Wednesday, December 28, 2016

ഭൂതത്താന്‍കെട്ടും തട്ടേക്കാടും ; സാലീം അലി നടന്ന വഴികള്‍


(മഴനൂലുകള്‍ മലമ്പാതകള്‍-4)

രിങ്ങോളില്‍ നിന്ന് വരും വഴി ഭൂതത്താന്‍കെട്ട് ഡാം കൂടി കണ്ടാണ് തട്ടേക്കാടെത്തിയത്. മഴയൊഴിഞ്ഞ ഇടവേളകളില്‍ തെളിയുന്ന വെയിലിന് മോശമല്ലാത്ത ചൂടുണ്ട്. കുട്ടികള്‍ ഉത്സാഹത്തില്‍ തന്നെ. ഭൂതത്താന്‍കെട്ടിലേത് ഒരോട്ട പ്രദക്ഷിണമായിരുന്നു. 1964ല്‍ പെരിയാറിന് കുറുകെ സ്ഥാപിതമായ അണക്കെട്ടാണിത്. ഇപ്പോഴത്തെ അണക്ക് പുറമെ പ്രകൃതി നിര്‍മ്മിതമായ ഒരു കെട്ട് കൂടിയുണ്ട് അവിടെ. ഭൂതങ്ങള്‍ പണിതു എന്ന മിത്തില്‍ നിന്നാണ് ആ സ്വാഭാവിക അണക്കെട്ടിന് ഭൂതത്താന്‍കെട്ട് എന്ന് പേര് വന്നത്. പിന്നീട് പെരിവാര്‍ വാലി പദ്ധതിയുടെ ഭാഗമായി വന്ന പുതിയ അണക്കെട്ടിനും ആ പേര് തന്നെ നല്‍കുകയായിരുന്നു. ജലസേചനത്തിന് വേണ്ടിയുള്ള അണയാണിത്. വൈദ്യുതോല്‍പ്പാദനം ലക്ഷ്യം വെക്കുന്നുണ്ടെങ്കിലും പദ്ധതികള്‍ സര്‍കാര്‍ ഖജാനയിലെ പണം പാഴാക്കി പാതിവഴിയില്‍ കുരുങ്ങിക്കിടക്കുന്നു. വലിയ തോതിലുള്ള കൈയ്യേറ്റം നടക്കുന്ന ഇടം കൂടിയാണ് ഇവിടം. പെരിയാര്‍ വാലി കനാലിന്റെ കരകളൊക്കെ പലയിടത്തും ടൂറിസം-റിസോട്ട് മാഫിയ കൈയ്യടക്കി കഴിഞ്ഞു. റിസര്‍വ്വോയറിലൂടെയുള്ള ബോട്ടിങ്ങാണ് ഭൂതത്താന്‍കെട്ടിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഡാമില്‍ നിന്ന് 3.5 കിലോമീറ്റര്‍ ജലസംഭരണിയിലൂടെ യാത്ര ചെയ്താല്‍ തട്ടേക്കാടെത്താം. ഈ ജലയാത്രയില്‍ പെരിയാറിന്റെ കരകള്‍ നമ്മെ ഏറെ മോഹിപ്പിക്കും.


പഴയ ഭൂതത്താന്‍കെട്ട് ഡാമിലേക്കുള്ള യാത്രയും ഒരനുഭവമാണ്. വന്‍ മരങ്ങള്‍ നിറഞ്ഞ വനപ്രദേശത്തുകൂടി ഒരു കിലോമീറ്ററോളം നടക്കണം അങ്ങോട്ട്. താനുമായി പിണങ്ങി തൃക്കാരിയൂരെത്തി തപസ്സ് തുടങ്ങിയ ശിവനെ തിരിച്ചെത്തിക്കാനായി പാര്‍വ്വതി ഭൂതഗണങ്ങളെ അയച്ചെന്നും അവര്‍ ദേശത്തെ ജലത്തില്‍ മുക്കി ശിവന്റെ തപസ്സ് തടസ്സപെടുത്താനായി ഒരു രാത്രി പെരിയാറ്റില്‍ അണകെട്ടി തുടങ്ങിയെന്നും എന്നാല്‍ ശിവന്‍ കോഴിയുടെ ശബ്ദത്തില്‍ കൂവിയെന്നും നേരം പുലര്‍ന്നെന്ന് കരുതി കെട്ട് പൂര്‍ത്തിയാക്കാതെ ഭൂതഗണങ്ങള്‍ ഓടി രക്ഷപ്പെട്ടെന്നുമൊക്കെയാണ് എൈതിഹ്യം. ഈ കഥക്ക് തന്നെ പല പാഠഭേദങ്ങളമുണ്ട് അതിലൊന്ന് ഇവിടെ വെച്ച് ഗംഗയും ശിവനും തമ്മിലുള്ള പ്രണയനിമിഷങ്ങള്‍ കണ്ട പാര്‍വ്വതി കോപാകുലയായെന്നും തുടര്‍ന്ന് ഈ ദേശം തന്നെ വെള്ളത്തില്‍ മുക്കിക്കളയാന്‍ വേണ്ടി ഭൂതങ്ങളെ അയച്ചെന്നുമാണ്. മിത്തുകളെന്തായാലും പെരിയാറില്‍ പലപ്പോഴായുണ്ടായ വെള്ളപ്പൊക്കമാണ് വലിയ കല്ലുകളെ ഇവിടെ എത്തിച്ചതെന്നും സ്വഭാവിക അണ രൂപപ്പെടുന്നതിന് കാരണമായതെന്നും പഠനങ്ങള്‍ പറയുന്നു. ആദി ചേര രാജക്കന്‍മാരുടെ ആസ്ഥാനം കൂടിയായിരുന്നു തൃക്കാരിയൂര്‍. അവരുടെ താവളമെന്ന് വിശ്വസിക്കുന്ന ചേലമല ഇപ്പോള്‍ ഡാമിന്റെ സംഭരണിക്കുള്ളിലാണ്. ഭൂതത്താന്‍ കെട്ട് ഡാമിന് മുകളില്‍ നിന്ന് ജലം നിറഞ്ഞു കിടക്കുന്ന സംഭരണിയുടെ കാഴ്ച്ച ചേതോഹരമാണ്. ഡാമിലും സമീപത്തുള്ള പാര്‍ക്കിലും മോശമല്ലാത്ത സഞ്ചാരിത്തിരക്കുണ്ടായിരുന്നു. കുട്ടികളുടെ കണ്ണുകള്‍ പതിവുപോലെ പാര്‍ക്കിലെ ഊഞ്ഞാലുകളിലും മറ്റു കളിയുപകരണങ്ങളിലുമായിരുന്നു. ഡാമിനക്കരെ പുഴക്കരയിലുള്ള സിമന്റ് ഇരിപ്പിടങ്ങളില്‍ വിയര്‍പ്പാറ്റാനായി ഇരിക്കെ, ഷിബു എൈസ്‌ക്രീമുമായെത്തി. ഇനി തട്ടേക്കാട്ടേക്കാണ്. സാലീംഅലിയുടെ സ്മരണകളുയര്‍ത്തുന്ന ആരണ്യകത്തിലേക്ക്.



ഒരു ചെറുയാത്രയേ വേണ്ടതുള്ളു ഭൂതത്താന്‍കെട്ടുനിന്നും തട്ടേക്കാട്ടേക്ക്. അവധി ദിനത്തിന്റെ തിരക്ക് പ്രകടമാകുന്നുണ്ട് അവിടെയും. പണ്ടൊക്കെ വരുമ്പോള്‍ തീര്‍ത്തും വിജന്നമായിരുന്നു ഇവിടമൊക്കെ. ടിക്കറ്റെടുത്ത് പ്രവേശനകവാടത്തിലൂടെ ഉള്ളിലേക്ക് നടന്നു. എല്ലാവരും ചെറിയ മൃഗശാലയിലേക്ക് നടന്നപ്പോള്‍ ഞാന്‍ കല്യാണിയുടെ കൈപിടിച്ച് പതുക്കെ തടാകത്തിനടുത്തേക്ക് നടന്നു. മുളങ്കൂട്ടങ്ങള്‍ തണലുവിരിക്കുന്ന പാതയിലൂടെ ജലാശയത്തിനടുത്തേക്ക് വെറുതെ നടക്കുമ്പോള്‍ മനസ്സില്‍ സാലീം അലിയായിരുന്നു. പക്ഷികളെ തേടി സാലീം അലി ഏറെ നടന്ന വഴികളാകില്ലേ ഇതൊക്കെ ?. ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പിതാവും മൂന്ന് വര്‍ഷത്തിനുള്ളില്‍ മാതാവും നഷ്ടമായി അലിക്ക്. 1918 ല്‍ ജീവിതസഖിയായി തെഹ്മിനയെത്തുന്നതോടെയാണ് അദ്ദേഹം വീണ്ടും സനാഥനാകുന്നത്. പക്ഷികളെത്തേടിയുള്ള അലിയുടെ യാത്രകളൊക്കെ അവരോടൊപ്പമായിരുന്നു പിന്നീട്. പഠനവിവരങ്ങള്‍ രേഖപ്പെടുത്താനും അവ ക്രോഡീകരിക്കാനുമൊക്കെ അദ്ദേഹത്തെ സഹായിച്ചിരുന്നത് തെഹ്മിനയായിരുന്നു. 1939 ല്‍ അവര്‍ മരിച്ചതോടെ വീണ്ടും ഒറ്റപ്പെട്ട അദ്ദേഹത്തിന് 1987 ല്‍ 91 ാം വയസ്സില്‍ മരിക്കും വരെ പക്ഷികളായിരുന്നു കൂട്ട്. അവരുള്ളിടമായിരുന്നു വീട്. അങ്ങിനെ ഏറെക്കാലം അലിക്ക് കൂടൊരുക്കിയിട്ടുണ്ട് ഈ കാടകം. തെഹ്മീനയോടൊപ്പവും പിന്നീട് അവരുടെ മരണശേഷം തനിച്ചും അദ്ദേഹം ഏറെ പിന്നിട്ടതാണ് ഈ വഴിത്താരകളൊക്കെ.


തട്ടേക്കാട് എന്ന ഈ വനസ്ഥലിയും ഇവിടത്തെ പക്ഷിബാഹുല്യവും ആദ്യമായി പുറംലോകത്തിന് മുന്‍പില്‍ വെളിവാക്കിയത് സാലിം അലിയാണ്. 1935ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് തിരുകൊച്ചി പ്രദേശത്തെ പക്ഷികളെ കുറിച്ച് പഠിക്കാനായി BNHS (ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി)നെ സമീപിച്ചു. സാലിം അലിയെ ആണ് BNHS  ഈ പഠനത്തിനു വേണ്ടി നിയോഗിച്ചത്. അങ്ങിനെയാണ് അലി ആദ്യമായ് തെഹ്മിനയോടൊപ്പം കേരളത്തിലെത്തുന്നത്. മറയൂര്‍, ചാലക്കുടി, പറമ്പിക്കുളം, കുരിയാര്‍കുട്ടി മുതലായിടത്തൊക്കെ നിരീക്ഷണങ്ങള്‍ നടത്തിയതിനുശേഷമാണ് യാത്രാമധ്യേ അദ്ദേഹം തട്ടേക്കാടെത്തുന്നത്. ആദ്യ വരവില്‍ തന്നെ ഇവിടത്തെ അമൂല്യമായ പക്ഷിസമ്പത്ത് സാലിം അലി തിരിച്ചറിഞ്ഞു. ഇവിടം ഒരു സംഭരണകേന്ദ്രമായി (collection center) തിരഞ്ഞെടുത്തു. മൂന്നാര്‍, കുമളി, ചെങ്കോട്ട, അച്ചന്‍കോവില്‍ മുതലായ സ്ഥലങ്ങളിലും ഈ പദ്ധതിയുടെ ഭാഗമായി അദ്ദേഹം പഠനം നടത്തി. ഈ നിരീക്ഷണങ്ങളാണ് തിരുവിതാംകൂര്‍, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്ന പേരിലും പിന്നീട് പരിഷ്‌കരിച്ച് കേരളത്തിലെ പക്ഷികള്‍ എന്ന പേരിലും പുറത്തിറക്കിയത്. ഈ പഠനങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും തെഹ്മിന എന്നെന്നേക്കുമായി വിടപറഞ്ഞിരുന്നു.


ഇവിടം സംരക്ഷിതപ്രദേശമാക്കണമെന്ന് ആദ്യം ശുപാര്‍ശചെയ്തതും സാലീം ആലിയാണ്, 1950 കളില്‍. പിന്നീട് 1970കളില്‍ ഇതിന്റെ അതിരുകള്‍ തിട്ടപ്പെടുത്തിക്കൊണ്ടുള്ള വിശദമായ ഒരു പഠനവും അദ്ദേഹം നടത്തി. ഒടുവില്‍ 1983 ഓഗസ്റ്റ് 27 ന് തട്ടേക്കാട് പക്ഷിസങ്കേതം നിലവില്‍ വന്നപ്പോള്‍ അതിനിടേണ്ട പേര് എന്തായിരിക്കണമെന്ന് സംബന്ധിച്ച് ഒരു സംശയവുമുണ്ടായിരുന്നില്ല ആര്‍ക്കും. ജീവിച്ചിരിക്കെ തന്നെ അങ്ങിനെ അലിയുടെ പേരില്‍ ഒരു സ്മാരകം നിലവില്‍ വന്നു. 1987 ജൂലെ 27 ന് സാലിം അലി ഓര്‍മ്മയായി. അലിയുടെ ജന്മദിനമായ നവംബര്‍ 12നാണ് ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിച്ചുവരുന്നത്. അലിയുടെ ഓര്‍മ്മക്കായി ഗോവയുടെ പടിഞ്ഞാറുഭാഗത്തുള്ള ചോഡനേം ദ്വീപിലും ഇതേ പേരില്‍ (ഡോ. സാലിം അലി പക്ഷിസങ്കേതം) പക്ഷികള്‍ക്കായി ഒരു അഭയാരണ്യമുണ്ട് ഇന്ന്. കോട്ടയം ജില്ലയിലെ കുമരകം, വയനാട്ജില്ലയിലെ തിരുനെല്ലിക്കടുത്തുള്ള പക്ഷി പാതാളം, കോഴിക്കൊട്ടെ കടലുണ്ടി അഴിമുഖം, ഏറണാകുളത്തെ മംഗളവനം എന്നിവയാണ് കേരളത്തിലെ മറ്റു പ്രധാന പക്ഷി സങ്കേതങ്ങള്‍.

എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തില്‍ പെരിയാറിന്റെ രണ്ടു കൈവഴികള്‍ക്ക് നടുവിലായി (പെരിയാറും ഇടമലയാറും) 25.16 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരു ഉപദ്വീപു പോലെയാണ് തട്ടേക്കാടിന്റെ സ്ഥാനം. ഭൂതത്താന്‍കെട്ട് ഡാമിന്റെ ജലസംഭരണിയുമായും ഇവിടം അതിരിടുന്നു. ഈ ജലാശയങ്ങളിലെ മത്സ്യസമ്പത്തും അനുബന്ധമായ ഭക്ഷ്യലഭ്യതയുമാണ് പക്ഷികള്‍ക്ക്, പ്രത്യേകിച്ച് നീര്‍പക്ഷികള്‍ക്ക് ഇവിടം പ്രിയങ്കരമാക്കുന്നത്. ഈ സംരക്ഷിത പ്രദേശത്ത് അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പക്ഷികള്‍ക്കു പുറമേ ശലഭങ്ങളും, ആന, കടുവ, കാട്ടുപന്നി, കാട്ടുപൂച്ച, കാട്ടുനായ്, നാടന്‍കുരങ്ങ്, പുലി, മാന്‍, കുട്ടിത്തേവാങ്ക്, കാട്ടുപോത്ത്, ഉടുമ്പ്, ഈനാംപേച്ചി, മ്ലാവ്, കേഴമാന്‍, കൂരമാന്‍, കീരി, മുള്ളന്‍ പന്നി, മരപ്പട്ടി, ചെറുവെരുക്, മലയണ്ണാന്‍, കരടി മുതലായ മൃഗങ്ങളും, കുഴിമണലി മുതല്‍ പെരുമ്പാമ്പും, രാജവെമ്പാലയും വരെ ഉള്ള ഉരഗങ്ങളും ധാരളമായി കണ്ടുവരുന്നു.


തട്ടേക്കാട് ആസ്ഥാനമായി പ്രമുഖ പക്ഷിനീരീക്ഷകനും സാലീംഅലിയുടെ ശിഷ്യനുമായ ഡോ ആര്‍ സുഗതനന്റെ നേതൃത്വത്തില്‍ ഒരു ബേര്‍ഡ് മോണിറ്ററിങ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മോണിട്ടറിങ് സെല്ലും പീച്ചി ഫോറസ്റ്റ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് 2016ല്‍ ഇവിടെ വെച്ച് സംസ്ഥാനത്തെ പ്രഥമ ഉരഗഉഭയജീവി സര്‍വെ നടത്തിയിരുന്നു. അഞ്ച് ഘട്ടങ്ങളിലായി നടത്തുന്ന സര്‍വെയുടെ ആദ്യഘട്ടത്തിലെ വിവരങ്ങളനുസരിച്ച് പുതിയതായി ആറിനം ഉരഗജീവികളുടേയും നാലിനം ഉഭയജീവികളുടേയും സാന്നിധ്യം ഇവിടെ കണ്ടെത്തി. മുന്‍ പഠനങ്ങള്‍ പ്രകാരം 34 ഇനം ഇഴജന്തുക്കളേയും 17 ഇനം തവളകളേയുമാണ് ലിസ്റ്റ് ചെയ്തിരുന്നത്. പശ്ചിഘട്ടത്തില്‍ കണ്ടുവരുന്ന അപൂര്‍വയിനം ഉരഗഉഭയജീവികളായ ചെങ്കല്‍ ചിലപ്പന്‍(rufascent burrowing frog),പച്ച ഇലത്തവള(variable bush frog),ചാര്‍പ്പ തവിട്ടുതവള(charpa tree frog),മരചൊറിയന്‍(malabar tree frog),നീര്‍ത്തുള്ളി തവള(kalpetta bush frog)ആനമല ബലൂണ്‍ തവള(anamalai baloon frog),ചിത്ര തവള(painted frog),വര്‍ണ്ണ ബലൂണ്‍ തവള(variegated balloon) എന്നീ ഉഭയജീവികളേയും,ചെളികുട്ട പാമ്പ്(kerala mud snake),വളയന്‍ പൂച്ചകണ്ണി പാ്മ്പ്(collared cat snake),നാട്ടുമരപ്പല്ലി(costal day gecko) എന്നീ ഇഴജന്തുക്കളുടെ സാന്നിധ്യവുമാണ് പുതിയതായി കണ്ടെത്തിയത്.

റഷ്യ, സൈബീരിയ,  ഇംഗ്‌ളണ്ട്, ഹിമാലയം എന്നിവിടങ്ങളില്‍ നിന്നുള്‍പ്പടെ 150ല്‍പരം ഇനത്തില്‍പ്പെട്ട ദേശാടനപ്പക്ഷികള്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സീസണില്‍ തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ വിരുന്നെത്തിയിരുന്നു. പിറ്റ(Pitta) എന്ന കാവി പക്ഷിയും, പാരഡൈസ് ഫൈ്‌ള ക്യാച്ചര്‍ എന്ന നാഗമോഹനും റോക്കി പാസ്റ്ററും ബെസാ പരുന്തും, വിവിധതരം കൊക്കുകളും ഇവയിലുള്‍പ്പെടും. സപ്തവര്‍ണംകൊണ്ട് പ്രശസ്തമായ കാവി ഹിമാലയത്തില്‍ അതിശൈത്യം തുടങ്ങുമ്പോഴാണ് ഇവിടെയെത്തുന്നത്. ഇവ കൂട്ടമായി സഞ്ചരിക്കാറില്ല. മറ്റൊരിനം നാഗമോഹന്‍, വെളുത്ത  ദേഹവും കറുത്ത തലയും മുക്കാലടി നീണ്ട വാലുമാണ് ഇവയുടെ ആകര്‍ഷണീയത. സൈബീരിയയില്‍നിന്ന് വിരുന്നുവന്നിരിക്കുന്ന ഫൈ്‌ളക്യാച്ചറും വാലുകുലുക്കി പക്ഷിയും വിവിധതരം കൊക്കുകളും ഇവിടെ എത്തുന്നു. ഉള്‍ക്കാടുകളിലെ മരങ്ങള്‍ക്കിടയിലും മറ്റും കാണുന്ന ഇംഗ്‌ളണ്ടില്‍ നിന്നത്തെിയിരിക്കുന്ന റോക്കി പാസ്റ്റര്‍, അപൂര്‍വമായി വിരുന്നുവരുന്ന ബെസാ പരുന്ത് എന്നിവയൊക്കെ ഇവിടത്തെ പതിവ് അതിഥികളാണ്.

സങ്കേതത്തില്‍ ഇതുവരെ ഒട്ടാകെ 322 ഇനം പക്ഷികളെയാണ് കണ്ടത്തെിയിരിക്കുന്നത്. ഇതില്‍ 160 ഓളം ഇനങ്ങള്‍ ദേശാടകരും 30 ഓളം ഇനങ്ങള്‍ രാജ്യംവിട്ട് പറക്കുന്നതുമാണ്. ദേശാടനപ്പക്ഷികള്‍ ഏറെയുണ്ടെങ്കിലും പെട്ടെന്ന് കാണാന്‍ സാധിക്കുന്നത് നൂറില്‍പ്പരം ഇനങ്ങളെ മാത്രമാണ്. ജലാശയങ്ങള്‍, കുറ്റിക്കാട്, വനങ്ങള്‍, പുല്‍മേടുകള്‍, ചതുപ്പുനിലങ്ങള്‍ തുടങ്ങിയ വ്യത്യസ്ത ആവാസ വ്യവസ്ഥകളില്‍ ദിവസങ്ങള്‍ ചെലവഴിച്ചാല്‍ മാത്രമേ മുഴുവന്‍ പക്ഷി ഇനങ്ങളെയും കണ്ടത്തൊന്‍ സാധിക്കുകയുള്ളൂ. പശ്ചിമഘട്ട മലനിരകള്‍ക്ക് താഴെ 2500 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ഇവിടം ഏഷ്യയിലെതന്നെ ചെറുപക്ഷികളുടെ വലിയ സങ്കേതമാണ്.  ദേശാടനപ്പക്ഷികള്‍ മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രാമധ്യേ കുറച്ചുനാളത്തെ വിശ്രമത്തിനായാണ് തട്ടേക്കാടെത്തുന്നത്.

പരിസ്ഥിതി പത്രപ്രവര്‍ത്തകരുടെ സംഘടനയായ ജെയ്ജി പീറ്റര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുക്കാനായാണ് ആദ്യമായി തട്ടേക്കാടെത്തുന്നത്. 2001 ഡിസംബറില്‍. ഇക്കോലോഗ് എന്ന് പേരിട്ട് ജെയ്ജി പീറ്റര്‍ ഫൗണ്ടേഷനും കേരള വനംവന്യജീവി വകുപ്പും ചേര്‍ന്ന് നടത്തിയിരുന്ന ക്യാമ്പ് ഓരോ വര്‍ഷവും ഓരോ വന്യജീവിസങ്കേതങ്ങളില്‍ വെച്ചായിരുന്നു കൂടിയിരുന്നത്. റിസര്‍വോയറിനുള്ളിലുള്ള വെള്ളത്തില്‍ നിന്ന് നേരെ പടികള്‍ കയറി ചെന്നെത്തുന്ന വനം വകുപ്പിന്റെ ഡോര്‍മിറ്ററിയില്‍ വെച്ച് രണ്ട് രാത്രിയും മൂന്ന് പകലുമായി നടന്ന ആ ക്യാമ്പില്‍ വെച്ചാണ് പല പുതിയ സൗഹൃദങ്ങളും കടന്നു വന്നത്. പിന്നീട് രണ്ടു തവണ കുട്ടികളേയും കൊണ്ട് പ്രകൃതി പഠനക്യാമ്പ് നടത്താനായി ഇവിടെ എത്തി. പിന്നീടൊരിക്കല്‍ കേരളീയം കലവറയുടെ വിപണനയ സാധ്യതകള്‍ തേടി. മറ്റൊരിക്കല്‍ ഒരു ഇടുക്കി യാത്രയുടെ മടക്കത്തില്‍ ഇവിടത്തെ മഹാഗണിത്തോട്ടത്തിലൂടെയും തടാകക്കരയിലൂടെയും വെറുതെ നടക്കാന്‍ വേണ്ടി മാത്രം. അന്നൊക്കെ ഇവിടത്തെ വനംവകുപ്പില്‍ പരിചയക്കാരുണ്ടായിരുന്നു.

(തുടരും)