Wednesday, January 20, 2010

നീര്‍ച്ചോല പോലെ കാലം...


ഫോട്ടോ : പി. വി. പത്മനാഭന്‍

(ഒരു കുന്നിന്റെ കഥ ഒരു നാടിന്റെയും - തുടര്‍ച്ച)
സത്യത്തില്‍ ഇത്‌ കല്ലഴിക്കുന്നിന്റെ മാത്രം കഥയല്ല. കേരളത്തിലെ എല്ലാ ഇടനാടന്‍ ചെങ്കല്‍കുന്നുകള്‍ക്കും പറയാനുള്ളത്‌ ഈ കഥകളൊക്കെതന്നെയാണ്‌.

പഴയ ഭൂപ്രഭുക്കളുടെ കൈയ്യിലുള്ള ചെറുകാടായിരുന്നു ഈ കുന്ന്‌ ആദ്യം. താഴത്തെ ക്ഷേത്രവും ചോലക്കാടും പരിസരവും കിള്ളിമംഗലം മനക്കാരുടെ മേല്‍നോട്ടത്തിലുള്ള ബ്രഹ്മസ്വം ഭൂമിയും. കുന്നത്തെ കാട്‌ പിന്നീട്‌ പറങ്ങിമാവിന്‍ തോട്ടത്തിന്‌ വഴിമാറി. ശേഷിക്കുന്ന സ്ഥലത്ത്‌ ഞാവലുകള്‍ വളര്‍ന്നു. എങ്കിലും നരിയും കുറുക്കനും മുയലും മയിലും മുള്ളന്‍പന്നിയും അടങ്ങുന്ന ഒരു ജന്തുജാലം ഇവിടെ ജീവിച്ചുപോന്നു. കശുവണ്ടി പറക്കാനും കാലിമേക്കാനുമായി നാട്ടുകാരും ഒറ്റയ്‌ക്കും തെറ്റയ്‌ക്കുമായി കുന്നുകയറി. അതിനിടയില്‍ സ്വാതന്ത്രസമരത്തിന്റെ അലയൊലികള്‍ കൊച്ചിരാജ്യത്തുമെത്തി. തണത്തറപാലം കടന്നുവരുന്ന മലബാറുകാരായ രാഷ്ടീയപ്രവര്‍ത്തകര്‍ക്ക്‌ ഈ കുന്ന്‌ അഭയമൊരുക്കി.



ഫോട്ടോ : സുര്‍ജിത്ത്‌ അയ്യപ്പത്ത്‌

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വരവിനും പഴയ കോഴിക്കോട്‌ സാമൂതിരിയുടെ പണ്ഡിത സദസ്സിലെ അംഗങ്ങളായിരുന്ന പയ്യൂര്‍ പട്ടേരിമാരുടെ പിന്‍മുറക്കാര്‍ വരെ കമ്മ്യൂണിസ്റ്റുകളാകുന്നതിനും ഈ കുന്ന്‌ സാക്ഷിയായി. ക്ഷേത്രപ്രവേശനവും അയിത്തോച്ചാടനവും കിടങ്ങുര്‍ കോവിലിന്റെ സ്ഥാപനവും ഇയ്യാല്‍ കുറിയേടത്തുമനയ്‌ക്കലെ സ്‌മാര്‍ത്തവിചാരവും ഈ കുന്നിന്‌ ചുറ്റും അരങ്ങേറി. കാലത്തിന്റെ കുത്തെഴുക്കില്‍ ചെവ്വന്നൂര്‍ സഭാമഠം എന്ന വൈദിക പഠനകേന്ദ്രത്തിന്റെ പഴയ പ്രധാന്യം കുറഞ്ഞു. കടവല്ലൂര്‍ അന്യേന്യം നിലച്ചു. പുതിയ വിദ്യാലയങ്ങള്‍ വന്നു. ജന്മിയുടെയും കുടിയാന്റെയും നമ്പൂതിരിയുടെയും പുലയന്റെയും കുട്ടികള്‍ പതുക്കെ ഒരു ബഞ്ചില്‍ തന്നെയിരുന്ന്‌ പഠിക്കാന്‍ തുടങ്ങി. മനസ്സുകള്‍ തമ്മിലുള്ള അകലം കുറഞ്ഞുവന്നു. പിന്നീട്‌ എൈക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളായി. കെ.പി . കേശവമോനോനും മാധവന്‍ നായരും ചേര്‍ന്ന്‌ തുടങ്ങി വെച്ച മാതൃഭൂമിയെ മുന്നോട്ട്‌ നയിക്കുക എന്ന മഹാദൗത്യമേറ്റെടുത്ത്‌ അയ്യപ്പത്ത്‌ കൃഷ്‌ണനായര്‍ കോഴിക്കോട്ടേക്ക്‌ യാത്രയായി.


ഫോട്ടോ : വിജീഷ്‌ സുദേവ്‌

ഇന്ത്യയുടെ സ്വാതന്ത്ര്യം വിളംബരം ചെയ്‌തുകൊണ്ട്‌ കൊടവംപറമ്പില്‍ മാധവേട്ടന്റെ നേതൃത്വത്തില്‍ വരിവെച്ച്‌ കടന്നു പോയ കോണ്‍ഗ്രസ്സ്‌ പഥയാത്രയേയും ഈ കുന്ന്‌ കണ്ടു. എൈക്യ കേരളത്തിന്‌ പിന്നേയും കാത്തിരിക്കേണ്ടി വന്നു. പ്രതീക്ഷകള്‍ വാനത്തോളമുയര്‍ത്തി ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ. ഭൂപരിഷ്‌ക്കരണനിയമവും വിദ്യാഭാസ ബില്ലും. നോങ്ങല്ലൂര്‍ പാടത്തും കൂലികൂടുതലിനുവേണ്ടി സമരം നടന്നു. കൊയ്‌ത്ത്‌ മുടങ്ങി. "ഞങ്ങളെ തല്ല്യല്‍ ഞങ്ങളും തല്ലും" എന്ന മുദ്രാവാക്യം ഉശിരോടെ തൊഴിലാളികള്‍ ഏറ്റുവിളിച്ചു. പാര്‍ട്ടി സെല്‍ഭരണം നടത്തുന്നു എന്ന ആരോപണം ഇവിടെയും ഉയര്‍ന്നു. പിന്നീട്‌ വന്ന വിമോചനസമരത്തെ പിന്തുണക്കാന്‍ ഇവിടുന്നും ആളുണ്ടായി. ജന്മിത്തത്തിന്റെ തകര്‍ച്ചയോടെ ക്ഷേത്രങ്ങള്‍ ആളനക്കമില്ലാതെ കിടന്നു. ചിറയിലെ അമ്പലം ഭ്രാന്തന്‍ ശങ്കരന്റെ താവളമായി. എഴുപതുകളില്‍ വീണ്ടും ഭൂപരിഷ്‌ക്കരണം. ഒരു ബ്രാഹ്മണിക്കല്‍ വില്ലേജല്ലാതായിരുന്നതുകൊണ്ടുതന്നെ പ്രബലരായ അബ്രാഹ്മണ ഭൂവുടമകളും ഇതിനുചുറ്റുമുള്ള ഗ്രാമങ്ങളിലുണ്ടായിരുന്നു. അവരുടെ ഭൂമിയും മിച്ചഭൂമികളായി. റബ്ബര്‍ തോട്ടങ്ങളെ മിച്ചഭൂമിയില്‍ നിന്ന്‌ ഒഴിവാക്കിയതുകൊണ്ട്‌ അയ്‌പ്‌ പാറമേലിനെയും കൊടവംപറമ്പില്‍ സത്യഭാമയേയും പോലുള്ള ഭൂവുടമകള്‍ ജന്മികളായി തന്നെ തുടര്‍ന്നു. മരത്തംകോടിനും കിടങ്ങൂരിനും ചിറമനേങ്ങാടിനും ഇടയ്‌ക്ക്‌ കിടന്നിരുന്ന 120 എക്കറോളം വരുന്ന കാട്ടാമ്പക്കാരന്റെ മാട്ടം മിച്ചഭൂമിയായി. അക്കിക്കാവ്‌ താന്തിരുത്തിയിലും, നോങ്ങല്ലൂര്‍ തെക്കെമാട്ടത്തിലും, ചിറമനേങ്ങാട്‌ കൈതക്കുന്നിലും, പരുവക്കുന്നത്തും കോളനികള്‍ വന്നു. ഒപ്പം കല്ലഴിക്കുന്നിന്റെ പടിഞ്ഞാറേ കുന്നത്തും. ശേഷിക്കുന്ന കുന്ന്‌ ഭൂവുടമകളുടെ കൈയ്യില്‍ നിന്നും ഏറ്റെടുത്ത്‌ വിമുക്തഭടന്‍മാര്‍ക്കായി പതിച്ചുകൊടുത്തു. അവരാരും ആ മണ്ണില്‍ വാസമുറപ്പിച്ചില്ല. ഗുഹയും പരിസരവുമടങ്ങുന്ന രണ്ടര ഏക്കറോളം ഭൂമി മാത്രം സര്‍ക്കാരിന്റെ കൈവശം വന്നു. മരങ്ങളത്രയും മുറിച്ച്‌ പോയി കല്ലഴിക്കുന്ന്‌ ഒരു മൊട്ടക്കുന്നായി മാറുന്നതും അക്കാലത്താണ്‌. വാഴയും കപ്പയുമൊക്കെ കൃഷി ചെയ്‌തിരുന്ന കക്കാട്‌ അപ്പുനായരെപ്പോലുള്ള കര്‍ഷകര്‍ കുന്നിറങ്ങി.




ചിറയിലെ ചോല പോലെ കാലം പിന്നെയും ഒഴുകി നീങ്ങി. പാറേമ്പാടത്ത്‌ വായനശാലവന്നു. വൈകുന്നേരങ്ങളില്‍ വായനശാലയില്‍ നിന്ന്‌ പുസ്‌തകമെടുത്ത്‌ മടങ്ങും വഴി നാട്ടിലെ ചെറുപ്പക്കാര്‍ കുന്ന്‌ കയറാരുണ്ടായിരുന്നു. അവിടെ പുല്ലില്‍ വട്ടം കൂടിയിരിക്കുമ്പോള്‍ നാട്ടുവര്‍ത്തമാനത്തോടൊപ്പം കലയും സംസ്‌ക്കാരവും സാഹിത്യവും ചര്‍ച്ചകളില്‍ വന്നു. വസന്തത്തിന്റെ ഇടിമുഴക്കം കേരളത്തിലും കേട്ടുതുടങ്ങിയ കാലത്ത്‌ അതിന്റെ അനുയായികളും ഈ കുന്നത്തെ സദസ്സുകളില്‍ നിന്നുണ്ടായി. ന്യുസ്‌ പേപ്പറില്‍ ചുവന്നചായം കൊണ്ടെഴുതിയ ജനകീയ സാംസ്‌ക്കാരികവേദിയുടെ പോസ്‌റ്ററുകളുടെ പിറവി ഇവിടെനിന്നായിരുന്നു. മുകുന്ദന്റെ 'ദല്‍ഹി ' ക്കാലത്ത്‌ അസ്‌തിത്ത്വദുഖത്തിന്‌ ഇവിടെയും പിന്‍മുറക്കാരുണ്ടായി കുന്നിന്‍പ്പുറത്ത്‌ പുകച്ചുരുളുകളിലൂടെ മായികലോകത്തേക്കെത്തിയ ചിലര്‍ മാനം നോക്കിക്കിടന്നു. വിജാതീയ പ്രണയത്തിന്റെ ദുരന്തപര്യവസാനിയായ ചില രംഗങ്ങള്‍ക്കും ഈ കുന്ന്‌ സാക്ഷിയായി അക്കാലത്ത്‌. പ്രാദേശിക ക്ഷേത്രോത്സവങ്ങള്‍ക്ക്‌ നാട്ടിലെ ചെറുപ്പക്കാര്‍ തന്നെ മുന്നിട്ടിറങ്ങി നാടങ്ങള്‍ എഴുതി അവതരിപ്പിച്ചു. നാട്ടിലെ ചെറുബാല്യക്കാരായിരുന്ന രത്‌നാകരനും, ബാഹുലേയനും, പ്രഭാകരനുമൊക്കെ നോങ്ങല്ലൂരിന്റെ നാടക താരങ്ങളായി. വി. സാംബശിവനും കെടാമംഗലം സദാനന്ദനും പോലുള്ള കാഥികര്‍ അകതിയൂര്‍ ദേവീവിലാസം സ്‌ക്കൂള്‍ മൈതാനിയിലെ പുരുഷാരത്തെ ഇളക്കിമറിച്ചു.


ഫോട്ടോ : വിനീത്‌ നായര്‍

സാമ്പത്തികജീവിതവും ഇതോടൊപ്പം മാറുകയായിരുന്നു. കരഭൂമിയ്‌ക്ക്‌ വിലകുറവായിരുന്ന അന്ന്‌ പാടത്തിനായിരുന്നു വില. അതിനിടയിലാണ്‌ ഭക്ഷ്യക്ഷാമം വരുന്നത്‌. ഓരോകര്‍ഷകനും സൂക്ഷിയ്‌ക്കാവുന്ന നെല്ലിന്‌ പരിധിവന്നു. കൂടുതലുള്ള നെല്ല്‌ സര്‍ക്കാര്‍ ഏറ്റെടുക്കും. പാട്ടത്തിക്കാരനും (വില്ലേജ്‌ ഓഫീസര്‍) സഹായികളും പറയും ചാക്കുമായി നാട്ടിലിറങ്ങി. അറകളും പത്തായങ്ങളും തുറന്ന്‌ നെല്ല്‌ പുറത്തെടുത്തു. കൊട്ടാരപ്പാട്ട്‌ ബാലകൃഷ്‌ണനെപ്പോലുള്ള ചിലര്‍ക്കെതിരെ വില്ലേജ്‌ ഓഫീസറെ കൈയ്യേറ്റം ചെയ്‌ത കുറ്റത്തിന്‌ കേസുവന്നു. കരഭൂമികളിലും നെല്‍കൃഷി തുടങ്ങി. പിന്നെ ഹരിതവിപ്ലവത്തിന്റെ വരവായി. കീടനാശിനികളുടെ കുത്തൊഴുക്കില്‍ പാടങ്ങളില്‍ തവളകളും മീനും നീര്‍ക്കോലിയും ചത്തുമലച്ചു കിടന്നു. അവയെ തിന്ന പരുന്തും കഴുകനും അടക്കമുള്ള പക്ഷികളുടെ കുലം മുടിഞ്ഞു. കറുകപ്പുല്ല്‌ തിന്നാനെത്തിയ മുയലുകള്‍, മീനിനെ തിന്ന കുറുക്കന്‍മാര്‍ ഒക്കെ പലയിടത്തുമായി ചത്തുകിടന്നു. കാലം പിന്നെയും കടന്നുപോയി ഭക്ഷ്യക്ഷാമം പഴംകഥയായി. അരിയ്‌ക്ക്‌ വില കുറഞ്ഞു. അതിനിടയില്‍ തന്നെ ഗള്‍ഫ്‌ പണത്തിന്റെ വരവും തുടങ്ങിയിരുന്നു. ക്രമേണ ഭൂമി കൃഷിയിക്കുള്ള വസ്‌തു എന്നതില്‍ നിന്ന്‌ മാറി കച്ചവടത്തിനുള്ള ചരക്കായി തീര്‍ന്നു. പെരുമ്പിലാവ്‌ കാലി ചന്തയിലെ തിരക്ക്‌ കുറഞ്ഞുതുടങ്ങി. ഗ്രാമങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരും ഗള്‍ഫുകാരും കച്ചവടക്കാരുമടങ്ങുന്ന പുതിയ മധ്യവര്‍ഗ്ഗം പതുക്കെ നഗരങ്ങളിലേയ്‌ക്ക്‌ കുടിയേറി. ഈ മാറ്റം ഇവിടെയും കണ്ടുതുടങ്ങി. കുന്നംകുളത്തിനും അക്കിക്കാവിനുമിടയില്‍ ഹൈവേക്കിരുപുറവുമായി കിടക്കുന്ന ഭൂമി മണ്ണിട്ട്‌ നികത്തി വീടുവെയ്‌ക്കാമെന്ന്‌ ചിലര്‍ കണ്ടെത്തി. തൊട്ടപ്പുറത്തുള്ള കരഭൂമി വാങ്ങേണ്ടുന്നതിന്റെ പകുതി ചിലവില്‍ കാര്യം നടക്കും. സ്വാഭാവികമായും കണ്ണ്‌ കല്ലഴിക്കുന്നിലേയ്‌ക്ക്‌ നീണ്ടു. മറ്റുനിര്‍മ്മാണമേഖലകള്‍ സജീവമായതോടെ തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതും കൂലിച്ചിലവ്‌ ഏറിയതും കൃഷിയ്‌ക്ക്‌ വന്ന മാന്യതക്കുറവും മൂലം പാടങ്ങള്‍ തരിശായിതുടങ്ങിയത്‌ കാര്യങ്ങള്‍ എളുപ്പമാക്കി. കമ്പിപ്പാരയും പിക്കാസും മണ്‍വെട്ടിയുമായി ഒരു ലോറി തൊഴിലാളികള്‍ ആദ്യമായി കുന്നുകയറിയെത്തി. അതോടെ നാട്ടില്‍ ഒരു പുതിയ തൊഴില്‍ സാധ്യതകൂടി തുറക്കുകയായിരുന്നു.

(തുടരും)

Wednesday, January 6, 2010

പച്ചയിലെ നിറഭേദങ്ങള്‍


ഫോട്ടോ : പി. വി. പത്മനാഭന്‍

(തുടര്‍ച്ച - ഒരു കുന്നിന്റെ കഥ ഒരു നാടിന്റെയും...)

കല്ലായിക്കുന്ന്‌ എന്നായിരുന്നു നാട്ടുകാര്‍ വിളിച്ചിരുന്നത്‌, കല്ലഴിക്കുന്ന്‌ എന്നും ചിലര്‍ വിളിച്ചു. ചിലര്‍ക്കിത്‌ നരിമടക്കുന്നായിരുന്നു. കലശമല എന്ന പേര്‌ വ്യാപകമായി പ്രയോഗിക്കപ്പെട്ടിരുന്നില്ല അന്നൊന്നും. ചുറ്റുമുള്ള സ്ഥലങ്ങളുടെ മോഹിപ്പിക്കുന്ന കാഴ്‌ച്ചയാണ്‌ കുന്നിന്റെ പ്രധാന ആകര്‍ഷണം പിന്നെ കുന്നിന്‍ മുകളിലെ വിശാലമായ തുറസ്സും അവിടത്തെ പുല്‍പ്പരപ്പും. മേഘങ്ങളൊഴിഞ്ഞ നേരത്ത്‌, കിഴക്ക്‌ കടങ്ങോടന്‍ മലനിരകള്‍ക്കപ്പുറത്ത്‌ നോക്കെത്താ ദൂരത്തോളം മലകളുടെ ശിഖരങ്ങള്‍ കാണാം. കിഴക്ക്‌ തെക്കായി കലാര്‍ണപ്പാടം, ചെവ്വന്നൂര്‍പാടം, അതിനുമപ്പുറം ചൂണ്ടല്‍പ്പാടം അതിനിടയിലൂടെ കുന്നംകുളം വടക്കാഞ്ചേരി റോഡ്‌. വടക്ക്‌ പടിഞ്ഞാറായി കുന്നംകുളം-കോഴിക്കോട്‌ റോഡ്‌ കടന്നുപോകുന്ന കമ്പിപ്പാലം അക്കിക്കാവ്‌ ഭാഗങ്ങള്‍. ഋതുക്കള്‍ മാറുന്നതിനനുസരിച്ച്‌ കാഴ്‌ച്ചകളും മാറും. ചിങ്ങം - കന്നി മാസങ്ങളില്‍ പച്ചപ്പിന്റെ ഒരു ലോകമാണ്‌ ചുറ്റിലും. താഴെയുള്ള പാടശേഖരങ്ങളിലൊക്കെ ഞാറ്‌ വളര്‍ന്ന്‌ വരുന്ന സമയം. പച്ചപരവതാനി വിരിച്ച പോലെയാകും പാടങ്ങള്‍. ധനു മകരം മാസങ്ങളിലെ പോക്കുവെയിലില്‍ സ്വര്‍ണ്ണനിറമാകും വിളഞ്ഞുനില്‍ക്കുന്ന പാടങ്ങള്‍ക്ക്‌. കരഭൂമിയിലൊക്കെ പച്ചപ്പ്‌ മാത്രമേകാണൂ. തൊടികള്‍ക്കുള്ളിലെ വീടുകള്‍ മരങ്ങള്‍ക്കുള്ളില്‍ നിന്ന്‌ പുറത്തുകാണാനാകില്ല. കുലച്ചപനകളും കട്ടയിട്ടമുളങ്കൂടുകളും പുത്തതേക്കുമരങ്ങളും പച്ചക്കുള്ളില്‍ നിറഭേദങ്ങള്‍ തീര്‍ക്കും.
















ഫോട്ടോ : വിനീത്‌ നായര്‍

കുന്നിന്റെ വടക്കേചെരുവിലാണ്‌ കലശമല ചിറയില്‍ ശിവക്ഷേത്രം. അമ്പലത്തോട്‌ ചേര്‍ന്ന്‌ തന്നെ കുളവെട്ടിമരങ്ങള്‍ തിങ്ങിനിറഞ്ഞ കാവ്‌. അതിനിടയിലൂടെ ഒഴുകുന്നചോല. ഒരു കാലത്ത്‌ തികഞ്ഞ ചതുപ്പായിരുന്നു ഈ ചോല. മേയാന്‍ വിടുന്ന കാലികള്‍ പലപ്പോഴും ഈ ചതുപ്പില്‍ പെട്ട്‌ താഴുന്നതും പിന്നീട്‌ അവയെ വലിച്ചുകയറ്റാന്‍ ബുദ്ധിമുട്ടിയതും പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌. വാറ്റുചാരായം തയ്യാറാക്കിനുള്ള കോടയുടെ സൂക്ഷിപ്പ്‌ കേന്ദ്രം കുടിയായിരുന്നു ഇടക്കാലത്ത്‌ ഈ ചതുപ്പ്‌. കലശമല ക്ഷേത്രത്തെപ്പറ്റിയും ഒട്ടേറെ മിത്തുകളും പഴംകഥകളും നിലനില്‍ക്കുന്നുണ്ട്‌. അതിലൊന്ന്‌ അമ്പലത്തിലെ കുളത്തിന്‌ കടലുമായി ബന്ധമുണ്ടെന്നാണ്‌ ചില പ്രത്യേകദിവസങ്ങളില്‍ അമ്പലക്കുളത്തില്‍ കടല്‍ മത്സ്യങ്ങളെ കാണാറുണ്ടത്ര. കര്‍ക്കടകമാസത്തിലെ വാവിന്‌ ബലിയിടാനായി സമീപപ്രദേശത്തുനിന്നൊക്കെ ആളുകളെത്തുക ഇവിടേക്കാണ്‌. അന്ന്‌ തന്നെയാണ്‌ ചിറയിലെ ഉത്സവവും. നാട്‌ ചുട്ടുപൊള്ളുന്ന മീന-മേട മാസങ്ങളിലും ശീതികരിച്ച്‌ മുറിയിലെന്ന പോലെ സുഖകരമായ കാലാവസ്ഥയാണ്‌ ഈ ചോലക്കാട്ടില്‍. സമീപത്തെ വീട്ടുകാര്‍ വെള്ളമെടുക്കാനും കുളിക്കാനുമായി ഇവിടെ എത്തും.














ഫോട്ടോ : പി. വി. പത്മനാഭന്‍

കുന്നത്ത്‌ കണ്ണാന്തളികള്‍ നിറയെ പൂത്തിരുന്ന ഒരു കാലത്തെ പറ്റി അകതിയൂര്‍ നാസര്‍ മെമ്മോറിയല്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ പുറത്തിറക്കിയ സ്‌പന്ദനം എന്ന സ്‌മരണികയില്‍ മാധവന്‍ അയ്യപ്പത്ത്‌ ഏഴുതിയിരുന്നു. കുന്നിന്‌ നേരെ കിഴക്ക്‌ വശത്തുള്ള അയ്യപ്പത്ത്‌ തറവാട്ടിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകൗമാരങ്ങള്‍. വീട്ടില്‍ നിന്ന്‌ കവുങ്ങിന്‍ പറമ്പിലൂടെ നേരെ കിഴക്കോട്ടിറങ്ങിയാല്‍ കലാര്‍ണ്ണപ്പാടം. ഈ കുന്നിനും പാടത്തിനും പരിസരത്തിനും തന്നെ എഴുത്തുകാരനാക്കിയതില്‍ വലിയ പങ്കുണ്ടെന്ന്‌ തൃശ്ശൂര്‍ കോട്ടപ്പുറം രാഗമാലികപുരത്തെ ഇപ്പോഴത്തെ വീട്ടില്‍ വെച്ചുള്ള കൂടിക്കാഴ്‌ച്ചകളില്‍ അദ്ദേഹം പറയാറുണ്ട്‌. കണ്ണാന്തളിക്കും തുമ്പയ്‌ക്കും പുറമെ പേരറിയാത്ത ഒട്ടേറെ നാട്ടുപൂക്കളുടെ കലവറകൂടിയായിരുന്നു കുന്ന്‌. ഒരടിയോളം പൊന്തിനില്‍ക്കുന്ന ഭ്രാന്തന്‍പുല്ല്‌ കാറ്റില്‍ ഇളകിആടും. കാറ്റിന്റെ ദിശ മാറുന്നതിനനുസരിച്ച്‌ അതിന്റെ നിറവും മാറി വരും. മഞ്ഞ്‌ വീണ പുല്ലില്‍ പുലര്‍വെയിലടിക്കുന്നത്‌ മനസ്സില്‍ നിന്ന്‌ മായാത്ത മറ്റൊരു കാഴ്‌ച്ചയാണ്‌. പക്ഷെ കാലം മാറിയതിനനുസരിച്ച്‌ കാഴ്‌ച്ചകളിലും മാറ്റം വന്നു. നരിമടക്ക്‌ തൊട്ടുതാഴെയായി തന്നെ കുന്നിടിച്ച്‌ കോണ്‍ക്രീറ്റ്‌ സൗദങ്ങള്‍ ഉയര്‍ന്നു. ചൊവന്നൂര്‍ പാടത്തെ റോഡിനിരുവശത്തും പാടം നികത്തി കെട്ടിടങ്ങള്‍ വന്നു. കുന്നുംകുളം കോഴിക്കോട്‌ ഹൈവേയിലും ഇതു തന്നെയായി സ്ഥിതി. കുന്നിന്റെ താഴ്‌വാരങ്ങളിലെ മണ്ണ്‌ തുരന്ന്‌ വിറ്റ്‌ പണമുണ്ടാക്കിതുടങ്ങി ചിലര്‍. ചിലഭാഗങ്ങളില്‍ വെട്ടുകല്‍ ഘനനം തുടങ്ങി. വേനലേറുന്നതൊടെ കരിഞ്ഞുണങ്ങുന്ന കുന്നിന്‍മുകളിലെ പുല്ല്‌ തീയ്യിട്ട്‌ നശിപ്പിക്കാനും ആളുണ്ടായി.



കടപ്പാട്‌ : മനോരമ ഓണ്‍ലൈന്‍

സ്‌പ്‌ന്ദനത്തില്‍ തന്നെ മാധവന്‍ അയ്യപ്പത്ത്‌ ഇങ്ങനെ എഴുതി " വഴി തെളിഞ്ഞു വളര്‍ച്ചയ്‌ക്ക്‌ സൗകര്യങ്ങള്‍ നിരന്നു. ഊരുണര്‍ന്നു. ചെറുപ്പക്കാര്‍ക്ക്‌ ഉണര്‍വ്വും ഉശിരും ഒരുമയും കൂടി. കേയ്‌ക്ക്‌ മുറിച്ചെടുക്കും പോലെ കുന്ന്‌ മുറിച്ചുമാറ്റുന്നത്‌ തടയായില്ല". ഒരു മാഫിയാപ്രവര്‍ത്തനം എന്ന രീതിയിലൊന്നുമായിരുന്നില്ല ഇവിടത്തെ മണ്ണെടുപ്പും കല്ലുവെട്ടും തുടങ്ങിയത്‌. അന്ന്‌ കുന്നംകുളം അക്കിക്കാവ്‌ റോഡില്‍ ചക്കുണ്ണി അയ്യപ്പന്റെ ഇറക്കം കഴിഞ്ഞാല്‍ പിന്നെ കുന്നംകുളം മുതലാളിമാരുടെ പാടങ്ങളായിരുന്നു. ഇടയിലൊരു പാറേമ്പാടം അങ്ങാടി, പിന്നീട്‌ വീണ്ടും പാടം കമ്പിപ്പാലം വരെ. പാടം പതുക്കെ കരയായി തുടങ്ങിയതൊടെയാണ്‌ കുന്ന്‌ ഇവിടെയും ലോറി കാത്ത്‌ നില്‍ക്കാന്‍ തുടങ്ങിയത്‌.

(തുടരും)