Monday, March 8, 2010

മലമുകളിലെ ദൈവങ്ങള്‍

ഫോട്ടോ : സുര്‍ജിത്ത്‌ അയ്യപ്പത്ത്‌

("ഒരു കുന്നിന്റെ കഥ നാടിന്റെയും" - തുടര്‍ച്ച)

ഒരു വശത്ത്‌ കല്ലുവെട്ടും മണ്ണെടുപ്പും മുന്നേറികൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു പ്രാദേശികവിനോദസഞ്ചാരകേന്ദ്രം എന്ന രീതിയില്‍ കുന്ന്‌ വളരുകയായിരുന്നു. സിനിമ-സീരിയല്‍ ചിത്രീകരണസംഘങ്ങള്‍ കുന്നത്തെ സ്ഥിരം കാഴ്‌ച്ചയായി. വധൂവരന്‍മാരെയും കൊണ്ട്‌ വാതില്‍പ്പുറചിത്രീകരണത്തിനെത്തുന്ന വീഡിയോഗ്രാഫര്‍മാരും സമീപപ്രദേശങ്ങളില്‍ നിന്നൊക്കെ കുടുംബവുമായി കാറ്റുകൊള്ളാനെത്തുന്നവരും നടക്കാനെത്തുന്നവരും ഗ്രാമത്തിലെ ചെറുപ്പക്കാരുടെ കൂട്ടായ്‌മകളും ചേര്‍ന്ന്‌ വൈകീട്ടും അവധിദിനങ്ങളിലും കുന്നിനെ സജീവമാക്കി. സ്‌ക്കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ക്ലാസൊഴിവാക്കി വരുന്ന വിദ്യാര്‍ത്ഥികളും കമിതാക്കളും സൗകര്യമായി തുറസ്സിലിരുന്ന്‌ മദ്യപിക്കാനെത്തുന്നവരും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള മറതേടിവരുന്നവരുമായിരുന്നു പകല്‍സമയത്തെ സന്ദര്‍ശകരിലധികവും.

ഫോട്ടോ : പി. വി. പത്മനാഭന്‍

കുന്നിലും ചുറ്റുവട്ടത്തുമായി നടന്നുപോന്നിരുന്ന വാറ്റുചാരായനിര്‍മ്മാണത്തിന്‌ പതീറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. സൗകര്യപ്രദമായ സ്ഥലമായതുകൊണ്ട്‌ തന്നെ വാറ്റുകാരുടെ ഇഷ്ട സങ്കേതമായിരുന്നു ഇവിടം. മറ്റു ഗ്രാമങ്ങളിലെന്ന പോലെ പലരും ഇവിടെയും പല കാലത്തായി ഈ ജീവിതമാര്‍ഗ്ഗം തിരഞ്ഞെടുത്തിട്ടുണ്ട്‌. കുന്നത്തെ പൊന്തക്കാടുകളിലും ചോലയിലെ ചതുപ്പുകളിലുമായി തങ്ങളെ കാത്തിരിക്കുന്ന രാസലായിനി തേടി സമീപഗ്രാമങ്ങളില്‍ നിന്നൊക്കെ ചൂട്ടുകുറ്റികള്‍ ഈ കുന്നിനെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു മുന്‍പ്‌. പുരോഗമനപ്രസ്ഥാനങ്ങളും പുത്തന്‍രാഷ്ടീയബോധവും ശക്തിപ്രാപിച്ച അറപതുകളോടെ നിന്നുപോയ ഈ വ്യവസായം വീണ്ടും തുടങ്ങാന്‍ 80 കളുടെ അവസാനം മുതല്‍ ഒരു ചെറു സംഘം രംഗത്തെത്തിയിരുന്നു. കുന്നത്തേക്കുള്ള സഞ്ചാരികളുടെ വരവ്‌ ആദ്യകാലഘട്ടത്തില്‍ ഇവരെ അലോസരപ്പെടുത്തിയെങ്കിലും പതുക്കെ അതിന്റെ സാധ്യതകള്‍ മനസ്സിലാക്കി കുന്നിന്റെ സംരക്ഷകരെന്ന പുതിയ വേഷമണിഞ്ഞു ഇവര്‍. ചിറയില്‍ വെള്ളമെടുക്കാനായി എത്തിയിരുന്ന സ്‌തീകളെ ശല്യം ചെയ്യാനാഞ്ഞ പൂവാലസംഘത്തെയും കുന്നത്തിരുന്ന്‌ മദ്യപിച്ച്‌ നാട്ടിലേക്കിറങ്ങിയ ഒരുകൂട്ടം യുവാക്കളെയും കൈകാര്യം ചെയ്‌തുവിട്ട ഇവരെ തുടക്കത്തില്‍ നാട്ടുകാരും അംഗീകരിച്ചു. ഇതോടെ കുന്നിന്റെ സംരക്ഷകരെന്ന സ്ഥാനം സ്വയമേറ്റെടുത്തു ഇവര്‍. കുന്നത്ത്‌ എന്തുമാകാം പക്ഷെ ഈ സംഘത്തെ വേണ്ടതുപോലെ കാണണം എന്ന അവസ്ഥയായി പിന്നീട്‌. വീഡിയോഗ്രാഫര്‍മാര്‍ വരെ കപ്പം കൊടുത്തുതുടങ്ങി ഇവര്‍ക്ക്‌. ഗുണ്ടാസംഘങ്ങളെക്കുറിച്ച്‌ കേരളം കേട്ടുതുടങ്ങിയ അക്കാലത്തുതന്നെ അതിന്റെ ചെറുപതിപ്പ്‌ അങ്ങിനെ ഇവിടെയും പ്രത്യക്ഷപ്പെട്ടു.


ഫോട്ടോ : പി. വി. പത്മനാഭന്‍

മദ്യം തലയ്‌ക്കുപിടിച്ച കുന്നത്തെ പകല്‍സഞ്ചാരികളിലൊരാള്‍ ഉണങ്ങിനില്‍ക്കുന്ന ഭ്രാന്തന്‍പുല്ലിന്‌ തീയിട്ടത്‌ പടര്‍ന്ന്‌ കുന്നിന്റെ പടിഞ്ഞാറെചെരുവിലെ ഓലമേഞ്ഞ കോളനിവീടുകളില്‍ പകുതിയോളവും കത്തിയമര്‍ന്നത്‌ ഇക്കാലത്താണ്‌. ഉറങ്ങികിടന്നിരുന്ന ഒരു കൊച്ചുകുട്ടി തലനാരിഴയ്‌ക്കാണ്‌ മരണത്തില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌. പക്ഷെ ഈ സംഭവവും തങ്ങള്‍ക്കനുകൂലമാക്കി മാറ്റി കുന്നിന്റെ പുതിയ സംരക്ഷകരും മണ്ണുകരാറുകാരും. പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവിക കാലതാമസം മുതലെടുത്ത ഇവര്‍ മണ്ണ്‌ വണ്ടികളില്‍ കവുങ്ങും മുളയും ഓലയുമായി കുന്ന്‌ കയറി. ഒരു രാത്രികൊണ്ട്‌ പടിഞ്ഞാറെ കുന്നത്തെ കോളനിയിലെ കത്തിപ്പോയ വീടുകളത്രയും കെട്ടിമേഞ്ഞ്‌ പഴയ പടിയാക്കി. ഒപ്പം ജനരോഷം പഞ്ചായത്തിനെതിരെ സമര്‍ത്ഥമായി തിരിച്ചുവിട്ടു. ക്രമേണ ഇവിടത്തെ പ്രബലശക്തിയായി ഈ സംഖ്യം വളര്‍ന്നു. അവരുടെ ചെയ്‌തികളെ ചോദ്യം ചെയ്‌ത ഉണ്ണി എന്ന നാട്ടുകാരന്‌ കുന്നിന്‌ നേരെ താഴെയായുള്ള തന്റെ വീടുപേക്ഷിച്ച്‌ മാറിതാമസിക്കേണ്ടി വന്നു. ഓണവും ക്രിസ്‌തുമസ്സും പോലെ തിരക്കേറുന്ന വിശേഷദിവസങ്ങളില്‍ ആയുധങ്ങള്‍ കരുതികൊണ്ടായി ഇവരുടെ സാന്നിദ്ധ്യം. ഒരിക്കല്‍ പിന്തുണകൊടുത്തവര്‍ തന്നെ പശ്ചാത്തപിച്ചുതുടങ്ങിയപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു തുടങ്ങിയിരുന്നു.
















ഫോട്ടോ : സുര്‍ജിത്ത്‌ അയ്യപ്പത്ത്‌


അങ്ങിനെയിരിയ്‌ക്കുമ്പോഴാണ്‌ 2001 ല്‍ 'മുരാരി' എന്ന തെലുങ്കു സിനിമയുടെ ഗാനചിത്രീകരണം ഇവിടെവെച്ച്‌ നടന്നത്‌. ചിത്രീകരണസംഘം മടങ്ങിയപ്പോള്‍ ഒരു കല്‍ വിഗ്രഹം കുന്നത്തെ റവന്യൂഭൂമിയില്‍ ബാക്കിയായി. ഇതു ചിത്രീകരണസംഘത്തിന്റെതാണെന്നും അല്ല ആസൂത്രിതമായി ആരോ കൊണ്ടുവെച്ചതാണെന്നും രണ്ടഭിപ്രായമുണ്ട്‌. എന്തായാലും കുന്നിന്റെ പുതു സംരക്ഷര്‍ അതിനുമേല്‍ക്കൂര തീര്‍ത്തു. കാര്യമായ എതിര്‍പ്പൊന്നുമില്ലെന്ന്‌ കണ്ടപ്പോള്‍ അതിനുമുന്‍പിലായി ഒരു ഭണ്‌ഡാരവും വിളക്കുതറയും സ്ഥാപിച്ചു അധികം താമസിക്കാതെ തന്നെ വലിയൊരു അരയാല്‍ തൈയ്യും കാവിക്കൊടിയും അവിടെ പ്രത്യക്ഷപ്പെട്ടു. വിശ്വാസത്തിന്റെ മറവില്‍ പതുക്കെ കുന്ന്‌ മുഴുവന്‍ സ്വന്തമാക്കി തങ്ങളുടെ സാമ്രാജ്യം തീര്‍ക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. അപകടം മനസ്സിലാക്കിയ നാട്ടിലെ ഒരു സംഘം ചെറുപ്പക്കാര്‍ ഇതിനെതിരെ രംഗത്തുവന്നു. പഞ്ചായത്തിലേയ്‌ക്കും വില്ലേജ്‌ ഓഫീസിലേയ്‌ക്കും പരാതികളെത്തി. മതപരമായ മുതലെടുപ്പ്‌ ഭയന്ന്‌ പഞ്ചായത്തും ഭീഷണിയ്‌ക്കുമുന്‍പില്‍ വില്ലേജ്‌ ഓഫീസ്‌ അധികാരികളും പിന്‍മാറി.














അങ്ങിനെയാണ്‌ കുന്നിന്റെ നിലനിര്‍ത്താനായി വിപുലമായ ഒരു ജനകീയകൂട്ടായ്‌മയെപ്പറ്റി ആലോചന നടക്കുന്നത്‌. അക്കിക്കാവ്‌ ജാഗ്രതജനവേദിയുടെയും തൃശ്ശൂര്‍ കേരളീയം സാംസ്‌ക്കാരിക പത്രത്തിന്റെയും സഹകരണത്തോടെ ഓണക്കാലത്തെ പൗര്‍ണ്ണമി ദിവസം 'നിലാവറിയുന്നു' എന്ന പേരില്‍ ഒരു രാത്രിമുഴുവന്‍ കുന്നത്ത്‌ കഴിച്ചുകൂട്ടാനുള്ള പദ്ധതി തയ്യാറായി. മുന്നാം ഓണദിവസം രാത്രി കുന്നത്ത്‌ ഒത്തുചേരാന്‍ നാട്ടുകാരോടെപ്പം പരിസരപ്രദേശങ്ങളിലെ കലാസമിതി - വായനശാല - സംഘടനാപ്രവര്‍ത്തകരും കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി - സാംസ്‌ക്കാരിക - മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും കലാകാരന്‍മാരുമായ ആളുകള്‍ കുന്നത്തെത്തി. പി. രാമന്റെ കവിതാലാപനത്തോടെത്തുടങ്ങിയ കൂട്ടായ്‌മയുടെ വൃത്തം പതുക്കെ വലുതായിത്തുടങ്ങി. പോകണോ എന്ന്‌ സംശയിച്ച്‌ വീട്ടിലിരുന്ന നാട്ടിലെ സ്‌തീകളും കുട്ടികളും അടക്കമുള്ളവര്‍ കുന്നുകയറി. പരിപാടിക്ക്‌ വേണ്ട സംരക്ഷണം തരാന്‍ തയ്യാറായി സമീപപ്രദേശങ്ങളില്‍ നിന്നുമുള്ള യുവാക്കളും കുന്നത്തെത്തിയിരുന്നു. അവരില്‍ രാഷ്ട്രീയ-സംഘടനാപ്രവര്‍ത്തകരും തീവ്രഇടതുപക്ഷപ്രസ്ഥാനങ്ങളുടെ അനുഭാവികളും ശാസ്‌ത്രസാഹിത്യപരിഷത്തുകാരും വായനശാല കലാസമിതി പ്രവര്‍ത്തകരുമുണ്ടായിരുന്നു. നിര്‍ദോഷമായ ഒരു പരിസ്ഥിതി ഒത്തുകൂടലല്ല കുന്നത്ത്‌ നടക്കുന്നതെന്നും അജണ്ട തങ്ങള്‍ക്കെതിരാണെന്നും ഗുണ്ടാസംഘം മനസ്സിലാക്കിയത്‌ വളരെ വൈകിയാണ്‌. കുന്നത്ത്‌ വെച്ചൊരു പ്രകടനത്തിന്‌ പറ്റിയ അന്തരീക്ഷമല്ല എന്ന്‌ മനസ്സിലാക്കിയ അവര്‍ കുന്നിറങ്ങി. താഴ്‌വാരത്തു നിന്ന്‌ ഒറ്റപ്പെട്ട്‌ കുന്ന്‌ കയറി വരുന്നവരെ തിരിച്ചയക്കാനായി പിന്നെ അവരുടെ ശ്രമം. പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍. നീലകണഠനടക്കമുള്ളവരെ തടയാന്‍ സംഘം ശ്രമിച്ചെങ്കിലും അവിടെ നിന്നും അവര്‍ക്ക്‌ പിന്‍മാറേണ്ടി വന്നു. തങ്ങള്‍ ഒറ്റയ്‌ക്കല്ല എന്ന തിരിച്ചറിവുണ്ടായതോടെ ഗുണ്ടാസംഘത്തിനെതിരെ തുറന്നുസംസാരിക്കാന്‍ കുന്നത്തെ കോളനിയിലെ സ്‌തീകളടക്കമുള്ളവര്‍ രംഗത്തുവന്നു. ഈ നാട്ടിലെ സാഹോദര്യവും സമാധാനന്തരീക്ഷവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല എന്ന പൊതുതീരുമാനം യോഗം കൈകൊണ്ടു. കൂട്ടായ്‌മയ്‌ക്കെത്തിയവര്‍ക്കായി തയ്യാറാക്കിയ കഞ്ഞിയും പുഴുക്കും പകുതിപേര്‍ക്കുപോലും തികഞ്ഞില്ല. വീണ്ടും അടുപ്പെരിഞ്ഞു. വെള്ളവും അരിയും വിറകും കുന്നുകയറി വന്നു. തെളിഞ്ഞ നിലാവില്‍ തുറസ്സിന്റെ വിശാലതയില്‍ വി. എം. ഗിരിജയും, പി.പി. രാമചന്ദ്രനും, അന്‍വര്‍ അലിയും, എസ്‌. ജോസഫും, റഫീക്ക്‌ അഹമ്മദും കവിതകളാലപിച്ചു. തുടര്‍ന്ന്‌ ഗസല്‍ രാവ്‌. അഹമ്മദാബാദ്‌ നാച്വര്‍ ലവേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റായ മധുസൂദന്റെ നേതൃത്വത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരേയും ഉള്‍പ്പെടുത്തി കുന്നില്‍ സംരക്ഷണ വലയം. പിന്നെ മാജിക്ക്‌ ഷോ, തായമ്പക, നാടന്‍പാട്ട്‌. രാവേറെയായിട്ടും ആരും കുന്നിറങ്ങിയിലല്ല. ഓണനിലാവില്‍ കുളിച്ചുകിടക്കുന്ന കുന്നിന്റെ കാഴ്‌ച്ചയില്‍, കുന്നിനുചുറ്റുമുള്ള ഗ്രാമത്തിന്റെ മായികമായ കാഴ്‌ച്ചയില്‍ മതിമറന്ന്‌ പുലരുവേളം കഥയും കവിതയും ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ച്‌ അവര്‍ കഴിച്ചുകൂട്ടി.


നാടിന്റെ പൊതുസ്വത്തായ കുന്ന്‌ കൈവശപ്പെടുത്താനും മതേതരപാരമ്പര്യം തകര്‍ക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായി സ്ഥാപിച്ച വിഗ്രഹം അപ്പോള്‍തന്നെ നീക്കംചെയ്യണം എന്ന ആലോചന കൂട്ടായ്‌മയ്‌ക്കിടയില്‍ ചിലര്‍ ഉയര്‍ത്തിയെങ്കിലും നിയമപരമായി തന്നെ ദൈവത്തെ കുടി ഒഴിപ്പിക്കാനായിരുന്നു യോഗ തീരുമാനം. എന്തായാലും ആ കൂട്ടായ്‌മ നടന്ന്‌ ഒരു മാസത്തിനുള്ളില്‍ തൃശ്ശൂരിലെ അന്നത്തെ ജില്ലാ പോലീസ്‌ അധികാരികളുടെ സാന്നിദ്ധ്യത്തില്‍ കുന്നത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ അധികാരികള്‍ പൊളിച്ചുമാറ്റി. യാതൊരു എതിര്‍പ്പും ഇല്ലാതെ തന്നെ. അങ്ങിനെ വര്‍ഗീയ ശക്തികളുടെയും മണ്ണുമാഫിയയുടെയും സഹായത്തോടെ ഒരു സംഘം നടത്തിയ കൈയ്യേറ്റ ശ്രമത്തെ കല്ലഴിക്കുന്ന്‌ അതിജീവിച്ചു. മറ്റൊന്നു കൂടി സംഭവിച്ചു നാട്ടില്‍. വര്‍ഷങ്ങളായുള്ള സാംസ്‌ക്കാരികരംഗത്തെ നിര്‍ജീവതയക്ക്‌ ശേഷം അകതിയൂരില്‍ ഒരു കലാസമിതി സ്ഥാപിതമായി. നാസര്‍ മെമ്മോറിയല്‍ ആര്‍ടസ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌. അകതിയൂര്‍ ദേവി വിലാസം സ്‌ക്കൂല്‍ മൈതാനത്ത്‌ കാലങ്ങള്‍ക്ക്‌ ശേഷം വീണ്ടും പുരുഷാരം തിങ്ങി നിറഞ്ഞ ഒരു രാവില്‍ പി. ടി. കുഞ്ഞുമുഹമ്മദും ആലംകോട്‌ ലീലാകൃഷ്‌ണനും ചേര്‍ന്ന്‌ ക്ലബിന്‌ തിരി തെളിയിച്ചു. അങ്ങിനെ നാടിന്റെ നായകത്വം വീണ്ടും മാനവിക മതേതര മൂല്യങ്ങളില്‍ വിശ്വസിയ്‌ക്കുന്ന ഒരു തലമുറ ഏറ്റെടുത്തു. "നിങ്ങളുടെ തെരുവില്‍ ഒരനീതി നടന്നാല്‍ അന്ന്‌ വൈകുന്നേരത്തിന്‌ മുന്‍പ്‌ അത്‌ ചേദ്യം ചെയ്യപ്പെട്ടിരിക്കണം അല്ലെങ്കില്‍ ആ തെരുവ്‌ കത്തിച്ചാമ്പലാകട്ടെ" എന്നുറക്കെ മുദ്രാവാക്യം വിളിച്ച്‌ കുന്നിറങ്ങിപ്പോയ ജനകീയ സാംസ്‌ക്കാരിക വേദിക്കാലത്തെ യുവതയുടെ കനലുകള്‍ അപ്പോഴും ആ ഗ്രാമങ്ങളിലൊക്കെ ശേഷിയ്‌ക്കുന്നുണ്ട്‌ എന്ന്‌ തിരിച്ചറിയുകയായിരുന്നു ദേശം.
................................................................

"ഒരു കുന്നിന്റെ കഥ നാടിന്റെയും" ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു.