Tuesday, May 25, 2010

ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍
രണ്ടു വര്‍ഷത്തോളമാകുന്നു ഞാനൊരു പ്രവാസിയായിട്ട്‌. അവിവാഹിതന്‍. ഒരു പാരമ്പര്യ കാര്‍ഷികകുടുംബത്തില്‍ ജനനം. മതവുമായുള്ള ഇടപെടലുകള്‍ അധികമുണ്ടായിട്ടില്ല ജീവിതത്തില്‍. അച്ഛനൊരു കോണ്‍ഗ്രസ്സ്‌ അനുഭാവിയായിരുന്നു. അമ്മയും ഒരു കോണ്‍ഗ്രസ്സ്‌ കുടുംബത്തില്‍ നിന്ന്‌. മതവും ആചാരങ്ങളും സ്വകാര്യ ജീവിത്തില്‍ എന്നതിനപ്പുറം. പൊതുജീവിതത്തെ സ്വാധീനിച്ചിട്ടില്ല. ദൈവവിശ്വാസവും ഈശ്വരചിന്തയും ഏതൊരുസാധരണക്കാരനിലുമെന്നതുപോലെ. പഠിച്ചിരുന്ന കോണ്‍വെന്റ്‌ സ്‌കൂളിലെ പള്ളിയില്‍ ഉച്ച സമയത്ത്‌ ജാതി മത ഭേദമന്യേ മുട്ടികുത്തിനിന്ന്‌ പ്രാര്‍ത്ഥിക്കുമായിരുന്നു. മനസ്സില്‍ കളികളെ കുറിച്ചുള്ള ചിന്തകളായിരുന്നെങ്കിലും. പരീക്ഷക്കാലത്ത്‌ എല്ലാമതങ്ങളിലെ ദൈവങ്ങളേയും വിളിച്ചാകും പ്രാര്‍ത്ഥന. സ്‌കൂള്‍ പഠനക്കാലത്ത്‌ RSS നോട്‌ ചെറിയൊരാഭിമുഖ്യം തോന്നിയിരുന്നു. അന്ന്‌ തലക്കോട്ടുകര അമ്പലത്തിന്‌ താഴെയായി അവര്‍ ശാഖ നടത്തിയിരുന്നു. വല്യമ്മയോടൊന്നിച്ച്‌ അമ്പലത്തില്‍ പോയി വരും വഴി അത്‌ നോക്കിനില്‍ക്കുമായിരുന്നു. അവര്‍ തന്ന ഹെഡ്‌ഗേവാറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്‌തകങ്ങള്‍ മനസ്സിരുത്തി വായിച്ചിരുന്നു. അക്കാലത്ത്‌ മാതൃഭൂമി പത്രത്തില്‍ വന്ന കാക്കിട്രൗസറിട്ട്‌ വരിതെറ്റാതെ നീങ്ങുന്ന ഒരു പഥസഞ്ചലനത്തിന്റെ ഫോട്ടോ വെട്ടിയെടുത്ത്‌ കൂറേക്കാലം സൂക്ഷിച്ചിരുന്നു.  


ആ താല്‍പര്യം പതുക്കെ ഇല്ലാതായി. അന്നത്തെ ശാഖാ ശിക്ഷക്‌ പിന്നീട്‌ ഒരു കളവുകേസില്‍ പെടുകയും ചെയ്‌തു. സ്വയം സേവകനുണ്ടാകുമെന്ന്‌ അവകാശപ്പെട്ടിരുന്ന അച്ചടക്കം സദാചാരം ഇതെല്ലാം കൈവിട്ട നിലയില്‍ അവരില്‍ പലരെയും കണ്ടുതുടങ്ങി. ക്രമേണ സി.സി. പിടുത്തം വരെയുള്ള അനുബന്ധ കലാപരിപാടികളിലും അവരില്‍ ചിലര്‍ അംഗങ്ങളായി.

പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോളാണ്‌ ബാബറി മസ്‌ജിദ്‌ സംഭവം നടക്കുന്നത്‌. പൂന്തറ, വിഴിഞ്ഞം കലാപങ്ങള്‍, സിനിമാതിയ്യറ്ററുകളിലെ സിഗരറ്റ്‌ ബോംബ്‌ പ്രയോഗങ്ങള്‍. മദനിയുടെ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍. വിഷം ചെറുതായി കലര്‍ന്നുതുടങ്ങിയിരുന്നു കേരളത്തില്‍. പക്ഷെ ക്യാംപസില്‍ അതെക്കുറിച്ച്‌ ചൂടേറിയ സംവാദങ്ങള്‍ നടന്നിരുന്നു വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും വര്‍ഗീയതയെ ശക്തമായി എതിര്‍ത്തിരുന്നവരായിരുന്നു.

കേരളത്തിന്റെ സാമൂഹിക ജീവിത പരിസരത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച്‌ പറയുമ്പോള്‍, 1992നു മുന്‍പും ശേഷവും എന്നിങ്ങനെ കാലത്തെ രണ്ടാക്കിതിരിക്കാം എന്ന്‌ തോന്നുന്നു.


1992 ശേഷമാണ്‌ സംഭവങ്ങള്‍ മാറിമറയുന്നത്‌. ആളുകള്‍ കൂടുതല്‍ religious ആകുന്നു. യുവാക്കളില്‍ ഭക്തികൂടുന്നു. രാഷ്ടീയം പതുക്കെ മതത്തോടടുക്കുന്നു. നാടായനാടുകളിലൊക്കെ ക്ഷേത്രങ്ങളില്‍ നവീകരണകലശങ്ങളും പുന:പ്രതിഷ്ടാകര്‍മ്മങ്ങളും നടക്കുന്നു. യാഥാത്ഥിതികത്വവും ജാതിചിന്തയും വീണ്ടും വേരോടുന്നു. ഇസ്ലാം മതത്തിലാകട്ടെ യുവാക്കള്‍ യാഥാസ്ഥിതിക മത സംഘടനകളുടെ അണിയാളുകളാകുന്നു. മത സംബന്ധിയായ പുസ്‌തകങ്ങളുടെ വായനയും ചര്‍ച്ചകളും സംവാദങ്ങളും സജീവമാകുന്നു. പര്‍ദ്ദവ്യാപകമാകുന്നു. ഒഴിവുദിവസങ്ങളില്‍ നമ്പൂതിരി യുവജന സംഘവും നായര്‍ സര്‍വീസ്‌ സെസൈറ്റിയും തുടങ്ങീ എല്ലാവിധ ജാതി മതസംഘടനകള്‍ക്കും പരിപാടികളാകുന്നു. അതില്‍ നിന്ന്‌ ഒഴിഞ്ഞുമാറി നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തുന്നു. അതിനെ മറികടക്കണമെങ്കില്‍ ഏതെങ്കിലും രാഷ്ടീയകക്ഷികളിലെ പിന്നണിയാകണം എന്ന അവസ്ഥ വരുന്നു.

ആഗോളീകരണവും വര്‍ഗീയതയും കേരളത്തിലേക്ക്‌ കടന്നു വന്ന ഇക്കാലത്ത്‌ തന്നെയാണ്‌ കേരളത്തിലെ പൊതുഇടങ്ങള്‍ ശുഷ്‌കമാകുന്നതും. ദൂരദര്‍ശന്‍ സജീവമാകുന്നതും അക്കാലത്തു തന്നെ. ഞായറാഴ്‌ച്ചകളിലെ 4 മണിനേരങ്ങളില്‍ കുറച്ച്‌ വര്‍ഷത്തെക്കെങ്കിലും കവലകളില്‍ ആളുകളെ കാണാതായി തുടങ്ങി. കളിക്കളങ്ങളില്‍ ആളൊഴിഞ്ഞു. ഇതിന്റെ ഗുണഫലം പിന്നീട്‌ അനുഭവിച്ചതും മത-വര്‍ഗീയ കൂട്ടായ്‌മകള്‍ തന്നെ.

ഫോട്ടോ : അജീഷ്‌ . കെ. എ

മതങ്ങളുടെയും യാഥാസ്ഥിതികത്വത്തിന്റെയും കടന്നുകയറ്റം കേരളത്തിന്റെ പൊതുജീവിതത്തെയാണ്‌ എറ്റവും അധികം ബാധിച്ചത്‌. വായനശാല, പ്രാദേശിക കലാസമിതികള്‍, ഫിലിംസൊസൈറ്റികള്‍, കളിക്കളങ്ങള്‍ ഇതിനെയൊക്കെയാണ്‌. ഇവിടങ്ങളില്‍ നിന്നൊക്കെ കൊഴിഞ്ഞുപോയ അല്ലെങ്കില്‍ ഇവിടെ എത്തേണ്ടിയിരുന്ന ഒരു തലമുറ മതം തീര്‍ത്ത നാലതിരുകള്‍ക്കുള്ളിലേക്ക്‌ ചുരുങ്ങി അവിടെ രാമായണമാസാചരണത്തിനും ഭാഗവതസപ്‌താഹയഞ്‌ജത്തിനും ശ്രമക്കാരായി. മറുവശത്ത്‌ ഖുറാന്‍ പഠനങ്ങളും വ്യാഖ്യനങ്ങളും ചര്‍ച്ചാക്ലാസുകളും നടന്നു. പ്രഫഷണല്‍ കേളോജ്‌ വിദ്യാര്‍ത്ഥികളെ വരെ അവധിക്കാലക്യാമ്പുകളിലൂടെ മതത്തിന്റെ കയറുകൊണ്ട്‌ കുരുക്കി.

സാമുദായികസംഘടനകള്‍ക്ക്‌ അധികം വോരോട്ടമില്ലാതിരുന്ന മണ്ണാണ്‌ ഞങ്ങളുടെ നാട്‌. അങ്ങിനെയിരിക്കെ അയല്‍ ഗ്രാമത്തില്‍ ഒരു യോഗം വിളിച്ച്‌ ചേര്‍ക്കുന്നു ചിലര്‍. നാടിന്റെ പിന്നോക്കാവസ്ഥമാറ്റാനായി ഒരു സംഘടനവേണമെന്നും അതിന്‌വേണ്ടിയാണ്‌ ഒത്തുചേരലെന്നും അറിയിപ്പ്‌. ചെന്നപ്പോള്‍ ഒരു വിഭാഗത്തിലെ ആളുകള്‍ മാത്രം. ചര്‍ച്ച തുടങ്ങി സംഘടനക്ക്‌ ഒരു പേരിടണമെന്നായി. എസ്‌. എന്‍. ഡി. പി എന്നാകാമെന്ന്‌ സംഘാടകര്‍ അതെങ്ങിനെ ആ പേരില്‍ ഒരു സംഘടനയുണ്ടല്ലോ എന്ന്‌ ചിലര്‍. എങ്കില്‍ അതിന്റെ ശാഖയാകാമെന്നായി. നാടിന്റെ ക്ഷേമത്തിന്‌ ഒരു സംഘടന എന്ന്‌ പറഞ്ഞ്‌ യോഗം വിളിച്ചത്‌ ഇതിനായിരുന്നോ എന്ന്‌ ചോദ്യമുയര്‍ന്നപ്പോള്‍ പ്രവര്‍ത്തിക്കാന്‍ ഫണ്ട്‌ ആവശ്യമുണ്ടെന്നും എസ്‌. എന്‍. ഡി. പി . ശാഖയാണെങ്കില്‍ പണത്തിന്‌ ബുദ്ധിമുട്ടുണ്ടാകുകയില്ലെന്നും മറുപടി. എങ്കില്‍ എന്‍. ഡി. എഫ്‌. ശാഖയാകാം അവരാണ്‌ ഇപ്പോള്‍ കൂടുതല്‍ ഫണ്ടിറക്കുന്നതെന്നായി മറുപക്ഷം. ഒടുവില്‍ പുതിയ സംഘടന വെണ്ടെന്നും പ്രദേശത്ത്‌ നിലവിലുള്ള കലാസമതി സജീവമാക്കാം എന്നും തീരുമാനമെടുത്ത്‌ യോഗം പിരിഞ്ഞു. എസ്‌. എന്‍. ഡി. പി.യില്‍ നുഴഞ്ഞുകയറി സംഘടന പിടിച്ചെടുക്കാന്‍ പരിവാര്‍ ശ്രമമുണ്ടെന്ന്‌ കേട്ടിരുന്ന കാലത്തായിരുന്നു പ്രസ്‌തുതയോഗവും.
കടവല്ലൂര്‍ ഗവ. സ്‌കൂളിന്റെ 100 വര്‍ഷം. ആഘോഷപരിപാടികള്‍ നടക്കുന്നു. അതില്‍ പങ്കെടുക്കവെ ആലോചിച്ചുപോയത്‌ അതിന്റെ ചരിത്രമാണ്‌. ജാതീയതയും ജന്മിത്വവും കൊടികുത്തിനിന്ന കാലത്ത്‌ തുടങ്ങിയ ഒരു സ്‌ക്കൂള്‍ അവിടെ കാലങ്ങള്‍ നീങ്ങവെ ജന്മിയുടെയും കുടിയാന്റെയും മക്കള്‍ പഠിക്കാനെത്തുന്നു. അവരൊരുബെഞ്ചിലിരുന്നു പഠിക്കുന്നു അവിടെ ജന്മംകൊണ്ട്‌ പുലയനും നമ്പൂതിരിയും തീയ്യനും നായരും ആശാരിയുമൊക്കെയായ കുട്ടികളുണ്ട്‌ പരസ്‌പരം തൊട്ടതുകൊണ്ട്‌ ആകാശം കീഴ്‌മേല്‍ മറിയില്ല എന്ന്‌ അവര്‍ മനസ്സിലാക്കുന്നു കളിയും ചിരിയും പഠനവും മറ്റുമായി അവരൊന്നായി മാറുന്നു സ്‌കൂള്‍ വിടുമ്പോഴേക്കും നല്ല കൂട്ടുകാരാകുന്നു. അവിടെ നിന്ന്‌ പോയി ഡോക്ടറും എഞ്ചീനീയറും തഹസീല്‍ദാറും പ്രവാസിയും സര്‍ക്കാര്‍ ഗുമസ്‌തനും നാട്ടുപണിക്കാരനും കൃഷിക്കാരനുമൊക്കെയായി മാറുന്നു പക്ഷെ അവിടെ തൊഴിലിനടിസ്ഥാനം ജന്മമല്ല വിദ്യാഭ്യാസവും കഴിവുമാണെന്ന്‌ വരുന്നു. സഹജീവനത്തിലൂടെ ജാതി മത ചിന്തകള്‍ പതുക്കെ വഴിമാറുന്നു. അങ്ങിനെയുള്ള ഒട്ടനവധി സ്‌കൂളുകള്‍ കൂടി ചേര്‍ന്നല്ലെ കേരളത്തെ കേരളമാക്കിയത്‌. ആ സ്ഥാനത്ത്‌ പുതിയ സ്‌ക്കൂളുകള്‍ വന്നുകഴിഞ്ഞു. അല്‍ഹുദസ്‌കൂളില്‍ പോകുന്നത്‌ അധികം മുസ്ലീം കുട്ടികളാണ്‌ സരസ്വതി വിദ്യലയത്തില്‍ സ്വാഭാവികമായും ഹിന്ദുകുട്ടികള്‍. L.k.g മുതല്‍ 12 ക്ലാസ്‌ വരെ ചുറ്റും തങ്ങളുടെ മതത്തില്‍ നിന്നുള്ള കുട്ടികള്‍ മാത്രം. പഠനത്തോടൊപ്പം സ്‌കൂളില്‍ നിന്ന്‌ പകര്‍ന്നുകിട്ടുന്നത്‌ മതപാഠങ്ങള്‍. കടവല്ലൂര്‌ സ്‌ക്കൂള്‍ സമൂഹത്തെ മാറ്റിയതുപോലെയല്ലെങ്കിലും പുതു സ്‌ക്കൂളുകളും സമൂഹത്തെ മാറ്റികൊണ്ടിരിക്കുന്നു. അല്ല പിളര്‍ത്തിക്കൊണ്ടിരിക്കുന്നു.


അധികം കാത്തിരിക്കേണ്ടി വന്നില്ല ഒന്നാം മാറാട്‌ കലാപത്തിന്‌. അത്‌ വ്യക്തമായ ഒരു സൂചനയായിരുന്നു. കേരളത്തിന്റെ ഭാവിയിലേയ്‌ക്കും ഭരണകൂടവും ജനങ്ങളും ജാഗരൂകരായില്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളിലേക്കും. രാഷ്ടീയം വളരെ മലിനപ്പെട്ടു തുടങ്ങി. പെണ്‍വാണിഭ കേസുകളിലും. കഞ്ചാവ്‌ കൃഷി, വനംകൊള്ള, ചന്ദനകടത്ത്‌, സ്‌പിരിറ്റ്‌ മാഫിയ എന്നിവയിലൊക്കെയും രാഷ്ടീയ നേതാക്കളുടെ പങ്കാളിത്തം പരസ്യമായി തുടങ്ങി. ഇതിനൊക്കെ സംരക്ഷണം നല്‍കാന്‍ പുതിയ രാഷ്ടീയ - പോലീസ്‌ - ഗുണ്ടാ കൂട്ടുകെട്ട്‌ രംഗത്തെത്തി. കള്ളപ്പണവും പെട്രോഡോളറും റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയും രാഷ്ടീയ - വര്‍ഗീയ - ബിസിനസ്സ്‌ - സ്‌പിരിറ്റ്‌ - ഗുണ്ടാസംഘങ്ങളുമൊക്കെ കൂടിക്കുഴഞ്ഞ ഒരു സംഘം വളര്‍ന്നു വന്നു. കേരളത്തില്‍ കണ്ടെടുത്ത പൈപ്പ്‌ബോബുംകള്‍ക്കും സിനിമാതിയ്യറ്റര്‍ കത്തികലുകള്‍ക്കും ഉത്തരവാദികളാരുമുണ്ടായില്ല തീവ്രവാദം പതുക്കെ വളര്‍ന്നു. കാശ്‌മീരിലേക്ക്‌ ആളെയെത്തിക്കുന്നതുവരെയെത്തി. മാറാട്‌ കലാപത്തെക്കുറിച്ച്‌ സി.ബി.ഐ അന്വേഷണം എന്ന ആവശ്യം തുരങ്കം വെക്കപ്പെട്ടു.

ഒന്നാം മാറാട്‌ കലാപത്തിനുശേഷമാണ്‌ അക്കിക്കാവില്‍ ജാഗ്രതജനവേദി രൂപമെടുക്കുന്നത്‌. ജാതി മത ദ്രുവീകരണത്തിനെതിരെയുള്ള ഒരു ചെറുത്തുനില്‍പ്പായിരുന്നു ലക്ഷ്യം. ആയിടക്ക്‌ തന്നെ ദൃശ്യകല ഫിലിം സെസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു അക്കിക്കാവില്‍. പ്രാദേശികമായി എങ്ങിനെ വര്‍ഗീയതയെ ചെറുക്കാം എന്നതായിരുന്നു വിഷയം. മാസിക ഇറക്കിയും നാടകം കളിച്ചുംവര്‍ഗീയതെ എതിര്‍ക്കാം എന്ന്‌ ഒരു പക്ഷം പറഞ്ഞപ്പോള്‍ മറുപക്ഷം മുന്നോട്ട്‌ വെച്ചത്‌ മറ്റൊരാശമായിരുന്നു മതേതരമായ പൊതു ഇടങ്ങളെ ശക്തിപ്പെടുത്തുക. ക്ലബുകളും വായനശാലകളും കലാശാലകളും കളിക്കളങ്ങളും ഉണര്‍ത്താന്‍ ബോധപൂര്‍വ്വമായി ഇടപെട്ടുകൊണ്ടിരിക്കുക. വര്‍ഗീയത കടന്നുകയറാനിടയുള്ള പരിസരങ്ങളില്‍ ജാഗരൂകരായി നിലയുറപ്പിക്കുക. കൂട്ടായ്‌മകളിലൂടെ ചെറുപ്പത്തെ ഉണര്‍ത്തുക. കുട്ടികളുടെ കളിക്കൂട്ടങ്ങളും പുസ്‌തകപ്പുരകളും ഉണര്‍ത്തുക. അംഗങ്ങളില്‍ പല രാഷ്ടീയ കക്ഷികളിലും പെട്ടവരുണ്ടായിരുന്നു എന്നിട്ടും ഒരു കോക്കസു പോലെ സിന്‍ഡിക്കേറ്റു പോലെ പിന്നീട്‌ ഈ വിഷയത്തിനു വേണ്ടി യോഗം ചേരാതെ തന്നെ അന്നത്തെ കൂട്ടം പ്രവര്‍ത്തിച്ചുപോന്നു. കലശമലക്കുന്നിലെ റവന്യൂഭൂമി കെട്ടിത്തിരിച്ച്‌ സ്വന്തമാക്കാന്‍ പരിവാരശകതികള്‍ ഒരുങ്ങിയപ്പോള്‍ എതിര്‍ത്ത്‌ തോല്‍പ്പിച്ചത്‌ ഈ സിന്‍ഡിക്കേറ്റ്‌ തന്നെയായിരുന്നു. കളിക്കൂട്ടങ്ങള്‍, പ്രകൃതിപഠനക്യാമ്പുകള്‍, സിനിമാപ്രദര്‍ശനങ്ങള്‍, സാംസ്‌ക്കാരിക സായാഹ്നങ്ങള്‍, നിലാവുകൂട്ടങ്ങള്‍.... അന്നൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ ഒറ്റപ്പെടുമ്പോഴാണ്‌ മനുഷ്യന്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുന്നത്‌ എന്നതായിരുന്നു. പൊതുവായ കൂട്ടായ്‌മകള്‍ ഒരിക്കലും മത - വര്‍ഗീയ സംഘടകള്‍ അംഗീകരിക്കില്ല. അംഗങ്ങളുടെ മതേതരമായ പൊതു ബന്ധങ്ങള്‍ അറക്കുകയാണ്‌ വര്‍ഗീയ സംഘടനകള്‍ ആദ്യം ചെയ്യുന്നത്‌. പിന്നെ കല്ലു വെച്ച നുണകളിലൂടെ കിംവദന്തികളിലൂടെ വിഷം പലയിടത്തുനിന്നായി പതുക്കെ പ്രയോഗിച്ച്‌ തുടങ്ങുന്നു.

കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ സമയത്താണ്‌ ഗുരുവായൂര്‍ നിയമസഭാധ്യക്ഷനായ വത്സലന്‍ കൊല്ലപ്പെടുന്നത്‌. പ്രാദേശികമായ ഒരു രാഷ്ടീയ തര്‍ക്കത്തില്‍ നിന്നുണ്ടായ വികാരാവേശത്തിലാണ്‌ ആ കൊലപാതകം നടന്നത്‌. പക്ഷെ അതിന്‌ ശേഷം അതും ഹിന്ദുമതമൗലികവാദികള്‍ കുശുകുശുത്തത്‌ മറ്റൊന്നായിരുന്നു. കൊല്ലപ്പെട്ടത്‌ ഒരു ഹിന്ദുവും കൊന്നത്‌ ഒരു മുസ്ലീമുമായതുകൊണ്ടാണ്‌ സി.പി.എം തിരിച്ചടിക്കാതിരിക്കുന്നത്‌ എന്ന്‌. ഒരു രാഷ്ടീയകൊലപാതക്കത്തിന്‌ പോലും മതത്തിന്റെ നിറം കൊടുത്ത്‌ ആളെ കൂട്ടുകയാണ്‌ മതഭ്രാന്തന്‍മാര്‍. മറ്റൊരുസംഭവം പാവറട്ടിപരിസരത്തുണ്ടായ ഒരു ആര്‍. എസ്‌. എസ്‌ പ്രവര്‍ത്തകന്റെ കൊലപാതകമാണ്‌ തുടര്‍ന്ന്‌ നടന്ന അക്രമങ്ങള്‍ ആ നാടിനെ ഒരു കലാപത്തിന്റെ വക്കോളമെത്തിച്ചു. കൊല ചെയ്‌തത്‌ ഇസ്ലാം മതമൗലികവാദികള്‍. മരിച്ച ആള്‍ക്ക്‌ തങ്ങളുടെ സമുദായത്തിലെ ഒരു സ്‌ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നും അങ്ങിനെ തങ്ങളുടെ സമുദായത്തെ നശിപ്പാക്കാനാണ്‌ അയാള്‍ ശ്രമിച്ചതെന്നും അതുകൊണ്ട്‌ ആ കൊലയെ ന്യയീകരിക്കാം എന്നും വാദം. ലൗ ജിഹാദിന്റെ ഒരു മറുപതിപ്പ്‌. ശിക്ഷ അവിഹിതത്തിനല്ല മതം മാറിയുള്ള അവിഹിതത്തിന്‌ .ഖസാക്കിന്റെ ഇതിഹാസത്തിലെ ശിവരാമന്‍ നായരെ പോലെ മറ്റു മതസ്ഥര്‍ എന്തു ചെയ്യുന്നു എന്ന്‌ നിരീക്ഷിക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം നമുക്കുചുറ്റിലും വളര്‍ന്നു വരുന്നു.ജനകീയ സാംസ്‌ക്കാരിക വേദിയ്‌ക്ക്‌ ശേഷം സി. പി. ഐ. എം. എല്‍ സംഘടനക്ക്‌ വേരോട്ടമുണ്ടായിരുന്ന ഒരു സ്ഥലമായിരുന്ന പെരുമ്പിലാവ്‌. സംസാക്കാരികസംഘടനകളും സജീവമായിരുന്നു ഇവിടെ. എം. എല്‍ പിളര്‍ന്നതോടെ ജനശക്തിക്കായി മുന്‍കൈ. ഇപ്പോളാ പഴയ പ്രവര്‍ത്തകരില്‍ ചിലര്‍ സോളിഡാരിറ്റിക്കാരാണ്‌ (മാവോയില്‍ നിന്നും മൗദൂദിയിലേക്ക്‌) ചിലര്‍ ദളിത്‌ സ്വത്വരാഷ്ട്രീയത്തില്‍ മറ്റുചിലര്‍ പോരാട്ടത്തില്‍. സി.പി.ഐ. എമ്മിലേക്ക്‌ തിരിച്ചുപോയവരും ഉണ്ട്‌. സാംസ്‌ക്കാരിക സംഘടനകളും ശോഷിച്ചു. പുതിയ ചെറുപ്പക്കാരാരും പൊതുരംഗത്തേക്കൊ സാംസ്‌കാരിക പ്രവര്‍ത്തനത്തിലേക്കോ കടന്നുവരുന്നില്ല. വളര്‍ന്നുവരുന്ന മറ്റൊരു ശക്തി N.D.F. കോട്ടോലില്‍ ഒരു ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനെ വധിച്ച്‌ അവരും ശകതി കാട്ടിത്തുടങ്ങി. സമാന്തരമായി തന്നെ RSS ഉം വളരുന്നു. പര്‍ദ്ദകള്‍ വ്യാപകമാകുന്നു. മതപഠനക്ലാസുകളും മതപരമായ ചര്‍ച്ചകളും സംവാദങ്ങളും പെരുകുന്നു.

പഴയ സാംസ്‌ക്കാരിക പ്രവര്‍ത്തകരൊക്കെ പല വഴിക്ക്‌ പിരിഞ്ഞ്‌ പോയിരിക്കുന്നു. ശേഷിക്കുന്നവര്‍ ക്ഷീണിതതരായിരിക്കുന്നു. ഇടതുപക്ഷമനസ്സുകളും മതേതര മനസ്സുകളും കുറഞ്ഞു വരുന്നു. വര്‍ഗീയ ശക്തികളാകട്ടെ പ്രകോപനങ്ങള്‍ സൃഷ്ടിച്ച്‌ സംഘര്‍ഷങ്ങള്‍ വ്യപിപ്പിച്ച്‌ സംഘടന വളര്‍ത്താന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നു. ഇതൊക്കെയാണ്‌ ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍.

പ്രിയ ബൂലോകരെ, പറയൂ

നിങ്ങളുടെ നാട്ടിലും ഇങ്ങനെയൊക്കെ തന്നെയാണോ ?

വര്‍ഗീയത എതിര്‍ക്കപ്പെടേണ്ടതാണോ ?

നമുക്കെന്തങ്കിലും ചെയ്യാനുണ്ടോ ഇനി ?

( പ്രതികരണങ്ങള്‍ ഇവിടെ കാണാം)