Saturday, June 9, 2012

വാഴച്ചാലിലേക്ക്‌


(പഴയവഴികള്‍ പുതിയകാഴ്‌ച്ചകള്‍......... തുടര്‍ച്ച)
കലാലയ കാലത്തെ ചില പഠനയാത്രകളൊഴിച്ചാല്‍ ശാരിയുടെ ജീവിതത്തിലും യാത്രകള്‍ ഏറെയൊന്നുമുണ്ടായിട്ടില്ല.. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നതിനാലാകണം ചെറിയ പനിയുണ്ടായിട്ടും യാത്ര മാറ്റിവെയ്‌ക്കേണ്ടെന്ന്‌ അവര്‍ നിര്‍ബന്ധിച്ചത്‌. വിബിനും സൂര്യയും ചെറിയ ചില തിരക്കുകള്‍ക്കിടയില്‍ നിന്നുമാണ്‌ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത്‌.. മഴ ചിന്നംപിന്നം ചാറികൊണ്ടിരുന്നു. അതിരപ്പിള്ളി കവാടത്തിനടുത്തായി കരകൗശലവില്‍പ്പനക്കാരുടെ താല്‍ക്കാലിക സ്റ്റാളുകള്‍. പച്ച യൂണിഫോമണിഞ്ഞ വനസംരക്ഷണസമിതി പ്രവര്‍ത്തകര്‍. വിനോദസഞ്ചാരികളുമായി കൊടുക്കല്‍ വാങ്ങല്‍ കളികളിലേര്‍പ്പെട്ട്‌ വാനരപ്പട. സഞ്ചാരികള്‍ വന്നെത്തിയ വാഹനങ്ങളുടെ നീണ്ട നിര. അതിനുമപ്പുറം വാഴച്ചാലിലേക്കുള്ള വനപാത തുടങ്ങുകയാണ്‌.

അഞ്ച്‌ കിലോമീറ്ററോളം ദൂരമുണ്ട്‌ വാഴച്ചാലിലേക്ക്‌. വളരെ പതുക്കെയായിരുന്നു വിബിന്‍ വണ്ടി ഓടിച്ചത്‌. വലത്‌ വശത്ത്‌ താഴെയായി മരങ്ങള്‍ക്കിടയിലുടെ ഒളിഞ്ഞും തെളിഞ്ഞും ചാലക്കുടിപ്പുഴകാണാം. ഏതാണ്ട്‌ പകുതി ദൂരം പിന്നിടുമ്പോള്‍ ചാര്‍പ്പ വെള്ളച്ചാട്ടം. അവിടെ വണ്ടി നിറുത്തി കുറച്ച്‌ നേരം. പിന്നീടങ്ങോട്ട്‌ ഈറ്റക്കാടാണ്‌. കേരളവര്‍മ്മക്കാലത്താണ്‌ ഈ വഴി കാല്‍നടയായി ആദ്യം പോകുന്നത്‌. രാജ്‌നാരായണനും മന്‍സൂറിനൊപ്പം, പിന്നെ പലപ്പോഴും അതിരപ്പിള്ളിനിന്ന്‌ വാഴച്ചാലിലേക്ക്‌ നടന്നുതന്നെ പോയി. കാടിനു നടുവിലെ റോഡിലൂടെ ഇടയ്‌ക്കും തലക്കും വരുന്ന വണ്ടികള്‍ക്ക്‌ വഴി ഒഴിഞ്ഞുകൊടുത്ത്‌. മാനിനേയും മലയണ്ണാനെയും കുരങ്ങന്‍മാരെയും വഴിയരികില്‍ കാണാം. വേനല്‍ കനക്കുന്നതുവരെ റോഡ്‌ കുറുകെ കടക്കുന്ന ചെറുനീരുറവകളുണ്ടാകും പലയിടത്തും. വഴിയില്‍ പഴക്കമില്ലാത്ത ആനപിണ്ടങ്ങള്‍ കാണാം. അന്ന്‌ ഈ വഴിയുള്ള ഗതാഗതം ഇത്ര തിരക്കേറിയിട്ടില്ല. കാടിന്റെ പലവിധ ശബ്ദങ്ങളാസ്വദിച്ച്‌ ആലോചനകളില്‍ മുഴുകി അങ്ങിനെ നടക്കാമായിരുന്നു. ഈ വനമേഖലയില്‍ നിന്നെടുത്ത മനോഹരമായ ഒരു വേഴാമ്പല്‍ ചിത്രമുണ്ട്‌ ശേഖരത്തില്‍. കാടിന്റെ ഛായാഗ്രാഹകനായ എന്‍. എ. നസീര്‍ ഒരു തവണ നോങ്ങല്ലൂരിലേക്ക്‌ ഓണമുണ്ണാനെത്തിയപ്പോല്‍ കൊണ്ടുവന്നത്‌.
പ്രകൃതിസ്‌നേഹികളുടെയും പക്ഷിനിരീക്ഷകരുടെയും പ്രിയങ്കരമായ, ആനകളുടെ വഴിത്താരയായ, മലമുഴക്കി വേഴാമ്പലുകളുടെ ആവാസസ്ഥലമായ, ഈ വനമേഘലയെ അതേ പടി നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ഒട്ടേറെ പേര്‍ പങ്കാളികളായിരുന്നു. എസ്‌. പി. രവി, എസ്‌. ഉണ്ണികൃഷ്‌ണന്‍, ഡോ. എ. ലത, മുരാരി. കൊടകര പ്രോവിഡന്‍സ്‌ കോളേജിലെ കെ. മോഹന്‍ദാസ്‌, മധു, സ്‌മിത, രജനീഷ്‌, ശബ്‌ന.... അങ്ങിനെ ഒട്ടേറേ പേര്‍ ഒപ്പം ഡോ. വി. എസ്‌. വിജയന്‍, ഡോ. എസ്‌. ശങ്കര്‍, ഡോ. എലിസബത്ത്‌ ജോസഫ്‌, സതീഷ്‌ചന്ദ്രന്‍ - ശാന്തി ദമ്പതിമാര്‍ തണലിലെ ഉഷ, ശ്രീധര്‍ അങ്ങിനെ മഴയും പുഴയും മണ്ണും കാടുമൊക്കെയാണ്‌ ജീവന്റെ തുടര്‍ച്ചയെ നിലനിര്‍ത്തുന്നത്‌ എന്ന്‌ വിശ്വസിക്കുന്ന കുറേപേര്‍. പിന്‍വാതിലിലൂടെ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ തടയിട്ടത്‌ ഇവരൊക്കെ ചേര്‍ന്നാണ്‌. ജൈവസമ്പന്നമായ ഈ പുഴയൊരക്കാടിനെയും മനോഹരമായ ഒരു ജലപാതത്തെയും ഇല്ലാതാക്കി ചാലക്കുടിപ്പുഴയുടെ ശേഷിക്കുന്ന നീരൊഴുക്കിനെ വറ്റിച്ച്‌ ഇനിയൊരു ഡാം വേണ്ട എന്ന ജനങ്ങളുടെ നിശ്ചയദാര്‍ഡ്യത്തെ മറികടക്കാന്‍ ആവില്ലെന്ന്‌ മനസ്സിലായതുകൊണ്ടാകണം,  അതിരപ്പിള്ളി പദ്ധതി എന്ന മോഹത്തില്‍ നിന്ന്‌ കേരളത്തിലെ ഡാം ലോബി പിന്‍വാങ്ങിയിട്ടുണ്ടെന്ന്‌ തോന്നുന്നു.

വാഴച്ചാലില്‍ വഴിയരികിലെ നാടന്‍ ഹോട്ടലില്‍ നിന്ന്‌ ഉച്ചഭക്ഷണം കഴിച്ച്‌ പുറത്തിറങ്ങി. നല്ല രുചി തോന്നി. മഴയായതുകൊണ്ടാകണം സഞ്ചാരികള്‍ അധികം വാഴച്ചാലിലേക്കെത്തിയിട്ടില്ല. മൂലിക അടഞ്ഞു തന്നെ കിടന്നു. കാടും വെള്ളവും പശ്ചാത്തലമാക്കി കുറച്ച്‌ ഫോട്ടോകളെടുത്തു. മധുവിധുയാത്രയാണെന്നത്‌ മറക്കേണ്ടെന്ന്‌ വിബിനും സൂര്യയും കളിപറയുന്നുണ്ടായിരുന്നു. കുത്തില്‍ നല്ല ഒഴുക്കുണ്ട്‌. വെള്ളം പാറകളില്‍ തട്ടി തകരുന്നതിന്റെ ശബദം ഏറെ ദൂരേക്ക്‌ കേള്‍ക്കാം. വാഴച്ചാലില്‍ സ്ഥിരമായി വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന്‌ കേരളീയം കൂട്ടായ്‌മയുടെ ഭാഗമായി കലവറ എന്ന ഒരു ഇക്കോഷോപ്പ്‌ നടത്തിയിരുന്നു. വാഴച്ചാലിലെ ആദിവാസി സ്‌തീകളുടെ നേതൃത്ത്വത്തിലുള്ള മൂലിക വനിത സ്വയം സഹായസംഘം കലവറയില്‍ നിന്ന്‌ പ്രകൃതി സൗഹൃദോല്‍പ്പന്നങ്ങളും മുളകൊണ്ടും ചിരട്ടകൊണ്ടുമൊക്കെയുള്ള കരകൗശലവസ്‌തുക്കളും വാങ്ങിയിരുന്നു പകരം തേനും നന്നാറി സര്‍വത്തും നെല്ലിക്കാരിഷ്ടവുമൊക്കെ തരും. അതിന്റെ ഭാഗമായി മാസത്തിലൊരിക്കലെങ്കിലും ഈ വഴി വരും. കാഞ്ചന, ഗീത, സീത, സ്വപ്‌ന അവരൊക്കെയായിരുന്നു മൂലികയുടെ നടത്തിപ്പുകാര്‍. ഗീത അംഗന്‍വാടി ടീച്ചര്‍ കൂടിയായിരുന്നു. ഫോറസ്‌റ്ററായ  നന്ദകുമാറിനായിരുന്നു  മേല്‍നോട്ടം. ഗീതയും കാഞ്ചനയുമൊക്കെ പിന്നീട്‌ പഞ്ചായത്ത്‌ ജനപ്രധിനിതികളായി. കാഞ്ചന അതിരപ്പിള്ളി വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ നിന്ന്‌ വ്യത്യസ്ഥമായ നിലപാടെടുക്കുകയും സമരത്തിന്റെ കണ്ണിയാകുകയും ചെയ്‌തു.

വാഴച്ചാല്‍ അന്ന്‌ ഇത്രയൊന്നും തിരക്കേറിയിട്ടില്ല. മലക്കാപ്പാറയില്‍ നിന്നും ചാലക്കുടിയിലേക്കുള്ള ബസ്സ്‌ വരുന്നതുവരെയുള്ള ഇടവേളയില്‍ വാഴച്ചാല്‍ കുത്തിനടുത്ത്‌ ചെന്നിരിക്കും. ജലമര്‍മ്മരങ്ങളില്‍ ലയിച്ച്‌. പ്രകൃതിയുടെ സ്‌പര്‍ശനമറിഞ്ഞ്‌ അങ്ങിനെ. വാഴച്ചാല്‍ ഫോറസ്‌റ്റ്‌ ഓഫീസില്‍ ജോലിചെയ്‌തിരുന്ന പരിഷത്ത്‌ പ്രവര്‍ത്തകനായ മുരളിയേട്ടനായിരുന്നു ബസ്സിലെ സ്ഥിരം സഹയാത്രികരിലൊരാള്‍. സി. വി. ശ്രീരാമന്റെ പുറം കാഴ്‌ച്ചകള്‍ കഥയെ ആധാരമാക്കി എടുത്ത അതേപേരിലുള്ള കേരള കഫേയിലെ ലാല്‍ജോസ്‌ ചിത്രം കണ്ടപ്പോള്‍ ആ പഴയ ബസ്സ്‌ യാത്രകളാണ്‌ ഓര്‍ത്തു പോയത്‌. മറക്കാനാവാത്ത മറ്റൊരു വാഴച്ചാല്‍ യാത്ര 2004ലിലെ കര്‍ക്കിടകത്തിലായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ നടത്താറുള്ള മഴയറിവുക്യാമ്പ്‌ ആ വര്‍ഷം വാഴച്ചാലായിരുന്നു. വൈകീട്ട്‌ അഞ്ച്‌ മണിയോടെ എല്ലാവരും അതിരപ്പിള്ളിയില്‍ ഒത്തുചേര്‍ന്നു. പിന്നീട്‌ കാല്‍നടയായി വാഴച്ചാലിലേക്ക്‌. നടന്നു തുടങ്ങുമ്പോള്‍ നല്ല തെളിഞ്ഞ അന്തരീഷമായിരുന്നു കുറച്ച്‌ ദൂരം പിന്നിട്ടപ്പോഴേക്കും മഴചാറിത്തുടങ്ങി. പിന്നെ അതൊരു പെരുമഴയായി. വാഴച്ചാല്‍ ഐ.ബി.യിലെത്തുമ്പോഴേക്കും കനത്ത മഴയേറ്‌ കൊണ്ട്‌ ശരീരം വേദനിച്ചു തുടങ്ങിയിരുന്നു. അതിനു മുന്‍പും ശേഷവും ഒരു മഴക്യാമ്പിനും ഇത്തരമൊരു പെരുമഴ കിട്ടിയിട്ടില്ല.
വൈകും മുന്‍പ്‌ മലക്കപ്പാറയെത്തണം. വാഴച്ചാലുനിന്ന്‌ കാടിനുള്ളിലൂടെ 53 കിലോമീറ്ററോളം താണ്ടണം മലക്കപ്പാറയിലേക്ക്‌. അവിടെയാണ്‌ ഇന്നത്തെ താവളം. മഴയത്ത്‌ കാട്ടുപാതയിലൂടെ വൈകി ഒരു യാത്ര തികഞ്ഞ സാഹസമാകും. മനസ്സില്ലാമനസ്സോടെ വാഴച്ചാലിനോട്‌ വിടപറയുമ്പോള്‍ സമരം രണ്ടരയോടടുത്തിട്ടുണ്ടായിരുന്നു. പോകും വഴി പെരിങ്ങല്‍കുത്ത്‌ ഡാമും ഷോളയാറും ഉണ്ട്‌ പക്ഷെ അവിടെ ചുറ്റിത്തിരിഞ്ഞാല്‍ ഒരു പക്ഷെ മഴയത്ത്‌ കാട്ടിലാകും രാത്രിയുറക്കം

അതിരപ്പിള്ളി യാത്രയില്‍ കയറാന്‍ കഴിയാതെ പോയ ഒരിടം ആനമല കൂട്ടുകൃഷി സഹകരണസംഘത്തിന്റെ വെട്ടിക്കുഴി ഫാമാണ്‌. അവിടെയാണ്‌ ഏറെക്കാലം സഹയാത്രികനായിരുന്ന റോബന്റെ സ്വപ്‌നങ്ങള്‍ കാടായി വളര്‍ന്ന്‌ പന്തലിച്ച മണ്ണ്‌. 'നല്ലഭൂമി'. ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജിലെ വിപ്ലവവിദ്യര്‍ത്ഥി പ്രവര്‍ത്തനവും, പിന്നീട്‌ പശ്ചിമഘട്ടരക്ഷായാത്രയും, പ്രകൃതിജീവനവും, കാവുണ്ണിയുടെ ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങളും ഫുക്കുവോക്കയുടെ ഒറ്റവൈക്കോല്‍ വിപ്ലവവും പോലുള്ള പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ച ജീവരേഖ മറ്റത്തൂര്‍ എന്ന പ്രസാധനസംരംഭവും എഞ്ചിനീയറിങ്ങ്‌ കോളേജ്‌ ജോലിയും, നോവ്‌ ഗ്രാമപത്രം, മറ്റത്തൂര്‍ ഗ്രാമശബ്ദം പോലുള്ള പ്രാദേശിക ബദല്‍മാധ്യമ ഇടപെടലുകളും കഴിഞ്ഞാണ്‌ നല്ലഭൂമിയുണ്ടാക്കാന്‍ റോബിന്‍ സുഹൃത്തുക്കളോടൊപ്പം ഇറങ്ങിത്തിരിക്കുന്നത്‌... ഒപ്പം വലിയ കൃഷിയിടത്തിലെ അഞ്ചേക്കറോളം സ്ഥലം കാടുവളര്‍ത്താന്‍ വിട്ടുകൊടുത്ത സി.പി.ഐ യുടെ നേതൃത്തത്തിലുള്ള  ആനമല കൂട്ടുകൃഷി സഹകരണസംഘത്തിന്റെയും അതിന്റെ മുന്‍നിരപ്രവര്‍ത്തകനായ കെ.കെ. ഷെല്ലിയേയും പോലുള്ളവരുടെ പിന്തുണയും. വലിയൊരു ജൈവകലവറയായി മാറിയ ഈ വിശുദ്ധവനം കാണാതെ പോയതിന്റെ വിഷമം വാഴച്ചാല്‍ വിടുമ്പോഴും മനസ്സിലുണ്ടായിരുന്നു.
(തുടരും.....)
ഒന്നാം ഭാഗം - പഴയ വഴികള്‍ പുതിയ കാഴ്‌ച്ചകള്‍
മുന്നാം ഭാഗം - കാലം നിശ്ചലമായിപ്പോയ ചിലയിടങ്ങള്‍
നാലാം ഭാഗം - വാല്‍പ്പാറയും കടന്ന്‌ ചുരമിറങ്ങി
അഞ്ചാം ഭാഗം - തസ്രാക്കിലേക്ക്‌

14 comments:

  1. പുതുമയോടെ അവതരണം മികച്ചതായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  2. ഇന്നിതാ വീണ്ടും ആതിരപ്പള്ളി ജല വൈദ്യുത പദ്ധതിക്കായി കേരള സര്‍ക്കാര്‍ ശ്രമം തുടങ്ങിയ വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നു.

    ReplyDelete
  3. സന്തോഷം മനോജ്‌...

    നന്ദി ഫിയൊനിക്‌സ്‌, താമസിക്കാതെ കാണാം.....

    ഈ പുഴയും പുഴയോരക്കാടും അവിടത്തെ ജീവിതങ്ങളും എന്നും നിലനില്‍ക്കട്ടെ അനില്‍ഫില്‍.....

    ReplyDelete
  4. നന്നായിട്ടുണ്ട് പ്രമോദ് എഴുതിയിരിക്കുന്നത്.... കണ്ടിട്ടും തമ്മില്‍ വിശേഷങ്ങള്‍ പങ്കുവെച്ചിട്ടും കുറെ നാളായല്ലോ... അതിരപ്പിള്ളി വാഴച്ചാല്‍ പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ മുഴുവനായും പിന്‍വാങ്ങിയിട്ടില്ല... രാഷ്ട്രീയ പരിസ്ഥിതികള്‍ ഒത്തു വരാത്തതുകൊണ്ട് ഇപ്പോള്‍ ഒന്നും നടക്കുന്നില്ല എന്ന് മാത്രം. എന്നു വേണമെങ്കിലും വീണ്ടും ഇതു വീണ്ടും കുത്തിപ്പോക്കാന്‍ തക്കം നോക്കി ഇരിക്കുകയാണ് ഇവര്‍...ഇതിനെതിരെ സദാ ജാഗരൂകരായി ഇരിക്കണം നമ്മളെല്ലാരും....

    ReplyDelete
  5. വാക്കുകളിലെല്ലാത്തിലും പച്ചപ്പും നീരൊഴുക്കും. നല്ല വായനാനുഭവം. ശേഷമുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  6. വന്നതില്‍ സന്തോഷം 'ശ്രീ '

    അടുത്ത വരവിന്‌ നേരില്‍ കാണാം മുരാരിച്ചേട്ടാ.... എല്ലാവര്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍.....

    പ്രിയ എതിരേല്‍പ്പ്‌... വന്നതിലും കണ്ടതിലും സന്തോഷം.... വീണ്ടും കാണാം...

    ReplyDelete
  7. ഓര്‍മകളെ പതിറ്റാണ്ടുകള്‍ പുറകിലേക്ക് നയിച്ചതില്‍, സന്തോഷം, പ്രമോദ്... എന്പതുകളുടെ അവസാനം. ചാലക്കുടിയില്‍ നിന്ന് അതിരപ്പിള്ളിയിലേക്ക് പദയാത്ര ഉദ്ഖാടനം ചെയ്യുന്നു, രാഘവന്‍ തിരുമുല്‍പ്പാട്‌. ഇന്നലെ എന്ന പോലെ... പിന്നീടെത്രയോ, സമര മുഖങ്ങള്‍. ഹൈ കോടതിയും, പൊതു തെളിവെടുപ്പും, ജയറാം രമേഷും, ഗാട്ഗില്‍ റിപ്പോര്‍ട്ടും ഇവയെല്ലാം മറി കടന്നും അണക്കെട്ടിനായി, പണക്കെട്ടിനായി കോപ്പ് കൂട്ടുന്നു, നമ്മുടെ മന്ത്രി പുംഗവന്മാര്‍ !
    ചന്ദ്രശേഖരന്‍
    കാതികുടം

    ReplyDelete
  8. കഴിഞ്ഞ ജൂണിലായിരുന്നു പ്രകാശേട്ടാ...

    ജാഗ്രതയോടെ നിലകൊള്ളുന്ന അവസാനം വരെ ചെറുത്തുനില്‍ക്കാന്‍ തയ്യാറെടുത്ത ഒരു ചെറുന്യൂനപക്ഷമുണ്ടല്ലോ കാതിക്കുടത്തായാലും അതിരപ്പിള്ളിയിലായാലും പാലിയേക്കരയിലായാലും അതുതന്നെയാണ്‌, അതുമാത്രമാണ്‌ പ്രതീഷ ചന്ദ്രശേഖരേട്ടാ....

    ReplyDelete
  9. സമഗ്രമായ ഒരു യാത്രാ സഹായി. ആതിരപ്പിള്ളി പദ്ധതി വീണ്ടും ഉയർന്നുവരുമ്പോൾ ഈ കുറിപ്പ് നമ്മെ ജാഗ്രത്താക്കുന്നു. നന്ദി രാമു

    ReplyDelete
  10. പ്രിയ രാമു,കഴിഞ്ഞ മാസം അതിരപ്പിള്ളി- വാഴച്ചാൽ യാത്രകൾ നടത്തിയിരുന്നു..വേനലിന്റെ കാഠിന്യം മൂലമാകണം കാടിന്റെ പച്ചപ്പ് ഒട്ടും തന്നെ ആസ്വദിയ്ക്കുവാൻ പറ്റിയില്ല... എങ്കിലും എന്റെ പ്രിയപ്പെട്ട സ്ഥലം തന്നെയാണ് അതിരപ്പിള്ളിയും പരിസരങ്ങളും... മനോഹരമായ ഈ വിവരണത്തിലൂടെ ആ ഓർമ്മകളെ ഒരിയ്ക്കൽകൂടി മനസ്സിലേയ്ക്ക് പകർത്തുവാനുള്ള അവസരമൊരുക്കിയതിന് ഏറെ നന്ദി... വരും തലമുറകൾക്കായി ആ കാടും, ജീവജാലങ്ങളും നിലനിൽക്കുമെന്ന് നമുക്ക് പ്രത്യാശിയ്ക്കാം...
    സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  11. ഷിബു തോവാളയ്‌ക്കും Turning in നും നന്ദി ഇനിയും കാണുമല്ലോ....
    സസ്‌നേഹം
    രാമു

    ReplyDelete