Friday, December 12, 2014

ഉണക്കിസൂക്ഷിക്കാത്ത ജീവിതങ്ങള്‍


രിതമോഹനം എന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ ഒരു ചെറുകഥയുണ്ട്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന ഈ കഥ പിന്നീട് മരണവിദ്യാലയം എന്ന സുസ്‌മേഷിന്റെ ചെറുകഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തി മാതൃഭൂമിബുക്‌സ് പുറത്തിറക്കിയിട്ടുമുണ്ട്. സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കാരനായ അരവിന്ദാക്ഷനും ഭാര്യ സുമന്നയും മക്കളായ തന്മയയും പീലിയും അടങ്ങിയ നഗരത്തിലെ ഇടത്തരം ഫ്‌ളാറ്റിലെ വാടകക്കാരയായ ഒരു കുടുംബം. മണ്ണിനെ പച്ചപ്പിനെ പ്രകൃതിയെ അത്രമേല്‍ സ്‌നേഹിക്കുന്ന അരവിന്ദാക്ഷന്റെ സ്വപ്‌നം സ്വന്തമായി കുറച്ച് ഭൂമിയും അവിടെ ഒരു ചെറിയവീടുമാണ്. ഓരോ തരി മണ്ണിനും പെന്‍വിലകൊടുക്കേണ്ടിവരുന്ന കേരളത്തിലെ സമകാലിക സാഹചര്യത്തില്‍ കുറച്ച് സ്ഥലം വാങ്ങി അവിടെ ചെറിയൊരു വീട് വെച്ച് മരങ്ങളും ചെടികളും പൂക്കളുമൊക്കെ നട്ടുവളര്‍ത്തി അങ്ങോട്ട് മാറാം എന്ന ആ കുടുംബത്തിന്റെ ആഗ്രഹം പതിനായിരക്കണക്കിന് കുടുംബങ്ങളെപ്പോലെ സ്വപ്‌നം മാത്രമായി മാറുന്നു. ഇത്തിരിപ്പോന്ന ബാല്‍ക്കണിയില്‍ ഇലഞ്ഞിയും ചെമ്പകവും നാഗലിംഗമരവും കണിക്കൊന്നയും ഒക്കെ ചട്ടികളില്‍ നട്ടുവളര്‍ത്തുന്നു അരവിന്ദാക്ഷന്‍. ഒഴിവുസമയങ്ങളിലൊക്കെ അവക്കിടയില്‍ ചിലവഴിക്കുന്നു വളര്‍ച്ച നോക്കികാണുന്നു, അവയോട് സംസാരിക്കുന്നു. മണ്ണുതേടിയുള്ള അപ്പാര്‍ട്ട്‌മെന്റ് മുറ്റത്തെ അലച്ചിലും ബാല്‍ക്കണിയില്‍ ചിലവഴിക്കുന്ന ദീര്‍ഘനേരവും ഒളിച്ചുനോട്ടക്കാരനായി അരവിന്ദാക്ഷനെ അയല്‍ക്കാരാല്‍ തെറ്റിദ്ധരിക്കപ്പെടുന്നതിനിടയാക്കുന്നുണ്ട്. ലിഫ്റ്റില്‍ തൂകി പോകുന്ന മണ്ണ് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ സൂക്ഷിപ്പുകാരനായ രാജന്‍പിള്ളയുടെ ശകാരത്തിനും കാരണമാകുന്നു.


പ്രായോഗികവാദിയല്ലാത്ത, ശുദ്ധ കാല്‍പ്പനീകനായ അരവിന്ദാക്ഷനോട് ഇടക്കാക്കെ കലഹിക്കുന്നുണ്ടെങ്കിലും സുമന്നയും അയാളുടെ സ്വപ്‌നങ്ങളില്‍ പങ്കാളിയാണ്. ഒരു കാര്‍ഷിക കുടുംബത്തില്‍ നിന്ന് വരുന്ന എനിക്ക് മണ്ണില്ലാത്തവന്റെ വേദനയുടെ ആഴം മനസ്സിലാക്കി തന്നത് സുസ്‌മേഷിന്റെ ഈ ചെറുകഥയാണ്. ഭൂമിയുടെ രാഷ്ടീയവും പച്ചപ്പിനോടുള്ള മനുഷ്യന്റെ ആഴത്തിലുള്ള സ്‌നേഹവും വെളിവാക്കുന്നു പൊള്ളിക്കുന്ന ഈ കഥ. ഇത് വീണ്ടും മനസ്സിലെത്തുന്നത് യു.എ.യില്‍ എത്തി സേതുഏട്ടന്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷിനിരീക്ഷകനുമായ സുഹൃത്തുവഴി അബ്ദുള്‍സലാം എന്ന ചേറ്റുവക്കാരനെയും അദ്ദേഹമുള്‍പ്പെട്ട വയലും വീടും എന്ന കൂട്ടായ്മയേയും പരിചയപ്പെട്ടതോടെയാണ്. ഈ മണല്‍ദേശത്തെ ഫ്‌ളാറ്റുകളില്‍ ബാല്‍ക്കണികളിലും ജനലിനപ്പുറം തൂക്കിയിട്ടും പച്ചകിളിര്‍പ്പിക്കുന്നവര്‍. വഴിയോരങ്ങളില്‍ നിന്ന് മണ്ണ് കണ്ടെത്തിയും അവശിഷ്ടങ്ങളില്‍ നിന്ന് വളം കണ്ടെത്തിയും ഉപയോഗിച്ച വെള്ളം നനക്കാനായി എടുത്തും പച്ചയെ പതുക്കെ പതുക്കെ വളര്‍ത്തിയെടുക്കുന്നവര്‍. അവരില്‍ സമ്പന്നരും ദരിദ്രരുമുണ്ട് കുടുംബമായി താമസിക്കുന്നവരും ബാച്ചിലേഴ്‌സ് റൂമിന്റെ ഇത്തിരിയിടങ്ങളില്‍ അന്തിയുറങ്ങുന്നവരുമുണ്ട്. പക്ഷെ ഒരു തൈ നട്ടുവളര്‍ത്താനായി ഇത്തിരി അടുക്കള കൃഷിക്കായി അവരൊക്കെ സ്ഥലം കണ്ടെത്തുന്നു. ഇടക്കിടെ ഒത്തുചേരുന്നു വിത്തും തൈക്കളും ആശയങ്ങളും കൈമാറുന്നു. അതില്‍ അരവിന്ദാക്ഷനെപ്പോലെ നാട്ടില്‍ ഒരു തരി പോലും മണ്ണില്ലാത്തവരുണ്ട്. സലാമിക്കായെപ്പോലെ,കാട്ടിപ്പരുത്തിയെപ്പോലെ
 കൃഷിഭൂമിയുള്ളവരുണ്ട് ഇവിടത്തെ വിയര്‍പ്പുകൊണ്ട് മണ്ണ് സ്വന്തമാക്കിയവരുണ്ട്. രാജിചേച്ചിയെപ്പോലെ വെറുക്കപ്പെടേണ്ട ഒരു വസ്തുവല്ല മണ്ണ് എന്ന് കരുതുന്ന വീട്ടമ്മമാരുണ്ട്

ഇത്തിരിയിടത്തില്‍ വളര്‍ന്നു നില്‍ക്കുന്ന രാജിചേച്ചിയുടെ കിസൈസിലെ ബാല്‍ക്കണിയിലേക്ക് കണ്ണയച്ച് ദയാലണ്ണനോടൊപ്പം നില്‍ക്കുമ്പോള്‍ ഓര്‍ത്തത് മറ്റൊരു കഥയാണ്. ബഹ്‌റിനിലെ ബ്ലോഗറായ നചികേതിന്റെ ഉണക്കിസൂക്ഷിപ്പുകാര്‍ എന്ന കഥ. സുസ്‌മേഷിന്റെ കഥ നടക്കുന്നത് കേരളത്തിലാണെങ്കില്‍ നചികേതിന്റെ കഥ നടക്കുന്നത് ഒരു ഗള്‍ഫ് നഗരത്തില്‍. അബോര്‍ഷനോടെ മുകളില്‍ പതിപ്പിച്ച മാര്‍ബിള്‍ ഫലകങ്ങളുടെ ഭംഗിയല്ല പെണ്ണെന്ന് മനസ്സിലാക്കിയ അനുഷയും ഐ.ടി. ഉദ്യോഗസ്ഥനായ ശ്രീകാന്തും. നാട്ടില്‍ ഭൂമിയും കൃഷിയുമൊക്കെയുള്ളവര്‍ പക്ഷെ പ്രത്യുത്പാദനപരമല്ലാത്ത എല്ലാ ആനന്ദങ്ങളും ക്ഷണികമാണെന്ന ബോധത്തില്‍ നിന്ന് മണിപ്ലാന്റിന്റെ ചട്ടിയില്‍ പകരം കറിവേപ്പിലതൈ വെച്ച് തുടങ്ങിയ ബാല്‍ക്കണികൃഷി പിന്നീട് ചീരയിലേക്കും തക്കാളിയിലേക്കും പയറിലേക്കും വെണ്ടക്കയിലേക്കും കാന്താരിമുളകിലേക്കുമൊക്കെ വികസിക്കുന്നു. അവരുടെ ഒരു സ്വകാര്യ അഹങ്കാരമായി മാറിയ ആ കൊച്ചുബാല്‍ക്കണിത്തോട്ടം ഒടുവില്‍ നഗരസഭ സുരക്ഷാകാരണങ്ങളാല്‍ ബാല്‍ക്കണികളിലെ വസ്തുവകകളൊക്കെ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി എടുത്തുമാറ്റുകയാണ്. അതോടെ ഇവിടെ ജീവിതം മുളപ്പിക്കാനുള്ളതല്ല ഉണക്കിസൂക്ഷിക്കാനുള്ളതാണ് എന്ന തിരിച്ചറിവിലേക്ക് അവരെത്തുകയാണ്. പക്ഷെ ഇവിടെ കുറച്ച് പേര്‍ ജീവിതം മുളപ്പിക്കുകതന്നെയാണ്


ജീവനില്ലാത്ത പ്ലാസ്റ്റിക്ക് പൂക്കള്‍ക്കുള്ളതല്ല അവരുടെ ഇത്തിരിയിടങ്ങള്‍. കൗതുകത്തിനുവേണ്ടി അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നവരല്ല അവര്‍. പച്ചയുടെയും മണ്ണിന്റെയും ഭക്ഷണത്തിന്റെയും രാഷ്ട്രീയം മനസ്സിലാക്കിയവരാണവര്‍. അവര്‍ വളര്‍ത്തിയെടുക്കുന്നത് അടുക്കളയിലേക്കുള്ള കുറച്ച് പച്ചക്കറികളാണ്. ജനിതകമാറ്റം വരുത്തിയിട്ടില്ലാത്ത വിത്തുകളില്‍ നിന്ന് ഉണ്ടാക്കുന്ന രാസവളങ്ങള്‍ ചേര്‍ക്കാത്ത വിഷം തളിക്കാത്ത പച്ചക്കറികള്‍.  ഹരിതമോഹിതരായി പോയവരാണവര്‍, വരണ്ട മരുജീവിതത്തിനിടയിലും മനസ്സിലെ ഹരിതാഭ ചുറ്റുപാടുകളിലേക്ക് പ്രസരിപ്പിക്കുന്നവര്‍. നില്‍പ്പ് സമരത്തിനൊപ്പം മനസ്സുകൊണ്ട് നില്‍ക്കുന്നവര്‍. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്ന രാഷ്ടീയവും കാതിക്കുടത്തിന്റെ ദുരിതവും അറിയുന്നവര്‍. ആരോഗ്യമെന്നത് നല്ലമണ്ണും നല്ലഭക്ഷണവുമാണെന്ന് തിരിച്ചറിയുന്നവര്‍. ദൂബായ് അല്‍ഖൂസ് പോണ്ട് പാര്‍ക്കില്‍ വെച്ച് നടന്ന വയലും വീടും കൂട്ടായ്മയുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്യാനും ഇവിടത്തെ അടുക്കള കര്‍ഷകര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി കേരള ജൈവര്‍ഷക സമിതിയുടെ മുന്‍നിര നേതാക്കളിലൊരാളായ കെ.വി.ദയാലാണ് ഈ വര്‍ഷം എത്തിച്ചേര്‍ന്നത്. ദുബായ് പോലുള്ള ഒരു വന്‍നഗരം ഒരിടത്തരകാരന് നല്‍കുന്ന ആകുലതകളും വിഹ്വലതകളും മാത്രമല്ല ഈ കൂടിച്ചേരലുകള്‍ക്ക് പുറകിലുള്ളതെന്നും മനസ്സിലെ പച്ചപ്പ് തന്നെയാണന്നും ദയാലണ്ണനും ബോധ്യപ്പെടുകയുണ്ടായി. പുറംമോഡിക്കും ഫാഷനുമപ്പുറം എത്രമാത്രം ഗൗരവമായി കൃഷിയെ സമീപിക്കുന്നവരാകും ഇവിടത്തുകാര്‍ എന്ന ആശങ്കയുമായി വന്ന ദയാലണ്ണന്‍ നിറഞ്ഞ മനസ്സോടെയാണ് ഇവിടെ നിന്ന് തിരിച്ച് പോയത


മണ്ണിനെ പ്രകൃതിയെ സ്‌നേഹിക്കുന്ന മറ്റൊരു കൂട്ടം മണല്‍ക്കാട്ടില്‍ നിന്ന് പച്ചപ്പ് വീണ്ടും പുതച്ചുവരുന്ന മറ്റൊരു ഭൂമിയിലേക്ക് കമ്മ്യൂണായി മാറാനുള്ള തയ്യാറെടുപ്പിലാണ്. അട്ടപ്പാടിയില്‍ എല്ലാവരുടെതുമായ ഭൂമിയില്‍ പരസ്പരം താങ്ങായി സ്വാര്‍ത്ഥതയെ മാറ്റിനിറുത്തി കൂടൊരുക്കാനുള്ള പരീക്ഷണങ്ങളിലാണ് അവര്‍. അവരില്‍ പശ്ചിമഘട്ടരക്ഷാമാര്‍ച്ച് മുതല്‍ മണ്ണിനെ പിന്തുടരുന്ന ഷംസുക്കയുണ്ട് പത്രപ്രവര്‍ത്തകനായ ചന്ദ്രബാലനുണ്ട്, ബ്ലോഗറായ സജിമാര്‍ക്കോസുണ്ട്, സാംസ്‌കാരികപ്രവര്‍ത്തകനായ കബീര്‍കല്ലാട്ടുണ്ട്... നീണ്ട മണല്‍ വാസം ഇവരുടെയൊന്നും മനസ്സിനെ മരുപ്പറമ്പാക്കി മാറ്റിയിട്ടില്ല. തുടരട്ടെ പച്ചപ്പിനായുള്ള ഈ അന്വേഷണങ്ങള്‍. അരവിന്ദാക്ഷന്‍ പറയുന്നതുപോലെ അത്ര വെറുക്കപ്പെടേണ്ട ഒരു വസ്തുവല്ല മണ്ണ്...