Thursday, March 6, 2014

സെങ്കടലല്‍ തീരങ്ങള്‍.... 
(രാമേശ്വരത്തെ കടല്‍കാക്കകള്‍ - ഭാഗം  രണ്ട്‌)

നൂറ്റാണ്ടുകല്‍ പഴക്കമുള്ള ശ്രീലങ്കയിലേക്കുള്ള തമിഴ്‌ കുടിയേറ്റത്തിന്റെ പ്രധാനകേന്ദ്രം ധനുഷ്‌കോടിയായിരുന്നു. ഇന്ത്യന്‍ വന്‍കര അവസാനിക്കുന്ന മണ്ഡപത്തുനിന്നും രാമേശ്വരം - ധനുഷ്‌കോടി ദ്വീപിലെത്തിപ്പെടാന്‍ ആദ്യകാലങ്ങളില്‍ കടത്തുതോണികള്‍ മാത്രമായിരുന്നു ആശ്രയം. 1914ല്‍ ബ്രിട്ടീഷുകാര്‍ ദ്വീപിലേക്ക്‌ തീവണ്ടിപ്പാലവും ധനുഷ്‌കോടി മുനമ്പുവരെ എത്തിച്ചേരാവുന്ന മീറ്റര്‍ ഗേജ്‌ തീവണ്ടിപ്പാതയും പണിതു. പാമ്പന്‍ കടലിടുക്ക്‌ കടക്കാന്‍ കപ്പലുകള്‍ വരുന്നതിനനുസരിച്ച്‌ ഉയര്‍ത്താവുന്ന രീതിയില്‍ ബ്രിട്ടീഷ്‌ എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ പണിത റെയില്‍പ്പാലം അക്കാലത്തെ ഒരു എഞ്ചിനീയറിംങ്ങ്‌ വിസ്‌മയമായിരുന്നു(2345 മീറ്റര്‍ നീളം) രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പ്പാലവും ഇതുതന്നെയായിരുന്നു. തീവണ്ടിയെത്തുന്നതിനും മുന്‍പേ തന്നെ ധനുഷ്‌കോടിയില്‍ നിന്ന്‌ ശ്രീലങ്കയിലേക്ക്‌ ജലഗതാഗതം നിലവിലുണ്ടായിരുന്നു. ധനുഷ്‌കോടി നിന്ന്‌ ലോകത്തെ തന്നെ ഏറ്റവും ചെറിയ കടലിടുക്കുകളിലൊന്നായ 'മാന്നാര്‍ ' കടലിടുക്ക്‌ (9 മൈല്‍(31 കിലോമീറ്റര്‍)) കടന്നാല്‍ ശ്രീലങ്കയിലെത്താം. 1897 'ല്‍ ലോകമത സമ്മേളനം കഴിഞ്ഞ്‌ സ്വാമി വിവേകാനന്ദന്‍ ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയത്‌ ശ്രീലങ്ക വന്ന്‌ അവിടെ നിന്ന്‌ ഈ തീരം വഴിയായിരുന്നു. റോഡ്‌ ഗതാഗതത്തിനുള്ള പാമ്പന്‍ പാലം ഇന്ത്യക്ക്‌ സ്വാതന്ത്രം കിട്ടി ഏറെ കാലത്തിന്‌ ശേഷമാണ്‌ നിലവില്‍ വരുന്നത്‌. അതുവരെ ജങ്കാറുകളിലായിരുന്നു രാമേശ്വരം ധനുഷ്‌കോടി ദ്വീപിലേക്ക്‌ വാഹനങ്ങളെത്തിയിരുന്നത്‌. ഹൈന്ദവ വിശ്വാസപ്രകാരം കാശി തീര്‍ത്ഥാടനം പൂര്‍ണ്ണമാകണമെങ്കില്‍ രാമേശ്വരം ക്ഷേത്രദര്‍ശനം നടത്തുകയും ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും (മഹോതതിയും രത്‌നാകരവും) തമ്മില്‍ ചേരുന്ന ധനുഷ്‌കോടി മുനമ്പില്‍ വന്ന്‌ സേതുസ്‌നാനം നടത്തുകയും വേണമായിരുന്നു. അതുകൊണ്ടുതന്നെ തീര്‍ത്ഥാടകരുടെ മോശമല്ലാത്ത തിരക്കനുഭവപ്പെട്ടിരുന്നു ഇവിടെ. പഴയ കാലം മുതല്‍ സിലോണുമായുള്ള വ്യാപാരം നിയന്ത്രിക്കുന്ന ഒരു തുറമുഖം കൂടിയായിരുന്നു ഇവിടം. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ചെന്നെയില്‍ നിന്നും കോയമ്പത്തുര്‌ നിന്നുമൊക്കെ നേരിട്ട്‌‌ ടിക്കറ്റെടുക്കാമായിരുന്നു കൊളമ്പോ എന്ന പഴയ കൊളംമ്പിലേക്ക്‌. ധനുഷ്‌കോടി വരെ ട്രെയിനില്‍ പിന്നിടങ്ങോട്ട്‌ ചെറുകപ്പലില്‍ തലൈമന്നാറിലേക്ക്‌ അവിടെ നിന്ന്‌ വീണ്ടും ട്രെയിനില്‍ ജാഫ്‌നയിലേക്ക്‌, ബോട്ട്‌ മെയില്‍ എന്നും പറയും ഈ സംവിധാനത്തിന്‌. അന്നത്തെ ഗള്‍ഫായ കൊളമ്പിലേക്ക്‌ ഭാഗ്യം തേടിപോകുന്നവര്‍ ആശ്രയിച്ചത്‌ ഈ ബോട്ട്‌മെയിലിനെയായിരുന്നു. ഇന്ത്യയും സിലോണും ബ്രിട്ടനു കീഴിലെ കോളനികളായതുകൊണ്ടുതന്നെ യാത്രാരേഖകളൊന്നും
വേണ്ടി വന്നിരുന്നില്ല അന്നെന്നും.  

ധനുഷ്‌കോടി തുറമുഖം
 
സീതയെ വീണ്ടെടുക്കാനായി പോകുന്ന വാനരസേനക്ക്‌ കടല്‍ കടക്കാനായി പാലം പണിയാന്‍ ശ്രീരാമന്‍ തന്റെ ധനുസിന്റെ കോണുപയോഗിച്ച്‌ സ്ഥലം വരച്ചുകാണിച്ചെന്നും അവിടം ധനുഷ്‌കോടിയായി എന്നുമാണ്‌ പുരാണകഥകള്‍. സി.വി.ശ്രീരാമന്‌ ആ പേര്‌ ലഭിക്കുന്നത്‌ ധനുഷ്‌കോടി വെച്ചാണ്‌. കൊങ്ങുണൂര്‍ ചെറുതുരുത്തി വേലപ്പേട്ടന്‍ എന്ന സി.വി.യുടെ അച്ഛന്‌ കൊളംബിലായിരുന്നു ജോലി. ശ്രീലങ്കന്‍ റെയില്‍വേയില്‍. ആദ്യത്തെ മൂന്നും പെണ്‍കുട്ടികളായതോടെ ഒരു ആണ്‍കുട്ടി വേണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു സി.വിയുടെ അമ്മയ്‌ക്ക്‌. ശ്രീലങ്കയിലേക്കുള്ള യാത്രക്കിടയില്‍ ധനുഷ്‌കോടി വെച്ച്‌ കണ്ട ഒരു പൂപണ്ടാരമാണ്‌ അടുത്ത കുട്ടി ആണായിരിക്കുമെന്നും പേരിടീക്കാനായി ഇവിടെ തന്നെ കൊണ്ടുവരണമെന്നും ആ അമ്മയോട്‌ പറയുന്നത്‌. പറഞ്ഞതുപോലെ തന്നെ അടുത്ത സന്താനം ആണ്‍കുട്ടിയായാരുന്നു. പറഞ്ഞപ്രകാരം കുട്ടിയേയും കൊണ്ട്‌ ആ അമ്മ പൂപണ്ടാരത്തെ തേടിയെത്തി. കുഞ്ഞിനെ എടുത്തനുഗ്രഹിച്ച്‌ പൂപണ്ടാരം പേര്‌ ചെവിയില്‍ മന്ത്രിച്ചു 'ശ്രീരാമന്‍'. പൂപ്പണ്ടാരം പേരിട്ടിട്ടും മകന്‍ കമ്മ്യൂണിസ്റ്റുകാരനും നിരീശ്വരവാദിയും ആയിപ്പോയല്ലോ എന്ന്‌ അമ്മ പറയാറുണ്ടായിരുന്നെന്ന്‌ സി. വി. എന്ന ബാലേട്ടന്‍ ഓര്‍ക്കാറുണ്ടായിരുന്നു. സി.വി.യെപ്പോലെ തന്നെ അക്ഷരവും എഴുത്തുമായി ബന്ധമുള്ളവരായിരുന്നു ഇവിടെ നിന്ന്‌ ഈ തീരം വഴി കൊളമ്പിലേക്ക്‌ കടന്ന തട്ടകത്തുകാരായ മറ്റുചിലരും. മത്രംകോട്ട്‌ അശോകേട്ടന്റെ അച്ഛനായ ഇണ്ണീരിയാണ്‌ അശോക ബുക്ക്‌ ഡിപ്പോ എന്ന പേരില്‍ ശ്രീലങ്കയിലെ മലയാളികള്‍ക്കിടയില്‍ പുസ്‌തകശാല നടത്തിയിരുന്നത്‌. കാണംകോട്ട്‌ തെയ്യുണ്ണി എന്ന മറ്റൊരു നോങ്ങല്ലൂര്‍ക്കാരന്‍ വന്‍കര(ഇന്ത്യ)യില്‍ നിന്ന്‌ പുസ്‌തകങ്ങള്‍ വരുത്തുകയും ശ്രീലങ്കയിലെ മലയാളികള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്‌തിരുന്നു. അതോടൊപ്പം സ്വന്തമായി സാഹിത്യരചന നടത്തിയിരുന്നവരായിരുന്നു ഇണ്ണീരിയും തെയ്യുണ്ണിയുമൊക്കെ. മാണിക്ക്യത്ത്‌ മാധവന്‍, കാണംകോട്ട്‌ കൃഷ്‌ണന്‍, ശങ്കരന്‍, എന്നിങ്ങനെ നോങ്ങല്ലൂര്‍ക്കാരായ ഒട്ടേറെ പേര്‍ തങ്ങളുടെ കൊളംബ്‌ സ്വപ്‌നങ്ങള്‍ക്ക്‌ നിറംപിടിപ്പിക്കാനായി കപ്പല്‍ കയറിയത്‌ ഇവിടെ നിന്നാണ്‌. അവരില്‍ തെയ്യുണ്ണിയെപ്പോലെ ചിലരൊക്കെ സിംഹള പെണ്‍കുട്ടികളെ വിവാഹം ചെയ്‌ത്‌ അവിടെ തന്നെ സ്ഥിര താമസമാക്കി.

സി.വി.ശ്രീരാമന്‍

സിലോണുമായുള്ള വ്യാപാരബന്ധങ്ങളും മീന്‍പിടുത്തവും തീര്‍ത്ഥാടനവും ഒക്കെ ചേര്‍ന്ന്‌ രാമേശ്വരത്തേക്കാളും സജീവമായിരുന്നു ഒരിക്കല്‍ ധനുഷ്‌കോടി. പ്രകൃതിക്ഷോഭങ്ങള്‍ ഇവിടെ ഒട്ടും അപൂര്‍വ്വമല്ലായിരുന്നു. ദ്വീപിനെ ആകെ ഇളക്കിമറിച്ച ഒന്നായിരുന്നു 1948ലെ ഭൂചലനം. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം അന്നത്തെ ഭൂചലനത്തില്‍ ധനുഷ്‌കോടി അഞ്ച്‌ മീറ്ററോളം താഴേക്കിരുന്നിട്ടുണ്ടായിരുന്നു. പാമ്പന്‍ റെയില്‍പാളത്തിനും ഇതില്‍ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ഒരു ശ്‌മശാന ഭൂമിയായി ധനുഷ്‌കോടി മാറുന്നത്‌ 1964 ഡിസംബര്‍ 22-ാം തിയ്യതി അര്‍ദ്ധരാത്രിക്കുശേഷമാണ്‌. അന്ന്‌ ആന്‍ഡമാന്‍ തീരത്ത്‌ നിന്ന്‌ രൂപമെടുത്ത ചുഴലിക്കാറ്റ്‌ ഈ ഉപദ്വീപിനെ തൊടുമ്പോള്‍ 653 -ാം നമ്പര്‍ ഇന്‍ഡോ സിലോണ്‍ എകസ്‌ പ്രസ്സ്‌ എന്ന ബോട്ടുമെയില്‍ 11.55 ന്‌ ധനഷ്‌കോടി റെയില്‍വേസ്‌റ്റേനോടടുക്കുകയായിരുന്നു. കനത്തമഴക്കൊപ്പം കടന്നുവന്ന കാറ്റിന്റെ രൂപം പെട്ടെന്നാണ്‌ മാറിയത്‌. 30 അടിയോളം ഉയരത്തിലാണ്‌ തിരമാലകള്‍ ദ്വീപിലേക്ക്‌ അടിച്ച്‌ കയറിയത്‌. ട്രെയിനെയും യാത്രികരായ 115 പേരെയും കൂടാതെ 1800 ഓളം പേരെ കടലെടുത്തു. ഉയര്‍ന്ന ചിലയിടങ്ങളൊഴിച്ച്‌ ധനുഷ്‌കോടി ഒന്നാകെ തിരകയറിയിറങ്ങി അന്ന്‌. 1800 എന്നത്‌ ഔദ്യോഗിക കണക്ക്‌. ഊരും പേരുമില്ലാത്ത ഭിക്ഷുക്കളും ഭിക്ഷാദേഹികളും അടക്കം മരിച്ചത്‌ എത്ര പേരെന്ന്‌ ഇപ്പോഴും കൃത്യമായ കണക്കുകളില്ല. ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടിയവര്‍ പിറ്റേന്ന്‌ ഉച്ചക്ക്‌ 12 മണിയോടെ മഴ ശമിച്ചപ്പോള്‍ നടന്നും നീന്തിയും രാമേശ്വരത്തെത്തി. എ.പി.ജെ അബ്ദുള്‍ കലാമിന്റെ കുടുംബമടക്കം രാമേശ്വരത്ത്‌ ഒരു പാടു പേര്‍ അന്ന്‌ അഭയം തേടിയത്‌ രാമേശ്വരം ക്ഷേത്രത്തിലാണ്‌. ദുരന്തത്തെത്തുടര്‍ന്ന്‌ മദിരാശി സര്‍ക്കാര്‍ വാസയോഗ്യമല്ലാത്ത നഗരമായി ധനുഷ്‌കോടിയെ പ്രഖ്യാപിച്ചു. ഇങ്ങോട്ടുണ്ടായിരുന്ന ട്രെയിന്‍ ഗതാഗതവും ഇതോടെ നിലച്ചു.

ധനുഷ്‌കോടി ചുഴലിക്കാറ്റിനുശേഷം
ദുരന്തം നടന്ന്‌ അരനൂറ്റാണ്ടിനടുത്തെത്തുമ്പോഴും ധനുഷ്‌കോടി പക്ഷെ പഴയ നിലയിലേക്ക്‌ മടങ്ങിവന്നിട്ടില്ല. ദുരന്തം നടക്കുമ്പോഴും ഇവിടത്തെ സ്ഥിര താമസക്കാരില്‍ ഭൂരിപക്ഷവും മുക്കുവരായിരുന്നു. വാസയോഗ്യമല്ലാത്ത നഗരം എന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കുമ്പോഴും ജീവിതത്തിന്റെ രണ്ട്‌ വന്‍കരകള്‍ കൂട്ടിമുട്ടിക്കാന്‍ മറ്റു വഴികളില്ലാത്ത മുക്കുവരുടെ കുടുംബങ്ങള്‍ ഇന്നും ഇവിടെ താമസക്കാരായുണ്ട്‌. എന്തിനും ഏതിനും ഇവര്‍ക്ക്‌ 18 കിലോമീറ്റര്‍ അപ്പുറമുള്ള രാമേശ്വരം തന്നെയാണ്‌ ആശ്രയം. 64ലെ ചുഴലിക്കാറ്റിനെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും 2000ത്തിലെ സുനാമിയും ഈ തീരം കയറിയിറങ്ങിപ്പോയി. 64ലെ ദുരന്തത്തിന്‌ പുറകെ ദൈന്യതകളും കണ്ണീരും ഏറെ കണ്ടതാണ്‌ ഈ തീരം. ശ്രീലങ്കയിലെ രക്‌്‌ത രൂക്ഷിതമായ വംശീയ കലാപത്തിന്റെയും തുടര്‍ന്നുള്ള നിലയ്‌ക്കാത്ത അഭയാര്‍ത്ഥി പ്രവാഹത്തിന്റെ ഭീകരതയും കെടുതികളും ഏറ്റുവാങ്ങിയതും ഈ തീരം തന്നെയായിരുന്നു. ശ്രീലങ്കന്‍ സൈന്യത്തിന്റെ തോക്കിന്‍ കുഴയില്‍ നിന്ന്‌ രക്ഷപ്പെട്ടെത്തിയവരുടെ കണ്ണുനീരിന്റെ കഥകള്‍ ഏറെ പറയാനുണ്ട്‌ ഈ തീരത്തിന്‌. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്‌ ഇവിടത്തെ മുക്കുവര്‍ക്കും കൊടുക്കേണ്ടി വന്നു വലിയ വില. മണ്ണണ്ണയുടെയും മറ്റും കള്ളകടത്തിലും ആള്‍കടത്തിലും ഏര്‍പ്പെട്ട സംഘങ്ങളുടെ കയ്യിലകപ്പെട്ടു ഇവിടത്തെ ചില മുക്കുവരും. ചിലര്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ വെടിയേറ്റുവീണു. മറ്റു ചിലര്‍ വര്‍ഷങ്ങളോളം ജയിലറകളില്‍ കിടന്നു. ഇതിലൊന്നും ഇടപെടാതിരുന്ന മുക്കുവര്‍ കൂടി പലപ്പോഴും ശ്രീലങ്കന്‍ സൈന്യത്തിന്റെ തോക്കിനിരയായി.

ഷോഭാശക്തിയുടെ തിരക്കഥയില്‍ ലീന മണിമേഖല സംവിധാനം ചെയ്‌ത ഒരു ചിത്രമുണ്ട്‌ 'സെങ്കടല്‍'. ധനുഷ്‌കോടിയിലെയും രാമേശ്വരത്തെയുമൊക്കെ മീന്‍പിടുത്തക്കാരുടെ അതിജീവനത്തിനു വേണ്ടിയുള്ള നിരന്തരജീവിതസമരത്തിന്റെയും ശ്രീലങ്കയില്‍ നിന്നും ധനുഷ്‌‌കോടിയിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹത്തിന്റെയുമൊക്കെ ചിത്രം വരച്ചുകാട്ടുന്നു ഈ തമിഴ്‌ ജനകീയ രാഷ്ടീയ സിനിമ. അതിര്‍ത്തിലംഘനവും-കള്ളക്കടത്തും ആരോപിച്ച്‌ മുക്കുവരെ ശ്രീലങ്കന്‍ സൈന്യം വെടിവെച്ചുകൊല്ലുന്നതും അതിനെതിരെ കാര്യമായൊരിടപെടലും നടത്താതെ കാഴ്‌ച്ചക്കാരായി മാത്രം മാറുന്ന ഇന്ത്യന്‍ നേവിയുടെ സമീപനവും വ്യവസ്ഥാപിത രാഷ്ടീയ കക്ഷികളുടെ മൗനവും വെളിവാക്കുന്നുണ്ട്‌ ഈ ചിത്രം. കമ്മ്യൂണിസ്റ്റ്‌ കുടുംബത്തില്‍ ജനിച്ച്‌ സി.പി.ഐ യിലും പോഷകസംഘടനകളിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ലീന പാര്‍ട്ടി വിട്ടത്‌ തമിഴ്‌നാട്‌ സി. പി. ഐ ഘടകത്തിന്റെ ശ്രീലങ്കയിലെ വംശീയ പ്രശ്‌നത്തോടുള്ള നിലപാടിലും വംശീയപ്രശ്‌നങ്ങളോട്‌ പിന്തിരിപ്പന്‍ നിലപാട്‌ സ്വീകരിച്ച ശ്രീലങ്കന്‍ കമ്മ്യൂണിസ്‌ററ്‌ പാര്‍ട്ടിയുമായുള്ള പാര്‍ട്ടിയുടെ ബന്ധത്തിലും പ്രതിഷേധിച്ചായിരുന്നു. ഒട്ടനവധി യാതനകളും പീഡനങ്ങളും സഹിച്ചാണ്‌ അവര്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയത്‌.

സെങ്കടല്‍ എന്നാല്‍ ചുവന്ന കടല്‍ എന്നുതന്നെയാണ്‌ അര്‍ത്ഥം. പക്ഷെ ഇവിടെ സെങ്കടല്‍ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌ മരണത്തിന്റെ കടല്‍ അല്ലെങ്കില്‍ ശവങ്ങളുടെ കടല്‍ എന്ന അര്‍ത്ഥത്തില്‍ കൂടിയാണ്‌. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടക്ക്‌ ഏകദേശം 1000 ത്തോളം പേരാണ്‌ ശ്രീലങ്കന്‍ സൈന്യത്തിന്റെ വെടിയേറ്റ്‌ കൊല്ലപ്പെട്ടത്‌. ഒരു ശ്രീലങ്കന്‍ തമിഴന്റെ, മുക്കുവന്റെ ജീവിതത്തിന്റെ വില എന്തെന്ന്‌ ഈ ചിത്രം നമുക്ക്‌ കാണിച്ചുതരുന്നു. എൈതിഹ്യങ്ങളുടെയും കഥകളുടെയും കാലം മുതല്‍ക്ക്‌ ഇവിടത്തെ തീരം യുദ്ധത്തിന്റെയും പാലായനത്തിന്റെയും മരണത്തിന്റെയുമൊക്കെയാണ്‌. ലങ്കയില്‍ നടത്തിയ കൂട്ടക്കൊലയുടെയും ബ്രഹമഹത്യയുടെയും പാപം തീര്‍ക്കാനാണ്‌ രാമന്‍ രാമേശ്വരം ക്ഷേത്രം തന്നെ പണിതത്‌ എന്ന്‌ എൈതിഹ്യം. 1948ലെ ഭൂചലനം, 1964ലെ ചുഴലിക്കാറ്റ്‌, വംശീയയുദ്ധത്തെത്തുടര്‍ന്നുള്ള പാലായനങ്ങള്‍ എല്‍.ടി.ടി.എ'യും ശ്രീലങ്കന്‍ സൈന്യവും നടത്തിയ കൂട്ടക്കൊലകള്‍. മുക്കുവരുടെ കൊലപാതകങ്ങള്‍... ധനുഷ്‌കോടിയിലെ കടല്‍കാറ്റില്‍ എന്നും മരണത്തിന്റെ ചൂളംവിളികളുണ്ട്‌. 


(തുടരും)

 ഒന്നാം ഭാഗം - രാമേശ്വരത്തെ കടല്‍കാക്കകള്‍