Thursday, April 1, 2010

വയനാട്‌ സ്‌മരണകള്‍

  
നാം ജനിച്ചുവളരാത്ത, നമ്മുടെ ചുറ്റുപാടിലല്ലാത്ത, ജീവിതത്തിലെ ഒരിടത്താവളം പോലുമായിട്ടില്ലാത്ത ഒരു ദേശത്തെ എങ്ങിനെയാണ്‌ നാം അത്രമേല്‍ ഇഷ്ടപ്പെട്ടുപോകുന്നത്‌. ആ സ്ഥലത്തിന്റെ സൗന്ദര്യമാണോ, പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യമാണോ, ആ ദേശത്തെക്കുറിച്ചുള്ള ഗൃഹാതുരമായ സ്‌മരണകളാണോ, വായനകളിലൂടെയോ അല്ലാതെയോ ഉള്ള അറിവുകളാണോ, അതോ അവിടത്തെ ചരിത്രവും രാഷ്ടീയവും കാലാവസ്ഥയും ഭൂപ്രകൃതിയുമൊക്കെ അതിന്‌ കാരണമാകുന്നുണ്ടോ... വയനാട്‌ പ്രണയത്തിനു പുറകിലുള്ള കാരണങ്ങള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിക്കും ചിലപ്പോഴൊക്കെ.

 ഒരുപക്ഷേ ഇതെല്ലാം ചേര്‍ന്നതായിരിയ്‌ക്കണം നമ്മുടെ ഇഷ്ടത്തിന്റെ പുറകിലുള്ള രസതന്ത്രം. നന്ദിഗ്രാമിനു മുന്‍പുള്ള ബംഗാളിനെ സ്‌നേഹിച്ചിരുന്നതുപോലെ വംശഹത്യയ്‌ക്ക്‌ ശേഷമുള്ള ഗുജറാത്തിനെ വെറുക്കുന്നതുപോലെ ലാറ്റിനമേരിക്കന്‍ ജീവിതവും മാനസസരോവരവും സ്വപ്‌നം കാണുന്നതുപോലെ, ചെറിയൊരു അനുഭവലോകത്തിലെ പരിമിതമായ അറിവുകളും ധാരണകളും ചിന്തകളും വെച്ചുളള മനസ്സിന്റെ കൂട്ടിക്കിഴിക്കലുകളാവാം നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ ഹേതുവാകുന്നത്‌.


വയനാട്ടില്‍ കൂടി ഒരു പാടുതവണ കടന്നുപോയിട്ടുണ്ടെങ്കിലും അവിടെ തങ്ങിയുട്ടുള്ളതും ചുറ്റികറങ്ങിയിട്ടുള്ളതും വളരെ കുറച്ച്‌ മാത്രമാണ്‌. അതും ഒന്നോരണ്ടോ ദിവസങ്ങള്‍ക്കപ്പുറം ഓരോയാത്രയും നീണ്ടുപോയിട്ടുമില്ല. ഇരുപതുവര്‍ഷങ്ങള്‍ക്കപ്പുറത്താണ്‌ ആദ്യയാത്ര അന്ന്‌ വല്യച്ഛന്റെ മകള്‍ വിവാഹം കഴിഞ്ഞ്‌ ഭര്‍ത്താവിന്റെ ജോലിസ്ഥലമായ വയനാട്ടിലേക്ക്‌ പോയിരിക്കുന്നു. പുതിയൊരു ജീവിതം തുടങ്ങുന്ന അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനായിരുന്നു ആ യാത്ര. വല്യമ്മയും വല്യച്ഛന്റെ ചെറിയ മകളും പാപ്പനുമാണ്‌ കൂടെ. 7.30 ന്‌ ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന പഴയൊരു കെ. എസ്‌. ആര്‍. ടി. സി. വണ്ടിയില്‍. പട്ടാമ്പി, പെരിന്തല്‍മണ്ണ, മുക്കം, താമരശ്ശേരി വഴി. അന്ന്‌ ചുരം കയറുന്നതിനുമുന്‍പായി അടിവാരത്ത്‌ ബസ്സുകള്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അല്‍പ്പനേരം നിറുത്തിയിടും. കുറച്ച്‌ ഹോട്ടലുകളും അനാദിക്കടകളുമൊഴിച്ചാല്‍ മറ്റൊന്നും അന്നത്തെ അടിവാരത്തിലില്ല. ദൂരെ വയനാടന്‍ മലനിരകളുടെ വിസ്‌മയിപ്പിയ്‌ക്കുന്ന കാഴ്‌ച്ചകാണാം. അതൊരു ഓണക്കാലമായിരുന്നു. പച്ചപ്പിന്റെ സമൃദ്ധിയും തെളിഞ്ഞ വെയിലുമുണ്ട്‌. കഴിഞ്ഞുപോയ തിരുവോണത്തിന്റെ ആലസ്യം ആളുകളുടെ മുഖത്തെന്ന പോലെ ആ ചെറിയ അങ്ങാടിയിലും പ്രതിഫലിയ്‌ക്കുന്നുണ്ടായിരുന്നു.


ബസ്സ്‌ പതുക്കെ ചുരം കയറാന്‍ തുടങ്ങി. തോട്ടങ്ങള്‍ പിന്നിട്ട്‌ കാട്ടിലേക്ക്‌. കാടുകാണുന്നതും ആദ്യമായിട്ടാണ്‌. ചെറിയ കാട്ടരുവികള്‍ റോഡിനുകുറുകെ കടന്നുപോകുന്നു. ഹെയര്‍പിന്‍ വളവുകള്‍ പിന്നിടുമ്പോള്‍ അകലെ താഴ്‌വാരത്തിന്റെ മോഹിപ്പിക്കുന്ന കാഴ്‌ച്ചകള്‍. മരചില്ലകളില്‍ കുരങ്ങന്‍മാരുടെ കുട്ടങ്ങള്‍. കാട്ടുവള്ളിയില്‍ പിടിച്ചിരിക്കുന്ന ഒരു മലയണ്ണാനെ കാണിച്ചുതന്നു പാപ്പന്‍. ബസ്സ്‌ മുകളിലേക്ക്‌ കയറുംതോറും കൂടിവരുന്ന കൊക്കകളുടെ താഴ്‌ച്ച ചെറിയൊരു നെഞ്ചിടിപ്പുണ്ടാക്കി. കിതച്ച്‌ കൊണ്ട്‌ അരിച്ചരിച്ച്‌ കയറുമ്പോളായിരിയ്‌ക്കും ചില കൊടും വളവുകള്‍ ബസ്സ്‌ നമ്മളേയും കൊണ്ട്‌ താഴേക്ക്‌ പോകും എന്ന തോന്നല്‍ വാഹനങ്ങള്‍ നിറുത്തിയിട്ട്‌ ചിലര്‍ കാട്ടരുവികളില്‍ കുളിക്കുന്നുണ്ട്‌. കണ്ണുനീര്‌ പോലെ തെളിഞ്ഞജലം. പുതിയകാഴ്‌ച്ചകളില്‍ മനസ്സുനിറഞ്ഞ്‌ മുകളിലെത്തിയപ്പോഴേക്കും അന്തരീക്ഷം പതുക്കെ ഇരുണ്ടുതുടങ്ങി. അകലെയല്ലാതെ മലനിരകളെ തട്ടി മേഘങ്ങള്‍ കടന്നുപോകുന്നു. വാഹനങ്ങളുടെ വേഗം കുറഞ്ഞു. "കോട" ആരോ പറഞ്ഞുതീര്‍ന്നില്ല ചെറിയൊരു കുളിരും കൊണ്ട്‌ പുകപോലെ മേഘം ബസ്സിനുള്ളിലേക്ക്‌. ചുറ്റും ഇരുണ്ടിരിക്കുന്നു. ബസ്സിനുള്ളിലെ വിളക്കുകള്‍ തെളിഞ്ഞു. കോട ഏറിയതോടെ വാഹനങ്ങള്‍ നിറുത്തിയിട്ടു. താമസിക്കാതെ കനത്തൊരുമഴയും. പെളിഞ്ഞ വിന്‍ഡോ ഷട്ടറുകള്‍ക്കിടയിലൂടെ മഴ ബസ്സിനകത്തേക്കും കടന്നുവരുന്നുണ്ട്‌.താമസിക്കാതെ വലിയൊരു മഴ പെയ്‌തു തോര്‍ന്നു. പുതിയ കാഴ്‌ച്ചകളുടെ ആഹ്ലാദവും വിസ്‌മയവുമായിരുന്നു മനസ്സുനിറയെ. നീണ്ട ബസ്സുയാത്രയുടെ എല്ലാ മുഷിപ്പുകളും അപ്രത്യക്ഷമായിരിക്കുന്നു. ജീവിതത്തോടും നമ്മുടെ ചുറ്റുപാടുകളോടും വല്ലാതെ ഇഷ്ടം തോന്നിപോകുക ഇത്തരം ചില സന്ദര്‍ഭങ്ങളിലാണ്‌.


ലക്കിടി കല്‍പ്പറ്റ പനമരം. വഴിയില്‍ ചായത്തോട്ടങ്ങള്‍, കാപ്പിയും കുരുമുളകും കൃഷിചെയ്യുന്ന തൊടികള്‍, വയലുകള്‍. ചില വയലുകള്‍ കവുങ്ങിന്‍ തോട്ടങ്ങള്‍ക്ക്‌ വഴിമാറിയിരിയ്‌ക്കുന്നു. ചെറിയ മംഗള അടയ്‌ക്കാമരങ്ങളില്‍ ചുവന്നുപഴുത്ത വലിയ അടയ്‌ക്കാകുലകള്‍, തേയില കെട്ടുകളുമായി പോകുന്ന എസ്‌റ്റേറ്റ്‌ വക മിനിലോറികള്‍, പാതയോരത്ത്‌ ഒരിടത്തായി കുറച്ച്‌ ആദിവാസി സ്‌ത്രീകള്‍ മരത്തണലിലിരിക്കുന്നു. മാനന്തവാടി ടൗണില്‍ ബസ്സെത്തുമ്പോള്‍ സമയം 2.30. എരുമത്തെരുവിലെ ഓടിട്ട ഒരു വാടകവീടാണ്‌. മുന്‍പില്‍ പുതുതായി രൂപം കൊണ്ടുവരുന്ന ചെറിയൊരു പൂന്തോട്ടം. ദാസേട്ടനന്ന്‌ വയനാട്‌ ജില്ലാ ആശുപത്രിയില്‍ സര്‍ജനാണ്‌. മുന്‍ വരാന്തയില്‍ ഡോകടറെ കാണാനിരിക്കുന്ന രോഗികള്‍ അകത്ത്‌ നിറഞ്ഞ പുഞ്ചിരിയുമായി ചേച്ചിയും ചേട്ടനും. "ജയ പാചകമൊക്കെ പഠിച്ചിരിക്കുന്നു" ഭക്ഷണം കഴിക്കുന്നതിനിടയില്‍ പാപ്പന്‍ എല്ലാവരോടുമായി പറഞ്ഞു. വിവാഹത്തോടെ പെണ്‍കുട്ടികളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റം ആദ്യമായി ഞാന്‍ കണ്ടറിഞ്ഞത്‌ ജയചേച്ചിയുടെ ജീവിതത്തിലുടെയായിരുന്നു. പെട്ടെന്നുണ്ടാകുന്ന ഉത്തരവാദിത്ത്വബോധം, വീട്ടുകാരിയിലേക്കുള്ള മാറ്റം, പെരുമാറ്റത്തിലെ പക്വത, ചെറിയ ചില സ്വാര്‍ത്ഥതകള്‍, പങ്കാളിയെക്കുറിച്ചുള്ള കരുതല്‍.

(തുടരും)