Sunday, January 12, 2014

സ്വയംഹത്യ, നൂല്‍പ്പാലങ്ങള്‍ താണ്ടിയവരും വീണുപോയവരും


അസമയത്ത്‌ ഞെട്ടിയുണര്‍ന്ന്‌ ഫോടിച്ചിരുന്നുവോ എന്ന്‌ പരിശോധിക്കുകയും രാത്രിയിലെപ്പോഴും കടന്നുവരാനിടയുള്ള ആ വിളിക്ക്‌ കാതോര്‍ത്ത്‌ കിടക്കുകയും ചെയ്‌തിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു എനിക്ക്‌. പലപ്പോഴും പോയ ഉറക്കത്തെ തിരിച്ചുവിളിക്കാനാകാതെ തട്ടിന്‍പുറത്തെ വരാന്തയിലെ കസേരയില്‍ മരപ്പടിയിലേക്ക്‌ കാലും കയറ്റിവെച്ച്‌ കവുങ്ങുകള്‍ക്കിടയിലൂടെ കാണുന്ന നോങ്ങല്ലൂര്‍ പാടം നോക്കിയിരുന്ന്‌ അങ്ങിനെ കഴിച്ച്‌കൂട്ടും, അല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ വായിച്ച്‌ നേരം പോക്കും. ബിജുവിന്റെ മരണം, അല്ല ആത്മഹത്യ അതായിരുന്നു എന്റെ പേടിയെ ഇരട്ടിപ്പിച്ചത്‌. അന്ന്‌ അതേ അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന രണ്ട്‌ സുഹൃത്തുക്കള്‍ കൂടി ഉണ്ടായിരുന്നു എനിക്ക്‌. അതിന്‌ കുറച്ച്‌ കാലം മുന്‍പ്‌ മറ്റൊരാളും. വക്കീലായിരുന്ന ആദ്യത്തെ കക്ഷി ഏറെ കാലത്തെ അലച്ചിലുകള്‍ക്കും ദേശാടനങ്ങള്‍ക്കും ടുവില്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ്‌തുടങ്ങി, ദല്‍ഹിയില്‍ നിയമരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ സംഘടനകളിലൊന്നില്‍ അംഗമായി. ഒടുവില്‍ വാര്‍ധയിലെ സേവാഗ്രാം ആശ്രമത്തില്‍ തന്നോടൊപ്പമുണ്ടായിരുന്ന സുഹൃത്തായ മറാഠിപെണ്‍കുട്ടിയെ വിവാഹം കഴിച്ച്‌ ഗാര്‍ഹസ്ഥ്യത്തിലേക്ക്‌ പ്രവേശിച്ചു. 

ബിജുവും മറ്റുരണ്ടുസുഹൃത്തുക്കളും ആത്മഹത്യചെയ്‌തേക്കാമെന്ന പേടി കൂടെ കൊണ്ടുനടക്കുമ്പോള്‍ തന്നെ ആദ്യ സുഹൃത്തിന്റെ തിരിച്ച്‌ വരവ്‌ പോലെ ഇവരുടെയും ഒരു തിരിച്ചുവരവ്‌ ഇടയ്‌ക്കൊക്കെ സ്വപ്‌നം കണ്ടിരുന്നു. ആ ആത്മവിശ്വാസത്തെ പ്രത്യാശയെ ഒട്ടും ഇല്ലാതാക്കിയത്‌ ബിജുവിന്റെ മരണമായിരുന്നു. മഴ ഇടക്കൊക്കെ തകര്‍ത്തുപെയ്‌ത ആ വൈകുന്നേരത്ത്‌ തൃശ്ശൂര്‍ കൂര്‍ക്കംഞ്ചേരി കണിമംഗലത്തെ ബിജുവിന്റെ വീട്ടില്‍ രഞ്‌ജിത്തിനൊപ്പം നില്‍ക്കുമ്പോള്‍ വലിയ ഞെട്ടലോ ഉലച്ചലോ ഒന്നും തോന്നിയില്ല. പ്രത്യശവെച്ചുപുലര്‍ത്തുമ്പോഴും കാലങ്ങളായി കേള്‍ക്കാന്‍ തയ്യാറെടുത്തിരുന്ന ഒരു വാര്‍ത്ത തന്നെയായിരുന്നു അത്‌. മദ്രാസില്‍ വെച്ചായിരുന്നു മരണം. മൃതദേഹം പിറ്റേന്നേക്കെ എത്തുള്ളൂ. മഴ ഒഴിഞ്ഞതോടെ പുറത്തേക്കിറങ്ങി ഞങ്ങള്‍. 

കേരളവര്‍മ്മയിലെ വിദ്യര്‍ത്ഥിക്കുട്ടത്തിനിടയില്‍ വെച്ചാണ്‌ ബിജുവിനെ ആദ്യമായി കാണുന്നത്‌. പ്രീഡിഗ്രി കോളേജുകളില്‍ നിന്ന്‌ വേര്‍പ്പെടുത്തിയിട്ടില്ലാതിരുന്ന അക്കാലത്ത്‌ കേരളവര്‍മ്മയിലെ കോളേജ്‌ ജീവിതം വലിയൊരു ആഘോഷം തന്നെയായിരുന്നു. ഞാനന്ന്‌ ബി. എ. ഹിസ്റ്ററി. ബിജു എന്നേക്കാള്‍ ഒരു വര്‍ഷം താഴെ ബി.എസ്‌.സിക്ക്‌ എപ്പോഴും ഉച്ചത്തില്‍ ചിരിച്ച്‌ ബഹളമുണ്ടാക്കികടന്നുപോകാറുണ്ടായിരുന്ന ഒരു ഗ്രൂപ്പിന്റെ നടുവില്‍ ബിജുവുമുണ്ടാകാറുണ്ടായുരുന്നു സജീവസാന്നിധ്യമായി. ബിജുവിന്റെ ചേച്ചിയും അന്ന്‌ കേരളവര്‍മ്മയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. കണ്ടുപരിചയത്തില്‍ നിന്നുള്ള ഹായിവിളിക്കും പരസ്‌പരമുള്ള കൈവീശിക്കാട്ടലിനുമപ്പുറമുള്ള ബന്ധമൊന്നും വളര്‍ന്ന്‌ വന്നിരുന്നില്ല അന്ന്‌ ഞങ്ങള്‍ക്കിടയില്‍. 

പിന്നീട്‌ ബിജുവിനെക്കാണുന്നത്‌ ആള്‍ട്ടര്‍മീഡിയയില്‍ വെച്ചാണ്‌. എന്റെ കേരളീയം ജീവിതം തുടങ്ങിയ കാലം. മുനിസിപ്പല്‍ ഓഫീസിന്‌ എതിര്‍വശത്തായി അരിമാര്‍ക്കറ്റിലേക്ക്‌ കയറുമ്പോള്‍ ഇടതുവശത്തുള്ള ജയ്‌ഹിന്ദ്‌ ബില്‍ഡിങ്ങിന്റെ മൂന്നാം നിലയിലായിരുന്നു അന്ന്‌ ആള്‍ട്ടര്‍മീഡിയ. അവിടെ അനിലേട്ടന്റെ സഹായിയായി ബിജുവിനേയും കണ്ടുതുടങ്ങി ഇടയ്‌ക്കൊക്കെ. പഴയ പരിചയം പതുക്കെ സൗഹൃദത്തിലേക്ക്‌ വഴിമാറി. പിന്നീട്‌ ഒരിക്കല്‍ അപ്രതീക്ഷിതമായി ബിജു കേരളീയം ഓഫീസിലേക്ക്‌ കയറിവന്നു. അന്ന്‌ തൃശ്ശൂര്‍ കോട്ടപ്പുറം അമ്പലത്തിനടുത്തുള്ള പള്ളിയില്‍ റോഡില്‍ കുണ്ടുവാറ ജാനകിയമ്മയുടെ ഒരേക്കറോളം വരുന്ന തൊടിയില്‍ വീട്ടില്‍ നിന്നുതന്നെ പടിയിങ്ങുന്ന കുളിപ്പുരയോടുകൂടിയ വിശാലമായ അടുക്കളകുളമടക്കമുള്ള പഴയ തറവാട്ടുവീടായിരുന്നു കേരളീയം ഓഫീസ്‌. താമസത്തിനെന്ന വ്യാജേന ശ്രീദേവി കുണ്ടുപാറ ജാനകിയമ്മയെ സ്വാധീനിച്ച്‌ കുറഞ്ഞ വാടകക്ക്‌ ലഭ്യമാക്കിയതായിരുന്നു അത്‌. ശ്രീദേവി കേരളീയം വിട്ടപ്പോഴും ഓഫീസ്‌ അവിടെ തന്നെ തുടര്‍ന്നു. അന്ന്‌ അവിടെ കുളിച്ചുണ്ട്‌ കഴിഞ്ഞിരുന്നത്‌ സഖാവ്‌ റോബിനൊപ്പം അന്ന്‌ മാതൃഭൂമി തൃശ്ശൂര്‍ യൂണിറ്റില്‍ സബ്‌ എഡിറ്ററായിരുന്ന സി. നാരായണനും ജനനീതിയിലെ അഡ്വ. വിനോദും. ഞാനന്ന്‌ കേരളീയത്തില്‍ തങ്ങാറില്ല. എന്നും പോയിവരും. ആനന്ദേട്ടനും അങ്ങിനെ തന്നെ. പത്രാധിപരായ സുധീറേട്ടന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കോടതിജോലി കഴിഞ്ഞ്‌ വൈകീട്ട്‌ വരും. ശ്രീദേവി കേരളീയത്തില്‍ നിന്ന്‌ പടിയിറങ്ങിയ സമയമാണ്‌. പോള്‍സേട്ടന്‍, ജെ.പി. എന്നിവര്‍ സ്ഥിരം സന്ദര്‍ശകര്‍. അതിനിടയിലേക്കാണ്‌ ഒരു വൈകുന്നേരം ബിജു കയറിവരുന്നത്‌. 
ആള്‍ട്ടര്‍ മീഡിയ രഘുവിന്റെ പാത പിന്തുടര്‍ന്ന്‌ മദ്രാസ്‌ യൂണിവേഴ്‌സിററിയില്‍ ആന്ത്രോപ്പോളജി എം. എ. ക്ക്‌ ചേര്‍ന്നിരുന്നു അപ്പോഴേക്കും ബിജു. കേരളീയത്തില്‍ എഴുതിതുടങ്ങണം എന്നുണ്ടായിരുന്നു ബിജുവിന്‌. കേരളവര്‍മ്മക്കാലത്ത്‌ ഞങ്ങള്‍ പിരിഞ്ഞതിനും വീണ്ടും ആള്‍ട്ടര്‍ മീഡിയയില്‍ കണ്ടുമുട്ടിയതിനും ഇടയ്‌ക്കുള്ള ബിജുവിന്റെ കഥ പറഞ്ഞത്‌ വിനോദായിരുന്നു. ആര്‍ട്ട്‌ ഓഫ്‌ ലിവിങ്ങ്‌ കോഴ്‌സിന്‌ ചേര്‍ന്നതും അവിടെ വെച്ച്‌ ഒരു പ്രണയം തലക്ക്‌ പിടിച്ചതും പ്രണയപരാജയം കൊണ്ടോ ആര്‍ട്ട്‌ ഓഫ്‌ ലിവിങ്ങ്‌ ധ്യാനരീതികള്‍ കൊണ്ടോ ബിജുവിന്റെ മനസ്സിന്റെ സമനിലതെറ്റിയതും ഒന്നും ഞാനറിഞ്ഞിരുന്നില്ല അതുവരെ. അത്തരം ഒരു താളം തെറ്റലിന്റെ ഇടക്കാലം ബിജുവിന്റെ മുഖത്തും പെരുമാറ്റത്തിലുമൊന്നും ഒട്ടും ശേഷിച്ചിരുന്നില്ല. ആള്‍ട്ടര്‍ മീഡിയ സമാഗമങ്ങളില്‍ വെച്ചും പിന്നീടും ബിജു അതൊന്നും എന്നോട്‌ പങ്കുവെച്ചിരുന്നുമില്ല. കേരളീയത്തിന്റെ ഒരു എഴുത്തുകാരനായി ബിജു. പക്ഷെ താളം തെറ്റിയ ഒരു മനസ്സുമായി ബിജുവിനെ അന്നൊന്നും കണ്ടിരുന്നില്ല. കുറ്റിപ്പുറം നിലാവിലും സജീവമായിരുന്നു ബിജു. മദ്രാസ്‌ കാലത്തിനിടയ്‌ക്ക്‌ തൃശ്ശൂരിലെത്തുമ്പോഴൊക്കെ കേരളീയത്തിലെത്തും അല്ലെങ്കില്‍ ടൗണില്‍ വെച്ച്‌ കാണും. കളിക്കൂട്ടം കുട്ടികള്‍ക്ക്‌ ക്ലാസെടുക്കാന്‍ നോങ്ങല്ലൂരും വരാറുണ്ടായിരുന്നു ബിജു. മദ്രാസ്‌ ജീവിതത്തെക്കുറിച്ച്‌ കേരളീയത്തില്‍ ചെന്നൈവിശേഷം എന്ന കോളം ചെയ്‌തിരുന്നു അക്കാലത്ത്‌ ബിജു. അതിനിടയില്‍ ബിജുവിന്റെ പി.ജി.കഴിഞ്ഞിരുന്നു. പിന്നീട്‌ പി.എച്ച്‌.ഡി ക്ക്‌ ചേര്‍ന്നു ഒപ്പം ഇന്ത്യന്‍ എക്‌സ്‌പ്രസ്സില്‍ സബ്‌ എഡിറ്ററായി ജോലിയും നോക്കി, മദ്രാസില്‍.

ബിജുവിന്റെ മനസ്സ്‌ പിന്നീടും താളം തെറ്റിത്തുടങ്ങിയതിനെക്കുറിച്ച്‌ പറഞ്ഞത്‌ അനിലേട്ടനായിരുന്നു. എലൈറ്റ്‌ മിഷന്‍ ഹോസ്‌പിറ്റലിലെ ഡോക്ടറായിരുന്നു ബിജുവിനെ ചികിത്സിച്ചിരുന്നത്‌. അപ്പോഴേക്കും കേരളീയം കൊക്കാലയുള്ള മുനുസിപ്പല്‍ മാര്‍ക്കറ്റ്‌ ബില്‍ഡിംഗിലേക്ക്‌ മാറ്റിയിരുന്നു. ഒരു നാള്‍ അപ്രതീക്ഷിതമായി ബിജു അവിടേക്ക്‌ കയറിവന്നു. പിന്നീട്‌ മാര്‍ക്കറ്റ്‌ ബില്‍ഡിഗിന്റെ മുകളില്‍ കയറി ബിജു ആത്മഹത്യഭീഷണി നടത്തി. അനുനയിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തിരിച്ച്‌ എന്നെ പ്രകോപിപ്പിക്കാനുള്ള ശ്രമത്തിലായി ബിജു. ജേഷ്‌ഠസഹോദരനോടുള്ള ഒരു ബഹുമാനം ബിജുവില്‍ നിന്ന്‌ എനിക്ക്‌ ലഭിച്ചിരുന്നു അതുകൊണ്ടുതന്നെ എന്നെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ബിജു പതറിപ്പോകുന്നത്‌ എനിക്ക്‌ തിരിച്ചറിയാമായിരുന്നു. മറ്റൊരു നാള്‍ തന്റെ 'സ്‌ക്കൂട്ടി' സ്‌ക്കുട്ടര്‍ ഒരു ഓട്ടോയിലേക്ക്‌ ഇടിച്ചു കയറ്റി ബിജു. കേരളീയത്തിലേക്ക്‌ വരുന്നത്‌ കണ്ട്‌ ബിജുവിനെ മുഖപരിചയമുള്ള കൊക്കാലയിലെ യൂണിയന്‍കാരാണ്‌ കേരളീയത്തില്‍ വന്ന്‌ വിവരം അറിയിച്ചത്‌. ബിജുവിനെ ജില്ലാ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌ ഞാനായിരുന്നു. അവിടെ വെച്ച്‌ സമാധാനിപ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ എന്നെപ്പോലും അനുസരിക്കാന്‍ കഴിയാത്ത വിധത്തില്‍ പരിഭ്രാന്തനായിരുന്നു ബിജു. വീണ്ടും എലൈറ്റ്‌ മിഷന്‍ ആശുപത്രിയിലെ ചികിത്സയിലേക്ക്‌. 

രഞ്‌ജിത്താണ്‌ ബിജുവിന്റെ മരണവാര്‍ത്ത വിളിച്ചറിയിക്കുന്നത്‌. ഐ. ബി. യില്‍ ഉദ്ദ്യോഗസ്ഥയായ ചേച്ചിക്കൊപ്പം മദ്രാസില്‍ താമസിക്കുകയായിരുന്നു ബിജു. ചേച്ചി നാട്ടില്‍ വന്നു, അന്നേ ആത്മഹത്യ ചെയ്‌തിരിക്കണം. പിറ്റേന്ന്‌ വിളിച്ചപ്പോള്‍ ഫോണെടുത്തില്ല. അതിനുപിറ്റേന്നും ഫോണെടുക്കാത്തതിനെത്തുടര്‍ന്ന്‌ ചേച്ചി ആരെയൊക്കയോ വിളിച്ച്‌ പറഞ്ഞു. അവര്‍ ഫ്‌ളാറ്റിലെത്തിയപ്പോഴാണ്‌ വിവരമറിയുന്നത്‌. കൂര്‍ക്കഞ്ചേരിയിലെ വീട്ടിലേക്ക്‌ കടന്നുചെല്ലുമ്പോള്‍ രഞ്‌ജിത്തുണ്ടായിരുന്നു. മൃതദേഹം പിറ്റേന്നെ എത്തുകയുള്ളൂ. ഒന്നും ചെയ്യാനില്ലാതെ കൂര്‍ക്കഞ്ചേരിയിലെ ഉള്‍റോഡുകളിലൂടെ വെറുതെ നടക്കുമ്പോള്‍ രഞ്‌ജിത്തും ഞാനും പങ്കുവെച്ചത്‌ തടയാന്‍ കഴിയാതെ പോയ ആ ആത്മഹത്യയെക്കുറിച്ചായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ ബിജുവിന്റെ മരണം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എഴുത്തിന്റെ ഊരാക്കുടുക്കുകളില്‍പ്പെടുത്തിയും ജൈവഗ്രാമത്തിന്റെയും കളിക്കൂട്ടത്തിന്റെയുമൊക്കെ ചുമതലകളേല്‍പ്പിച്ചും എന്നാലാവും വിധമുള്ള കെട്ടുപാടുകളില്‍ ബിജുവിനെ തളച്ചിടാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പലപ്പോഴും ആത്മഹത്യാപ്രവണതകാണിച്ചപ്പോഴും അവസാനഘട്ടത്തില്‍ അതിനുള്ള ധൈര്യം ബിജുവിനുണ്ടാകില്ലെന്ന്‌ ആശ്വസിക്കാനും ഞാന്‍ ശ്രമിച്ചിരുന്നു. 

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരൊ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കാത്തവരൊ ഉണ്ടാകില്ല എന്ന്‌ പറയാറുണ്ട്‌. ധൂര്‍ത്തടിച്ച ജീവിതം കൊണ്ട്‌, ഒടുങ്ങാത്ത മധ്യപാനം കൊണ്ട്‌, തീരാത്ത ജീവിതപ്രശ്‌നങ്ങള്‍ കൊണ്ട്‌ പരാജയപ്പെട്ട പ്രണയം കൊണ്ട്‌ മരണത്തിലേക്ക്‌ നടന്നുപോയവരായിരുന്നു മിക്കവാറും പേരും. പലരെയും കാണുമ്പോള്‍ ആ ജീവിതം അടുത്തറിയുമ്പോള്‍ ഇവര്‍ ആത്മഹത്യചെയ്യാതിരിക്കുന്നത്‌ വലിയ അത്ഭുതമാണെന്ന്‌ തോന്നാറുണ്ട്‌. മറ്റുചിലര്‍ ഒട്ടും പ്രതീക്ഷിക്കാതെ കാരണങ്ങളെക്കുറിച്ച്‌ ഒരു സൂചനപോലും അവശേഷിപ്പിക്കാതെയായിരിക്കും അരങ്ങൊഴിയുക. എരുമപ്പെട്ടി സ്‌ക്കൂളില്‍ സഹപാഠിയായിരുന്ന പൗലോസിനെപ്പോലെ, കേരളവര്‍മ്മയിലെ എന്റെ സഹപാഠിയായിരുന്ന ഞങ്ങളെല്ലാവരും പങ്കെടുത്ത വിവാഹത്തിന്റെ പിറ്റേന്ന്‌ തന്നെ ആത്മഹത്യചെയ്‌ത സ്‌മിതയെപ്പോലെ...
ബിജുവിനെപ്പോലെ തന്നെ ഈ ലോകത്തോട്‌ വിടപറയും എന്ന്‌ ഞാന്‍ ഉറപ്പിച്ചിരുന്ന മറ്റു രണ്ടു സുഹൃത്തുക്കള്‍ എന്റെ ഭയം അസ്ഥാനത്താക്കിക്കൊണ്ട്‌ ഇപ്പോഴും ഇവിടെതന്നെയുണ്ട്‌... അവരുടെതായ ഒരു ലോകത്ത്‌ അല്ലെങ്കില്‍ അവരുടെതായ ഒരു ലോകം സൃഷ്ടിച്ചുകൊണ്ട്‌. ഒരു കാലത്ത്‌ കലഹിച്ചും സ്‌നേഹിച്ചും മനോരോഗാശുപത്രിയില്‍ കൂട്ടിരുന്നും പണികള്‍ കൊടുത്തും ചുമതലകളേല്‍പ്പിച്ചും കെട്ടുപാടുകളില്‍ കുടുക്കി എന്നാലാവും വിധം അവരെ ഈ ലോകത്ത്‌ നിലനിര്‍ത്താന്‍ ഞാനും ശ്രമിച്ചിരുന്നു... പിന്നീട്‌ പലതും ഉപേക്ഷിച്ച്‌ നാടുവിട്ട കൂട്ടത്തില്‍ പിരിഞ്ഞ്‌ പോന്നത്‌ അവരെക്കൂടിയായിരുന്നു...