Sunday, December 18, 2011

വനസ്ഥലികള്‍ ഉണ്ടാകുന്നത്‌

റമ്പു മുഴുവന്‍ നടന്ന്‌ കണ്ടപ്പോള്‍ റഫീക്ക്‌ജി പറഞ്ഞു. നമുക്കിത്‌ ഇങ്ങനെതന്നെ നിലനിറുത്താം, മണ്ണിളക്കാതെ മരംവെട്ടാതെ ഒരു പൂവുപോലുമിറുക്കാതെ. എത്രയോകാലമായി കൈക്കോട്ടുവീഴാത്തമണ്ണാണ്‌. വന്‍മരങ്ങളുടെ ഇലകള്‍ കാലാകാലങ്ങളായി മണ്ണില്‍ വീഴുകയും അതിനോട്‌ ചേരുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. മണ്ണിന്റെ ജൈവസ്വഭാവം വെളിവാക്കികൊണ്ട്‌ ചിതല്‍പ്പുറ്റുകള്‍. മരങ്ങളില്‍ പടര്‍ന്ന്‌ കയറികൊണ്ട്‌ വള്ളിപടര്‍പ്പുകള്‍. കാട്ടുപൊന്തകള്‍ക്കിടയില്‍ കുറുക്കനും മുയലും കാട്ടുകോഴിയും കീരിയും പാമ്പുകളും അടക്കമുള്ള ജന്തുജാലം. അതിരിലെ മുളങ്കുട്ടങ്ങള്‍ ഇടവഴിക്ക്‌ മുകളില്‍ മേലാപ്പ്‌ വിരിക്കുന്നു. 


ആവശ്യങ്ങള്‍ ഏറുന്നു ജീവിതശൈലികള്‍ മാറുന്നു. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളാകുന്നു. ഒരയേക്കര്‍ ഭൂമിയൊന്നും കാവിനായി നീക്കിവെക്കാന്‍ ആര്‍ക്കും കഴിയാതാകുന്നു. കാവുകളുടെ പാരിസ്ഥിതിക ധര്‍മ്മം വിട്ടുകളഞ്ഞ്‌ വിശ്വാസത്തിന്റെ കണ്ണിലൂടെ മാത്രം കണ്ടുതുടങ്ങുമ്പോള്‍ ചിത്രക്കൂടക്കല്ലിന്റെ നാലഞ്ചടി ചുറ്റളവ്‌ മാത്രമായി കാവുകള്‍ ഒതുങ്ങുന്നു. എന്നിട്ടും ആവശ്യങ്ങള്‍ തികയാതെ വരുമ്പോള്‍ പാമ്പുമേക്കാട്ട്‌ ചെന്ന്‌ സര്‍പ്പക്കാവ്‌ കുടിയൊഴിപ്പിക്കുന്നു. പരിഹാരകര്‍മ്മങ്ങള്‍ നടത്തി അതും ഉപയോഗ്യമാക്കുന്നു. നമ്മുടെ കാവും ഒരേക്കറോളം സ്ഥലത്താണ്‌ സ്ഥിതിചെയ്‌തിരുന്നത്‌ കാലം അതിനെ 5 സെന്റിലേക്ക്‌ ചുരുക്കിയിരിക്കുന്നു. ബാക്കിസ്ഥലം താവഴികള്‍ ഭാഗം വെച്ചെടുത്തു. അതിലെ ഒരു താവഴിയുടെ 34 സെന്റ്‌ സ്ഥലമാണ്‌ വില്‍പ്പനക്ക്‌ വെച്ചിരിക്കുന്നത്‌. 

കൊച്ചുണ്ണിഏട്ടന്‍ കാണുമ്പോഴൊക്കെ പറയും "സ്ഥലത്തിന്റെ കാര്യം ഒന്നുമായില്ല ആരെങ്കിലുമൊക്കെയുണ്ടെങ്കില്‍ പറയണം". സൗഹൃദസംഘത്തിന്‌ കൂടിച്ചേരാന്‍ ഒരിടം വേണം എന്ന ആലോചന ശക്തിപ്പെട്ട സമയം. കൂടാതെ കുട്ടികളുടെ കളിക്കൂട്ടത്തിന്‌ ഒരു ഗ്രന്ഥശാലയും ജൈവഗ്രാമം പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരാസ്ഥാനവും മനസ്സിലുണ്ട്‌ അതിനെല്ലാമായി ഈ സ്ഥലം തിരഞ്ഞെടുത്താലോ എന്ന ആലോചന വന്നു. സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ആലോചനകള്‍ക്കുമൊന്നും അതിരില്ലല്ലോ പക്ഷെ പണമെങ്ങിനെ കണ്ടെത്തും. സെന്റിന്‌ 6000 രൂപയാണ്‌ കൊച്ചുണ്ണിഏട്ടന്‍ പറയുന്നത്‌. 5000 ത്തിന്‌ വരെ തരാന്‍ തയ്യാറാണ്‌ എന്ന്‌ ഒടുവില്‍ അദ്ദേഹം സൂചിപ്പിച്ചു. അതത്ര വലിയ സംഖ്യയൊന്നുമല്ല. പക്ഷെ മുറിച്ചുതരില്ല. എത്രയും പെട്ടെന്ന്‌ രജിസ്‌ട്രേഷന്‍ നടത്തണം പൈസ കിട്ടണം. അനിയന്റെ ചികിത്സയ്‌ക്കാണ്‌. കാവിന്റെ സ്ഥലമായതുകൊണ്ട്‌ മാര്‍ക്കറ്റ്‌ കുറവാണ്‌. സ്ഥലം വിറ്റിട്ട്‌ ഉടമകള്‍ക്ക്‌ അത്യാവശ്യവുമുണ്ട്‌. അതുകൊണ്ട്‌ തന്നെ പൊരുത്തകച്ചവടക്കാര്‍ ചുളുവിലയ്‌ക്ക്‌ ഭൂമി തട്ടിയെടുക്കാന്‍ കാത്തിരിക്കുയാണ്‌. 


ഒരു ഞായറാഴ്‌ച്ച റഫീക്ക്‌ജിയെയും രവിയേട്ടനേയും കൂട്ടി അക്കിക്കാവ്‌ നിന്ന്‌ പന്നിത്തടം റോഡിലൂടെ തടം വരെ വന്ന്‌ അവിടന്ന്‌ താന്തിരുത്തി വഴി കപ്പൂരമ്പലത്തിന്റെ പുറകിലെ പാടത്തേക്കിറങ്ങി. പിന്നെ പാറപ്പുറത്തെ ജോബേട്ടന്റെയും അരിക്കത്തെ വീടിന്റെയും ഇടയിലൂടെയുള്ള കുണ്ടനിടവഴിയിലൂടെ കുരുമാന്റെ വീടിനുമുന്‍പിലേക്ക്‌ പിന്നെ പീറ്ററുടെ മാട്ടം ഇടവഴിയിലൂടെ നോങ്ങല്ലൂരിലേക്ക്‌. വിജന്നമായ ശാന്തമായ നാട്ടുവഴികളിലൂടെ വന്നതുകൊണ്ടായിരിക്കണം, സ്ഥലം വാങ്ങി വെറുതെയിട്ട്‌ കാടുവളര്‍ത്താം എന്ന റഫീക്ക്‌ജിയുടെ അഭിപ്രായത്തോട്‌ പെട്ടെന്ന്‌ യോജിക്കാന്‍ രവിയേട്ടനും തോന്നിയത്‌. തൊട്ടുമുന്നില്‍ അംഭിയേട്ടന്റെ വീടാണ്‌. ചുറ്റും മരങ്ങള്‍ തണല്‍ വിരിക്കുന്ന മണല്‍ മുറ്റവും മൂന്നുവശവും നീളന്‍ വരാന്തകളുള്ള പഴയ ഓടുവീട്‌. രാഘവേട്ടന്‍ മരിച്ചിട്ട്‌ വര്‍ഷങ്ങളായി. മുത്തമകന്‍ ബേബി പാലക്കാട്ടെ പ്രശസ്‌തനായ ഡോക്ടറാണ്‌, അംഭിയേട്ടന്‍ യു. എ. ഇ യില്‍ പിന്നെയുള്ള രണ്ട്‌ പെണ്‍മക്കളും അവരുടെ ഭര്‍തൃഗൃഹങ്ങളില്‍. കാര്യസ്ഥനായ മോഹനേട്ടന്റെയും ജോലിക്കാരി കുഞ്ഞമ്മുവിന്റെയും സഹായത്തോടെ ആ വലിയ വീട്ടില്‍ ജാനകി ഏടത്തി. ആഴ്‌ച്ചയിലൊരിക്കലെങ്കിലും അവിടെയെത്തും. നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ചോദിച്ചറിഞ്ഞ്‌ വിഷമങ്ങള്‍ പറഞ്ഞ്‌ വിശേഷങ്ങള്‍ പങ്കുവെച്ച്‌ വരുമ്പോള്‍ ചിലപ്പോള്‍ കണ്ണുനിറയും പിന്നെ കുറച്ചുനേരം മൗനത്തിലേക്ക്‌ മടങ്ങും അവര്‍. കൂടെ റഫീക്ക്‌ജിയേയും രവിയേട്ടനേയും കൂടി കണ്ടപ്പോള്‍ ജാനകിയേടത്തിക്ക്‌ സന്തോഷമായി. കുഞ്ഞമ്മു കൊണ്ടുവന്നു വെച്ച ചായ കുടിക്കുമ്പോള്‍ തെക്കെ പറമ്പിലൂടെ മയിലുകള്‍ വരിവെച്ച്‌ കടന്നുപോയി. താമസിക്കാതെ സുര്‍ജിത്തും അജീഷും വിജീഷും പ്രദീപുമെത്തി പുറകെ മണികണ്‌ഠനും സനോജും വിജേഷും പ്രദീപ്‌ കുമാറും. 
ഒരു ലാഭേച്ഛയും പ്രതീക്ഷിക്കേണ്ടാത്ത കാര്യത്തിന്‌ പൈസ തരാന്‍ ആരാണ്‌ തയ്യാറാകുക. അമ്പലക്കമ്മറ്റിക്കുവേണ്ടിയോ ഉത്സവാഘോഷത്തിനുവേണ്ടിയോ ഒക്കെയാണെങ്കില്‍ പണം വരവിന്‌ ബുദ്ധിമുട്ടില്ല. അതല്ലാതെ ഒരു സ്ഥലം കാടായി നിലനിര്‍ത്താനാണെന്നൊക്കെ പറഞ്ഞാല്‍ ആരാണ്‌ സഹായിക്കുക. പ്രവര്‍ത്തകര്‍ പങ്കുവെച്ചെടുക്കാം എന്നു വെച്ചാല്‍ പലരും വിദ്യാര്‍ത്ഥികളാണ്‌. വരുമാനമുള്ളവര്‍ തന്നെ വലിയൊരു സംഖ്യയൊന്നും സംഭാവനയായി തരാന്‍ കഴിവുള്ളവരുമല്ല. എന്തായാലും വാങ്ങാം എന്ന തീരുമാനം എടുത്താണ്‌ പിരിഞ്ഞത്‌. പലരും കുറേശ്ശേസ്ഥലം വീതം സ്‌പോണ്‍സര്‍ ചെയ്‌ത്‌ കലശമലക്കുന്ന്‌ പെതുകൂട്ടായ്‌മയില്‍ വാങ്ങി സംരക്ഷിക്കാം എന്ന ആശയം പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ എരമംഗലത്തെ സേതു പറയാറുണ്ടായിരുന്നത്‌ മനസ്സിലുണ്ടായിരുന്നു. പി.എന്‍. ഉണ്ണികൃഷ്‌ണേട്ടനും കനാറാബാങ്ക്‌ ഫ്രാന്‍സിസേട്ടനും യൂണിവേഴ്‌സിറ്റ്‌ കോളേജിലെ കുഞ്ഞികൃഷ്‌ണന്‍മാഷും കനാറാബാങ്ക്‌ ബാലചന്ദ്രനുമൊക്കെ ചേര്‍ന്ന്‌ വാങ്ങിയ അട്ടപ്പാടിയിലെ ഇക്കോഫാം ഒരു മാതൃകയായി മുന്നിലുണ്ടായിരുന്നു. എന്നാലും ഓരോരുത്തരും എത്ര തുക വെച്ച്‌ സംഭാവന തരും എങ്ങിനെ പിരിക്കും. ആറു മാസം വരെ മാക്‌സിമം അവധി ചോദിക്കാം അതിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയുമോ സംശയങ്ങള്‍ ഏറെയുണ്ടായിരുന്നു. ഭാരതപ്പുഴയ്‌ക്കും തൂതപ്പുഴയ്‌ക്കും ഇടയിലുള്ള സ്വന്തം നാടായ പള്ളിപ്പുറത്തെ പോലെ നോങ്ങല്ലൂരിനെ സ്‌നേഹിച്ചിരുന്ന സി. രാജഗോപാല്‍ എന്ന രാജേട്ടനോട്‌ വിവരം പറഞ്ഞു. സസന്തോഷം രാജേട്ടന്‍ പദ്ധതിയോട്‌ യോജിച്ചു. 


അശോകേട്ടനും വിജയന്‍മാഷുമൊക്കെ മുന്‍ക്കൈ എടുത്ത്‌ സൗഹൃദസംഘത്തിന്റെ വിപുലമായ യോഗം താമസിക്കാതെ ഹാരിസ്‌ജിയുടെ വീട്ടില്‍ വെച്ച്‌ ചേര്‍ന്നു. പതുക്കെ പരിപാടികള്‍ ഉരുത്തിരിഞ്ഞു വന്നു. 34 സെന്റ്‌ 34 പേര്‍കൂടി വാങ്ങാം ഒരാള്‍ക്ക്‌ ഒരു സെന്റ്‌. കൊച്ചുണ്ണി ഏട്ടനോട്‌ വിവരം പറഞ്ഞു ഒടുവില്‍ കരാറായി റഫീക്ക്‌ജിയും രവിയേട്ടനും സി. രാജഗോപാലേട്ടനും താടി രാജേട്ടനും കൂടി തന്ന പൈസകൊണ്ട്‌ മുന്‍കൂര്‍ തുക കൊടുത്തു കരാറെഴുതി. പിന്നെയും ഒത്തുചേരലുകള്‍... ആദ്യമെത്തിയവരില്‍ തിരുവന്തപുരം തണലിന്റെ പ്രവര്‍ത്തകനായ സതീഷും, സഖിയിലെ ഗ്രേസിയും, മഞ്ചേരിയില്‍ നിന്ന്‌ അഡ്വ. പി.എ പൗരനും, സ്‌ത്രീവേദി കോര്‍ഡിനേറ്ററായ അഡ്വ. ആശയും യുക്തിവാദിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഡേവീസ്‌ വളര്‍ക്കാവും, അതിരപ്പിള്ളി സംരക്ഷണസമിതി പ്രവര്‍ത്തകനായ മോഹന്‍ദാസ്‌ മാഷും ശില്‍പ്പിരാജനും. ഒക്കെയുണ്ടായിരുന്നു. ആറുമാസമുണ്ടായിരുന്നു സമയം പലരും സര്‍ക്കാര്‍ ജോലിക്കാര്‍ 5,000 രൂപ സംഭാവന പോലെ ഒരുമിച്ച്‌ തരാന്‍ ബുദ്ധിമുട്ടുള്ളവര്‍ എന്നാലും കൂട്ടായ്‌മയോടുള്ള യോജിപ്പുകൊണ്ട്‌ ഗഡുക്കളായി പണം തന്നു.

തൃശ്ശൂര്‍ വിമല കോളേജിലെ ഉമടീച്ചര്‍, മണ്ണാര്‍ക്കാട്‌ നിന്നും ഷീബ, പി.എന്‍. ഉണ്ണികൃഷ്‌ണന്റെ ഭാര്യയായ സൈനബ, കൊടകരനിന്നും സോജടീച്ചര്‍, ജൈവകര്‍ഷകനായ ഒ. പി. ശങ്കരനാരായണന്‍ നമ്പൂതിരി, പയ്യൂരെ കൃഷ്‌ണേട്ടന്‍, തൃശ്ശൂര്‍ പി.ജി.സെന്ററിലെ ഡോ. പി.രണ്‍ജിത്ത്‌, സിനിമാനിരൂപകനും എഴുത്തുകാരനുമായ പ്രെഫ. ഐ. ഷണ്‍മുഖദാസ്‌, മൂഴിക്കുളം ശാലയിലെ പ്രേമന്‍, കെ. എം. രമേഷ്‌അരുവാക്കോട്‌ കുംഭത്തിലെ ജിനന്‍ ഓരോരുത്തരായി എണ്ണം കൂടിത്തുടങ്ങി എന്നിട്ടും ഏറെ ബാക്കി. സമയം അടുത്തുവന്നുതുടങ്ങി. രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയില്ല എന്നുതന്നെ സുഹൃത്തുക്കളില്‍ പലരും കരുതി. സ്ഥലം മറിച്ചുകൊടുക്കുന്നുണ്ടോ എന്നന്വേഷിച്ച്‌ ബ്രോക്കര്‍മാരും വന്നുതുടങ്ങി. തിയ്യതി നീട്ടിച്ചോദിക്കുമോ എന്ന പേടിയില്‍ കൊച്ചുണ്ണി എട്ടന്‍ കൃത്യസമയത്തുതന്നെ രജിസ്‌ട്രേഷന്‍ നടക്കണമെന്ന്‌ ആദ്യമേ പറഞ്ഞു. ആള്‍ട്ടര്‍ മീഡിയ സ്വാമിനാഥന്റെ സഹോദരനായ രാജഗോപാലാണ്‌ പിന്നെ വന്നത്‌, വി.ടി.യുടെ മകന്‍ വാസുദേവേട്ടന്‍ പറഞ്ഞ സമയത്ത്‌ തന്നെ പണമെത്തിച്ചു. ഗുരുവായൂര്‍ പുത്തന്‍പല്ലിയിലെ ദാമോദരേട്ടന്‍, തണലിലെ ഉഷചേച്ചി, കനറാബാങ്കിന്റെ ആസാം ശാഖയില്‍ ജോലിചെയ്‌തിരുന്ന കുട്ടിയേട്ടന്‍, ശ്രീകൃഷ്‌ണപുരത്തെ ചന്ദ്രിക ടീച്ചര്‍, കോയമ്പത്തൂരെ അമൃതയില്‍ നിന്നുള്ള അജേഷ്‌, നാഷണല്‍ മ്യൂസിയം ഓഫ്‌ നാച്വറല്‍ ഹിസ്റ്ററി ഡയറക്ടര്‍ ഡോ. വേണുഗോപാല്‍ഉറവിലെ കൃഷ്‌ണന്‍കുട്ടി, സെന്‍സിലെ സുനില്‍, അട്ടപ്പാടി ഫ്രാന്‍സിസേട്ടന്‍, തൃശ്ശൂരെ ശങ്കരനാരായണന്‍, ജോഷി. സി. ഹരന്‍തൃശ്ശൂരെ ഗിരീശന്‍ മാഷ്‌,..... അങ്ങിനെ ഓരോരുത്തരായി കൂട്ടായ്‌മയിലേക്ക്‌... 

വനസ്ഥലികള്‍ ഉണ്ടാകുന്നത്‌ മണ്ണില്‍ മാത്രമല്ല മനുഷ്യരുടെ മനസ്സില്‍ കൂടിയാണെന്ന്‌ തിരിച്ചറിഞ്ഞത്‌ അന്നാണ്‌. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള മണ്ണിനെയും മനുഷ്യരേയും സ്‌നേഹിക്കുന്ന 34 പേരുടെ കൂട്ടായ്‌മയില്‍ അതിനുമപ്പുറം വലിയൊരു സൗഹൃദസംഘത്തിന്റെ കരുതലില്‍  ഇന്നും ആ ചെറിയ തുണ്ട്‌ ഭൂമി നില നില്‍ക്കുന്നു നോങ്ങല്ലൂരിന്റെ പൊതുഇടമായി, സൗഹൃദങ്ങളുടെ തെളിനീരുറവയായി, ഓര്‍മ്മകളിലെ പച്ചതുരുത്തായി....

Friday, October 7, 2011

മുത്തങ്ങ (ഒന്ന്‌)...

(വയനാട്‌ സ്‌മരണകള്‍ തുടരുന്നു... )
മുത്തങ്ങ വന്യജീവിസങ്കേതത്തിലെ ഡോര്‍മിറ്ററി പരിസരത്ത്‌ തീ കാഞ്ഞ്‌ കൂന്നിക്കൂടി ഇരുന്ന ഒരു രാവ്‌. ചെറിയ നിലാവുണ്ട്‌, കുറച്ചകലെയായി മാന്‍കൂട്ടം. ഇളം പുല്ല്‌ തിന്ന്‌ ചന്ദനമരങ്ങളുടെ സുഗന്ധമാസ്വദിച്ച്‌ പകലും അവരെ ആ പരിസരത്ത്‌ കണ്ടിരുന്നു. മരങ്ങള്‍ക്കിടയിലൂടെ കടന്നുവരുന്ന നിലാവെട്ടത്തിലോ തീ വെളിച്ചത്തിലോ അവയുടെ സാന്നിധ്യം ഇടയ്‌ക്കൊക്കെ വെളിപ്പെടുന്നു. മാന്‍ മിഴികള്‍ ഇരുളില്‍ തിളങ്ങുന്നുമുണ്ട്‌. വഹാബിക്ക അപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയാണ്‌ പഴയ വയനാടിനെ പറ്റി. നൂല്‍ മഴയും പതിനാറാം നമ്പര്‍ മഴയുമൊക്കെ പെയ്‌തിറങ്ങിയിരുന്ന, കാടിത്രത്തോളം നാടാകാതിരുന്ന ഒരു കാലത്തെപ്പറ്റി. ശ്രോതാക്കളായി അമ്മമാരും കുട്ടികളും യുവതീയുവാക്കളുമൊക്കെ അടങ്ങിയ ഒരു കൂട്ടം. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ വെച്ച്‌ നടക്കുന്ന രണ്ട്‌ ദിവസത്തെ പ്രകൃതി പഠനക്യാമ്പാണ്‌. കുട്ടികള്‍ക്ക്‌ വേണ്ടിയായിരുന്നു സത്യത്തില്‍ ആ ക്യാമ്പ്‌ ഉദ്ദേശിച്ചിരുന്നത്‌ കൃഷ്‌ണന്‍കുട്ടിയായിരുന്നു പ്രദേശിക സംഘാടകന്‍. പക്ഷെ വന്നവരില്‍ എല്ലാ പ്രായക്കാരുമുണ്ടായിരുന്നു. സാധാരണ കുടുംബങ്ങളിലെ കരിപിടിച്ച അടുക്കളകളില്‍ നിന്ന്‌ വന്ന അവരില്‍ മിക്കവാറും പേരും ആ ക്യാമ്പ്‌ നന്നായി ആസ്വദിക്കുന്നുമുണ്ടായിരുന്നു. ചെറുപ്പക്കാരികള്‍ നാണിച്ച്‌ നിന്നപ്പോള്‍ വീട്ടമ്മമാരില്‍ ചിലര്‍ വളരെ നന്നായി തന്നെ പാട്ടുകള്‍പാടി. ചെറിയകുട്ടികള്‍ ആ വൃത്തത്തിന്‌ ചുറ്റും ഓടിക്കളിച്ചു. ഇടയ്‌ക്ക്‌ കടന്നു വരുന്ന മൗനത്തിന്റെ ഇടവേളകളില്‍ കാടിന്റെ ശബ്ദങ്ങള്‍ വെളിപ്പെടുന്നുണ്ട്‌. റോബിന്‍ വിഷയം അടുക്കളയിലേക്കെത്തിച്ചു ജോലി, ജീവിതം, ഭക്ഷണശീലങ്ങള്‍ അങ്ങിനെ. കൃഷ്‌ണന്‍കുട്ടിയും മറ്റുചിലരും അതിലിടപ്പെട്ടു ഫാസ്റ്റ്‌ ഫുഡ്‌, പ്രകൃതി ജീവനം. വിഷയം പിന്നെ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിലേക്കും അടുക്കള തിരിച്ചുപിടിക്കേണ്ടതിലേക്കുമൊക്കെ കാടു കയറിത്തുടങ്ങി. പതുക്കെ പുല്ലിലേക്ക്‌ ചാഞ്ഞു. ഇളം പുല്ലില്‍ കിടക്കേണ്ട താമസമേ വന്നുള്ളൂ ഉറക്കത്തിലേക്ക്‌ വഴുതിവീഴാന്‍.
കബനിയുടെ കൈവഴിയായ നൂല്‍പ്പുഴയിലെ വെള്ളത്തിന്‌ ഒരു കലക്കരാശിയുണ്ടായിരുന്നു. ആദ്യമൊന്ന്‌ മടിച്ചുപോകും വെള്ളത്തിലിറങ്ങാന്‍. ചിലയിടങ്ങളില്‍ നന്നായി ചേറുമുണ്ട്‌. എങ്കിലും രാവിലത്തെ ഇളം വെയിലത്ത്‌ വെള്ളത്തിന്റെ തണുപ്പിലൊളിച്ച്‌ ചളിയില്‍ പറ്റിയങ്ങിനെ കിടക്കുന്നതിനും ഒരു സുഖമുണ്ട്‌. രാവിലെ നേരത്തെ ഇറങ്ങിയതാണ്‌. മുത്തങ്ങ ചെക്ക്‌പോസ്‌റ്റിനടുത്തെത്തുമ്പോഴും ഇരുട്ടകന്നിരുന്നില്ല. തണുപ്പില്‍ താടിയെല്ലുകള്‍ പരസ്‌പരം കൂട്ടിമുട്ടുന്നുണ്ട്‌. തട്ടുകടയില്‍ നിന്ന്‌ കിട്ടിയ കടും ചായക്കും തണുപ്പിനെ അകറ്റാനാകുന്നില്ല. മുത്തങ്ങ ചെക്ക്‌ പോസ്‌റ്റില്‍ നിന്ന്‌ പൊന്‍കുഴി ലക്ഷ്യമാക്കി മൈസൂര്‍ റോഡിലൂടെയാണ്‌ യാത്ര. രാവിലെ നേരത്തെയിറങ്ങുന്ന വന്യജീവികളെ കാണാമെന്ന പ്രതീക്ഷയിലാണ്‌ നടത്തം. പതുക്കെ പ്രഭാതത്തിന്റെ ആദ്യ രശ്‌മികളെത്തി. കാടുണര്‍ന്നു തുടങ്ങി. കാടിന്റെ പലവിധശബ്ദങ്ങള്‍. കാലമിത്രയായിട്ടും കാക്കയുടെയും അണ്ണാന്റെയും മയിലിന്‍െയും കാട്ടുകോഴിയുടെതുമൊഴികെ മറ്റൊരു ശബ്ദവും തിരിച്ചറിയാനെനിക്ക്‌ കഴിയാറില്ല. ഒരു വശത്ത്‌ മുളങ്കാടുകളാണ്‌. കണ്ണെത്തുന്ന ദൂരത്തൊക്കെ മുളങ്കൂട്ടങ്ങള്‍. അതിനിടയിലൂടെ കാട്ടുകോഴിക്കൂട്ടങ്ങള്‍ ഓടി നടക്കുന്നു. മറുവശത്ത്‌ തേക്ക്‌ പ്ലാന്റേഷന്‍. കുരങ്ങന്‍മാരുടെ കൂട്ടങ്ങളുണ്ട്‌ മരച്ചില്ലകളില്‍. ചിലയിടത്ത്‌ ഒറ്റപ്പെട്ട മാനുകളെ കണ്ടു. ആനയെ ആ സമയത്ത്‌ കാണാറുണ്ട്‌ എന്ന്‌ പറഞ്ഞിരുന്നെങ്കിലും കാണാനായില്ല. ഇടക്കിടെയുള്ള വാഹനങ്ങളുടെ ശല്യമൊഴിച്ചാല്‍ നല്ലൊരു യാത്ര. ഉറക്കം ഇനിയും വിട്ടുപോകാത്തതുകൊണ്ടോ തണുപ്പിന്റെ സുഖത്തിലോ മൗനികളായിരുന്നു എല്ലാവരും. മൂന്നാറിലെ അവരുടെ സ്ഥലത്തെ മഞ്ഞിറങ്ങുന്ന പ്രഭാതത്തെപ്പറ്റി ജൂഡി ചേച്ചി എന്തൊ പറഞ്ഞുതുടങ്ങിയെങ്കിലും വീണ്ടും മൗനത്തിലേക്ക്‌ തന്നെ മടങ്ങിപ്പോയി എല്ലാവരും. കാടും ഇടയിലെ വെളിസ്ഥലവും വിട്ട്‌ ചെറിയൊരു കവലയിലെത്തി. ചായക്കടയും അനാദിക്കടയും കുറച്ച്‌ വാഹനങ്ങളും ആളുകളുമുള്ള ഒരിടം. പൊന്‍കുഴി കാണുന്നത്‌ ഇനിയൊരിക്കലാകാമെന്ന്‌ വെച്ച്‌ അവിടെ നിന്ന്‌ വീണ്ടും കാല്‍ നടയായി മടക്കം. ജീപ്പ്‌്‌ സംഘടിപ്പിക്കാമെന്ന്‌ വിനോദ്‌ പറഞ്ഞെങ്കിലും നടക്കാം എന്ന തീരുമാനത്തില്‍ എല്ലാവരും ചേര്‍ന്നെത്തി. 
ആദ്യം ആദിവാസിയായ കാടറിയുന്ന ഒരു റൂട്ടര്‍ അതിന്‌ 15-20 അടി പുറകില്‍ വാച്ചര്‍ പിന്നെ ക്യാമ്പംഗങ്ങള്‍ പുറകില്‍ ഒരു ഗാര്‍ഡും മറ്റൊരാളും അങ്ങിനെയായിരുന്നു ക്യാമ്പിന്റെ ഭാഗമായി കാടിനുള്ളിലേക്കുള്ള ട്രക്കിങ്ങ്‌. കാടിനുള്ളിലെ സ്ഥിരം വഴിത്താരകളിലൂടെ മുന്നോട്ട്‌. മുത്തങ്ങയിലെ കാടിന്‌ പൊതുവെ ഒരു വരണ്ട സ്വഭാവമാണുള്ളത്‌. വെയിലേറുന്നതോടെ ബന്ദിപ്പൂരുനിന്നും മുതുമല നിന്നുമൊക്കെയുള്ള വന്യജീവികള്‍ ഈ കാട്ടിലേക്ക്‌ കടന്നെത്തും കബനിയിലെ വെള്ളം തേടി. ഇവിടത്തെ ശേഷിക്കുന്ന പച്ചപ്പുതേടി. ജാഗ്രതയോടെ മൃഗസാന്നിധ്യം പ്രതീക്ഷിച്ച്‌ എല്ലാവരും നിശബ്ദരായി നടന്നു. പക്ഷെ റോഡെത്തിയത്‌ ഒരു വയയിലേക്കാണ്‌ അതിനടത്തായി കുറച്ച്‌ വീടുകളും മറ്റും. അത്‌ പിന്നിട്ട്‌ വീണ്ടും കാട്ടിലേക്ക്‌. ഏറെ നേരം കഴിയേണ്ടി വന്നില്ല മുന്നിലെ റൂട്ടര്‍ നടത്തം നിറുത്തി. അദ്ദേഹം നോക്കുന്ന വഴിയെ ഞങ്ങളും നോക്കി. ദൂരെ മരങ്ങള്‍ക്കിടയില്‍ ഒരാന. ദേഹമാകെ മണ്ണു പുരണ്ടിട്ടുണ്ട്‌ പെട്ടെന്ന്‌ തിരിച്ചറിയാനുകുന്നുമില്ല. കണ്ടവര്‍ കാണാത്തവര്‍ക്ക്‌ ചൂണ്ടിക്കാണിച്ചുകൊടുത്തു. ബഹളമുണ്ടാക്കരുതെന്ന്‌ ഗാര്‍ഡ്‌ വിലക്കി. വീണ്ടും മുന്നോട്ട്‌. പിന്നെ കണ്ടത്‌ വലിയൊരാനക്കൂട്ടത്തെയായിരുന്നു. കാട്ടുചില്ലകളൊക്കെ ഒടിച്ചുമാറ്റി ഞങ്ങള്‍ക്ക്‌ സമാന്തരമായി തന്നെ മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍. വലിയൊരു ആനക്കൂട്ടത്തെ മറികടന്നതൊടെ എല്ലാവരുടെയും പേടിമാറി സംഭാഷണങ്ങളും തമാശകളും ഉയര്‍ന്നുകേട്ടുതുടങ്ങി. ബഹളം വെക്കരുതെന്ന്‌ ആവര്‍ത്തിച്ചിട്ടും ഇടവേളകളോടെ ഇത്‌ തന്നെ തുടര്‍ന്നു. ഇടയില്‍ മാനുകളെ കണ്ടിരുന്നു. ഒടുവില്‍ ട്രൈ ജംഗ്‌ഷ്‌നിലെത്തി. മൂന്ന്‌ സംസ്ഥാനങ്ങളുടെ സംഗമഭൂമിയായ അവിടം മുതുമല, ബന്ദിപ്പൂര്‍, മുത്തങ്ങ എന്നീ വന്യജീവി സങ്കേതങ്ങളും കൂടിച്ചേരുകയാണ്‌. സംസ്ഥാന അതിര്‍ത്തികളുടെ കാര്യമൊന്നുമറിയാതെ മൃഗങ്ങള്‍ കാലാവസ്ഥയ്‌ക്കും സൗകര്യത്തിനുമനുസരിച്ച്‌ വന്നു പോയുമിരിക്കും. 


അവിടെ ഇരുന്ന്‌ കുറച്ച്‌ വിശ്രമവും ചെറിയൊരു ക്ലാസും കഴിഞ്ഞ്‌ മറ്റൊരു വഴിയിലൂടെ മടക്കമായി. ഒടുവില്‍ ഒരു പുല്‍മെതാനത്തിലെത്തി അക്ക്വേഷ്യയൊ യൂക്കാലിയൊ പ്ലാന്റ്‌ ചെയ്‌തിരുന്ന സ്ഥലമായിരുന്നു, ഇപ്പോള്‍ എല്ലാം വെട്ടിമാറ്റി ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യാനായി മാറ്റി വെച്ചിരിക്കുന്നു. ഒരു വശത്ത്‌ മരങ്ങള്‍ നട്ടിട്ടുണ്ട്‌ അതിന്റെ സംരക്ഷണത്തിനായി വൈദ്യുതവേലിയും സ്ഥാപിച്ചിരിക്കുന്നു. അതിനരികില്‍ കൂടിയാണ്‌ വരിയായി ഞങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. മൈതാനത്തിന്റെ നടുവിലായി ഒരു ചെളിക്കുണ്ടില്‍ ആനകള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്‌. ആനകളെ കണ്ടത്തോടെ വിലക്കുകളെല്ലാം മറന്ന്‌ ആര്‍പ്പുവിളികളുയര്‍ന്നു. പെട്ടെന്ന്‌ കൂട്ടത്തിലൊരു കൊമ്പന്‍ ചെവിയുയര്‍ത്തി വട്ടം പിടിച്ചു പിന്നീട്‌ തലത്താഴ്‌ത്തിക്കൊണ്ട്‌ ഞങ്ങളെ ലക്ഷ്യമാക്കി ഓടിത്തുടങ്ങി. ഒരു വശത്ത്‌ വേലിയാണ്‌ മറുവശത്ത്‌ തുറന്ന വലിയപുല്‍പ്പരപ്പ്‌ പെട്ടെന്ന്‌ നിലവിളികളുയര്‍ന്നു. ചിലര്‍ മുന്നോട്ട്‌ ഓടാന്‍ തുടങ്ങി. മറ്റു ചിലര്‍ മറിഞ്ഞുവീണു. സ്‌ത്രീകള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. ഉച്ചത്തിലുള്ള കൂട്ടനിലവിളികള്‍ കേട്ടിട്ടോ എന്തോ ആന ഓട്ടം പതുക്കെയാക്കി പിന്നീട്‌ ദിശമാറി വളഞ്ഞോടി. ഫോറസ്‌റ്റുകാരുടെ ചീത്ത കേട്ട്‌ മൗനികളായി എല്ലാവരും തിരിച്ച്‌ ഡോര്‍മിറ്ററിയിലെത്തി. അവിടെ വീണ്ടും ശകാരവര്‍ഷവുമായി വഹാബിക്ക നില്‍ക്കുന്നുണ്ടായിരുന്നു.

Tuesday, January 18, 2011

മകരവിളക്ക്‌ എന്ന കാപട്യവും 104 മനുഷ്യജീവനും

ഒടുവില്‍ ഭയപ്പെട്ടിരുന്നതുതന്നെ സംഭവിച്ചു. ശബരിമലയിലെ ഈ തീര്‍ത്ഥാടനകാലം വലിയൊരു ദുരന്തത്തില്‍ ചെന്നവസനാച്ചിരിക്കുന്നു. 104 മനുഷ്യജീവന്റെ വില ലക്ഷങ്ങളില്‍ കണക്കാക്കുന്ന സര്‍ക്കാരുകളും സെന്‍സേഷണലായി കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളും രാഷ്ടീയലാഭത്തിന്‌ വേണ്ടി എങ്ങിനെ ഉപയോഗപ്പെടുത്താം എന്നാലോചിക്കുന്ന രാഷ്ടീയകക്ഷികളും മകരവിളക്ക്‌ എന്ന പെരും കള്ളത്തെപ്പറ്റി ഇതെഴുതുന്നതുവരെ ഇനിയും ഒരക്ഷരം ഉരിയാടിയിട്ടില്ല. വിശപ്പടക്കാനോ മാന്യമായി നാണം മറയ്‌ക്കാനോ പോലും കഴിയാതെവരുമ്പോഴും ദൈവീകശക്തിയാല്‍ പ്രത്യക്ഷമാകുന്ന മകരവിളക്ക്‌ എന്ന മഹാത്ഭുദം നേരിട്ട്‌ കാണാനായി കാലുറിപ്പികയും അരയുറിപ്പികയും ചേര്‍ത്ത്‌ വെച്ച്‌ വര്‍ഷത്തിനൊടുവില്‍ വലിയ സ്വപ്‌നങ്ങളോടെ കേരളത്തിലേക്ക്‌ വണ്ടികയറുന്ന ആന്ധ്രയിലെയും കര്‍ണ്ണാകയിലെയും തമിഴ്‌നാട്ടിലെയും ഉള്‍നാടന്‍ ഗ്രാമീണരെ ഇനിയും നമ്മള്‍ പറ്റിച്ചുകൊണ്ടേ ഇരിക്കും. ദുരന്തങ്ങള്‍ക്ക്‌്‌ കാരണം വികനത്തിന്റെ പോരായ്‌മയാണെന്ന്‌ പരിതപിക്കും. ശബരിമലയെ ഒരു ഹൈടെക്‌ സിറ്റിയാക്കാമെന്ന്‌ സ്വപ്‌നം കാണും.



12 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ശബരിമലയില്‍ ഇതുപോലൊരു ദുരന്തം നടന്നത്‌. അതും മകരവിളക്കുമായി ബന്ധപ്പെട്ടുതന്നെ. അന്ന്‌ വിളക്കുകാണാനായി കാത്തുനിന്നിരുന്ന ജനക്കൂട്ടത്തിന്റെ തിരക്കില്‍ മണ്ണിടിഞ്ഞ്‌ 52 പേരാണ്‌ മരിച്ചത്‌. ഇനിയും അവര്‍ത്തിക്കാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പുകള്‍ അന്നേ ചിലര്‍ നല്‍കിയിരുന്നു. മകരവിളക്ക്‌ എന്ന തട്ടിപ്പിന്‌ ഇനിയെങ്കിലും അറുതിവരുത്തണമെന്ന്‌ സുഗതകുമാരി ടീച്ചര്‍ പരസ്യപ്രസ്‌താവനനടത്തുകയും ചെയ്‌തിരുന്നു. എന്നിട്ടും ഒന്നുമുണ്ടായില്ല. കാര്യങ്ങള്‍ പഴയപടി തന്നെ. കെ. എസ്‌. ഇ.ബി യും ദേവസ്വം ബോര്‍ഡും പോലീസും വനംവകുപ്പും ചേര്‍ന്ന്‌ പൊന്നമ്പലമേട്ടില്‍ തീകത്തിക്കുന്നു. സത്യത്തിന്റെ കാവലാളുകളായി സ്വയം പ്രഖ്യാപിച്ച ചാനലുകള്‍ അത്‌ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. പത്രങ്ങള്‍ അതിന്‌ വ്യാപകമായ പ്രചാരം നല്‍കുന്നു. എല്ലാവരും ലക്ഷ്യം വെയ്‌ക്കുന്നത്‌ ദ്രവ്യം തന്നെ. അതിനായി കൂടുതല്‍ കൂടുതല്‍ ആളുകള്‍ ശബരിമലയിലെത്തണം അതിന്‌ വേണ്ടി മകരവിളക്ക്‌ അന്തരീക്ഷത്തില്‍ സൃഷ്ടിക്കേണ്ടി വന്നാല്‍ അതും ചെയ്യും പുതിയ അയപ്പസേവകര്‍. അയ്യപ്പന്റെ പൂങ്കാവനമൊട്ടാകെ വെട്ടിത്തെളിയിച്ചാല്‍ അത്രയും നല്ലത്‌. യഥാര്‍ത്ഥഭക്തരും കാര്യമറിയാതെ ഈ തട്ടിപ്പുകള്‍ക്കും ശബരിമല വികസനം എന്ന പുതിയ ശരണമന്ത്രത്തിലും പെട്ടുപോകുന്നു. ശബരിമല ഒരു കാനനക്ഷേത്രമാണെന്നും അവിടത്തെ സന്ദര്‍ശനത്തിനും ആരാധനയ്‌ക്കും അതിന്റെതായ ചില മര്യാദകളുണ്ടെന്നതും വികസനമന്ത്രം നിരന്തരം കേട്ട്‌ നമ്മള്‍ മറന്നു പോയിരിക്കുന്നു.

പഴയ ചില ശബരിമലചിത്രങ്ങള്‍
പുതിയ ശബരിമല ഭക്തരൊന്നും പറഞ്ഞുകേള്‍ക്കാത്ത ഒന്നായിമാറിയിരിക്കുന്നു പുലിപ്പേടി. പുലിവാഹനനായ അയ്യപ്പന്റെ പൂങ്കാവനം ഇന്നൊരു ലോകപ്രശസ്‌തമായ കടുവാസങ്കേതമാണ്‌, എന്നിട്ടും. ശബരിമലയെക്കുറിച്ചുള്ള ആദ്യകാല കഥകള്‍ പങ്കുവെക്കുമായിരുന്നു പഴയ ഗുരുസ്വാമിമാര്‍. കാടുകള്‍ താണ്ടി പമ്പാ നദിക്കരയിലെത്തുന്നതും അവിടെ നിന്നും വീണ്ടും മലകള്‍ കയറിയിറങ്ങി ശബരി സന്നിധിയിലെത്തുന്നതും. കാടിലെ മൃഗങ്ങളുടെ കാല്‍പാടുകളില്‍, അവിപറക്കുന്ന അനപിണ്ടങ്ങളില്‍, രാത്രിയുടെ വന്യശബ്ദങ്ങളില്‍ പതറാതെ ശരണം വിളികൊണ്ടും വിശ്വാസം കൊണ്ടും തടസ്സങ്ങളെ മറികടന്ന്‌ സന്നിധാനത്തിലെത്തിച്ചേരുന്ന തീര്‍ത്ഥാടക സംഘങ്ങള്‍. അയ്യപ്പന്റെ പൂങ്കാവനത്തില്‍ നിന്നും ഒരു ചെറുമരം പോലും വെട്ടിമാറ്റാതെ ഉണക്കവിറകുകള്‍ മാത്രം ശേഖരിച്ച്‌ ഭക്ഷണം പാകം ചെയത്‌. സ്വശരീരം പോലെതന്നെ പൂങ്കാവനത്തെയും കണ്ട്‌ പരിപാലിച്ചു പോന്നിരുന്ന സ്വാമിമാര്‍. 41 ദിവസത്തെ വ്രതാനുഷ്ടാനങ്ങള്‍ തന്നെ വേണമായിരുന്ന ആ കൊടുകാട്‌ മറികടന്ന്‌ അയപ്പസന്നിധിയിലെത്താനുള്ള മാനസിക ബലം നേടിയെടുക്കാന്‍. ഓരോയാത്രയും കഴിഞ്ഞെത്തുന്നതോടെ മാനസികമായ പക്വതയും ദേഷ്യവൈരാഗ്യങ്ങളെ മറികടക്കാനുള്ള കഴിവും സ്വാത്ത്വികഗുണവും കൈവരുമായിരുന്നു അയ്യപ്പന്‍മാര്‍ക്ക്‌. ജാതിക്കും മതത്തിനും സാമൂഹ്യപദവിക്കും അപ്പുറം എല്ലാവരും സ്വാമിമാരായി മാറുന്ന ദൈവമായി മാറുന്ന ഈ ദൈവങ്കല്‍പ്പം തന്നെയായിരുന്നിരിക്കണം. ആദ്യകാലത്ത്‌ എല്ലാതടസ്സങ്ങളെയും മറികടന്ന്‌ ഇവിടെ എത്താന്‍ അവരെ പ്രേരിപ്പിച്ചിരുന്നതും. പൂര്‍ണ്ണ ആരോഗ്യവാന്‍മാര്‍ക്ക്‌ മാത്രം പറഞ്ഞിട്ടുള്ളതായിരുന്നു ശബരിമലയാത്ര. പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന കേരളത്തിന്റെ ദൈവസങ്കല്‍പ്പത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാതൃകയായിരുന്നു ശബരിമല. വിശ്വാ പരിസ്ഥിതി ബോധവും ഇത്രമേല്‍ പിണഞ്ഞു കിടക്കുന്ന മറ്റൊരു ക്ഷേത്രം നമുക്ക്‌ വേറെയില്ല. ശബരിമലയും ചുറ്റുപാടുമുള്ള മലനിരകളും കാടുകളുമൊക്കെ ചേര്‍ന്ന വലിയ ഒരു പ്രദേശം മുഴുവന്‍ അയ്യപ്പന്റെ വിഹാരഭൂമിയാണെന്നാണ്‌ വിശ്വാസം. പൂങ്കാവനം എന്നറിയപ്പെടുന്ന ഇതിന്റെ അവകാശികള്‍ അയ്യപ്പന്റെ തോഴരായ പുലികളും മറ്റ്‌ വന്യമൃഗങ്ങളും ഉള്‍പ്പെട്ട വലിയൊരു ജന്തുജാലവും കൂടിയാണ്‌. ശബരിമല ദര്‍ശത്തിന്റെ ആദ്യകാലം തൊട്ടുള്ള പ്രഥാനമര്യാദകളിലൊന്ന്‌ പൂങ്കാവനത്തിലെ സസ്യജന്തുജാലങ്ങള്‍ക്ക്‌ യാതൊരുവിധ ശല്യവും വരാതെ സൂക്ഷിക്കുക എന്നതാണ്‌. അവിടെയാണ്‌ വിശ്വാസത്തിന്റെ പുതിയ കാവലാളുകള്‍ കോണ്‍ക്രീറ്റ്‌ വികസനത്തിനുവേണ്ടി വനഭൂമിക്കായി മുറവിളികൂട്ടുന്നത്‌.



കച്ചവടവും മൂലധനവും
പഴയകാലത്ത്‌ കാട്ടുജാതിക്കാര്‍ നടത്തിവന്ന പെന്നമ്പലമേട്ടിലെ ദീപാരാധാന ഇന്നത്തെ രൂപത്തിലായി മാറിയത്‌ അതിന്റെ കച്ചവട സാധ്യതകള്‍ വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കുന്നതോടെയാണ്‌. ഇടക്കാലത്ത്‌ നിന്നുപോയ ഈ ആരാധന ദേവസ്വം ബോര്‍ഡും കെ.എസ്‌. ഇ.ബിയും ചേര്‍ന്ന്‌ പുന:രാരംഭിച്ചും. അത്‌ സ്വയംഭൂആണെന്ന്‌ പ്രചരിപ്പിച്ചു. തെറ്റിദ്ധാരണ പടരുന്നത്‌ കണ്ട്‌ 70 കളില്‍ യുക്തിവാദികളും പൊതുപ്രവര്‍ത്തകരും അതിനെതിരെ രംഗത്ത്‌ വന്നിരുന്നു. 1974 ല്‍ യുക്തിവാദികള്‍ മകരവിളക്ക്‌ തെളിയിക്കുന്ന പൊന്നമ്പലമേട്ടിലെ തറയ്‌ക്ക്‌ കുറച്ചപ്പുറത്തായി നിന്ന്‌ രണ്ടാമതൊരു അഗ്നികുണ്‌ഢം കൂടി തെളിയിച്ചു. അക്കൊല്ലം രണ്ടു മകരവിളക്കുകണ്ടുമടങ്ങി ഭക്തര്‍. പിറ്റേ വര്‍ഷം മുതല്‍ കുടുതല്‍ കരുതലോടെയും രഹസ്യസ്വാഭാവത്തോടെയും കൂടിയായി വിളക്ക്‌. ആ വര്‍ഷവും വിളക്കിന്റെ കള്ളത്തരം തുറന്നുകാട്ടാനെത്തിയ യുക്തിവാദികളെ പോലീസും ശബരിമലയെ സ്വന്തം കൈപ്പിടിയിലൊതുക്കാന്‍ കാത്തിരുന്ന പുതിയ ഹൈന്ദവസംരക്ഷകരും ചേര്‍ന്ന്‌ അടിച്ചോടിച്ചു. പിന്നെ പിന്നെ ആ മഹാതുത്ഭുതത്തിന്റെ കഥകള്‍ കേരളത്തിന്‌ പുറത്തേക്കും പരന്നുതുടങ്ങി. ഭക്തജനപ്രവാഹം ഒരു കാനനക്ഷേത്രത്തിനും താങ്ങാന്‍ കഴിയാത്ത രീതിയിലായി. ആളുകള്‍ ഏറിയതോടെ അടിസ്ഥാന സൗകര്യങ്ങള്‍ പോരെന്നായി. ഒരു ശബരിമല ഭക്തനും നാഗരികസൗകര്യങ്ങള്‍ തേടിയല്ല അവിടെ വന്നിരുന്നത്‌. അവരാരും പൂങ്കാവനും വെട്ടിത്തെളിയിച്ചുകൊണ്ട്‌ ഒരു വികസനം ആവശ്യപ്പെട്ടിരുന്നുമില്ല. കാലാകാലങ്ങളിലെ ദേവസ്വം ബോര്‍ഡ്‌ അധികാരികളും ശബരിമലയിലെ കരാറുലോബിയും ഹൈന്ദവവര്‍ഗ്ഗീയവാദികളും ചേര്‍ന്നുള്ള ഒരു കൂട്ടുകെട്ടാണ്‌ ശബരിമലയെ ഒരു കോണ്‍ക്രീറ്റ്‌ കാടായും പമ്പയെ മാലിന്യചാലാക്കിയും പൂങ്കാവനത്തെ പ്ലാസ്റ്റിക്ക്‌ കൂമ്പാരമാക്കിയും മാറ്റിയ ശബരിമല വികസനത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. അതിനായി ശബരിമലയിലെ പ്രകൃതിയിലൂന്നിയുള്ള പരമ്പരാഗത ദൈവസങ്കല്‍പ്പത്തേയും ആരാധനാസമ്പ്രദായങ്ങളേയും ആചാരക്രമങ്ങളേയും മാറ്റിമറിച്ചത്‌. അതിനായി ധനമോഹികളായ ദൈവജ്ഞരെ കൂട്ടുപിടിച്ചത്‌.

ഓരോ ഇടത്തിനും താങ്ങാവുന്ന ചില പരിധികളുണ്ട്‌ ശബരിമലയ്‌ക്ക്‌ ഉള്‍ക്കൊള്ളാവുന്ന ജനസാഗരത്തിനും ഒരു പരിധിയുണ്ട്‌. മകരവിളക്ക്‌ മനുഷ്യനിര്‍മ്മിതമാണെന്ന്‌ മനസ്സിലാക്കാത്ത സാധുക്കളാണ്‌ അന്നേ ദിവസം അവിടേക്ക്‌ മലകയറി എത്തുന്നവരില്‍ ഭൂരിപക്ഷവും വിളക്കിന്റെ സത്യവസ്ഥ അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. ശബരിമലയുടെ ചരിത്രവും പാരമ്പര്യവും മനസ്സിലാക്കാതെ ഒരു മെട്രോ നഗരത്തിന്റെ സൗകര്യങ്ങള്‍ തേടിയെത്തുന്നവരാണ്‌ ശബരിമലയുടെ മറ്റൊരു പ്രശ്‌നം. അവര്‍ക്കൊപ്പം പരസ്യവരുമാനവും പ്രേക്ഷകവര്‍ദ്ധനവും ലക്ഷ്യം വെക്കുന്ന ചാനലുകളും പില്‍ഗ്രിമേജ്‌ ടൂറിസത്തിന്റെ സാധ്യതകളിയുന്ന മനോരമാധി മാധ്യമങ്ങളും ചേരുന്നതോടെ ശബരിമല ദുരന്തം വിരല്‍ ചൂണ്ടേണ്ട യഥാര്‍ത്ഥ ദിശയില്‍ നിന്ന്‌ അകന്നു പോകുന്നു കാര്യങ്ങള്‍. ഇന്നത്തെ ചര്‍ച്ചകളുടെ ഗതിവെച്ച്‌ മിക്കവാറും കാര്യങ്ങള്‍ ഇനിയും ഇങ്ങനെയൊക്കെ തന്നെ പോകും മനുഷ്യര്‍ ഇനിയും മരിച്ചുവീഴും ഇവിടെ..
...............................................
ഒടുവില്‍ കിട്ടിത്‌..
മകരവിളക്കിന്റെ കള്ളക്കളികളെ പറ്റി ശാസ്‌തസാഹിത്യപരിഷത്ത്‌. ഇന്ത്യവിഷന്‍ സംഭവം ചര്‍ച്ചയാക്കുന്നു.... 

Thursday, September 9, 2010

നടക്കാതെ പോയ യാത്രകള്‍, നഷ്ടപ്പെട്ടുപോയ രേഖകള്‍

(ഫോട്ടോ : ദ്രുവരാജ്‌)
(വയനാട്‌ സ്‌മരണകളിലൂടെ)

 ഓര്‍മ്മകള്‍ക്ക്‌ ചില പക്ഷപാതിത്വങ്ങളുണ്ട്‌. അത്‌ ചിലതിനെ തെളിച്ചം കെടാതെ സൂക്ഷിക്കും മറ്റു ചിലതിനെ മുക്കാലും കുഴിച്ചുമൂടും നമ്മുടെ സ്വപ്‌നങ്ങളെ നമ്മുടെ ആഗ്രഹങ്ങളെ ഒക്കെ ചിലപ്പോഴത്‌ നമ്മുടെ ഭൂതകാലവുമായി കൂട്ടിയിളക്കും. ഏതാണ്‌ സത്യം ഏതാണ്‌ സ്വപ്‌നം എന്ന്‌ തിരിച്ചറിയാത്ത അവസ്ഥയിലേക്ക്‌ ചിലപ്പോഴെങ്കിലും അത്‌ നമ്മെ തന്നെ കൊണ്ടുചെന്നെത്തിക്കും. വയനാടിനെപ്പറ്റിയും അങ്ങിനെ ക്രമം തെറ്റി കിടക്കുന്ന കുറച്ച്‌ ഓര്‍മ്മകളാണ്‌ മനസ്സിലവശേഷിക്കുന്നത്‌. അടുക്കില്ലായ്‌മയുടെ ഒരലസ സുഖം അതിലൂടെ കടന്നുപോകുമ്പോള്‍ കിട്ടാറുണ്ട്‌ മനസ്സിന്റെ ആ വഴികള്‍ക്ക്‌ വെയിലടിക്കാതെ കരിയിലകള്‍ മൂടികിടക്കുന്ന ഒരു നാട്ടുവഴിയുടേയും അത്‌ ചെന്നെത്തുന്ന തുറസ്സിന്റെയും സൗന്ദര്യമാണുള്ളതെന്ന്‌ തോന്നാറുമുണ്ട്‌.

മൈസൂര്‌ നിന്നും തൃശ്ശൂരിലേക്കുള്ള രാത്രി യാത്രകള്‍. ഉറക്കത്തിനും ഉണര്‍വ്വിനുമിടയിലൂടെയുള്ളതായിരുന്നു അതത്രയും. 7.00 മണിയോടെ മൈസൂര്‌ സ്‌റ്റാന്റ്‌ വിടുന്ന കെ. എസ്‌. ആര്‍.ടി.സി ബസ്സിലാണ്‌ സ്ഥിരം യാത്ര. ഇടത്താവളമായ ഗുണ്ടല്‍പേട്ട്‌ നിന്ന്‌ ഭക്ഷണം കഴിച്ച്‌ കയറിയാല്‍ പിന്നെ എപ്പോഴും ഉറക്കത്തിലേക്ക്‌ വീഴാം. നാഗര്‍ഹോള നാഷണല്‍പാര്‍ക്കിനുള്ളിലൂടെയുള്ള കാട്ടുപാതയ്‌ക്കരികിലെ മൃഗസാന്നിധ്യം തേടി കണ്ണിമയിളകാതെയിരിക്കുന്നതിനിടയില്‍ എപ്പോഴെങ്കിലും അറിയാതെതന്നെ കണ്ണടയും. തലേന്നാളത്തെ ഒരു രാത്രി യാത്രയുടെയും ചെന്നപ്പട്ടണത്തെ പൊടിയും ചൂടും നിറഞ്ഞ ഒരു പകലിന്റെയും മുഴുവന്‍ ക്ഷീണവും കാണും മനസ്സിനും ശരീരത്തിനും. ഏകദേശം കാലിയായ പേഴ്‌സ്‌ പഴകിപ്പൊളിഞ്ഞ പഴയ മോഡലിലുള്ള ഒരു മൊബൈല്‍ ഫോണ്‍ ഭാരങ്ങളില്ലാതെ ഉറങ്ങാന്‍ തീര്‍ച്ചയായും ഇതൊക്കെ സഹായം തന്നെയാണ്‌. പിന്നെയുള്ളത്‌ പുറകിലെ സീറ്റിനടിയിലും ലഗേജ്‌ ബര്‍ത്തിലുമായി അടക്കിയിരിക്കുന്ന മരക്കളിപ്പാട്ടങ്ങള്‍ നിറച്ച തേയില ബാഗുകളാണ്‌. അത്‌ നാലുവര്‍ഷക്കാലത്തെ ദൈ്വവാര യാത്രകള്‍ക്കിടയില്‍ ഒരിക്കല്‍ പോലും മോഷണം പോയിട്ടുമില്ല. റോഡിലെ കുഴികളൊ കൊടും വളവുകളൊ ചിലപ്പോള്‍ ഉറക്കത്തില്‍ നിന്നും തിരിച്ചുവിളിക്കും. അങ്ങിനെ ഇടമുറിയുന്ന ഉറക്കം ചിലപ്പോഴൊക്കെ നാളെയുടെ അനിശ്ചിതത്ത്വത്തിലേക്ക്‌ മനസ്സിനെ കൊണ്ടുപോകും. ചിന്തകള്‍ക്കും ഓര്‍മ്മകള്‍ക്കും കാടുകയറാന്‍ തനിച്ചുള്ള യാത്രകളേക്കാള്‍ പറ്റിയ മറ്റൊരു അവസരമില്ലല്ലോ.

 













(ഫോട്ടോ : രവിതേജ)

വീണ്ടും തളര്‍ച്ചയും ക്ഷീണവും ചേര്‍ന്ന്‌ തലച്ചോറിനെ സുഷുപ്‌തിയിലേക്ക്‌ തള്ളിമാറ്റും. പിന്നെ ഉണരുന്നത്‌ മുത്തങ്ങ ചെക്ക്‌ പോസ്‌റ്റില്‍ വെച്ചാണ്‌. മുഖപരിചയമില്ലാത്ത ഫോറസ്‌റ്റുകാരാണെങ്കില്‍ കളിപ്പാട്ടസഞ്ചികള്‍ കുത്തിനോക്കും. ഒരു പക്ഷെ പിന്നീട്‌ സുല്‍ത്താന്‍ബത്തേരി സ്റ്റാന്റെത്തുന്നത്‌ അറിയും അല്ലെങ്കില്‍ പിന്നെ ഉണരുക ചുരമിറങ്ങുമ്പോഴായിരിക്കും. ഇത്തരം രാത്രിയാത്രയിലൊരിക്കലാണ്‌ നിലാവില്‍ കുളിച്ചുകിടക്കുന്ന വയനാട്‌ ചുരം കാണുന്നത്‌. ഉറക്കത്തിനും ഉണര്‍വ്വിനുമിടയില്‍ ഒരു സ്വപ്‌നം പോലെ. ഏറെ നേരമൊന്നും നീണ്ടു നിന്നില്ല മായികമായ ആ കാഴ്‌ച്ച. അതിനുമുന്‍പും അതിന്‌ ശേഷവും കണ്ടിട്ടുമില്ല ചുരത്തിന്റെ അത്തരമൊരു ദൃശ്യം.

കൃഷ്‌ണന്‍കുട്ടിയും റോബിനുമൊത്ത്‌ പദ്ധതിയിട്ടിരുന്ന ഒരു രാത്രി യാത്രയുണ്ടായിരുന്നു വയനാട്ടിലെ ചെമ്പ്രമുടിയിലേക്ക്‌ മലമുകളില്‍ തടാകക്കരയില്‍ വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളേയും കണ്ട്‌ തീകാഞ്ഞ്‌ നിലാവിലലിയുന്ന ഒരു രാത്രി. വയനാട്‌ ഡി.ടി.പി.സി യിലെ ഹരിയേട്ടന്‍ വേണ്ട സഹായങ്ങള്‍ ചെയ്‌തു തരാമെന്നേറ്റിരുന്നു. കൃഷ്‌ണന്‍ കുട്ടി പലപ്പോഴും തയ്യാറെടുപ്പുകള്‍ നടത്തിയതുമാണ്‌ എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട്‌ അത്‌ മുടങ്ങിപ്പോയി. തിരുനെല്ലിയിലെ തന്റെ സ്ഥലത്ത്‌ രണ്ടു ദിവസം തങ്ങാമെന്ന്‌ സേതു പറയാരുണ്ടായിരുന്നു അതും നടന്നിട്ടില്ല ഇതു വരെ. മറ്റൊരു യാത്ര പക്ഷിപാതാളത്തിലേക്കുള്ളതായിരുന്നു. ചന്ദ്രനും ചെങ്ങാല്ലൂരെ ഗ്രീഷയും ഡോ. അബ്ദുള്ളക്കുട്ടിയും കൃഷ്‌ണന്‍കുട്ടിയുമായിരുന്നു നടക്കാതെ പോയ ആ യാത്രയില്‍ പങ്കെടുക്കേണ്ടിയിരുന്നത്‌.













(ഫോട്ടോ : കൃഷ്‌ണന്‍കുട്ടിയുടെശേഖരത്തില്‍ നിന്ന്‌)

കൃഷ്‌ണന്‍കുട്ടി വയനാടിനോട്‌ വിടപറഞ്ഞു. ഗ്രീഷ ഒരു യാത്രയക്ക്‌ സമയം കണ്ടെത്താനാകാത്ത വിധം കുടുംബത്തിന്റെ ചെറുകള്ളിയിലേക്ക്‌ ഒതുങ്ങി മാറി. ചികിത്സയേക്കാള്‍ യാത്രയേയും ഫോട്ടോഗ്രാഫിയേയും സൗഹൃദങ്ങളേയുമൊക്കെ സ്‌നേഹിച്ചിരുന്ന അബ്ദുള്ളക്കുടി ഇപ്പോള്‍ ജൈവകൃഷി പരീക്ഷണങ്ങളുമായി നിലമ്പൂരിലാണെന്ന്‌ കേട്ടു. വയനാട്ടിലൂടെയുള്ള ഓരോ രാത്രി യാത്രയിലും നടക്കാതെ പോയ ഈ യാത്രകളുടെ നഷ്ടബോധം മനസ്സിലെത്തും. കണ്ടറിഞ്ഞ വയനാടിനേക്കാള്‍ മനോഹാരിതയുണ്ട്‌ ഇങ്ങനെ മനസ്സിലിട്ട്‌ കൊണ്ടുനടക്കുന്ന വയനാടിന്റെ ചില ചിത്രങ്ങള്‍ക്ക്‌.

പെണ്ണുട്ടി കദീജാബാനു എന്ന ഒരു തൂലികാ സുഹൃത്തുണ്ടായിരുന്നു മുന്‍പ്‌ വയനാട്ടില്‍ നിന്ന്‌. കര്‍ണ്ണാടകത്തിലൊരിടത്ത്‌ മദ്രസാധ്യാപകനായിരുന്ന ഒരുസ്‌താദിന്റെ ഏക സന്തതി. ജനിച്ചതും വളര്‍ന്നതും അവിടെയായതുകൊണ്ടുതന്നെ മലയാളം വലിയ വഴക്കമില്ല. വരയിട്ട നോട്ടുപുസ്‌തകത്തിന്റെ ചീന്തിയെടുത്ത പേജുകളില്‍ വലിയ അക്ഷരത്തില്‍ എവിടെയും കൂട്ടിമുട്ടാത്ത മലയാളത്തില്‍ കത്തുകളയച്ചിരുന്നു അവര്‍. ഓരോ കത്തിലും വയനാടന്‍ കാഴ്‌ച്ചകളെപ്പറ്റിയുള്ള വര്‍ണ്ണനകളുണ്ടായിരുന്നു. കേരളത്തിന്‌ പുറത്ത്‌ ജീവിച്ച്‌ സ്വന്തം മണ്ണിലേക്ക്‌, വേരുകളിലേക്ക്‌ തിരിച്ച്‌ വന്നതുകൊണ്ടായിരിക്കാം വയനാടിനെ അവരത്രമാത്രം സ്‌നേഹിച്ചിരുന്നത്‌. പിന്നീട്‌ പിതൃ സഹോദങ്ങളെ വിട്ട്‌ അവര്‍ കോഴിക്കോട്‌ - താമരശ്ശേരി റൂട്ടില്‍ നിന്ന്‌ ഉള്ളിലോട്ടു കയറിയുള്ള ഒരു ഗ്രാമത്തിലേക്ക്‌ താമസം മാറ്റി. താമസിക്കാതെ അവരുടെ വിവാഹവും കഴിഞ്ഞു. അതോടെ കത്തുകളും നിലച്ചു. വിവാഹത്തിന്‌ വെറും കൈയ്യോടെയാണ്‌ പോയത്‌. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം പ്രതീക്ഷിച്ചിരുന്നെന്ന്‌ പിന്നെ തോന്നി. അത്തരം ഔപചാരികതള്‍ / പതിവുകള്‍ അന്നത്തെ ഞങ്ങളുടെ കേരളീയം ജീവിതത്തിലുണ്ടായിരുന്നില്ല. ഉച്ചഭക്ഷണം പോലും ആര്‍ഭാടമായി കണ്ടിരുന്ന അക്കാലത്ത്‌ മനസ്സിലൂടെ അത്തരമൊരു ചിന്ത കടന്നുപോയതുമില്ല. വിവാഹശേഷം ഒരു തവണകൂടി കത്തുണ്ടായിരുന്നു.

(ഫോട്ടോ : കൃഷ്‌ണന്‍കുട്ടിയുടെ ശേഖരത്തില്‍ നിന്ന്‌)
അവരയച്ച കത്തുകളില്‍ വയനാട്‌ വിഷയമായി വരച്ച ചിത്രങ്ങളുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ ഒരു പ്രൈമറി സ്‌ക്കൂള്‍ കുട്ടിയുടെ വരകളായിരുന്നു അത്‌. അതിന്റെ നിഷ്‌കളങ്കതയും അത്‌ തരുന്ന സൗന്ദര്യവും അവക്കുണ്ടായിരുന്നു. നൂറ്റാണ്ടിനെ മറികടന്ന വീട്ടിലെ ചിതലിനെയും പൊടിയേയും വരുതിയിലാക്കുന്നതിന്റെ ഭാഗമായി തട്ടിന്‍പുറം ഒതുക്കുന്നതിനിടയില്‍ അവരുടേതുള്‍പ്പടെയുള്ള കത്തുകളുടെ വലിയൊരുശേഖരവും അഗ്നിക്ക്‌ വിട്ടുകൊടുത്തു. ആ വരവളും വരികളും കൈമോശം വരാതെ സൂക്ഷിക്കേണ്ടതായിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു.

(തുടരും)

Thursday, August 19, 2010

തെളിനീരുറവകള്‍..


(വയനാട്‌ സ്‌മരണകള്‍ തുടരുന്നു)

ആന്റണിയുടെ വിവാഹത്തോടനുബന്ധിച്ച്‌ നടന്ന സ്വീകരണ ചടങ്ങില്‍ പങ്കുകൊള്ളുവാന്‍ വേണ്ടിയാണ്‌ ഉറവില്‍ അവസാനമായി പോയത്‌. വെയിലിന്‌ തെളിമയേറും മുന്‍പെ തന്നെ തൃക്കൈപ്പറ്റ ബസ്സിറങ്ങി. പഴയ പണിശാലയുടെ സ്ഥലത്ത്‌ പുതിയ കെട്ടിടം. ഉറവിന്റെ പുതിയ ഓഫീസും ട്രെയിനിങ്ങ്‌ സെന്ററും ഗസ്റ്റുഹൗസുമൊക്കെ ചേര്‍ന്ന സമുച്ചയമാണ്‌. മുന്‍പില്‍ വൃത്താകൃതിയിലുള്ള വലിയൊരു പണിശാല. സുഹൃത്തുക്കളില്‍ ചിലര്‍ തലേന്നെ എത്തിയിരുന്നു. മറ്റു ചിലരുടെ വിളി വന്നു, യാത്രയിലാണ്‌. ഏറെ താമസിക്കാതെ ചടങ്ങുകള്‍ക്ക്‌ തുടക്കമായി. തൃക്കെപ്പറ്റ ഗ്രാമവാസികളും പ്രാദേശിക രാഷ്ടീയ പ്രവര്‍ത്തകരും പലയിടങ്ങളില്‍ നിന്നുമായി എത്തിയ ആന്റണിയുടെയും ഉറവിന്റെയും സുഹൃത്തുക്കളും വയനാട്ടിലെ സാമൂഹ്യപ്രവര്‍ത്തകരും ഒക്കെയടങ്ങിയ ചെറുതല്ലാത്ത ഒരു സദസ്സ്‌. വിവാഹം തലേന്നാളായിരുന്നു കോഴിക്കോട്‌ വധുവിന്റെ വീട്ടില്‍ വെച്ച്‌. ഉറവിന്റെ പ്രവര്‍ത്തകരുടെ സംഘഗാനത്തോടെ തുടങ്ങിയ ലളിതമായ പരിപാടികള്‍ തുടര്‍ന്ന്‌ ഭക്ഷണം.















ആന്റണി സന്തോഷവാനായിരുന്നു. വന്നു കയറുന്ന സുഹൃത്തുക്കളെ കൈവീശി അഭിവാദ്യം ചെയ്‌തും ഓരോരുത്തരെയായി തന്റെ പങ്കാളിക്ക്‌ പരിചയപ്പെടുത്തിയും ചെറുതമാശകളില്‍ പങ്കുചേര്‍ന്നും മാറ്റങ്ങളേതുമില്ലാതെ നിറചിരിയുമായി ആന്റണി നിന്നു. വൈകി കടന്നു വന്ന വിവാഹമാണ്‌ ആന്റണിയുടേത്‌. അവിവാഹിതരുടെ സംഘടനയുടെ സെക്രട്ടറി സ്ഥാനമാണ്‌ സുഹൃത്തുക്കള്‍ ആന്റണിക്ക്‌ കല്‍പ്പിച്ച്‌ നല്‍കിയിരുന്നത്‌ പ്രസിഡന്റ്‌ കറന്റ്‌ ബുക്ക്‌സ്‌ ജോണി. പതുക്കെ സംഘത്തിലെ ഓരോരുത്തരായി വിവാഹിതരായി. തൃശ്ശൂര്‍ മഞ്‌ജുളാലിന്‌ അഭിമുഖമായുള്ള കറന്റ്‌ മൂലയില്‍ നിന്ന്‌ മുന്നിലൂടെ കടന്ന്‌ പോയിക്കൊണ്ടിരിക്കുന്ന നിറയൗവനങ്ങളെ നോക്കി ആന്റണി ജോണിയോട്‌ പറഞ്ഞത്രെ "നമ്മുടെയൊക്കെ ഒരു യോഗം" ഇതേപേരിലുള്ള യു.കെ.കുമാരന്റെ പുസ്‌തകം വേണമെന്നാണ്‌ ആന്‌റണി പറയുന്നത്‌ എന്ന്‌ കരുതിയ ജോണി സുധാകരനെ വിളിച്ച്‌ പുസ്‌തകം സ്റ്റോക്കുണ്ടോ എന്ന്‌ ചോദിച്ചു എന്ന കഥ ആരോ പുറത്തെടുത്തിട്ടു.

1996 ലാണ്‌ ആന്റണിയും സുനീഷും ദിരാറും കൃഷ്‌ണന്‍ക്കുട്ടിയും ചുരം കയറി വയനാട്ടിലെത്തുന്നത്‌. ഒപ്പം കോഴിക്കോട്ടുകാരനായ ശിവരാജും സുരേന്ദ്രനും. ബാബുരാജ്‌ തൃക്കെപ്പറ്റക്കാരന്‍ തന്നെയായിരുന്നു. പരിസ്ഥിതിക്ക്‌ ഹാനികരമാകാതെ എങ്ങിനെ പ്രാദേശിക തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്ന ചെറുകിട നിര്‍മ്മാണ മേഖലയിലേക്ക്‌ കടക്കാം എന്നതായിരുന്നു അവരുടെ മുന്‍പിലുള്ള വെല്ലുവിളി. നാമാവിശേഷമായി ക്കൊണ്ടിരിക്കുന്ന ഗ്രാമീണകൈവേലകളെ സാഹചര്യങ്ങള്‍ക്കനുസൃതമായി പുനരുജ്ജീവിപ്പിക്കുക എന്ന അന്വേഷണം അവസാനിക്കുന്നത്‌ ഉറവ്‌ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിലായിരുന്നു.


വിനാശത്തിലേക്ക്‌ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന വികസനത്തിന്‌ തിരുത്തുമായി വേറെയും അന്വേഷണങ്ങള്‍ നടക്കുകയും ജനകീയ ബദലുകള്‍ രൂപപ്പെടുകയും ചെയ്‌ത കാലം. അട്ടപ്പാടിയില്‍ ഗോപാലകൃഷ്‌ണന്‍ മാഷും വിജയലക്ഷി ടീച്ചറും ചേര്‍ന്ന്‌ തുടങ്ങിയ 'സാരംഗ്‌ ' ജലസംരക്ഷണപ്രവര്‍ത്തനങ്ങളിലും ജൈവകൃഷിയിലും ബദല്‍ വിദ്യാഭ്യാസത്തിലുമൊക്കെ പുതിയ കാല്‍വെപ്പുകള്‍ നടത്തുന്നു. കൊച്ചിയില്‍ ജേക്കബ്‌ വടക്കുംചേരി 'അരുവി കുരുവി പൂങ്കുരുവി ' ആരോഗ്യഹോട്ടല്‍ സ്ഥാപിച്ച്‌ നല്ലഭക്ഷണം, ആരോഗ്യം, പ്രകൃതിജീവനം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. ലീലാമേനോന്റെ ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌ ലേഖനത്തിലൂടെ കേരളമറിഞ്ഞ അരുവാക്കോട്‌ മെക്കാനിക്കല്‍ എഞ്ചിനീയറും അഹമ്മദാബാദ്‌  നാഷണല്‍ ഇന്‍സ്‌റ്റിറ്റിയുട്ട്‌ ഓഫ്‌ ഡിസൈനിലെ വിദ്യാര്‍ത്ഥിയുമായ ജിനന്‍ 'കുഭം' എന്ന സംഘടന രൂപീകരിച്ച്‌ കളിമണ്ണിന്റെ അനന്ത സാധ്യതകള്‍ തുറന്നു കാണിക്കുന്നു. സി. പി. ഗംഗാധരന്‍മാഷ്‌ 'ഒറ്റവൈക്കോല്‍ വിപ്ലവം' മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്യുന്നു. അങ്ങിനെ ഒരു പുതു സമൂഹ നിര്‍മ്മിതിക്കുവേണ്ടിയുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ്‌ ഉറവും. മുള എന്ന പ്രാദേശികമായി ലഭ്യമാകുന്ന കൃഷി ചെയ്‌ത്‌ ഉണ്ടാക്കാവുന്ന അസംസ്‌കൃത വസ്‌തു ഉപയോഗിച്ച്‌ പുതിയൊരു ലോകം സൃഷ്ടിച്ചു കാണിച്ചു ഉറവ്‌. വര്‍ഷങ്ങള്‍ക്കിപ്പുറത്തു നില്‍ക്കുമ്പോള്‍ ഉറവ്‌ ഏറെ ദൂരം മുന്നോട്ട്‌ പോയിരിക്കുന്നു.

ലളിതമായ വിവാഹസദ്യയില്‍ പങ്കുകൊണ്ടതിന്‌ ശേഷം അട്ടപ്പാടി ഫ്രാന്‍സിസേട്ടന്റെയും 'കേരളീയം' റോബിന്റെയും നേതൃത്ത്വത്തില്‍ ഉറവിന്റെ മുള നേഴ്‌സറി കാണാന്‍ യാത്രയായി. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുളയിനങ്ങള്‍ നട്ടുവളര്‍ത്തിയിരിക്കുന്നു അവിടെ. പല തരത്തിലുള്ള പച്ചകളുടെ മനോഹരമായ ഒരു കാഴ്‌ച്ച. അതിരിലായി വലിയ മുളങ്കൂടുകള്‍, അതിനപ്പുറം ചെറിയൊരു വെള്ളച്ചാല്‍ പിന്നെ വയല്‍ തുടങ്ങുന്നു. മുളന്തലപ്പുകളില്‍ കാറ്റടിക്കുന്നുണ്ടായിരുന്നു. ആ പച്ചമേലാപ്പിനു താഴെ നില്‍ക്കുമ്പോഴും കാഠിന്യം ഏറി വരുന്ന വയനാട്ടിലെ ചൂട്‌ അനുഭവപ്പെടുണ്ടായിരുന്നു. മുളയിലകള്‍ മെത്തവിരിച്ച ഇടവഴിയിലൂടെ ഞങ്ങള്‍ നടന്നു. വയനാടിന്റെ കാലാവസ്ഥ വ്യതിയാനത്തെ പറ്റി, പുതിയ ടൂറിസം തരംഗത്തെപ്പറ്റി, ചൂടുപിടിക്കുന്ന ആദിവാസി ഭൂമി പ്രശ്‌നത്തെപ്പറ്റി, കാര്‍ഷികപ്രതിസന്ധിയെപ്പറ്റി, വര്‍ക്കിയേട്ടന്റെ നേതൃത്വത്തിലുള്ള ഫാര്‍മേഴ്‌സ്‌ റിലീഫ്‌ ഫോറം പ്രവര്‍ത്തനെങ്ങളെപ്പറ്റി,...... ചന്ദ്രന്‍ പറഞ്ഞുകൊണ്ടിരുന്നു. വയനാട്ടിലെ ആദ്യകാല പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന മാധവന്‍നായരുടെ മകനായ ചന്ദ്രന്‌ വയനാടിന്റെ ഓരോ മിടിപ്പും അറിയാം. വയനാട്‌ 'നേതി ' ഫിലിം സെസൈറ്റി പ്രവര്‍ത്തനങ്ങളും എം. എല്‍ രാഷ്ടീയവും 'പാഠഭേദം' പ്രവര്‍ത്തനവും വിപുലമായൊരു സൗഹൃദവലയുമൊക്കെയായി തൃശ്ശൂര്‍ കേരളവര്‍മ്മയിലെ പഠനകാലത്തൊഴികെ ചന്ദ്രന്‍ വയനാട്ടിലെ സാമൂഹ്യജീവിത രംഗത്ത്‌ നിറഞ്ഞുനിന്നു. ഒടുവില്‍ വയനാട്‌ കലക്ട്രേറ്റില്‍ തന്നെ ഗുമസ്ഥനായി ജോലിയില്‍ പ്രവേശിച്ചു. ഒരു കാലത്ത്‌ ചുരം കയറിയെത്തുന്ന എതൊരു സാമൂഹിക പ്രവര്‍ത്തകന്റെയും അഭയകേന്ദ്രമായിരുന്നു ചന്ദ്രന്റെ കല്‍പ്പറ്റയിലെ വീട്‌. കുടുംബപരമായ ചില കാരണങ്ങളാല്‍ തൃശ്ശൂരടുത്തുള്ള ചേര്‍പ്പിലേക്ക്‌ താമസം മാറ്റിയെങ്കിലും മാസത്തിലൊരിക്കലെങ്കിലും വയനാട്‌ വന്നുപോകുന്നു ചന്ദ്രന്‍.
















മുളകൊണ്ടുള്ള ഭക്ഷണ സാധനങ്ങളുണ്ടാക്കുന്ന നിര്‍മ്മാണ യുണിറ്റിലേക്കാണ്‌ പിന്നീട്‌ ഞങ്ങളെത്തിയത്‌. മുളക്കൂമ്പുകൊണ്ടുള്ള അച്ചാറിന്റെ പാക്കിങ്ങ്‌ നടന്നുകൊണ്ടിരിക്കുകയായിരുന്നു അവിടെ. മുളയരികൊണ്ടുള്ള ഭക്ഷ്യവസ്‌തുക്കളും മുളക്കൂമ്പുകൊണ്ടുള്ള കൊണ്ടാട്ടമടക്കമുള്ള വസ്‌തുക്കളും പണിപ്പുരയിലുണ്ട്‌. മടങ്ങും വഴി സുനീഷിന്റെ വീട്ടില്‍ കയറി. കുരിയിച്ചിറക്കാരനായ സുനീഷ്‌ തന്റെ നല്ല പാതിയെ കണ്ടെത്തിയത്‌ തൃക്കൈപ്പറ്റയില്‍ നിന്നുതന്നെയാണ്‌. ലൈല. കൃഷന്‍കുട്ടിയും വനിതയും ഒരേ സമയം തന്നെ സര്‍ക്കാര്‍ ജോലിക്കാരായി വയനാടിന്റെ പടിയിറങ്ങി. ദിരാര്‍ അഹാഡ്‌സിന്റെ ഡെപ്യൂട്ടി ഡയറക്ടറായി അട്ടപ്പാടിയിലേക്ക്‌ പോയി. സുരേന്ദ്രന്‍ ഹിന്ദുവിലെ ജോലി വേണ്ടെന്നു വെച്ച്‌ ഉറവിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. മറ്റൊരാളുടെ അസാന്നിധ്യം ഇതിനിടയിലും എല്ലാവരുടെയും വേദനയായി. ശിവരാജിന്റെ ജീവിത സഖിയായിരുന്ന ശ്രീലത. അര്‍ബുദത്തിന്‌ കീഴടങ്ങി ഉറവിനോടും ലോകത്തോടും യാത്ര പറഞ്ഞു അവര്‍. ശിവരാജ്‌ പൂര്‍ണ്ണമായും മുളയുടെ ലോകത്തായിരിക്കുന്നു. ബാജുരാജും വിനോദും ബിജുവും പൂര്‍ണ്ണമായും ഉറവിനോടൊപ്പം. പിന്നെ കുറെ നല്ല സുഹൃത്തുകളും ഒരു കമ്മ്യൂണ്‍ പോലെ മുന്നോട്ട്‌ നീങ്ങുന്നു ഉറവ്‌. സ്ഥാപനവല്‍ക്കരണം സൃഷ്ടിച്ചേക്കാവുന്ന യാന്ത്രികത ഉറവിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചപോലെ തോന്നിയില്ല. സ്‌നേഹസൗഹൃദങ്ങളുടെ തുടര്‍ച്ചകളും മുന്നിലുള്ള മഹത്തായ ഒരു ലക്ഷ്യവും പ്രവര്‍ത്തകരുടെ ഒത്തൊരുമയും ഒരു വടവൃക്ഷമായി പടരാന്‍ ഉറവിനെ സഹായിക്കുന്നുണ്ടാകണം.


ഒരു ആധൂനികോത്തര ബിസിനസ്സ്‌ സ്ഥാപനം എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഉറവിനെതിരെ ഉന്നയിക്കുന്നവരുണ്ട്‌. ഉറവിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങളിലൊന്ന്‌ ആദിവാസിജനവിഭാഗങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനമായിരുന്നു. കാര്‍ഷിക പ്രതിസന്ധികൊണ്ട്‌ നട്ടം തിരിയുന്ന വന്തവാസികളില്‍ നല്ലൊരു വിഭാഗത്തിന്‌ അത്താണിയാണെങ്കിലും അസംസ്‌കൃത വസ്‌തുക്കളുടെയും വനവിഭവങ്ങളുടെയും ശേഖരണത്തിലൊഴിച്ചാല്‍ ആദിവാസികളുടെ പങ്കാളിത്തം ഉണ്ടാക്കിയെടുക്കാനും അവര്‍ക്ക്‌ തൊഴില്‍ ലഭ്യത ഉറപ്പുവരുത്താനും എത്രമാത്രം ഉറവിന്‌ കഴിഞ്ഞിട്ടുണ്ട്‌ ?. ഇനിയും മറികടക്കേണ്ട ഈ കടമ്പകള്‍ക്കിടയിലും ഉറവ്‌ തീര്‍ച്ചയായും നല്ലൊരു മാതൃക തന്നെയാണ്‌. സ്വന്തം ജീവിതം വില കൊടുത്ത്‌ നാടിന്‌ വേണ്ടി പ്രവര്‍ത്താക്കാന്‍ ഇറങ്ങിയ കുറച്ച്‌ ചെറുപ്പക്കാര്‍ കാണിച്ചുകൊടുത്ത ഒരു സുസ്ഥിര മാതൃക. മണ്ണിന്റെ മണവും വിയര്‍പ്പിന്റെ പുളിരസവുമുള്ള അടിസ്ഥാനതല സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഒരു കാലഘട്ടം അവസാനിച്ചുകൊണ്ടിരിക്കുകയും മിനറല്‍വാട്ടര്‍ ബോട്ടിലും എം. എസ്‌. ഡബ്ലു ബിരുദവുമായി സോഷ്യല്‍ വര്‍ക്കിനിറങ്ങുന്ന ഒരു പുതുതലമുറ വ്യാപകമാകുകയും, സാമൂഹ്യപ്രവര്‍ത്തനം മത - വര്‍ഗീയ - തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മറയാകുകയും ചെയ്യുന്ന ഇക്കാലത്ത്‌ ഇത്തരം മാതൃകകള്‍ തീര്‍ച്ചയായും നിലനില്‍ക്കേണ്ടതുണ്ട്‌.


ഏറെക്കാലത്തെ സ്വപ്‌നമായ വീട്‌ യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്നറിയിച്ച്‌ കുറച്ചു നാളുകള്‍ക്ക്‌ മുന്‍പ്‌ സുനീഷിന്റെ കുറിപ്പുണ്ടായിരുന്നു. അടുത്ത തവണത്തെ വയനാട്‌ യാത്രയില്‍ തീര്‍ച്ചയായും ഉറവില്‍ കയറണം. അവിടത്തെ പുതിയ പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും ഉല്‍പ്പന്നങ്ങളും കാണണം. സുഹൃത്തുക്കളുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കണം. തളര്‍ച്ചയറിയാത്ത ഉറവിന്റെ പ്രവര്‍ത്തകരില്‍ നിന്ന്‌ കുറച്ച്‌ ഊര്‍ജ്ജം കടം കൊള്ളണം...

(തുടരും)

Saturday, July 31, 2010

മേപ്പാടി ദിനങ്ങള്‍

(ഫോട്ടോ : ഫിജിന്‍ ജേക്കബ്‌)
(വയനാട്‌ സ്‌മരണകള്‍ തുടരുന്നു....)

ടമുറിയാതെ പെയ്യുന്ന ഒരു ഞാറ്റുവേലക്കാലത്താണ്‌ ഗോകുലേട്ടനും ഗീതേച്ചിക്കുമൊപ്പം മേപ്പാടിയിലെത്തുന്നത്‌. രാവിലെ കുന്നംകുളത്തുനിന്ന്‌ വെളുപ്പിന്‌ പുറപ്പെടുമ്പോഴെ കനത്ത മഴയുണ്ട്‌. കുറ്റിപ്പുറം പാലത്തിനു കീഴെ നിള കലങ്ങി മറഞ്ഞ്‌ നിറഞ്ഞൊഴുകുന്നു. ഉച്ചഭക്ഷണം വിശപ്പുതുടങ്ങുന്നതിനും മുന്‍പായി കോഴിക്കോട്ടെ ഗോകുലിന്റെ വീട്ടില്‍ നിന്ന്‌. കല്ലുമ്മക്കായുടെ രുചിയറിയുന്നതും അന്നാണ്‌. മലബാറിന്റെ തനത്‌ വിഭവങ്ങളൊക്കെ തികഞ്ഞ കൈപുണ്യത്തോടെ തയ്യാറാക്കി എടുക്കുമായിരുന്നു ആ അമ്മ.

ലക്കിടി-കല്‍പ്പറ്റ റൂട്ടില്‍ വൈത്തിരി നിന്ന്‌ ഉള്ളിലേക്ക്‌ മാറിയാണ്‌ മേപ്പാടിയിലെ റിപ്പണ്‍ ടീ എസ്‌റ്റേറ്റ്‌. സ്ഥാപകനായ സായിപ്പിനെ ഓര്‍മ്മപ്പെടുത്തുന്നതാകണം ആ പേര്‌. അന്ന്‌ ഒരു ബംഗാളി ഗ്രൂപ്പിന്റെ അധീനതയിലായിരുന്നു കമ്പനി. ഗോകുലവിടെ എസ്റ്റേറ്റ്‌ ഡോക്ടറായി ജോലിചെയ്യുന്നു. ഉപരിപഠനസാധ്യതകളും സ്വകാര്യപ്രാക്ടീസുമൊക്കെ വേണ്ടെന്ന്‌ വെച്ച്‌, കോഴിക്കോട്ടങ്ങാടിയുടെ ബഹളങ്ങളോടും രാഷ്ടീയ പ്രവര്‍ത്തനത്തിലുള്ള താല്‍പര്യത്തോടും വിട പറഞ്ഞ്‌, വായനയും ഉറക്കവുമൊക്കെയായി അങ്ങിനെ.


തേയിലത്തോട്ടങ്ങളുടെ ഉയര്‍ച്ച താഴ്‌ച്ചകള്‍ക്കിടയിലുള്ള മനോഹരമായ ഒരു കുന്നിന്‍ മുകളിലാണ്‌ പഴയ കൊളോണിയല്‍ ശൈലിയിലുള്ള ബംഗ്ലാവ്‌. കരിങ്കല്ലുകൊണ്ടുള്ള ചുമരുകള്‍. വെളുത്ത ചായം തേച്ച മരത്തിന്റെ ചട്ടകുടോടുകൂടിയ ചില്ലുജാലകങ്ങളും വാതിലുകളും. വീടിനുള്ളില്‍ തന്നെ തീകായാനുള്ള നെരിപ്പോട്‌. വൈവിധ്യാമാര്‍ന്ന പനിനീര്‍ പുഷ്‌പങ്ങളും മറ്റ്‌ ചെടികളും നിറഞ്ഞ വര്‍ണ്ണാഭമായ പൂന്തോട്ടം സുതാര്യമായ ജനല്‍ കര്‍ട്ടനുകള്‍ അതിനുമപ്പുറം കട്ടികര്‍ട്ടന്‍ കൊണ്ടുള്ള മറ്റൊരാവരണം. മുറ്റം അവസാനിക്കുന്നിടത്തുനിന്ന്‌ ചെറിയൊരു താഴ്‌വാരം. സില്‍വര്‍ ഓക്ക്‌ മരങ്ങള്‍, തേയില തോട്ടങ്ങള്‍ അങ്ങകലെ വെറൊരു കുന്നത്ത്‌ അതുപോലെയുള്ള മറ്റൊരു ബംഗ്ലാവ്‌. പഴയബ്രിട്ടീഷ്‌ മാടമ്പിവാഴ്‌ച്ചക്കാലത്തെ ആചാരപരമായ ചില ശേഷിപ്പുകള്‍ അന്നും ചെറിയതോതിലെങ്കിലും നില നിന്നിരുന്നു ഈ എസ്‌റ്റേറ്റുകളില്‍.

ജനറല്‍ മാനേജര്‍ക്കും മാനേജര്‍മാര്‍ക്കുമുള്ളതാണ്‌ മറ്റ്‌ ബംഗ്ലാവുകള്‍. നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള അവയോരൊന്നും തികഞ്ഞ സൗന്ദര്യരാധകരമായ വാസ്‌തുശില്‌പികളാല്‍ സ്ഥാനം നിര്‍ണ്ണിയിപ്പിച്ച്‌ പണിതീര്‍ത്തവയാവണം. കട്ടിയുള്ള ജനല്‍ കര്‍ട്ടനുകള്‍ മാറ്റി കിടക്കിയിലിരുന്നാല്‍ സുതാര്യമായ ചില്ലുജാലകങ്ങള്‍ക്കപ്പുറം കാറ്റിനും മഴയ്‌ക്കും മഞ്ഞിനും നിലാവിനുമൊക്കെ അനുസരിച്ച്‌ രൂപം മാറിവരുന്ന മറ്റൊരു ലോകം കാണം. ആ അവധി ദിവസങ്ങളില്‍ അവിടെ ഇരുന്നാണ്‌ ഏകാന്തതയുടെ നൂറ്‌ വര്‍ഷങ്ങള്‍ വായിക്കുന്നത്‌. ഒരു മായാലോകത്തുനിന്ന്‌ മറ്റൊന്നിലേക്ക്‌.

ഗീതേച്ചിക്കും ഗോകുലേട്ടനും പുറമെ അന്നവിടെ ഉണ്ടായിരുന്നത്‌ ഗോകുലിന്റെ മുത്തശ്ചിയാണ്‌. ചിട്ടയായ ജീവിതശൈലി കൊണ്ടാവണം പ്രായം അതിനനുസരിച്ച്‌ ബുദ്ധിമുട്ടിച്ചിരുന്നില്ല അവരെ. അടുക്കളയുടെ മേല്‍നോട്ടവും വീടിന്റെ വൃത്തിയും പരിപാലനവുമൊക്കെ അവരുടെ മേല്‍നോട്ടത്തിലായിരുന്നു. അടുക്കളജോലിക്ക്‌ ഒരാളുണ്ട്‌, തോട്ടത്തിലെ ജോലികള്‍ക്ക്‌ മറ്റൊരാള്‍, വീടുകാവലിന്‌ വേറൊരാള്‍. പഴയ ബ്രിട്ടീഷ്‌ വാഴ്‌ച്ചയുടെ കാലം തോട്ടങ്ങളില്‍ നിന്ന്‌ പൂര്‍ണ്ണമായി മാഞ്ഞുപോയിരുന്നില്ല അന്നും. പഴയ ശൈലിയിലുള്ള പാര്‍ട്ടികളും നൃത്ത വിരുന്നുകളും അവിടെ തുടര്‍ന്നുപോന്നു. കീഴ്‌ ജീവനക്കാരില്‍ നിന്ന്‌ അകലം പാലിച്ചു. വെറുപ്പുള്ളവാക്കുന്ന അച്ചടക്കവും കുലീനത്വവും തുടര്‍ന്നു പോന്നു. ജീവിതശൈലികളിലും പെരുമാറ്റത്തിലും ആചാരമര്യാദകളിലും പഴയകാലത്തെ അനുകരിക്കാന്‍ ശ്രമിച്ചു.

അതിലൊന്നും ഇടപെടാതെ പുസ്‌തകങ്ങളും രോഗികളുമായി ഒരു ഡോക്ടറെന്ന നിലയില്‍ മാത്രം ഒതുങ്ങി ജീവിച്ചുപോന്നു ഗോകുലന്ന്‌. ചില കാലങ്ങളിലൊഴിച്ചാല്‍ വലിയ ജോലിയൊന്നുമില്ല പിന്നെ പരിചയസമ്പന്നരായ സഹായികള്‍. തോട്ടം തൊഴിലാളികള്‍ക്ക്‌ പ്രിയപ്പെട്ടവനായിരുന്നു അന്നദ്ദേഹം. ജനതാപാര്‍ട്ടിക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചുപോന്ന ഒരു കാലത്തുനിന്നാണ്‌ ഗോകുല്‍ വരുന്നത്‌. അരങ്ങില്‍ ശ്രീധരനും നാണുവും പോലുള്ള സോഷ്യലിസ്‌റ്റുകളുടെ ഉറച്ച അനുയായിയായിരുന്ന ഒരു ഭൂതകാലം വിട്ട്‌.

മലബാര്‍ ക്രിസ്‌റ്റിയന്‍ കോളേജിലും കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലും പഠനത്തോടൊപ്പം തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയവും കൊണ്ടു നടന്നു ഗോകുല്‍. ഒടുവില്‍ ഗ്രൂപ്പ്‌ കളികളില്‍ ഇഷ്ടനേതാക്കള്‍ പുറംതള്ളപ്പെടുന്നതുകണ്ട്‌ ആ രംഗം വിട്ടു. രാഷ്ടീയ പ്രവര്‍ത്തനകാലത്തെ ജനകീയ ബന്ധം തന്റെ ജോലിയിലും ഗോകുലിനെ സഹായിച്ചു പോന്നു. രോഗികളുടെ പശ്ചാത്തലവും ജീവിതവും മനസ്സിലാക്കാനും അവരുടെ വിശ്വാസം നേടിയെടുക്കാനും അയാള്‍ക്കായി. ഔപചാരിക സൗഹൃദങ്ങള്‍ക്കപ്പുറം തോട്ടത്തിലെ മറ്റ്‌ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി അടുത്ത സൗഹൃദവും ഗോകുലിനുണ്ടായിരുന്നതായി തോന്നിയില്ല.

രാവിലെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞാല്‍ പിന്നെ മുന്‍വരാന്തയിലിരുന്ന്‌ പത്രം വായനയാണ്‌. മഴയില്ലെങ്കില്‍ കോടയുണ്ടാകും. വെളുത്ത പഞ്ഞിക്കെട്ടുകള്‍ പോലെ മേഘങ്ങള്‍ ഒഴുകിവരും. കണ്‍മുന്നിലെ തേയിലത്തോട്ടങ്ങള്‍ നോക്കിയിരിക്കെ കാഴ്‌ച്ചയില്‍ നിന്നും മറയും. മുറ്റത്തെ അതിര്‍ത്തിയിലെ പൂമരമാകും പിന്നെ കാണാതാകുക. പിന്നെ പുല്‍തകിടിയിലെ ഇരുമ്പൂഞ്ഞാല്‍, പിന്നെ നമ്മളും അതിനുള്ളിലാകും. രാവിലത്തെ ഭക്ഷണവും ഉച്ചക്കുള്ള പാചകവും തീര്‍ന്ന്‌ മുത്തശ്ശിയും ഗീതേച്ചിയും ഉറക്കറകളിലേക്ക്‌ പിന്‍വാങ്ങിയിരിക്കും. മുത്തശ്ശി ഉച്ചയ്‌ക്ക്‌ മുന്‍പായി ഉറങ്ങാറില്ല. എന്തെങ്കിലുമൊക്കെ നെയ്‌തുകൊണ്ടിരിക്കും അല്ലെങ്കില്‍ വായിക്കും. ഗോകുലിന്‌ ചെറുതല്ലാത്ത വൈവിധ്യമാര്‍ന്ന ഒരു പുസ്‌തകശേഖരം സ്വന്തമായുണ്ടായിരുന്നു. ദല്‍ഹി ദൂരദര്‍ശന്റെ കൃഷിദര്‍ശനില്‍ തുടങ്ങുന്ന ഹിന്ദിപരിപാടികള്‍ക്കപ്പുറം ടെലിവിഷന്‍ അന്ന്‌ ശൂന്യമാണ്‌ അതാകട്ടെ തോട്ടത്തില്‍ കിട്ടിയിരുന്നുമില്ല.

വടക്കേ മലബാറിലെ ബ്രിട്ടീഷ്‌ സിലബസ്സിലുള്ള മിഷനറി സ്‌ക്കൂളിലാണ്‌ മുത്തശ്ശി പഠിച്ച്‌ വളര്‍ന്നത്‌. വര്‍ഷങ്ങള്‍ക്കപ്പുറം  താനംഗമായിരുന്ന വനിത ക്രിക്കറ്റ്‌ ടീമിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവര്‍ പങ്കുവെക്കുമായിരുന്നു. തികഞ്ഞ ആഡ്യത്ത്വത്തോടൊപ്പം പഴയൊരു മലബാറുകാരിയുടെ ഗ്രാമീണമായ ലാളിത്യവും അവരുടെ ഓരോ ചലനങ്ങളിലുമുണ്ടായിരുന്നു. ദൃഡതയാര്‍ന്ന വ്യക്തിത്വത്തില്‍ സ്‌നേഹവും അച്ചടക്കവും സര്‍വ്വചരാചരങ്ങളോടുമുള്ള കരുണയും ഒരേ സമയം നിറഞ്ഞുനിന്നു. ആ കുറച്ച്‌ ദിവസങ്ങള്‍ കൊണ്ട്‌ അവരെ വല്ലാതെ ഇഷ്ടപ്പെട്ടുപോയി.

സായാഹനങ്ങള്‍ യാത്രകളുടെതായിരുന്നു. വെട്ടിനിറുത്തിയ കുറ്റിച്ചെടികള്‍ അതിരിടുന്ന തേയിലത്തോട്ടങ്ങള്‍ക്ക്‌ നടുവിലൂടയുള്ള റോഡിലൂടെ ഏറെ ദൂരം നടക്കും ചിലപ്പോള്‍ മഴയുണ്ടാകും അല്ലെങ്കില്‍ മഞ്ഞ്‌. വേഗത്തില്‍ നടക്കാനാകില്ല അന്തരീക്ഷത്തിലെ ഓക്‌സിജന്റെ കുറവുമൂലം ശ്വാസം മുട്ടലനുഭവപ്പെടും. മഴയില്ലെങ്കില്‍ എസ്‌റ്റേറ്റ്‌ പാടികള്‍ക്കടുത്തുള്ള മൈതാനത്ത്‌ ചെറുപ്പക്കാരുടെ കാല്‍പ്പന്ത്‌ കളിയുണ്ടാകും കുറച്ച്‌ നേരം അത്‌ കണ്ടിരുന്ന്‌ തിരിച്ച്‌ നടക്കും വയനാട്ടിലെ മഴയെ, മഞ്ഞിനെ, കാറ്റിനെ, മണ്ണിനെ, ഗന്ധത്തെ അറിഞ്ഞ്‌ അനുഭവിച്ച്‌ അങ്ങിനെ...
(തുടരും)

Sunday, July 18, 2010

മാനന്തവാടി, തിരുനെല്ലി....



(തുടര്‍ച്ച)

അലസമായ ഒരു സാഹായ്‌നസവാരിക്കൊടുവിലാണ്‌ പഴശ്ശി സ്‌മാരകത്തിലെത്തുന്നത്‌. മാനന്തവാടി അങ്ങാടിയും പരിസരങ്ങളും അത്രയൊന്നും സജീവമായിരുന്നില്ല അന്ന്‌. കണ്ണുകളില്‍ വായിച്ചെടുക്കാനാവാത്ത ഭാവങ്ങളുമായി പുകയില ചവയ്‌ക്കുന്ന ചില ആദിവാസികളുടെ മുഖങ്ങള്‍ നേരിയ ഓര്‍മ്മയായി ഇന്നും മനസ്സിലുണ്ട്‌. സുഖകരമായ തണുപ്പുണ്ടായിരുന്നു അന്തരീക്ഷത്തിന്‌. സന്ദര്‍ശകരുടെ ഒന്നോ രണ്ടോ കുടുംബങ്ങളൊഴിച്ചാല്‍ വിജന്നമായിരുന്നു സ്‌മാരക പരിസരം. പരമേശ്വരന്‍ മാഷുടെ ക്ലാസുകളിലൂടെ പഴശ്ശിയുടെ വയനാട്‌ മനസ്സിലുണ്ടായിരുന്നു. തന്റെ വിഷയം മലയാളമായിരുന്നിട്ടും എരുമപ്പെട്ടി സ്‌ക്കൂളിലെ 9 ബി. യിലെ ക്ലാസധ്യാപകനായ മാഷ്‌ കുട്ടികളെ പലപ്പോഴും ചരിത്രത്തിലേക്ക്‌ കൂട്ടികൊണ്ടുപോയി. പഴശ്ശിയുടെ പഴയ വയനാടിനെക്കുറിച്ചും ഭൂരഹിതരായ ആദിവാസികളെക്കുറിച്ചും അവിവാഹിതരായ ആദിവാസി അമ്മമാര്‍ പെരുകിവരുന്ന പുതിയ വയനാടിനെക്കുറിച്ചും ഞങ്ങള്‍ക്ക്‌ പറഞ്ഞുതന്നതും മാഷാണ്‌.

















ഫോട്ടോ: സതീഷ്‌


വയനാട്‌ ജില്ലാആശുപത്രിയോട്‌ ചേര്‍ന്നാണ്‌ പഴശ്ശിസ്‌മാരകം. ഉയര്‍ന്ന ആ കുന്നിന്‍പുറത്ത്‌ നിന്ന്‌ ദൂരക്കാഴ്‌ച്ചകള്‍ ദ്യശ്യമായിരുന്നു. വൈകീട്ടത്തെ റൗണ്ടസ്‌ കഴിഞ്ഞ്‌ വരാമെന്നേറ്റിരുന്ന ദാസേട്ടനെകാത്ത്‌ ഞങ്ങള്‍ പുല്ലിലിരുന്നു. പഴശ്ശിയെക്കുറിച്ചുള്ള ചില അറിവുകള്‍ നിരീക്ഷണങ്ങള്‍ പങ്കുവെച്ചു പാപ്പന്‍. വല്യമ്മയും ചേച്ചിമാരും അപ്പോഴും പറഞ്ഞുതീരാത്ത വിശേഷങ്ങളുമായി അവരുടെ ലോകത്തായിരുന്നു.


ആകാശത്ത്‌ മഴയ്‌ക്കുള്ള ചില മുന്നൊരുക്കങ്ങള്‍. ദാസേട്ടനെ കാക്കാതെ ഞങ്ങള്‍ ഓട്ടോറിക്ഷ പിടിച്ച്‌ മടങ്ങി. വീടെത്തുംമുന്‍പ്‌ കാറ്റിന്റെ അകമ്പടിയോടെ കനത്ത മഴയെത്തി. കറന്റും പോയിരിയ്‌ക്കുന്നു.

.................................................................................




രാവിലത്തെ പൂജകളൊക്കെ കഴിഞ്ഞ്‌ നടയടച്ച സമയത്താണ്‌ തെങ്കാശിയെന്നറിയപ്പെടുന്ന തിരുനെല്ലിയിലെത്തുന്നത്‌. ക്ഷേത്രവും പരിസരവും വലിയ ആളനക്കങ്ങളില്ലാതെ കിടന്നു. തെളിഞ്ഞ അന്തരീക്ഷം. ഇളം ചൂടിന്‌ വല്ലാത്തൊരു സുഖവും പ്രസന്നതയും. കല്ലുപാകിയ പ്രദക്ഷിണ വഴികള്‍ പിന്നിടുമ്പോള്‍ കാണുന്ന ബ്രഹ്മഗിരിയുടെ ചേതോഹരമായ കാഴ്‌ച്ച. മലമുകളില്‍ ക്ഷേത്രത്തിലേയ്‌ക്ക്‌ കൊടും വേനലിലും വെള്ളമെത്തിക്കുന്ന കല്‍പ്പാത്തി. പക്ഷെ പാപനാശിനിയോളം തെളിമകിട്ടുന്നില്ല മറ്റ്‌ ചിത്രങ്ങള്‍ക്കൊന്നും.


പ്രകൃതിക്കപ്പുറം ഉപാസിക്കേണ്ട മറ്റൊരു ശക്തിയില്ല പ്രപഞ്ചത്തില്‍ എന്ന്‌ നമുക്ക്‌ പറഞ്ഞുതരുന്നു ഈ കാട്ടരുവി. വിശ്വാസത്തിനോട്‌ മതത്തിനോട്‌ ചെറിയൊരു പരിഭവം, നിഷേധം അന്നുമുണ്ട്‌. അതുകൊണ്ടുതന്നെ ചെയ്‌ത പാപങ്ങളെല്ലാം കഴുകികളയാനായി ആചാരപരമായ ഒരു കുളി വേണ്ടെന്ന്‌ മുന്നേ മനസ്സിലുറപ്പിച്ചിരുന്നു. തെളിഞ്ഞ ആ ജലപ്രവാഹത്തില്‍ കണ്ണുടക്കിയപ്പോഴെ മുന്‍തീരുമാനം മനസ്സില്‍ നിന്ന്‌ പിഴുതുമാറ്റി. പാപ്പനോടൊപ്പം ജലശയ്യയിലേയ്‌ക്ക്‌. മൂകാംബികയായാലും തിരുനെല്ലിയായാലും ശബരിമലയായാലും പ്രകൃതിയുടെ ഏറ്റവും അനുഗ്രഹീതമായ ഇടങ്ങളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. മനസ്സിനെ ഏകാഗ്രമാക്കാനും ശരീരത്തെ ആയാസരഹിതവും ഭാരരഹിതവുമാക്കാനും അങ്ങിനെ പരുവപ്പെടുന്ന മനുഷ്യനെ ദൈവ സങ്കല്‍പ്പത്തിലേക്കെത്തിക്കാനുമായിരിക്കണം ഈ ഇടങ്ങള്‍ തന്നെ പൂര്‍വ്വികര്‍ കണ്ടെത്തിയത്‌. അവിടങ്ങളിലെ ആരാധനകളായിരിക്കണം സൗഖ്യത്തിലേയ്‌ക്കും സമാധാനത്തിലേയ്‌ക്കും അവനെ കൊണ്ടുചെന്നെത്തിച്ചിരുന്നതും.


ഭാരങ്ങളേതുമില്ലാതെയാണ്‌ ആ ചെറിയ കാട്ടരുവിയില്‍ ഞാന്‍ കിടന്നത്‌. വിട്ടുപോരാന്‍ തോന്നാത്തത്ര അടുപ്പം നിമിഷ നേരം കൊണ്ട്‌ ആ ജല സ്‌പര്‍ശം നമ്മളിലുണ്ടാക്കുന്നു. പ്രകൃതി സങ്കല്‍പ്പം മാതൃസങ്കല്‍പ്പമായി മാറുന്നത്‌ ഈയൊരു വാത്സല്യം കൊണ്ടുതന്നെയാവണം. 14 വര്‍ഷത്തിനിടയില്‍ ചെയ്‌ത പാപങ്ങള്‍ കണക്കുകൂട്ടി നോക്കി അന്ന്‌, അത്രയ്‌ക്കൊന്നുമില്ല. ചിലത്‌ പാപങ്ങളാണോ അല്ലയോ എന്ന സംശയവും ഉണ്ടായി. പാപങ്ങള്‍ ഒഴുക്കികളയുക അല്ലെങ്കില്‍ പ്രകൃതി തന്നിലേക്കാവാഹിക്കുക. പക്ഷെ പാപങ്ങളുടെയും മാലിന്യങ്ങളുടെയും അളവുകളേറുമ്പോഴാകും പ്രശ്‌നം. ഗംഗയെപ്പോലെ, പമ്പയെപ്പോലെ.. വല്യമ്മയുടെ വിളിവന്നപ്പോള്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. മടക്കയാത്രയില്‍ കാട്ടിക്കുളത്ത്‌ ഒരിടത്ത്‌ കയറാനുണ്ട്‌. ദാസേട്ടന്റെ ഒരു ബന്ധുവീട്ടില്‍.


വയനാടിന്റെ യഥാതഥമായ ഒരു ചിത്രം ഒരു പക്ഷേ തിരുനെല്ലിയാത്രയിലാകും ലഭിക്കുക. വനസ്ഥലികള്‍, മുളങ്കാടുകള്‍, ജീരകശാലയും ഗന്ധകശാലയും പോലുള്ള വയനാടിന്റെ തനത്‌ നെല്ലിനങ്ങളും ധാന്യങ്ങളും വളരുന്ന ചതുപ്പുവയലുകള്‍,. കൃഷിയിടങ്ങള്‍ക്കു നടുവിലുള്ള കാവല്‍മാടങ്ങള്‍, മുളയും ഈറ്റയും ഉപയോഗിച്ച്‌ ചട്ടക്കുടുണ്ടാക്കി അതിന്‍മേല്‍ ചെളിതേച്ച്‌ പണിതെടുത്ത പുല്ലുമേഞ്ഞ ആദിവാസികുടികള്‍. പലയിടത്തും കാട്‌ തേക്ക്‌ പ്ലാന്റേഷനുകള്‍ക്ക്‌ വഴിമാറിയിരിക്കുന്നു. കാപ്പിത്തോട്ടങ്ങളില്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന വന്‍മരങ്ങള്‍ അതിനേല്‍ അടിമുടി പടര്‍ന്നുകയറിയ കുരുമുളകുവള്ളികള്‍......

(ഫോട്ടോ : സതീഷ്‌)


പുല്‍പ്പള്ളി പോലീസ്‌ സ്‌റ്റേഷന്‍ ആക്രമണത്തിന്റെ കഥകള്‍ കേട്ടിട്ടുണ്ടായിരുന്നു അച്ഛനില്‍ നിന്ന്‌. അങ്ങിനെയാണ്‌ അജിതയും കുന്നിക്കല്‍ നാരായണനും മന്ദാകിനിയും ഫിലിപ്പ്‌. എം. പ്രസാദും  മനസ്സിലെത്തുന്നത്‌. പുലിക്കോടന്‍ നാരായണനും ലക്ഷണയും ജയറാം പടിക്കലും സുപരിചിതമായ പേരുകളായിരുന്നു അന്ന്‌. തട്ടിന്‍പുറത്തെ പഴയപുസ്‌തക ശേഖരത്തില്‍ വത്സലയുടെ നെല്ല്‌ പ്രസിദ്ധീകരിച്ചുവന്നിരുന്ന മാതൃഭൂമിയുടെ പഴയലക്കങ്ങളുമൂണ്ടായിരുന്നു. ഇടയ്‌ക്കും തലയ്‌ക്കുമായി വായിച്ചതൊഴിച്ചാല്‍ അന്നത്‌ പൂര്‍ണ്ണമായി വായിച്ചിട്ടില്ല. വിഷകന്യക വായിച്ചിരുന്നു. പക്ഷെ പെറ്റെക്കാട്‌ തന്ന ചിത്രങ്ങളൊന്നും കണ്ടെത്താനായില്ല ആ വയനാട്‌ യാത്രയില്‍. കെ. പാനൂരിലൂടെ വായിച്ചറിഞ്ഞ ആദിവാസി ജീവിതം ചെറിയൊരു തിരിച്ചറിവായി അന്ന്‌ മനസ്സിലുണ്ട്‌. കെ. ജെ. ബേബിയെ പറ്റി വായിച്ചറിഞ്ഞിരുന്നുവെങ്കിലും നല്ലതമ്പിതേരയെ പറ്റി അന്ന്‌ കേട്ടറിവുപോലുമുണ്ടായിരുന്നില്ല.

(തുടരും)

Sunday, June 20, 2010

യുക്തിവാദി യാവുട്ടിക്കായും കാവില്‍വട്ടം പറന്വും.

ആ ഒന്നരയേക്കര്‍ പറമ്പ്‌ തന്റെ കൈയ്യിലെത്തിപ്പെട്ട ആ നശിച്ച നിമിഷത്തെ യാവുട്ടി ശപിച്ചു. തനിയ്‌ക്കത്‌ എഴുതിതന്ന വാപ്പയേയും വാപ്പക്ക്‌ അത്‌ കൊടുത്ത മുഹമ്മദാപ്ലയേയും മുഹമ്മദാപ്ലയ്‌ക്ക്‌ കിട്ടിയ കാശിനതുവിറ്റ കൃഷ്‌ണന്‍ മാഷേയും മാഷ്‌ക്ക്‌ അത്‌ കച്ചവടം ചെയ്‌ത പരീത്‌ഹാജിയേയും പരീത്‌ ഹാജിക്കത്‌ കൈമാറി നാടുവിട്ട അമ്മുകുട്ടി അമ്പ്രാളേയും യാവുട്ടി ആ നിമിഷത്തില്‍ വല്ലാതെ വെറുത്തുപോയി. അല്ലെങ്കില്‍ കുട്ടംകുളങ്ങര അപ്പുവേട്ടന്‍ പറയുന്നതുപോലെ ഒക്കെ കര്‍മ്മഫലാകും. കേച്ചേരിയിലെ അടയ്‌ക്കാകച്ചവടം ആകെ പൊളിഞ്ഞുപാളീസായിരിക്കുന്നു കിട്ടാനുള്ള പൈസ ചോദിച്ച്‌ വരുന്നവരോട്‌ അവധിപറഞ്ഞു മടുത്തു. പറമ്പ്‌ അവരുടെ പേരിലെഴുതികൊടുക്കാമെന്നു വെച്ചാല്‍ "ഞങ്ങളുടെ കുടുംബം നശിപ്പിച്ച്‌ നിനക്കെന്ത്‌ കിട്ടാനാ യാവുട്ട്യേ" എന്ന്‌ മറു ചോദ്യം. തൊട്ടപ്പുറത്തെ കഷ്‌ണം സെന്റിന്‌ 47 വെച്ച്‌ കച്ചവടം നടന്നപ്പോ നമ്മടെ പറമ്പിന്‌ വില പറഞ്ഞത്‌ 22 അതില്‍ ഇടനിലക്കാര്‍ക്കുള്ള രണ്ട്‌ കഴിച്ച്‌ കൈയ്യില്‍ കിട്ടുന്നത്‌ 20 എന്നിട്ടും വാക്കുപറഞ്ഞുറപ്പിച്ച ചെതലന്‍ ബെന്നി കാലുമാറിക്കളഞ്ഞു. രാവിലെ നേരത്തെ തന്നെ ഓഫീസില്‍ കണ്ടപ്പോള്‍ രാമകൃഷ്‌ണേട്ടന്‍ ചോദിച്ചതാ ''നടക്ക്വോ യാവുട്ട്യേ, ഇന്നാരെങ്കിലും വരാന്ന്‌ പറഞ്ഞിട്ടുണ്ടോ ? ''. അക്കിക്കാവ്‌ സബ്‌-രജിസ്‌ടാറോഫീസിനു മുന്‍പിലുള്ള വലിയ പാലമരത്തിനു താഴെ ബൈക്കില്‍ ചാരി ഇരിക്കുമ്പോള്‍ പലരും തന്നെ നോക്കി ചിരിക്കുന്നത്‌ ചെറിയൊരു പരിഹാസത്തോടെയല്ലേ എന്ന്‌ യാവുട്ടിക്ക്‌ തോന്നി.

വര : റഫീക്ക്‌ അഹമ്മദ്‌
പഴയ നാട്ടുമരങ്ങളും പാറ്റത്തെങ്ങുകളും ആരോഗ്യമില്ലാത്ത കവുങ്ങുകളും നിറഞ്ഞ ആ പുരയിടം ബാപ്പയ്‌ക്ക്‌ കൊടുത്തത്‌ പരീത്‌ ഹാജിയാണ്‌. കുന്നംകുളം മാര്‍ക്കറ്റിലെ മീന്‍ ലേലത്തിന്റെ കുത്തകയുണ്ടായിരുന്ന ഹാജി പൊട്ടി എന്നുകേട്ടിരുന്ന കാലമായിരുന്നു അത്‌. അന്നത്തെ മാര്‍ക്കറ്റ്‌ നിരക്കിലും താഴ്‌ന്ന്‌ ഭൂമി കച്ചവടം ചെയ്യുമ്പോ ഹാജി പറഞ്ഞത്‌ ഇത്രയാണ്‌ " വേറൊന്നും ഉണ്ടായിട്ടല്ല പൈസയ്‌ക്ക്‌ കുറച്ച്‌ അത്യാവശ്യം ഉണ്ട്‌, എത്രയും പെട്ടെന്ന്‌ തീറ്‌ നടത്തി കായി തരാന്‍ പറ്റിയ ഒരാളെ വെറെ കിട്ടിയില്ല അതോണ്ടാ ഇങ്ങയ്‌ക്കീ വിലയ്‌ക്ക്‌ തരുന്നത്‌ ". തീറിന്റെ തലേന്ന്‌ മാമ വന്നിരുന്നു "അളിയാ നമുക്കീ പറമ്പുവേണ്ട, അത്‌ വാങ്ങി ഒരു മാസം തികയുന്നതിനു മുന്‍പാ മുഹമ്മദ്‌ സായ്‌വ്‌ മരണപ്പെട്ടത്‌. പരീത്‌ഹാജിയുടെ കച്ചവടം പൊളിഞ്ഞു പാളീസായതും ഈ പറമ്പുവാങ്ങിയതില്‍ പിന്നെയാണത്രെ". അകത്തു നിന്ന്‌ ഉമ്മയെ വിളിച്ചുവരുത്തി ബാപ്പ പറഞ്ഞു "കണ്ടോ ഞാന്‍ നന്നാവുന്നത്‌ നിന്റെ ആങ്ങളയ്‌ക്ക്‌ പിടിക്കിണില്ല്യ, ചുളുവില്‌ ഒരു പറമ്പ്‌ ഒത്തു വന്നപ്പോ അത്‌ വാങ്ങാന്‍ പാടില്ല്യാന്ന്‌ " ഒന്നും മിണ്ടാതെ അന്നിറങ്ങിപ്പോയ മാമ പിന്നെ ഉപ്പ വീണന്ന്‌ വൈകീട്ടാണ്‌ വീണ്ടും പടിചവിട്ടിയത്‌.

ഒക്കെ യാദ്യശ്ചികതകളാണ്‌. പടച്ചോനും ജിന്നും സാത്താനും ചാത്തനും ഈശോയും ഈശ്വരനുമൊന്നുമില്ലെന്ന്‌ പഴയ യുക്തിവാദിയായ യാവുട്ടിക്ക്‌ ഇന്നും നല്ല ഉറപ്പുണ്ട്‌. യുക്തിവാദി ജോസേട്ടനും പള്ളിക്കര വിജയേട്ടനുമൊപ്പം പെന്നമ്പലമേട്ടില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന്‌ മകരവിളക്ക്‌ കത്തിക്കുന്നതിന്റെ അപ്പുറത്ത്‌ നിന്ന്‌ പന്തം വീശിക്കാട്ടിയവനാണ്‌ യാവുട്ടി. അന്ന്‌ ആ സംഘത്തില്‍ താനടക്കം എഴുപത്തിനാല്‌ പേരുണ്ടായിരുന്നു. യുക്തിവിചാരം ജോസേട്ടന്റെ കറന്റ്‌ ബൂക്ക്‌സ്‌ പുറത്തിറക്കിയ ആത്മകഥയില്‍ ചേര്‍ത്ത ചിത്രങ്ങളില്‍ തന്റെ മുഖം തെളിഞ്ഞുകാണാം. ചൊവ്വന്നുര്‌ തെക്കേപ്പാട്ടെ ചാത്തനേറ്‌ പിടികൂടിയതും ഇയ്യാല്‌ കുന്നത്തെ എട്ടുനാഴികപ്പൊട്ടനെ കൈയ്യോടെ പിടിച്ചതുമൊക്കെയായ കാലങ്ങള്‍ യാവുട്ടി ഓര്‍ത്തുപോയി. പിന്നീട്‌ ജീവിതപ്രശ്‌നങ്ങള്‍ ഏറിവന്നപ്പോള്‍ യുക്തിവാദവും പാര്‍ട്ടിപ്രവര്‍ത്തനവുമൊക്കെ വിട്ടതും കുടുംബജീവിത്തിലേക്ക്‌ മാറിയതും. ഇന്നും മനസ്സുകൊണ്ട്‌ താനൊരവിശ്വാസിയാണെന്ന്‌ പഴയ സഖാക്കളില്‍ ചിലര്‍ക്കെങ്കിലുമറിയാം. അങ്ങിനെയുള്ള താനാണിപ്പോള്‍ ഈ കുരുക്കില്‍ പെട്ടുപോയത്‌. രണ്ടരയേക്കറോളം വരുന്ന കാവില്‍വട്ടം പറമ്പില്‍ ഒരേക്കര്‍ തനിക്കും ഒരേക്കര്‍ സുലൈമാനും 43 സെന്റ്‌ സൈനൂനും എഴുതി വെച്ചാണ്‌ ബാപ്പ പോയത്‌. സൈനു മോളുടെ കല്ല്യാണത്തിന്റെ പേര്‌ പറഞ്ഞു അവളുടെ ഭാഗം തനിക്ക്‌ തന്ന്‌ അന്നത്തെ നടപ്പുവില വാങ്ങി തടി കഴിച്ചിലാക്കി. വല്ലിക്കാക്ക്‌ ഇതിലൊന്നും വിശ്വാസമില്ലാത്തതോണ്ട്‌ എനിക്ക്‌ ഭാഗ്യായി എന്ന്‌ അവള്‍ ഉമ്മയോട്‌ പറയുകയും ചെയ്‌തു. അടയ്‌ക്കക്ക്‌ നല്ല വിലയുണ്ടായിരുന്ന അക്കാലത്ത്‌ തന്റെ കൈയ്യിലാവശ്യത്തിലധികം പണവുമുണ്ടായിരുന്നു.

ഹൈവേയില്‍ നിന്നും മാറി ശാന്തമായ അവിടെ നല്ലൊരു വീട്‌ പിന്നെ ചെറിയ രീതിയില്‍ കുറച്ച്‌ കൃഷി ഇതൊക്കെ മനസ്സിലുണ്ടായിരുന്നു അന്ന്‌. ഇന്നും ഹൈവേയിലുള്ള സ്ഥലം വിറ്റ്‌ അങ്ങോട്ടുമാറിയാല്‍ തന്റെ പ്രശ്‌നങ്ങളൊക്കെ തീരും പക്ഷെ എൈഷയും മക്കളും ഒട്ടും സമ്മതിക്കുന്നില്ല. കളരിത്തറയും കാവുമൊക്കെയുണ്ടായിരുന്ന പുരാതന കുടുംബമാണ്‌ കാവില്‍വട്ടത്തുകാരുടേത്‌. പിന്നെ ക്രമേണ ക്ഷയിച്ചു അവസാനം ബാക്കിയായ അമ്മുക്കുട്ടി അമ്പ്രാളാണ്‌ ആ സ്ഥലം പരീത്‌ഹാജിക്ക്‌ കിട്ടിയ കാശിനുകൊടുത്ത്‌ മദ്രാസിലുള്ള മകളുടെ അടുത്തേക്ക്‌ പോയത്‌. ഹാജിയുടെ ചെറിയ മകന്‍ ദുബായില്‍ വെച്ച്‌ വാഹനാപകടത്തില്‍ മരിച്ചതും കച്ചവടം പൊളിഞ്ഞതും ഈ പറമ്പുമൂലമാണെന്ന്‌ ആദ്യം കണ്ടെത്തിയത്‌ ആരാണെന്നറിയില്ല. ഹാജിയുടെ മകള്‍ നാദിറയുടെ വിവാഹമോചനം കൂടിയായപ്പോള്‍ പതുക്കെ ആ വാദത്തിന്‌ സ്വീകാര്യത വന്നു. പിന്നെ കൃഷ്‌ണന്‍ മാഷുടെ ഊഴമായിരുന്നു പെട്ടെന്നുള്ള വയറുവേദന, ഓപ്പറേഷന്‍, മരണം. അര്‍ബുദമായിരുന്നുവെന്ന്‌ അറിഞ്ഞതു തന്നെ മരണശേഷമാണ്‌. അതോടെ വിശ്വാസം ഏറി. പിന്നീട്‌ ആ പറമ്പിന്റെ ഉടമസ്ഥനായ കൊട്ടേക്കാട്ടില്‍ മുഹമ്മദ്‌ അറ്റാക്ക്‌ വന്ന്‌ മരിച്ചപ്പോഴും ആളുകള്‍ കാരണം കണ്ടത്‌ കാവില്‍വട്ടം പറമ്പായിരുന്നു. പിന്നെയാണത്‌ ബാപ്പയുടെ കൈയ്യിലെത്തുന്നത്‌ ബാപ്പ പറമ്പു നന്നാക്കി എടുത്തതോടെ പഴയ വിശ്വാസത്തിന്‌ ഇളക്കം തട്ടി. അതിനിടയിലാണ്‌ ഹൈവേയില്‍ വെച്ച്‌ കോഴിക്കോട്‌ ബസ്സുമായി മോപ്പഡ്‌ കൂട്ടിയിടിച്ച്‌ ഉപ്പ മരിക്കുന്നത്‌. സ്ഥലം കൈയ്യില്‍ വെക്കുന്നത്‌ ബുദ്ധിയല്ല എന്നു കണ്ട അനിയന്‍ വില്‍പ്പനക്കുള്ള ശ്രമങ്ങള്‍ തുടങ്ങി. ആരും വരുന്നില്ല എന്ന്‌ കണ്ടപ്പോള്‍ ആധാരം ഗുരുവായൂരുള്ള ഒരു ബ്ലേയ്‌ഡ്‌ കമ്പനിയില്‍ പണയം വെച്ച്‌ കിട്ടാവുന്നതിന്റെ പരമാവധി തുക വാങ്ങി. പലിശയും കൂട്ടു പലിശയുമായി കടം പെരുകി. തുക തിരിച്ചുചോദിച്ചുവന്ന അവരോട്‌ പറമ്പെടുത്തുകൊള്ളാന്‍ പറഞ്ഞു സുലൈമാന്‍.


ആയിടക്കാണ്‌ കാവില്‍വട്ടം തറവാട്ടിലെ തന്നെ ഗോവിന്ദന്‍നായര്‍ക്ക്‌ ലോട്ടറി കിട്ടുന്നത്‌ കടം വീട്ടലും വീതം വെക്കലും കഴിഞ്ഞ്‌ ബാക്കിയായ ഒന്‍പത്‌ ലക്ഷം രൂപയുംകൊണ്ട്‌ ഗോവിന്ദന്‍ നായര്‍ ബ്ലേഡുകാരെ പോയികണ്ടു. പതിനൊന്നു കിട്ടിയാല്‍ തരാമെന്നേറ്റ അവരോട്‌ മറുപടി പറയാതെ നായര്‍ മടങ്ങി. ഒടുവില്‍ 4 മാസം കഴിഞ്ഞ്‌ കൈയ്യില്‍ വന്നുപെട്ട സ്ഥലത്തിന്റെ യഥാര്‍ത്ഥ കുരുക്കറിഞ്ഞ ബ്ലേഡുകാര്‍ നായരെ തേടിയെത്തി അപ്പോഴേക്കും നായരുടെ കൈയ്യിലുള്ള തുക വീണ്ടും കുറഞ്ഞിരുന്നു. ഒടുവില്‍ നായരെ കൈയ്യോടെ കൂട്ടികൊണ്ടുപോയി സ്ഥലം 7.5 ലക്ഷത്തിന്‌ തീറെഴുതി കൊടുത്ത്‌ അവരും രക്ഷപ്പെട്ടു. നായരവിടെ കപ്പയും വാഴയുമൊക്കെ കൃഷിചെയ്യുന്നു. തറവാട്ടുകാരനായതുകൊണ്ടാണത്രെ നായര്‍ക്ക്‌ ഉപദ്രവമില്ലാത്തത്‌. എന്നാലും വീടു വെക്കാന്‍ ഇപ്പോള്‍ നായര്‍ക്കും ഭയമാണ്‌.

സുഹൃത്തും സഹപാഠിയുമായിരുന്ന പ്രഭാകരന്‍ ഗള്‍ഫില്‍ നിന്ന്‌ നാട്ടിലെത്തി എന്നറിഞ്ഞ്‌ യാവുട്ടിക്കാ അദ്ദേഹത്തെ പോയികണ്ടു. പണ്ട്‌ അന്ധവിശ്വാസങ്ങള്‍ക്കെതിരെ തോളോടു തോള്‍ ചേര്‍ന്ന്‌ പേരാടിയ സഖാവാണ്‌. പ്രഭാകരന്‌ കുറച്ച്‌ സ്ഥലം വാങ്ങണമെന്നുണ്ടെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞ്‌ യാവുട്ടി കേട്ടിരുന്നു. ആദ്യം പല ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും അവസാനം പ്രഭാകരന്‍ സത്യം പറഞ്ഞു. "മുന്‍പ്‌ നാടകം കളിച്ച്‌, പന്ത്‌ തട്ടി, കുറ്റിപ്പുഴ കൃഷ്‌ണപ്പിള്ളയുടെയും ഇ.ടി. കോവൂരിന്റെയും പുസ്‌തകങ്ങള്‍ വായിച്ച്‌ നടന്നിരുന്ന കാലത്ത്‌ നമുക്കൊന്നും ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല യാവുട്ട്യേ ഇപ്പോ അങ്ങിനെയാണോ, ദുബായിലെ ബിസിനസ്സ്‌, കുട്ടികളുടെ പഠനം, വിവാഹം, റിസ്‌ക്ക്‌ എടുക്കാന്‍ വയ്യ". ദേഷ്യം സഹിക്കാനാകാതെ പഴയ സംസ്‌കൃത വാക്കുകള്‍ പുറത്തെടുത്ത യാവുട്ടിയോട്‌ പ്രഭാകരന്‍ പറഞ്ഞു " എന്നാലൊരു കാര്യം ചെയ്യാം നിന്റെ ഹൈവേയിലെ വീടും സ്ഥലവും മറ്റാരും തരുന്നതിനേക്കാള്‍ സെന്റിന്‌ 10 കൂട്ടി ഞാനെടുക്കാം നീ കാവില്‍വട്ടം പറമ്പിലേക്ക്‌ മാറിക്കോ ". എൈഷയുടെ ദൈന്യമായ മുഖവും ഭീതിപുരണ്ട കണ്ണുകളും യാവുട്ടിയുടെ മനസ്സിലേക്ക്‌ വന്നു. "ആദ്യം സ്വന്തം ജീവിതം കൊണ്ട്‌ വിപ്ലവം കാണിക്ക്‌ യാവുട്ട്യേ എന്നിട്ടാകാം പാവങ്ങളുടെ നെഞ്ചത്തേക്ക്‌ കയറണത്‌" പ്രഭാകരന്‍ പറഞ്ഞത്‌ കേട്ടില്ലെന്ന്‌ നടിച്ച്‌ യാവുട്ടി പടിയിറങ്ങി.


ഒടുവില്‍ അതു തന്നെ തീരുമാനിച്ചു യാവുട്ടിക്കാ. 5 സെന്റ്‌ വീതം വീടു വെക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത 5 പേര്‍ക്ക്‌ തീര്‍ത്തും സൗജന്യമായി കൊടുക്കും. കാവില്‍വട്ടം പറമ്പില്‍ വീടുവരുന്നതോടെ പതുക്കെ ആളുകളുടെ പേടി മാറും ബാക്കിസ്ഥലത്തിന്‌ വിലയേറും അങ്ങിനെ ആ പറമ്പ്‌ മുറിച്ചുകൊടുക്കാം ഇതൊക്കെയായിരുന്നു മൂപ്പരുടെ കണക്കുകൂട്ടല്‍. അങ്ങിനെ അയല്‍ പ്രദേശങ്ങളിലൊക്കെ അറിയിപ്പുകൊടുത്തു. ജാതി - മത പരിഗണനകളൊന്നുമില്ലാതെയാണ്‌ ആളെ തിരഞ്ഞെടുക്കുക. സ്വന്തമായി ഒരു സെന്റു പോലും ഭൂമിയുണ്ടായിരിക്കരുത്‌, സാക്ഷ്യപ്പെടുത്തിക്കൊണ്ട്‌ സ്വന്തം ദേശത്തെ വാര്‍ഡുമെമ്പറുടെ കത്തുവേണം. പേരിലാക്കിതരുന്ന സ്ഥലം വില്‍ക്കാനോ വെറുതെ ഇടാനൊ പാടില്ല. വീട്‌ വെച്ച്‌ താമസമാക്കണം. പല നാട്ടിലുമായുള്ള സുഹൃത്തുക്കള്‍ വഴിയും അറിയിപ്പുകൊടുത്തു. അതിനിടയില്‍ അതേ വേഗത്തില്‍ തന്നെ കാവില്‍ വട്ടം പറമ്പിനെപ്പറ്റിയുള്ള കഥകളും സമീപപ്രദേശങ്ങളിലൊക്കെ പരന്നു തുടങ്ങിയിരുന്നു. ഒരു ലോക്കല്‍ ടി. വി.. ചാനലില്‍ അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും വെച്ചുകൂട്ടി സ്‌റ്റോറിയും വന്നു. ഫോണ്‍ വഴിയും മറ്റുമുള്ള ചില അന്വേഷണങ്ങളൊഴിച്ചാല്‍ സൗജന്യഭൂമി രജിസ്‌ട്രര്‍ ചെയ്‌തുവാങ്ങാന്‍ ആരും എത്തിയില്ല.


അങ്ങിനെയിരക്കെ ഒരു നാള്‍ യാവുട്ടിക്കായുടെ പറമ്പ്‌ തേടി ചാവക്കാട്ടുകാരന്‍ ഒരു രമേശന്‍ പാറേമ്പാടം ബസ്റ്റോപ്പില്‍ വന്നിറങ്ങി്‌. വഴി പറഞ്ഞു തന്ന ഓരോരുത്തരുടെ മുഖത്തും പരിഹാസമോ, അവജ്ഞയോ, സഹതാപമോ അതോ ഇതൊക്കെ കൂടി കലര്‍ന്ന ഭാവമോ ഉള്ളതായി അയാള്‍ക്ക്‌ തോന്നിയത്രെ. പാറേമ്പാടത്തു നിന്നും രണ്ടുകിലോമീറ്ററോളം നടന്ന്‌ അകതിയൂര്‍ സെന്ററിലെത്തിയപ്പോഴേക്കും രമേശന്‍ ക്ഷീണിച്ചിരുന്നു. അസുഖമായതില്‍ പിന്നെ ഇത്ര ദൂരയാത്ര പതിവില്ല എന്ന്‌ രമേശന്‍ ആരോടോ പറഞ്ഞുപോലും. സെന്ററിലെ കടയില്‍ ചായ കുടിക്കാന്‍ കയറിയ രമേശനോട്‌ ബാലകൃഷ്‌ണേട്ടന്‍ കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കി. പതുക്കെ വാര്‍ത്ത കേട്ട്‌ ചെറിയൊരാള്‍ക്കൂട്ടം സെന്ററില്‍ രൂപപ്പെട്ടു. വലിയൊരു ദുരന്തത്തിലേക്ക്‌ നടന്നടുക്കുന്ന ഒരാളോടുള്ള കാരുണ്യത്തോടെയെന്നോണം ആള്‍ക്കൂട്ടം രമേശനെ യാത്രയാക്കി. അതിനിടയില്‍ തന്നെ കാവില്‍വട്ടം പറമ്പുമായി ബന്ധപ്പെട്ട കഥകള്‍ ഒട്ടുമുക്കാലും രമേശന്‍ കേട്ടുകഴിഞ്ഞിരുന്നു. എങ്കിലും തന്റെ കഷ്ടപ്പാടുകളുടെയും ഇല്ലായ്‌മകളുടെയും ഇടയില്‍ അതില്‍ കവിഞ്ഞൊരു ദുരന്തമൊന്നും കാവില്‍ വട്ടം പറമ്പ്‌ കൊണ്ടുവരില്ലെന്ന്‌ അയാള്‍ക്ക്‌ തോന്നി. രമേശനോടൊപ്പം സ്ഥലം കാണിച്ചുകൊടുക്കാനായി സെന്ററില്‍ നിന്നുമുള്ള ചിലരും കൂടി ചേര്‍ന്നു. കാവില്‍ വട്ടം പറമ്പിലേക്ക്‌ ആ സംഘം നടക്കും വഴി എതിരെ വരുന്നു വട്ടംപറമ്പിലെ മാധവേട്ടന്‍ "എവിടേക്കാ മക്കളെ" വലിയവളപ്പിലെ വിജേഷ്‌ കാര്യം പറഞ്ഞു. "ആരൊക്കെയുണ്ട്‌ വീട്ടില്‌" രമേശനോടായി മാധവേട്ടന്‍ ചോദിച്ചു. "ഭാര്യയും രണ്ട്‌ മക്കളും അമ്മയും". "അവരോടൊക്കെ വിവരങ്ങള്‍ ശരിക്ക്‌ പറഞ്ഞിട്ടുണ്ടോ തനിക്ക്‌ ജീവിക്കണന്നില്ലെങ്കിലും അവര്‍ക്ക്‌ ജീവിക്കാന്‍ മോഹണ്ടാവും". മാധവേട്ടന്റെ ശബ്ദം ഉയര്‍ന്നു. ഭാവ പകര്‍ച്ചകണ്ട്‌ അമ്പരന്നു നില്‍ക്കുന്ന ചെറുപ്പക്കാരോട്‌ പിന്നീടൊരലര്‍ച്ചയായിരുന്നു. "തിരിച്ചുകൊണ്ടോടാ ആ പാവത്തിനെ ഒരു കൂടുംബത്തിനെ കൊല്‌ക്കുകൊടുക്കാന്‍ കൂട്ടുനില്‍ക്കണ മഹാപാപികള്‍, ആരാന്റമ്മക്ക്‌ പ്രാന്ത്‌ പിടിക്കണ്‌ കാണാന്‍ നിക്കണ കുറേ മനുഷ്യമ്മാര്‌". നിന്ന നില്‍പ്പിലാണത്രെ രമേശനെ കാണാനില്ലാതായത്‌...


വര : റഫീക്ക്‌ അഹമ്മദ്‌
കാവില്‍വട്ടം പറമ്പ്‌ കാടുകയറി ഒരു ചെറുകാവായിക്കഴിഞ്ഞു. യാവുട്ടിക്കാ ഇപ്പോഴും പുതിയ കക്ഷികളെകാത്ത്‌ ആധാരം രാമകൃഷ്‌ണേട്ടന്റെ പീടിക വരാന്തയിലും അക്കിക്കാവ്‌ രജിസ്‌ട്രോഫീസ്‌ പരിസരത്തും ഒക്കെ തന്നെയുണ്ട്‌. ചെറിയ രീതിയില്‍ സ്ഥലകച്ചവടവും തുടങ്ങിയിട്ടുണ്ടത്രെ പുള്ളി. ഇപ്പോള്‍ വഴിതെറ്റിപ്പോലും കാവില്‍വട്ടം പറമ്പുകാണാനായി ആരും ഈ വഴി വരാറില്ലത്രെ നാട്ടില്‍ നിന്ന്‌ അജീഷ്‌ ഓണ്‍ലൈനില്‍ തരുന്ന വാര്‍ത്തകളാണ്‌... സത്യമാണോ എന്തോ...

Tuesday, May 25, 2010

ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍




രണ്ടു വര്‍ഷത്തോളമാകുന്നു ഞാനൊരു പ്രവാസിയായിട്ട്‌. അവിവാഹിതന്‍. ഒരു പാരമ്പര്യ കാര്‍ഷികകുടുംബത്തില്‍ ജനനം. മതവുമായുള്ള ഇടപെടലുകള്‍ അധികമുണ്ടായിട്ടില്ല ജീവിതത്തില്‍. അച്ഛനൊരു കോണ്‍ഗ്രസ്സ്‌ അനുഭാവിയായിരുന്നു. അമ്മയും ഒരു കോണ്‍ഗ്രസ്സ്‌ കുടുംബത്തില്‍ നിന്ന്‌. മതവും ആചാരങ്ങളും സ്വകാര്യ ജീവിത്തില്‍ എന്നതിനപ്പുറം. പൊതുജീവിതത്തെ സ്വാധീനിച്ചിട്ടില്ല. ദൈവവിശ്വാസവും ഈശ്വരചിന്തയും ഏതൊരുസാധരണക്കാരനിലുമെന്നതുപോലെ. പഠിച്ചിരുന്ന കോണ്‍വെന്റ്‌ സ്‌കൂളിലെ പള്ളിയില്‍ ഉച്ച സമയത്ത്‌ ജാതി മത ഭേദമന്യേ മുട്ടികുത്തിനിന്ന്‌ പ്രാര്‍ത്ഥിക്കുമായിരുന്നു. മനസ്സില്‍ കളികളെ കുറിച്ചുള്ള ചിന്തകളായിരുന്നെങ്കിലും. പരീക്ഷക്കാലത്ത്‌ എല്ലാമതങ്ങളിലെ ദൈവങ്ങളേയും വിളിച്ചാകും പ്രാര്‍ത്ഥന. സ്‌കൂള്‍ പഠനക്കാലത്ത്‌ RSS നോട്‌ ചെറിയൊരാഭിമുഖ്യം തോന്നിയിരുന്നു. അന്ന്‌ തലക്കോട്ടുകര അമ്പലത്തിന്‌ താഴെയായി അവര്‍ ശാഖ നടത്തിയിരുന്നു. വല്യമ്മയോടൊന്നിച്ച്‌ അമ്പലത്തില്‍ പോയി വരും വഴി അത്‌ നോക്കിനില്‍ക്കുമായിരുന്നു. അവര്‍ തന്ന ഹെഡ്‌ഗേവാറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്‌തകങ്ങള്‍ മനസ്സിരുത്തി വായിച്ചിരുന്നു. അക്കാലത്ത്‌ മാതൃഭൂമി പത്രത്തില്‍ വന്ന കാക്കിട്രൗസറിട്ട്‌ വരിതെറ്റാതെ നീങ്ങുന്ന ഒരു പഥസഞ്ചലനത്തിന്റെ ഫോട്ടോ വെട്ടിയെടുത്ത്‌ കൂറേക്കാലം സൂക്ഷിച്ചിരുന്നു.  














ആ താല്‍പര്യം പതുക്കെ ഇല്ലാതായി. അന്നത്തെ ശാഖാ ശിക്ഷക്‌ പിന്നീട്‌ ഒരു കളവുകേസില്‍ പെടുകയും ചെയ്‌തു. സ്വയം സേവകനുണ്ടാകുമെന്ന്‌ അവകാശപ്പെട്ടിരുന്ന അച്ചടക്കം സദാചാരം ഇതെല്ലാം കൈവിട്ട നിലയില്‍ അവരില്‍ പലരെയും കണ്ടുതുടങ്ങി. ക്രമേണ സി.സി. പിടുത്തം വരെയുള്ള അനുബന്ധ കലാപരിപാടികളിലും അവരില്‍ ചിലര്‍ അംഗങ്ങളായി.

പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോളാണ്‌ ബാബറി മസ്‌ജിദ്‌ സംഭവം നടക്കുന്നത്‌. പൂന്തറ, വിഴിഞ്ഞം കലാപങ്ങള്‍, സിനിമാതിയ്യറ്ററുകളിലെ സിഗരറ്റ്‌ ബോംബ്‌ പ്രയോഗങ്ങള്‍. മദനിയുടെ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍. വിഷം ചെറുതായി കലര്‍ന്നുതുടങ്ങിയിരുന്നു കേരളത്തില്‍. പക്ഷെ ക്യാംപസില്‍ അതെക്കുറിച്ച്‌ ചൂടേറിയ സംവാദങ്ങള്‍ നടന്നിരുന്നു വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും വര്‍ഗീയതയെ ശക്തമായി എതിര്‍ത്തിരുന്നവരായിരുന്നു.

കേരളത്തിന്റെ സാമൂഹിക ജീവിത പരിസരത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച്‌ പറയുമ്പോള്‍, 1992നു മുന്‍പും ശേഷവും എന്നിങ്ങനെ കാലത്തെ രണ്ടാക്കിതിരിക്കാം എന്ന്‌ തോന്നുന്നു.


1992 ശേഷമാണ്‌ സംഭവങ്ങള്‍ മാറിമറയുന്നത്‌. ആളുകള്‍ കൂടുതല്‍ religious ആകുന്നു. യുവാക്കളില്‍ ഭക്തികൂടുന്നു. രാഷ്ടീയം പതുക്കെ മതത്തോടടുക്കുന്നു. നാടായനാടുകളിലൊക്കെ ക്ഷേത്രങ്ങളില്‍ നവീകരണകലശങ്ങളും പുന:പ്രതിഷ്ടാകര്‍മ്മങ്ങളും നടക്കുന്നു. യാഥാത്ഥിതികത്വവും ജാതിചിന്തയും വീണ്ടും വേരോടുന്നു. ഇസ്ലാം മതത്തിലാകട്ടെ യുവാക്കള്‍ യാഥാസ്ഥിതിക മത സംഘടനകളുടെ അണിയാളുകളാകുന്നു. മത സംബന്ധിയായ പുസ്‌തകങ്ങളുടെ വായനയും ചര്‍ച്ചകളും സംവാദങ്ങളും സജീവമാകുന്നു. പര്‍ദ്ദവ്യാപകമാകുന്നു. ഒഴിവുദിവസങ്ങളില്‍ നമ്പൂതിരി യുവജന സംഘവും നായര്‍ സര്‍വീസ്‌ സെസൈറ്റിയും തുടങ്ങീ എല്ലാവിധ ജാതി മതസംഘടനകള്‍ക്കും പരിപാടികളാകുന്നു. അതില്‍ നിന്ന്‌ ഒഴിഞ്ഞുമാറി നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തുന്നു. അതിനെ മറികടക്കണമെങ്കില്‍ ഏതെങ്കിലും രാഷ്ടീയകക്ഷികളിലെ പിന്നണിയാകണം എന്ന അവസ്ഥ വരുന്നു.

ആഗോളീകരണവും വര്‍ഗീയതയും കേരളത്തിലേക്ക്‌ കടന്നു വന്ന ഇക്കാലത്ത്‌ തന്നെയാണ്‌ കേരളത്തിലെ പൊതുഇടങ്ങള്‍ ശുഷ്‌കമാകുന്നതും. ദൂരദര്‍ശന്‍ സജീവമാകുന്നതും അക്കാലത്തു തന്നെ. ഞായറാഴ്‌ച്ചകളിലെ 4 മണിനേരങ്ങളില്‍ കുറച്ച്‌ വര്‍ഷത്തെക്കെങ്കിലും കവലകളില്‍ ആളുകളെ കാണാതായി തുടങ്ങി. കളിക്കളങ്ങളില്‍ ആളൊഴിഞ്ഞു. ഇതിന്റെ ഗുണഫലം പിന്നീട്‌ അനുഭവിച്ചതും മത-വര്‍ഗീയ കൂട്ടായ്‌മകള്‍ തന്നെ.

ഫോട്ടോ : അജീഷ്‌ . കെ. എ

മതങ്ങളുടെയും യാഥാസ്ഥിതികത്വത്തിന്റെയും കടന്നുകയറ്റം കേരളത്തിന്റെ പൊതുജീവിതത്തെയാണ്‌ എറ്റവും അധികം ബാധിച്ചത്‌. വായനശാല, പ്രാദേശിക കലാസമിതികള്‍, ഫിലിംസൊസൈറ്റികള്‍, കളിക്കളങ്ങള്‍ ഇതിനെയൊക്കെയാണ്‌. ഇവിടങ്ങളില്‍ നിന്നൊക്കെ കൊഴിഞ്ഞുപോയ അല്ലെങ്കില്‍ ഇവിടെ എത്തേണ്ടിയിരുന്ന ഒരു തലമുറ മതം തീര്‍ത്ത നാലതിരുകള്‍ക്കുള്ളിലേക്ക്‌ ചുരുങ്ങി അവിടെ രാമായണമാസാചരണത്തിനും ഭാഗവതസപ്‌താഹയഞ്‌ജത്തിനും ശ്രമക്കാരായി. മറുവശത്ത്‌ ഖുറാന്‍ പഠനങ്ങളും വ്യാഖ്യനങ്ങളും ചര്‍ച്ചാക്ലാസുകളും നടന്നു. പ്രഫഷണല്‍ കേളോജ്‌ വിദ്യാര്‍ത്ഥികളെ വരെ അവധിക്കാലക്യാമ്പുകളിലൂടെ മതത്തിന്റെ കയറുകൊണ്ട്‌ കുരുക്കി.

സാമുദായികസംഘടനകള്‍ക്ക്‌ അധികം വോരോട്ടമില്ലാതിരുന്ന മണ്ണാണ്‌ ഞങ്ങളുടെ നാട്‌. അങ്ങിനെയിരിക്കെ അയല്‍ ഗ്രാമത്തില്‍ ഒരു യോഗം വിളിച്ച്‌ ചേര്‍ക്കുന്നു ചിലര്‍. നാടിന്റെ പിന്നോക്കാവസ്ഥമാറ്റാനായി ഒരു സംഘടനവേണമെന്നും അതിന്‌വേണ്ടിയാണ്‌ ഒത്തുചേരലെന്നും അറിയിപ്പ്‌. ചെന്നപ്പോള്‍ ഒരു വിഭാഗത്തിലെ ആളുകള്‍ മാത്രം. ചര്‍ച്ച തുടങ്ങി സംഘടനക്ക്‌ ഒരു പേരിടണമെന്നായി. എസ്‌. എന്‍. ഡി. പി എന്നാകാമെന്ന്‌ സംഘാടകര്‍ അതെങ്ങിനെ ആ പേരില്‍ ഒരു സംഘടനയുണ്ടല്ലോ എന്ന്‌ ചിലര്‍. എങ്കില്‍ അതിന്റെ ശാഖയാകാമെന്നായി. നാടിന്റെ ക്ഷേമത്തിന്‌ ഒരു സംഘടന എന്ന്‌ പറഞ്ഞ്‌ യോഗം വിളിച്ചത്‌ ഇതിനായിരുന്നോ എന്ന്‌ ചോദ്യമുയര്‍ന്നപ്പോള്‍ പ്രവര്‍ത്തിക്കാന്‍ ഫണ്ട്‌ ആവശ്യമുണ്ടെന്നും എസ്‌. എന്‍. ഡി. പി . ശാഖയാണെങ്കില്‍ പണത്തിന്‌ ബുദ്ധിമുട്ടുണ്ടാകുകയില്ലെന്നും മറുപടി. എങ്കില്‍ എന്‍. ഡി. എഫ്‌. ശാഖയാകാം അവരാണ്‌ ഇപ്പോള്‍ കൂടുതല്‍ ഫണ്ടിറക്കുന്നതെന്നായി മറുപക്ഷം. ഒടുവില്‍ പുതിയ സംഘടന വെണ്ടെന്നും പ്രദേശത്ത്‌ നിലവിലുള്ള കലാസമതി സജീവമാക്കാം എന്നും തീരുമാനമെടുത്ത്‌ യോഗം പിരിഞ്ഞു. എസ്‌. എന്‍. ഡി. പി.യില്‍ നുഴഞ്ഞുകയറി സംഘടന പിടിച്ചെടുക്കാന്‍ പരിവാര്‍ ശ്രമമുണ്ടെന്ന്‌ കേട്ടിരുന്ന കാലത്തായിരുന്നു പ്രസ്‌തുതയോഗവും.
കടവല്ലൂര്‍ ഗവ. സ്‌കൂളിന്റെ 100 വര്‍ഷം. ആഘോഷപരിപാടികള്‍ നടക്കുന്നു. അതില്‍ പങ്കെടുക്കവെ ആലോചിച്ചുപോയത്‌ അതിന്റെ ചരിത്രമാണ്‌. ജാതീയതയും ജന്മിത്വവും കൊടികുത്തിനിന്ന കാലത്ത്‌ തുടങ്ങിയ ഒരു സ്‌ക്കൂള്‍ അവിടെ കാലങ്ങള്‍ നീങ്ങവെ ജന്മിയുടെയും കുടിയാന്റെയും മക്കള്‍ പഠിക്കാനെത്തുന്നു. അവരൊരുബെഞ്ചിലിരുന്നു പഠിക്കുന്നു അവിടെ ജന്മംകൊണ്ട്‌ പുലയനും നമ്പൂതിരിയും തീയ്യനും നായരും ആശാരിയുമൊക്കെയായ കുട്ടികളുണ്ട്‌ പരസ്‌പരം തൊട്ടതുകൊണ്ട്‌ ആകാശം കീഴ്‌മേല്‍ മറിയില്ല എന്ന്‌ അവര്‍ മനസ്സിലാക്കുന്നു കളിയും ചിരിയും പഠനവും മറ്റുമായി അവരൊന്നായി മാറുന്നു സ്‌കൂള്‍ വിടുമ്പോഴേക്കും നല്ല കൂട്ടുകാരാകുന്നു. അവിടെ നിന്ന്‌ പോയി ഡോക്ടറും എഞ്ചീനീയറും തഹസീല്‍ദാറും പ്രവാസിയും സര്‍ക്കാര്‍ ഗുമസ്‌തനും നാട്ടുപണിക്കാരനും കൃഷിക്കാരനുമൊക്കെയായി മാറുന്നു പക്ഷെ അവിടെ തൊഴിലിനടിസ്ഥാനം ജന്മമല്ല വിദ്യാഭ്യാസവും കഴിവുമാണെന്ന്‌ വരുന്നു. സഹജീവനത്തിലൂടെ ജാതി മത ചിന്തകള്‍ പതുക്കെ വഴിമാറുന്നു. അങ്ങിനെയുള്ള ഒട്ടനവധി സ്‌കൂളുകള്‍ കൂടി ചേര്‍ന്നല്ലെ കേരളത്തെ കേരളമാക്കിയത്‌. ആ സ്ഥാനത്ത്‌ പുതിയ സ്‌ക്കൂളുകള്‍ വന്നുകഴിഞ്ഞു. അല്‍ഹുദസ്‌കൂളില്‍ പോകുന്നത്‌ അധികം മുസ്ലീം കുട്ടികളാണ്‌ സരസ്വതി വിദ്യലയത്തില്‍ സ്വാഭാവികമായും ഹിന്ദുകുട്ടികള്‍. L.k.g മുതല്‍ 12 ക്ലാസ്‌ വരെ ചുറ്റും തങ്ങളുടെ മതത്തില്‍ നിന്നുള്ള കുട്ടികള്‍ മാത്രം. പഠനത്തോടൊപ്പം സ്‌കൂളില്‍ നിന്ന്‌ പകര്‍ന്നുകിട്ടുന്നത്‌ മതപാഠങ്ങള്‍. കടവല്ലൂര്‌ സ്‌ക്കൂള്‍ സമൂഹത്തെ മാറ്റിയതുപോലെയല്ലെങ്കിലും പുതു സ്‌ക്കൂളുകളും സമൂഹത്തെ മാറ്റികൊണ്ടിരിക്കുന്നു. അല്ല പിളര്‍ത്തിക്കൊണ്ടിരിക്കുന്നു.














അധികം കാത്തിരിക്കേണ്ടി വന്നില്ല ഒന്നാം മാറാട്‌ കലാപത്തിന്‌. അത്‌ വ്യക്തമായ ഒരു സൂചനയായിരുന്നു. കേരളത്തിന്റെ ഭാവിയിലേയ്‌ക്കും ഭരണകൂടവും ജനങ്ങളും ജാഗരൂകരായില്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളിലേക്കും. രാഷ്ടീയം വളരെ മലിനപ്പെട്ടു തുടങ്ങി. പെണ്‍വാണിഭ കേസുകളിലും. കഞ്ചാവ്‌ കൃഷി, വനംകൊള്ള, ചന്ദനകടത്ത്‌, സ്‌പിരിറ്റ്‌ മാഫിയ എന്നിവയിലൊക്കെയും രാഷ്ടീയ നേതാക്കളുടെ പങ്കാളിത്തം പരസ്യമായി തുടങ്ങി. ഇതിനൊക്കെ സംരക്ഷണം നല്‍കാന്‍ പുതിയ രാഷ്ടീയ - പോലീസ്‌ - ഗുണ്ടാ കൂട്ടുകെട്ട്‌ രംഗത്തെത്തി. കള്ളപ്പണവും പെട്രോഡോളറും റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയും രാഷ്ടീയ - വര്‍ഗീയ - ബിസിനസ്സ്‌ - സ്‌പിരിറ്റ്‌ - ഗുണ്ടാസംഘങ്ങളുമൊക്കെ കൂടിക്കുഴഞ്ഞ ഒരു സംഘം വളര്‍ന്നു വന്നു. കേരളത്തില്‍ കണ്ടെടുത്ത പൈപ്പ്‌ബോബുംകള്‍ക്കും സിനിമാതിയ്യറ്റര്‍ കത്തികലുകള്‍ക്കും ഉത്തരവാദികളാരുമുണ്ടായില്ല തീവ്രവാദം പതുക്കെ വളര്‍ന്നു. കാശ്‌മീരിലേക്ക്‌ ആളെയെത്തിക്കുന്നതുവരെയെത്തി. മാറാട്‌ കലാപത്തെക്കുറിച്ച്‌ സി.ബി.ഐ അന്വേഷണം എന്ന ആവശ്യം തുരങ്കം വെക്കപ്പെട്ടു.

ഒന്നാം മാറാട്‌ കലാപത്തിനുശേഷമാണ്‌ അക്കിക്കാവില്‍ ജാഗ്രതജനവേദി രൂപമെടുക്കുന്നത്‌. ജാതി മത ദ്രുവീകരണത്തിനെതിരെയുള്ള ഒരു ചെറുത്തുനില്‍പ്പായിരുന്നു ലക്ഷ്യം. ആയിടക്ക്‌ തന്നെ ദൃശ്യകല ഫിലിം സെസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു അക്കിക്കാവില്‍. പ്രാദേശികമായി എങ്ങിനെ വര്‍ഗീയതയെ ചെറുക്കാം എന്നതായിരുന്നു വിഷയം. മാസിക ഇറക്കിയും നാടകം കളിച്ചുംവര്‍ഗീയതെ എതിര്‍ക്കാം എന്ന്‌ ഒരു പക്ഷം പറഞ്ഞപ്പോള്‍ മറുപക്ഷം മുന്നോട്ട്‌ വെച്ചത്‌ മറ്റൊരാശമായിരുന്നു മതേതരമായ പൊതു ഇടങ്ങളെ ശക്തിപ്പെടുത്തുക. ക്ലബുകളും വായനശാലകളും കലാശാലകളും കളിക്കളങ്ങളും ഉണര്‍ത്താന്‍ ബോധപൂര്‍വ്വമായി ഇടപെട്ടുകൊണ്ടിരിക്കുക. വര്‍ഗീയത കടന്നുകയറാനിടയുള്ള പരിസരങ്ങളില്‍ ജാഗരൂകരായി നിലയുറപ്പിക്കുക. കൂട്ടായ്‌മകളിലൂടെ ചെറുപ്പത്തെ ഉണര്‍ത്തുക. കുട്ടികളുടെ കളിക്കൂട്ടങ്ങളും പുസ്‌തകപ്പുരകളും ഉണര്‍ത്തുക. അംഗങ്ങളില്‍ പല രാഷ്ടീയ കക്ഷികളിലും പെട്ടവരുണ്ടായിരുന്നു എന്നിട്ടും ഒരു കോക്കസു പോലെ സിന്‍ഡിക്കേറ്റു പോലെ പിന്നീട്‌ ഈ വിഷയത്തിനു വേണ്ടി യോഗം ചേരാതെ തന്നെ അന്നത്തെ കൂട്ടം പ്രവര്‍ത്തിച്ചുപോന്നു. കലശമലക്കുന്നിലെ റവന്യൂഭൂമി കെട്ടിത്തിരിച്ച്‌ സ്വന്തമാക്കാന്‍ പരിവാരശകതികള്‍ ഒരുങ്ങിയപ്പോള്‍ എതിര്‍ത്ത്‌ തോല്‍പ്പിച്ചത്‌ ഈ സിന്‍ഡിക്കേറ്റ്‌ തന്നെയായിരുന്നു. കളിക്കൂട്ടങ്ങള്‍, പ്രകൃതിപഠനക്യാമ്പുകള്‍, സിനിമാപ്രദര്‍ശനങ്ങള്‍, സാംസ്‌ക്കാരിക സായാഹ്നങ്ങള്‍, നിലാവുകൂട്ടങ്ങള്‍.... അന്നൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ ഒറ്റപ്പെടുമ്പോഴാണ്‌ മനുഷ്യന്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുന്നത്‌ എന്നതായിരുന്നു. പൊതുവായ കൂട്ടായ്‌മകള്‍ ഒരിക്കലും മത - വര്‍ഗീയ സംഘടകള്‍ അംഗീകരിക്കില്ല. അംഗങ്ങളുടെ മതേതരമായ പൊതു ബന്ധങ്ങള്‍ അറക്കുകയാണ്‌ വര്‍ഗീയ സംഘടനകള്‍ ആദ്യം ചെയ്യുന്നത്‌. പിന്നെ കല്ലു വെച്ച നുണകളിലൂടെ കിംവദന്തികളിലൂടെ വിഷം പലയിടത്തുനിന്നായി പതുക്കെ പ്രയോഗിച്ച്‌ തുടങ്ങുന്നു.

കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ സമയത്താണ്‌ ഗുരുവായൂര്‍ നിയമസഭാധ്യക്ഷനായ വത്സലന്‍ കൊല്ലപ്പെടുന്നത്‌. പ്രാദേശികമായ ഒരു രാഷ്ടീയ തര്‍ക്കത്തില്‍ നിന്നുണ്ടായ വികാരാവേശത്തിലാണ്‌ ആ കൊലപാതകം നടന്നത്‌. പക്ഷെ അതിന്‌ ശേഷം അതും ഹിന്ദുമതമൗലികവാദികള്‍ കുശുകുശുത്തത്‌ മറ്റൊന്നായിരുന്നു. കൊല്ലപ്പെട്ടത്‌ ഒരു ഹിന്ദുവും കൊന്നത്‌ ഒരു മുസ്ലീമുമായതുകൊണ്ടാണ്‌ സി.പി.എം തിരിച്ചടിക്കാതിരിക്കുന്നത്‌ എന്ന്‌. ഒരു രാഷ്ടീയകൊലപാതക്കത്തിന്‌ പോലും മതത്തിന്റെ നിറം കൊടുത്ത്‌ ആളെ കൂട്ടുകയാണ്‌ മതഭ്രാന്തന്‍മാര്‍. മറ്റൊരുസംഭവം പാവറട്ടിപരിസരത്തുണ്ടായ ഒരു ആര്‍. എസ്‌. എസ്‌ പ്രവര്‍ത്തകന്റെ കൊലപാതകമാണ്‌ തുടര്‍ന്ന്‌ നടന്ന അക്രമങ്ങള്‍ ആ നാടിനെ ഒരു കലാപത്തിന്റെ വക്കോളമെത്തിച്ചു. കൊല ചെയ്‌തത്‌ ഇസ്ലാം മതമൗലികവാദികള്‍. മരിച്ച ആള്‍ക്ക്‌ തങ്ങളുടെ സമുദായത്തിലെ ഒരു സ്‌ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നും അങ്ങിനെ തങ്ങളുടെ സമുദായത്തെ നശിപ്പാക്കാനാണ്‌ അയാള്‍ ശ്രമിച്ചതെന്നും അതുകൊണ്ട്‌ ആ കൊലയെ ന്യയീകരിക്കാം എന്നും വാദം. ലൗ ജിഹാദിന്റെ ഒരു മറുപതിപ്പ്‌. ശിക്ഷ അവിഹിതത്തിനല്ല മതം മാറിയുള്ള അവിഹിതത്തിന്‌ .ഖസാക്കിന്റെ ഇതിഹാസത്തിലെ ശിവരാമന്‍ നായരെ പോലെ മറ്റു മതസ്ഥര്‍ എന്തു ചെയ്യുന്നു എന്ന്‌ നിരീക്ഷിക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം നമുക്കുചുറ്റിലും വളര്‍ന്നു വരുന്നു.



ജനകീയ സാംസ്‌ക്കാരിക വേദിയ്‌ക്ക്‌ ശേഷം സി. പി. ഐ. എം. എല്‍ സംഘടനക്ക്‌ വേരോട്ടമുണ്ടായിരുന്ന ഒരു സ്ഥലമായിരുന്ന പെരുമ്പിലാവ്‌. സംസാക്കാരികസംഘടനകളും സജീവമായിരുന്നു ഇവിടെ. എം. എല്‍ പിളര്‍ന്നതോടെ ജനശക്തിക്കായി മുന്‍കൈ. ഇപ്പോളാ പഴയ പ്രവര്‍ത്തകരില്‍ ചിലര്‍ സോളിഡാരിറ്റിക്കാരാണ്‌ (മാവോയില്‍ നിന്നും മൗദൂദിയിലേക്ക്‌) ചിലര്‍ ദളിത്‌ സ്വത്വരാഷ്ട്രീയത്തില്‍ മറ്റുചിലര്‍ പോരാട്ടത്തില്‍. സി.പി.ഐ. എമ്മിലേക്ക്‌ തിരിച്ചുപോയവരും ഉണ്ട്‌. സാംസ്‌ക്കാരിക സംഘടനകളും ശോഷിച്ചു. പുതിയ ചെറുപ്പക്കാരാരും പൊതുരംഗത്തേക്കൊ സാംസ്‌കാരിക പ്രവര്‍ത്തനത്തിലേക്കോ കടന്നുവരുന്നില്ല. വളര്‍ന്നുവരുന്ന മറ്റൊരു ശക്തി N.D.F. കോട്ടോലില്‍ ഒരു ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനെ വധിച്ച്‌ അവരും ശകതി കാട്ടിത്തുടങ്ങി. സമാന്തരമായി തന്നെ RSS ഉം വളരുന്നു. പര്‍ദ്ദകള്‍ വ്യാപകമാകുന്നു. മതപഠനക്ലാസുകളും മതപരമായ ചര്‍ച്ചകളും സംവാദങ്ങളും പെരുകുന്നു.

പഴയ സാംസ്‌ക്കാരിക പ്രവര്‍ത്തകരൊക്കെ പല വഴിക്ക്‌ പിരിഞ്ഞ്‌ പോയിരിക്കുന്നു. ശേഷിക്കുന്നവര്‍ ക്ഷീണിതതരായിരിക്കുന്നു. ഇടതുപക്ഷമനസ്സുകളും മതേതര മനസ്സുകളും കുറഞ്ഞു വരുന്നു. വര്‍ഗീയ ശക്തികളാകട്ടെ പ്രകോപനങ്ങള്‍ സൃഷ്ടിച്ച്‌ സംഘര്‍ഷങ്ങള്‍ വ്യപിപ്പിച്ച്‌ സംഘടന വളര്‍ത്താന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നു. ഇതൊക്കെയാണ്‌ ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍.

പ്രിയ ബൂലോകരെ, പറയൂ

നിങ്ങളുടെ നാട്ടിലും ഇങ്ങനെയൊക്കെ തന്നെയാണോ ?

വര്‍ഗീയത എതിര്‍ക്കപ്പെടേണ്ടതാണോ ?

നമുക്കെന്തങ്കിലും ചെയ്യാനുണ്ടോ ഇനി ?

( പ്രതികരണങ്ങള്‍ ഇവിടെ കാണാം)