Friday, August 21, 2009


കാട്ടകമ്പാല്‍ ഗുഹ

നരിക്കുട്ടി

വിനാശകാലേ വിപരീതബുദ്ധി എന്നാണല്ലോ. കഷ്ടകാലത്തിനാണ്‌ അതൊക്കെ തോന്നിയത്‌. ചെറിയൊരു പ്രണയവുമുണ്ടായിരുന്നു. കാലം 1995 -1998. കേരളവര്‍മ്മ കേളേജ്‌. ഡിഗ്രി. ആര്‍ക്കും തോന്നാം പക്ഷെ അതുകൊണ്ട്‌ നിന്നില്ല. ഒരു മിശ്രവിവാഹം വരെ കാര്യങ്ങള്‍ എത്തിക്കാം എന്ന്‌ കണക്ക്‌ കൂട്ടി. അതിനായി ഒരു ജോലി തേടി. അവസാനം സ്വന്തബന്ധുക്കളോടൊത്ത്‌ ബിസിനസ്സ്‌ തുടങ്ങി. എട്ടുനിലയില്‍ പൊട്ടി. പ്രണയം അതിനിടയില്‍ തന്നെ തകര്‍ന്നിരുന്നു. പെണ്‍കുട്ടി ബുദ്ധിമതിയാണെന്നും പ്രണയം സീരിയസ്സായി എടുക്കരുതെന്നും കൂട്ടുകാര്‍ മുന്നേ പറഞ്ഞിരുന്നുവെങ്കിലും ആദര്‍ശ പ്രണയത്തിന്റെ മായികലോകത്തായിരുന്നു ഞാന്‍.

ബന്ധുക്കളുമായുള്ള പങ്കുകച്ചവടം അവസാനിച്ചപ്പോള്‍ എനിക്ക്‌ കിട്ടിയത്‌ കുറച്ച്‌ കോടതി വ്യവഹാരങ്ങളും വണ്ടിചെക്കുകളുമാണ്‌. പിന്നെ പഴയൊരു ചുവപ്പ്‌ ബജാജ്‌ സണ്ണിയും. അതിന്‌ മുന്‍പില്‍ 786 എന്ന ഒരു സ്‌റ്റിക്കറുമുണ്ടായിരുന്നു. ജീവിതത്തിന്റെ എറ്റവും ദുരിതപൂര്‍ണ്ണമായ നാലുവര്‍ഷക്കാലം ആ വണ്ടി എന്നോടൊപ്പം ഉണ്ടായിരുന്നു. ചിരിപ്പിച്ചും കരയിപ്പിച്ചും.

വണ്ടിക്ക്‌ നരിക്കുട്ടി എന്ന പേരിട്ടത്‌ അംഭിയേട്ടനാണ്‌. പലര്‍ക്കും കൊടുക്കാനുണ്ടായിരുന്ന കൂട്ടത്തില്‍ അംഭിയേട്ടനും മോശമല്ലാത്തൊരു തുക ഞാന്‍ കൊടുക്കാനുണ്ടായിരുന്നു. അതിന്റെ പ്രതികാരമായിരുന്നോ അതോ നിര്‍ദ്ദോഷമായ തമാശയായിരുന്നോ എന്നറിയില്ല വണ്ടിയുടെ പേരില്‍ അംഭിയേട്ടന്‍ എന്നെ കൊന്നു കൊലവിളിച്ചു. അകതിയൂരെ കല്യണവീടുകളിലും ക്ലബ്‌ പൂരാഘോഷ കമ്മറ്റി മീറ്റിങ്ങുകളിവും എന്നു വേണ്ട നാലാള്‍ കൂടുന്ന എവിടെ വെച്ച്‌ ഞങ്ങള്‍ കണ്ടുമുട്ടിയോ അവിടെയെല്ലാം അദ്ദേഹം കാഥികനായി. രാമുവധം അരങ്ങേറി......

ആ കഥകളില്‍ ചിലത്‌.

രാവിലെ എട്ടുമണി. എഴുനേല്‍ക്കണോ. ആരോ പടി കയറി വരുന്നുണ്ട്‌ കോണിയുടെ പഴയ പലകകള്‍ കരയുന്നു. അമ്മയാണ്‌. ''രാമു നിന്നെ കാണാന്‍ രാഘവേട്ടന്റെ വീട്ടിലെ തങ്കേടിത്തി വന്നിട്ടുണ്ട്‌''. എന്തായിരിക്കും പ്രശ്‌നം. താഴെ വന്ന എന്നോട്‌ തങ്കേടിത്തി ''മോനെ ഒരു സഹായം ചെയ്യണം മാളുകുട്ടിക്ക്‌ (പശുവിന്‌) ഇനി രണ്ടു മാസം കൂടിയേയുള്ളു പ്രസവത്തിന്‌. അതുവരെ മോനിനി ഈ വണ്ടിയും കൊണ്ട്‌ ഞങ്ങളുടെ മുറ്റത്തുകൂടി പോകരുത്‌''.

രാവിലെ പാടത്തേക്ക്‌ വെള്ളം നോക്കാന്‍ പോകുകയാണ്‌ അച്ഛന്‍ എതിരെ വരുന്നു ചിറമനേങ്ങാട്ടെ നാരായണപണിക്കര്‍.
''എങ്ങോട്ടാ ഗുരുനാഥന്‍ രാവിലെ തന്നെ?''
''തന്റെ മകനെ ഒന്നു കാണണം.''
''അയാളെത്തിയിട്ടില്ല. വയനാട്ടിലാ ഏതോ ഒരു ക്യാമ്പിനോ മറ്റോ പോയിരിക്ക്യാ വൈകീട്ടെത്തണം, എന്താ വിശേഷം.''
ഒന്ന്‌ നിന്ന്‌ പരുങ്ങിയ ശേഷം പണിക്കര്‌ കാര്യം പറഞ്ഞു.
''കുറച്ച്‌ ദിവസം അയാള്‌ വണ്ടിയും കൊണ്ട്‌ പന്നിത്തടം വഴി പോയിരുന്നു. ആ ദിവസങ്ങളില്‍ പേടി പറ്റിയ കുട്ടികളെയും കൊണ്ട്‌ അമ്മമാര്‍ ഊതിക്കാന്‍ വന്നിരുന്നു. ഇപ്പോവരാറില്ല. കുന്നംകുളം പോകാന്‍ വണ്ടി പന്നിത്തടം വെച്ചും പോകാല്ലോ. ഇടയ്‌ക്ക്‌ ഈ വഴിക്കും പോകാന്‍ പറയണം അയാളോട്‌. എന്നാല്‍ വല്യേ സഹായം പെട്രോളടിക്കാന്‍ അഞ്ചോ പത്തോ തരാം എന്നും പറഞ്ഞോളൂ''

അമ്മയും വല്യമ്മയും അമ്മായിയും ചേര്‍ന്ന്‌ നാട്ടുകഥകളും പറഞ്ഞ്‌ താഴത്തെ കോലായിരുന്ന്‌ പച്ചക്കറി അരിയുകയാണ്‌. അച്ഛന്‍ കുളിക്ക്‌ മുന്നോടിയായി തൈലം പുരട്ടുന്നു. പെട്ടെന്ന്‌ അമ്മ എഴുനേറ്റ്‌ അടുക്കളയിലേക്ക്‌ പോയി. ''മഴ വരുന്നുണ്ടെന്ന്‌ തോന്നുന്നു'' എളേമ്മ പറഞ്ഞു. ''മഴ വരുന്നതല്ല. രാമു പാറേപാടത്ത്‌ ബസ്സിറങ്ങി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്‌തതാണ്‌ വരുമോ എന്ന്‌ ഉറപ്പില്ലാത്തതുകൊണ്ട്‌ അവനരിയിട്ടിട്ടുണ്ടാകില്ല അതിനാകും പോയത്‌'' അച്ഛന്‍ പറഞ്ഞു. പാറേംപാടത്തുനിന്നും വീട്ടിലേക്കുള്ള ദൂരം 2.5 കിലോമീറ്റര്‍.

രാത്രി 11.30 ആയിട്ടുണ്ടാകും വരും വഴി അകതിയൂര്‍ സെന്ററില്‍ പതിവില്ലാത്ത്‌ ഒരാള്‍ക്കൂട്ടം. എന്താ ബാലകൃഷ്‌ണേട്ടാ പ്രശ്‌നം. ആരും ഒന്നും പറയുന്നില്ല. ഒടുവില്‍ കേശവേട്ടന്‍ പറഞ്ഞു ''രാമുവിനെ കാണാന്‍ തന്ന്യാ നിന്നത്‌. എതിര്‍ത്തൊന്നും പറയരുത്‌ ഞങ്ങളൊരു ഫണ്ടുണ്ടാക്കിയിട്ടുണ്ട അത്‌ കേശവദാസിന്റെ കൈയ്യിലുണ്ട്‌ ഇനി തൊട്ട്‌ രാത്രി 10.30 കഴിഞ്ഞാണ്‌ വരവെങ്കില്‍ കുന്നംകുളത്ത്‌ നിന്ന്‌ ഓട്ടോ റിക്ഷ വിളിച്ച്‌ വന്നോളൂ. പൈസ പിറ്റേന്ന്‌ കേശവന്‍ തരും.'' ''ഒന്നുമുണ്ടായിട്ടല്ല മോനെ ഞങ്ങള്‍ക്കുറങ്ങണം അതുകൊണ്ടാ സഹകരിക്കണം'' കുമാരേട്ടന്‍ കൂട്ടിചേര്‍ത്തു. ''സഹകരിച്ചേ പറ്റൂ'' ഒരു താക്കീതെന്നോണം പ്രഭാകരേട്ടന്‍ തോളില്‍ തട്ടി പറഞ്ഞു....

പതിവില്‍ കൂടുതല്‍ ശബ്ദമുണ്ടായിരുന്നു. സാധാരണയില്‍ കവിഞ്ഞ പെട്രോള്‍ കുടിയനായിരുന്നു. ചിലപ്പോഴോക്കെ പെരുവഴിയിലാക്കിയിരുന്നു. ഇതൊക്കെ പരിഗണിക്കുമ്പോള്‍ തന്നെ ആവശ്യത്തിലധികം അര്‍ഹിക്കുന്നതിലധികം ആക്ഷേപം ആ വണ്ടി സഹിച്ചു. അകതിയൂര്‍ ദേവി വിലാസം സ്‌ക്കൂള്‍ കുട്ടികള്‍ അകലെ നിന്ന്‌ കാണുമ്പോഴെ കൂക്കിവിളിച്ചു. ''ഞാനില്ല മോനെ പോയിട്ട്‌ തിരക്കുണ്ട്‌ '' പോരുന്നേ എന്ന്‌ ചേദിച്ച എന്നോട്‌ എന്തോ വലിയ തമാശ പറഞ്ഞ പോലെ ആര്‍ത്തു ചിരിച്ചു കൊണ്ട്‌ രാമുട്ടി പൂശാലി പറഞ്ഞു. നീയും നിന്റെയൊരു വണ്ടിയും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട്‌ കാര്‍ത്തുവേടത്തി പറഞ്ഞു ചിരിച്ചു.

നാസര്‍ മെമ്മോറിയല്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ അന്ന്‌ സജീവമായി പ്രവര്‍ത്തിക്കുന്ന കാലമാണ്‌. ക്ലബിന്റെ ഉപയോഗത്തിന്‌ വിട്ടുതരാം എന്നൊരു നിര്‍ദ്ദേശം ഞാന്‍ മുന്നോട്ട്‌ വെച്ചെങ്കിലും സെക്രട്ടറി കൂപ്പുകൈയ്യോടെ നിരാകരിച്ചു.

ഒടുവില്‍ പോലീസ്‌ ബാലേട്ടനുമായി മാനസികമായി ചെറിയൊരുമുഷിച്ചില്‍ വന്നപ്പോള്‍ അത്‌ അദ്ദേഹത്തിന്‌ സൗജന്യമായി നല്‍കി ഞാന്‍ പ്രതികാരം ചെയ്‌തു. പക്ഷേ താമസിക്കാതെ അവനെ വിറകുപുരയിലേക്ക്‌ മാറ്റി അദ്ദേഹവും രക്ഷപ്പെട്ടു. ഇപ്പോള്‍ അവനെവിടെയാണോ എന്തോ.....