എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (15)
---------------------------
ഹവാസ ഒയാസിസ് ഇന്റര്‍നാഷണല്‍ എന്ന ത്രിനക്ഷത്ര ഹോട്ടലിലെ സാമാന്യം വലിപ്പമുള്ള മുറിയില്‍ മികച്ച ശയനസുഖം തരുന്ന കിടക്കയിലായിരുന്നിട്ടും ഉറക്കം കാര്യമായി നടന്നില്ല ആ രാത്രിയില്‍. യാത്രക്കിടയിലെ ചിലദിവസങ്ങളിങ്ങനെയാണ്. ഓര്‍മ്മകളിലും പാതിയുറക്കത്തിലും സ്വപനങ്ങളിലും കുരുങ്ങിയങ്ങിനെ കിടക്കും. പുലര്‍ച്ചെ നേരത്തേ ഉണരേണ്ടതുണ്ട്. ഷാഷാമെനാണ് അദ്യ ലക്ഷ്യസ്ഥാനം. ചെഗുവേര വന്നുപോയ സ്ഥലമെന്നാണ് ഡോ. അജിന്‍ ആ സ്ഥലത്തെ പറ്റി ആദ്യം വിശദീകരിച്ചത്. അദ്ദേഹത്തിന് പേര് പെട്ടെന്ന് മാറിപ്പോയതായിരുന്നു. റസ്തഫാരി മതവിഭാഗത്തിന്റെ കേന്ദ്രമായ അവിടെ ഉറങ്ങുന്നത് ബോബ്മാര്‍ലിയുടെ ഓര്‍മ്മകളാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെമിറ്റിക് മതമെന്നറിയപ്പെടുന്ന റസ്തഫാരി ആവിര്‍ഭവിക്കുന്നത് 1930കളില്‍ മാര്‍ലിയുടെ ജമൈക്കയിലായിരുന്നു. ആഫ്രിക്കയില്‍ നിന്ന് അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്കും ജമൈക്ക അടക്കമുള്ള കരീബിയന്‍ ദ്വീപ് സമൂഹങ്ങളിലേക്കും അടിമകളാക്കി കൊണ്ടു പോയവരുടെ പിന്‍മുറക്കാരാണ് റസ്തഫാരി പ്രസ്ഥാനത്തിന് തുടക്കമിടുന്നത്. സ്വത്വം തേടിയുള്ള ആത്മീയാന്വേഷണങ്ങളാണ് അവരെ റസ്തഫാരിസത്തിലേക്കും ഹെയ്‌ലി സെലാസിയിലേക്കും എത്യോപ്യയിലേക്കും കൊണ്ടെത്തിച്ചത്.
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വെറുക്കപ്പെട്ട ഇരുണ്ട അധ്യായങ്ങളിലൊന്നായ അടിമ കടത്ത് കച്ചവടാടിസ്ഥാനത്തില്‍ ആദ്യം തുടങ്ങിവെക്കുന്നത് അറബികളാണ്. ഒമാന്‍ സുല്‍ത്താന്റെ കീഴിലുണ്ടായിരുന്ന സാന്‍സിബാറായിരുന്നു (ഇന്നത്തെ ടാന്‍സാനിയയില്‍) ആഫ്രിക്കയിലെ ഏറ്റവും കുപ്രസിദ്ധമായ അടിമകടത്ത് കേന്ദ്രം. ആഫ്രിക്കക്കാരെ മൃഗങ്ങളെപോലെ പിടിച്ച് കച്ചവട ചരക്കാക്കി കൈമാറ്റം ചെയ്ത് കപ്പലുകളില്‍ വിദൂരദേശങ്ങളില്‍ വില്‍ക്കുകയായിരുന്നു പതിവ്. ഏഴാം നുറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വരെ അറബികള്‍ കയ്യാളിയിരുന്ന ഈ രംഗത്തേക്ക് 15-ാം നൂറ്റാണ്ട് മുതല്‍ 19-ാം നൂറ്റാണ്ട് വരെയുള്ള കാലത്ത് യൂറോപ്യന്‍മാര്‍ കടന്നുവന്നു. അറ്റ്‌ലാന്റിക് സ്ലേവ് ട്രേഡ് എന്നറിയപ്പെടുന്ന യൂറോപ്യന്‍ അടിമവ്യാപാരത്തിന്റെ ഇക്കാലത്താണ് അമേരിക്ക ഉള്‍പ്പടെ പല പുതിയ കോളനികളും കണ്ടുപിടിക്കുന്നത്. ആ കോളനികളിലെ തോട്ടംപണികള്‍ക്കും മറ്റുമായി കൊണ്ടുവരപ്പെട്ട ആഫ്രിക്കന്‍ അടിമകള്‍ നയിച്ചത് മൃഗസമാനമായ ജീവിതമായിരുന്നു. പിന്നീട് ജനാധിപത്യത്തിന്റെയും പുത്തന്‍ ആശയങ്ങളുടെയും കാലമെത്തിയതോടെ ആ അടിമകളുടെ പിന്‍മുറക്കാരായവര്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായി മോചിപ്പിക്കപ്പെട്ടു. പക്ഷെ അപ്പോഴും അവശേഷിച്ച വര്‍ണ്ണവെറിക്കും വംശീയതക്കും മറ്റു വിവേചനങ്ങള്‍ക്കും മുന്നില്‍ ആദ്യം പകച്ചു നിന്ന അവര്‍ പതുക്കെ ചെറുത്തുനില്‍പ്പുകളാരംഭിച്ചു. അവര്‍ തങ്ങളുടെ വേരുകള്‍ അന്വേഷിച്ചു തുടങ്ങി. തങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട മതങ്ങളൊന്നും തന്നെ സമത്വം പ്രധാനം ചെയ്യുന്നില്ലെന്നും ചൂഷകര്‍ക്കൊപ്പമാണ് ആ മതപൗരോഹിത്യങ്ങളൊക്കെ തന്നെയും എന്ന് മനസ്സിലാക്കിയ അവര്‍ പുതിയ അഭയകേന്ദ്രങ്ങളന്വേഷിക്കാനാരംഭിച്ചു അതാണൊടുവില്‍ റസ്തഫാരിയിലെത്തിയത്.
റസ്തഫാരി മതത്തിന്റെ അടിവേരുകള്‍ ക്രിസ്തുമതത്തിലാണ്. പക്ഷെ അവരുടെ വിശ്വസപ്രകാരം ക്രിസ്തുവിനുശേഷവും ഒരു ദൈവപുത്രന്‍ കടന്നുവരുന്നുണ്ട്. കറുത്തവരുടെ വിമോചനത്തിന് വേണ്ടി, ആ ദൈവപുത്രനാണ് എത്യോപ്യന്‍ ചക്രവര്‍ത്തിയായ ഹെയ്‌ലി സെലാസി. ക്രിസ്തുമതത്തില്‍ യേശുവിനുള്ള സ്ഥാനമാണ് റാസ്തഫാരിസത്തില്‍ സെലാസിക്ക്. ജമൈക്കയില്‍ നിന്ന് ആരംഭിച്ച റസ്തഫാരിസം കറുത്തലോകത്തിന് പുറത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നത് ബോബ് മാര്‍ലിയിലൂടയൊണ്. ഇംഗ്ലീഷുകാരനായ അച്ഛന്റെയും കറുത്തവര്‍ഗ്ഗക്കാരിയായ അമ്മയുടേയും മകനായി ജമൈക്കയില്‍ ജനിച്ച മാര്‍ലി. തന്റെ സംഗീതത്തിലൂടെ ലോകം കീഴടക്കിയപ്പോള്‍, സംഗീതം കൊണ്ട് വിവേചനത്തിനും വംശീയതക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പ്രതിഷേധവും പ്രതിരോധവുമുയര്‍ത്തിയപ്പോള്‍ മാര്‍ലിക്കൊപ്പം റസ്തഫാരിസവും ലോകമറിഞ്ഞു. തങ്ങളുടെ മാതൃഭൂമിയായ ആഫ്രിക്കയിലേക്കുള്ള മടക്കം സ്വപ്നം കണ്ട് കഴിയുന്ന വലിയൊരു വിഭാഗം കറുത്തവര്‍ഗ്ഗക്കാര്‍ ലോകത്തിലെമ്പാടുമുണ്ടായിരുന്നു. പക്ഷെ തലമുറകള്‍ക്ക് മുന്നേ വന്‍കരയുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട അവര്‍ക്ക് മടങ്ങാനായി ആഫ്രിക്കയില്‍ ഒരു രാജ്യമുണ്ടായിരുന്നില്ല. അത്തരക്കാര്‍ക്ക് വേണ്ടിയാണ് രണ്ടാംലോകമഹായുദ്ധാവസാനം
ഇറ്റാലിയന്‍ അധിനിവേശത്തില്‍ നിന്ന് മോചിതമായ എത്യോപ്യയില്‍ മടങ്ങിയെത്തി വീണ്ടും ചക്രവര്‍ത്തിപദമേറ്റെടുത്ത സെലാസി 200 ഹെക്ടര്‍ ഭൂമി ഷാഷമെന്നില്‍ അനുവദിക്കുന്നത്. എന്നാല്‍ അവിടേക്ക് കടന്നു വന്നവരിലേരെയും റസ്തഫാരി വിശ്വാസികളായിരുന്നു. അങ്ങിനെ പതുക്കെ റസ്തഫാരികളുടെ വാഗ്ദത്ത ഭൂമിയായി മാറി ഷാഷാമെന്‍.
പച്ചയും മഞ്ഞയും ചുവപ്പും ചേര്‍ന്ന എത്യോപ്യന്‍ പതാകയുടെ നിറങ്ങള്‍ തന്നെയാണ് റസ്തഫാരികളുടെ പതാകക്കും. മധ്യത്തില്‍ എത്ത്യോപ്യന്‍ രാജവംശത്തെ പ്രതിനിധാനം ചെയ്യുന്ന സിംഹം. കുരിശടയാളമുള്ള അധികാരദണ്ഡുമേന്തി നില്‍ക്കുന്ന കിരീടം വെച്ച ഈ സിംഹരൂപം (Lion of Judah) ജൂത സംസ്‌ക്കാരത്തിന്റെ ഒരു പ്രതീകം കൂടിയാണ്. സംഗീതവും ലഹരിയും റസ്തഫാരിസത്തിന്റെ അവിഭാജ്യമായ ഘടകങ്ങളാണ്. പാശ്ചാത്യസമൂഹത്തെ നിരാകരിക്കുക എന്ന ആഹ്വാനത്തോടെ ആരംഭിച്ച റസ്തഫാരിയിസത്തിന്റെ മുഖമായി പിന്നീട് മാറിയത് ബോബ് മാര്‍ലിയായിരുന്നു. അച്ഛന്‍ വെളുത്തവനായിരുന്നിട്ടും വംശീയമായ അധിക്ഷേപങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമിരയായി ബോബ് മാര്‍ലി. ഏറെ താമസിക്കാതെ കറുത്തവരുടെ വിമോചനപോരാട്ടത്തിന്റെ മുഖമായി മാറി മാര്‍ലിയും അദ്ദേഹത്തിന്റെ സംഗീതവും. കഞ്ചാവിനെ വിശുദ്ധമായി കണക്കാക്കുന്നവരാണ് റസ്തഫാരി വിശ്വാസികള്‍. മരിയുവാനയാണ് അവരുടെ ഇഷ്ട ലഹരി പദാര്‍ത്ഥം. റസ്തഫാരി വിശ്വസത്തിന്റെ ഭാഗമാണ് ലഹരിയും സംഗീതവും മാര്‍ലിയുടെ ജീവിതവും അങ്ങിനെ തന്നെ. എന്നാല്‍ ലോകത്തെ ഏറ്റവും പ്രതിഭാധനരിലൊരാളായ ആ സംഗീതജ്ഞനെ ഒരു ലഹരിയുമായി മാത്രം ചേര്‍ത്തുവെച്ചുള്ള വിലയിരുത്തലുകള്‍ മാര്‍ലി മുന്നോട്ട് വെച്ച പ്രതിരോധത്തിന്റെ രാഷ്ട്രീയത്തെ പൂര്‍ണ്ണമായും നിരാകരിക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ്. റസ്തഫാരി വിശ്വാസപ്രമാണങ്ങളുടെ ഭാഗമായി തന്നെയാണ് തലമുടി കയര്‍ പോലെ പിരിച്ച് നീട്ടി വളര്‍ത്തുന്ന ' ഡ്രെഡ്‌ലോക്ക് ' ജടാധാരണരീതി മാര്‍ലി സ്വീകരിക്കുന്നതും. റസ്തകളുടെ ആചാരമെന്നതുപോലെ കറുത്തവരുടെ സ്വത്വപ്രഖ്യാപനം കൂടിയാണ് ഈ കേശരൂപം.
1975ല്‍ ദിവ്യാത്ഭുതങ്ങളൊന്നും സംഭവിക്കാതെ ഹെയ്‌ലി സെലാസി അന്തരിച്ചതോടെ റാസ്തഫാരി വിശ്വാസികളുടെ എണ്ണത്തില്‍ വളരെ കുറവ് വന്നു. പിന്നീട് മാര്‍ലിയായിരുന്നു റാസ്തവിശ്വാസികളുടെ പ്രധാന പിന്‍ബലമായി തീര്‍ന്നത്. 36-ാം വയസ്സില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കേ കാന്‍സര്‍ രോഗം ബാധിച്ച് മരിക്കുന്നതുവരെ വരെ റസ്തഫാരിസത്തിന്റെ വക്താവായിരുന്നു മാര്‍ലി. റസ്തഫാരികളുടെ കേന്ദ്രം എന്ന നിലയില്‍ മാര്‍ലി എന്നും ആരാധനയോടെ നോക്കിക്കണ്ട ഇടമായിരുന്നു ഷാഷാമെന്‍. 1978ല്‍ മാര്‍ലി ഷാഷാമെനിലെത്തുന്നുമുണ്ട്. 1981 ല്‍ മാര്‍ലി മരിക്കുമ്പോള്‍ എത്യോപ്യ കമ്മ്യൂണിസ്റ്റ് ദെര്‍ഗ് ഭരണത്തില്‍ കീഴിലായിരുന്നു. അതുകൊണ്ടാകാം ജമൈക്കയില്‍ തന്നെയാണ് മാര്‍ലിയുടെ ശരീരം അടക്കം ചെയ്തത്. 2005 ല്‍ മാര്‍ലിയുടെ 60-ാം ജയന്തിദിനചരണത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭൗകിതാവശിഷ്ടങ്ങള്‍ ജമൈക്കയില്‍ നിന്നും ഷാഷാമാനിലെത്തിച്ച് അടക്കം ചെയ്യുമെന്ന് മാര്‍ലിയുടെ പത്‌നി പറഞ്ഞിരുന്നെങ്കിലും അതിതുവരെ സംഭവിച്ചിട്ടില്ല. കറുത്തവരുടെ വിമോചനപോരാട്ടത്തിന്റെ ഭാഗമായി തുടങ്ങിയ റസ്തഫാരിസത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് പാശ്ചാത്ത്യസമൂഹത്തിന്റെ നിരാകരണമായിരുന്നു. ആ ജീവിതശൈലിയോടൊപ്പം പാശ്ചാത്ത്യരോടും അകലം പാലിച്ച റസ്തഫാരികളുടെ അനുയായികളായി ഇന്ന് വലിയൊരു വിഭാഗം വെള്ളക്കാരാണുള്ളത്. മാര്‍ലിയിലൂടെ റാസ്തഫാരിസത്തിന് യൂറോപ്പിലും അമേരിക്കയിലും പ്രചാരം കിട്ടി. അങ്ങിനെ മതത്തിലേക്ക് കടന്നുവന്ന വെള്ളക്കാര്‍ ഇന്ന് ഷാഷാമാനിലുമുണ്ട്. വന്‍കരയക്ക് പുറത്തുള്ള വേരുകള്‍ നഷ്ടപ്പെട്ട കറുത്തവര്‍ക്ക് മടങ്ങിവരാനായി നീക്കിവെക്കപ്പെട്ട വാഗ്ദത്ത ഭൂമിയില്‍ ഇന്ന് താമസക്കാരായി വെള്ളക്കാരയ റാസ്തകളുമുണ്ടെന്നുള്ളത് ചരിത്രത്തിന്റെ വിചിത്രമായ കുഴമറിച്ചിലുകളുടെ ബാക്കിയാണ്.
പുലര്‍ച്ചെ 3.30ക്ക് എഴുന്നേറ്റ് തയ്യാറായി പുറത്തിറങ്ങി. ഹോട്ടലും പരിസരവും പൂര്‍ണ്ണനിശബ്ദതയിലാണ്. നല്ല തണുപ്പുണ്ട്. ആഘോഷരാവുകള്‍ക്ക് ശേഷം ഏറെ വൈകി ഉറങ്ങുന്ന നഗരമാണ് അവാസ അതുകൊണ്ട് തന്നെ ഇവിടത്തെ പ്രഭാതവും ഏറെ വൈകിയാണ്. വണ്ടി ഓടിതുടങ്ങിയതോടെ ഉറക്കത്തിലേക്ക് വീണ്ടും മടങ്ങി പലരും. ആഡിസ് അബാബയിലെപ്പോലെ തെരുവോരങ്ങളില്‍ പ്രകാശം പരത്തി നിലകൊള്ളുന്നത് ഹോട്ടലുകളുടേയും റിസോട്ടുകളുടേയും ഉഴിച്ചില്‍ കേന്ദ്രങ്ങളുടെയും പരസ്യപലകകള്‍ മാത്രമാണ്. മുന്‍ സീറ്റിലിരിക്കുന്ന ഡോക്ടര്‍ ഉറക്കത്തിലാണ്. അബ്ദു അതിവേഗത്തിലാണ് വണ്ടി ഓട്ടിക്കൊണ്ടിരിക്കുന്നത്. റോഡും വളരെ മികച്ചതാണ്. ഷാഷാമെന്നെത്തുന്നതും നോക്കി ഉറങ്ങാതെ കാത്തിരിക്കുകയാണ് അന്‍വറും ഞാനും. ഇടക്ക് ഡോ.അജിനോട് സ്ഥലമെത്താരായോ എന്ന് ചോദിച്ചിരുന്നു. ഇല്ലെന്നും അബ്ദു പറയുമെന്നുമായിരുന്നു മറുപടി. ഇടക്കെപ്പോഴോ ഉറങ്ങിപ്പോയി. ഉണരുമ്പോള്‍ പുലരിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. താമസിക്കാതെ അബിജട്ട-ഷാല നാഷണല്‍ പാര്‍ക്കെത്തും ഡോക്ടര്‍ ചോദിക്കാതെ തന്നെ പറഞ്ഞു. 'അപ്പോള്‍ ഷാഷാമെന്‍' ?. 'അതു കഴിഞ്ഞു പോയി'. അബ്ദു പറഞ്ഞില്ലല്ലോ എന്ന് ചോദിച്ച
ഞങ്ങളോട് ഡോകടര്‍ പറഞ്ഞു. അബ്ദുവിനോട് പറയേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു അവിടെ നേരം വെളുക്കാതെ ഒന്നും കാണാനാകില്ല. അവിടെ നേരം കളഞ്ഞാല്‍ പിന്നെ അബിജട്ട-ഷാല നാഷണല്‍ പാര്‍ക്ക് കാണാനുമാകില്ല. അജിന്‍ പറഞ്ഞത് ശരിയാണ് എങ്കിലും മാര്‍ലിയുടെ ഓര്‍മ്മകളുറങ്ങുന്ന ആ നഗരത്തിന്റെ വഴിയോരക്കാഴ്ച്ചകള്‍ പോലും കാണാനായില്ലല്ലോ എന്ന നഷ്ടബോധത്തോടെ ഞങ്ങളിരുന്നു.
(തുടരും)
Interesting 🤝
ReplyDeleteവായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി...
Deleteരാമു ഭായ് ഇത് എത്യോപിയയെ കുറിച്ചുള്ള ബൃഹത്തായ ഒരു സഞ്ചാരവിവരണം തന്നെയാണ് കേട്ടോ
ReplyDeleteനന്ദി മുരളിയേട്ടാ...
DeleteIthu ellam cherthu oru book aakkikoode...
ReplyDeleteതീർച്ചയായും
ReplyDelete