Friday, August 24, 2012

അമൃതാനന്ദമയി, സത്‌നാംസിങ്ങ്‌, നാരായണ്‍കുട്ടി,....

22 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാരായണന്‍ കുട്ടി, ഇപ്പോള്‍ 23 വയസ്സ്‌ മാത്രം പ്രായമുള്ള ബീഹാറുകാരനായ സത്‌നാംസിങ്ങ്‌. മാതാഅമൃതാനന്ദമയീമഠത്തില്‍ നിന്ന്‌ മാനസികാരോഗ്യകേന്ദ്രത്തിലേക്കും അവിടെ നിന്ന്‌ മരണത്തിലേക്കും കടന്നുപോയവര്‍. എന്തായിരുന്നു അവര്‍ ചെയ്‌തകുറ്റം മാതാഅമൃതാനന്ദമയീ എന്ന ചോദ്യംചെയ്യപ്പെടാനവകാശമില്ലാത്ത ഒരു വിശുദ്ധപശുവിന്‌ നേരെ ചോദ്യം ഉയര്‍ത്തിയതോ. സത്‌നാംസിങ്ങ്‌ എന്ന ബീഹാറുകാരനെ മര്‍ദ്ദനമേറ്റ്‌ അവശനായ രീതിയിലാണ്‌ വള്ളിക്കാവിലെ മാതാഅമൃതാനന്ദമയീ ആശ്രമത്തില്‍ നിന്ന്‌ കസ്‌റ്റഡിയിലെടുക്കുന്നത്‌. സ്‌നേഹത്തിന്റെ കാരുണ്യത്തിന്റെ ആള്‍രൂപം എന്ന്‌ അവകാശപ്പെടുന്ന ആള്‍ദൈവത്തിന്റെ സന്നിധിയില്‍ വെച്ചാണ്‌ നിരായുധനായ ഒരന്യനാട്ടുകാരന്‍ ഇങ്ങനെ ഭീകരമായി മര്‍ദ്ദിക്കപ്പെടുന്നത്‌. നമ്മുടെ മാധ്യമങ്ങള്‍ അമൃതാനന്ദമയിക്കെതിരെയായ ആഗോളഗൂഡാലോചനയുടെ കഥകള്‍ മിനഞ്ഞെടുത്തുകൊണ്ടിരിക്കെ തന്നെ മറ്റൊരു വാര്‍ത്തകൂടിയെത്തി, സത്‌നാംസിങ്ങിന്റെ മരണം. അതിനെയും ഗൂഡാലോചനയുടെ ഭാഗമായി തന്നെ ചിത്രീകരിക്കാനായിരുന്നു മഠവും ഹൈന്ദവവര്‍ഗ്ഗീയ സംഘടനകളും ഉടന്‍ തന്നെ ശ്രമിച്ചത്‌. മാധ്യമങ്ങളുടെ സഹകരണങ്ങളും ഈ ശ്രമത്തിന്‌ വേണ്ടുവോളം ലഭിച്ചു. 

ഒടുവില്‍ തിരുവഞ്ചിയൂരിന്റെ വേറിട്ടൊരു പോലീസിന്റെ അന്വേഷണവും പ്രതികളെ കണ്ടെത്തലും കഴിഞ്ഞിരിക്കുന്നു. പ്രതി പട്ടികയില്‍ മാതാഅമൃതാനന്ദമയീമഠത്തില്‍ സത്‌നാംസിങ്ങിനെ ഭീകരമായി തല്ലിചതച്ച ഒരാള്‍പോലും ഇല്ല. ടി.പി. ചന്ദ്രശേഖരന്‍, ഷുക്കൂര്‍ വധങ്ങളിലും സദാചാരപോലീസ്‌ പ്രശ്‌നങ്ങളിലും മുന്‍കാലങ്ങളില്‍ നിന്ന്‌ വേറിട്ട നിലപാടെടുത്ത തിരുവഞ്ചിയൂരിന്‌ പക്ഷെ വള്ളിക്കാവെത്തിയപ്പോള്‍ മുട്ടിടിച്ചു. സുകുമാരന്‍നായര്‍ക്ക്‌ മുന്‍പില്‍ ഓച്ഛാനിച്ച്‌ നില്‍ക്കുന്നവര്‍ സുധാമണിക്ക്‌ മുന്‍പില്‍ ശയനപ്രദക്ഷിണം നടത്തിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. മാസങ്ങള്‍ക്ക്‌ മുന്‍പാണ്‌ കാരുണ്യത്തിന്റെ ഈ ആള്‍രൂപം നടത്തുന്ന പഞ്ചനക്ഷത്ര ആശുപത്രിയില്‍ നിസ്സാരവേതനത്തിന്‌ അടിമപ്പണിചെയ്യേണ്ടിവരുന്ന നേഴ്‌സുമാരെ സംഘടിപ്പിക്കാനെത്തിയ അസോസിയേഷന്റെ നേതിവിന്റെ മുട്ടുചിരട്ട മഠത്തിന്റെ ഗുണ്ടകള്‍ അടിച്ചുതകര്‍ക്കുന്നത്‌. അതില്‍ പ്രതിഷേധിച്ച്‌ സമരം തുടങ്ങിയ നേഴ്‌സുമാരുടെ നേതാക്കളെ ഒരു പകല്‍ മുഴുവന്‍ മുറിയിലടച്ചിട്ട്‌ മര്‍ദ്ദിച്ചു. ഒടുവില്‍ സ്ഥലം എം.പി.യും എം.എല്‍.എ യും സ്ഥലത്തെത്തിയാണ്‌ അവരെ മോചിപ്പിച്ചത്‌. ഇതൊന്നും നടന്നത്‌ സത്‌നാംസിങ്ങിന്റെ ബീഹാറിലല്ല സാംസ്‌ക്കാരികപ്രബുദ്ധകേരളത്തിന്റ മധ്യത്തിലുള്ള മെട്രോനഗരത്തില്‍ വെച്ചാണ്‌.

ദൂരൂഹമരണത്തിന്റെ കഥകള്‍ മഠവുമായി ബന്ധപ്പെട്ട്‌ ഉയരുന്നത്‌ ഇത്‌ ആദ്യമായല്ല. മാതാഅമൃതാനന്ദമയീ എന്ന സുധാമണിയുടെ സഹോദരന്റെ മരണത്തോളം അതിന്‌ പഴക്കമുണ്ട്‌. ഇത്തരം ചോദ്യങ്ങളുയര്‍ത്തിയതുകൊണ്ടുതന്നെയാണ്‌ ശ്രീനിപട്ടത്താനത്തിന്റെ പുസ്‌തകം പഴയ ആന്റണി സര്‍ക്കാര്‍ നിരോധിച്ചതും. സത്യത്തിന്റെ കാവല്‍ഭടന്‍മാരായി സ്വയം അവരോധിച്ച മാധ്യമങ്ങളിലൊന്നുപോലും സത്‌നാംസിങ്ങിന്റെ മരണത്തിന്‌ കാരണമായ മഠത്തിന്റെ പങ്ക്‌ തുറന്നുപറയാന്‍ തയ്യാറായിട്ടില്ല. മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിലെ സക്കറിയയുടെ ലേഖനവും നാലാമിടം നടത്തിയ ഇടപെടലുകളും വേണ്ടിവന്നു കേരളത്തിന്റെ വായ ഒന്നാകെ തുന്നിപ്പിടിപ്പിച്ചതല്ല എന്ന്‌ ലോകത്തെ അറിയിക്കാന്‍. മാതാഅമൃതാനന്ദമയീ മഠമായാലും പോട്ടധ്യാനകേന്ദ്രമായാലും പൊതുസമൂഹത്തിന്‌ ശല്യമാകാത്തിടത്തോളം വിശ്വാസം വിശ്വാസത്തിന്റെ വഴിക്ക്‌ നീങ്ങട്ടെ എന്നാണ്‌ മതനിരപേക്ഷരകേരളത്തിന്റെ പൊതുനിലപാട്‌. അത്‌ ശരിയല്ലെന്നും കേരളീയ പൊതുസമൂഹത്തിന്‌ മേല്‍ കുതിരകയറുന്ന മാഫിയസംഘങ്ങളായി അത്‌ മാറിയെന്നും തെളിയിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും, ആള്‍ ദൈവങ്ങള്‍ക്ക്‌ പാദപൂജചെയ്യാനും വെള്ളപൂശാനും രാഷ്ടീയ നേതൃത്ത്വങ്ങള്‍ എല്ലാകാലത്തും മുന്നിലുണ്ടായിരുന്നു. ചാലക്കുടിയിലെ പോട്ട ധ്യാനകേന്ദ്രത്തിന്‌ നേരെ അന്വേഷണമുയര്‍ന്നപ്പോള്‍ സാക്ഷാല്‍ പിണറായി വിജയനെ രംഗത്തിറക്കിയാണ്‌ ആരോപണവിധേയനായ വൈദികന്‍ അതിനെ നേരിട്ടത്‌.

കൊല്ലപ്പെട്ട സത്‌നാംസിങ്ങിന്റെ ശരീരത്തില്‍ എഴുപതുമുറിവുകളുണ്ടായിരുന്നു. അമൃതാനന്ദമയീമഠത്തിന്റെ സുരക്ഷയില്‍ ആശങ്കാകുലരായി ഓടിക്കിതച്ചെത്തിയ ഒരു രാഷ്ടീയഭിക്ഷാംദേഹിയും ആ മുറിവുകള്‍ കണ്ടില്ല. ഇത്രമേല്‍ ഭീകരമായി കൊലച്ചെയ്യപ്പെടാന്‍ മാത്രം നിരായുധമായ ആ യുവാവ്‌ ചെയ്‌ത ഒരേയൊരു കുറ്റം മാതാഅമൃതാനന്ദമയീ ആശ്രമത്തിലെത്തുന്നതിന്‌ മുന്‍പ്‌ അയാള്‍ പത്തുദിവസത്തോളം ചിലവഴിച്ച വര്‍ക്കല നാരായണഗുരുകുലത്തില്‍ നിന്നും ഹൃദിസ്ഥമാക്കിയ ബിസ്‌മില്ലാഹി റഹ്മാനി റഹീം എന്ന സര്‍വ്വമതപ്രാര്‍ത്ഥനയില്‍ നിന്നുള്ള ഒരു ഭാഗം ഉരുവിട്ടു എന്നത്‌ മാത്രമാണ്‌. അതാണ്‌ ബിഹാറി ബ്രാഹ്മണനായ അയാളെ നിമിഷനേരംകൊണ്ട്‌ തീവ്രവാദിയാക്കി മുദ്രകുത്താനും ക്രൂരമായി തല്ലിചതയ്‌ക്കാനും കാരുണ്യം വഴിഞ്ഞൊഴുകുന്ന ദിവസേന സ്‌നേഹത്തെ പറ്റിയുള്ള ഗിരിപ്രഭാഷണങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന അന്തേവാസികള്‍ക്ക്‌ പ്രചോദനമായത്‌. അയാളെ തല്ലരുതെന്നോ പോലീസിലേല്‍പ്പിക്കും മുന്‍പ്‌ കാര്യങ്ങള്‍ ചോദിച്ചറിയണമെന്നോ എല്ലാവരുടേതുമെന്നവകാശപ്പെടുന്ന ആ അമ്മ പറഞ്ഞില്ല. സത്‌നാംസിങ്ങ്‌ മരിച്ചില്ലായിരുന്നെങ്കില്‍ അമ്മയ്‌ക്ക്‌ നേരെ അന്താരാഷ്ടതലത്തില്‍ നടന്ന ഗൂഡാലോചനയെക്കുറിച്ചും വധശ്രമത്തെക്കുറിച്ചും നമ്മുടെ സ്വന്തം മാധ്യമങ്ങള്‍ക്ക്‌ എത്ര കഥകള്‍ ചമയ്‌ക്കാമായിരുന്നു.

കൊടുങ്ങല്ലൂരെ പഴയസാംസ്‌ക്കാരിക പ്രവര്‍ത്തകനായിരുന്ന നാരായണ്‍കുട്ടിയുടെ വള്ളിക്കാവ്‌ വാസത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ മരണത്തെക്കുറിച്ചുമുള്ള നാലാമിടത്തിലെ കുറിപ്പ്‌ വായ്‌ച്ചാണ്‌ പി.കെ.സദാനന്ദേട്ടനേയും കെ.എച്ച്‌. ഹുസൈനെയും വിളിക്കുന്നത്‌. ടി.എന്‍ ജോയിയും പി.എന്‍. പ്രോവിന്റും കെ.ജി. ശിവാനന്ദനും പോലുള്ള കൊടുങ്ങല്ലൂരെ നാരായണന്‍ കുട്ടിയുടെ സുഹൃത്തുക്കളും സാംസ്‌ക്കാരികരാഷ്ടീയപ്രവര്‍ത്തകരും ചേര്‍ന്ന്‌ നാരായണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച്‌ പുനരന്വേഷണമാവശ്യപ്പെട്ട്‌ കമ്മറ്റി ഉണ്ടാക്കി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്ന്‌ സദാനന്ദേട്ടന്‍ പറഞ്ഞു. നാരായണ്‍കുട്ടിയെക്കുറിച്ച്‌ അടിയന്തിരാവസ്ഥയെക്കുറിച്ച്‌ മുഹമ്മദാലിയെക്കുറിച്ച്‌ കൃഷ്‌ണകുമാറിനെക്കുറിച്ച്‌ കൊടുങ്ങല്ലൂരിലെ പഴയ സാംസ്‌ക്കാരിക സായാഹനങ്ങളെക്കുറിച്ച്‌ നേരിയ വിഷാദം കലര്‍ന്ന പതിവുസ്വരത്തില്‍ ഹുസൈന്‍ സംസാരിച്ചു. അവര്‍ക്കിരുവര്‍ക്കും പക്ഷെ നീതിപൂര്‍വ്വമായ ഒരു പുനരന്വേഷണത്തിലും അതിന്റെ ഫലപ്രാപ്‌തിയെക്കുറിച്ചും എത്രമേല്‍ പ്രതീക്ഷയുണ്ട്‌ എന്ന്‌ എന്ന്‌ എനിക്കറിയില്ല. പക്ഷെ എനിക്കില്ല ഒട്ടും. 1990 ലാണ്‌ നാരായണന്‍കുട്ടി മരിക്കുന്നത്‌. അന്ന്‌ അമൃതാനന്ദമയിയും അവരുടെ ആധ്യാത്മീക കോര്‍പ്പറേറ്റ്‌ ബിസിനസ്സ്‌ ലോകവും ഇത്രമേല്‍ വികസിച്ചിട്ടില്ല. കൊടുങ്ങല്ലൂരിലെയും കേരളത്തിലെയും സാംസ്‌ക്കാരിക ലോകം ഇത്രമേല്‍ ശുഷ്‌കമായിട്ടുമില്ല. പ്രഫ. വി. അരവിന്ദാക്ഷനെപ്പോലെ പ്രബലരായ ബന്ധുക്കളും അടിയന്തിരാവസ്ഥനീന്തിക്കടന്ന അത്മാര്‍ത്ഥസുഹൃത്തുക്കളുമുണ്ടായിട്ടും അന്നൊന്നും നടന്നില്ല.

പക്ഷെ ഒന്നറിയാം സത്‌നാംസിങ്ങിനും സുഹൃത്തുക്കളുണ്ടാകും ബന്ധുക്കളുണ്ടാകും അവര്‍ക്കും ഓര്‍മ്മകളുണ്ടാകും. അവരുടെ മനസ്സുകളിലും കനലുകളെരിയുന്നുണ്ടാകും. ഒരു മകന്‍ ഒരു സഹോദരന്‍ നഷ്ടപ്പെട്ട വേദന നാരായണ്‍കുട്ടിയുടെ വേണ്ടപ്പെട്ടവരെപ്പോലെ അവരും അറിയുന്നുണ്ടാകും. അതെല്ലാം കൂടി ഒരിക്കല്‍ ആള്‍ദൈവങ്ങള്‍ പണിതുയര്‍ത്തുന്ന ഈ ചീട്ടുകൊട്ടാരങ്ങളെ തകര്‍ക്കുക തന്നെ ചെയ്യും. 

9 comments:

 1. mandatharam parayathirikku snehitha... nammal ellam kandatha TVil, sathnam singhine arrest chaitu kondu opokumbol oru pirikku polum undayirunilla...

  ReplyDelete
 2. മാർക്സിസ്റ്റുകളെ ആർക്കും വഴിയിൽ തടയാം, ആക്രമിക്കാം, കൊല്ലാം, അവരെ കള്ളക്കേസുകളിൽ കുടുക്കാം, അവരെ ആക്രമിക്കാൻ വരുമ്പോൾ നിരായുധരായി നിന്ന് നെഞ്ചുകൊണ്ട് ബ്ലോക്ക് ചെയ്തുകൊള്ളണം, ചത്തുവീണുകൊള്ളണം അതുപോലെയാനോ മറ്റൊക്കെ!

  ReplyDelete
 3. first foreign money earner in kerala is amrithananda matt .
  power corrupts,absolute power corrupts absilutely....


  jaleel palakkad

  ReplyDelete
 4. സത്നാം സിംഗിനും നാരായണന്‍ കുട്ടിയ്ക്കുമിടയില്‍ വേറൊരു മനുഷ്യനും ഇതുപോലെ മാനസികവിഭ്രാന്തിയില്‍ സുധാമണിയുടെ അടുത്തേയ്ക്ക് വന്നു. സാധുശിഷ്യന്മാര്‍ അയാളെ ഇടിച്ച് തൂറിച്ചു. അഞ്ചോ ആറോ വര്‍ഷം മുമ്പത്തെ സംഭവം. അമ്മഭക്തനായിരുന്ന എന്റെ അയല്‍ വാസിയോട് ഇതെപ്പറ്റി വാദിച്ച് തര്‍ക്കമുണ്ടായതുകൊണ്ടാണിത്രയും ഓര്‍മ്മ വന്നത്

  ReplyDelete
 5. പ്രിയ സ്‌നേഹിതാ, സത്‌നാംസിങ്ങിനെ മഠത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത പോലീസ്‌ റിമാന്‍ഡ്‌ചെയ്യും മുന്‍പ്‌ പരിശോധന നടത്തിയ ഡോക്ടറുടെ റിപ്പോര്‍ട്ട്‌ പ്രകാരം കസ്‌റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ അയാള്‍ക്ക്‌ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു. പിന്നെ നമ്മളൊക്കെ ടി.വി.യില്‍ കണ്ട ദൃശ്യങ്ങള്‍, അതിന്റെ മുഴുവന്‍ രൂപം തന്നെയാണ്‌ മഠത്തില്‍ നിന്നും പിടിച്ചെടുക്കേണ്ടത്‌. അതില്‍ നിന്നും വ്യക്തമാകും പ്രതികള്‍ ആരൊക്കെയെന്ന്‌. കോതമംഗലത്ത്‌ മൂന്ന്‌ കുഞ്ഞനുജത്തിമാര്‍ ആത്മഹത്യക്കൊരുങ്ങി ആശൂപത്രിക്കെട്ടിടത്തിനു മുകളില്‍ നിന്നപ്പോള്‍ രണ്ടുകല്ലെടുത്ത്‌ ആശൂപത്രിയ്‌ക്ക്‌ നേരെയെറിഞ്ഞ്‌ പ്രതികരിച്ച പൊതുജനത്തിനെ ഒന്നൊഴിയാതെ അറസ്‌റ്റുചെയ്‌ത തിരുവഞ്ചിയൂരിന്റെ പോലിസെന്തേ ആശ്രമത്തിലെ ഗുണ്ടകളെ അറസ്റ്റുചെയ്യാത്തത്‌.

  തടഞ്ഞുവെച്ച്‌ വിചാരണനടത്തി വെട്ടിക്കൊല്ലാനും കുലംകുത്തികളെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുക്കാനും നമുക്കും വേണം ലൈസന്‍സ്‌ അല്ലെ പ്രിയ സജീം. പിണറായിയോട്‌ കാവിയുടുക്കാന്‍ പറയൂ. അല്ലെങ്കില്‍ നമ്മുടെ ചേകന്നൂരിനെ ഇല്ലാതാക്കിയ മഹത്തുക്കളോട്‌ ഇതൊക്കെ ഗോപ്യമായി എങ്ങിനെ നടത്താം എന്ന്‌ ചോദിച്ചറിയൂ... ഒരു സുഗുണാനന്ദ ഗുരുവുണ്ടായിരുന്നു... ആളും മിടുക്കനായിരുന്നു... നമ്മുടെ കാരായിമാര്‍ക്കൊക്കെ ഒരു ക്ലാസെടുപ്പിക്കാമായിരുന്നു ഇപ്പോഴില്ല....

  കണക്കില്‍ പെടാത്ത സ്വത്തും വിദേശനാണ്യചട്ടലംഘനവും കള്ളപ്പണവും ബിനാമി ഇടപാടുകളും അത്‌ മറ്റൊരു ലോകം ജലീല്‍, കുടം തുറക്കാനാകില്ല ആര്‍ക്കും... പക്ഷെ വള്ളിക്കാവിനെ കടത്തിവെട്ടിക്കാന്‍ തിരുകേശവും കൊണ്ട്‌ ഒരാളിറങ്ങിയിട്ടുണ്ട്‌ മത്സരം പൊടിപൊടിക്കും തീര്‍ച്ച...

  പ്രിയ അജിത്തേട്ടാ... ആള്‍ദൈവങ്ങളുടെ ആധ്യാത്മിക മാഫിയ ലോകം ചവിട്ടിയരച്ച്‌ ഇല്ലാതാക്കിയവരില്‍ ആദ്യത്തെ ആളല്ല നാരായണന്‍കുട്ടി അവസാനത്തെ ആള്‍ സത്‌നാംസിങ്ങ്‌ ആവാനും വഴിയില്ല... അതിങ്ങിനെ തുടരും... വളക്കൂറുള്ള മണ്ണ്‌ ഉള്ളിടത്തൊക്കെ തഴച്ച്‌ വളരും...

  ReplyDelete
 6. http://hridayapoorvamnjan.blogspot.in/2012/08/blog-post.html

  ReplyDelete
 7. http://newindianexpress.com/opinion/article605136.ece

  ReplyDelete
 8. http://www.madhyamam.com/news/189035/120905

  ReplyDelete