Thursday, August 19, 2010

തെളിനീരുറവകള്‍..


(വയനാട്‌ സ്‌മരണകള്‍ തുടരുന്നു)

ആന്റണിയുടെ വിവാഹത്തോടനുബന്ധിച്ച്‌ നടന്ന സ്വീകരണ ചടങ്ങില്‍ പങ്കുകൊള്ളുവാന്‍ വേണ്ടിയാണ്‌ ഉറവില്‍ അവസാനമായി പോയത്‌. വെയിലിന്‌ തെളിമയേറും മുന്‍പെ തന്നെ തൃക്കൈപ്പറ്റ ബസ്സിറങ്ങി. പഴയ പണിശാലയുടെ സ്ഥലത്ത്‌ പുതിയ കെട്ടിടം. ഉറവിന്റെ പുതിയ ഓഫീസും ട്രെയിനിങ്ങ്‌ സെന്ററും ഗസ്റ്റുഹൗസുമൊക്കെ ചേര്‍ന്ന സമുച്ചയമാണ്‌. മുന്‍പില്‍ വൃത്താകൃതിയിലുള്ള വലിയൊരു പണിശാല. സുഹൃത്തുക്കളില്‍ ചിലര്‍ തലേന്നെ എത്തിയിരുന്നു. മറ്റു ചിലരുടെ വിളി വന്നു, യാത്രയിലാണ്‌. ഏറെ താമസിക്കാതെ ചടങ്ങുകള്‍ക്ക്‌ തുടക്കമായി. തൃക്കെപ്പറ്റ ഗ്രാമവാസികളും പ്രാദേശിക രാഷ്ടീയ പ്രവര്‍ത്തകരും പലയിടങ്ങളില്‍ നിന്നുമായി എത്തിയ ആന്റണിയുടെയും ഉറവിന്റെയും സുഹൃത്തുക്കളും വയനാട്ടിലെ സാമൂഹ്യപ്രവര്‍ത്തകരും ഒക്കെയടങ്ങിയ ചെറുതല്ലാത്ത ഒരു സദസ്സ്‌. വിവാഹം തലേന്നാളായിരുന്നു കോഴിക്കോട്‌ വധുവിന്റെ വീട്ടില്‍ വെച്ച്‌. ഉറവിന്റെ പ്രവര്‍ത്തകരുടെ സംഘഗാനത്തോടെ തുടങ്ങിയ ലളിതമായ പരിപാടികള്‍ തുടര്‍ന്ന്‌ ഭക്ഷണം.ആന്റണി സന്തോഷവാനായിരുന്നു. വന്നു കയറുന്ന സുഹൃത്തുക്കളെ കൈവീശി അഭിവാദ്യം ചെയ്‌തും ഓരോരുത്തരെയായി തന്റെ പങ്കാളിക്ക്‌ പരിചയപ്പെടുത്തിയും ചെറുതമാശകളില്‍ പങ്കുചേര്‍ന്നും മാറ്റങ്ങളേതുമില്ലാതെ നിറചിരിയുമായി ആന്റണി നിന്നു. വൈകി കടന്നു വന്ന വിവാഹമാണ്‌ ആന്റണിയുടേത്‌. അവിവാഹിതരുടെ സംഘടനയുടെ സെക്രട്ടറി സ്ഥാനമാണ്‌ സുഹൃത്തുക്കള്‍ ആന്റണിക്ക്‌ കല്‍പ്പിച്ച്‌ നല്‍കിയിരുന്നത്‌ പ്രസിഡന്റ്‌ കറന്റ്‌ ബുക്ക്‌സ്‌ ജോണി. പതുക്കെ സംഘത്തിലെ ഓരോരുത്തരായി വിവാഹിതരായി. തൃശ്ശൂര്‍ മഞ്‌ജുളാലിന്‌ അഭിമുഖമായുള്ള കറന്റ്‌ മൂലയില്‍ നിന്ന്‌ മുന്നിലൂടെ കടന്ന്‌ പോയിക്കൊണ്ടിരിക്കുന്ന നിറയൗവനങ്ങളെ നോക്കി ആന്റണി ജോണിയോട്‌ പറഞ്ഞത്രെ "നമ്മുടെയൊക്കെ ഒരു യോഗം" ഇതേപേരിലുള്ള യു.കെ.കുമാരന്റെ പുസ്‌തകം വേണമെന്നാണ്‌ ആന്‌റണി പറയുന്നത്‌ എന്ന്‌ കരുതിയ ജോണി സുധാകരനെ വിളിച്ച്‌ പുസ്‌തകം സ്റ്റോക്കുണ്ടോ എന്ന്‌ ചോദിച്ചു എന്ന കഥ ആരോ പുറത്തെടുത്തിട്ടു.

1996 ലാണ്‌ ആന്റണിയും സുനീഷും ദിരാറും കൃഷ്‌ണന്‍ക്കുട്ടിയും ചുരം കയറി വയനാട്ടിലെത്തുന്നത്‌. ഒപ്പം കോഴിക്കോട്ടുകാരനായ ശിവരാജും സുരേന്ദ്രനും. ബാബുരാജ്‌ തൃക്കെപ്പറ്റക്കാരന്‍ തന്നെയായിരുന്നു. പരിസ്ഥിതിക്ക്‌ ഹാനികരമാകാതെ എങ്ങിനെ പ്രാദേശിക തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്ന ചെറുകിട നിര്‍മ്മാണ മേഖലയിലേക്ക്‌ കടക്കാം എന്നതായിരുന്നു അവരുടെ മുന്‍പിലുള്ള വെല്ലുവിളി. നാമാവിശേഷമായി ക്കൊണ്ടിരിക്കുന്ന ഗ്രാമീണകൈവേലകളെ സാഹചര്യങ്ങള്‍ക്കനുസൃതമായി പുനരുജ്ജീവിപ്പിക്കുക എന്ന അന്വേഷണം അവസാനിക്കുന്നത്‌ ഉറവ്‌ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിലായിരുന്നു.


വിനാശത്തിലേക്ക്‌ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന വികസനത്തിന്‌ തിരുത്തുമായി വേറെയും അന്വേഷണങ്ങള്‍ നടക്കുകയും ജനകീയ ബദലുകള്‍ രൂപപ്പെടുകയും ചെയ്‌ത കാലം. അട്ടപ്പാടിയില്‍ ഗോപാലകൃഷ്‌ണന്‍ മാഷും വിജയലക്ഷി ടീച്ചറും ചേര്‍ന്ന്‌ തുടങ്ങിയ 'സാരംഗ്‌ ' ജലസംരക്ഷണപ്രവര്‍ത്തനങ്ങളിലും ജൈവകൃഷിയിലും ബദല്‍ വിദ്യാഭ്യാസത്തിലുമൊക്കെ പുതിയ കാല്‍വെപ്പുകള്‍ നടത്തുന്നു. കൊച്ചിയില്‍ ജേക്കബ്‌ വടക്കുംചേരി 'അരുവി കുരുവി പൂങ്കുരുവി ' ആരോഗ്യഹോട്ടല്‍ സ്ഥാപിച്ച്‌ നല്ലഭക്ഷണം, ആരോഗ്യം, പ്രകൃതിജീവനം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. ലീലാമേനോന്റെ ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌ ലേഖനത്തിലൂടെ കേരളമറിഞ്ഞ അരുവാക്കോട്‌ മെക്കാനിക്കല്‍ എഞ്ചിനീയറും അഹമ്മദാബാദ്‌  നാഷണല്‍ ഇന്‍സ്‌റ്റിറ്റിയുട്ട്‌ ഓഫ്‌ ഡിസൈനിലെ വിദ്യാര്‍ത്ഥിയുമായ ജിനന്‍ 'കുഭം' എന്ന സംഘടന രൂപീകരിച്ച്‌ കളിമണ്ണിന്റെ അനന്ത സാധ്യതകള്‍ തുറന്നു കാണിക്കുന്നു. സി. പി. ഗംഗാധരന്‍മാഷ്‌ 'ഒറ്റവൈക്കോല്‍ വിപ്ലവം' മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്യുന്നു. അങ്ങിനെ ഒരു പുതു സമൂഹ നിര്‍മ്മിതിക്കുവേണ്ടിയുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ്‌ ഉറവും. മുള എന്ന പ്രാദേശികമായി ലഭ്യമാകുന്ന കൃഷി ചെയ്‌ത്‌ ഉണ്ടാക്കാവുന്ന അസംസ്‌കൃത വസ്‌തു ഉപയോഗിച്ച്‌ പുതിയൊരു ലോകം സൃഷ്ടിച്ചു കാണിച്ചു ഉറവ്‌. വര്‍ഷങ്ങള്‍ക്കിപ്പുറത്തു നില്‍ക്കുമ്പോള്‍ ഉറവ്‌ ഏറെ ദൂരം മുന്നോട്ട്‌ പോയിരിക്കുന്നു.

ലളിതമായ വിവാഹസദ്യയില്‍ പങ്കുകൊണ്ടതിന്‌ ശേഷം അട്ടപ്പാടി ഫ്രാന്‍സിസേട്ടന്റെയും 'കേരളീയം' റോബിന്റെയും നേതൃത്ത്വത്തില്‍ ഉറവിന്റെ മുള നേഴ്‌സറി കാണാന്‍ യാത്രയായി. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുളയിനങ്ങള്‍ നട്ടുവളര്‍ത്തിയിരിക്കുന്നു അവിടെ. പല തരത്തിലുള്ള പച്ചകളുടെ മനോഹരമായ ഒരു കാഴ്‌ച്ച. അതിരിലായി വലിയ മുളങ്കൂടുകള്‍, അതിനപ്പുറം ചെറിയൊരു വെള്ളച്ചാല്‍ പിന്നെ വയല്‍ തുടങ്ങുന്നു. മുളന്തലപ്പുകളില്‍ കാറ്റടിക്കുന്നുണ്ടായിരുന്നു. ആ പച്ചമേലാപ്പിനു താഴെ നില്‍ക്കുമ്പോഴും കാഠിന്യം ഏറി വരുന്ന വയനാട്ടിലെ ചൂട്‌ അനുഭവപ്പെടുണ്ടായിരുന്നു. മുളയിലകള്‍ മെത്തവിരിച്ച ഇടവഴിയിലൂടെ ഞങ്ങള്‍ നടന്നു. വയനാടിന്റെ കാലാവസ്ഥ വ്യതിയാനത്തെ പറ്റി, പുതിയ ടൂറിസം തരംഗത്തെപ്പറ്റി, ചൂടുപിടിക്കുന്ന ആദിവാസി ഭൂമി പ്രശ്‌നത്തെപ്പറ്റി, കാര്‍ഷികപ്രതിസന്ധിയെപ്പറ്റി, വര്‍ക്കിയേട്ടന്റെ നേതൃത്വത്തിലുള്ള ഫാര്‍മേഴ്‌സ്‌ റിലീഫ്‌ ഫോറം പ്രവര്‍ത്തനെങ്ങളെപ്പറ്റി,...... ചന്ദ്രന്‍ പറഞ്ഞുകൊണ്ടിരുന്നു. വയനാട്ടിലെ ആദ്യകാല പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന മാധവന്‍നായരുടെ മകനായ ചന്ദ്രന്‌ വയനാടിന്റെ ഓരോ മിടിപ്പും അറിയാം. വയനാട്‌ 'നേതി ' ഫിലിം സെസൈറ്റി പ്രവര്‍ത്തനങ്ങളും എം. എല്‍ രാഷ്ടീയവും 'പാഠഭേദം' പ്രവര്‍ത്തനവും വിപുലമായൊരു സൗഹൃദവലയുമൊക്കെയായി തൃശ്ശൂര്‍ കേരളവര്‍മ്മയിലെ പഠനകാലത്തൊഴികെ ചന്ദ്രന്‍ വയനാട്ടിലെ സാമൂഹ്യജീവിത രംഗത്ത്‌ നിറഞ്ഞുനിന്നു. ഒടുവില്‍ വയനാട്‌ കലക്ട്രേറ്റില്‍ തന്നെ ഗുമസ്ഥനായി ജോലിയില്‍ പ്രവേശിച്ചു. ഒരു കാലത്ത്‌ ചുരം കയറിയെത്തുന്ന എതൊരു സാമൂഹിക പ്രവര്‍ത്തകന്റെയും അഭയകേന്ദ്രമായിരുന്നു ചന്ദ്രന്റെ കല്‍പ്പറ്റയിലെ വീട്‌. കുടുംബപരമായ ചില കാരണങ്ങളാല്‍ തൃശ്ശൂരടുത്തുള്ള ചേര്‍പ്പിലേക്ക്‌ താമസം മാറ്റിയെങ്കിലും മാസത്തിലൊരിക്കലെങ്കിലും വയനാട്‌ വന്നുപോകുന്നു ചന്ദ്രന്‍.
മുളകൊണ്ടുള്ള ഭക്ഷണ സാധനങ്ങളുണ്ടാക്കുന്ന നിര്‍മ്മാണ യുണിറ്റിലേക്കാണ്‌ പിന്നീട്‌ ഞങ്ങളെത്തിയത്‌. മുളക്കൂമ്പുകൊണ്ടുള്ള അച്ചാറിന്റെ പാക്കിങ്ങ്‌ നടന്നുകൊണ്ടിരിക്കുകയായിരുന്നു അവിടെ. മുളയരികൊണ്ടുള്ള ഭക്ഷ്യവസ്‌തുക്കളും മുളക്കൂമ്പുകൊണ്ടുള്ള കൊണ്ടാട്ടമടക്കമുള്ള വസ്‌തുക്കളും പണിപ്പുരയിലുണ്ട്‌. മടങ്ങും വഴി സുനീഷിന്റെ വീട്ടില്‍ കയറി. കുരിയിച്ചിറക്കാരനായ സുനീഷ്‌ തന്റെ നല്ല പാതിയെ കണ്ടെത്തിയത്‌ തൃക്കൈപ്പറ്റയില്‍ നിന്നുതന്നെയാണ്‌. ലൈല. കൃഷന്‍കുട്ടിയും വനിതയും ഒരേ സമയം തന്നെ സര്‍ക്കാര്‍ ജോലിക്കാരായി വയനാടിന്റെ പടിയിറങ്ങി. ദിരാര്‍ അഹാഡ്‌സിന്റെ ഡെപ്യൂട്ടി ഡയറക്ടറായി അട്ടപ്പാടിയിലേക്ക്‌ പോയി. സുരേന്ദ്രന്‍ ഹിന്ദുവിലെ ജോലി വേണ്ടെന്നു വെച്ച്‌ ഉറവിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. മറ്റൊരാളുടെ അസാന്നിധ്യം ഇതിനിടയിലും എല്ലാവരുടെയും വേദനയായി. ശിവരാജിന്റെ ജീവിത സഖിയായിരുന്ന ശ്രീലത. അര്‍ബുദത്തിന്‌ കീഴടങ്ങി ഉറവിനോടും ലോകത്തോടും യാത്ര പറഞ്ഞു അവര്‍. ശിവരാജ്‌ പൂര്‍ണ്ണമായും മുളയുടെ ലോകത്തായിരിക്കുന്നു. ബാജുരാജും വിനോദും ബിജുവും പൂര്‍ണ്ണമായും ഉറവിനോടൊപ്പം. പിന്നെ കുറെ നല്ല സുഹൃത്തുകളും ഒരു കമ്മ്യൂണ്‍ പോലെ മുന്നോട്ട്‌ നീങ്ങുന്നു ഉറവ്‌. സ്ഥാപനവല്‍ക്കരണം സൃഷ്ടിച്ചേക്കാവുന്ന യാന്ത്രികത ഉറവിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചപോലെ തോന്നിയില്ല. സ്‌നേഹസൗഹൃദങ്ങളുടെ തുടര്‍ച്ചകളും മുന്നിലുള്ള മഹത്തായ ഒരു ലക്ഷ്യവും പ്രവര്‍ത്തകരുടെ ഒത്തൊരുമയും ഒരു വടവൃക്ഷമായി പടരാന്‍ ഉറവിനെ സഹായിക്കുന്നുണ്ടാകണം.


ഒരു ആധൂനികോത്തര ബിസിനസ്സ്‌ സ്ഥാപനം എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഉറവിനെതിരെ ഉന്നയിക്കുന്നവരുണ്ട്‌. ഉറവിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങളിലൊന്ന്‌ ആദിവാസിജനവിഭാഗങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനമായിരുന്നു. കാര്‍ഷിക പ്രതിസന്ധികൊണ്ട്‌ നട്ടം തിരിയുന്ന വന്തവാസികളില്‍ നല്ലൊരു വിഭാഗത്തിന്‌ അത്താണിയാണെങ്കിലും അസംസ്‌കൃത വസ്‌തുക്കളുടെയും വനവിഭവങ്ങളുടെയും ശേഖരണത്തിലൊഴിച്ചാല്‍ ആദിവാസികളുടെ പങ്കാളിത്തം ഉണ്ടാക്കിയെടുക്കാനും അവര്‍ക്ക്‌ തൊഴില്‍ ലഭ്യത ഉറപ്പുവരുത്താനും എത്രമാത്രം ഉറവിന്‌ കഴിഞ്ഞിട്ടുണ്ട്‌ ?. ഇനിയും മറികടക്കേണ്ട ഈ കടമ്പകള്‍ക്കിടയിലും ഉറവ്‌ തീര്‍ച്ചയായും നല്ലൊരു മാതൃക തന്നെയാണ്‌. സ്വന്തം ജീവിതം വില കൊടുത്ത്‌ നാടിന്‌ വേണ്ടി പ്രവര്‍ത്താക്കാന്‍ ഇറങ്ങിയ കുറച്ച്‌ ചെറുപ്പക്കാര്‍ കാണിച്ചുകൊടുത്ത ഒരു സുസ്ഥിര മാതൃക. മണ്ണിന്റെ മണവും വിയര്‍പ്പിന്റെ പുളിരസവുമുള്ള അടിസ്ഥാനതല സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഒരു കാലഘട്ടം അവസാനിച്ചുകൊണ്ടിരിക്കുകയും മിനറല്‍വാട്ടര്‍ ബോട്ടിലും എം. എസ്‌. ഡബ്ലു ബിരുദവുമായി സോഷ്യല്‍ വര്‍ക്കിനിറങ്ങുന്ന ഒരു പുതുതലമുറ വ്യാപകമാകുകയും, സാമൂഹ്യപ്രവര്‍ത്തനം മത - വര്‍ഗീയ - തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മറയാകുകയും ചെയ്യുന്ന ഇക്കാലത്ത്‌ ഇത്തരം മാതൃകകള്‍ തീര്‍ച്ചയായും നിലനില്‍ക്കേണ്ടതുണ്ട്‌.


ഏറെക്കാലത്തെ സ്വപ്‌നമായ വീട്‌ യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്നറിയിച്ച്‌ കുറച്ചു നാളുകള്‍ക്ക്‌ മുന്‍പ്‌ സുനീഷിന്റെ കുറിപ്പുണ്ടായിരുന്നു. അടുത്ത തവണത്തെ വയനാട്‌ യാത്രയില്‍ തീര്‍ച്ചയായും ഉറവില്‍ കയറണം. അവിടത്തെ പുതിയ പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും ഉല്‍പ്പന്നങ്ങളും കാണണം. സുഹൃത്തുക്കളുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കണം. തളര്‍ച്ചയറിയാത്ത ഉറവിന്റെ പ്രവര്‍ത്തകരില്‍ നിന്ന്‌ കുറച്ച്‌ ഊര്‍ജ്ജം കടം കൊള്ളണം...

(തുടരും)