു. കൃഷ്‌ണന്‍ കുട്ടി പലപ്പോഴും തയ്യാറെടുപ്പുകള്‍ നടത്തിയതുമാണ്‌ എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട്‌ അത്‌ മുടങ്ങിപ്പോയി. തിരുനെല്ലിയിലെ തന്റെ സ്ഥലത്ത്‌ രണ്ടു ദിവസം തങ്ങാമെന്ന്‌ സേതു പറയാരുണ്ടായിരുന്നു അതും നടന്നിട്ടില്ല ഇതു വരെ. മറ്റൊരു യാത്ര പക്ഷിപാതാളത്തിലേക്കുള്ളതായിരുന്നു. ചന്ദ്രനും ചെങ്ങാല്ലൂരെ ഗ്രീഷയും ഡോ. അബ്ദുള്ളക്കുട്ടിയും കൃഷ്‌ണന്‍കുട്ടിയുമായിരുന്നു നടക്കാതെ പോയ ആ യാത്രയില്‍ പങ്കെടുക്കേണ്ടിയിരുന്നത്‌.

(ഫോട്ടോ : കൃഷ്‌ണന്‍കുട്ടിയുടെശേഖരത്തില്‍ നിന്ന്‌)

കൃഷ്‌ണന്‍കുട്ടി വയനാടിനോട്‌ വിടപറഞ്ഞു. ഗ്രീഷ ഒരു യാത്രയക്ക്‌ സമയം കണ്ടെത്താനാകാത്ത വിധം കുടുംബത്തിന്റെ ചെറുകള്ളിയിലേക്ക്‌ ഒതുങ്ങി മാറി. ചികിത്സയേക്കാള്‍ യാത്രയേയും ഫോട്ടോഗ്രാഫിയേയും സൗഹൃദങ്ങളേയുമൊക്കെ സ്‌നേഹിച്ചിരുന്ന അബ്ദുള്ളക്കുടി ഇപ്പോള്‍ ജൈവകൃഷി പരീക്ഷണങ്ങളുമായി നിലമ്പൂരിലാണെന്ന്‌ കേട്ടു. വയനാട്ടിലൂടെയുള്ള ഓരോ രാത്രി യാത്രയിലും നടക്കാതെ പോയ ഈ യാത്രകളുടെ നഷ്ടബോധം മനസ്സിലെത്തും. കണ്ടറിഞ്ഞ വയനാടിനേക്കാള്‍ മനോഹാരിതയുണ്ട്‌ ഇങ്ങനെ മനസ്സിലിട്ട്‌ കൊണ്ടുനടക്കുന്ന വയനാടിന്റെ ചില ചിത്രങ്ങള്‍ക്ക്‌.

പെണ്ണുട്ടി കദീജാബാനു എന്ന ഒരു തൂലികാ സുഹൃത്തുണ്ടായിരുന്നു മുന്‍പ്‌ വയനാട്ടില്‍ നിന്ന്‌. കര്‍ണ്ണാടകത്തിലൊരിടത്ത്‌ മദ്രസാധ്യാപകനായിരുന്ന ഒരുസ്‌താദിന്റെ ഏക സന്തതി. ജനിച്ചതും വളര്‍ന്നതും അവിടെയായതുകൊണ്ടുതന്നെ മലയാളം വലിയ വഴക്കമില്ല. വരയിട്ട നോട്ടുപുസ്‌തകത്തിന്റെ ചീന്തിയെടുത്ത പേജുകളില്‍ വലിയ അക്ഷരത്തില്‍ എവിടെയും കൂട്ടിമുട്ടാത്ത മലയാളത്തില്‍ കത്തുകളയച്ചിരുന്നു അവര്‍. ഓരോ കത്തിലും വയനാടന്‍ കാഴ്‌ച്ചകളെപ്പറ്റിയുള്ള വര്‍ണ്ണനകളുണ്ടായിരുന്നു. കേരളത്തിന്‌ പുറത്ത്‌ ജീവിച്ച്‌ സ്വന്തം മണ്ണിലേക്ക്‌, വേരുകളിലേക്ക്‌ തിരിച്ച്‌ വന്നതുകൊണ്ടായിരിക്കാം വയനാടിനെ അവരത്രമാത്രം സ്‌നേഹിച്ചിരുന്നത്‌. പിന്നീട്‌ പിതൃ സഹോദങ്ങളെ വിട്ട്‌ അവര്‍ കോഴിക്കോട്‌ - താമരശ്ശേരി റൂട്ടില്‍ നിന്ന്‌ ഉള്ളിലോട്ടു കയറിയുള്ള ഒരു ഗ്രാമത്തിലേക്ക്‌ താമസം മാറ്റി. താമസിക്കാതെ അവരുടെ വിവാഹവും കഴിഞ്ഞു. അതോടെ കത്തുകളും നിലച്ചു. വിവാഹത്തിന്‌ വെറും കൈയ്യോടെയാണ്‌ പോയത്‌. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം പ്രതീക്ഷിച്ചിരുന്നെന്ന്‌ പിന്നെ തോന്നി. അത്തരം ഔപചാരികതള്‍ / പതിവുകള്‍ അന്നത്തെ ഞങ്ങളുടെ കേരളീയം ജീവിതത്തിലുണ്ടായിരുന്നില്ല. ഉച്ചഭക്ഷണം പോലും ആര്‍ഭാടമായി കണ്ടിരുന്ന അക്കാലത്ത്‌ മനസ്സിലൂടെ അത്തരമൊരു ചിന്ത കടന്നുപോയതുമില്ല. വിവാഹശേഷം ഒരു തവണകൂടി കത്തുണ്ടായിരുന്നു.

(ഫോട്ടോ : കൃഷ്‌ണന്‍കുട്ടിയുടെ ശേഖരത്തില്‍ നിന്ന്‌)
അവരയച്ച കത്തുകളില്‍ വയനാട്‌ വിഷയമായി വരച്ച ചിത്രങ്ങളുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ ഒരു പ്രൈമറി സ്‌ക്കൂള്‍ കുട്ടിയുടെ വരകളായിരുന്നു അത്‌. അതിന്റെ നിഷ്‌കളങ്കതയും അത്‌ തരുന്ന സൗന്ദര്യവും അവക്കുണ്ടായിരുന്നു. നൂറ്റാണ്ടിനെ മറികടന്ന വീട്ടിലെ ചിതലിനെയും പൊടിയേയും വരുതിയിലാക്കുന്നതിന്റെ ഭാഗമായി തട്ടിന്‍പുറം ഒതുക്കുന്നതിനിടയില്‍ അവരുടേതുള്‍പ്പടെയുള്ള കത്തുകളുടെ വലിയൊരുശേഖരവും അഗ്നിക്ക്‌ വിട്ടുകൊടുത്തു. ആ വരവളും വരികളും കൈമോശം വരാതെ സൂക്ഷിക്കേണ്ടതായിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു.

(തുടരും)