എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (13)
-----------------------------
വെള്ളവും കറന്റുമില്ലാത്ത ഒരു രാത്രിക്ക് ശേഷം പ്രഭാതഭക്ഷണം കഴിക്കാന്‍ നില്‍ക്കാതെ പുലര്‍ച്ചെ തന്നെ കാന്താലോഡ്ജില്‍ നിന്ന് ഞങ്ങളിറങ്ങി. കറന്റുണ്ടായിരുന്നില്ലെങ്കിലും പുല്‍മേല്‍ക്കൂരയുള്ള മനോഹരമായ വൃത്തിയുള്ള കുടിലുകളില്‍ സുഖമായുറങ്ങിയിരുന്നു എല്ലാവരും. കോന്‍സോ അങ്ങാടി അപ്പോഴും ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല. ഭക്ഷണം പിന്നീട് വഴിയിലെവിടെ നിന്നെങ്കിലുമാകാമെന്ന ധാരണയില്‍ വണ്ടി വിട്ടു. രാത്രി കാര്യമായി തന്നെ മഴ പെയ്തിട്ടുണ്ട് ആ വഴിയോരങ്ങളിലൊക്കെ. റോഡിന് കുറുകെയുള്ള നിലംപതികളിലൂടെ കൈത്തോടുകള്‍ കടന്നുപോകുന്നു പലയിടത്തും. ചേറും ചളിയും കുഴഞ്ഞ് വല്ലാത്തൊരു പരുവത്തിലാണ് റോഡ്. ദുഷ്‌കരമായ യാത്ര. പക്ഷെ അതിസുന്ദരമായിരുന്നു ആ പാതയോരങ്ങള്‍. തെഫ് വളരുന്ന വയലുകള്‍. ചില പാടങ്ങളില്‍ നമ്മുടെ നാട്ടിലേത് പോലുള്ള കാവല്‍ മാടങ്ങള്‍. ഇളം മഞ്ഞും ചെറിയ ചാറ്റല്‍ മഴയുമുള്ള അതി മനോഹരമായ ഒരു ആഫ്രിക്കന്‍ പുലരിയായിരുന്നു അത്. വഴിയില്‍ ചിലയിടത്ത് ബസ്സ് കാത്ത് നില്‍ക്കുന്ന ഗ്രാമീണര്‍. വല്ലാതെ മോഹിപ്പിക്കുന്ന ചിലയിടങ്ങളില്‍ ചിത്രമെടുക്കാനായി വണ്ടി നിറുത്തി. ബസ് കാത്തു നില്‍ക്കുന്ന ചിലരോടൊക്കെ കുലശം ചോദിച്ചു. ചിലയിടത്ത് കുട്ടികള്‍ വണ്ടിക്ക് പുറകെ ഓടി. മഞ്ഞും മഴയും മേഘാവൃതമായ ആകാശവും അതിനിടയിലൂടെ ഇടക്കിടെ കടന്നുവരുന്ന വെള്ളിവെളിച്ചവുമൊക്കെ കൂടികലര്‍ന്ന ഒരു പുലര്‍ക്കാലം.
ഏറെ താമസിക്കാതെ ഒരു ചെറുകവലയിലെ ഒരു ഗ്രാമീണഭോജനശാലക്ക് മുന്‍പില്‍ വണ്ടി നിറുത്തി അബ്ദു. ഗാര്‍ഡുല എന്ന ഒരു ചെറിയൊരങ്ങാടി. കുറച്ച് വാഹനങ്ങള്‍ ചെറിയ കച്ചവടപ്പുരകള്‍, അലഞ്ഞുതിരിഞ്ഞു നടക്കുന്ന ചില പശുക്കള്‍, പന്നികള്‍. തുറസായ മുറ്റത്തും ചെറിയ തുറന്ന മേല്‍ക്കൂരക്കു കീഴിലുമായി കുറച്ച് ഇരിപ്പിടങ്ങള്‍. ഫാമിലി ഫിഷ് റെസ്റ്റോറന്റ് എന്നാണ് ആ ഭോജനശാലയുടെ പേര്. കുറച്ച് പ്രദേശവാസികളൊഴിച്ചാല്‍ ഒട്ടും തിരക്കില്ല. അബ്ദുവിന് തണുത്ത ബിയറെത്തി. ഇഞ്ചിറയും കാളയിറച്ചിയും എന്തൊക്കയോ പച്ചക്കറി വിഭവങ്ങളും ഓര്‍ഡര്‍ ചെയ്തു. ലളിതമെങ്കിലും രുചികരമായിരുന്നു ഭക്ഷണം. കോഫി സെറിമണി പോലെതന്നെയാണ് എത്യോപ്യന്‍ ഭക്ഷണവും ഉപചാരപൂര്‍വ്വമാണ് വിളമ്പല്‍. ഇഞ്ചിറക്ക് പുറമേ അരിപ്പൊടികൊണ്ടുള്ള ഒരപ്പവും കോഴിക്കറിയും കൂടി കഴിച്ചു. കൂടെ ഉറപ്പായും ബുന്ന എന്ന എത്യോപ്യന്‍ കാപ്പിയും. തലേന്നാള്‍ പെയ്ത മഴയുടെ ചില മരപെയ്ത്തുകള്‍ അപ്പോഴും ആ തുറസ്സിടത്തില്‍ ബാക്കിയുണ്ടായിരുന്നു അബ്ദുവിന്റെ കണ്ണ് മിക്കപ്പോഴും ഹോട്ടല്‍ വളപ്പിന് പുറത്തായി പാര്‍ക്ക് ചെയ്ത വണ്ടിയിലാണ്. ചില കുട്ടികളൊക്കെ വണ്ടിക്ക് ചുറ്റും നടന്നുനോക്കുന്നുണ്ട്. വണ്ടി തുറക്കാനുള്ള ശ്രമമുണ്ടായാല്‍ മിന്നല്‍ വേഗത്തില്‍ അവിടെ എത്തുന്ന അബ്ദുവിന്റെ കൈയുയരും. പിന്നെ ഡോക്ടര്‍ ഇടപെടേണ്ടി വരും.
രുചികരമായ പ്രാതലിന് ശേഷം വീണ്ടും യാത്ര തുടര്‍ന്നു. പച്ചപുതച്ച വഴിയോരങ്ങള്‍ അപ്പോഴും പെയ്തു പോയ മഴയുടെ ആലസ്യം കൈവിടാതെ കിടന്നു. തെഫ് ധാന്യക്കതിരുകളില്‍ ബാക്കിയായ മഴത്തുള്ളികള്‍ വെയിലേറ്റ് തിളങ്ങി. ജീപ്പില്‍ ബാക്കിയായ ചാട് ഇലകള്‍ വെറുതെ സമയം പോക്കാനായി ചവക്കുന്നുണ്ട് ജോയേട്ടന്‍. പ്രസന്നമായൊരു മൗനത്തിലാണ് ദത്തേട്ടന്‍. ചെറിയൊരു ഉറക്കച്ചടവില്‍ പുറം കാഴ്ച്ചകളിലേക്ക് നോക്കി അന്‍വര്‍. ഡോ.അജിന്‍ ഫോണില്‍ തനിക്കുള്ള മെയിലുകള്‍ പരിശോധിക്കുന്ന തിരക്കിലാണ്. തകര്‍ന്ന റോഡിലൂടെ വിദഗ്ദ്ധമായി വണ്ടിയോട്ടുന്നു അബ്ദു. ആഫ്രിക്കന്‍ ജീവിതത്തിന്റെ അവിഭാജ്യമായ ഘടകമാണ് ചാട് എന്ന മരത്തിന്റെ ഈ ഇലകള്‍. സുഖകരമായ ചെറിയൊരു ലഹരി പ്രധാനം ചെയ്യുമത്രെ ഇത്. പക്ഷെ ഒരു ലഹരിയും അനുഭവപ്പെടുന്നില്ല എന്നാണ് ഞങ്ങള്‍ക്കൊപ്പമുള്ള ലഹരി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും ചാടിന്റെ ഇല ചവച്ച് വെറുതെ ചടഞ്ഞിരിക്കുന്നത് ഒരു പൊതു ആഫ്രിക്കന്‍ ശീലമാണെന്ന് പറയുന്നു. ചാടിന്റെ ഇലയില്ലാത്ത ഒരു ദിവസം അവരില്‍ ഭൂരിഭാഗം പേര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ലത്രെ. അര്‍ബാമിഞ്ച് പിന്നിട്ടതോടെ യാത്രാദുരിതത്തിന് അവധിയായി. വഴിയിലൊരിടത്ത് നിന്ന് കുട്ടികളില്‍ നിന്ന് വിവിധങ്ങളായ പഴങ്ങള്‍ ഒരു ചാക്ക് നിറയെ വാങ്ങി വണ്ടിയുടെ മുകളില്‍ കയറ്റി ഞങ്ങള്‍.
അര്‍ബാമിഞ്ചില്‍ നിന്ന് അവാസയിലേക്കുള്ള വഴിയിലെ പ്രധാന നഗരമാണ് സോഡോ. വോലൈറ്റ സോഡോ (Wolaita Sodo) എന്ന ജില്ലയുടെ ആസ്ഥാനം കൂടിയാണ് സോഡോ നഗരം. എത്യോപ്യയെ ഭരണപരമായി 9 സംസ്ഥാനങ്ങളും 2 നഗരഭരണപ്രദേശങ്ങളുമായാണ് തരം തിരിച്ചിരിക്കുന്നത്. അഡിസ് അബാബയും ഡയര്‍ ദാവയും നഗര ഭരണപ്രദേശങ്ങള്‍. അഫാര്‍, അംഹാര, ബെനിഷാങ്കുല്‍ഗുമുസ്, ഗാംബെല, ഹരാരി, ഒറോമിയ, സോമാലി, സതേണ്‍ നേഷന്‍സ് നാഷണാലിറ്റീസ് ആന്‍ഡ് പീപ്പിള്‍സ് റീജിയന്‍(SNNPR), ടൈേ്രഗ എന്നിവയാണ് എത്യോപ്യയിലെ സംസ്ഥാനങ്ങള്‍. ആഡിസില്‍ നിന്ന് തുടങ്ങി ഒറോമിയ സംസ്ഥാനം പിന്നിട്ട് SNNPR സംസ്ഥാനത്തിലൂടെയാണ് ഞങ്ങളുടെ ഇപ്പോഴത്തെ യാത്ര. SNNPR സംസ്ഥാനത്തിലെ പ്രധാന ജില്ലയാണ് വോലൈറ്റ സോഡോ. വണ്ടി നിറുത്തി, ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാനും ATMല്‍ നിന്ന് പണമെടുക്കാനുമായി പോയി ഡോക്ടര്‍. ഞങ്ങള്‍ സോഡോ നഗരത്തിന്റെ കാഴ്ച്ചകളിലേക്ക് ചെറുതായൊന്നിറങ്ങി. നഗരങ്ങളും ഗ്രാമപ്രദേശങ്ങളും തമ്മില്‍ സാമൂഹ്യജീവിതത്തിലുള്ള അന്തരം കാണിച്ചു തരും എത്യോപ്യയിലെ ഇത്തരം ഇടത്തരം നഗരങ്ങള്‍. വന്‍സൗധങ്ങള്‍, ബ്രാന്‍ഡഡ് ഉല്‍പ്പന്നനങ്ങള്‍ ലഭ്യമാകുന്ന വില്‍പ്പനശാലകള്‍, പുതിയ വാഹനങ്ങള്‍, വൃത്തിയായി മോഡിയില്‍ വസ്ത്രം ധരിച്ച ചെറുപ്പക്കാര്‍, വീതിയുള്ള, പുല്ലും മരങ്ങളും വെച്ച് പിടിപ്പിച്ച ഡിവൈഡറുകളുള്ള നാല് വരിപാതകള്‍, അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങളുടെ വലിയ പരസ്യപലകകള്‍... രാവിലെ കടന്നുപോന്ന കോന്‍സോ അങ്ങാടിയില്‍ നിന്നെത്രയോ വിഭിന്നമായ മറ്റൊരു ലോകം.
സോഡോവില്‍ നിന്ന് 120 കിലോമീറ്ററോളം ദൂരമുണ്ട് അവാസയിലേക്ക്. പച്ചപ്പ് ചിലയിടത്ത് വരണ്ട ഭൂപ്രകൃതിക്ക് വഴിമാറുന്നുണ്ട്. വഴിയില്‍ ചിലയിടത്തായി പര്‍ദ്ധ ധരിച്ച സ്ത്രീകളെ കണ്ടു തുടങ്ങി. മുസ്ലീം ഭൂരിപക്ഷ ഗ്രാമങ്ങളാണ്. പക്ഷെ സാധാരണഗതിയില്‍ പര്‍ദ്ധധരിക്കുന്നവരല്ല എത്യോപ്യന്‍ മുസ്ലീങ്ങള്‍. എത്യോപ്യയില്‍ 30 ശതമാനത്തിന്‍ മുകളില്‍ ജനങ്ങള്‍ ഇസ്ലാം മത വിശ്വാസികളാണ്. ഇസ്ലാം ആദ്യകാലത്ത് തന്നെ പ്രചരിച്ച ഇടങ്ങളിലൊന്ന് കൂടിയാണ് എത്യോപ്യ. ഖുറൈശികളുടെ പീഢനത്തെ തുടര്‍ന്ന് മക്കയില്‍ നിന്നും പാലായനം ചെയ്ത മുഹമ്മദിനും കുടുംബത്തിനും അനുയായികള്‍ക്കും അഭയം നല്‍കിയത് എത്യോപ്യന്‍ (അന്നത്തെ അക്‌സൂം) ഭരണാധികാരിയായ അശമ ഇബിന്‍ അബ്ജാര്‍ ആയിരുന്നു. ഇസ്ലാമിക ചരിത്രത്തില്‍ ഇദ്ദേഹം പരാമര്‍ശിക്കപ്പെടുന്നത് അല്‍നജ്ജാശി രാജാവ് എന്ന പേരിലാണ്. അറേബ്യക്ക് പുറത്തുള്ള ആദ്യ മുസ്ലീം പള്ളി സ്ഥാപിക്കപ്പെട്ടതും എത്യോപ്യയിലാണ്. കാര്യമായ മതസംഘര്‍ഷങ്ങളില്ലാത്ത ഒരു രാജ്യമാണ് എത്യോപ്യ. ഇപ്പോഴത്തെ എത്യോപ്യന്‍ പ്രധാനമന്ത്രിയായ അബി അഹമ്മദ് അലി ക്രിസ്ത്യന്‍ മാതാവിന്റെയും മുസ്ലീമായ പിതാവിന്റെയും മകനാണ്. ഇടം കയ്യില്‍ ബൈബിളും വലംകയ്യില്‍ ഖുര്‍ആനുമായാണ് 2018 ഏപ്രില്‍ 2 ന് എത്യോപ്യയുടെ പ്രധാനമന്ത്രിയായി അബി അഹമ്മദ് ചുമതലയേറ്റത്. മുന്നുമാസത്തിനുള്ളില്‍ ജൂലൈയില്‍ എത്യോപ്യയും എറിത്രിയയും തമ്മിലുള്ള 20 വര്‍ഷത്തെ സംഘര്‍ഷത്തിനറുതി വരുത്തി സമാധാനകരാറില്‍ ഒപ്പു വെക്കാനായി അഹമ്മദിന് (ഈ നേട്ടത്തിന് അദ്ദേഹത്തിന് പിന്നീട് സമാധാനത്തിനുള്ള 2019ലെ നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി) ജനാധിപത്യം എന്ന പദം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥവ്യാപ്തി കൈവരിക്കുകയാണ് അബി അഹമ്മദിന്റെ എത്യോപ്യയില്‍
പൊതുവേ ആഫ്രിക്കക്ക് അത്ര പഥ്യമായ ഒന്നല്ല ജനാധിപത്യം. രണ്ടാം ലോകമഹായുദ്ധാനന്തരം ഭൂഖണ്ഡത്തിലെ കോളനികളില്‍ നിന്ന് സാമ്രാജത്വ ശക്തികള്‍ പിന്‍വാങ്ങിയതോടെ ആഫ്രിക്കയിലെമ്പാടും പുതിയ സ്വതന്ത്രരാജ്യങ്ങള്‍ രൂപം കൊണ്ടു തുടങ്ങി. ഇന്ത്യന്‍ സ്വാതന്ത്രസമരവും നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യയും അവരുടെ സ്വാതന്ത്രപ്രതീക്ഷകള്‍ക്ക് ഉണര്‍വ്വേകി. വിദ്യാസമ്പന്നരായ ജനാധിപത്യ സോഷ്യലിസ്റ്റ് സ്വപ്നങ്ങളില്‍ വിശ്വസിച്ചിരുന്ന ഒരു പുതുതലമുറ ആഫ്രിക്കയുടെ നേതൃത്വത്തിലേക്ക് ഉദിച്ചുയര്‍ന്നു. ക്വാമേ എന്‍ക്രൂമയേയും (ഘാന) ജൂലിയസ് നരേരയേയും (ടാന്‍സാനിയ) പാത്രിസ് ലുമുംബയേയും (കോംഗോ) പോലുള്ള വിശാല ഇടത് കാഴ്ച്ചപ്പാടുള്ള നേതാക്കള്‍ അധികാരത്തിലെത്തി. സ്വതന്ത്രരാഷ്ടമായി മാറിയ തങ്ങളുടെ പഴയ കോളനികളില്‍ അപ്പോഴും സാമ്പത്തിക താല്‍പര്യങ്ങളുണ്ടായിരുന്ന സാമ്രാജത്വശക്തികള്‍ തങ്ങളുടെ പാവസര്‍ക്കാരുകളെ വീണ്ടും അവിടെ പ്രതിഷ്ഠിച്ചു തുടങ്ങി. ലുമുംബയെ പോലെ തങ്ങളുടെ ഹിതത്തിനനുസരിച്ച് നടക്കാത്തവരെ വധിക്കുകയോ സ്ഥാനഭ്രഷ്ഠരാക്കുകയോ ചെയ്തു. ശേഷിച്ചവരെ ഭീഷണിയിലൂടെയും പ്രലേഭനങ്ങളിലൂടെയും വശത്താക്കി. പ്രതീക്ഷ ഉയര്‍ത്തി ഭരണത്തിലെത്തിയ പല നേതാക്കളും അഴിമതിയിലേക്കും സേച്ഛാധിപത്യത്തിലേക്കും കൂപ്പുകുത്തി. സിംബാവെയിലെ റോബര്‍ട്ട് മുഗാബെയെപ്പോലുള്ളവര്‍ വിപ്ലവവഴികളില്‍ നിന്ന് ജീര്‍ണ്ണതയിലേക്ക് കൂപ്പുകുത്തി. ഗോത്രകലഹങ്ങളും സാമാജ്രത്വതാല്‍പര്യങ്ങളും പട്ടാളഭരണകൂടങ്ങളും ശീതയുദ്ധകാലത്തെ അമേരിക്കന്‍-സോവിയറ്റ് വടംവലികളും ചേര്‍ന്ന് ആഫ്രിക്ക ഒരു നരകമായി മാറി.
90 കള്‍ക്ക് ശേഷം ഇസ്ലാമിക തീവ്രവാദം വലിയൊരു ഭീഷണിയായി ആഫ്രിക്കക്ക് മുകളിലുണ്ട്. അല്‍ഖ്വെയ്ദ, അല്‍ ശബാബ്, ബൊകോ ഹറം, അന്‍സാറുദ്ദീന്‍ തുടങ്ങിയുള്ള മതഭീകരവാദ സംഘടനകള്‍ ഭൂഖണ്ഡത്തില്‍ പലയിടത്തും സജീവമാണ്. ആയുധകച്ചവടക്കാരും, തീവ്രവാദികളും, ഗോത്രസേനകളും, പട്ടാളഭരണകൂടങ്ങളും മാഫിയാസംഘങ്ങളുമെല്ലാം ചേര്‍ന്ന് ഉല്‍പ്പതിഷ്ണുക്കളായ ആഫ്രിക്കന്‍ നേതാക്കള്‍ വളര്‍ത്തികൊണ്ടു വന്ന പാന്‍ ആഫ്രിക്കന്‍ സ്വപ്നത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ പൊതുവായ ആഫ്രിക്കയുടെ ഇത്തരമൊരു വര്‍ത്തമാനത്തില്‍ നിന്നും ഭിന്നമാണ് ഇന്നത്തെ എത്യോപ്യ. ക്രിസ്തുവിന് ശേഷം ആദ്യനൂറ്റാണ്ടുകളില്‍ തുടങ്ങി ഇരുപതാം രണ്ടാം പകുതി വരെ തുടര്‍ച്ചയായി എത്യോപ്യയുടെ അധികാരം കൈയ്യാളിയിരുന്ന പൗരസ്ത്യ ക്രിസ്ത്യന്‍ രാജവംശം. 74 മുതല്‍ 87 വരെ 13 വര്‍ഷത്തോളം എത്യോപ്യയെ നിയന്ത്രിച്ച കമ്മ്യൂണിസ്റ്റ് ദെര്‍ഗ് തുടര്‍ന്ന് 1987 മുതല്‍ 91 വരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണം. 91മുതല്‍ ഇതുവരെ ജധാനിപത്യം. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെ പോലെ കോളനിവല്‍ക്കരണത്തിന്റെയോ, അടിമകച്ചവടത്തിന്റെയോ ദുരിതങ്ങള്‍ എത്യോപ്യക്ക് നേരിടേണ്ടി വന്നിട്ടില്ല. ഏറിത്രിയയുമായുള്ള യുദ്ധകാലത്തും മെന്‍ഗിത്സു ഹെയ്‌ലി മറിയത്തിന്റെ കമ്മ്യൂണിസ്റ്റ് ദര്‍ഗ് കാലത്തുമൊഴിച്ച് ഹിംസയില്‍ നിന്ന് ഏറെയൊക്കെ മുക്തമായിരുന്നു ഈ രാജ്യം. അതുകൊണ്ടാകണം അവര്‍ ജനാധിപത്യത്തെ കൈവിടാതെ സൂക്ഷിക്കുന്നതും. ഈ സമാധാന അന്തരീക്ഷവും അവസാന എത്യോപ്യന്‍ ചക്രവര്‍ത്തിയായിരുന്നഹെയ്‌ലി സെലാസി മുന്നോട്ട് വെച്ച പാന്‍ ആഫ്രിക്കന്‍ ആശയവുമൊക്കെ കാരണമാകണം ആഫ്രിക്കന്‍ യൂണിയന്റെ ആസ്ഥാനം എത്യോപ്യയിലാണ്. സോമാലിയയിലെയും സുഡാനിലെയും തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ അമേരിക്കയുടെ ഏറ്റവും വലിയ സൗഹൃദ രാഷ്ട്രമാണ് എത്യോപ്യ.
തന്റെ മുന്‍ഗാമികളുടെ കാലത്ത് നിലനിന്നുപോന്നിരുന്ന പല അടിച്ചമര്‍ത്തലുകളും അവസാനിപ്പിച്ച് എത്യോപ്യയെ ജനാധിപത്യത്തിന്റെ സുവര്‍ണ്ണകാലത്തിലൂടെ കൈപിടിച്ച് നടത്തുന്നു അഫ്രിക്കയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായ (43) അബി അഹമ്മദ്. ഒറോമിയയിലെ അഗാരോയ്ക്ക് അടുത്ത് ബെഷാഷായില്‍ ഒരു ദരിദ്രകുടുംബത്തില്‍ 1976 ആഗസ്റ്റ് 15 നാണ് അബി അഹമ്മദിന്റെ ജനനം. തറയിലാണ് കിടന്നുറങ്ങിയിരുന്നത്. അടുത്ത നദിയില്‍ നിന്ന് വെള്ളം ശേഖരിച്ചിച്ചു കൊണ്ടു വരണം. വീട്ടില്‍ വൈദ്യുതിയെത്തിയത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍. പഠനത്തില്‍ മിടുക്കനായ അബി ചെറുപ്രായത്തില്‍ തന്നെ എത്യോപ്യന്‍ സൈന്യത്തില്‍ റേഡിയോ ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ചു. സൈന്യം വിട്ട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള സൈബര്‍ ഇന്റലിജന്‍സ് ഓഫീസറായിരുന്നു. എറിത്രിയയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച അബി പിന്നീട് സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും വഴിവെട്ടിയത് രാജ്യത്തിനകത്ത് തന്നെയാണ്. ഭീകരവിരുദ്ധനിയമം ചുമത്തി അറസ്റ്റ് ചെയ്ത രാഷ്ട്രീയ പ്രവര്‍ത്തകരെ മോചിപ്പിച്ചു. വിദേശത്തേക്ക് നാട് കടത്തിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ വാതിലുകള്‍ തുറന്നിട്ടു. എതിരഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ താഴിട്ടുപൂട്ടേണ്ടി വന്ന പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും വീണ്ടും പ്രവര്‍ത്തന സ്വാതന്ത്രം കൊടുത്തു. ജയിലിലുണ്ടായിരുന്ന അവസാന മാധ്യമപ്രവര്‍ത്തകനേയും മോചിപ്പിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തിയെങ്കിലും ജനങ്ങളില്‍ ഭൂരിപക്ഷവും ഇന്ന് അബിയോടൊപ്പമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തെ ഈ സമാധാനം മുഴുവന്‍ ആഫ്രിക്കയുടെയും പ്രതീക്ഷയാണിന്ന്.
50 ശതമാനം വനിതാപ്രാതിനിധ്യം തന്റെ മന്ത്രിസഭയില്‍ നടപ്പിലാക്കിയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ ധീര വനിതയായ സാല്‍ വര്‍ക്ക് സ്യൂഡയെ രാജ്യത്തിന്റെ ആദ്യ വനിത പ്രസിഡന്റായി കൊണ്ടു വന്നും പിന്നെയും ലോകത്തെ ഞെട്ടിച്ചു അബി. പഴയ ഷേബ രാജ്ഞിയുടെ നാടാണെങ്കിലും പുരുഷ കേന്ദീകൃത സമൂഹമാണ് എത്യോപ്യയുടേത്.
എത്യോപ്യയുടെ പരിസ്ഥിതി പുന:സ്ഥാപനമാണ് അബി അഹമ്മദിന്റെ മറ്റൊരു പ്രധാന പരിഗണനാവിഷയം. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാജ്യത്തിന്റെ മെത്തം വിസ്തൃതിയുടെ 35 ശതമാനം വനമായിരുന്നെങ്കില്‍ ഇന്നത് 4% മാത്രമാണ്. മരുവല്‍ക്കരണവും മണ്ണൊലിപ്പും മണ്ണിന്റെ പശിമകുറവുമൊക്കെ ഇതിന്റെ ഭാഗമായി സംഭവിച്ചതാണെന്ന തിരിച്ചറിവില്‍ രാജ്യത്തെ വീണ്ടും പച്ചപുതപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അബി ഇന്ന്. അദ്ദേഹം മുന്നോട്ട് വെച്ച മരം നടീല്‍ ചലഞ്ച് ഏറ്റെടുത്ത് ഒറ്റ ദിവസം കൊണ്ട് 350 മില്യണ്‍ വൃക്ഷതൈകള്‍ നട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍!ഡ്‌സില്‍ ഇടം നേടി എത്യോപ്യന്‍ ജനത.
വണ്ടി ഒരു നഗരത്തോടത്തുകൊണ്ടിരിക്കുന്നു അവാസയാകണം. അന്തരീക്ഷത്തിന് സുഖകരമായ ഒരിളം തണുപ്പുണ്ട് ആ ഉച്ചനേരത്തും അവിടെ. ഒരു വിനോദസഞ്ചാര കേന്ദമാണെന്ന് വ്യക്തമാക്കുന്ന തരത്തില്‍ ഉയര്‍ന്നു കാണുന്ന ഹോട്ടലുകളും റിസോട്ടുകളും. കല്ല് പാകി മനോഹരമാക്കിയ വഴിയോരങ്ങള്‍. അവിടെയും തലേന്ന് പെയ്ത മഴയുടെ വെള്ളക്കെട്ടുകള്‍ ശേഷിക്കുന്നുണ്ട് പലയിടത്തും.
(തുടരും)
35 ൽ നിന്ന് വെറും നാല് ശതമാനമായി കുറഞ്ഞ വനമേഖലകളുമായി പ്രകൃതിയെ സംരക്ഷിക്കുവാൻ ഇറങ്ങി തിരിക്കുന്ന ജനനായകർ വസിക്കുന്നയിടത്തിലെ ജീവിതങ്ങൾ ...
ReplyDeleteസന്തോഷം മുരളിയേട്ടാ....
ReplyDelete