Thursday, January 3, 2013

പുഴ എന്ന മണല്‍ ഫാക്ടറി

Photo : Renjith Arampil
ഓര്‍മ്മകളില്‍ ഇടമുറിയാതെ ഒരു പുഴ... തുടരുന്നു

1999ലാണ്‌, ഒരു റെയില്‍വേയില്‍ ഒരു ടെസ്‌റ്റിനുവേണ്ടി വന്ന ടി. രണ്‍ജിത്തിനൊപ്പം കോയമ്പത്തൂരിലെത്തിയതാണ്‌..  നഗരക്കാഴ്‌ച്ചകളിലൂടെ രാവേറും വരെ അലഞ്ഞെങ്കിലും ലോഡ്‌ജില്‍ നിന്ന്‌ രാവിലെ നേരത്തെ തന്നെ പുറത്തുചാടി ഞങ്ങള്‍. ബസ്റ്റാന്‍ഡില്‍ നിന്ന്‌ ടെസ്റ്റുള്ള സ്ഥലത്തേക്ക്‌ രണ്‍ജിത്ത്‌ പോയികഴിഞ്ഞതോടെ വീണ്ടും നഗരത്തിരക്കിലേക്കിറങ്ങിയതായിരുന്നു ഞാന്‍. അപ്പോഴാണ്‌ പേരൂര്‍ കോവിലിനെക്കുറിച്ച്‌ ഓര്‍മ്മ വന്നത്‌. ബസ്സ്‌ അന്വേഷിച്ച്‌ പിടിച്ച്‌ പേരുരെത്തി. ആറു പതീറ്റാണ്ടിനപ്പുറം മുത്തച്ഛന്റെ ചിതാഭസ്‌മവും കൊണ്ട്‌ അച്ഛനും ഉണ്ണി വല്യച്ഛനും കൂടി മരണാനന്തര കര്‍മ്മങ്ങള്‍ നടത്താനായി എത്തിയത്‌ ഇവിടെയാണ്‌..  മുത്തച്ഛന്റെ ആത്മാവിന്‌ മോക്ഷം കിട്ടാനായി അവര്‍ ബലിയിട്ടത്‌ ഈ പത്തീശ്വരന്‍ കോവിലിനു സമീപത്തുകൂടി ഒഴുകുന്ന നൊയ്യല്‍ നദിയിലാണ്‌..  അന്നത്തെ യാത്രയെ പറ്റി,  അമ്പലക്കാഴ്‌ച്ചകളെ പറ്റി, നൊയ്യല്‍ നദിയെപറ്റി, അവിടത്തെ ജല സമൃദ്ധിയെപറ്റി ഇടയ്‌ക്കൊക്കെ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുമായിരുന്നു അച്ഛന്‍.  അമ്പലത്തിലെ തിരക്കുകളിലൂടെ നടന്ന്‌ ഒടുവില്‍ നദീതീരത്തെത്തി.  ഒരല്‍പ്പം ജലം പോലും ശേഷിക്കാതെ, ഒരു പുഴ അതിലൂടെ ഒഴുകിയിരുന്നു എന്ന്‌പോലും തോന്നിക്കാത്ത ഒരിടം.  പരന്നുകിടക്കുന്ന പ്ലാസ്റ്റിക്ക്‌ കവറുകളും പൂജാസാധനങ്ങളും പ്ലാസ്റ്റിക്ക്‌ കുപ്പികളും. പെപ്പില്‍ നിന്ന്‌ മിനറല്‍ വാട്ടര്‍ കുപ്പികളില്‍ ജലമെടുത്ത്‌ പുഴ പോയിരുന്ന വഴിയില്‍ നിന്നാണ്‌ കര്‍മ്മങ്ങള്‍.  പശ്ചിമഘട്ടവനനിരകളുടെ ശോഷണവും ഡാമുകളും ചെക്ക്‌ഡാമുകളുമൊക്കെ ചേര്‍ന്ന്‌ ഇല്ലാതാക്കിയ ആ നദിയെക്കുറിച്ച്‌ ഞാന്‍ അച്ഛനോട്‌ പറഞ്ഞില്ല. ഓര്‍മ്മകളില്‍ ആ ജല സമൃദ്ധി നിലനില്‍ക്കട്ടെ എന്നും. അന്നോര്‍ത്തത്‌ ഭാരതപ്പുഴയിലെ വാവുദിവസങ്ങളെ പറ്റിയാണ്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം കാണേണ്ടി വരുന്ന ഇത്തരമൊരു കാഴ്‌ച്ചയെക്കുറിച്ചും.



പണ്ടേ മണല്‍പുഴയാണ്‌ ഭാരതപ്പുഴ. മലമ്പുഴ അണക്കെട്ട്‌ വന്നതില്‍ പിന്നെ വേനലില്‍ നീര്‍ച്ചാലായാണ്‌ പുഴയുടെ ഒഴുക്ക്‌. പക്ഷെ കനത്ത മണല്‍ നിക്ഷേപത്തിനടിയില്‍ സ്‌പോഞ്ച്‌ വെള്ളത്തെ എന്നതുപോലെ പുഴ മറ്റൊരു പുഴയെ ഒളിപ്പിച്ചുവെച്ചു, ഈ തീരങ്ങളെ മുഴുവന്‍ ജല സമൃദ്ധമാക്കികൊണ്ട്‌..  കിളിവാതിലിലൂടെ എന്ന പഴയ മാതൃഭൂമി പംക്തിയില്‍ കൂടല്ലൂരിലെ ഒരു കിണറിനെപറ്റി എം.ടി എഴുതിയിരുന്നു. പുഴയോരത്തെ പറമ്പില്‍ കിണറുകുഴിക്കുന്നതിനിടയില്‍ കണ്ട നിലയ്‌ക്കാത്ത ഉറവ. ഒടുവില്‍ പറമ്പ്‌ പ്രളയത്തിലാകും എന്ന്‌ ഭയന്ന്‌ മണല്‍ചാക്കുകള്‍ അടക്കി ഉറവ അടയ്‌ക്കുന്നു. പിന്നീട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുഴയിലെ മണല്‍ ലോറി കയറിപോകാന്‍ തുടങ്ങുകയും വരള്‍ച്ച തീരങ്ങളെ ബാധിച്ചു തുടങ്ങുകയും ചെയ്‌ത കാലത്ത്‌ മണല്‍ ചാക്കുകളൊക്കെ മാറ്റി കിണര്‍ വീണ്ടും താഴ്‌ത്തിയെങ്കിലും പഴയ ജലസമൃദ്ധമായ ആ ഉറവയുടെ ഒരു ശേഷിപ്പുപോലും കാണാഞ്ഞതിനെപറ്റി. തൃശ്ശൂര്‍, പാലക്കാട്‌ മലപ്പുറം എന്നിങ്ങനെ മൂന്ന്‌ ജില്ലകളുടെ ദാഹമകറ്റുന്നതില്‍ വലിയൊരു പങ്ക്‌ ജലം സംഭാവനചെയ്യുന്നത്‌ ഈ പുഴയാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ 2004 ല്‍ കുറ്റിപ്പുറത്ത്‌ വെച്ച്‌ നിലാവ്‌ കൂട്ടായ്‌മ സംഘടിപ്പിച്ച ഭാരതപ്പുഴ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത്‌ സംസാരിക്കവെ മണലിന്‌ ബദലെന്ത്‌ എന്ന ചോദ്യവുമായി മണലൂറ്റുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ട്‌ വന്നപ്പോള്‍ കുടിവെള്ളത്തിന്‌ എന്ത്‌ ബദലാണുള്ളത്‌ എന്ന്‌ സി. ആര്‍. നീലകണ്‌ഠന്‌ ചോദിക്കേണ്ടി വന്നത്‌..
Photo : laijuyesh
ഒരിക്കലും അവസാനിക്കാത്ത അക്ഷയഖനിയാണ്‌ ഭാരതപ്പുഴയിലെ മണലെന്ന ധാരണ പലര്‍ക്കുമുണ്ടായിരുന്നു. മണല്‍ മാറ്റിയാല്‍ പുഴയിലെ നീരൊഴുക്ക്‌ വര്‍ദ്ധിക്കുമെന്ന്‌ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നവരും ഉണ്ട്‌.  അതുകൊണ്ടുതന്നെ പുഴയിലെ മണലെടുപ്പിന്‌ ഒരു എതിര്‍പ്പും നേരിടേണ്ടി വന്നിരുന്നില്ല ആദ്യമൊന്നും. തമിഴ്‌നാട്ടില്‍ പച്ചക്കറിയുമായി എത്തിയിരുന്ന പാണ്ടിലോറികളൊക്കെ നിളയിലെ മണലുമായി മടങ്ങി അന്നൊക്കെ. വളരെ വേഗം തന്നെ പുഴയിലെ മണല്‍ നിക്ഷേപം പലയിടത്തും ഇല്ലാതായി. ശാസ്‌തസാഹിത്യപരിഷത്ത്‌ ഉള്‍പ്പടെ എതിര്‍പ്പുമായി രംഗത്തുവന്നു. അപ്പോഴേക്കും പുഴ പണം കായ്‌ക്കുന്ന നല്ലൊരു മരമാണെന്ന്‌ പ്രാദേശിക കരാറുകാരും തൊഴിലാളി സംഘടനകളും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. മണല്‍ വാരല്‍ ഒരു തൊഴില്‍ എന്ന രൂപത്തില്‍ പുഴയോരങ്ങളില്‍ വ്യാപകമായതോടെ ട്രെയ്‌ഡ്‌ യൂണിയന്‍ നേതൃത്ത്വങ്ങളെ മറികടന്ന്‌ പുഴയ്‌ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ രാഷ്ടീയകക്ഷികളൊന്നും രംഗത്തിറങ്ങിയതുമില്ല. പാര്‍ട്ടിയുടെ നിഴലില്‍ ഒതുങ്ങിനിന്ന പരിഷത്തിനാകട്ടെ സി.ഐ.ടി.യുവിന്റെ എതിര്‍പ്പിനെ മറികടന്ന്‌ പുഴയ്‌ക്കു വേണ്ടി ഒന്നും ചെയ്യാനായതുമില്ല. ഭാരതപ്പുഴ സംരക്ഷണ സമിതി അക്കാലത്തെ രൂപപ്പെട്ടിരുന്നു. വള്ളുവനാടിന്റെ എക്കാലത്തെയും വിപ്ലവനായകനായ ഇ. പി. ഗോപാലന്‍ ചെയര്‍മാനായും ഇന്ത്യന്നൂര്‍ ഗോപിമാഷ്‌ സെക്രട്ടറിയായും. പി.കെ.വാര്യര്‍ രക്ഷാധികാരിയായും(കോട്ടയ്‌ക്കല്‍ ആര്യ വൈദ്യശാല) രൂപികരിച്ച സംരക്ഷണസമിതിയെ വലിയൊരു പ്രതീക്ഷയായി കണ്ടു പുഴയെ സ്‌നേഹിക്കുന്നവര്‍..
ഫോട്ടോ : കൂടല്ലൂര്‍
ജില്ലാഭരണകൂടവും മൈനിങ്ങ്‌ ആന്‍ഡ്‌ ജിയോളജി വകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും നിയന്ത്രണങ്ങളുമായി രംഗത്തുവന്നു. പുഴയിലെ അനിയന്ത്രിതമായ മണലെടുപ്പിന്‌ താല്‍ക്കാലിമായി ഒരു ശമനം വരുത്താന്‍ നിയന്ത്രണങ്ങള്‍ക്ക്‌ കഴിഞ്ഞെങ്കിലും. മണലുമായി ബന്ധപ്പെട്ട കരാറുകാരും വാഹനമുടകളും പണമിറക്കാന്‍ തുടങ്ങിയതൊടെ കാര്യങ്ങള്‍ മാറിമറഞ്ഞു. നോട്ടുകെട്ടുകള്‍ക്കുമുന്‍പില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തികളായി. പ്രാദേശികമായി മണലെടുപ്പിനെ നേരിട്ടവരെ ഭീഷണിയിലൂടെയും കായികമായും നിശ്ശബ്ദരാക്കി. പാടിപ്പുകഴ്‌ത്തിയ പഴയ നന്മകളുടെ വിളനിലങ്ങളായിരുന്ന പുഴയോരഗ്രാമങ്ങള്‍ മാഫിയകളുടെ കൈപ്പിടിയിലായി. വളയം മൂസയും പരുതൂര്‍ വിജയനും പോലുള്ള ആദ്യകാല മണല്‍ വാരല്‍ തൊഴിലാളികള്‍ ഒട്ടേറെ അനുയായികളും വാഹനങ്ങളുമൊക്കെയുള്ള വലിയ ശൃംഖലകളുടെ തലവന്‍മാരായി. കുറ്റിപ്പുറം, പട്ടാമ്പി, തൃത്താല, ചെറുതിരുത്തി, ഷെര്‍ണ്ണൂര്‍ സ്റ്റേഷനുകളിലേക്കൊക്കെ സ്ഥലം മാറ്റാന്‍ കിട്ടാന്‍ അഴിമതിക്കാരായ പോലീസുദ്ദോഗസ്ഥന്‍മാര്‍ക്കിടയില്‍ മത്സരമായി. സ്‌ക്കൂള്‍ കുട്ടികള്‍ വരെ മണലൂറ്റ്‌ എന്ന സൈഡ്‌ ബിസിനസ്സിനിറങ്ങി. പണം ധാരാളമായി വരാന്‍ തുടങ്ങിയതോടെ ചിലവഴിക്കാനുള്ള മാര്‍ഗ്ഗങ്ങളും പുഴയോരങ്ങളില്‍ തന്നെ ഉണ്ടായി വന്നു. വ്യാജമദ്യവും കഞ്ചാവുമൊക്കെ ഓരങ്ങളില്‍ സുലഭമായി. മറ്റ്‌ അനാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങളും സ്വാഭാവികമായി ഉണ്ടായി വന്നു.
ഫോട്ടോ : കൂടല്ലൂര്‍ 
പുഴയോര പഞ്ചായത്തുകളുടെ ഭരണം മണല്‍ മാഫിയകളെ തുണക്കുന്നവര്‍ക്കായി. അഞ്ചു വര്‍ഷത്തിനിടെ നിരവധി പ്രസിഡന്റുമാരെ മാറ്റി പ്രതിഷ്ടിച്ച്‌ കുറ്റിപ്പുറം പഞ്ചായത്ത്‌ കുപ്രസിദ്ധമായി. ഒരു കാലത്ത്‌ സംസ്‌ക്കാരവാഹിനായായിരുന്ന ഒരു പുഴ. അതിനെ ചുറ്റിപറ്റി വളര്‍ന്നു വന്ന ജനജീവിതം. കൃഷിയ്‌ക്കും കൈവേലകള്‍ക്കുമൊപ്പം കലയേയും സാഹിത്യത്തേയും പരിപോഷിപ്പിച്ച ഒരു സംസ്‌ക്കാരം. തുടര്‍ന്നുവന്ന ദേശീയപ്രസ്ഥാനത്തിനും ഇടതുപക്ഷമുന്നേറ്റങ്ങള്‍ക്കും പുരോഗമനപ്രസ്ഥാനങ്ങള്‍ക്കും ഒക്കെ വഴിയൊരുക്കിയ ഒരു മണ്ണ്‌ അതിനൊക്കെ ഊര്‍ജ്ജദായിനിയായി നിലകൊണ്ട ഒരു നദി. ഒടുവില്‍ അതേ പുഴ തന്നെ ഈ പ്രദേശത്തിന്റെ ഒട്ടാകെ സാംസ്‌ക്കാരിക മലിനീകരണത്തിനും മാഫിയാവല്‍ക്കരണത്തിനും കാരണമായിത്തീരുക. ചരിത്രത്തിന്റെ ചില വഴികളങ്ങെനെയൊക്കെയാകും.

(തലവാചകത്തിന്‌ കടപ്പാട്‌ പഴയൊരു മാധ്യമം മുഖലേഖനത്തോട്‌))000)))


(തുടരും)