Monday, October 10, 2022

നൈറോബി അഥവാ ശുദ്ധമായ ജലത്തിന്റെ പ്രദേശം.

 കെനിയന്‍ കുറിപ്പുകള്‍ - 2

--------------------

ആവര്‍ത്തിച്ചുള്ള അലാറം കേട്ടാണ് ആഴത്തിലുള്ള ഉറക്കത്തില്‍ നിന്ന് ഉണരുന്നത്. പരിചിതമല്ലാത്ത ചുറ്റുപാടില്‍ മതികെട്ടുറക്കം സാധാരണ ഗതിയില്‍ സാധ്യമാകാറില്ല. ഉയര്‍ന്ന ശയനസുഖം പ്രധാനം ചെയ്യുന്ന അവിടെ നിന്ന് പാതിയായ ഉറക്കം വിട്ടെഴുന്നേല്‍ക്കാന്‍ മടി തോന്നി. ഇബ്രു മുന്‍പേ തന്നെ എഴുന്നേറ്റ് ലാപ്‌ടോപ്പിന് മുന്‍പിലാണ്. ചൂടുവെള്ളത്തില്‍ കുളിച്ച് 7ന് മുന്‍പായി തന്നെ പ്രഭാതഭക്ഷണത്തിനായി താഴത്തെ നിലയിലെ റെസ്റ്റോറന്റിലെത്തി. സമൃദ്ധമായ പ്രാതല്‍ അവിടെ തയ്യാറാണ്. തല്‍ക്ഷണം തയ്യാറാക്കി നല്‍കുന്ന ചില ഭക്ഷ്യവിഭവങ്ങള്‍ക്ക് മുന്‍പില്‍ ചിലര്‍ കാത്തുനില്‍പ്പുണ്ട്. പ്രാതലിനു മുന്‍പേ തന്നെ അവിടത്തെ ചെറിയ ബാര്‍ കൗണ്ടറിനു മുന്‍പിലെ ഉയര്‍ന്ന ഇരിപ്പിടങ്ങളിലിരുന്ന് മദ്യം ആസ്വദിക്കുന്നു ചിലര്‍. ഞങ്ങള്‍ക്കൊപ്പം യാത്രാസംഘത്തിലുള്ള പലരും വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ചില്ലു ഭിത്തിക്കപ്പുറം ഹോട്ടലിന്റെ നനഞ്ഞ മുറ്റം കാണം. ഇരുണ്ട പ്രഭാതമാണ്. റെസ്‌റ്റോറന്റിനുള്ളിലും വലിയ വെളിച്ചമില്ല. മഴമേഘങ്ങള്‍ നൈറോബിക്ക് മുകളില്‍ ഉരുണ്ടു കൂടി കാത്തു നില്‍പ്പുണ്ട്. ഞങ്ങളുടെ സംഘത്തിന് പോകാനുള്ള ലാന്‍ഡ്ക്രൂയിസറുകള്‍ പുറത്ത് തയ്യാറായി കാത്തുകിടക്കുന്നു. ഭക്ഷണശേഷം മുറി ചെക്കൗട്ട് ചെയ്ത് താഴെയെത്തി. ഇബ്രു കാലേകൂട്ടി ഞങ്ങള്‍ക്ക് കയറേണ്ട വണ്ടി തിരഞ്ഞെടുത്തിട്ടുണ്ട്. ഡങ്കന്‍ എന്നാണ് ഡ്രൈവറുടെ പേര്. ഗ്രൂപ്പിലെ മുഴുവന്‍ ഡ്രൈവര്‍മാരേയും നിയന്ത്രിക്കുന്ന സംഘതലവന്‍ കൂടിയാണ് ഡങ്കന്‍.

നല്ല തണുപ്പുള്ള പുലര്‍ക്കാലമാണ്. നൈറോബിയില്‍ ഏറ്റവും കൂടുതല്‍ തണുപ്പുള്ള മാസങ്ങളിലൊന്നാണ് ജൂലായ്. വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥ നിലനില്‍ക്കുന്ന ഒരു ആഫ്രിക്കന്‍ നഗരമാണ് നൈറോബി. 'ഇവാസോ നൈബെറി' ['Ewaso Nai´beri'] എന്നാണ് നൈറോബിയുടെ പഴയ പേര്. മസായി ഭാഷയില്‍  തണുത്ത ശുദ്ധമായ ജലത്തിന്റെ പ്രദേശം എന്നാണ് ഇതിന്റെ അര്‍ത്ഥം. ബ്രിട്ടീഷുകാരാണ് ഉച്ചാരണ സൗകര്യത്തിനായി ഇതിനെ നൈറോബിയാക്കി മാറ്റിയത്. മസായികള്‍ തങ്ങളുടെ കന്നുകാലികള്‍ക്ക് ശുദ്ധജലം കണ്ടെത്തിയിരുന്ന പുരാതനമായ ഒരിടമായിരുന്നേ്രത ഇവിടം. ആഫ്രിക്കന്‍ വന്‍കരയിലെ ആദ്യ റെയില്‍വേ ലൈന്‍ നൈറോബിയിലെത്തിയതോടുകൂടിയാണ് തദ്ദേശീയരല്ലാത്തവര്‍ ഇവിടെ വന്നെത്തുന്നതും നൈറോബി ഒരു നഗരമായി വികസിക്കുന്നതും. മൈല്‍ 327 എന്ന പേരില്‍ റെയില്‍വേ നിര്‍മ്മാണത്തിന്റെ ഒരു ബേസ് ക്യാമ്പായി അവര്‍ ഈ നഗരത്തെ മാറ്റി. പ്രധാന ഡിപ്പോയും ഇവിടെ തന്നെയായിരുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 1,795 മീറ്റര്‍ ഉയരത്തിലാണ് നൈറോബി നിലകൊള്ളുന്നത്. തണുപ്പുകാലത്ത് ശരാശരി താപനില 9 ഡിഗ്രി സെല്‍ഷ്യസാണ്. നെയ്റോബിയിലെ ഏറ്റവും ചൂടേറിയ മാസങ്ങള്‍ നവംബര്‍ മുതല്‍ മാര്‍ച്ച് ആദ്യം വരെയാണ്. ഇക്കാലത്ത് ഉയര്‍ന്ന താപനില 24 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും. സുഖകരമായ കാലാവസ്ഥയും ശുദ്ധജലത്തിന്റെ ലഭ്യതയുമാണ് ബ്രിട്ടീഷുകാര്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി നൈറോബിയെ മാറ്റിയത്. 1899ലാണ് നൈറോബി നഗര പദവി കൈവരിക്കുന്നത്. റെയില്‍വേ പണിക്കാരായി കെനിയയിലെത്തിയ ഇന്ത്യക്കാരും അവരെ പിന്‍തുടര്‍ന്നെത്തിയ നിര്‍മ്മാണ തൊഴിലാളികളുമാണ് ഈ നഗരം പടുത്തുയര്‍ത്തിയത്. അതു കൊണ്ട് തന്നെ പഴയ നൈറോബിക്ക് ഇന്ത്യന്‍ മുഖച്ഛായയാണുള്ളത്. യൂറോപ്യന്‍ ആവാസസ്ഥലങ്ങളിലെത്തുന്നതോടെ ഇത് ഇന്തോ-യൂറോപ്യന്‍ സമ്മിശ്ര ശൈലിക്ക് വഴിമാറും. തലേന്ന് ജിറാഫ് സെന്റര്‍ സന്ദര്‍ശിക്കാനായി ഞങ്ങള്‍ പോയത് കൊളോണിയല്‍ കാലത്തെ ഇത്തരം വാസഗൃഹങ്ങള്‍ക്കിടയിലൂടെയായിരുന്നു. മനോഹരമായി പരിപാലിക്കപ്പെട്ട ഉദ്യാനസമാനമായ നടപ്പാതകള്‍ക്കപ്പുറത്ത് ഉയര്‍ത്തിനിര്‍മ്മിച്ച കനത്ത മതില്‍ക്കെട്ടിനകത്ത് വിശാലമായ തൊടിയില്‍ ഗാംഭീര്യത്തോടെ നിലകൊള്ളുന്ന ആ വാസ്തുനിര്‍മ്മിതികളും കിബേര പോലുള്ള ചേരിപ്രദേശങ്ങളും നൈറോബി നഗരത്തിന്റെ അത്രമേല്‍ വ്യത്യസ്ഥമായ രണ്ടു മുഖങ്ങളാകുന്നു. ബഹുനിലമന്ദിരങ്ങളും  ആഗോള ബ്രാന്‍ഡുകളും ബഹുരാഷ്ട്രകമ്പനികളും അന്താരാഷ്ട്ര സംഘടനകളുമൊക്കെ ചേര്‍ന്ന് സൃഷ്ടിക്കുന്ന മറ്റൊരു ആധൂനിക മുഖം കൂടിയുണ്ട് നൈറോബിക്ക്.

1905ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കയുടെ തലസ്ഥാനം മെബാസയില്‍ നിന്ന് നൈറോബിയിലേക്ക് മാറ്റിയതോടെതാണ് ഈ നഗരത്തിന്റെ സുവര്‍ണ്ണകാലം തുടങ്ങുന്നത്. കെനിയയിലെ ഏറ്റവും വലിയ നഗരവും ആഫ്രിക്കയിലെ നാലാമത്തെ വലിയ നഗരവുമാണ് ഇന്ന് നൈറോബി. സ്വാതന്ത്രത്തിന് ശേഷം 1963ല്‍ നൈറോബി റിപ്പബ്ലിക്ക് ഓഫ് കെനിയയുടെ തലസ്ഥാനമായി. ഇന്ന് 4 ദശലക്ഷത്തിലധികമാണ് ഇവിടത്തെ ജനസംഖ്യ. കിഴക്കനാഫ്രിക്കയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ് ഈ നഗരം. ജനസംഖ്യയിലെ വലിയൊരു ശതമാനത്തെ ഉള്‍ക്കൊള്ളുന്നത് കിബേര, മത്താരെ എന്നീ പേരുകളിലറിയപ്പെടുന്ന ചേരികളാണ്. സിറ്റി കൗണ്‍സിലിനാണ് നൈറോബി മുനിസിപ്പാലിറ്റിയുടെ ഭരണചുമതല. രാജ്യത്തെ ജി.ഡി.പി യുടെ 62% കെനിയയുടെ സാമ്പത്തിക തലസ്ഥാനം കൂടിയായ ഈ നഗരത്തിന്റെ സംഭാവനയാണ്.

ലോകത്തിലെ ഏക വന്യജീവി തലസ്ഥാനം എന്ന വിശേഷണം കൂടിയുണ്ട് നൈറോബിക്ക്. നഗര പരിധിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന 'നൈറോബി വന്യജീവി സങ്കേതമാണ് (118.സ്‌ക്വ. കിമി.) ഈ വിശേഷണം നഗരത്തിന് നേടി കൊടുത്തത്. വംശനാശഭീഷണി നേരിടുന്ന കറുത്ത കണ്ടാമൃഗങ്ങള്‍, സിംഹങ്ങള്‍, പുള്ളിപ്പുലികള്‍, ചീറ്റകള്‍, ഹൈനകള്‍, കാട്ടുപോത്തുകള്‍, ജിറാഫുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന 520-ലധികം ഇനം പക്ഷിമൃഗാദികള്‍ ഈ ദേശീയോദ്യാനത്തില്‍ ഉള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മസായിമാര നാഷണല്‍ പാര്‍ക്കില്‍ ഉള്ളതിനേക്കാള്‍ (10 താഴെ) കൂടുതല്‍ കണ്ടാമൃഗങ്ങള്‍ ഇവിടെ ഉണ്ട്. 1946ലാണ് ഈ വന്യജീവിസങ്കേതം സ്ഥാപിക്കപ്പെടുന്നത്.  നഗരഹൃദയത്തില്‍ നിന്ന് വെറും 7 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനത്തിന്റെ 3 വശവും വൈദ്യുത വേലികെട്ടി സംരക്ഷിച്ച് ജനവാസകേന്ദ്രങ്ങളില്‍ നിന്നും വേര്‍ത്തിരിച്ചിരിക്കുകയാണ്. തുറന്നുകിടക്കുന്ന തെക്കന്‍ അതിരിലൂടെ വന്യമൃഗങ്ങള്‍ക്ക് കിറ്റംഗേല സമതലങ്ങള്‍ വരെ ദേശാന്തരഗമനം നടത്താം.

ക്രിസ്തുവിന് 2000 വര്‍ഷം മുന്‍പ് തന്നെ വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഇന്നത്തെ കെനിയ ഉള്‍പ്പെടുന്ന പ്രദേശത്തെത്തിയിരുന്നു. എ.ഡി.ഒന്നാം നൂറ്റാണ്ടില്‍ തന്നെ അറബി വ്യാപാരികള്‍ ഈ തീരത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു. ക്രമേണ അവരിവിടെ അറേബ്യന്‍-പേര്‍ഷ്യന്‍ കോളനികള്‍ സ്ഥാപിച്ചു. അറേബ്യന്‍ ഉപദ്വീപിനോട് ചേര്‍ന്നുള്ള കെനിയയുടെ സ്ഥാനം അവരുടെ വ്യാപനത്തിന് കാരണമായി. നൈല്‍ തടങ്ങളില്‍ നിന്നുളള നിലോട്ടിക് വംശജരും മധ്യ ആഫ്രിക്കയില്‍ നിന്നുള്ള ബാന്തു വംശജരും എ.ഡി.ഒന്നും സഹസ്രാബ്ദത്തില്‍ ഇവിടെ എത്തിചേര്‍ന്നു. അറബി-ബാന്തു സങ്കലനത്തില്‍ നിന്നാണ് സ്വാഹിലി ഭാഷ രൂപം കൊള്ളുന്നത്. ഈ സാംസ്‌ക്കാരിക പരിസരത്തിലേക്കാണ് 1498-ല്‍ പോര്‍ച്ചുഗീസുകാര്‍ വന്നെത്തുന്നത്. ക്രമേണ അറബ് സ്വാധീനത്തിന് മങ്ങലേറ്റു. വിദൂര കിഴക്കന്‍ പ്രദേശങ്ങളില്‍ മാത്രമായി അവര്‍ ഒതുങ്ങി. പിന്നീട് ഒമാന്‍ സുല്‍ത്താന്‍മാരുടെ കാലത്താണ് പറങ്കികളെ പിന്തള്ളി അറബ് സ്വാധീനം ഈ മേഖലയില്‍ ശക്തമാകുന്നുത്. അത് ബ്രിട്ടീഷുകാരുടെ കടന്നുവരവ് വരെ തുടര്‍ന്നു.

19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ് ആഫ്രിക്കന്‍ വന്‍കരയിലെ ബ്രിട്ടീഷ് അധിനിവേശത്തിന് തുടക്കമാകുന്നത്. 1880 മുതല്‍ 1900 വരെയുള്ള കാലത്തിനിടക്ക് ഈജിപ്ത്, സുഡാന്‍, കെനിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, ഗാംബിയ, സിയറ ലിയോണ്‍, വടക്കുപടിഞ്ഞാറന്‍ സൊമാലിയ, സിംബാബ്വെ, സാംബിയ, ബോട്സ്വാന, നൈജീരിയ, ഘാന, മലാവി എന്നിങ്ങനെ ഇന്നറിയപ്പെടുന്ന രാജ്യങ്ങളൊക്കെ നേരിട്ടോ അല്ലാതെയോ ബ്രിട്ടീഷ് നിയന്ത്രണത്തിന്‍ കീഴിലായി. ഇതില്‍ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്ക എന്നറിയപ്പെട്ടിരുന്നത് കെനിയ, ഉഗാണ്ട, സാന്‍സിബാര്‍, ടാന്‍സാനിയ (ടാന്‍ഗനിക്ക) എന്നീ രാജ്യങ്ങളായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കന്‍ കമ്പനിയായിരുന്നു ഈ പ്രദേശത്തിന്റെ ഭരണം നിര്‍വ്വഹിച്ചിരുന്നത്. 1895 ഈസ്റ്റ് ആഫ്രിക്കയുടെ ഭരണം കമ്പനിയില്‍ നിന്ന് നേരിട്ട് ബ്രിട്ടന്‍ ഏറ്റെടുത്തു. 1920ല്‍ മറ്റു പ്രദേശങ്ങളില്‍ നിന്നും വേര്‍പ്പെടുത്തി ബ്രിട്ടനുകീഴിലുള്ള ഒരു കോളനിയായി കെനിയയെ മാറ്റി. കെനിയക്ക് മാത്രമായി ഒരു ഭരണകൂടം നിലവില്‍ വന്നു.

ബ്രിട്ടീഷുകാര്‍ എത്തുന്ന കാലത്ത് മസായികളുടെ വലിയൊരു കേന്ദ്രമായിരുന്നു നൈറോബി. മസായികളും അവരുടെ കന്നുകാലികളും വന്യമൃഗങ്ങളും ഇവിടെ ഇടകലര്‍ന്ന് ജീവിച്ചുപോന്നു. കികിയു ഗോത്രവര്‍ഗ്ഗക്കാര്‍ നൈറോബിക്കു മുകളിലായുള്ള വനപ്രദേശങ്ങളില്‍ കൃഷിചെയ്തു ഉപജീവനം നടത്തി. നഗരം വളര്‍ന്നു വന്നതോടെ വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ത്തിന് തുടക്കമായി. കെനിയന്‍ ഉഗാണ്ടന്‍ റെയില്‍വേ നിര്‍മ്മാണത്തിനിടെ പ്രതികൂലകാലാവസ്ഥയും അപകടങ്ങളും മൂലം മരണപ്പെടുന്ന കൂലിത്തൊഴിലാളികളുടെ മൃതശരീരങ്ങള്‍ വേണ്ടും വിധം സംസ്‌ക്കരിക്കാതെ കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു പതിവ്. ആ ശരീരങ്ങള്‍ രുചിച്ചുനോക്കിയാണത്രെ കുപ്രസിദ്ധമായ നരഭോജി സിംഹങ്ങള്‍ കെനിയയില്‍ ഉദയം കൊള്ളുന്നത്. അവരുടെ ആക്രമണങ്ങള്‍ രാത്രികാലങ്ങളില്‍ നൈറോബി നഗരാതിര്‍ത്തിക്കുള്ളിലും അക്കാലത്ത് പതിവായിരുന്നു. അവയെ നേരിടാന്‍ യൂറോപ്യന്‍മാര്‍ തോക്കുകളുമായി ഇറങ്ങിയതോടെ ഏറെ പ്രസിദ്ധമായ കെനിയന്‍ വേട്ടകഥകള്‍ക്ക് തുടക്കമായി.

റെയില്‍വേ പണിക്കാരായി ആഫ്രിക്കയിലെത്തിയ ഇന്ത്യക്കാരെ പിന്‍തുടര്‍ന്ന് കെട്ടിടനിര്‍മ്മാണ തൊഴിലാളികളായും പലിശക്ക് പണം കടംകൊടുക്കുന്നവരായും കച്ചവടക്കാരായും കൈവേലക്കാരായും ഗുമസ്തന്‍മാരായും ഇന്ത്യക്കാര്‍ ഈ പ്രദേശങ്ങളിലേക്ക് വലിയതോതില്‍ കുടിയേറാന്‍ തുടങ്ങി. വന്‍കിട തോട്ടമുടമകളും കര്‍ഷകരുമായിരുന്നു ബ്രിട്ടനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍. ഇന്ത്യയും ബ്രിട്ടന്റെ ഒരു കോളനി ആയിരുന്നതിനാലും ബ്രിട്ടീഷുകാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യക്കാരെ ആവശ്യമുണ്ടായിരുന്നതിനാലും ഈ കുടിയേറ്റം താരതമ്യേനെ എളുപ്പമായിരുന്നു. എന്നിരുന്നാലും വംശീയമായ വിവേചനങ്ങള്‍ക്ക് ഇരകളായിരുന്നു ഇന്ത്യന്‍ കുടിയേറ്റക്കാര്‍. 1920ന്റെ തുടക്കമായപ്പോഴേക്കും കെനിയയിലെ ആകെ ബ്രിട്ടീഷുകാരുടെ ഇരട്ടിയായി അവിടത്തെ ഇന്ത്യന്‍ ജനസംഖ്യ. ഗവര്‍മെന്റ് കൃഷിക്കും തോട്ടങ്ങള്‍ക്കും വേണ്ടി ബ്രിട്ടനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വ്യാപകമായി ഭൂമി അനുവദിച്ച് നല്‍കാന്‍ തുടങ്ങി. ഇത് മസായികളുടെ മേച്ചില്‍ സ്ഥലങ്ങള്‍ ചുരുങ്ങുന്നതിനും അവരും ബ്രിട്ടീഷുകാരും തമ്മില്‍ രൂക്ഷമായ ചില സംഘര്‍ഷങ്ങള്‍ നടക്കുന്നതിനും കാരണമായി. ഇതോടെ ഭൂമി അളവില്ലാതെ അനുവദിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ വരുത്താന്‍ ഗവര്‍മെന്റ് നിര്‍ബന്ധിതമായി.

--------------------------

ഡ്രൈവറടക്കം ഏഴുപേരുമായി ഞങ്ങളുടെ വാഹനം മസായിമാര ലക്ഷ്യമായി അതിവേഗത്തില്‍ പോയിക്കൊണ്ടിരിക്കുകയാണ്. ഒരു പാക്കേജ് ടൂര്‍ സംഘത്തിനൊപ്പമുള്ള സഞ്ചാരം എത്രമേല്‍ വിരസവും മടുപ്പിക്കുന്നതുമാണെന്ന് ആദ്യദിനം തന്നെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. സംഘത്തില്‍ ഒട്ടും സമയക്രമം പാലിക്കാത്ത ചില കുടുംബങ്ങളുമുണ്ടായിരുന്നു. 8 ന് 15 മിനിറ്റ് മുന്‍പേയെത്തിയ ഞങ്ങള്‍ക്ക് ഒന്നര മണിക്കൂറോളമാണ് യാത്രക്ക് മുന്‍പായി അവിടെ കാത്തുനില്‍ക്കേണ്ടി വന്നത്. ടൂര്‍ കമ്പനി അവരുടെ ബാനറിന് പുറകില്‍ ഞങ്ങളെ അണി നിരത്തി ഗ്രൂപ്പ ഫോട്ടോ എടുത്തു. പൊതുവായ നിര്‍ദ്ദേശങ്ങള്‍ തന്നു. പിന്നെ പതുക്കെ ഓരോ വാഹനങ്ങളായി ഹോട്ടല്‍ സമുച്ചയത്തില്‍ നിന്ന് പുറത്തു കടന്നു. മഴമേഘങ്ങളെ വകഞ്ഞുമാറ്റി് അപ്പോഴേക്കും സുഖകരമായ ഒരിളം വെയില്‍ പരന്നുതുടങ്ങിയിരുന്നു. വഴിയരികിലെ വെള്ളക്കെട്ടുകള്‍ക്ക് മുകളിലൂടെ ചാടി കടന്ന് പോകുന്ന കാല്‍നട യാത്രീകര്‍ കേരളത്തിന്റെ മഴക്കാലത്തെ ഓര്‍മ്മിപ്പിച്ചു. പൊതു നിരത്തിലെ വാഹനങ്ങളുടെ അച്ചടക്കരാഹിത്യം ഇന്ത്യക്കാരില്‍ നിന്നാണ് ആഫ്രിക്കന്‍ നഗരങ്ങളിലേക്ക് പടര്‍ന്നതെന്ന സക്കറിയുടെ വരികളെ ഓര്‍മ്മിപ്പിച്ചു ഗതാഗത സ്തംഭനത്തിന്റെ ചില കെനിയന്‍ നഗര ദൃശ്യങ്ങള്‍. നഗര പരിധിക്കുള്ളില്‍ തന്നെ പലയിടത്തും എക്‌സ്പ്രസ്സ് വേകളുണ്ട്. തിരക്കും സൗകര്യങ്ങളും ഉള്ളവര്‍ അത് തിരഞ്ഞെടുക്കുന്നു.    

ഞങ്ങളുടെ സാരഥി ഡങ്കന്‍ രസികനാണ്. ടീം ക്യാപ്റ്റനായ അദ്ദേഹം നിരന്തരം വന്നുകൊണ്ടിരിക്കുന്ന വയര്‍ലെസ് സന്ദേശങ്ങളോട് പ്രതികരിച്ചും സംഘത്തിലെ മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഏതിരെയും മറികടന്നും പോയിക്കൊണ്ടിരുന്ന മറ്റു സഫാരി വാഹനങ്ങളുടെ ഡ്രൈവര്‍മാരോട് കൈവീശിക്കാണിച്ചും തിരക്കുകളിലാണ്. അതിനിടയില്‍ തന്നെ നഗരത്തെകുറിച്ച് വിവരിച്ച് തരുന്നുമുണ്ട്. ഓരോ സഫാരി വാഹനങ്ങളിലും കുറഞ്ഞതും കൂടിയതുമായ തരംഗദൈര്‍ഘ്യത്തോട് കൂടിയ കൂടിയ ശക്തമായ വയര്‍ലസ്സുകളുണ്ട്. ഇൗ പ്രവര്‍ത്തികള്‍ക്കിടയില്‍ തന്നെ മറ്റുവാഹനങ്ങളെ സമര്‍ത്ഥമായി മറികടക്കുന്നുമുണ്ട് ഡങ്കന്‍. വഴിയുടെ ഇടതുവശത്ത്  ഒരു വൈദ്യുതവേലിക്കപ്പുറം നൈറോബി നാഷണല്‍ പാര്‍ക്ക് കണ്ടു തുടങ്ങി. നരച്ച പുല്‍മേടുകളില്‍ ഏതൊക്കയോ മൃഗങ്ങളെ ഒരു പൊട്ടുപോലെ കാണം. മാനുകളും, സീബ്രകളും, വില്‍ഡെബീസ്റ്റുകളുമാകണം. അധികം ഉയരമില്ലാത്ത ഒറ്റമരങ്ങള്‍ക്ക് കൂട്ടായി നില കൊള്ളുന്ന ജിറാഫുകളെ മാത്രമാണ് സ്പഷ്ടമായി കാണുന്നത്. നൈറോബി നഗരത്തിലെ ബഹുനിലമന്ദിരങ്ങളുടെ വിദൂരപശ്ചാത്തലത്തില്‍ വന്യമൃഗങ്ങള്‍ മേയുന്ന ഫോട്ടോകള്‍ ലഭ്യമാകുമെന്നത് ഈ അഭയാരണ്യത്തെ വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നുണ്ടത്രെ.

മുന്‍സീറ്റില്‍ ഇബ്രു ഗോപ്രോയിലും ക്യാമറയിലുമായി ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന തിരക്കിലാണ്. പുറകിലെ സീറ്റില്‍ രണ്ട് ജോഡി ദമ്പതികളാണ്. നാലു പേരും മുംബൈയില്‍ നിന്നെത്തി ദുബായില്‍ ജോലി ചെയ്യുന്നവര്‍. അതില്‍ വിവേക് പൊതുവാള്‍. എന്ന ചെറുപ്പക്കാരന് മലയാളി വേരുകളുണ്ട്.  തൃശ്ശൂര്‍ കൊടകരക്കടുത്ത്  കോടാലിയിലാണ് വിവേകിന്റെ മുംബൈ മലയാളിയായ അച്ഛന്റെ തറവാട്. വിവേക് ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. അവിടെ നിന്നു തന്നെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. രണ്ടു പേരും ഇപ്പോള്‍ യു.എ.ഇ യില്‍ ജോലി ചെയ്യുന്നു.

വഴിയിലൊരിടത്ത് ചെറിയൊരു എയര്‍ സ്ട്രിപ്പ് കണ്ടു. ഇവിടെ നിന്ന് കെനിയയിലെ പലയിടത്തേക്കും പോകാനായി എയര്‍ ടാക്‌സികള്‍ ലഭിക്കും. ഒരുപാടു വിനോദസഞ്ചാരികള്‍ മസായിമാരയിലേക്ക് ഇവിടെ നിന്ന് അത്തരം ചെറുവിമാനങ്ങളിലാണ് പോയി വരാറുള്ളത് ഡങ്കന്‍ പറഞ്ഞു. വീണ്ടും നൈറോബി വന്യജീവി സങ്കേതത്തിന്റെ വിശാലത. ഉറക്കം കണ്‍പോളകളെ ആക്രമിച്ചു തുടങ്ങി. നൈറോബിയിലെ രാത്രി ജീവിതം കണ്ടുകൊണ്ട് അലഞ്ഞ ഒരു നീണ്ട രാത്രിയുടെ കനം കണ്ണുകള്‍ക്കും തലക്കുമുണ്ട്. ഓരോ വരിയിലും  ഈരണ്ടു സീറ്റുകളുണ്ട്. ഓരോ സീറ്റും ജാലകങ്ങളോട് ചേര്‍ന്ന്. അങ്ങിനെ 6 സീറ്റുകള്‍. മുന്‍പില്‍ ഡൈവര്‍ക്കൊപ്പം ഒരാള്‍ക്കൊപ്പം ഇരിക്കാം. എന്റെ വരിയിലുള്ള മറ്റേ സീറ്റില്‍ ആരുമില്ല. പുറകിലെ ദമ്പതിമാര്‍ മുന്‍പേ പരസ്പരം അറിയുന്നവരാണ് അവര്‍ ഇംഗ്ലീഷും ഹിന്ദിയും ഇടകലര്‍ത്തി തുടര്‍ച്ചയായി വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. വഴിയോരക്കാഴ്ച്ചകള്‍ നോക്കിയിരിക്കുന്നതിനിടയില്‍ എപ്പോഴോ അറിയാതെ ഉറക്കത്തിലേക്കാഴ്ന്നു.  

(തുടരും)

No comments:

Post a Comment