Thursday, December 6, 2012

ഓര്‍മ്മകളില്‍ ഇടമുറിയാതെ ഒരു പുഴ...

ഫോട്ടോ : പി. ദാസ്‌ അറയില്‍ 
പുഴ എന്നാല്‍ ഞങ്ങള്‍ നോങ്ങല്ലൂര്‍ക്കാര്‍ക്ക്‌ കൂമ്പുഴയാണ്‌. ചിറമനേങ്ങാടും പന്നിത്തടവും ഇയ്യാലും കഴിഞ്ഞാല്‍ പിന്നെ കുറിയേടത്തു താത്രിയുടെ ചെമ്മന്തിട്ടയായി. അതിനുമപ്പുറം വിശാലമായ പാടം. പാടത്തിന്റെ മറുകരയോട്‌ ചേര്‍ന്ന്‌ കൂമ്പുഴ. വാഴാനിയില്‍ നിന്ന്‌ തുടങ്ങി വടക്കാഞ്ചേരിയും എരുമപ്പെട്ടിയും പാത്രമംഗലവും പുലിയന്നുരും വെള്ളാറ്റഞ്ഞുരുമൊക്കെ പിന്നിട്ട്‌, ഒഴുകുന്ന വഴികളിലെ നിരവധി പ്രാദേശിക വിളിപ്പേരുകളിലൂടെ അറിയപ്പെട്ട്‌ കേച്ചേരി എത്തുമ്പോള്‍ യൂസഫലിയിലൂടെ കിട്ടിയ കേച്ചേരിപ്പുഴ എന്ന പെരുമയും പേറി ഒടുവില്‍ ചേറ്റുവ കായലിലെത്തി കടലില്‍ചേരുന്ന വലിയൊരു കൈത്തോട്‌... അമ്മവീട്‌ എരുമപ്പെട്ടിക്കടുത്തുള്ള കരിയന്നൂരാണ്‌. അമ്മയുടെ ഓര്‍മ്മകളിലൂടെ ഈ പുഴയെ അറിഞ്ഞിട്ടുണ്ട്‌ എന്നതിനപ്പുറം ആ പുഴയുമായി എനിക്ക്‌ വലിയ ബന്ധങ്ങളൊന്നുമില്ല. പുഴയെന്ന സങ്കല്‍പ്പം മനസ്സിലുറപ്പിച്ചത്‌ ഭാരതപ്പുഴയാണ്‌. പിതൃക്കളുമായി ബന്ധപ്പെട്ട്‌ ഞങ്ങളുടെ ദേശത്തിന്റെ കൂടി പുഴയുമാണ്‌ ഭാരതപ്പുഴ.

ഈ പ്രദേശങ്ങളിലെ മരണാനന്തരകര്‍മ്മങ്ങള്‍ അവസാനിക്കുന്നത്‌ ഭാരതപ്പുഴയോരത്തെ തിരുനാവായിലാണ്‌.. അങ്ങിനെയാണ്‌ പുഴയുമായി പരിചയത്തിലാകുന്നത്‌.. തറവാട്ടില്‍ ആണ്‍കുട്ടികള്‍ കുറവായതുകൊണ്ട്‌ മിക്കവാറും മരണാനന്തരചടങ്ങുകളില്‍ ഞാനും പങ്കാളിയായിരുന്നു. സഞ്‌ജയനചടങ്ങുകളുടെ അവസാനം തിരുനാവായിലേക്കുള്ള യാത്രകളില്‍ ഒപ്പം ചേരും. പ്രലോഭനങ്ങള്‍ പലതാണ്‌, കുറ്റിപ്പുറം പാലം കാണം പിന്നെ കുറ്റിപ്പുറം മുതല്‍ തിരുനാവായ വരെ വണ്ടിയിലിരുന്ന്‌ പുഴ കാണാം, തിരുനാവായിലെത്തിയാല്‍ പുഴയിലിറങ്ങാം. കര്‍ക്കിടകത്തിലായിരുന്നു മരണങ്ങള്‍ ഏറെയും ആ സമയത്ത്‌ പുഴ കലങ്ങി മറഞ്ഞ്‌ നിറഞ്ഞൊഴുകുകയായിരിക്കും. തോരാമഴയത്ത്‌ നനഞ്ഞ തുവര്‍ത്ത്‌ മാത്രമുടുത്ത്‌ തിരുനാവായിലെ പുഴയിലേക്കിറങ്ങുന്ന കല്‍പ്പടവുകളില്‍ ആള്‍കൂട്ടത്തിനിടയില്‍ പുഴ കണ്‍ നിറയെ കണ്ട്‌ തണുത്തുവിറച്ച്‌ അങ്ങിനെ നിന്നിട്ടുണ്ട്‌ കുറേതവണ. പുഴ ആദ്യമായി കാണുന്നത്‌ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌. 
കാടാമ്പുഴയില്‍ നിന്നുള്ള ഒരു മടക്കയാത്രയില്‍ കുമാരവല്യച്ഛന്‍ പണ്ടെങ്ങോവാങ്ങിയിട്ട പറമ്പിലെത്തിയതായിരുന്നു ഞങ്ങള്‍. സ്ഥലം തിരുനാവാക്കെതിര്‍വശത്തായി കുറ്റിപ്പുറത്തിനും ചമ്രവട്ടത്തിനുമിടയില്‍ എവിടെയോ. വെയിലത്തുനിന്നാണ്‌ ആ പറമ്പിന്റെ ശീതളിമയിലേക്ക്‌ ഞങ്ങളെത്തുന്നത്‌.. ഹരിതാഭമായ ആ തൊടിയില്‍ മാവും പ്ലാവും മറ്റു നാട്ടുമരങ്ങളും അവക്കിടയിലായി തെങ്ങുകളും ഉണ്ടായിരുന്നു. വലിയ ചുറ്റളവുള്ള കൈവരി പടുത്ത കിണറ്റില്‍ തെളിഞ്ഞ വെള്ളം നിറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. പറമ്പിലെ മണലില്‍ വലിച്ചിട്ട തെങ്ങോലമേല്‍ കുമാരവല്യച്ഛനും വല്യമ്മയും കുന്നംകുളത്തെ വല്യമ്മയും വല്യച്ഛനും പ്രഭചേച്ചിയും ഗീതേച്ചിയുമിരുന്നു. പാഥേയങ്ങളുടെ ചരടുകളഴിഞ്ഞു. വല്യച്ഛന്റെ കാര്യസ്ഥന്‍ സ്ഥലത്തെത്തി ഇളനീരിട്ടുതന്നു. എന്റെ കണ്ണ്‌ ശീമക്കൊന്നകള്‍ അതിരിട്ട പറമ്പിന്‌ തൊട്ടപ്പുറത്തു നിന്നാരംഭിക്കുന്ന പുഴയിലായിരുന്നു. ഞങ്ങള്‍ ആണ്‍കുട്ടികള്‍ പതുക്കെ പുഴയിലേക്ക്‌ കടന്നു. സമയം നാലുമണിയോടടുത്തിരുന്നു. പുഴയെ ആദ്യമായി സ്‌പര്‍ശിക്കുന്നത്‌ അന്നാണ്‌.
ഫോട്ടോ : പി. ദാസ്‌ അറയില്‍ 
ഞങ്ങള്‍ മൂന്ന്‌ പേരായിരുന്നു അന്ന്‌ പുഴയിലിറങ്ങിയത്‌.. ഒരാള്‍ വടക്കത്തെ കുമാര വല്യച്ഛന്റെ മകന്‍ രാജേഷ്‌. മറ്റേത്‌ കൗസു അമ്മായിയുടെ മകന്‍ മുരളി അതോ മുള്ളത്തെ ശങ്കരമാമന്റെ മകന്‍ ദിലിയൊ അതുമല്ലെങ്കില്‍ സഞ്‌ജയേട്ടന്‍.. ഓര്‍മ്മ കിട്ടുന്നില്ല. പക്ഷെ പുഴയില്‍ പഞ്ചാര മണലുണ്ടായിരുന്നു. തെളിഞ്ഞ നീരൊഴുക്കും. പുഴയിലെ കരയോടു ചേര്‍ന്നുള്ള ഭാഗത്ത്‌ പച്ചക്കറികൃഷി നടന്നിരുന്നു. നല്ലവിളഞ്ഞു പാകമായ വെള്ളരികള്‍ കവുങ്ങിന്‍ പാളകള്‍ക്കു മീതെ വിളവെടുപ്പും കാത്ത്‌ കിടന്നിരുന്നു. പുഴയ്‌ക്ക്‌ നല്ല വീതിയുണ്ടായിരുന്ന അവിടെ പുഴയിലൂടെ ഒട്ടും ആഴമില്ലാതെ വെള്ളം പരന്നൊഴുകിയിരുന്നു. മണലില്‍ നല്ല മിനുസം വന്ന വെള്ളാരം കല്ലുകളും ഉരുളന്‍ കല്ലുകളും ഉണ്ടായിരുന്നു. കക്കയുടെയും ചെറിയ ശംഖിന്റെയും അവശിഷ്ടങ്ങളും... പുഴയിലൂടെ നടന്ന്‌ മറുകര കടന്നു. തിരിച്ച്‌ ഓടി ഇക്കരെയെത്തി. ഏറെ നേരം പുഴയിലും പരിസരങ്ങളിലുമായി ചിലവഴിച്ചു. പുഴയോര്‍മ്മകളില്‍ ഇന്നും ഒളി മങ്ങലേല്‍ക്കാതെ നില്‍ക്കുകയാണ്‌ ആ സായംകാലം ഇന്നും. ബാല്യം തരുന്ന ചില കാഴ്‌ച്ചകള്‍ അനുഭവങ്ങള്‍ അതൊക്കെയാകാം ഒരാളെ അയാളാക്കിമാറ്റുന്നത്‌. ഒരു പക്ഷെഇന്നും തുടരുന്ന പുഴ പ്രണയത്തിന്റെ തുടക്കം അന്നത്തെ ആ ആദ്യ ദര്‍ശനവും പുഴ അനുഭവവും തന്നെയാകാം. 
ഫോട്ടോ : പി. ദാസ്‌ അറയില്‍
കേരളവര്‍മ്മകാലത്താണ്‌ സ്വന്തമായി പുഴയാത്രകള്‍ തുടങ്ങുന്നത്‌. ഷെര്‍ണ്ണൂര്‍, പട്ടാമ്പി, കുറ്റിപ്പുറം, തിരുനാവായ, ചമ്രവട്ടം, പെന്നാനി, തൃത്താല, എം.ടി യുടെ കൂടല്ലൂര്‍. yashikka യുടെ ഓട്ടോഫോക്കസ്‌ ക്യാമറയുമുണ്ടായിരുന്നു കൂടെ. അത്തരമൊരു യാത്രയിലാണ്‌ പട്ടാമ്പി കോളേജിലെ മലയാള വിഭാഗം സംഘടിപ്പിച്ച പുഴയെക്കുറിച്ചുള്ള ദേശിയ ശില്‍പ്പശാലയിലേക്കെത്തുന്നത്‌.. ഞരളത്ത്‌ ഹരിഗോവിന്ദന്റെ ഇടയ്‌ക്കാ വാദ്യത്തോടെ ആരംഭിച്ച ആ പരിപാടിയില്‍ വെച്ചാണ്‌ എന്‍. എം. നമ്പൂതിരി മാഷെ ആദ്യമായി കാണുന്നത്‌.. പുഴയെ, അതൊഴുകുന്ന തീരത്തെ അവിടത്തെ സാമൂഹിക രാഷ്ടീയ സാമ്പത്തിക ചരിത്രത്തെ സമഗ്രമായി പഠിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിരുന്നു നാലുദിവസങ്ങളിലായി സംഘടിപ്പക്കപ്പെട്ട ആ ദേശീയ സെമിനാര്‍. എം.ജി.എസും, ഗംഗാധരന്‍ മാഷും, എം.ടി.യും അക്കിത്തവും സാറാജോസഫും രാജേന്ദ്രന്‍ - കുശലരാജേന്ദ്രന്‍ ദമ്പതിമാരും രാജന്‍ചുങ്കത്തുമൊക്കെ വിഷയാവതാരകരായും പ്രാസംഗികരായും എത്തിയിരുന്നു. 
അക്കാലമായപ്പോഴേക്കും പുഴ അതിന്റെ നാശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടത്തിലെത്തിയിരുന്നു. മണലെടുപ്പ്‌ ഒരു വ്യവസായമെന്ന നിലയില്‍ പുഴയോരപഞ്ചായത്തുകളിലൊക്കെ പണം വിതറി തുടങ്ങിയിരുന്നു. 
(തുടരും)