Saturday, June 20, 2020

മുള്ളുകമ്പികളില്‍ കുരുങ്ങിപ്പോയ സംഗീതവും സ്വാതന്ത്ര്യസ്വപ്നങ്ങളും ....

[111min | Director: Tony Gatlif |  Drama, War, History | 2009 | France]
-------------------------------------------------
ഓഷ്‌വിറ്റ്‌സ് തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിതമായതിന്റെ 80-ാം വര്‍ഷമാണ് കടന്നുപോയത്. 1940 ജൂണ്‍ പതിനാലിനായിരുന്നു അവിടേക്കുള്ള തടവുകാരേയും കൊണ്ട് ആദ്യ തീവണ്ടിയെത്തുന്നത്. ജൂതന്‍മാര്‍, കമ്മ്യൂണിസ്റ്റുകള്‍, റഷ്യന്‍ യുദ്ധത്തടവുകാര്‍, ജിപ്‌സികള്‍, യഹോവ സാക്ഷികള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്ലാവുകള്‍, പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിങ്ങനെ ഹിറ്റ്‌ലറുടെ വംശശുദ്ധിക്കാലത്ത് യൂറോപ്പില്‍ പലയിടത്തായുള്ള കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊല്ലപ്പെട്ടവര്‍ 11 ദശലക്ഷമാണ്. ഇതില്‍ രണ്ടരലക്ഷത്തോളം (അനൗദ്യോഗിക കണക്കുകള്‍ 5 ലക്ഷം വരെ) പേര്‍ റൊമാനികളെന്നറിയപ്പെടുന്ന ജിപ്‌സികളായിരുന്നു. യുദ്ധാരംഭത്തില്‍ യൂറോപ്പിലെ ജിപ്‌സികളുടെ ജനസംഖ്യ ഇരുപത് ലക്ഷമായിരുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ മൊത്തം റൊമാനി ജനസംഖ്യയുടെ നാലിലൊന്നോളം പേര്‍ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു. ഒരു യുദ്ധത്തിലും അവകാശതര്‍ക്കങ്ങളിലും ഭാഗഭാക്കായിരുന്നില്ല അവര്‍. ഒരധികാര വടംവലികളിലും അവരിടപെട്ടിരുന്നില്ല. എന്നിട്ടും. വംശീയതയും യുദ്ധവും എന്നും എപ്പോഴും അങ്ങിനെ തന്നെയായിരുന്നു. ഹോളോകോസ്റ്റ് ചരിത്രത്തില്‍ വേണ്ടും വിധം രേഖപ്പെടുത്തപ്പെടാതെ പോയ ജിപ്‌സി വംശഹത്യയെ ഓര്‍മ്മിപ്പിക്കുകയാണ് ടോണിഗാറ്റ്‌ലിഫിന്റെ കൊര്‍കൊറോ എന്ന ഫ്രഞ്ച് സിനിമ.  സ്വാതന്ത്രം എന്നാണ് റൊമാനി (ജിപ്‌സി) ഭാഷയില്‍ കൊര്‍കൊറോ എന്ന പദത്തിനര്‍ത്ഥം. വീടകങ്ങളോ അതിര്‍ത്തിരേഖകളോ നല്‍കുന്ന സുരക്ഷിതത്വമല്ല നീണ്ടു കിടക്കുന്ന വഴികളും അവിരാമമായ യാത്രകളും വിശാലമായ തുറസ്സിടങ്ങളുമാണ് അവര്‍ക്ക് സ്വാതന്ത്രം.

ഇളകുന്ന മുള്ളുകമ്പികള്‍ നിന്ന് ഗിറ്റാറില്‍ നിന്നെന്ന പോലെ സംഗീതം പൊഴിയുന്ന ദൃശ്യത്തോടെയാണ് സിനിമ തുടങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയോട് അടിയറവ് പറഞ്ഞ ഫ്രാന്‍സില്‍ സ്ഥാപിതമായ ഒരു നാസി തടങ്കല്‍പാളയമാണ് ആ കനത്ത വേലിക്കപ്പുറം. അവിടെയാണ് ഫ്രാന്‍സില്‍ പലയിടത്തുനിന്നുമായി പിടികൂടിയ ജിപ്‌സികളുള്ളത്. പിന്നീട് മറ്റൊരു ദൃശ്യത്തിലേക്ക് ക്യാമറ വഴി മാറുന്നു. കാലം 1943, ജര്‍മ്മന്‍ അധിനിവേശ ഫ്രാന്‍സിലെ ഒരു ചെറു പ്രവിശ്യയിലേക്ക് മൂന്ന് കാരവാനുകളിലായി റെയില്‍വേ തുരങ്കം കടന്നുവരുന്ന 15 അംഗ ജിപ്‌സി കുടുംബം. ജര്‍മ്മന്‍ ഭടന്‍മാരെ ഭയന്ന് കാട്ടുപാതകളിലൂടെയാണ് ഇത്തവണത്തെ അവരുടെ യാത്ര. യുദ്ധം അനാഥനാക്കിയ ഷെലോ ക്ലോഡ് എന്ന ഒരു കുട്ടി അവരെ പിന്‍തുടരുന്നുണ്ട്. അവരവനെ ആട്ടി അകറ്റുന്നുണ്ടെങ്കിലും താലോഷ് എന്ന മതിഭ്രമമുള്ള ജിപ്‌സി അവനെ കൂടെക്കൂട്ടുന്നു. ചെറോറോ (ഭിക്ഷക്കാരന്‍) എന്നാണ് അവരവനെ വിളിക്കുന്നത്. എല്ലാവര്‍ഷവും മുന്തിരി വിളവെടുപ്പ് കാലത്ത് ബര്‍ഗുണ്ടി എന്ന ആ ചെറുപട്ടണത്തില്‍ വിളവെടുപ്പ് ജോലിക്കായി അവരെത്തും. നഗരത്തിന്റെ മേയര്‍ ഒരു മൃഗഡോക്ടര്‍ കൂടിയായ റോസിയര്‍ തിയോഡോറാണ്. സെക്രട്ടറി സ്‌ക്കൂള്‍ ടീച്ചര്‍ കൂടിയായ മിസ് ലുണ്ടി. ഇരുവരും ജിപ്‌സികളോട് അനുഭാവമുള്ളവരാണ്. കാര്യങ്ങള്‍ പഴയതുപോലെ അല്ല. ജിപ്‌സികളുടെ യാത്ര അധികാരികള്‍ വിലക്കിയിരിക്കുകയാണെന്നും ഇവിടെ തന്നെ തുടരണമെന്നും മേയര്‍ ജിപ്‌സികളെ അറിയിക്കുന്നു. അനാഥബാലനായ ക്ലോഡിന്റെ സംരക്ഷണവും തിയഡോര്‍ ഏറ്റെടുക്കുന്നു. യുദ്ധം നിങ്ങളുടേതല്ലേ, ജിപ്‌സികള്‍ ഒരു യുദ്ധത്തിനും പോയിട്ടില്ലല്ലോ എന്ന് അവര്‍ മേയറോട് ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം നിസ്സഹായനാണ്. വിസക്കൊപ്പം അവര്‍ക്ക് റേഷന്‍ കാര്‍ഡും നല്‍കുന്നു മേയര്‍. 

തുറസ്സില്‍ കൂടാരമൊരുക്കുന്ന അവര്‍ കാലികമായ കാര്‍ഷിക ജോലിക്കൊപ്പം ചെറിയ കച്ചവടങ്ങള്‍ ചെയ്തും വിശേഷവേളകളിലും ചില ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായും സംഗീതഉപകരണങ്ങള്‍ മീട്ടിയും പാട്ടും നൃത്തവുമവതരിപ്പിച്ചും പാത്രങ്ങള്‍ ഓട്ടയടച്ചുകൊടുത്തും ഉലകളില്‍ ഇരുമ്പുപകരണങ്ങള്‍ നിര്‍മ്മിച്ചുമൊക്കെ ജീവിക്കുന്നു. ജിപ്‌സികളെ തേടിയെത്തിയ പട്ടാളക്കാര്‍ ആദ്യം അവരുടെ കുതിരകളെ ബലമായി പിടിച്ചു കൊണ്ടുപോകുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ 50 മൈല്‍ അകലെയുള്ള നാസി തടങ്കല്‍പാളയത്തിലേക്ക് അവരെയും അറസ്റ്റ് ചെയ്ത് മാറ്റുകയാണ്. എന്തിനാണ് തങ്ങളെ കൊണ്ടു പോകുന്നതെന്ന ചോദ്യത്തിന് ഫ്രാന്‍സില്‍ നിന്നും വിഷം ഒഴിവാക്കാനാണെന്നാണ് നാസി അനുകൂല ഫ്രഞ്ച് ഉദ്യോഗസ്ഥനായ പിയര്‍ പെന്റ്‌കോട്ട് പറയുന്നത്. ഫ്രാന്‍സില്‍ സ്വന്തമായി വീടുള്ള ജിപ്‌സികളെ തല്‍ക്കാലം നടപടികളില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്. തിയോഡോര്‍ ഒഴിഞ്ഞുകിടക്കുന്ന തന്റെ കുടുംബവീടും സ്ഥലവും വെറും പത്ത് ഫ്രാങ്കിന് ജിപ്‌സികളാവശ്യപ്പെടാതെ തന്നെ കൈമാറി അവരെ തടവറയില്‍ നിന്ന് മോചിപ്പിക്കുന്നു. എന്നാല്‍ അത്തരമൊരു ജീവിതം ഒട്ടും ഇഷ്‌പ്പെടുന്നവരായിരുന്നില്ല ജിപ്‌സികള്‍.

മിസ് ലുണ്ടി രഹസ്യമായി നാസികള്‍ക്കെതിരെ പടപൊരുതുന്ന രാഷ്ട്രീയ പ്രവര്‍ത്തകയാണ്. അവരുടെ രണ്ട് സഹോദരങ്ങളും ജയിലിലാണ്. ഒളിവിലുള്ള പ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കുന്നതും വിവരങ്ങള്‍ കൈമാറുന്നതും അവരാണ്. സഹപ്രവര്‍ത്തക എന്നതില്‍ നിന്ന് പ്രണയത്തോളം ബന്ധം വളര്‍ന്നിട്ടും തിയോഡോര്‍ ഇത് മനസ്സിലാക്കിയിട്ടില്ല. പെന്റ്‌കോട്ട് ജര്‍മ്മന്‍ പട്ടാളക്കാരുമായെത്തി വീട് റെയ്ഡ് ചെയ്ത് ലുണ്ടിയെ അറസ്റ്റുചെയ്യുന്നു. തടയാനെത്തിയ തിയഡോറിനെയും അവര്‍ കസ്റ്റഡിയിലെടുക്കുന്നു. ഇതോടെ ജിപ്‌സികള്‍ നാടു വിടുകയാണ്. ജിപ്‌സികളറിയാതെ താലോഷിന്റെ സഹായത്തോടെ കാരവാനുകളിലൊന്നിന്റെ അടിയില്‍ ഒളിച്ചിരുന്ന് ക്ലോഡും അവര്‍ക്കൊപ്പം യാത്രയിലുണ്ട്. അവനെ കണ്ടു പിടിക്കുന്ന മറ്റുള്ളവരോട് ക്ലോഡിന് ഒരു ജിപ്‌സി ആകാനാണാഗ്രഹമെന്ന് താലോഷ് പറയുന്നു. ജിപ്‌സി എന്നത് ഒരു തൊഴിലോ മറ്റോ ആണോ ആയിതീരാനെന്ന് മറ്റ് ജിപ്‌സികള്‍ ചോദിക്കുന്നുണ്ട്. വഴിയിലൊരിടത്ത് വെച്ച് നാസികളവരെ വളയുന്നു. എല്ലാവരെയും അറസ്റ്റുചെയ്ത് തടങ്കല്‍ പാളയത്തിലേക്ക് കൊണ്ടുപോകുന്നു. മനോവിഭ്രാന്തികളുള്ള താലോഷ് ഓടുന്നതിനിടെ പട്ടാളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നു.

ജിപ്‌സിവേരുകളുള്ള അള്‍ജീരിയന്‍ വംശജനാണ് ഫ്രഞ്ച് സംവിധായകനായ ടോണിഗാറ്റ്‌ലിഫ്. ജിപ്‌സി ജീവിതങ്ങളും സ്വാതന്ത്രവും സംഗീതവും യാത്രയും പ്രണയവുമൊക്കെയാണ് ഗാറ്റ്‌ലിഫ് സിനിമകളുടെ മുഖമുദ്ര. ഒപ്പം അതിനടിലിയൂടെ അന്തര്‍ലീനമായി ഒഴുകുന്ന രാഷ്ട്രീയവും. സിനിമകളിലെ സ്ഥിരം വാര്‍പ്പ് മാതൃകകളില്‍ നിന്ന് ജിപ്‌സികളെ മോചിപ്പിക്കുന്നതും അവരുടെ യഥാര്‍ത്ഥജീവിതം സിനിമയിലേക്ക് കൊണ്ടു വന്നതും ഗാറ്റ്‌ലിഫിന്റെ സിനിമകളാണ്. ലാച്ചോ ഡ്രോം എന്ന ജിപസി സംഗീതത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഡോക്യുമെന്ററി/സിനിമ അതിമനോഹരമായ ഒരു കലാസൃഷ്ടിയാണ്. ഹോളോകോസ്റ്റിന്റെ ഭീകരതകളിലേക്ക് കടക്കാതെ തന്നെ അതിന്റെ ഒരിരകള്‍കൂടി നിശബ്ദമായി ഇവിടെ ജീവിക്കുന്നുണ്ടെന്ന് ലോകത്തെ ഓര്‍മ്മപ്പെടുത്തുന്നു ഗാറ്റ്‌ലിഫ്. ജിപ്‌സികളുടെ ജീവിതവും അവരുടെ നിസ്സഹായാവസ്ഥയും കൈയ്യടക്കത്തോടെ വരച്ചു കാട്ടുന്നുണ്ട് അദ്ദേഹം.

ജിപ്‌സി വംശഹത്യ വേണ്ടും വിധം രേഖപ്പെടുത്തപ്പെടാതെ പോയത് ജിപ്‌സിയായ ഒരു എഴുത്തുകാരനോ, ചരിത്രകാരനോ ഇല്ലാത്തതുകൊണ്ട് കൂടിയാണിത്. ടോണി ഗാറ്റ്‌ലിഫ് എന്ന ജിപ്‌സി വേരുകളുള്ള ഒരു സംവിധായകനുണ്ടായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ആ കാലം ചലചിത്രരംഗത്തും അടയാളപ്പെടുത്തുമായിരുന്നില്ല. രേഖപ്പെടുത്തപ്പെട്ടത് മാത്രം ചരിത്രമാകുമ്പോള്‍ അതിനപ്പുറമുള്ള ദേശവും കാലവും ഓര്‍മ്മയും അനുഭവങ്ങളുമൊക്കെ വിസ്മൃതിയിലേക്ക് തള്ളിമാറ്റപ്പെടും. യുദ്ധാനന്തരം സഖ്യകക്ഷികള്‍ ജര്‍മ്മനിയിലെ ന്യൂറംബര്‍ഗില്‍ വിചാരണക്കോടതി സ്ഥാപിച്ച് നാസിയുദ്ധക്കുറ്റവാളികളെ വിചാരണചെയ്ത് ശിക്ഷിക്കുകയുണ്ടായി. അതിഭീകരമായ വംശഹത്യക്കും ക്രൂരതകള്‍ക്കും ഇരയായിട്ടും ഒരൊറ്റ ജിപ്‌സിയും അവിടേക്ക് വിളിക്കപ്പെട്ടില്ല. ഒരൊറ്റ ജിപ്‌സിപോലും സ്വമേധയാ സാക്ഷിപറയാനും കേസില്‍ പങ്കുചേരാനുമായി അവിടെ എത്തിചേര്‍ന്നതുമില്ല. ദുഃഖവും രോഷവും കടിച്ചമര്‍ത്തി അവരവരുടെ നിരന്തരമായ യാത്രകളിലേക്കും സംഗീതത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചുപോയി. മടങ്ങിപോകാനായി ഒരു വാഗ്ദത്ത ഭൂമിയോ പടുത്തുയര്‍ത്താന്‍ ഒരു രാജ്യമോ ഇല്ലാത്തവരായിരുന്നു അവര്‍.

അതിമനോഹരമായ ചില ദൃശ്യങ്ങള്‍ ഈ സിനിമയിലുണ്ട് അതിലൊന്നാണ് തടവില്‍ നിന്ന് മോചിതരായ ജിപ്‌സികളുടെ തിയോഡോറിന്റെ കുടുംബ വീട്ടിലേക്കുള്ള യാത്ര. തിയോഡോറും താലോഷും മോട്ടോര്‍സൈക്കിളില്‍ പോകുമ്പോള്‍ വേലിക്കപ്പുറത്ത് കൂടി സമാന്തരമായി കുതിരയെ ഓട്ടിയാണ് ജിപ്‌സികുടുംബത്തിലെ വിധവയായ പെണ്‍കുട്ടിയുടെ യാത്ര. മറ്റു ജിപസികള്‍ അഹ്‌ളാദാരവങ്ങളോടെ തിയഡോറിന്റെ ബൈക്കിന് പുറകിലായി ഓടി വരുന്നുണ്ട്. ജിപ്‌സി കുട്ടികള്‍ക്കൊപ്പം ലുണ്ടിയുടെ ക്ലാസിലേക്ക് പഠിക്കാനെത്തുന്ന താലോഷ് സംഗീതവും തമാശകളും കൊണ്ട് അവിടത്തെ അന്തരീക്ഷം തന്നെ മാറ്റിമറിക്കുന്നുണ്ട്. ക്ലോഡിനൊപ്പം തിയഡോറിന്റെ വീട്ടിലെത്തുന്ന താലോഷ് അവിടത്തെ കുളിമുറിയിലെ പൈപ്പ് തുറക്കുമ്പോള്‍ പുറത്തുവരുന്ന വെള്ളം കണ്ട് അതിനെ സ്വതന്ത്രമാക്കാന്‍ തീരുമാനിക്കുന്നു. വെള്ളത്തിന്റെ ധര്‍മ്മം ഒഴുകുക എന്നതാണെന്നും അതിന് വിരുദ്ധമായി തടഞ്ഞുവെക്കപ്പെടുന്നതോടെ അതിന്റെ സ്വാതന്ത്രം നഷ്ടമാകുകയാണ്. വെള്ളം സിങ്ക് നിറഞ്ഞ് ബാത്ത് റൂമിലേക്കും അവിടെ നിന്ന് മുറിയിലേക്കും കോണിപടവുകളിലൂടെ താഴത്തെ നിലയിലേക്കും ഒഴുകിപരന്ന് സ്വതന്ത്രമാകുമ്പോള്‍ സന്തോഷം കൊണ്ട് ആര്‍ത്ത് വിളിക്കുന്നുണ്ട് താലോഷ്.

സ്വാതന്ത്രത്തിന്റെ വിളനിലമായിരുന്ന ഫ്രാന്‍സ് നാസി അധീനതയില്‍ എങ്ങിനെയാണ് മാറുന്നതെന്ന് പല രംഗങ്ങളിലൂടെ വെളിവാകുന്നുണ്ട് ചിത്രത്തില്‍. ഭൂമി കൈമാറാനായി രേഖപ്പെടുത്തേണ്ട വിവരങ്ങളിലൊന്ന് ജൂതനാണോ അല്ലയോ എന്നതാണ്. മുന്‍ വരവുകളില്‍ ജിപ്‌സികളോട് സൗഹൃദത്തിലായിരുന്ന പിയര്‍ പെന്റ്‌കോട്ടാണ് ഇത്തവണ അവരെ ദ്രോഹിക്കുന്നതും ഫ്രാന്‍സിന്റെ വിഷമാണവരെന്ന് പറയുന്നതും. ജിപ്‌സികളോട് സൗഹൃദത്തോടെ പെരുമാറിയിരുന്ന ഗ്രാമീണരും പുതിയ സാഹചര്യത്തില്‍ അവരോട് അകലം പാലിക്കുന്നുണ്ട്.

യെവെറ്റ് ലുണ്ടി (Yvette Lundy) എന്ന നാസി വിരുദ്ധ ഇടതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയ പ്രവര്‍ത്തകയാണ് മിസ് ലുണ്ടിയുടെ കഥാപാത്രത്തിന് പ്രചോദനമായത്. വ്യാജരേഖകള്‍ നിര്‍മ്മിച്ചു നല്‍കി ജൂതന്‍മാരെയും നാസികളുടെ രാഷ്ടീയ എതിരാളികളെയും രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കുറ്റം ചുമത്തി 24-ാം വയസ്സില്‍ ലുണ്ടി തടവിലടക്കപ്പെട്ടു. നാസിതടങ്കല്‍ പാളയങ്ങളെ ലുണ്ടി അതിജീവിച്ചെങ്കിലുംഒരു സഹോദരന്‍ ഓഷ് വിറ്റ്‌സില്‍ വെച്ച് കൊല്ലപ്പെട്ടു. ഫാസിസത്തിനും യുദ്ധത്തിനുമെതിരായി കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ തന്റെ ശിഷ്ടജീവിതം നീക്കിവെച്ച ലുണ്ടി  2019 നവംബറില്‍ തന്റെ 103-ാം വയസ്സിലാണ് മരിക്കുന്നത്. നാസിസത്തോട് സന്ധിചെയ്യാതെ ചെറുത്തുനിന്ന ഒരു തലമുറയുടെ പ്രതിനിധിയായി യെവെറ്റ് ലുണ്ടി ഫ്രാന്‍സില്‍ ഓര്‍മ്മിക്കപ്പെടുന്നു.

ടോണിയുടെ മറ്റു സിനിമകളെപോലെ ജിപ്‌സി സംഗീതമാണ് ഈ ചിത്രത്തിന്റെയും ജീവന്‍. വയലിനും ഗിറ്റാറുമുപയോഗിച്ചുള്ള റൊമാനി പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ടോണി ഗാറ്റ്‌ലിഫും ഡെല്‍ഫിന്‍ മാന്റൗലറ്റും ചേര്‍ന്നാണ്. ചാര്‍ലി ചാപ്ലിന്റെ ചെറുമകനായ ജെയിംസ് തിയറിയാണ് (James Thiérrée) താലോഷ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരിക്കുന്നത്. സിനിമയില്‍ ജിപ്‌സി കുടുംബാംഗങ്ങളായി അഭിനിയിക്കുന്നവരില്‍ പലരും യഥാര്‍ത്ഥ ജിപ്‌സികളാണ്. ഫ്രഞ്ച് റൊമാനി ഭാഷകളിലായുള്ള ഈ ചിത്രത്തിന്റെ കഥയും നിര്‍മ്മാണവും ടോണി ഗാറ്റ്‌ലിഫ് തന്നെയാണ്. ജൂലിയന്‍ ഹിര്‍ഷിന്റെതാണ് ക്യാമറ. മാര്‍ക്ക് ലാവോയിന്‍ (Marc Lavoine) തിയാഡോറിന്റെ വേഷം അനശ്വരയാക്കിയപ്പോള്‍ മാരിജോസി ക്രോസ് മിസ് ലുണ്ടിയെ ഭംഗിയായി അവതരിപ്പിച്ചു.

ജലത്തെ ഒഴുകാന്‍ വിടുന്നത് പോലെ സംഗീതം ചുറ്റും പരക്കുന്നതുപോലെ ഭൂമിയില്‍ പാറി നടക്കാന്‍ കഴിയുക എന്ന റൊമാനി സ്വപ്നം ഇപ്പോഴും അകലെയാണ്. അതിര്‍ത്തികള്‍ കൂറേകൂടി കൊട്ടിയടക്കപ്പെടുകയും ലോകത്താകമാനമുള്ള വലതുപക്ഷം കൂടുതല്‍ ശക്തമാകുകയും നവനാസി പ്രസ്ഥാനങ്ങള്‍ വേരോട്ടമുണ്ടാക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലം അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നുമില്ല. ഹംഗറി, ചെക്ക് റിപ്പബ്ലിക്ക്, റൊമാനിയ, ഉക്രെയിന്‍, ഇറ്റലി, യു.എസ്.എ എന്നിവിടങ്ങളിലെല്ലാം ജിപ്‌സികള്‍ക്കെതിരായ നവനാസി-മുഖംമൂടി സംഘങ്ങളുടെ ആക്രമണങ്ങള്‍ സമീപകാലങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിര്‍ബന്ധിത വന്ധ്യംകരണഭീഷണികളും പുറത്താക്കല്‍ ശ്രമങ്ങളുമൊക്കെ സമീപകാല യാഥാര്‍ത്ഥ്യങ്ങളായി അവര്‍ക്ക് മുന്നിലുള്ളപ്പോള്‍ ഹോളോകോസ്‌റ്റെന്നത് മുമ്പെങ്ങോ കണ്ട ഒരു ദു:സ്വപ്നം മാത്രമായി മറക്കാന്‍ അവര്‍ക്ക് കഴിയുകയുമില്ല...


ആരാണ് ജിമ്മി ലീ ജാക്‌സനെ കൊലപ്പെടുത്തിയത്

സെല്‍മ

[128min | Director: Ava DuVernay | Biography, Drama, History | 2015 | USA]
-------------------------------------------------

1963 ഓഗസ്റ്റ് 28ന് വാഷിങ്ങ്ടണ്‍ ഡി.സി.യിലെ ലിങ്കണ്‍മെമ്മോറിയല്‍ പടവുകളില്‍ നിന്ന് രണ്ടരലക്ഷത്തിലധികം പേരെ സാക്ഷിയാക്കി നടത്തിയ 'എനിക്കൊരുസ്വപനമുണ്ട്'  എന്ന പ്രസംഗത്തില്‍ 100 വര്‍ഷം പഴക്കമുള്ള ഒരു ചെക്ക് മാറ്റികിട്ടുന്നതിനായാണ് തങ്ങളിന്നുമിങ്ങനെ കാത്തുകെട്ടി നില്‍ക്കുന്നതെന്ന് ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയര്‍ പറയുന്നുണ്ട്. എബ്രഹാം ലിങ്കണ്‍ അടിമത്തം നിരോധിച്ച് 100 വര്‍ഷം പിന്നിടുന്ന ആ വേളയില്‍ ലിങ്കന്റെ ഓര്‍മ്മകളുറങ്ങുന്നിടത്തുവെച്ച് പഴയ വാഗ്ദാനങ്ങളെക്കുറിച്ച് അമേരിക്കയെ ഓര്‍മ്മിപ്പിക്കുകയാണ് മാര്‍ട്ടിന്‍. തുടര്‍ന്ന് 1964ല്‍ സിവില്‍ റൈറ്റ്‌സ് ആക്ടില്‍ അമേരിക്കയുടെ 36-ാം പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍സന്‍ ഒപ്പുവെച്ചു. പിന്നെയും ചര്‍ച്ചകളും റാലികളും പ്രക്ഷോഭങ്ങളും നിവേദനങ്ങളും നിയമങ്ങളും ഉണ്ടായി. തെരുവുകളില്‍ ഏറെ ചോര ഒഴുകി. പക്ഷെ ഇന്നും ആഫ്രോ-അമേരിക്കന്‍സിന് ആ ചെക്ക് പൂര്‍ണ്ണമായി മാറ്റികിട്ടിയിട്ടുണ്ടോ ?. ഇല്ലെന്ന് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്ക വീണ്ടും പുകയുകയാണ്. ഇന്നും തുടരുന്ന വംശീയ പീഡനങ്ങള്‍ ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ അനാവൃതമാകുകയാണ്. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ ഒടുവിലത്തെ, എന്നാല്‍ അവസാനത്തേതല്ലാത്ത സംഭവമായി വെള്ളക്കാരനായ ഡെറിക് ഷോവിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാല്‍മുട്ടുകള്‍ക്കിടയില്‍ ജീവന്‍നഷ്ടപ്പെട്ട ജോര്‍ജ് ഫളോയിഡിന്റെ കൊലപാതകം വാര്‍ത്തകളില്‍ നിറയുമ്പോള്‍, കറുത്തവര്‍ഗ്ഗക്കാര്‍ ഒരിക്കല്‍ കൂടി നീതിക്കായി തെരുവിലിറങ്ങുമ്പോള്‍ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ അതിന് പിന്‍തുണയുമായി രംഗത്ത് വരുമ്പോള്‍ അറുപതുകളിലെ ആഫ്രോ-അമേരിക്കന്‍ രാഷ്ട്രീയത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു അത്. മാല്‍ക്കം എക്‌സും മാര്‍ട്ടിന്‍ ലൂതര്‍കിങ്ങും കൊല്ലപ്പെട്ടത് 1960കളുടെ രണ്ടാം പകുതിയിലാണ്. ഹിപ്പികളും സമാധാനപ്രവര്‍ത്തകരും കോളേജ് വിദ്യാര്‍ത്ഥികളും വംശീയതക്കും വിയറ്റ്‌നാമിലെ അമേരിക്കന്‍ ക്രൂരതകള്‍ക്കെതിരെ ചിക്കാഗോയിലെ തെരുവുകള്‍ കീഴടക്കിയതും അതേ കാലത്തു തന്നെ. ലിന്‍ഡന്‍ ബി. ജോണ്‍സണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പതിനായിരങ്ങള്‍ തെരുവില്‍ ചോരകൊടുത്ത ആ കാലം ഇന്നും അവസാനിക്കാതെ തുടരുന്നു.

ആഫ്രോ-അമേരിക്കന്‍ വനിതാസംവിധായകയായ 'എവ ഡുവേണേ' സംവിധാനം ചെയ്ത സെല്‍മ എന്ന ചലചിത്രം കറുത്തവരുടെ അവകാശപ്പോരാട്ടങ്ങളുടെ സുപ്രധാനമായ ഒരു കാലഘട്ടത്തെയും മാര്‍ട്ടിന്‍ലൂതര്‍ കിങ്ങിന്റെ ജീവിതത്തെയും കുറിച്ചുള്ളതാണ്. ഒരു ജീവചരിത്രസിനിമ(Biopic)യെന്നതിലുപരി അമേരിക്കന്‍ വംശവെറിയെയും കറുപ്പിന്റെ രാഷ്ട്രീയത്തെയും വരച്ചുകാട്ടുന്ന ചിത്രമാണിത്. 1964ല്‍ മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് സമാധാനത്തിനുള്ള നോബല്‍സമ്മാനം ഏറ്റുവാങ്ങി നടത്തുന്ന പ്രഭാഷണത്തോടുകൂടിയാണ് സിനിമ തുടങ്ങുന്നത്. പ്രഭാഷണം തുടരുമ്പോള്‍ തന്നെ അമേരിക്കയില്‍ വംശീയവാദികളായ വെള്ളക്കാരുടെ തീവ്രവാദിസംഘടനയായ കു ക്ലക്‌സ് ക്ലാന്റെ പ്രവര്‍ത്തകര്‍ നടത്തിയ ഒരു ബോബാംക്രമണത്തില്‍ 4 പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നതിന്റെ ദൃശ്യത്തിലേക്ക് ക്യാമറ വഴിമാറുന്നു. അമേരിക്കയില്‍ തിരിച്ചെത്തിയ മാര്‍ട്ടിന്‍ പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സനെ കാണാനെത്തുന്നു. അലബാമ ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നതും അവരെ അതി ക്രൂരമായി അടിച്ചമര്‍ത്തുന്നതും ഇനിയും അംഗീകരിക്കാനാകില്ലെന്നും ഉടനടി വേണ്ടത് ചെയ്യണമെന്നുമാണ് മാര്‍ട്ടിന്റെ ആവശ്യം. എന്നാല്‍ ലിങ്കണ്‍ ചെയ്തതുപോലെ തെക്കന്‍സംസ്ഥാനങ്ങളുമായി ഒരു ആഭ്യന്തരയുദ്ധത്തിന് തുടക്കം കുറിക്കാനോ തിരക്കുപിടിച്ചൊരു നിയമം കൊണ്ടുവരാനോ തനിക്ക് കഴിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് മാര്‍ട്ടിനോട് വ്യക്തമാക്കുന്നു. തുടര്‍ന്ന് ഗാന്ധിയന്‍ സമരമെന്ന തന്റേതായ വഴി തേടുകയാണ് മാര്‍ട്ടിന്‍.

വംശീയഭ്രാന്തിന് കുപ്രസിദ്ധമായിരുന്ന അലബാമയിലെ സെല്‍മയിലെത്തിച്ചേര്‍ന്ന മാര്‍ട്ടിന്‍ലൂതര്‍കിങ്ങ് അവിടെ വെച്ച് വര്‍ണ്ണവെറിയന്‍മാരുടെ പരസ്യമായ ആക്രമണത്തിനിരയാകുന്നുണ്ട്. സെല്‍മയില്‍ നിന്ന് മോണ്ട്‌ഗോമറിയിലേക്ക് മാര്‍ട്ടിന്‍ ഒരു മാര്‍ച്ച് പ്രഖ്യാപിക്കുന്നു. 1955 ല്‍ മോണ്ട്‌ഗോമറിയില്‍ മാര്‍ട്ടിന്റെ തന്നെ നേതൃത്വത്തില്‍ 385 ദിവസം നീണ്ടു നിന്ന ബസ് ബഹിഷ്‌കരണസമരത്തെ തുടര്‍ന്നായിരുന്നു ബസ്സുകളില്‍ വെള്ളക്കാര്‍ക്കുണ്ടായിരുന്ന പ്രത്യേക സീറ്റുകള്‍ നിര്‍ത്തലാക്കിയത്. 1965 മാര്‍ച്ച് 7ന് നടന്ന ആദ്യ മാര്‍ച്ചിനെ അല്‍ബാമ ഭരണകൂടം അതിക്രൂരമായി നേരിടുന്നു. വര്‍ണ്ണവിവേചനത്തിനെതിരായി നടന്ന സമരങ്ങളുടെ ചരിത്രത്തിലെ 'ബ്ലഡി സന്‍ഡേ' എന്നറിയപ്പെടുന്നത് ഈ ദിനമാണ്. തുടര്‍ന്നുള്ള ഒരു രാത്രിയില്‍ പ്രക്ഷോഭത്തിനായി എത്തിച്ചേര്‍ന്ന ജിമ്മി ലീ ജാക്‌സണ്‍ എന്ന യുവാവിനെ പോലീസുകാര്‍ ഒരു റെസ്‌റ്റോറന്റിലിട്ട് മാതാപിതാക്കളുടെ മുന്നില്‍വെച്ച് വെടിവെച്ച് കൊല്ലുന്നു. സമരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ പലവിധ സമ്മര്‍ദ്ദങ്ങളും മാര്‍ട്ടിന് നേരിടേണ്ടി വരുന്നുണ്ട്. പിന്‍മാറാന്‍ തയ്യാറല്ലാതിരുന്ന മാര്‍ട്ടിന്‍ തുടര്‍ന്നുള്ള മാര്‍ച്ചിന് ജനാധിപത്യവിശാസികളുടെ പിന്തുണ തേടുന്നു. തുടര്‍ന്ന് അതില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന വെളുത്തവര്‍ഗ്ഗക്കാരനായ ജെയിംസ് റീബ് എന്ന പുരോഹിതനെ ഇരുട്ടിന്റെ മറവില്‍ വര്‍ണ്ണവെറിയന്‍മാര്‍ വെളുത്ത നീഗ്രോ എന്നാക്ഷേപിച്ച് അടിച്ചുകൊല്ലുന്നു. അഹിംസാത്മകമായ സമരത്തെക്കുറിച്ച് അനുയായികള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. കാത്തിരിക്കാനുള്ള മാര്‍ട്ടിന്റെ തീരുമാനത്തിനെതിരെയും ഏതിര്‍ ശബ്ദങ്ങളുയരുന്നുണ്ട്. തുടര്‍ന്ന് മാര്‍ച്ചിന് കോടതിയില്‍ നിന്ന് അനുമതി ലഭിക്കുന്നു. സമ്മര്‍ദ്ദം സഹിക്കാനാകാതെ അമേരിക്കന്‍ പ്രസിഡന്റ് എല്ലാ സംസ്ഥാനങ്ങളിലും കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബില്ലിന് രൂപം നല്‍കുന്നു. ഒടുവില്‍ മാര്‍ട്ടിനും അനുയായികളും സെല്‍മയില്‍ നിന്ന് 87 കിലോമീറ്റര്‍ അകലെയുള്ള അലബാമയുടെ തലസ്ഥാന നഗരമായ മോണ്ട്‌ഗോമറിയിലേക്ക് എൈതിഹാസികമായ ആ മാര്‍ച്ച് നടത്തുകയാണ്.

ആഫ്രോ-അമേരിക്കന്‍ വനിതാസംവിധായകയായ 'എവ ഡുവേണേ' യാണ് സല്‍മയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ആഫ്രിക്കന്‍അമേരിക്കന്‍ വനിത സംവിധാനം ചെയ്ത സിനിമ ആദ്യമായി ഓസ്‌ക്കാര്‍ നോമിനേഷന്‍ നേടുന്നത് സെല്‍മയിലൂടെയാണ്. 'ഡേവിഡ് ഒയെലോവോ'യാണ് മാര്‍ട്ടിന്‍ലൂതര്‍കിങ്ങ് ജൂനിയറായി വേഷമിട്ടിരിക്കുന്നത്. 'ടോം വില്‍കിന്‍സണ്‍' ലിന്‍ഡന്‍ ജോണ്‍സനെ അനശ്വരമാക്കിയിരിക്കുന്നു. നടിയും ടെലിവിഷന്‍ അവതാരകയുമൊക്കെയായിരുന്ന 'ഓപ്ര വിന്‍ഫ്രി' യാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഉജ്വലമായ പ്രകടനാണ് ഡേവിസ് ഒയെലോവോ ഈ സിനിമയില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. സമരത്തിനൊരുങ്ങുന്ന മാര്‍ട്ടിന് കുടുംബത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങള്‍, ജിമ്മി ലീ ജാക്‌സന്റെ മരണത്തെ തുടര്‍ന്ന് മാര്‍ട്ടിന്‍ നടത്തുന്ന പ്രസംഗം, ലിന്‍ഡന്‍ ജോണ്‍സനുമായുള്ള കൂടിക്കാഴ്ച്ചകള്‍, സംഘടനക്കുളളിലെ സംഘര്‍ഷങ്ങള്‍ ഇതൊക്കെ മികച്ചരീതിയില്‍ അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ ഡേവിസ് ഒയെലോവോക്കായി. ചരിത്രത്തോട് വേണ്ടത്ര നീതി പുലര്‍ത്തിയില്ല എന്ന ബയോപിക്ക്-ചരിത്ര സിനിമകള്‍ എല്ലാ കാലത്തും നേരിടേണ്ടി വരുന്ന ആരോപണം ഈ ചിത്രത്തിന് നേരേയും ഉയര്‍ന്നിരുന്നു. ലിന്‍ഡന്‍ ജോണ്‍സനെ തെറ്റായി അവതരിപ്പിച്ചു, സെല്‍മ സമരത്തില്‍ മാര്‍ട്ടിനൊപ്പം മുന്‍നിരയിലുണ്ടായിരുന്ന ചിലരെ വിട്ടുകളഞ്ഞു, കാലഗണന കൃത്യമായി പാലിച്ചില്ല ഇതൊക്കെയായിരുന്നു പ്രധാന ആക്ഷേപങ്ങള്‍. എന്നാല്‍ ഇതൊരു ഡോക്യുമെന്ററിയല്ല, താനൊരു ചരിത്രകാരിയുമല്ല, എന്ന് പറഞ്ഞാണ് എവ ഈ വിമര്‍ശനങ്ങളെ നേരിട്ടത്.

വിയറ്റ്‌നം യുദ്ധം, മാല്‍ക്കം എക്‌സ്, എന്നിങ്ങനെ സമകാലിക സംഭവങ്ങളും വ്യക്തിത്വങ്ങളും ഈ സിനിമയുടെ പശ്ചാത്തലത്തില്‍ വന്നു പോകുന്നുണ്ട്. 1920കളില്‍ ജനിച്ച് ഒരേ കാലഘട്ടത്തില്‍ ജീവിച്ച് ഒരു വര്‍ഗ്ഗത്തിന്റെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയിട്ടും ഒരിക്കല്‍ പോലും സഹകരിച്ച് മുന്നോട്ട് പോകാന്‍ മാല്‍ക്കത്തിനും മാര്‍ട്ടിനും കഴിയാതിരുന്നതിനെക്കുറിച്ചുള്ള ചില സൂചനകള്‍ ഈ ചിത്രത്തില്‍ കണ്ടെടുക്കാം. സെല്‍മയില്‍ വെച്ച് മാര്‍ട്ടിന്‍  അറസ്റ്റിലായ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ 'കോരറ്റാ സ്‌കോട്ട്' മാല്‍ക്കം എക്‌സിനെ കാണുന്നുണ്ട്. പിന്നീട് കൊരറ്റയുമായുള്ള സംഭാഷണത്തില്‍ മാല്‍ക്കത്തിന്റെ സഹായം തേടിയതിനെ കുറ്റപ്പെടുത്തുന്നുണ്ട് മാര്‍ട്ടിന്‍. വിവരമില്ലാത്ത ഉപദേശിയായും വെള്ളക്കാരനില്‍ നിന്ന് പണം പറ്റി പ്രവര്‍ത്തിക്കുന്നവനായും പുതിയ കാലത്തെ അങ്കിള്‍ ടോമായുമൊക്കെയാണ് മാല്‍ക്കം തന്നെ ചിത്രീകരിച്ചിരിക്കുന്നതെന്ന് മാര്‍ട്ടിന്‍ കൊരറ്റയോട് പറയുന്നു. ലിന്‍ഡന്‍ ജോണ്‍സന്റെ സംഭാഷണങ്ങളില്‍ മാല്‍ക്കത്തെ രണോത്സുകമായ ചെറുത്തുനില്‍പ്പിന്റെ പ്രതിനിധിയായാണ് കാണുന്നത്. ജീവിത്തിലൊരിക്കല്‍മാത്രമാണ് മാര്‍ട്ടിനും മാല്‍ക്കവും കണ്ടു മുട്ടുന്നത്. 1964 മാര്‍ച്ച് 26ന് വാഷിങ്ങ്ടണ്‍ ഡി.സി.യില്‍ വെച്ചായിരുന്നു ഏതാനും മിനിട്ടുകള്‍ മാത്രം നീണ്ട് ആ കൂടിക്കാഴ്ച്ച. സിവില്‍ റൈറ്റ്‌സ് ബില്ലിന്‍മേലുള്ള അമേരിക്കന്‍ സെനറ്റിലെ ചര്‍ച്ച കേള്‍ക്കാനെത്തിയതായിരുന്നു ഇരുവരും.

ഹിംസാത്മകമായ ചെറുത്തുനില്‍പ്പിനെ പറ്റി മാല്‍ക്കം സംസാരിച്ചപ്പോള്‍, സ്വന്തം ജീവിതാനുഭവങ്ങള്‍കൊണ്ട് വെളുപ്പിനോട് കഠിനമായ എതിര്‍പ്പ് മാല്‍ക്കം വെച്ച് പുലര്‍ത്തിയപ്പോള്‍ ഗാന്ധിയായിരുന്നു ലൂതറുടെ വഴികാട്ടി. മാര്‍ട്ടിന്‍ ലൂതറിന്റെ അഹിംസാത്മകസമരമാര്‍ഗ്ഗം മെല്ലെപ്പോക്കാണെന്ന വിമര്‍ശനം മാല്‍ക്കത്തിനുണ്ടായിരുന്നു. വെള്ളക്കാരെ മൊത്തത്തില്‍ വംശീയമായി എതിര്‍ക്കുന്ന മാല്‍ക്കത്തിന്റെ നയങ്ങളോടും അതിരൂക്ഷമായ എഴുത്തിനോടും പ്രസംഗത്തോടും ലുഥറിനും തികഞ്ഞ വിയോജിപ്പായിരുന്നു. അത് കറുത്തവര്‍ഗ്ഗക്കാരുടെ മുന്നേറ്റങ്ങളെ അക്രമത്തിലേക്കെത്തിക്കുമെന്നും അതു വഴി അവരുടെ നില കൂടുതല്‍ പരിതാപകരമാക്കുമെന്നും ലൂഥര്‍ കരുതി. ലൂഥറിന്റെ ഭാര്യയോട് നേരിട്ട് കാണുക പോലും ചെയ്യാത്ത തങ്ങള്‍ക്ക് എങ്ങിനെ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും എന്നാണ് മാല്‍ക്കം ചോദിക്കുന്നത്. വ്യത്യസ്ഥ അഭിപ്രായമുണ്ട് എന്നതിനര്‍ത്ഥം അദ്ദേഹം തന്റെ ശത്രുവാണ് എന്നതല്ല എന്നും മാല്‍ക്കം പറയുന്നുണ്ട്. പിന്നീട് സെല്‍മ സമരം നടക്കുന്നതിന്റെ ഇടയിലൊരുനാളാണ് മാല്‍ക്കം കൊല്ലപ്പെടുന്നത്. എന്നാല്‍ അതിനെക്കുറിച്ച് ഒരു പരാമര്‍ശം മാത്രമേ സിനിമയിലുണ്ടാകുന്നുള്ളൂ. അത് തന്റെ പ്രഭാഷണത്തിനിടക്ക് അമേരിക്കയില്‍ ഒഴുകുന്ന ചോരയെക്കുറിച്ചും ചില ഉന്‍മൂലനങ്ങളെക്കുറിച്ചും പറയുന്നതിനിടയില്‍ ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകവും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന മാല്‍ക്കത്തിന്റെ കൊലപാതകവും പരാമര്‍ശിച്ച് കടന്നുപോകുന്നു എന്ന് മാത്രം.
 
വിയറ്റ്‌നാം യുദ്ധത്തിന്റെ വിമര്‍ശകനായിരുന്നു മാര്‍ട്ടിന്‍. സ്വന്തം നാട്ടിലെ ഒരു വിഭാഗം പൗരന്‍മാരുടെ പൗരവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത അമേരിക്ക വിയറ്റ്‌നാമിലെ ജനാധിപത്യം സംരക്ഷിക്കാനാണെന്ന പേരില്‍ നടത്തുന്ന യുദ്ധത്തിന്റെ കാപട്യം സെല്‍മ പ്രക്ഷോഭകാലഘട്ടത്തും ഉന്നയിക്കുന്നുണ്ട് മാര്‍ട്ടിന്‍. സെല്‍മ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന വാഷിങ്ങ്ടണ്‍ പോസ്റ്റ് പ്രതിനിധിയും അതിക്രൂരമായി സര്‍ക്കാര്‍ സത്യഗ്രഹികളെ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വിയറ്റ്‌നാം യുദ്ധത്തെ പരാമര്‍ശിച്ച് കടന്നുപോകുന്നു. മോണ്ട്‌ഗോമറിയില്‍ മാര്‍ട്ടിന്‍ലൂഥര്‍കിങ്ങ് ജൂനിയര്‍ പ്രസംഗിക്കുന്നതോടെ സിനിമ അവസാനിക്കുകയാണ്. പക്ഷെ ഈ സമരം ആഫ്രോ-അമേരിക്കന്‍ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റം അതോടുകൂടി തീരുന്നില്ല. ഇത് സൃഷ്ടിച്ച പൊതുജനാഭിപ്രായം തന്നെയാണ് മാസങ്ങള്‍ക്ക് ശേഷം വോട്ടിങ്ങ് റൈറ്റ് ആക്ടില്‍ ലിന്‍ഡന്‍ ബി ജോണ്‍സനെക്കൊണ്ട് ഒപ്പ് വെപ്പിക്കുന്നത്. 1968 ഏപ്രില്‍ 4ന് തന്റെ 39-ാം വയസ്സില്‍ മാര്‍ട്ടിന്‍ കൊല്ലപ്പെടുന്നതിന് കാരണമായതും സല്‍മയടക്കമുള്ള വിമോചനപോരാട്ടങ്ങളുടെ വിജയം എതിര്‍പക്ഷത്ത് സൃഷ്ടിച്ച വെറുപ്പായിരുന്നു. 

ആ മാറ്റങ്ങള്‍ക്കും വിജയങ്ങള്‍ക്കുമൊക്കെ ഇപ്പുറം ഇപ്പോഴും കാതലായ പ്രശ്‌നം പരിഹരിക്കപ്പെടാതെ തന്നെ കിടക്കുന്നു. 1525ലാണ് ആഫ്രിക്കയില്‍ നിന്നുള്ള അടിമകളുമായി ആദ്യകപ്പല്‍ അമേരിക്കയിലെത്തുന്നത്. സല്‍മ അടക്കമുള്ള നിരവധി പോരാട്ടങ്ങള്‍ക്ക് ശേഷവും എബ്രഹാം ലിങ്കന്റെയും മാല്‍ക്കം എക്‌സിന്റെയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെയും പേരറിയുന്നവരും അറിയാത്തവരുമായ നിരവധി പേരുടെ രക്തസാക്ഷിത്വത്തിന് ശേഷവും 500 വര്‍ഷത്തിനിപ്പുറം അവരിപ്പോഴും അമേരിക്കയിലെ രണ്ടാം തരം പൗരന്‍മാര്‍ തന്നെയായി തുടരുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍ ?. ജിമ്മി ലി ജാക്‌സന്റെ മരണത്തെ തുടര്‍ന്ന് മാര്‍ട്ടിന്‍ നടത്തുന്ന പ്രസംഗം തുടങ്ങുന്നത് ഇങ്ങിനെയാണ്.

'' Who murdered Jimmie Lee Jackson? We know a state trooper acting under the orders of George Wallace pointed the gun and pulled the trigger, but how many other fingers were on that trigger? Every white lawman who abuses the law to terrorize! Every white politician who feeds on prejudice and hatred! Every white preacher who preaches the Bible and stays silent before his white congregation! Who murdered Jimmie Lee Jackson? Every Negro man and woman who stands by without joining this fight as their brothers and sisters are humiliated, brutalized, and ripped from this earth! ''