Monday, April 6, 2020

കോന്‍സോയിലെ ന്യൂയോര്‍ക്കും വാറ്റുപുരയും നാട്ടുചന്തയും


എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (11)
---------------------------
നാഗരീകമായ ചിഹ്നങ്ങള്‍ ഏറെയെന്നും ദൃശ്യമാകാത്ത കോന്‍സോയിലെ ആ നാട്ടുചന്തയിലെ ബഹളങ്ങള്‍ക്കിടയില്‍ അങ്ങിനെ നില്‍ക്കേ എസ്.കെ പൊറ്റെക്കാട് എന്ന മഹാസഞ്ചാരിയും കാപ്പിരികളുടെ നാട്ടിലൂടെ അദ്ദേഹം നടത്തിയ ദീര്‍ഘയാത്രയും മനസ്സിലേക്കെത്തി. ദീര്‍ഘമായ ആഫ്രിക്കന്‍ യാത്രക്കിടയില്‍ പൊറ്റെക്കാട് പക്ഷെ എത്യോപ്യ സന്ദര്‍ശിച്ചിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ വരികളിലൂടെ കണ്ടറിഞ്ഞ മറ്റ് ആഫ്രിക്കന്‍ നാട്ടു വിപണികളില്‍ നിന്ന് ഏറെയെന്നും വിഭിന്നമല്ല കാലങ്ങള്‍ക്കിപ്പോഴും കോന്‍സോയിലെ ഈ നാട്ടുചന്ത. സമീപഗ്രാമങ്ങളില്‍ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങളും മലഞ്ചരക്കുകളും കൈവേല നിര്‍മ്മിതികളും മറ്റുമായി ചന്തയിലെത്തി അത് വിപണനം ചെയ്ത് തിരിച്ച് നഗരത്തിന്റെ ഉല്‍പ്പന്നങ്ങളുമായി മടങ്ങാനൊരുങ്ങുന്ന ഈ ഗ്രാമീണര്‍ക്ക് കാലങ്ങള്‍ക്കിപ്പോഴും കാര്യമായ ഒരു മാറ്റവും വന്നിട്ടില്ലെന്ന് തോന്നും ഇതിനിടയിലൂടെ നടക്കുമ്പോള്‍. ഞങ്ങള്‍ക്കടുത്തായി ഒരു തയ്യല്‍ക്കാരന്‍ ഇരിക്കുന്നുണ്ട്. തുണിക്കള്‍ക്ക് മനോഹരമായ കര വെച്ച് കൊടുക്കുകയാണ് അയാളുടെ ജോലി. അതി വിദഗ്ദ്ധമായി നല്ല വേഗത്തിലാണ് അയാളത് ചെയ്തുകൊണ്ടിരിക്കുന്നത്. പരുത്തിതുണികള്‍ വാങ്ങി സ്ത്രീകളും കുട്ടികളും അയാള്‍ക്കരികിലെത്തുന്നു. പല മാതൃകയിലുള്ള കരകള്‍ അയാളുടെ കൈവശമുണ്ട്. ആവശ്യക്കാര്‍ അതില്‍ നിന്ന് വേണ്ടത് തിരഞ്ഞെടുക്കുന്നു അതിവേഗം അതയാള്‍ അവര്‍ കൊണ്ടുവന്ന തുണികളുടെ അരികുകളില്‍ തയ്ച്ചു പിടിപ്പിക്കുന്നു. തിരക്കേറിയ നാട്ടുചന്തയുടെ തുറസ്സിലൊരിടത്തിരുന്ന് മറ്റെല്ലാം മറന്ന് തയ്ക്കുന്ന അയാള്‍ക്ക് വാരകള്‍ നീളമുള്ള തുണി ഉയര്‍ത്തിപിടിച്ചുകൊടുക്കാനും പൈസവാങ്ങാനും മറ്റുമായി സഹായിയായ ഒരു ബാലനുമുണ്ട്. ഞങ്ങള്‍ കാഴ്ച്ചക്കാരായതോടെ ഇരുവര്‍ക്കും ആവേശമായി. തന്റെ കൈയ്യടക്കവും തെഴില്‍ വൈദഗ്ദ്ധ്യവും സന്തോഷപൂര്‍വ്വം ഞങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു അദ്ദേഹം.
വിവിധങ്ങളായ കിഴങ്ങുകള്‍, തുണിത്തരങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ലഹരി പാനീയങ്ങള്‍. വിറ്റും വാങ്ങിയും കാഴ്ച്ചകണ്ടും ചുമടെടുത്തും ഭിക്ഷയാചിച്ചും ഭക്ഷണം കഴിച്ചും അരാക്കുകുടിച്ചും നിഷ്‌കാമരായി മാറിയിരുന്നുമൊക്കെ ഇതിന്റെ ഭാഗമാകുന്ന വലിയൊരു ജനക്കൂട്ടം. ഒരു വശത്ത് ചാക്കിലും ഷീറ്റിലുമൊക്കെ നരത്തിയിട്ട ധാന്യങ്ങളുമായി ഇരിക്കുന്ന സ്ത്രീകള്‍. മൊത്തക്കച്ചവടക്കാരെ കാത്തിരിക്കുന്ന ഉല്‍പ്പാദകരാകാം അവര്‍. അത്തരം ധാന്യങ്ങള്‍ ചാക്കിലാക്കി ചെറു ലോറിയിലേക്ക് കയറ്റുന്നുണ്ട് ഇനിയൊരിടത്ത്. വിറകുകെട്ടുകളുമായി വില്‍പ്പനക്കെത്തിയ സ്ത്രീകള്‍, പഴയ പെട്ടിമരുന്നുകടകളിലെ അങ്ങാടിമരുന്നുകെട്ടുകളോട് സാമ്യമുള്ള വേരിന്റെയും ചില്ലയുടെയും കെട്ടുകളുമായി മറ്റു ചിലര്‍. പുരുഷന്‍മാരേക്കാളും പ്രാതിനിധ്യം സ്ത്രീകള്‍ക്കാകണം ഈ നാട്ടുവിപണിയില്‍. ആടും, പശുവും നായയുമൊക്കെ പോലുള്ള മൃഗങ്ങളും യാതൊരു അലോസരവും കൂടാതെ അലഞ്ഞു തിരിയുന്നുണ്ട് ഈ തിരക്കിനിടയിലും.
ഡോക്ടറും അബ്ദുവും ചേര്‍ന്ന് ആ നാട്ടുകമ്പോളത്തില്‍ നിന്ന് എന്തൊക്കയോ വാങ്ങുന്നുണ്ട്. വിലപിടിപ്പുള്ളതൊക്കെ വണ്ടിയില്‍ വെച്ചു എന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് ഡോ. അജിന്‍ അവിടെ ഞങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ചത്. എത്യോപ്യയിലെ പകല്‍മോഷണങ്ങള്‍ പലതും പരസ്യമായ പിടിച്ചുപറികളാണ്. ഫോണോ, പഴ്‌സോ, ക്യാമറയോ ആഭരണങ്ങളോ അങ്ങിനെ ഒറ്റ വലിക്ക് കൈയ്യില്‍ കിട്ടിയതുമായി മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടും. ആയൂധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയോ ശാരീരികാക്രമങ്ങള്‍ക്ക് മുതിര്‍ന്നോ ഉള്ള പിടിച്ചുപറികള്‍ എത്യോപ്യയില്‍ അപൂര്‍വ്വമാണ്. നമ്മുടെ ശ്രദ്ധതെറ്റിച്ചോ കബളിപ്പിച്ചോ പെട്ടെന്ന് കൈയ്യില്‍ നിന്ന് വലിച്ചെടുക്കാവുന്നതോ ആയി ഓടി രക്ഷപ്പെടുന്ന സാധുക്കളാണ് ഇവിടിത്തെ അപഹര്‍ത്താക്കള്‍. ഒരു നേരത്തെ വിശപ്പടക്കുക എന്നതിലുപരി കൊള്ളമുതലുകൊണ്ട് സമ്പന്നരാകലും ആര്‍ഭാടജീവിതം നയിക്കലുമൊന്നും അവരുടെ ലക്ഷ്യമല്ല. തിരക്കിനിടയില്‍ ഒല്‍പ്പം ശ്രദ്ധിച്ചാല്‍ മോഷണമെന്ന ലക്ഷ്യവുമായി നമ്മെ നിരീക്ഷിക്കുന്ന ചിലരെയെങ്കിലും നമുക്ക് കണ്ടെത്താനാകും. പക്ഷെ ഒപ്പമുള്ള അബ്ദുവിന്റെ ജാഗ്രതയും കരുതലും മനസ്സിലാക്കുന്ന അവര്‍ പതുക്കെ പിന്‍തിരിഞ്ഞുപോകുകയാണ് പതിവ്.
ഒരു കാലത്ത് പട്ടിണിയുടെ പര്യായമായിരുന്നു എത്യോപ്യ. രണ്ടാം ലോകമഹായുദ്ധകാലത്തെ ഇറ്റാലിയന്‍ അധിനിവേശവും വരള്‍ച്ചയും ക്ഷാമങ്ങളും ആഭ്യന്തര കലഹങ്ങളും എറിത്രിയുമായുള്ള യുദ്ധവും ഗോത്രകലാപങ്ങളുമൊക്കെ ചേര്‍ന്ന് അതി ദരിദ്രമായ ഒരു രാജ്യമാക്കി ഈ നാടിനെ മാറ്റി. അതിവിദൂരമല്ലാത്ത ഒരു ഭൂതകാലത്ത് നമ്മള്‍ മലയാളികള്‍ വരെ എത്യോപ്യക്കായി പിടിയരി ശേഖരിച്ചിരുന്നത് ചിലരുടെയെങ്കിലും ഓര്‍മ്മകളില്‍ ബാക്കിയുണ്ടാകും. 2000ന് ശേഷം എത്യോപ്യ പതുക്കെ പതുക്കെ ദാരിദ്രത്തില്‍ നിന്ന് മുക്തിനേടി വരുന്നുണ്ട്. കാര്‍ഷികമേഘലയിലുണ്ടായ വളര്‍ച്ചയുടെയും രാഷ്ട്രീയസ്ഥിരതയുടെയും പ്രവാസികളായ എത്യോപ്യക്കാരുടെ നിക്ഷേപപദ്ധതികളുടെയും വിദേശമുലധനത്തിന്റെയുമൊക്കെ ഫലമായി ഇന്ന് ആഫ്രിക്കയില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥമാണ് എത്യോപ്യയുടേത്. എങ്കിലും പട്ടിണിയുടെ കാര്യത്തില്‍ ലോകത്ത് ഇപ്പോഴും ഇരുപതിനോടടുത്ത സ്ഥാനമാണ് ഈ രാജ്യത്തിനുള്ളത്. സമൂഹത്തില്‍ പലയിടത്തായി ശേഷിക്കുന്ന പട്ടിണിയുടെ പഴയ വ്രണങ്ങള്‍ പരിപൂര്‍ണ്ണമായി സുഖപ്പെടാന്‍ ഇനിയും ഏറെക്കാലമെടുക്കും.
അരാക്കും തേജും പോലുള്ള നാട്ടുമദ്യങ്ങള്‍ ആ നാട്ടു കമ്പോളത്തില്‍ പരസ്യമായി വില്‍ക്കപ്പെടുന്നുണ്ട്. സ്ത്രീകളാണ് വില്‍പ്പനക്കാരില്‍ ഏറെയും പ്രദേശികമായി വീടുകളില്‍ നിര്‍മ്മിച്ചെടുക്കുന്നതായിരിക്കണം അത്. സാംസ്‌ക്കാരികഭൂമികയില്‍ നിന്ന് മടങ്ങുംവഴി അത്തരമൊരു പ്രാദേശിക വാറ്റുകേന്ദ്രത്തില്‍ ഞങ്ങള്‍ കയറുകയുണ്ടായി. മോശമല്ലാത്ത തിരക്കുണ്ടായിരുന്നു അപ്പോഴവിടെ. ഒരു ചെറിയ മണ്‍കെട്ടിടത്തിന്റെ വരാന്തയിലും മുറ്റത്തുമായി മുപ്പതോളം ആളുകള്‍ സ്വസ്ഥമായിരുന്ന് മദ്യപിക്കുന്ന ഒരിടം. പെട്ടെന്ന് വിദേശികളായ കുറച്ച് പേര്‍ അവര്‍ക്കിടയിലേക്ക് കയറിവന്നപ്പോള്‍ സ്വാഭാവികമായും അവര്‍ കൗതുകപൂര്‍വ്വം ഞങ്ങള്‍ക്കരികിലേക്കെത്തി. അകത്ത് വാറ്റ് നടക്കുന്നുണ്ട്. ഏറ്റവും താഴേത്തട്ടിലുള്ള ഒരു പോലീസുകാരനും അവര്‍ക്കിടയിലുണ്ട്. അജിനും അബ്ദുവും അവരുമായി പെട്ടെന്ന് സൗഹൃദത്തിലായി. ഡോക്ടറാണെന്നറിഞ്ഞപ്പോള്‍ അവരില്‍ പലര്‍ക്കും വൈദ്യസംബന്ധമായി അജിന്റെ ഉപദേശങ്ങളും സഹായങ്ങളും വേണ്ടതുണ്ടായിരുന്നു. തന്റെ വിസിറ്റിങ്ങ് കാര്‍ഡ് അവരില്‍ ചിലര്‍ക്ക് കൊടുത്തു അജിന്‍. ആഡിസില്‍ ചികിത്സക്കായി വരേണ്ടി വന്നാല്‍ വിളിക്കാനാവശ്യപ്പെട്ടു അവരോട്. ഏറെ ഊഷ്മളവും സൗഹൃദം നിറഞ്ഞുനില്‍ക്കുന്നതുമായിരുന്നു ആ ഗ്രാമീണ കുടിപ്പുര. ആ മണ്‍കെട്ടിടത്തിനുള്ളില്‍ മദ്യം വാറ്റുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ സ്ത്രീകള്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. കുട്ടികള്‍ കൗതുകത്തോടെ ഞങ്ങളുടെ ഫോണും ക്യാമറയുമൊക്കെ തൊട്ടു നോക്കിയും അവരുടെ ചില സാഹസങ്ങള്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ അഭിമാനത്തോടെയും ചെറിയ ലജ്ജയോടെയും പ്രദര്‍ശിപ്പിച്ചുകൊണ്ടും ഒട്ടി നടന്നു.
റോഡിലൂടെ കടന്നുപോകുന്ന ചില ചെറുപ്പക്കാര്‍ മാത്രം ഞങ്ങളെ ചെറിയൊരു സംശയത്തോടെ നോക്കിക്കൊണ്ടിരുന്നു. ഏറെ ഹൃദ്യമായ ആ സായാഹ്നത്തില്‍ എത്യോപ്യയിലെ ആ ഉള്‍നാടില്‍ ഗ്രാമീണര്‍ക്കൊപ്പം സൗഹൃദപൂര്‍വ്വം ചിലവഴിച്ച ആ നിമിഷങ്ങള്‍ പോലെ വൈവിധ്യവും എത്യോപ്യയുടെ ഉള്ളിലേക്കിറങ്ങിച്ചെന്നതുമായ അനുഭവങ്ങള്‍ സാധ്യമായത് ഡോ. അജിന്‍ അവിടെ ഞങ്ങളുടെ ആതിഥേയനായി ഉള്ളതുകൊണ്ടു മാത്രമായിരുന്നു. ആ ചെറിയ മണ്‍പുരയുടെ ചെമ്മണ്ണി്ല്‍ തീര്‍ത്ത ഉമ്മറത്തിണ്ണയില്‍ മദ്യം മോന്തി നാട്ടുവര്‍ത്തമാനങ്ങളിലാഴ്ന്ന് സ്വയം മറന്നിരിക്കുകയായിരുന്നു അപ്പോഴദ്ദേഹം. എത്യോപ്യക്കാരന്‍ കൂടിയായ അബ്ദുവിനേക്കാള്‍ അവര്‍ക്കിടയില്‍ സ്വീകാര്യത അജിനു തന്നെയായിരുന്നു. നര്‍മ്മഭാഷണവും പ്രദേശികഭാഷയിലുള്ള ജ്ഞാനവും തുറന്ന സൗഹൃദപൂര്‍വ്വമായ സമീപനവുമായിരിക്കണം അതിനദ്ദേഹത്തിനെ സഹായിക്കുന്നത്. വാറ്റുപുരക്കുപുറകില്‍ സസ്യനിബഡമായ ഒരു തൊടി നീണ്ടു കിടന്നു. ചെറുപുല്‍കൂരകള്‍ക്കു താഴെയും വൃക്ഷച്ഛായയിലുമായി കനത്ത ശരീരത്തോടു കൂടിയ കാളകള്‍. ആഫ്രിക്കന്‍ ചുരയ്ക്കയുടെ തോട് നിറുത്തി ഉള്‍ഭാഗം തുരന്നുകളഞ്ഞുണ്ടാക്കിയ കുടുക്കകളിലാണ് മദ്യം തരുന്നത്. നമ്മുടെ നാട്ടിലെ പഴയഗ്രാമീണ കള്ളുഷാപ്പുകളിലെ പോലെ മധ്യവയസ്‌ക്കരും പ്രായമായവരുമാണ് പറ്റുവരവുകാരില്‍ അധികവും. നന്നെ ചെറുപ്പക്കാര്‍ ഇല്ലെന്ന് തന്നെ പറയാം. ഒരു പക്ഷെ അപരിചിതരായ ചിലരുടെ സാന്നിധ്യം മൂലമാകണം ഏറെയൊന്നും ശബ്ദമുഖരിതമായിരുന്നില്ല അവിടം. ആചാരവാക്കുകള്‍ പറഞ്ഞ് സന്തോഷപൂര്‍വ്വം അവിടെ നിന്ന് പിരിഞ്ഞു.
പൊടി നിറഞ്ഞ ആ ചെമ്മണ്‍ വഴികളിലൂടെ ഞങ്ങള്‍ പിന്നീട് പോയത് ന്യൂയോര്‍ക്ക് എന്ന് വിളിക്കുന്ന ഭൂഭാഗത്തേക്കാണ് അമേരിക്കയിലെ യൂറ്റാ സംസ്ഥാനത്തെ ബ്രൈസ് മലയിടുക്കുകളിലെ കാന്യണ്‍ ദേശീയോദ്യാനത്തിന്റെ (Bryce Canyon National park, USA) വളരെ ചെറിയ ഒരു പതിപ്പാണ് ഈ പ്രദേശം. ജലപ്രവാഹത്തെ തുടര്‍ന്നുണ്ടായ മണ്ണൊലിപ്പിനെതുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട ഉയരത്തിലുള്ള മണ്‍സ്തൂപങ്ങള്‍ നിറഞ്ഞുകിടക്കുന്നു ഒരു പ്രദേശമാകെ. ബ്രൈസ് കാന്യനോടുള്ള അതിശയകരമായ സാമ്യം മൂലം പ്രാദേശികമായി ആരോ നല്‍കിയ പേരാണ് ന്യൂയോര്‍ക്ക്. അവിടെയും ഒരു കുട്ടിക്കൂട്ടം സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. കരകൗശലവസ്തുക്കളും ആ താഴ്‌വാരത്തു നിന്നും ലഭിക്കുന്ന ചില വര്‍ണ്ണശിലകളും ലോഹ ആഭരണങ്ങളും വില്‍പ്പന നടത്തിയും സഞ്ചാരികള്‍ക്ക് വേണ്ടി സംഘ നൃത്തം ചെയ്തും വരുമാനം കണ്ടെത്താന്‍ ഉത്സാഹിക്കുന്നു ആ കുരുന്നുകള്‍. അവരില്‍ നിന്ന് കല്ലുകളും ചില കരകൗശലവസ്തുക്കളും വാങ്ങി. ഒടുവില്‍ തങ്ങളുടെ നൃത്തപാടവവും പ്രദര്‍ശിപ്പിച്ചേ അവര്‍ ഞങ്ങളെ വിട്ടുള്ളൂ. കുട്ടിക്കൂട്ടത്തിന്റെ ഒരു ധനസമ്പാദനത്തിനുള്ള ഒരു തക്കിടി വിദ്യ എന്നതില്‍ കവിഞ്ഞ് ആഫ്രിക്കന്‍ നൃത്തച്ചുവടുകളുമായി സാമ്യമെന്നും തോന്നിയില്ലെങ്കിലും അസാമാന്യമായ ഊര്‍ജ്ജവും ചടുലമായ ചുവടുകളും അശിക്ഷിതമായ ആ നൃത്തത്തിലും പ്രകടമാകുന്നുണ്ട്. താഴെ മണ്‍സ്തൂഭങ്ങള്‍ക്കിടയില്‍ കാലികള്‍ മേയുന്നുണ്ട്. ഇടയന്‍മാരാകണം ചിലയിടങ്ങളില്‍ വിശ്രമിക്കുന്നു. മണ്‍സ്തൂഭങ്ങള്‍ക്കപ്പുറത്ത് വിശാലമയ ആഫ്രിക്കന്‍ സമതലം ദീര്‍ഘദൂരത്തോളം പരന്നുകിടക്കുന്നു. സമീപ പ്രദേശങ്ങളില്‍ പരമ്പരാഗത ആഫ്രിക്കന്‍ ശൈലിയിലുള്ള പുല്ലുമേഞ്ഞ വൃത്താകൃതിയിലുള്ള മണ്‍കൂരകള്‍. ആ ഗ്രാമത്തിലെയാകണം ഇൗ കുട്ടി വ്യാപാരികള്‍. താഴേക്കിറങ്ങാമെന്ന് ഗൈഡ് പറഞ്ഞെങ്കിലും വേണ്ടെന്ന് വെച്ച് ഞങ്ങള്‍ മടങ്ങി.
വഴിയില്‍ വിറകും ചാക്കുകെട്ടുകളായി പോകുന്ന സ്ത്രീകളെ കാണാം. വല്ലപ്പോഴും ഏതിരെ കടന്നു വരുന്ന വാഹനങ്ങള്‍. രണ്ടും മുന്നും പേരുമായി കടന്നുപോകുന്ന മോട്ടോര്‍സൈക്കിളുകള്‍. തുടര്‍ന്നാണ് ഞങ്ങള്‍ കോന്‍സോയിലെ ഈ നാട്ടു ചന്തയിലെത്തിപ്പെട്ടത്. പുരുഷാരം ഇരമ്പിയാര്‍ക്കുന്ന മധ്യകേരളത്തിലെ ഒരു ഉത്സവപറമ്പിലെന്നോണം സജീവമായ ഈ ആഴ്ച്ചചന്തയില്‍ നില്‍ക്കുമ്പോള്‍ എത്യോപ്യയുടെ കാഴ്ച്ചകള്‍ക്കും ശബ്ദങ്ങള്‍ക്കുമൊപ്പം വിവധങ്ങളായ ഗന്ധങ്ങളും കൂടി അറിയുന്നുണ്ട്. വന്യവും രൂക്ഷവും പ്രാകൃതവുമായ ബഹുവിധ ഗന്ധങ്ങള്‍....
(തുടരും)

2 comments:

  1. വന്യവും രൂക്ഷവും പ്രാകൃതവുമായ ബഹുവിധ ഗന്ധങ്ങള്‍ ചുമക്കുന്ന കോൻസോയിലെ ചന്ത 

    വായന തുടരുന്നു ...

    ReplyDelete
  2. സന്തോഷം മുരളിയേട്ടാ...

    ReplyDelete