Friday, March 20, 2020

കോന്‍സോ സാംസ്‌ക്കാരിക ഭൂമിക


എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (10)
---------------------------------------------------------
ക്രിസ്തുമതവും പിന്നീട് ഇസ്ലാമും എത്യോപ്യയിലേക്ക് കടന്നു വന്നിട്ട് നൂറ്റാണ്ടുകളേറെ കഴിഞ്ഞിട്ടും തങ്ങളുടെ പരമ്പരാഗത ഗോത്രജീവിതത്തിലും ആചാരാനുഷ്ടാനങ്ങളിലും ഒരു മാറ്റവും വരുത്താന്‍ തയ്യാറാകാത്തവരാണ് ഓമോവാലിയിലെ പോലെ കോന്‍സോ പൈതൃകഗ്രാമത്തിലെ പര്‍വ്വതവാസികളായ ഗ്രാമീണരും. പക്ഷെ വസ്ത്രധാരണത്തിലും ഭക്ഷണശീലത്തിലും വിദ്യാഭ്യാസത്തിലും ഇന്ന് കോന്‍സോഗോത്രക്കാര്‍ക്ക് ചില മാറ്റങ്ങള്‍ വന്നിട്ടുമുണ്ട്. മറ്റ് ഗോത്രങ്ങളെ വെച്ച് നോക്കുമ്പോള്‍ ഒരു കാലത്ത് വളരെ പരിഷ്‌കൃതരും ആധൂനികരുമായിരുന്നു കോന്‍സോയിലെ ജനത. അവര്‍ക്ക് സ്വയം സമ്പൂര്‍ണ്ണമായ ഒരു ഗ്രാമവ്യവസ്ഥയും അധികാരകേന്ദ്രങ്ങളും ആസൂത്രിത പാര്‍പ്പിട സമ്പ്രദായവും തട്ടുതട്ടായി മണ്ണ്-ജല സംരക്ഷണം നടത്തിക്കൊണ്ടുള്ള കൃഷി സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. തനതായ ശാസ്ത്രസാങ്കേതികവിദ്യകളും സാമൂഹ്യഎൈക്യവും സാംസ്‌ക്കാരിക മൂല്യങ്ങളും ഉണ്ടായിരുന്ന ഒരു ജനത. മറ്റ് ഗോത്രവര്‍ഗ്ഗങ്ങള്‍ ഇരുളിലാണ്ടു പോന്ന ഒരു കാലത്ത് ഏറെ നവീനരായിരുന്നു അവര്‍. എന്നാല്‍ ചരിത്രത്തിന്റെ എതോ വഴിയോരത്ത് വെച്ച് അവര്‍ മുന്നോട്ടുള്ള യാത്ര മതിയാക്കി.

അങ്ങിനെ കാലം നിശ്ചലമായി പോയ ഒരിടമാണ് കോന്‍സോ സാംസ്‌ക്കാരിക ഭൂമിക. 1977 മുതല്‍ യുനസ്‌ക്കോ സംരക്ഷിത പ്രദേശമാണിത്. ലോകത്തിന്റെ പലഭാഗത്ത് നിന്ന് നിരന്തരം വന്നു പോകുന്ന നരവംശശാസ്ത്ര ഗവേഷകര്‍ക്കും സാംസ്‌ക്കാരിക പഠിതാക്കള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സഞ്ചാരികള്‍ക്കുമൊക്കെ മുന്‍പില്‍ അതിന്റെ പരമ്പരാഗത ജീവിതം തുടരുമ്പോഴും അതുവഴി തുറന്നു കിട്ടിയ ചില പുതിയ ഉപജീവനവഴികളുമായി ചേര്‍ന്നു പോകുകയും ചെയ്യുന്നു ഈ ഗ്രാമം. കോന്‍സോ സാംസ്‌ക്കാരിക ഭൂഭാഗത്ത് ഇന്ന് ആയിരത്തില്‍ താഴെ കുടുംബങ്ങളാണുള്ളത്. കല്ലുകള്‍ അടക്കി വെച്ച് നിര്‍മ്മിച്ച ആളുയരം വരുന്ന പുറംമതിലുകള്‍ക്കിടയിലൂടെ നീണ്ടു കിടക്കുന്ന ഇടുങ്ങിയ നടവഴികള്‍. അവക്കിടയിലും ഉള്ളിലുമായാണ് കുരുങ്ങിക്കിടക്കുകയാണ് മുഖ്യ ഗ്രാമം. ഗ്രാമമുഖ്യന്റെയും പുരോഹിതന്റെയും ഭവനങ്ങള്‍, ദൈവപ്പുരകള്‍, വെളിപാട് തറകള്‍, ഗ്രാമസഭകള്‍ ചേരുന്ന ഇടങ്ങള്‍, ധാന്യപ്പുരകള്‍ ഗ്രാമത്തിലെ പൊതു ഇടങ്ങള്‍ എല്ലാമുണ്ട് അതിനിടയില്‍. ഒരു സ്വയം സമ്പൂര്‍ണ്ണഗ്രാമത്തിനു വേണ്ട നെയ്ത്തും മണ്‍പാത്രനിര്‍മ്മാണവും കൈവേലകളും കൃഷിത്തരങ്ങളുമൊക്കെയായി അവരവിടെ കഴിഞ്ഞു കൂടുന്നു.

ഗ്രാമത്തിന് താഴെയായാണ് കൃഷിയിടങ്ങള്‍. ഉയര്‍ന്ന മലപ്രദേശത്ത് തട്ട് തട്ടായുള്ള സ്ഥലത്ത് ധാനങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നു. ശവമടക്കിനും ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നതിനുമായി പരിപാലിക്കപ്പെടുന്ന വിശുദ്ധവനങ്ങളും ഗ്രാമത്തിന് പൊതുവായുള്ള ജലസംഭരണികളും ഇവിടെയാണ്. കോന്‍സോയിലെ ടെറസ്ഫാമിങ്ങ് പ്രശസ്തമാണ്. തലമുറകളായി പകര്‍ന്നു കിട്ടിയ പരിസ്ഥിതി സംരക്ഷണ പാഠങ്ങള്‍ അവരിന്നും പിന്തുടരുന്നു. ഇന്ന് വിദേശ വിനോദസഞ്ചാരികള്‍ ധാരാളമായി ഈ ഗ്രാമത്തിലേക്കെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കുട്ടികച്ചവടക്കാര്‍ കരകൗശലവസ്തുക്കളുമായി സഞ്ചാരികള്‍ക്കൊപ്പം തന്നെയുണ്ട്. ഭൂനിരപ്പില്‍ നിന്ന് കരിങ്കല്ലുകൊണ്ട് കെട്ടി ഉയര്‍ത്തിയ ചെറു തറകള്‍ക്ക് മുകളിലാണ് പുരകള്‍. വൃത്താകൃതിയിലാണ് ചുമരും മേല്‍പ്പുരയും. മരക്കമ്പുകള്‍ കുത്തിനിറുത്തിയതാണ് ചുമര്‍. കമ്പുകള്‍ക്ക് മേല്‍ കനത്തില്‍ പുല്ല് മേഞ്ഞതാണ് മേല്‍ക്കൂര. ഗ്രാമവാസികളുടെ കുടിലിന്റെ നേര്‍പ്പകര്‍പ്പ് തന്നെയാണ് കാലിപ്പുരകളും. ചില കുടിലിനകത്ത് കാലികളെയും കണ്ടു. ഒരിടത്ത് വലിയൊരു കല്ല് കിടക്കുന്നുണ്ട്. പഴയ ആചാരപ്രകാരം പ്രായപൂര്‍ത്തിയായ ഒരു ചെറുപ്പക്കാരന്‍ ആ കല്ലുയര്‍ത്തി തലക്ക് മുകളിലൂടെ പുറകിലേക്കിടണം. അതിനായാല്‍ മാത്രമേ വിവാഹിതനാകാന്‍ അയാള്‍ യോഗ്യത നേടുകയുള്ളു.

21 തലമുറകളുടെ പഴക്കമാണ് ഇന്ന് കാണുന്ന തരത്തിലുള്ള കോന്‍സോ സംസ്‌കൃതിക്കുള്ളത്. 400 വര്‍ഷത്തോളമായി ഒരു തനത് സാംസ്‌ക്കാരിക തുരുത്തായി ഇത് നിലനില്‍ക്കുന്നു. തലമുറകളുടെ വംശാവലി അവര്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. കുത്തി നിറുത്തിയ മരത്തടികളും കല്‍സ്തംഭങ്ങളും മരപ്രതിമകളുമുപയോഗിച്ചാണ്. പലയിടത്തായി ചിതറിക്കിടക്കുന്ന Anthropomorphic മര പ്രതിമകളിലും തടി-കല്‍ തൂണുകളിലും ലിഖിതങ്ങളിലും ചിഹ്നങ്ങളിലുമായി ഈ വംശാവലിപട്ടികയും ചരിത്രവും ചിതറിക്കിടക്കുന്നു. കൃഷിക്ക് പുറമെ
തേനീച്ചവളര്‍ത്തലും നെയ്ത്തും അവരുടെ ഉപജീവനമാര്‍ഗ്ഗങ്ങളാണ്‌. മൊരിങ്ങ എന്നു തന്നെ അവര്‍ വിളിക്കുന്ന മുരിങ്ങയാണ് പ്രധാനഭക്ഷ്യവസ്തുക്കളിലൊന്ന്. മുരിങ്ങയുടെ ഇല മുതല്‍ കായും തൊലിയും ഉണക്കിയ കുരുവുമൊക്കെ പല വിധ രോഗങ്ങള്‍ക്കുള്ള ഔഷധമായി ഉപയോഗിച്ച് പോരുന്നു അവര്‍.

യുനസ്‌ക്കോ സാസ്‌ക്കാരികഭൂമികാപദവിപ്രകാരം ലഭ്യമാകുന്ന നിയമപരിരക്ഷയും പ്രാദേശിക സ്വയംഭരണവും വിദേശസഹായങ്ങളും കോന്‍സോയുടെ പ്രത്യേകതകളാണ്. പൈതൃകവും പാരമ്പര്യത്തനിമയും നിലനിര്‍ത്തുന്നതിന് ഗോത്രത്തലവന്‍മാരും ഗവര്‍മെന്റ് പ്രതിനിധികളും യുനസ്‌ക്കോ നിരീക്ഷകരും അടങ്ങുന്ന സംവിധാനം നിലവിലുണ്ട്.
പലയിടത്തും പ്രദര്‍ശനമൂല്യത്തിന് വേണ്ടി ഒരു മ്യൂസിയം പീസുപോലെ ഇത്തരം ജനസമൂഹങ്ങളെ നിലനിര്‍ത്തിയിരിക്കുകയാണെങ്കില്‍ കോന്‍സോയിലതങ്ങനെയല്ല. പുതിയ കാലവുമായി പലയിടത്തും വെച്ച് അവര്‍ സന്ധിക്കുമ്പോഴും അവരിന്നും അവരുടെ നടപ്പുരീതികളും ആചാരാനുഷ്ഠാനങ്ങളും കാര്‍ഷിക രീതികളും ദൈനംദിന വ്യവഹാരങ്ങളും സാംസ്‌ക്കാരിക മൂല്യങ്ങളും മാറ്റമില്ലാതെ തുടര്‍ന്നു പോരുന്നു. കരിങ്കല്‍കെട്ടുകള്‍ക്കിടയിലെ ഈ ഒറ്റയടിപ്പാതകളിലൂടെയുള്ള ഈ യാത്രക്കിടയില്‍ എവിടേയൊ വെച്ച് നാം സ്വയം നഷ്ടപ്പെട്ടുപോകും. മരത്തില്‍ കൊത്തിയ ആഫ്രിക്കന്‍ മുഖം മൂടികള്‍, ആരാധനയ്ക്കും മൂര്‍ത്തികളെ തളച്ചിട്ടിട്ടുള്ളതുമായ പ്രതിമകള്‍, ഏതോ കാലത്ത് സ്വപ്നത്തില്‍ കണ്ടതെന്ന് നമ്മെ വിഭ്രമിപ്പിക്കുന്ന ചില വൃദ്ധമുഖങ്ങള്‍, നാമറിയാതെ എവിടെ നിന്നൊക്കയോ നമ്മെ നിരീക്ഷിക്കുന്ന ചില കണ്ണുകള്‍. ചിത്രമെടുപ്പും മറ്റുമായി അലയുന്നതിനിടയില്‍ പലപ്പോഴും നാം കൂട്ടം തെറ്റിയിരിക്കും. ഭയപ്പെടുത്തുന്ന യാതൊന്നും അവിടെയില്ലെങ്കില്‍ തന്നെയും ആ അന്തരീക്ഷവും ഏകാന്തതയും വല്ലാതെ സംഭ്രമിപ്പിക്കും നമ്മളെ.

പ്രകൃതിക്കും അവിടെ ജീവനുണ്ട്. അതുമൊരു മനുഷ്യനായി തന്നെയാണ് അനുഭവപ്പെടുക. ജരാനിരകളാല്‍ ഏറെ ആക്രമിക്കപ്പട്ടതാണ് പക്ഷെ അത്. കരകൗശലവസ്തുക്കളുടെ കച്ചവടത്തിനും പണത്തിനും മറ്റു സംഭാവനകള്‍ക്കു വേണ്ടിയും നമ്മുടെ ഫോണും ക്യാമറയും കാണുന്നതിനുവേണ്ടിയും നമുക്കൊപ്പം കൂടുന്ന കുട്ടികള്‍ മാത്രമാണ് നമ്മെ വിഭ്രമാത്മകമായ ആ അന്തരീക്ഷത്തില്‍ നിന്ന് അല്‍പ്പമെങ്കിലും രക്ഷിച്ചെടുക്കുക. രാവണന്‍കോട്ടപോലെയുള്ള ആ കല്‍മതിലുകള്‍ക്കുള്ളിലെ ഒറ്റയടിപ്പാതയിലൂടെ നടന്ന് ഒടുവില്‍ തുറസ്സായ സ്ഥലത്തെത്തി. വൃത്താകൃതിയിലുള്ള മേല്‍പ്പുരയോട് കൂടിയ ഒരു തുറന്ന മണ്ഡപമുണ്ടവിടെ. ഗ്രാമസഭകള്‍ ചേരുന്നതോ പൊതു ആവശ്യങ്ങള്‍ക്കുള്ളതോ ആവണം അത്. തല പെരുത്തിരിക്കുന്നു അവിടെയിരുന്നു. അന്‍വറും ജോയേട്ടനും ദത്തേട്ടനുമെത്തി പുറകെ അബ്ദുവും. ഡോ. അജിനെ കാണാനില്ല.

കുറച്ച് കുട്ടികള്‍ അവര്‍ നിര്‍മ്മിച്ച കരകൗശലവസ്തുക്കള്‍ വില്‍ക്കുന്നതിനായി ഞങ്ങള്‍ക്കൊപ്പം കൂടിയിരുന്നു. അതിലൊരാള്‍ക്ക് ക്യാമറ കാണണം, തൊടണം പിന്നീട്‌  അവരുടെ ഫോട്ടോ എടുത്ത് കാണണം. ആ ഫോട്ടോകള്‍ കാണുന്നതിനിടക്ക് ഫോണില്‍ നാട്ടിലെ ഫോട്ടോകള്‍ കണ്ടപ്പോള്‍ അത് മുഴുവനും കാണണമെന്നായി. ഒടുവില്‍ ആഡിസ് അബാബയിലെ ലാന്‍ഡിങ്ങും ദുബായ് നഗരവും അര്‍മേനിയയും നോങ്ങല്ലൂരുമൊക്കെ വീഡിയോകളിലൂടെ കണ്ടു തുടങ്ങിയതോടെ ആ കുട്ടിക്കൂട്ടം വലുതായി വലുതായി വന്നു. അവരുടെ സ്‌നേഹം കെട്ടിപിടിക്കലും മുടിയും ഷര്‍ട്ടുമൊക്കെ പിടിച്ച് വലിക്കലും പിച്ചലുമൊക്കെയായി പടര്‍ന്നു തുടങ്ങി. ഷര്‍ട്ടും ട്രൗസറുമാണ് ഗ്രാമീണരുടെ വേഷം. സ്ത്രീകള്‍ മേല്‍ക്കുപ്പായവും (മിക്കവാറും ബനിയന്‍) താഴെ ഞെറികളോട് കൂടി രണ്ട് തട്ടായി കിടക്കുന്ന മുക്കാല്‍ പാവടയും ധരിക്കുന്നു. പ്രദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പരുത്തിയില്‍ നിന്ന് നൂലുണ്ടാക്കി കൈത്തറി കൊണ്ട് നെയ്‌തെടുക്കുന്ന തുണികൊണ്ടുള്ളതാണ് പാവാടകള്‍. കുട്ടികളുടെ ആഘോഷം കൂടി വന്നപ്പോള്‍ ഗ്രാമീണരില്‍ ചിലര്‍ വന്ന് കുട്ടികളെ ശാസിച്ചു. കുറച്ച് കൂടി വലിയ കുട്ടികള്‍ കുറച്ചപ്പുറത്തായി പന്തു കളിക്കുന്നുണ്ട്. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ചില സ്ത്രീകള്‍ വീടുകളിലേക്ക് പോകുന്നുണ്ട്. ചില കുട്ടികളെങ്കിലും സ്‌ക്കൂളില്‍ പോകുന്നവരാണ് മോശമില്ലാതെ ഇംഗ്ലീഷും സംസാരിക്കുന്നുണ്ട്. ചില ചെറിയ കുട്ടികള്‍ സന്ദര്‍ശകരുമായുള്ള സഹവാസം കൊണ്ടാകണം ചില ഇംഗ്ലീഷ് വാക്കുകള്‍ പറയുന്നുണ്ട്. പക്ഷെ വൈദ്യുതി എത്തിയിട്ടില്ല മറ്റ് അനുബന്ധ ഉപകരണങ്ങളും ഒന്നുമില്ല. ഒഴിവാക്കാനാകാത്ത വൈദ്യുതി ആവശ്യങ്ങള്‍ക്കായി പൊതുവായ ഒരു ഡീസല്‍ ജനറേറ്ററുണ്ട് ഇപ്പോഴവിടെ.

താമസിക്കാതെ ഡോ. അജിനെത്തി ഞങ്ങളുടെ ഗൈഡും ഡോക്ടറെ തിരഞ്ഞു പോയ അബ്ദുവും ഒപ്പമുണ്ട്. അതിനിടയില്‍ എതോ കുടിലില്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന പ്രദേശികമായ അരാക്ക് (ചാരായം) വാങ്ങിയിട്ടിയുണ്ട് മൂപ്പര്‍ കത്തിച്ചാല്‍ കത്തുന്നതാണ്. അത് പരീക്ഷിക്കുന്നതിന്റെ വീഡിയോയും കാണിച്ചു തന്നു. ഒരു പക്ഷെ ഈ സംസ്‌കൃതിയോളം തന്നെ പഴക്കമുള്ളതാകണം അവിടത്തെ ഈ പ്രദേശിക മദ്യത്തിനും അതുണ്ടാക്കുന്ന പുരാതനമായ രീതികള്‍ക്കും. ഏറെ നേരമായി ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളില്‍ നിന്നും അവരുണ്ടാക്കിയ പുതിയ മാതൃകയിലുള്ളതും പരമ്പരാഗതവുമായ കരകൗശലവസ്തുക്കള്‍ വാങ്ങി. അവര്‍ക്കെല്ലാവര്‍ക്കുമായി കുറച്ച് പണം കുടി കൊടുത്ത് ഞങ്ങള്‍ യാത്ര പറഞ്ഞു. 

എല്ലാ തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയുമാണ് ചന്ത ദിവസങ്ങള്‍. ഞങ്ങള്‍ കോന്‍സോയിലെത്തിയത് വ്യാഴാഴ്ച്ചയായതുകൊണ്ട് ഗ്രാമചന്ത കൂടി കാണാന്‍ കഴിഞ്ഞു. കോന്‍സോ സാംസ്‌ക്കാരിക ഭൂമികയില്‍ നിന്ന് ചന്തയിലെത്തുമ്പോഴേക്കും വെയില്‍ ചാഞ്ഞ് തുടങ്ങിയിരുന്നു.

(തുടരും)