Friday, October 7, 2011

മുത്തങ്ങ (ഒന്ന്‌)...

(വയനാട്‌ സ്‌മരണകള്‍ തുടരുന്നു... )
മുത്തങ്ങ വന്യജീവിസങ്കേതത്തിലെ ഡോര്‍മിറ്ററി പരിസരത്ത്‌ തീ കാഞ്ഞ്‌ കൂന്നിക്കൂടി ഇരുന്ന ഒരു രാവ്‌. ചെറിയ നിലാവുണ്ട്‌, കുറച്ചകലെയായി മാന്‍കൂട്ടം. ഇളം പുല്ല്‌ തിന്ന്‌ ചന്ദനമരങ്ങളുടെ സുഗന്ധമാസ്വദിച്ച്‌ പകലും അവരെ ആ പരിസരത്ത്‌ കണ്ടിരുന്നു. മരങ്ങള്‍ക്കിടയിലൂടെ കടന്നുവരുന്ന നിലാവെട്ടത്തിലോ തീ വെളിച്ചത്തിലോ അവയുടെ സാന്നിധ്യം ഇടയ്‌ക്കൊക്കെ വെളിപ്പെടുന്നു. മാന്‍ മിഴികള്‍ ഇരുളില്‍ തിളങ്ങുന്നുമുണ്ട്‌. വഹാബിക്ക അപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയാണ്‌ പഴയ വയനാടിനെ പറ്റി. നൂല്‍ മഴയും പതിനാറാം നമ്പര്‍ മഴയുമൊക്കെ പെയ്‌തിറങ്ങിയിരുന്ന, കാടിത്രത്തോളം നാടാകാതിരുന്ന ഒരു കാലത്തെപ്പറ്റി. ശ്രോതാക്കളായി അമ്മമാരും കുട്ടികളും യുവതീയുവാക്കളുമൊക്കെ അടങ്ങിയ ഒരു കൂട്ടം. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ വെച്ച്‌ നടക്കുന്ന രണ്ട്‌ ദിവസത്തെ പ്രകൃതി പഠനക്യാമ്പാണ്‌. കുട്ടികള്‍ക്ക്‌ വേണ്ടിയായിരുന്നു സത്യത്തില്‍ ആ ക്യാമ്പ്‌ ഉദ്ദേശിച്ചിരുന്നത്‌ കൃഷ്‌ണന്‍കുട്ടിയായിരുന്നു പ്രദേശിക സംഘാടകന്‍. പക്ഷെ വന്നവരില്‍ എല്ലാ പ്രായക്കാരുമുണ്ടായിരുന്നു. സാധാരണ കുടുംബങ്ങളിലെ കരിപിടിച്ച അടുക്കളകളില്‍ നിന്ന്‌ വന്ന അവരില്‍ മിക്കവാറും പേരും ആ ക്യാമ്പ്‌ നന്നായി ആസ്വദിക്കുന്നുമുണ്ടായിരുന്നു. ചെറുപ്പക്കാരികള്‍ നാണിച്ച്‌ നിന്നപ്പോള്‍ വീട്ടമ്മമാരില്‍ ചിലര്‍ വളരെ നന്നായി തന്നെ പാട്ടുകള്‍പാടി. ചെറിയകുട്ടികള്‍ ആ വൃത്തത്തിന്‌ ചുറ്റും ഓടിക്കളിച്ചു. ഇടയ്‌ക്ക്‌ കടന്നു വരുന്ന മൗനത്തിന്റെ ഇടവേളകളില്‍ കാടിന്റെ ശബ്ദങ്ങള്‍ വെളിപ്പെടുന്നുണ്ട്‌. റോബിന്‍ വിഷയം അടുക്കളയിലേക്കെത്തിച്ചു ജോലി, ജീവിതം, ഭക്ഷണശീലങ്ങള്‍ അങ്ങിനെ. കൃഷ്‌ണന്‍കുട്ടിയും മറ്റുചിലരും അതിലിടപ്പെട്ടു ഫാസ്റ്റ്‌ ഫുഡ്‌, പ്രകൃതി ജീവനം. വിഷയം പിന്നെ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിലേക്കും അടുക്കള തിരിച്ചുപിടിക്കേണ്ടതിലേക്കുമൊക്കെ കാടു കയറിത്തുടങ്ങി. പതുക്കെ പുല്ലിലേക്ക്‌ ചാഞ്ഞു. ഇളം പുല്ലില്‍ കിടക്കേണ്ട താമസമേ വന്നുള്ളൂ ഉറക്കത്തിലേക്ക്‌ വഴുതിവീഴാന്‍.
കബനിയുടെ കൈവഴിയായ നൂല്‍പ്പുഴയിലെ വെള്ളത്തിന്‌ ഒരു കലക്കരാശിയുണ്ടായിരുന്നു. ആദ്യമൊന്ന്‌ മടിച്ചുപോകും വെള്ളത്തിലിറങ്ങാന്‍. ചിലയിടങ്ങളില്‍ നന്നായി ചേറുമുണ്ട്‌. എങ്കിലും രാവിലത്തെ ഇളം വെയിലത്ത്‌ വെള്ളത്തിന്റെ തണുപ്പിലൊളിച്ച്‌ ചളിയില്‍ പറ്റിയങ്ങിനെ കിടക്കുന്നതിനും ഒരു സുഖമുണ്ട്‌. രാവിലെ നേരത്തെ ഇറങ്ങിയതാണ്‌. മുത്തങ്ങ ചെക്ക്‌പോസ്‌റ്റിനടുത്തെത്തുമ്പോഴും ഇരുട്ടകന്നിരുന്നില്ല. തണുപ്പില്‍ താടിയെല്ലുകള്‍ പരസ്‌പരം കൂട്ടിമുട്ടുന്നുണ്ട്‌. തട്ടുകടയില്‍ നിന്ന്‌ കിട്ടിയ കടും ചായക്കും തണുപ്പിനെ അകറ്റാനാകുന്നില്ല. മുത്തങ്ങ ചെക്ക്‌ പോസ്‌റ്റില്‍ നിന്ന്‌ പൊന്‍കുഴി ലക്ഷ്യമാക്കി മൈസൂര്‍ റോഡിലൂടെയാണ്‌ യാത്ര. രാവിലെ നേരത്തെയിറങ്ങുന്ന വന്യജീവികളെ കാണാമെന്ന പ്രതീക്ഷയിലാണ്‌ നടത്തം. പതുക്കെ പ്രഭാതത്തിന്റെ ആദ്യ രശ്‌മികളെത്തി. കാടുണര്‍ന്നു തുടങ്ങി. കാടിന്റെ പലവിധശബ്ദങ്ങള്‍. കാലമിത്രയായിട്ടും കാക്കയുടെയും അണ്ണാന്റെയും മയിലിന്‍െയും കാട്ടുകോഴിയുടെതുമൊഴികെ മറ്റൊരു ശബ്ദവും തിരിച്ചറിയാനെനിക്ക്‌ കഴിയാറില്ല. ഒരു വശത്ത്‌ മുളങ്കാടുകളാണ്‌. കണ്ണെത്തുന്ന ദൂരത്തൊക്കെ മുളങ്കൂട്ടങ്ങള്‍. അതിനിടയിലൂടെ കാട്ടുകോഴിക്കൂട്ടങ്ങള്‍ ഓടി നടക്കുന്നു. മറുവശത്ത്‌ തേക്ക്‌ പ്ലാന്റേഷന്‍. കുരങ്ങന്‍മാരുടെ കൂട്ടങ്ങളുണ്ട്‌ മരച്ചില്ലകളില്‍. ചിലയിടത്ത്‌ ഒറ്റപ്പെട്ട മാനുകളെ കണ്ടു. ആനയെ ആ സമയത്ത്‌ കാണാറുണ്ട്‌ എന്ന്‌ പറഞ്ഞിരുന്നെങ്കിലും കാണാനായില്ല. ഇടക്കിടെയുള്ള വാഹനങ്ങളുടെ ശല്യമൊഴിച്ചാല്‍ നല്ലൊരു യാത്ര. ഉറക്കം ഇനിയും വിട്ടുപോകാത്തതുകൊണ്ടോ തണുപ്പിന്റെ സുഖത്തിലോ മൗനികളായിരുന്നു എല്ലാവരും. മൂന്നാറിലെ അവരുടെ സ്ഥലത്തെ മഞ്ഞിറങ്ങുന്ന പ്രഭാതത്തെപ്പറ്റി ജൂഡി ചേച്ചി എന്തൊ പറഞ്ഞുതുടങ്ങിയെങ്കിലും വീണ്ടും മൗനത്തിലേക്ക്‌ തന്നെ മടങ്ങിപ്പോയി എല്ലാവരും. കാടും ഇടയിലെ വെളിസ്ഥലവും വിട്ട്‌ ചെറിയൊരു കവലയിലെത്തി. ചായക്കടയും അനാദിക്കടയും കുറച്ച്‌ വാഹനങ്ങളും ആളുകളുമുള്ള ഒരിടം. പൊന്‍കുഴി കാണുന്നത്‌ ഇനിയൊരിക്കലാകാമെന്ന്‌ വെച്ച്‌ അവിടെ നിന്ന്‌ വീണ്ടും കാല്‍ നടയായി മടക്കം. ജീപ്പ്‌്‌ സംഘടിപ്പിക്കാമെന്ന്‌ വിനോദ്‌ പറഞ്ഞെങ്കിലും നടക്കാം എന്ന തീരുമാനത്തില്‍ എല്ലാവരും ചേര്‍ന്നെത്തി. 
ആദ്യം ആദിവാസിയായ കാടറിയുന്ന ഒരു റൂട്ടര്‍ അതിന്‌ 15-20 അടി പുറകില്‍ വാച്ചര്‍ പിന്നെ ക്യാമ്പംഗങ്ങള്‍ പുറകില്‍ ഒരു ഗാര്‍ഡും മറ്റൊരാളും അങ്ങിനെയായിരുന്നു ക്യാമ്പിന്റെ ഭാഗമായി കാടിനുള്ളിലേക്കുള്ള ട്രക്കിങ്ങ്‌. കാടിനുള്ളിലെ സ്ഥിരം വഴിത്താരകളിലൂടെ മുന്നോട്ട്‌. മുത്തങ്ങയിലെ കാടിന്‌ പൊതുവെ ഒരു വരണ്ട സ്വഭാവമാണുള്ളത്‌. വെയിലേറുന്നതോടെ ബന്ദിപ്പൂരുനിന്നും മുതുമല നിന്നുമൊക്കെയുള്ള വന്യജീവികള്‍ ഈ കാട്ടിലേക്ക്‌ കടന്നെത്തും കബനിയിലെ വെള്ളം തേടി. ഇവിടത്തെ ശേഷിക്കുന്ന പച്ചപ്പുതേടി. ജാഗ്രതയോടെ മൃഗസാന്നിധ്യം പ്രതീക്ഷിച്ച്‌ എല്ലാവരും നിശബ്ദരായി നടന്നു. പക്ഷെ റോഡെത്തിയത്‌ ഒരു വയയിലേക്കാണ്‌ അതിനടത്തായി കുറച്ച്‌ വീടുകളും മറ്റും. അത്‌ പിന്നിട്ട്‌ വീണ്ടും കാട്ടിലേക്ക്‌. ഏറെ നേരം കഴിയേണ്ടി വന്നില്ല മുന്നിലെ റൂട്ടര്‍ നടത്തം നിറുത്തി. അദ്ദേഹം നോക്കുന്ന വഴിയെ ഞങ്ങളും നോക്കി. ദൂരെ മരങ്ങള്‍ക്കിടയില്‍ ഒരാന. ദേഹമാകെ മണ്ണു പുരണ്ടിട്ടുണ്ട്‌ പെട്ടെന്ന്‌ തിരിച്ചറിയാനുകുന്നുമില്ല. കണ്ടവര്‍ കാണാത്തവര്‍ക്ക്‌ ചൂണ്ടിക്കാണിച്ചുകൊടുത്തു. ബഹളമുണ്ടാക്കരുതെന്ന്‌ ഗാര്‍ഡ്‌ വിലക്കി. വീണ്ടും മുന്നോട്ട്‌. പിന്നെ കണ്ടത്‌ വലിയൊരാനക്കൂട്ടത്തെയായിരുന്നു. കാട്ടുചില്ലകളൊക്കെ ഒടിച്ചുമാറ്റി ഞങ്ങള്‍ക്ക്‌ സമാന്തരമായി തന്നെ മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍. വലിയൊരു ആനക്കൂട്ടത്തെ മറികടന്നതൊടെ എല്ലാവരുടെയും പേടിമാറി സംഭാഷണങ്ങളും തമാശകളും ഉയര്‍ന്നുകേട്ടുതുടങ്ങി. ബഹളം വെക്കരുതെന്ന്‌ ആവര്‍ത്തിച്ചിട്ടും ഇടവേളകളോടെ ഇത്‌ തന്നെ തുടര്‍ന്നു. ഇടയില്‍ മാനുകളെ കണ്ടിരുന്നു. ഒടുവില്‍ ട്രൈ ജംഗ്‌ഷ്‌നിലെത്തി. മൂന്ന്‌ സംസ്ഥാനങ്ങളുടെ സംഗമഭൂമിയായ അവിടം മുതുമല, ബന്ദിപ്പൂര്‍, മുത്തങ്ങ എന്നീ വന്യജീവി സങ്കേതങ്ങളും കൂടിച്ചേരുകയാണ്‌. സംസ്ഥാന അതിര്‍ത്തികളുടെ കാര്യമൊന്നുമറിയാതെ മൃഗങ്ങള്‍ കാലാവസ്ഥയ്‌ക്കും സൗകര്യത്തിനുമനുസരിച്ച്‌ വന്നു പോയുമിരിക്കും. 


അവിടെ ഇരുന്ന്‌ കുറച്ച്‌ വിശ്രമവും ചെറിയൊരു ക്ലാസും കഴിഞ്ഞ്‌ മറ്റൊരു വഴിയിലൂടെ മടക്കമായി. ഒടുവില്‍ ഒരു പുല്‍മെതാനത്തിലെത്തി അക്ക്വേഷ്യയൊ യൂക്കാലിയൊ പ്ലാന്റ്‌ ചെയ്‌തിരുന്ന സ്ഥലമായിരുന്നു, ഇപ്പോള്‍ എല്ലാം വെട്ടിമാറ്റി ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യാനായി മാറ്റി വെച്ചിരിക്കുന്നു. ഒരു വശത്ത്‌ മരങ്ങള്‍ നട്ടിട്ടുണ്ട്‌ അതിന്റെ സംരക്ഷണത്തിനായി വൈദ്യുതവേലിയും സ്ഥാപിച്ചിരിക്കുന്നു. അതിനരികില്‍ കൂടിയാണ്‌ വരിയായി ഞങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. മൈതാനത്തിന്റെ നടുവിലായി ഒരു ചെളിക്കുണ്ടില്‍ ആനകള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്‌. ആനകളെ കണ്ടത്തോടെ വിലക്കുകളെല്ലാം മറന്ന്‌ ആര്‍പ്പുവിളികളുയര്‍ന്നു. പെട്ടെന്ന്‌ കൂട്ടത്തിലൊരു കൊമ്പന്‍ ചെവിയുയര്‍ത്തി വട്ടം പിടിച്ചു പിന്നീട്‌ തലത്താഴ്‌ത്തിക്കൊണ്ട്‌ ഞങ്ങളെ ലക്ഷ്യമാക്കി ഓടിത്തുടങ്ങി. ഒരു വശത്ത്‌ വേലിയാണ്‌ മറുവശത്ത്‌ തുറന്ന വലിയപുല്‍പ്പരപ്പ്‌ പെട്ടെന്ന്‌ നിലവിളികളുയര്‍ന്നു. ചിലര്‍ മുന്നോട്ട്‌ ഓടാന്‍ തുടങ്ങി. മറ്റു ചിലര്‍ മറിഞ്ഞുവീണു. സ്‌ത്രീകള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. ഉച്ചത്തിലുള്ള കൂട്ടനിലവിളികള്‍ കേട്ടിട്ടോ എന്തോ ആന ഓട്ടം പതുക്കെയാക്കി പിന്നീട്‌ ദിശമാറി വളഞ്ഞോടി. ഫോറസ്‌റ്റുകാരുടെ ചീത്ത കേട്ട്‌ മൗനികളായി എല്ലാവരും തിരിച്ച്‌ ഡോര്‍മിറ്ററിയിലെത്തി. അവിടെ വീണ്ടും ശകാരവര്‍ഷവുമായി വഹാബിക്ക നില്‍ക്കുന്നുണ്ടായിരുന്നു.