Monday, November 21, 2016

ഇരിങ്ങോളിലെ വൃക്ഷ്ഛായയില്‍


(മഴനൂലുകള്‍ മലമ്പാതകള്‍-3)

രിങ്ങോള്‍ക്കാവിലെ വന്‍മരങ്ങളുടെ മുകള്‍ ശാഖകളില്‍ നിന്ന് കണ്ണെടുക്കാതെ നോക്കി നില്‍ക്കുകയാണ് അച്ഛന്‍. വീട് വിട്ട് ഏറെ പുറം യാത്രകള്‍ ചെയ്യാറില്ല അദ്ദേഹം. മൂന്ന് ദിവസത്തെ ഈ യാത്രക്ക് ഏറെ നിര്‍ബന്ധിച്ചാണ് സമ്മതിപ്പിച്ചത്. കൃഷി, പശുക്കള്‍, വീട് അതൊക്കെക്കുറിച്ചോര്‍ത്തുള്ള ഒരു സമാധാനക്കേട് യാത്രതീരുവോളം ബാക്കിയുണ്ടാകും ആ മുഖത്ത്. പക്ഷെ ഈ വനസ്ഥലിയില്‍ വൃക്ഷശാഖികളിലേക്ക് കണ്ണയച്ച് അങ്ങിനെ നില്‍ക്കുമ്പോള്‍ വല്ലാത്തൊരു സ്വാസ്ഥ്യം ആ കണ്ണുകളില്‍ കാണുന്നുണ്ട്. മൂന്നേക്കറോളം സ്ഥലത്ത് വന്‍മരങ്ങള്‍ വില്‍ക്കാതെ നിലനിര്‍ത്തിയിരുന്നു അച്ഛന്‍. അച്ഛമ്മയുടെ മരണശേഷം ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് അതില്‍ ചിലതെങ്കിലും വില്‍ക്കാന്‍ അദ്ദേഹം തുനിഞ്ഞത്. പിന്നീട് ഇളയമകളുടെ വിവാഹത്തിനുള്ള പൈസ കണ്ടെത്താന്‍ സ്ഥലം വില്‍ക്കണോ മരം വില്‍ക്കണോ എന്ന അവസ്ഥ വന്നപ്പോഴാണ് ആ മരങ്ങള്‍ മുഴുവന്‍ മനസ്സില്ലാ മനസ്സോടെ വില്‍ക്കാന്‍ അച്ഛന്‍ തയ്യാറാകുന്നത്. അപ്പോഴും തെക്കേഭാഗത്തുള്ള 10-40 സെന്റോളം സ്ഥലം കാടാക്കിത്തന്നെയിട്ടു. മണ്ണിനെ മരങ്ങളെ പ്രകൃതിയെ ഏറെ സ്‌നേഹിക്കുന്ന അദ്ദേഹത്തെ ഇരിങ്ങോള്‍ തൃപ്തിപ്പെടുത്തിയില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ.

പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയുടെ 15-ാം വാര്‍ഡില്‍ ഏറണാംകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിന്റെ ഭാഗമായ പട്ടാല്‍ എന്ന ഗ്രാമത്തില്‍ 30 ഏക്കറോളം സ്ഥലത്താണ്‌ ഈ അമ്പലവും വിശുദ്ധവനവും സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂര്‍ നഗരത്തില്‍ നിന്ന് 5 കിലോമീറ്റര്‍ മാത്രം മാറി. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയില്‍. കേരളത്തില്‍ വനമുളള ഏക നഗരസഭ എന്ന പെരുമ പെരുമ്പാവൂരിന് നേടിക്കൊടുത്തത് ഇരിങ്ങോളാണ്. കേരളത്തിലെ 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നായ ഇത് പരശുരാമന്‍ നിര്‍മ്മിച്ചതെന്നാണ് ഐതിഹ്യം. ശ്രീകൃഷ്ണന്റെ ജന്മ സമയത്ത് പകരം കിടത്തിയ പെണ്‍കുട്ടിയെ കംസന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, കുട്ടി ദേവിയായി മാറി അപ്രത്യക്ഷമാവുകയും പലയിടങ്ങളിലായി പ്രത്യക്ഷപ്പെടുകയും ചെയ്തു എന്നൊരു കഥയുണ്ട്. അങ്ങിനെ ദേവി പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളാണ് 108 ദുര്‍ഗാലയങ്ങളായി അറിയപ്പെടുന്നത് എന്ന് വിശ്വാസം. ദേവി പ്രത്യക്ഷപ്പെട്ട് ഉപവിഷ്ടയായ (ഇരുന്ന) സ്ഥലമായതിനാല്‍ 'ഇരുന്നോള്‍' എന്നും പിന്നീട് 'ഇരിങ്ങോള്‍' എന്നത് ലോപിച്ചെന്നുമാണ് ഒരു എൈതിഹ്യം. എന്നാല്‍ ജൈനമത സ്വാധീനമുള്ള സ്ഥലങ്ങള്‍ക്ക് 'ഇരിങ്ങ' എന്ന ശബ്ദവുമായി ബന്ധമുണ്ടെന്നും (ഉദാ: ഇരിങ്ങണ്ണൂര്‍, ഇരിങ്ങാലക്കുട, ഇരിങ്ങാലൂര്‍) ജൈനമതവുമായുള്ള ബന്ധം മൂലമാണ് ഇരിങ്ങോളിന് ആ പേര് വന്നതെന്നുമാണ് സ്ഥലനാമചരിത്രവുമായി ബന്ധപ്പെട്ട കണ്ടെത്തല്‍.

ഭഗവതിയുടെ സംരക്ഷണത്തിനായി നിന്ന ദേവകള്‍ വൃക്ഷങ്ങളായി പരിണമിച്ചെന്നും അങ്ങനെയാണ് ഇരിങ്ങോള്‍ വനമായി മാറിയതെന്നുമാണ് വിശ്വാസം. ഉപപ്രതിഷ്ഠകളില്ലാത്ത ഇവിടെ ഉപദേവതകളായി കണക്കാക്കുന്നത് മരങ്ങളെയാണ്. അതുകൊണ്ടുതന്നെ മരങ്ങള്‍ ഒരു കാരണവശാലും മുറിക്കാറില്ല. വീണ് കിടക്കുന്ന മരങ്ങള്‍പോലും മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കാറുമില്ല. അര്‍ച്ചനയ്ക്കായി ചെത്തി, തുളസി എന്നിവയല്ലാതെ സുഗന്ധ പുഷ്പങ്ങളൊന്നും ഉപയോഗിക്കാറില്ല പൂരത്തിന് തിടമ്പേറ്റുന്നത് പിടിയാനയാണ്. വിവാഹം, കെട്ടുനിറ, രാമായണ വായന എന്നിവ ക്ഷേത്രത്തില്‍ നടത്താറില്ല. സുഗന്ധപുഷ്പങ്ങളോ അവ ചൂടിയിരിക്കുന്ന സ്ത്രീകളെയോ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറില്ല. പാമ്പില്ലാത്ത വനമാണ് ഇരിങ്ങോള്‍ എന്നാണ് മറ്റൊരു വിശ്വാസം.

കാവുണ്ണി എന്ന ഇ. ഉണ്ണികൃഷ്ണന്റെ ഒരു പുസ്തകമുണ്ട് 'ഉത്തര കേരളത്തിലെ വിശുദ്ധവനങ്ങള്‍'. കേരളത്തിലെ കാവുകളെ, വിശുദ്ധവനങ്ങളെ പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തില്‍ ഇരിങ്ങോളിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. കേരളത്തില്‍ ആകെ 360 വലിയ കാവുകള്‍ ഉണ്ടെന്നു കണക്കുകള്‍ പറയുന്നു. അവയില്‍ ഏറ്റവും വലുതാണ് ഇരിങ്ങോള്‍ കാവ് (20.2 ഹെക്ടര്‍). 124 ഇനം അപൂര്‍വ സസ്യങ്ങളും ധാരാളം ഔഷധ സസ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന 64 ഇനം പക്ഷി വര്‍ഗങ്ങളും കണ്ടെത്തിയിട്ടുള്ള ഇരിങ്ങോള്‍ വനം ജൈവ വൈവിധ്യങ്ങളുടെ അപൂര്‍വ സങ്കേതമാണ്. ഇലവ് , പൈന്‍, തമ്പകം, ഇഞ്ച, ഞര്‍ള, വള്ളിച്ചെടികള്‍, കാവ്, ആഞ്ഞിലി, മാവ്, മടയ്ക്ക തുടങ്ങിയവ ഇവിടെ പന്തലിച്ചു നില്‍ക്കുന്നു.തിപ്പലി,കുരുമുളക്,പാതിരി തുടങ്ങിയ  ഔഷധ സസ്യങ്ങളും തത്ത,കുയില്‍,മൈന,പരുന്ത്,പുള്ള്,നത്ത് തുടങ്ങിയ പക്ഷികളും മുയല്‍ ,കുരങ്ങ് എന്നീ മൃഗങ്ങളുമൊക്കെ ഇവിടെ കണ്ടു വരുന്നു. നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന പല മരങ്ങളും ഈ കാവില്‍ ഉണ്ട്.  നട്ടുച്ച സമയത്തു പോലും സൂര്യ പ്രകാശം നിലത്ത് പതിക്കില്ലാത്തത്ര നിബിഡമാണ് കാവിന്റെ ഉള്‍ഭാഗങ്ങള്‍.

ക്ഷേത്രനടത്തിപ്പിന്റെ ചുമതല 28 ബ്രാഹ്മണ കുടുംബങ്ങള്‍ക്കായിരുന്നു. പട്ടശ്ശേരി, ഓരോഴിയം, നാഗഞ്ചേരി എന്നിവയായിരുന്നു ഇതില്‍ പ്രധാനികള്‍. 1945ന്റെ അവസാനത്തോടെ സര്‍ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത് ക്ഷേത്രഭരണം ഇവര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. നാഗഞ്ചേരി മനയും പരിസരവും ലളിതകലാ അക്കാദമിയുടെ കൈയ്യിലായിരുന്നു ഏറെ നാള്‍. അക്കാദമി ഇവിടെ കലാഗ്രാമം സ്ഥാപിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. കലാകാരന്‍മാര്‍ക്ക് വനത്തിന്റെ അന്തരീക്ഷത്തില്‍ സൃഷ്ടി നടത്താനുള്ള സാഹചര്യമൊരുക്കുകയായിരുന്നു അക്കാദമിയുടെ ലക്ഷ്യം. ഇതിന് വേണ്ടി ദേശീയ അന്തര്‍ദേശീയ ചിത്രകാരന്‍മാരേയും ശില്‍പികളേയും പങ്കെടുപ്പിച്ച് ഇവിടെ നിരവധി ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. പ്രശസ്തരായ കലാകാരന്‍മാര്‍ ഇവിടെ താമസിച്ച് നിര്‍മ്മിച്ച ശില്പങ്ങളും മറ്റു കലാരൂപങ്ങളും പിന്നീട് കാടുകയറി നശിച്ചു. പിന്നീടത് പെരുമ്പാവൂര്‍ നഗരസഭയുടെ കൈവശമെത്തി. ഇപ്പോള്‍ മനയോടനുബന്ധിച്ച് 98 ലക്ഷം രൂപയുടെ ടൂറിസം പദ്ധതിയ്ക്ക് ഭരണാനുമതിയായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പാര്‍ക്ക്, ഷട്ടില്‍വോളിബോള്‍ കോര്‍ട്ടുകള്‍, വിനോദസഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം തുടങ്ങിയവയാണ് വിഭാവനം ചെയ്യുന്നത്. മുന്‍പ് സാജുപോള്‍ എം.എല്‍.എയുടെ നേതൃത്വത്തനിരയില്‍ തുടങ്ങിയ പെരുമ്പാവൂര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായും ഇരിങ്ങോളില്‍ ടൂറിസം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ തനിമ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള എല്ലാ വികസനവും ഇല്ലാതാക്കുന്നത് ഇരിങ്ങോളിന്റെ സ്വഭാവിക പ്രകൃതിയേയും പരിസരത്തേയുമായിരിക്കും.

കാടിനുള്ളിലൂടെ ക്ഷേത്രത്തിലേക്കുള്ള വഴിക്കതിരിടുന്ന കരിങ്കല്‍ക്കെട്ടില്‍ ഇരിങ്ങോളിന്റെ ശബ്ദങ്ങള്‍ക്ക് കാതോര്‍ത്ത് പച്ചപ്പിന്റെ നിറഭേദങ്ങളിലേക്ക് മിഴികളാഴ്ത്തി അങ്ങിനെയിരിക്കുമ്പോള്‍ മനസ്സിലോര്‍ത്തത് പ്രകൃതിക്ക് പകര്‍ന്നുനല്‍കാന്‍ കഴിയുന്ന സ്വാസ്ഥ്യം എന്ന അവസ്ഥയെക്കുറിച്ചായിരുന്നു.
വന്‍കാടുകള്‍ കാണുന്ന തരം പെരുവന്‍ തേരട്ടകളെ കണ്ട് അത്ഭുതം കൂറിയിരിക്കുകയാണ് കുട്ടികള്‍. മണ്ണിന് മുകളിലെ ഇലയടുക്കുകളില്‍ പെയ്തുപോയ മഴയുടെ അടയാളമായി നനവ് പടര്‍ന്ന് കിടക്കുന്നുണ്ട്. ക്ഷേത്രത്തില്‍ അന്നെന്തോ വിശേഷദിവസമാണ്. നടയടച്ച് കഴിഞ്ഞിട്ടും കുറച്ച് പേര്‍ അവിടെയൊക്കെയുണ്ട്. അമ്മയും നിത്യയും സ്മിതയും ഷിബുവുമൊക്കെ നടക്കല്‍ നിന്ന് തൊഴുതു. ഇനി നേരെ ഭുതത്താന്‍കെട്ടു വഴി തട്ടേക്കാട്ടേക്കോണ്‌. ലാളിത്യം ഇനിയും കൈമോശം വന്നിട്ടില്ലാത്ത, കോണ്‍ക്രീറ്റ് വികസനം വന്നിട്ടില്ലാത്ത ക്ഷേത്രങ്ങളിലൊന്നാണ് ഇരിങ്ങോള്‍ക്കാവ്. ആധൂനികതയുടെ കൈയ്യേറ്റം ഇനിയും ദുഷിപ്പിച്ചിട്ടില്ലാത്ത ഈ വനത്തെ ടൂറിസം വികസനം വഴിത്തെറ്റിക്കാതിരിക്കട്ടെ. അതിന്റെ തനിമയും സൗന്ദര്യവും പച്ചപ്പും എന്നെന്നും നിലനില്‍ക്കട്ടെ.
(തുടരും)

10 comments:

 1. അര്‍ച്ചനയ്ക്കായി ചെത്തി, തുളസി എന്നിവയല്ലാതെ സുഗന്ധ പുഷ്പങ്ങളൊന്നും ഉപയോഗിക്കാറില്ല പൂരത്തിന് തിടമ്പേറ്റുന്നത് പിടിയാനയാണ്. വിവാഹം, കെട്ടുനിറ, രാമായണ വായന എന്നിവ ക്ഷേത്രത്തില്‍ നടത്താറില്ല. സുഗന്ധപുഷ്പങ്ങളോ അവ ചൂടിയിരിക്കുന്ന സ്ത്രീകളെയോ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറില്ല. പാമ്പില്ലാത്ത വനമാണ് ഇരിങ്ങോള്‍ എന്നാണ് മറ്റൊരു വിശ്വാസം. ഇരിങ്ങോള്‍ കാവിലെ വിശേഷങ്ങളും ഇരിങ്ങോള്‍ ചരിത്രവും വായിച്ചു...നല്ല വിവരണം
  ആശംസകള്‍

  ReplyDelete
 2. തങ്കപ്പേട്ടന്‍, വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി...

  ReplyDelete
 3. ഇരിങ്ങോൾക്കാവിനെപ്പറ്റി അറിവു നൽകുന്ന വിവരണത്തിനു നന്ദി. കാവുകളും വനങ്ങളും നശിക്കാതെ നില നിൽക്കട്ടെ.

  ReplyDelete
 4. നന്ദി മോഹനേട്ടാ...

  ReplyDelete
 5. അധികം ദൂരെയല്ലെങ്കിലും ഇതു വരെ ഇരിങ്ങോള്‍ക്കാവ് വരെ പോകാന്‍ കഴിഞ്ഞിട്ടില്ല. വൈകാതെ ഒരിയ്ക്കല്‍ പോകുന്നുണ്ട്.


  [മാഷെ, നമ്പര്‍ ചോദിച്ചിരുന്നല്ലോ... 9886049928 ആണ് എന്റെ നമ്പര്‍]

  ReplyDelete
 6. സന്തോഷം ശ്രീ...

  ReplyDelete
 7. വായിച്ചു. നന്നായിട്ടുണ്ട്. പക്ഷെ, ഈ കാവ് ഇന്നൊരു ദേവീക്ഷേത്രമാണെങ്കിൽ ജൈനമതത്തിനും പിറകിലായിരിക്കില്ലേ ചരിത്രം തുടങ്ങുന്നത്? ദ്രാവിഡസംസ്കാരത്തിനും മുൻപ്. ഒന്നന്വേഷിച്ചുനോക്കിയാൽ അവിടെ എത്തിച്ചേരുമായിരിക്കും.

  ReplyDelete
  Replies
  1. അതെ... ഇനിയുമേറെ അറിയാനുണ്ട്.... വന്നതിനും വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി...

   Delete
 8. പരശുരാമന്റെ സൃഷ്ടിയിൽ പെട്ട ഒരു ദുർഗ്ഗാലയം ..
  ഭഗവതിയുടെ സംരക്ഷണത്തിനായി നിന്ന ദേവകള്‍
  വൃക്ഷങ്ങളായി പരിണമിച്ചെന്നും അങ്ങനെയാണ് ഇരിങ്ങോള്‍
  വനമായി മാറിയതെന്നുമാണ് വിശ്വാസം. ഉപപ്രതിഷ്ഠകളില്ലാത്ത
  ഇവിടെ ഉപദേവതകളായി കണക്കാക്കുന്നത് മരങ്ങളെയാണ്. അതുകൊണ്ടു
  തന്നെ മരങ്ങള്‍ ഒരു കാരണവശാലും മുറിക്കാറില്ല. വീണ് കിടക്കുന്ന മരങ്ങള്‍പോലും
  മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കാറുമില്ല. അര്‍ച്ചനയ്ക്കായി ചെത്തി, തുളസി എന്നിവയല്ലാതെ
  സുഗന്ധ പുഷ്പങ്ങളൊന്നും ഉപയോഗിക്കാറില്ല പൂരത്തിന് തിടമ്പേറ്റുന്നത് പിടിയാനയാണ്. വിവാഹം, കെട്ടുനിറ,
  രാമായണ വായന എന്നിവ ക്ഷേത്രത്തില്‍ നടത്താറില്ല. സുഗന്ധപുഷ്പങ്ങളോ അവ ചൂടിയിരിക്കുന്ന സ്ത്രീകളെയോ
  ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറില്ല. പാമ്പില്ലാത്ത വനമാണ് ഇരിങ്ങോള്‍ എന്നാണ് മറ്റൊരു വിശ്വാസം....
  എല്ലാം പുതിയ അറിവുകളാണ് കേട്ടോ ഭായ്

  ആധൂനികതയുടെ കൈയ്യേറ്റം ഇനിയും ദുഷിപ്പിച്ചിട്ടില്ലാത്ത
  ഈ വനത്തെ ടൂറിസം വികസനം വഴിത്തെറ്റിക്കാതിരിക്കട്ടെ...
  അതിന്റെ തനിമയും സൗന്ദര്യവും പച്ചപ്പും എന്നെന്നും നിലനില്‍ക്കട്ടെ....

  ReplyDelete
 9. ഞാനൊരിക്കല്‍ വന്നിട്ടുണ്ട് ഇരിങ്ങോള്‍ ക്ഷേത്രത്തില്‍.
  അതെ, അതിന്‍റെ പച്ചപ്പും സൗന്ദര്യവും നിലനില്‍ക്കട്ടെ.

  ReplyDelete