Friday, July 13, 2012

കാലം നിശ്ചലമായിപ്പോയ ചിലയിടങ്ങള്‍

(പഴയവഴികള്‍ പുതിയകാഴ്‌ച്ചകള്‍......... തുടര്‍ച്ച) 
ബ്രിട്ടീഷ്‌ ഭരണകാലത്താണ്‌ മലക്കപ്പാറ ടാറ്റാ ടീ പ്ലാന്റേഷനില്‍ നിന്നുമുള്ള തേയില കൊച്ചിയിലെത്തിക്കുന്നതിനുവേണ്ടി മലക്കപ്പാറ നിന്ന്‌ ചാലക്കുടിയിലേക്ക്‌ 88 കിലോമീറ്റര്‍ നീളത്തില്‍ വനത്തിനുള്ളിലൂടെ റോഡുണ്ടാക്കുന്നത്‌.. 1957ല്‍ വിമുക്ത ഭടന്‍മാര്‍ക്കായി സര്‍ക്കാര്‍ 4.5 എക്കര്‍ വെച്ച്‌ കാടു പതിച്ചു നല്‍കിയതോടെ അതിരപ്പിള്ളി വരെയുള്ള പ്രദേശത്ത്‌ ജനവാസം തുടങ്ങി. ചിക്ലായി മുതല്‍ കണ്ണങ്കുഴിത്തോടുവരെയുള്ള 500 എക്കറില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടം വന്നതോടെ അവിടത്തെ വനവും വെളുപ്പിക്കപ്പെട്ടു. വാഴച്ചാല്‍ - പെരിങ്ങല്‍ക്കുത്ത്‌ - ലോവര്‍ ഷോളയാര്‍ - മലക്കപ്പാറ പിന്നീട്‌ വാല്‍പ്പാറയും അളിയാറും. കാടും ജലസംഭരണികളും തേയിലത്തോട്ടങ്ങളും ഇടകലര്‍ന്ന്‌ പച്ചപ്പും ജലനീലിമയും കൂടിക്കുഴഞ്ഞ്‌ സ്വപ്‌നസമാനമായൊരു യാത്രാപഥമൊരുക്കുന്നു ഈ മാര്‍ഗ്ഗം. സമയത്തിന്റെ അതിരുകള്‍ക്കുള്ളിലൊതുക്കിയുള്ള ഒരു യാത്ര ഈ വഴിയോരങ്ങളുടെ അനന്തമായ കാഴ്‌്‌ച്ചാകൗതുകങ്ങളെ ഒരിക്കലും വേണ്ടും വിധം വെളിപ്പെടുത്തുകയില്ല. മുന്‍കൂട്ടി എകദേശം കൃത്യമായി തന്നെ ക്രമീകരിക്കപ്പെട്ട ചുരുങ്ങിയ ഈ ഒഴിവുകാലത്തിന്റെ ശേഷിക്കുന്ന ദിനങ്ങളില്‍ ഇനിയൊരു അഴിച്ചുപണിയും സാധ്യമാകില്ലെന്നറിഞ്ഞുകൊണ്ടുതന്നെ സമയരാശിയില്‍ നിന്നുള്ള ഒരു കുതറിമാറലിന്‌ വല്ലാതെ ത്രസിക്കുന്നുണ്ടായിരുന്നു മനസ്സ്‌.
ശാരി ചെറിയൊരു മയക്കത്തിലേക്ക്‌ വഴുതിവീണിരിക്കുന്നു. കാറിന്റെ സി.ഡി. പ്ലെയറില്‍ വിരലുകളമര്‍ത്തി പുതിയ ചില പാട്ടുകള്‍ പരതുകയാണ്‌ സൂര്യ. ചില നാട്ടുവിശേഷങ്ങളും പഴയ ചിലനാട്ടോര്‍മ്മകളും പങ്കുവെയ്‌ക്കുന്നുണ്ട്‌ വിബിന്‍.. വഴിയില്‍ പെരിങ്ങല്‍ കുത്ത്‌ ഡാമിലേക്കുള്ള ദിശാസൂചി. 1957ല്‍ കമ്മീഷന്‍ ചെയ്‌ത ഈ ഡാം ചാലക്കുടിപ്പുഴയിലെ ആദ്യ ജല വൈദ്യുത പദ്ധതി കൂടിയാണ്‌.. ഇപ്പോള്‍ സഞ്ചാരികള്‍ക്കായി ഡാമില്‍ ബോട്ടിങ്ങ്‌ തുടങ്ങിയിട്ടുണ്ടെന്ന്‌ കേട്ടിരുന്നു. മഴ ഇടവേളകളോടെ പലവിധ രൂപഭാവങ്ങളില്‍ വന്നുംപോയുമിരുന്നു. വഴി ദുര്‍ഘടമായിത്തുടങ്ങി. പാതയെ മുറിച്ചുകൊണ്ട്‌ പലയിടത്തും നിലംപതികളിലൂടെയും കലുങ്കുകളിലൂടെയും കാട്ടരുവികള്‍ കടന്നുപോകുന്നുണ്ട്‌.. ചിലയിടങ്ങളില്‍ കാടിന്റെ ശോഷണം വിളിച്ചറിയിച്ചുകൊണ്ട്‌ കലങ്ങിമറിഞ്ഞ്‌, മറ്റുചിലയിടത്ത്‌ കണ്ണീര്‍ പോലെ തെളിഞ്ഞ്‌..
വഴിയില്‍ ലോവര്‍ ഷോളയാര്‍ ഡാമില്‍ നിന്നും വൈദ്യുതോല്‍പ്പാദനത്തിനായി വെള്ളം കൊണ്ടുപോകുന്ന വലിയ പൈപ്പുകള്‍ കണ്ടു. 1965ല്‍ ആണ്‌ ലോവര്‍ ഷോളയാര്‍ ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നത്‌. കുറച്ചു നേരം ചിലവഴിച്ചിട്ടാകാം തുടര്‍യാത്ര എന്ന്‌ മോഹിപ്പിക്കുന്നത്ര മനോഹരമാണ്‌ ഓരോ ഇടങ്ങളും. പാതയോരത്തൊരിടത്ത്‌ വണ്ടി നിറുത്തി. ഇരുവശത്തും മേലാപ്പുവിരിച്ച്‌ ഇല്ലിക്കാടുകള്‍. വലതുവശത്ത്‌ ലോവര്‍ ഷോളയാര്‍ഡാമിന്റെ ജലസംഭരണി. മഴ മാറിയെങ്കിലും മരം പെയ്യുന്നുണ്ട്‌..  മുളങ്കുട്ടത്തിനിടയിലൂടെ വെള്ളത്തിലിറങ്ങി. നല്ലൊരു മഴ പെയ്‌തൊഴിഞ്ഞതിനാലാകണം കാടിന്റെ ശബ്ദങ്ങളൊന്നും വെളിപ്പെടാത്തത്‌. വഴിയോരങ്ങളുടെ പ്രലോഭനങ്ങളെ അതിജീവിച്ചുകൊണ്ട്‌ വീണ്ടും യാത്ര തുടര്‍ന്നു. മലക്കപ്പാറയിലെത്തുമ്പോള്‍ സമയം അഞ്ചര.
കാലം നിശ്ചലമായി നില്‍ക്കുന്ന ചില സ്ഥലങ്ങളുണ്ട്‌ അത്തരമൊരു ഇടമാണ്‌ മലക്കപ്പാറയും. ആധൂനികതയുടെ അടയാളങ്ങള്‍ അത്രയൊന്നും പ്രകടമല്ല ഈ പ്ലാന്റേഷന്‍ ഗ്രാമത്തില്‍. മലയാളികളും തമിഴ്‌നാട്ടുകാരുമായ തോട്ടം തൊഴിലാളികള്‍, അവരെ ചുറ്റിപറ്റിവളര്‍ന്നുവന്ന ഒരു ചെറു അങ്ങാടി. സ്ഥലകാലബോധമില്ലാതെ ഇങ്ങോട്ടിറങ്ങിവരുന്ന ആനക്കൂട്ടങ്ങള്‍. ആക്രമണകാരികളായ പുലികള്‍.  കേരളവും തമിഴ്‌നാടും അതിര്‍ത്തിപങ്കിടുന്ന ഈ അങ്ങാടിയില്‍ നിന്ന്‌ മുന്നോട്ട്‌ പോയി തമിഴ്‌നാട്‌ അതിര്‍ത്തിയും കടന്ന്‌ ഷോളയാര്‍ ഡാമിലേക്കുള്ള വഴിയരികില്‍ നിന്ന്‌ താഴോട്ടിറങ്ങിയായിരുന്നു താമസസ്ഥലം. ഒരു കോട്ടേജാക്കി മാറ്റിയ സൗകര്യങ്ങളൊക്കെയുള്ള ഒരു വീട്‌. ഒരേ സമയം രണ്ട്‌ കുടുംബങ്ങള്‍ക്ക്‌ മാത്രം താമസിക്കാവുന്ന ഒരിടം. എര്‍പ്പാടുചെയ്‌തത്‌ പത്മനാഭേട്ടനായിരുന്നു. അതിരപ്പിള്ളി പഞ്ചായത്ത്‌ സെക്രട്ടറിയായി ജോലി നോക്കിയ കാലത്തെ പരിചയങ്ങള്‍ വെച്ച്‌..  ഒരു അമേച്വര്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ പത്മനാഭേട്ടന്‍ ഏറെ യാത്ര ചെയ്‌ത വഴികളാണ്‌ ഇത്‌..  ബഹളങ്ങളൊന്നുമില്ലാത്ത സ്ഥലം, താഴെ കാപ്പിത്തോട്ടം അതിന്റെ അതിരിലൂടെ ഒഴുകുന്ന ഒരു ചോല അതിനുമപ്പുറം മറ്റൊരു തോട്ടം. ചോലക്കരികിലൂടെ കുറച്ച്‌ മുകളിലേക്ക്‌ കയറിയാല്‍ ചെറിയൊരു കുത്തുണ്ട്‌, അവിടെ വെള്ളം പതിക്കുന്നതിന്റെ ശബ്ദം റൂമിലേക്ക്‌ കേള്‍ക്കാം. നല്ല തണുപ്പുണ്ടായിരുന്നു അന്തരീക്ഷത്തിന്‌. എങ്കിലും ഡാം കാണാനിറങ്ങി. അവിടെ നിന്നാണ്‌ മലക്കപ്പാറയുടെ മോഹിപ്പിക്കുന്ന രാക്കാഴ്‌ച്ചകള്‍ കണ്ടത്‌.. ഷോളയാര്‍ ഡാമില്‍ നിന്ന്‌ മടങ്ങിയെത്തിയ പാടെ കുളിയും ഭക്ഷണവും കഴിഞ്ഞ്‌ ഉറക്കത്തിലേക്ക്‌ കടന്നു. മഴ ഭാവഭേദങ്ങളോടെ തുടരുന്നുണ്ടായിരുന്നു. രാവിലെ ഉണരുമ്പോള്‍ കേട്ടത്‌ കിളികളുടെ ശബ്ദമാണ്‌..  വിബിനുമൊന്നിച്ച്‌ കുളിക്കാനായി താഴെ കുത്തിലേക്ക്‌ പോയി. പശിമയുള്ള മണ്ണില്‍ അട്ടകളുടെ സാന്നിധ്യം. മുന്‍പേ നടന്നു പോയ വിബിനിലൂടെ മനുഷ്യസാമിപ്യം അറിഞ്ഞിട്ടാകണം അടുത്ത പഥികനെകാത്ത്‌ ജാഗ്രതയോടെ എഴുന്നു നില്‍ക്കുന്നുണ്ട്‌ അവ. 
വലിയ ഹോണ്‍ശബ്ദം കേട്ടു മുകളിലേക്ക്‌ കയറി റോഡിലേക്കിറങ്ങി. ടൗണിനടുത്തായി ആനയിറങ്ങിട്ടുണ്ടത്രെ. വലിയ ശബ്ദമുണ്ടാക്കുന്ന ഹോണ്‍ ഘടിപ്പിച്ച വാഹനമുപയോഗിച്ച്‌ തമിഴ്‌നാടിന്റെ ഫോറസ്‌റ്റുദ്യോഗസ്ഥര്‍ ആനക്കൂട്ടത്തെ കേരള ആതിര്‍ത്തിയിലെ കാടുകളിലേക്ക്‌ അകറ്റിവിടുകയാണ്‌..  കുറച്ചകലെയുള്ള തൊഴിലാളികളുടെ ഒരു പാഡിയും ചെറിയൊരു കപ്പേളയുടെ മുന്‍ഭാഗവും തലേന്നാള്‍ രാത്രി ആന തകര്‍ത്ത വിവരവും പറഞറിഞു. അഞ്ച്‌ സ്ഥിരം അധ്യാപകരും എണ്‍പത്‌ വിദ്യാര്‍ത്ഥികളും പഠിക്കുന്ന മലക്കപ്പാറ ഗവ. യു.പി. സ്‌ക്കൂളിന്റെ കലവറ ആനക്കൂട്ടത്തിന്റെ സ്ഥിരം ആക്രമണ വേദിയാണ്‌. വേനലിലാണ്‌ ആനക്കൂട്ടത്തിന്റെ വരവേറുക. പുലിയുടെ ആക്രമണമാണ്‌ ഈ മേഖലയിലെ പ്രധാന പ്രശ്‌നം. മലക്കപ്പാറ-വാല്‍പ്പാറ മേഖലയില്‍ 9 ചെറിയ കുട്ടികള്‍ ഉള്‍പ്പടെ രണ്ടു വര്‍ഷത്തിനിടയില്‍ 12 പേരാണ്‌ പുലിയുടെ ആക്രമണത്തില്‍ മരിച്ചത്‌. മലക്കപ്പാറയില്‍ കേരളവനംവകുപ്പും വാല്‍പ്പാറയില്‍ തമിഴ്‌നാടും നാലോളം പുലികളെ കൂടുപയോഗിച്ച്‌ പിടിച്ച്‌ ഉള്‍വനങ്ങളിലേക്ക്‌ കയറ്റി വിട്ടിരുന്നു. 
പ്രഭാതഭക്ഷണവും സമീപത്തെ ചില ചുറ്റിയടികളും കഴിഞ്ഞ്‌ സഹായിയോട്‌ യാത്രപറഞ്ഞ്‌ കോട്ടേജ്‌ വിട്ടിറങ്ങി. അകലെയല്ലാതെ ഷോളയാര്‍ ഡാമിന്റെ ദൂരക്കാഴ്‌ച്ച. ഒരു വശത്ത്‌ കേരളത്തിന്റെ ആനമല മറുവശത്ത്‌ തമിഴ്‌നാടിന്റെ കൊരങ്ങ്‌മുടി ഇതിനെ രണ്ടിനേയും ബന്ധിപ്പിച്ചാണ്‌ ഡാമിന്റെ നിര്‍മ്മിതി. എഷ്യയിലെ തന്നെ രണ്ടാമത്തെ Deepest Dam എന്ന ബഹുമതി കൂടിയുണ്ട്‌ അപ്പര്‍ഷോളയാറിന്‌..  പറമ്പിക്കുളം - അളിയാര്‍ പദ്ധതി കരാര്‍ അനുസരിച്ച്‌ തമിഴ്‌നാട്‌ ഈ ഡാമില്‍ നിന്ന്‌ എല്ലാവര്‍ഷവും ഫെബ്രുവരി 1നും സെപ്‌റ്റംബര്‍ 1 നും കേരളത്തിലെ ലോവര്‍ഷോളയാര്‍ ഡാമിന്റെ പരമാവധിസംഭരണശേഷിയില്‍ നിറയ്‌ക്കാനായി വെള്ളം വിട്ട്‌ നല്‍കണം. ഈ ജലമാണ്‌ ലോവര്‍ഷോളയാര്‍, പെരിങ്ങല്‍കുത്ത്‌ ജലവൈദ്യുതപദ്ധതികളെയും തുമ്പൂര്‍ മുഴിയും കൂടപ്പുഴ തടയണയും പോലുള്ള ജലസേചനപദ്ധതികളെയും നിലനിര്‍ത്തുന്നത്‌.. ഡാമിന്റെ സംഭരണി ചുറ്റിയാണ്‌ ഉരുളിക്കല്‍ എസ്‌റ്റേറ്റ്‌ - റൊട്ടിക്കവല വഴി വാല്‍പ്പാറയിലേക്കുള്ള പാത. വെള്ളമിറങ്ങിക്കിടക്കുന്ന റിസര്‍വോയറിനകത്ത്‌ പച്ചപ്പിന്റെ തുരുത്തുകള്‍. ഇടതുവശത്ത്‌ തേയിലത്തോട്ടങ്ങള്‍.. ചെറിയ കോടയുള്ളതുകൊണ്ടാവണം സമയം 9.30 യോടടുത്തിട്ടും പുലര്‍ക്കാലത്തിന്റെ പ്രതീതി. തേയിലത്തോട്ടങ്ങളുടെ നിംനോന്നതങ്ങളിലൂടെയുള്ള യാത്രയുടെ മനോഹാരിതയില്‍ നിശ്ശബ്ദരായി ഇരിക്കുകയാണ്‌ എല്ലാവരും. ചുറ്റും പച്ചപ്പിന്റെ ഒരു ലോകം.

7 comments:

 1. മനോഹരമായൊരു യാത്രാവിവരണം... വന്യജീവി ഫോട്ടോഗ്രഫിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്ന് കേട്ടതുമുതൽ, ഇവിടെ എത്തണമെന്നുണ്ടായ ആഗ്രഹം, ഇപ്പോഴും മനസ്സിൽ സൂക്ഷിയ്ക്കുകയാണ്.. ഈ വായന കഴിയുമ്പോൾ ആ ആഗ്രഹം വല്ലാതെ വർദ്ധിയ്ക്കുന്നു..അവിടെ താമസസൗകര്യങ്ങൾ ലഭ്യമായിരിയ്ക്കുമല്ലോ...യാത്രയുടെ തുടർ വായനയ്ക്കായി കാത്തിരിയ്ക്കുന്നു...

  ReplyDelete
 2. ഞാനും നോക്കിയിരിക്കുന്നു തുടര്‍വായനയ്ക്കായിട്ട്..

  ReplyDelete
 3. ഷിബുവിനും അജിത്തിനും നന്ദി... വാല്‍പ്പാറയില്‍ താമസസൗകര്യങ്ങള്‍ ലഭ്യമാണ്‌.. യാത്ര തുടരാം...

  ReplyDelete
 4. പ്രിയപ്പെട്ട പ്രമോദ്, എത്ര തവണ പോയാലും മതിവരാത്ത വഴിയാണ്, ചാലക്കുടിയില്‍ നിന്നും മലക്കപ്പാരയിലെക്കുള്ള പാത. രാവിലെ നാലുമണിക്കോ മറ്റോ ചാലക്കുടിയില്‍ നിന്നും യാത്ര തിരിച്ചാല്‍ ഓരോ തവണയും പുതിയ കാഴ്ചകളും അനുഭവങ്ങളും തരുന്നു, ഈ യാത്രകള്‍ ചിലപ്പോഴൊക്കെ ആനകളെയും വേഴാംബലുകളെയും കാണാനും സാധിച്ചിട്ടുണ്ട്. എഴുതിയത് വായിച്ചപ്പോള്‍ അതൊക്കെ ഓര്‍മ്മ വന്നു..
  മുരാരി

  ReplyDelete
 5. അവിടെ പോകാനുള്ള കൊതി കൂടി വരുന്നു. പഠിക്കുന്ന കാലത്ത് പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാം ഒക്കെ പോയിട്ടുണ്ടെങ്കിലും ഇന്നതിന്റെ ഒരോർമ്മ പോലുമില്ല. എന്നെങ്കിലും പോകണം.....
  ആശംസകൾ....

  ReplyDelete
 6. ശ്രീയ്‌ക്കും, മുരാരിചേട്ടനും വീ കെ ചേട്ടനും നന്ദി. സമയമെടുത്തു തന്നെ യാത്രചെയ്യണം ഇൗ വഴികളിലൂടെ... ഈ വനവീഥികളുടെ ഓര്‍മ്മകള്‍ വിട്ടുപോകുന്നില്ല ഇപ്പോഴും...

  ReplyDelete