Tuesday, December 17, 2013

ആരുടെ രാജാവാണ്‌ മരിച്ചത്‌, ഏതായാലും ഏന്റെതല്ല...


തിരുവിതാംകൂര്‍ രാജവംശത്തില്‍പെട്ട ഉത്രാടംനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചതിനെത്തുടര്‍ന്ന്‌ പൊട്ടിപ്പുറപ്പെട്ട രാജഭകതി കേരളമാകെ കുത്തിയൊലിക്കുകയാണ്‌. തിരുവനന്തപുരം ജില്ലക്ക്‌ മാത്രമല്ല കേരളത്തിനൊട്ടാകെ അവധി വേണമായിരുന്നെന്ന്‌ വരെ പറഞ്ഞുവെക്കുന്നു പ്രജകള്‍. രാജഭക്തി മുതലെടുക്കാമെന്ന ചിന്തയില്‍ ക്ഷീരമുള്ള അകിടുനോക്കി നടക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരും രാജസ്‌തുതികളുമായി രംഗത്തുവരുന്നു. അവധിക്കെതിരെ ഫേസ്‌ബുക്കില്‍ ഒരു കമന്റിട്ടതിന്‌ നിബിലെന്ന ചെറുപ്പക്കാരനെയും ആ കമന്റ്‌ ഷെയര്‍ചെയ്‌ത്‌ സ്വന്തം അഭിപ്രായം കൂടി ചേര്‍ത്ത്‌ സ്റ്റാറ്റസ്‌ ഇട്ടതിന്‌ വി.ടി.ബലറാം എം.എല്‍.എ യെയും തെറിവിളികള്‍ കൊണ്ടും ഭീഷണികൊണ്ടും പൊതിയുന്നു രാജഭക്തരായ സൈബര്‍ സേവകര്‍. ചരിത്രബോധം ഇല്ലാതാകുക എന്നത്‌, മറവിയിലേക്ക്‌ മടങ്ങുക എന്നത്‌ ഒരു സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്‌. അതിനെ പിന്‍പറ്റിയാണ്‌ ഫാസിസം കടന്നുവരുന്നതും. അങ്ങിനെയാണ്‌ ഗാന്ധിഘാതകരുടെ പിന്‍മുറക്കാര്‍ക്ക്‌ ഗാന്ധിയുടെ പ്രിയ ശിഷ്യനായ പട്ടേലിന്റെ പൈതൃകത്തിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയുന്നത്‌. 


ഇൗ നൂറ്റാണ്ടിലെ അടിമത്വം നാം സ്വയം സൃഷ്ടിക്കുന്നതാണ്‌. ആ മാനസിക അടിമത്വത്തിന്റെ സുഖമറിഞ്ഞവരാണ്‌ അതിന്‌ പറ്റിയ ഒരു ഉടമയെ കിട്ടാതെ വരുമ്പോള്‍ തിരുവിതാകൂര്‍ രാജാവ്‌ എന്നൊക്കെ പറഞ്ഞ്‌ 1947ടെ അധികാരം ഇല്ലാതായ ഒരു രാജകുടുംബത്തിലെ ഒരംഗത്തെ പൊക്കികൊണ്ട്‌ വരുന്നത്‌. മറ്റൊരു കൂട്ടര്‍ ജനാധിപത്യത്തില്‍ കോരനും ചാത്തനും മേത്തനുമൊന്നും നമ്മെ ഭരിക്കുന്നത്‌ ഇഷ്ടമാകാത്ത ജാതിക്കോമരങ്ങളും വര്‍ഗ്ഗീയ ഭ്രാന്തന്‍മാരുമാണ്‌. അവരൊക്കെ ചേര്‍ന്നാണ്‌ കൂലിക്ക്‌ ചരിത്രമെഴുതിയ പഴയ തിരുവിതാകൂര്‍ ചരിത്രകാരന്‍മാര്‍ നീട്ടിപ്പാടിയ അപദാനങ്ങള്‍ ഇന്നും ഏറ്റുപാടുന്നത്‌. രാജഭക്തന്‍മാരുടെ വോട്ടുപിടിച്ചിട്ടായാലും കേരളത്തിലൊരു അക്കൗണ്ട്‌ തുറക്കാന്‍ കഴിയുമോ എന്ന്‌ ചിന്തിക്കുന്ന സംഘികള്‍ കൂടി ഒത്തുചേരുന്നതോടെ എല്ലാം പൂര്‍ണ്ണമാകുന്നു. തിരുവിതാകൂറില്‍ നടന്ന പരിഷ്‌ക്കാരങ്ങള്‍ക്കെല്ലാം ഉത്തരവാദി ശ്രീ ചിത്തിരത്തിരുനാളാണെന്നും എല്ലാകൊള്ളരുതായ്‌മകള്‍ക്കും ഉത്തരവാദി സി.പി.രാമസ്വാമി അയ്യരാണെന്നും നമ്മെ പറഞ്ഞുപടിപ്പിച്ച ആസ്ഥാനചരിത്രകാരന്‍മാര്‍ ഇന്നും കര്‍ത്തവ്യനിരതരായി രംഗത്തുണ്ട്‌. കേരളം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ അസഹിഷ്‌ണുതയൊടെ കാണുന്ന അവരൊക്കെ ചേര്‍ന്നാണ്‌ ജാതി-മത-ഫ്യൂഡല്‍ അധികാര ശ്രേണി പുന:സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുന്നത്‌. അവരാണ്‌ രാഷ്ടീയത്തിലെ പുഴുക്കുത്തുകളെ മാത്രം ചൂണ്ടിക്കാണിച്ച്‌ വീണ്ടും പഴയ ഫ്യൂഡല്‍ കാലഘട്ടത്തെ നന്മനിറഞ്ഞ കാലമെന്ന പൊതുബോധം പതുക്കെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌.

1947ല്‍ ഇന്ത്യ സ്വാതന്ത്രം നേടിയതും 1949ല്‍ തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നതും 1950 ജനുവരി 26ന്‌ ഭാരതം ഒരു ജനാധിപത്യ റിപ്പബ്ലിക്കായതും 1956ല്‍ ഐക്യകേരളം നിലവില്‍ വന്നതും ഒന്നും ഈ രാജ്യഭക്തര്‍ അറിഞ്ഞിട്ടില്ലെന്ന്‌ തോന്നുന്നു. 1949-ല്‍ തിരുവിതാംകൂറും കൊച്ചിയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രാകാരം ചിത്തിരത്തിരുനാളിന്‌ രാജപ്രമുഖസ്ഥാനം അനുവദിച്ച്‌ കൊടുക്കുകയും രാജാവ്‌ എന്ന അധികാരപദവി അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു. അതിന്റെ ബലത്തിലാണ്‌ അദ്ദേഹം മരണപ്പെടുന്നത്‌ വരെ മുന്‍ തിരുവിതാംകൂര്‍ രാജാവ്‌ എന്ന പദവി നിലനിര്‍ത്തിയതും തിരുവിതാംകൂറിന്റെ പതാക സ്വന്തം കാറില്‍ ഉപയോഗിച്ചതും. അദ്ദേഹത്തിന്റെ കുടുംബത്തില്‍ തുടര്‍ന്ന്‌ ആര്‍ക്കും ഇത്തരം അവകാശം തുടര്‍ന്ന്‌ ഉണ്ടാകില്ലെന്ന്‌ അന്നേ കരാറില്‍ വ്യവസ്ഥ ചെയ്‌തിരുന്നു. 1971 ജൂലൈ 31ലെ ഇരുപത്തിയാറാം ഭരണഘടന ഭേദഗതിപ്രകാരം ഇന്ത്യയിലെ എല്ലാപഴയ നാട്ടുരാജ്യാക്കന്‍മാരുടെയും അതുവരെ അനുവദിച്ചിരുന്ന എല്ലാ പദവികളും എടുത്തുകളഞ്ഞു. ഇതിനെതിരെ തിരുവിതാംകൂര്‍ ഉള്‍പ്പടെയുള്ള പഴയ രാജകുടുംബങ്ങളൊക്കെ കോടതിയെ സമീപിച്ചെങ്കിലും കേടതിയില്‍ കേസ്‌ തള്ളിപ്പോകുകയായിരുന്നു. എങ്കിലും 71ലെ ഭേദഗതിയോടെ നിയമസാധുത ഇല്ലാതായ മുന്‍രാജാവ്‌ എന്ന സ്ഥാനം 1949ലെ തിരുകൊച്ചി കരാറിന്റെ പേരും പറഞ്ഞ്‌ കൊണ്ടുനടക്കുകയായിരുന്നു ചിത്തിരതിരുനാള്‍. 1991 ജൂലൈ 19ന്‌ ചിത്തിരതിരനാള്‍ മരിച്ചതോടെ സ്വയം അവകാശപ്പെട്ടിരുന്ന പേരിലെങ്കിലും ഉണ്ടായിരുന്ന മൂന്‍രാജാവ്‌ എന്ന അധികാരപദവികൂടി അവസാനിച്ചു. അതിന്‌ മുകളിലേക്കാണ്‌ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ കൂടി രാജാവാക്കി കെട്ടിയിറക്കുന്നത്‌.



തലക്കരവും മുലക്കരവും ഈടാക്കി കുന്നുകൂട്ടിയ സമ്പത്തിന്റെ മുകളില്‍ സാമ്രാജ്യം സ്ഥാപിച്ചവരെയാണ്‌ ആ പണം അമ്മവീടുകള്‍ കെട്ടിപ്പൊക്കിയും മുറജപം നടത്തിയും ധൂര്‍ത്തടിച്ചവരെയാണ്‌ പുരോഗമനകാരികളായും സ്വാത്വികരായും ഋൃഷി തുല്യരാക്കിയുമൊക്കെ ചരിത്രവ്യാഖ്യനങ്ങളിറക്കുന്നത്‌. രാജവംശത്തിലെ പിന്‍തലമുറയാകട്ടെ വോട്ടവകാശം ഒരിക്കല്‍പോലും രേഖപ്പെടുത്താതെ ജനാധിപത്യത്തോടുള്ള അവജ്ഞന വ്യക്തമാക്കുകയും ചെയ്യുന്നു. 

അന്തരിച്ച ഉത്രാടംനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്‌ക്ക്‌ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം മരിച്ച ഒരു വ്യക്തിയോടുള്ള എല്ലാബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ കാലം ചെയ്‌ത മുന്‍ ഭരണാധികാരികളുടെ പരമ്പരയില്‍ ജനിച്ചു എന്നതിന്റെ പേരില്‍ ഒരു വ്യക്തിയെ രാജാവെന്നൊക്കെ വിശേഷിപ്പിക്കുന്നത്‌ തികഞ്ഞ അശ്ലീലം തന്നെയാണ്‌. ആ കാപട്യത്തില്‍ പങ്കുചേരാത്ത,വ്യജചരിത്രനിര്‍മിതികള്‍ക്കും കപടസ്‌തുതികള്‍ക്കും കൂട്ടുനില്‍ക്കാത്ത ചരിത്രം മറക്കാത്ത നാടോടുമ്പോള്‍ നടുവെ ഓടാത്ത ചിലരെങ്കിലും ഇവിടെ ശേഷിക്കുന്നുണ്ടെന്ന്‌ തെളിയിച്ച വി. എസ്‌. അച്ഛ്യുതാനന്ദനും വി.ടി. ബലറാമിനും പോലുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക്‌ നന്ദി...

9 comments:

 1. തിരുവിതാംകൂർ രാജ കുടുംബത്തിലെ അംഗം എന്ന നിലക്ക് അദ്ദേഹം; മരണപ്പെട്ടത് ഒരു പൗര പ്രമുഖൻ എന്ന രീതിയിലും മരണം ആദരാഞ്ജലികൾ അർഹിക്കുന്നു. അദ്ദേഹത്തിന്റെ ദേഹ വിയോഗത്തിൽ സന്താപം രേഖപ്പെടുത്തുകയും കുടുമ്ബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുകയും ആവാം.. അതെല്ലാം നാട്ടു നടപ്പും നമ്മുടെ സംസ്കാരത്തിന്റെ ഭാഗവും ആണു. ഇവിടെ മരണപ്പെട്ട ഈ രാജ കുടുംബാംഗമോ അദ്ദേഹത്തിന്റെ കുടുംബമോ ആണോ അവധി നൽകിയിരിക്കുന്നത്? അവധി നൽകാൻ അധികാരമുള്ള സർക്കാർ അത് വിധിക്കുമ്പോൾ തീർച്ചയായും സർക്കാർ തീരുമാനത്തെ ആണു വിമർശന വിധേയമാക്കേണ്ടത്. അത് ഏതൊരു പൗരനും ഭരണ ഘടന നൽകുന്ന അവകാശം തന്നെ. അവധി നൽകിയതിനെ ചോദ്യം ചെയ്യാനും ചോദ്യം ചെയ്തതിനെ വിമർശിക്കാനും അതേ ഭരണ ഘടന അവകാശം നൽകുന്നു.

  എന്നിരിക്കേ; മരണപ്പെട്ട വ്യക്തിയുടെ ചരിത്രം അന്വേഷിക്കുന്നതും അതേതു വിധേനയാണു രചിക്കപ്പെട്ടിരിക്കുന്നതും എന്നൊക്കെ ചികയേണ്ടതില്ല എന്നു തോന്നുന്നു. അതേ പോലെ വിമർശിക്കുന്നവരെ വ്യക്തി പരമായി തേജോവധം ചെയ്യുന്നത് ഏതു രാഷ്ട്രീയ കാരണം കൊണ്ടാണെങ്കിലും സാധൂകരിക്കുക വയ്യ !

  മരണപ്പെട്ടവർക്ക് ആദരം നൽകുക; ആ വ്യക്തിയെകുറിച്ചുള്ള പരാമർശങ്ങൾക്ക് മറുപടി നൽകാൻ ഇനി ആ വ്യക്തി ഇല്ലാത്തതിനാൽ; ഏറ്റു പാടുന്നവരുടെ രാഷ്ട്രീയ ലക്ഷ്യം രാജാവോ രാജ കുടുംബമോ ഒന്നും അല്ലാതിരിക്കേ മുഖവിലക്കെടുക്കേണ്ടതില്ല എന്നാണു തോന്നുന്നത്..

  ReplyDelete
 2. മരിച്ചവര്‍ എല്ലാം നല്ലവരാണ്

  ReplyDelete
 3. To V T Balram : താങ്കൾക്കുള്ളത് അടുത്ത ഇലക്ഷനിൽ ലഭിക്കും ... അത്രയേ പറയുന്നുള്ളൂ

  ReplyDelete
 4. താങ്കളുടെ മറ്റു ലേഖനങ്ങളും കുറച്ചൊക്കെ വായിച്ചു നോക്കി .ഇഷ്ടപ്പെട്ടു പ്രകൃതി സ്നേഹം ദേശ സ്നേഹം ഇതൊക്കെ നിറഞ്ഞു നില്ക്കുന്നു . അതുമായി ഒട്ടും യോജിക്കാത്ത തായിപ്പോയി ഈ ലേഖനം .താങ്കളുടെ അതെ വികാരങ്ങൾ ഉള്ള ഒരു ജനത കേരളം വരുന്നതിനു മുൻപ് തിരുവിതാംകൂറിൽ ഉണ്ടായിരുന്നു എന്ന കാര്യം എന്തുകൊണ്ട് മറന്നു എന്ന് മനസിലായില്ല .ചില വിശ്വാസങ്ങളും വികാരങ്ങളും ഒന്നോ രണ്ടോ തലമുറകൊണ്ടും
  മാറുകയുമില്ല ആര്ക്കും മാറ്റിയെടുക്കേണ്ട കാര്യവുമില്ല .60-70 വര്ഷങ്ങള്ക്ക് മുമ്പുണ്ടായിരുന്ന രാജ്യസ്നേഹവും ത്യാഗമനസ്ഥിതിയും ഒക്കെ എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു
  ഇന്ന് വീണ്ടും പഴയ നാട്ടു രാജ്യ മനസ്ഥിതി യിലേക്ക് തിരിച്ചു പോയ്കൊണ്ടിരിക്കുക യാണ്
  പണ്ടത്തെ 14 സ്റെടുകൾ ഇന്ന് എത്രയായി അതൊക്കെ ഇതിന്റെ ലക്ഷണങ്ങൾ ആണ് .അതിനാൽ കേരളം കേരളമായി നില നിർത്താൻ ഈ മാതിരി വിമർശനങ്ങൾ ഒഴിവാക്കേണ്ടതല്ലേ ?

  ReplyDelete
 5. രാജാവ്‌ മരിച്ചതിനു അവധി കൊടുക്കേണ്ട കാര്യമില്ല എന്നത് ശരിയായിരിക്കാം. പക്ഷെ , തങ്ങളുടെ മുൻഗാമികളുടെ ചെയ്തികളുടെ പേരിൽ അടച്ചാക്ഷേപിക്കേണ്ട ഒരു വ്യക്തിയൊന്നുമല്ല മരിച്ചത്. ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ ചെയ്ത കാര്യങ്ങൾ എന്തായിരുന്നു എന്ന് ഒരു തവണ എവിടെയെങ്കിലും പോയി വായിച്ചു നോക്കിയിട്ട് വേണം തിരുവിതാംകൂർ രാജകുടുംബത്തെ വിമർശിക്കാൻ. വനിതാ കോളേജ് മുതൽ ശ്രീ ചിത്ര ഹാർട്ട്‌ ഇൻസ്റ്റിറ്റ്യൂട്ട് വരെയുണ്ട് അതിൽ. മാത്രമല്ല, ദക്ഷിണേന്ത്യയിലെ മറ്റു രാജ വംശക്കാരെ പോലെയല്ലാതെ ലളിതമായ ജീവിത രീതി പിന്തുടർന്നവരായിരുന്നു ചിത്തിര തിരുനാളും ഇപ്പോൾ മരിച്ച മാർത്താണ്ട വർമയും. എന്നെ രാജ ഭക്തൻ എന്ന് വേണമെങ്കിൽ വിളിച്ചോ. സാരമില്ല. പക്ഷെ വിവരദോഷം എഴുന്നള്ളിക്കരുത്.

  ReplyDelete
 6. This comment has been removed by a blog administrator.

  ReplyDelete
 7. ഞങ്ങളും കുടുംബവും വിചാരിക്കുന്ന പോലെ കാലവും ചരിത്രവും പോയിരുന്നു എങ്കിൽ, ഞാൻ ഇന്നും രാജാവായേനെ എന്ന ഒരു പ്രസ്ഥാവനയില്ലാതെ ഉത്രാടം എന്ന പേരിൽ അറിയപെടുന്ന ഈ വ്യക്തിക്ക് ഒരു ജനാധിപത്യത്തിന്‍റെ സമവാക്യങ്ങളിലൂടെ നോക്കുബോൾ വര്‍ത്തമാന സമൂഹത്തിൽ എന്തു പ്രസക്തിയാണ് ഉള്ളത് ...

  അഥവാ ഇന്നി രാജ്യഭരണമാണ് നിലനില്ക്കുന്നത് എന്ന് ഭാവനയിൽ കണ്ടാൽപോലും , ഉത്രാടം തിരുന്നാളിനെ കൊലചെയ്യ്തു മറ്റൊരു രാജ്യവംശം അധികാരത്തിൽ വരാനുള്ള സാധ്യതപോലും തള്ളികളയാനാവില്ല . അപ്പോൾ ആരാവും രാജാവ് .........?

  ജനാധിപത്യം പോലും പ്രഹസനമായി , ബഹുഭൂരിപഷത്തിന്റെ അടിസ്ഥാനപമായ എല്ലാ അവകാശങ്ങളും ഇന്നും നിഷേധിക്കുന്ന ഇന്ത്യപോലുള്ള ഒരു രാജ്യത്ത് , രാജാവായി പോകുമായിരുന്ന (ഒരു ഉറപ്പുമില്ല)ഒരു വ്യക്തിയുടെ മരണത്തെ ആഘോഷിക്കുന്നത് രാജ്യഭക്തിയുടെ hangover വിട്ടു മാറത്ത ഭരണാധികാരികൾക്കും രാജാവിന്റെ കേമത്തരങ്ങളിൽ പൊങ്ങച്ചം പറയുന്ന പ്രജകൾക്കും രോമാഞ്ചത്തിനു കാരണമായേക്കാം . അതുപോലെ രാജ്യഭരണം അവസാനിച്ചിട്ടും പഴയ രാജചിഹ്നങ്ങളും ആചാരങ്ങളും കൊല്ലത്തിൽ ഒരുക്കിൽ പൊടിതട്ടിനോക്കുന്നത് രാജ്യകുടുംബത്തിനും ആത്മ നിര്‍വൃതിയുടെ നിമിഷങ്ങളായേക്കാം ...

  എന്നാൽ രാജവാഴ്ച്ചയുടെ എല്ലാ നീതിനിഷേധങ്ങളും അനുഭവിച്ച ദരിദ്രരിൽ ദരിദ്രരായ വലിയ ഒരു വിഭാഗത്തിനു രാജാവെന്ന പേരുപോലും ഭയപെടുത്തുന്നതാണ് .

  തിരുവായ്ക്ക് എതിർവായ്‌ പറയാമോ എന്നറിയില്ല രാജ്യഭക്തർ ക്ഷമിച്ചാലും ....!!

  ReplyDelete
 8. രാജഭക്തരും സംഘികളുമായ അനോണികള്‍ വന്ന്‌ നിരന്തരം അവരുടെ സംസ്‌ക്കാരം പ്രകടിപ്പിക്കുന്നതിനാല്‍ കമന്റ്‌സ്‌ ഊരും പേരും ഉള്ളവര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, ക്ഷമിക്കുമല്ലോ...


  ReplyDelete