Monday, May 25, 2020

എത്യോപ്യയോട് യാത്ര പറയുന്നു.

എത്യോപ്യന്‍ ഓര്‍മ്മകള്‍ അവസാനഭാഗം (18)
--------------------
ആഡിസിലെ ഗതാഗതക്കുരുക്കുകളില്‍ നിന്ന് കുതറി മാറി 12.30ഓടെ ഞങ്ങള്‍ ഡോ. അജിന്റെ ഫ്‌ളാറ്റിലെത്തി. പെട്ടെന്ന് തന്നെ ലഗേജുകളെടുത്ത് യാത്ര പറഞ്ഞിറങ്ങി. അജിന്‍ ഞങ്ങള്‍ക്കൊപ്പം എയര്‍പോര്‍ട്ടിലേക്ക് വന്നില്ല. നിരവധി ജോലികള്‍ അദ്ദേഹത്തെ കാത്തുകിടപ്പുണ്ടായിരുന്നു.
നഗരത്തിരക്കുകളില്‍ നിന്നുംമാറി ബോലെയില്‍ സമ്പന്നരായവര്‍ താമസിക്കുന്ന ഒരിടത്താണ് അജിന്റെ ഫ്‌ളാറ്റ്. രണ്ട് കിലോമീറ്ററോളം ദൂരമേയുള്ളൂ ഇവിടെ നിന്ന് എയര്‍പോര്‍ട്ടിലേക്ക്. പക്ഷെ ഏകദേശം മുക്കാല്‍ മണിക്കൂറോളം സമയമെടുത്തു ആ യാത്രക്ക്. തെരുവോരങ്ങളിലെ കച്ചവടം, യാതൊരു ട്രാഫിക്ക് മര്യാദകള്‍ക്കും വഴിപ്പെടാത്ത ഡ്രൈവര്‍മാര്‍, വാഹനങ്ങളെ ഒട്ടും കൂസാതെ നടന്നുനീങ്ങുന്ന കാല്‍നടയാത്രികര്‍, നഗരത്തിരക്കുകളില്‍ സ്വതന്ത്രമായി അലയുന്ന കന്നുകാലികളും നായ്ക്കളും. ആഡിസിന്റെ ചില വഴികളിങ്ങനെയാണ്.

എത്യോപ്യന്‍ ചക്രവര്‍ത്തിയായ മെനെലിക് രണ്ടാമനാണ് 1886 ല്‍ 'നിത്യ വസന്തത്തിന്റെ നഗരം ' എന്ന അഡിസ് അബാബ സ്ഥാപിച്ചത്. വര്‍ഷം മുഴുവനും മിതശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെ. ആഫ്രിക്കയുടെ രാഷ്ട്രീയ തലസ്ഥാനമെന്നറിയപ്പെടുന്ന ഈ നഗരത്തിലാണ് ആഫ്രിക്കന്‍ യൂണിയന്റെയും യു.എന്‍. ന്റെ ആഫ്രിക്കന്‍ സാമ്പത്തിക സമിതിയുടെയും ആസ്ഥാനം. 1896 ല്‍ ഇറ്റലിക്കെതിരായ യുദ്ധവിജയത്തിന്റെ ഓര്‍മ്മക്കായി മെനലിക് ചക്രവര്‍ത്തി സ്ഥാപിച്ച മെര്‍ക്കാറ്റോ മാര്‍ക്കറ്റ് എന്ന ആഫ്രിക്കയിലെ തന്നെ  ഏറ്റവും വലിയ ബസാറാണ് നഗരത്തിലെ ഏറ്റവും പ്രധാനകാഴ്ച്ചകളിലൊന്ന്. നഗര ചിഹ്നം സിംഹമാണ്.

മ്യൂസിയങ്ങളുടെ നഗരം കൂടിയാണ് എത്യോപ്യ. ലൂസി മുത്തശ്ശിയുടെ അസ്ഥികൂടം സൂക്ഷിച്ചിരിക്കുന്ന എത്യോപ്യന്‍ നാഷണല്‍ മ്യൂസിയം, എത്യോപ്യന്‍ എത്‌നോളജിക്കല്‍ മ്യൂസിയം, അഡിസ് അബാബ മ്യൂസിയം, എത്യോപ്യന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, എത്യോപ്യന്‍ റെയില്‍വേ മ്യൂസിയം, നാഷണല്‍ പോസ്റ്റല്‍ മ്യൂസിയം എന്നിവയൊക്കെ ഇവിടെയാണ്.
മെസ്‌കല്‍ സ്‌ക്വയര്‍, മെനെലിക് രാജാവിന്റെ ഇംപീരിയല്‍ കൊട്ടാരം (പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണിതിന്ന്) ബ്രിട്ടണിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ജൂബിലി കൊട്ടാരം. പാര്‍ലമെന്റ് മന്ദിരമായ ഷെന്‍ഗോ ഹാള്‍ എന്നിവയാണ് നഗരത്തിലെ മറ്റ് കാഴ്ച്ചകള്‍.

 പ്രധാനനഗര വീഥികള്‍ക്ക് ഇരുപുറവുമായി കൂറ്റന്‍ കെട്ടിടങ്ങളും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഷോപ്പിങ്ങ് മാളുകളും നക്ഷത്രഹോട്ടലുകളും ഗവര്‍മെന്റ് കെട്ടിടങ്ങളും ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും അതിന് പുറകില്‍ ചേരികളും അഴുക്കുചാലുകളും ചവറുകൂനകളും നിറഞ്ഞ മനുഷ്യര്‍ ഇടതിങ്ങി കഴിയുന്ന മറ്റൊരു ആഡിസ് ഒളിഞ്ഞിരിക്കുന്നുണ്ട്. 3 ദശലക്ഷത്തിലധികമാണ് ഈ മഹാനഗരത്തിലെ ഇപ്പോഴത്തെ ജനസംഖ്യ.

ലൈംഗികതൊഴിലിന്‌ കുപ്രസിദ്ധമായ നഗരം കൂടിയാണ് ആഡിസ്. ക്ഷാമങ്ങളും ആഭ്യന്തരസംഘര്‍ഷങ്ങളും വംശീയകലാപങ്ങളും സൃഷ്ടിച്ച അരക്ഷിതാവസ്ഥയും പട്ടിണിയും ഈ നഗരത്തില്‍ കൊണ്ടു ചെന്നെത്തിച്ച സ്ത്രീകളുടെ എണ്ണം വളരെ വലുതാണ്. അനാഥകുട്ടികളും യാചകരും തെരുവു വേശ്യകളും അടക്കം ആഡിസില്‍ തെരുവില്‍ കഴിയുന്നവരുടെ എണ്ണം അമ്പതിനായിരത്തോളമാണ്. ഇതിന് 90% ത്തോളം രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിച്ചേര്‍ന്നവരാണ്.

പുതുക്കിയ നിയമപ്രകാരം ഭിക്ഷാടനവും വേശ്യാവൃത്തിയും ആഡിസില്‍ നിയമവിരുദ്ധമാക്കിയിട്ടുണ്ടെങ്കിലും അതിന് തടയിടാനോ തിലേര്‍പ്പെട്ടവരെ പുനരധിവസിപ്പിക്കാനോ സര്‍ക്കാരിനായിട്ടില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടേയും പ്രതിദിനവരുമാനം 1 ഡോളറില്‍ താഴെയാണ്. അതു തന്നെയാണ് അവരെ ഭിക്ഷാടനത്തിലേക്കും വേശ്യാവൃത്തിയിലേക്കും മറ്റ് കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നതും.  പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഇവിടെ കുറ്റകരമല്ല. സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി ലൈംഗികത ഉപയോഗിക്കുന്നതിനെയാണ് 2005ലെ നിയമം തടയുന്നത്. ബാലലൈംഗിക ചൂഷണത്തിന്റെ ലോകത്തിലെ തന്നെ കുപ്രസിദ്ധ കേന്ദ്രങ്ങളിലൊന്ന് കൂടിയാണ് ആഡിസ് ഇന്ന്.

തെരുവുജീവിതങ്ങളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും വിദേശ ഏജന്‍സികളും ചേര്‍ന്ന് നടത്തുന്നുണ്ടെങ്കിലും പട്ടിണിയും തൊഴിലില്ലായ്മയും മൂലം രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി ഈ തെരുവില്‍ എത്തിപ്പെടുന്നവരുടെ ഏണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുപ്രസിദ്ധമായ ഒരു മനുഷ്യക്കടത്ത് കേന്ദ്രം കൂടിയാണ് ആഡിസ്. മിഡില്‍ ഈസ്റ്റിലേക്കും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും നിര്‍ബന്ധിതജോലിക്കും ലൈംഗികതൊഴിലിനും മറ്റുമായി മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടിഗ്രാമങ്ങളില്‍ നിന്നെത്തുന്നവരെ കടത്തിക്കൊണ്ടുപോകുന്നുണ്ട് ഇവിടെ നിന്നും.

എത്യോപ്യയിലെ ചുരുങ്ങിയ ദിവസങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്ന സംതൃപ്തിയോടെയാണ് മടക്കയാത്ര. അതിന് നന്ദി പറയേണ്ടത് ഡോ.അജിനും അദ്ദേഹത്തിന്റെ സന്തതസഹചാരിയായ അബ്ദുവിനോടുമാണ്. നഗരക്കുരുക്കുകളില്‍ നിന്നും വിടുതല്‍ നേടി ഒടുവില്‍ ബോലെ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിന്റെ കൗണ്ടറില്‍ അവസാന ആളുകളായി ഞങ്ങളെത്തി. ബോര്‍ഡിങ്ങ് പാസ് വാങ്ങി. മുകളിലെത്തിയപ്പോഴേക്കും വിമാനത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. എത്യോപ്യയില്‍ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സിന്റെ 360 സീറ്റുള്ള വിമാനത്തില്‍ ഫസ്റ്റ് ക്ലാസിലും ബിസിനസ്സ് ക്ലാസിലുമൊഴിച്ച് മുഴുവന്‍ സീറ്റിലും ആളുണ്ട്. വൈകീട്ട് കൃത്യം 4 ന് വിമാനം ഉയര്‍ന്നു പൊങ്ങി. താഴെ ആഡിസ് നഗരം പരന്നു കിടക്കുന്നു. വിമാനമിറങ്ങുമ്പോള്‍ കണ്ട വെട്ടിത്തിളങ്ങുന്ന ടിന്‍ഷീറ്റ് മേല്‍പ്പുരകള്‍ക്ക്‌ മുന്‍പ് കണ്ട പ്രഭയില്ല
സമയം വൈകിത്തുടങ്ങിയതുകൊണ്ടാകാം. ഈയൊരു ദൃശ്യം ഒരു പക്ഷെ അടുത്ത വരവിലുണ്ടായിക്കൊള്ളണമെന്നില്ല. ഈ നഗരം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കരുത്തുറ്റ ഒരു രാഷ്ട്രീയ നേതൃത്വമുണ്ട് എത്യോപ്യക്കിന്ന്. സ്വപ്നങ്ങളെ നെഞ്ചേറ്റിയ ഒരു തലമുറയും.

മനുഷ്യന്‍ പിറന്ന മാനവകുലത്തിന്റെ വികാസപരിണാമത്തിലെ പല ഏടുകള്‍ക്കും സാക്ഷിയായ ഈ മണ്ണിനെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് ഇപ്പോള്‍. എത്യോപ്യന്‍ മണ്ണില്‍ നിരവധിയായ കാഴ്ച്ചകള്‍ ഇപ്പോഴും ബാക്കികിടക്കുകയാണ്. ലാലിബെല്ല തന്നെയാണ് അതില്‍ പ്രധാനം. ഗോണ്ടേര്‍ കോട്ട, ബ്ലൂനൈലിന്റെ ഉത്ഭവ കേന്ദ്രം, ഉപ്പു തടാകം, അഗ്നിപര്‍വ്വത മുഖം. പുരാതനമായ മൊണാസ്ട്രികള്‍ അങ്ങിനെ ഒട്ടനവധി കാഴ്ച്ചകള്‍. ആഡിസ് അബാബ നഗരത്തിലെ നിരവധിയായ കാഴ്ച്ചകളും ബാക്കിയുണ്ട്. പക്ഷെ കണ്ടു തീര്‍ത്തതെല്ലാം തികച്ചും ഒന്നിനൊന്ന് വ്യത്യസ്തമായ കാഴ്ച്ചകളും അനുഭവങ്ങളായിരുന്നു. അടുത്തറിയുമ്പോഴാണ് നമ്മുടെ മുന്‍ധാരണകള്‍ പലതും തെറ്റായിരുന്നെന്ന് തിരിച്ചറിയികുക. മനസ്സുപൊള്ളിക്കുന്ന മുഖങ്ങളും കാഴ്ച്ചകളും ബാക്കിയുണ്ടെങ്കിലും ശേഷിക്കുന്നത് പ്രത്യാശ തന്നെയാണ്. ഗോത്രസംഘര്‍ഷങ്ങളെയും അഴിമതിയെയും രാഷ്ട്രീയ അസ്ഥിരതയെയും പുത്തന്‍ കോളനിവല്‍ക്കരണത്തേയും മറികടക്കാന്‍ തീര്‍ച്ചയായും എത്യോപ്യക്കാകും. പുതിയ യുഗത്തില്‍ ആഫ്രിക്കന്‍ വന്‍കരക്ക് വെളിച്ചം വീശുന്നത് എത്യോപ്യയായിരിക്കും.

വിമാനത്തിലെ യാത്രക്കാരില്‍ അധികവും എത്യോപ്യന്‍ സ്വദേശികള്‍ തന്നെയാണ്. മലയാളികളെപ്പോലെ എത്യോപ്യക്കാരില്‍ വലിയൊരു വിഭാഗവും പ്രവാസികളാണ്. രണ്ടാം ലോകമഹായുദ്ധകാലത്തും പിന്നീട് പലപ്പോഴായുണ്ടായ ക്ഷാമങ്ങളുടെ കാലത്തും റെഡ് ടെറര്‍ കാലത്തും ഏറിത്രിയയുമായുണ്ടായ യുദ്ധകാലത്തും വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്നുമൊക്കെ നാടുവിട്ടവര്‍. അവരില്‍ പലരും ഇന്ന് എത്യോപ്യയിലേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുന്നു. അവരുടെ മുന്‍കൈയ്യില്‍ പല വാണിജ്യ-വ്യവസായ പദ്ധതികളും നടപ്പിലായിക്കൊണ്ടിരിക്കുന്നു. ആഡിസിന്റെ മുഖച്ഛായ മാറ്റുന്നതും അവരാണ്.

എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന്റെ നേതൃത്വത്തില്‍ എറിത്രിയയുമായി ദീര്‍ഘകാലം തുടര്‍ന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തിയത് രാജ്യത്തിന്റെ കുതിപ്പിന് വലിയ രീതിയില്‍ സഹായകരമാകും. വലിയ ടൂറിസം സാധ്യതകളുള്ള നാടാണ് എത്യോപ്യ സമാധാനം പുലരുന്നത് ആ രംഗത്തേയും വലിയ രീതിയില്‍ സഹായിക്കും. ബ്ലൂനൈലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഡാം എത്യോപ്യയുടെ മുഖച്ഛായ മാറ്റും

വിമാനം വളരെ ഉയരത്തിലെത്തി കഴിഞ്ഞിരുന്നു. താഴത്തെ കാഴ്ച്ചകള്‍ മറച്ചുകൊണ്ട് മേഘപടലങ്ങള്‍ക്കിടയിലൂടെയാണ് ഇപ്പോഴത്തെ യാത്ര. യു.എ.ഇ സമയം 8.30 നാണ് വിമാനം ദുബായിലെത്തുക. നല്ലൊരുറക്കത്തിനുള്ള സമയമുണ്ട്. ആകാശ കാഴ്ച്ചകളില്‍ നിന്ന് മുഖം തിരിച്ച് പതിയെ കണ്ണുകളടച്ചു.

(അവസാനിച്ചു)

Saturday, May 23, 2020

ആദ്യ എത്യോപ്യന്‍ എക്‌സ്പ്രസ് വേയിലൂടെ ആഡിസിലേക്ക്


എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (17)
----------------------
ത്യോപ്യന്‍ മണ്ണില്‍ ഇത് അഞ്ചാം ദിവസമാണ്. എത്രയോ വൈവിധ്യമായ ഭൂഭാഗങ്ങളിലൂടെ തികച്ചും വ്യത്യസ്തമായ ജീവിതങ്ങളിലൂടെ വിഭിന്നമായ കാഴ്ച്ചകളിലൂടെ കടന്നുപോയ ഒരു യാത്രയാണ് അവസാനഘട്ടത്തിലേക്കെത്തുന്നത്. അബിജാട്ടാ-ഷാലാ നാഷണല്‍ പാര്‍ക്കില്‍ നിന്ന് അതി ദുര്‍ഘടമായ വഴിതാണ്ടി പുറത്തെത്തിയപ്പോള്‍ പകുതി ആശ്വാസമായി എല്ലാവര്‍ക്കും. ഗാര്‍ഡിനെ ഓഫീസിലിറക്കി യാത്രപറഞ്ഞിറങ്ങി. വണ്ടി ഹൈവേയിലേക്കെത്തിയതോടെ
ചെറു മയക്കത്തിനുള്ള തയ്യാറെടുപ്പിലായി ഞങ്ങള്‍. വെളിച്ചം പരക്കും മുന്‍പെ അവാസയില്‍ നിന്നും പുറപ്പെട്ടതാണ്. അബിജാട്ടാ-ഷാലാ ദേശീയോദ്യാനത്തിലെ മനോഹരമായൊരു പുലരിയും കാഴ്ച്ചകളും കണ്ട് കുന്നും മേടും കയറിയിറങ്ങി തളര്‍ന്നിരുന്നു എല്ലാവരും. നല്ല വിശപ്പുമുണ്ട്. A7 റോഡിലൂടെ ആഡിസ് അബാബ ലക്ഷ്യമാക്കി കുതിക്കുകയാണ് ഡോക്ടറുടെ ലാന്‍ഡ്ക്രൂയിസര്‍. അര്‍ബാമിഞ്ചില്‍ നിന്ന് അബിജട്ടഷല്ല ദേശീയ ഉദ്യാനത്തിന് മുന്നിലൂടെ മോജോവിലെത്തുന്ന പ്രധാനപാതയാണ് A7 റോഡ്. മോജോവില്‍ വെച്ച് അത് ആഡിസ് അബാബ - എത്യോപ്യ റോഡായ A1 ല്‍ ചേരും. എത്യോപ്യന്‍ റോഡ് വ്യവസ്ഥ പ്രകാരം ട്രങ്ക് റോഡുകളെയാണ് A എന്ന പദം സൂചിപ്പിക്കുന്നത്. B ലിങ്ക് റോഡുകളും C ആക്‌സസ് റോഡുകളും D കളക്ടര്‍ റോഡുകളും E ഫീഡര്‍ റോഡുകളുമാണ്.
സമയത്തിന് ഞങ്ങളെ എയര്‍പോര്‍ട്ടിലെത്തിക്കാനാകില്ലേയെന്ന ടെന്‍ഷന്‍ അപ്പോഴും ഡോക്ടറില്‍ നിന്ന് വിട്ടുപിരിഞ്ഞിട്ടില്ല. ഇനിയും മണിക്കൂറുകളേറെ ബാക്കിയുണ്ടല്ലോ എന്ന ജോയേട്ടന്റെ ചോദ്യത്തിന് വാരാന്ത്യത്തിലെ ആഡിസ് അബാബയുടെ തെരുവുകളെപറ്റി നിങ്ങള്‍ക്കൊന്നുമറിയില്ലെന്ന് തെല്ലൊരു ഈര്‍ഷ്യയോടെ മറുപടി കൊടുക്കുന്നു ഡോ. അജിന്‍. മോജോവിലെത്തിയാല്‍ ആഡിസ് അബാബയിലേക്ക് എക്‌സ്പ്രസ്സ് വേയുണ്ട് മോശമല്ലാത്ത ടോളാണ് എങ്കിലും ആ വഴി തന്നെ പോകാം ഡോക്ടര്‍ പറഞ്ഞു. ചൈനീസ് സഹായത്തോടെ 2014ലാണ് ഈ എക്‌സപ്രസ് ഹൈവേ പ്രവര്‍ത്തനക്ഷമമായത്. എത്യോപ്യ ഉള്‍പ്പടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അതി വിപുലമായ അടിസ്ഥാനസൗകര്യവികസനങ്ങളാണ് ചൈനീസ് സഹായത്തോടെ നടന്നുകൊണ്ടിരിക്കുന്നത്. കൃത്യവും ദീര്‍ഘവുമായ രാഷ്ട്രീയ-വാണിജ്യതാല്‍പര്യങ്ങളുമുണ്ട് ഈ ചൈനീസ് സഹായത്തിന് പുറകില്‍. സാമ്പത്തിക ആശ്രിതത്വത്തിന്റെ ഈ ചൈനീസ് നീരാളിപ്പിടുത്തും ആഫ്രിക്കന്‍ വന്‍കരയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ഇന്ന്. മിക്ക ഏഷ്യന്‍ രാജ്യങ്ങളും ചൈനീസ് ഡ്രാഗണ്‍ അതിന്റെ സാന്നിദ്ധ്യമുറപ്പിച്ചിട്ടുണ്ട്. എഷ്യന്‍, ലാറ്റിനമേരിക്കന്‍ തുടങ്ങി ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ വരെ ചൈനയുടെ ഈ നിശബ്ദ സാമ്പത്തിക അധിനിവേശം നടന്നുകൊണ്ടിരിക്കുന്നുണ്ട്.
വഴിയില്‍ സിവേ എന്ന ചെറിയൊരു നഗരത്തില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. എത്യോപ്യന്‍ റിഫ്റ്റ് വാലിയിലെ പ്രധാനശുദ്ധജലതടാകങ്ങളിലൊന്നായ (440 ചതുരശ്ര കിലോമീറ്റര്‍) സിവേ തടാകത്തോട് ചേര്‍ന്ന് രൂപം കൊണ്ട നഗരമാണിത്. കൃഷിയും മത്സ്യബന്ധനവും അലങ്കാര പൂകൃഷിയുമൊക്കെയായി താരതമ്യേന സമ്പന്നമായ ഒരു ഇടത്തരം എത്യോപ്യന്‍ നഗരം. വഴിയാത്രികര്‍ക്കായുള്ള മികച്ച ഭക്ഷണശാലകളും താമസസ്ഥലികളും ഈ നഗരത്തിലെ വഴിയോരത്തെമ്പാടുമുണ്ട്. സായ് എന്ന തനതായ ഒരു വംശീയ വിഭാഗം അതിവസിക്കുന്നത് ഈ തടാക കരയിലാണ്. മുസ്ലീം സോമാലി രാജവംശമായ അഡാല്‍ സുല്‍ത്താനേറ്റിലെ അഹമ്മദ് ഇബ്‌നു ഇബ്രാഹിം അല്‍-ഗാസി 16-ാം നൂറ്റാണ്ടില്‍ എത്യോപ്യയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പിടിച്ചടക്കിയപ്പോള്‍ ക്രിസ്തുമതവിശ്വാസികളായ സായികള്‍ അവരുടെ വിശ്വാസപ്രമാണങ്ങള്‍ക്കൊപ്പം അഭയം തേടിയത് വിജന്നമായ ഈ തടാക തീരങ്ങളിലാണ്‌. പിന്നീട് 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ എത്യോപ്യന്‍ ചക്രവര്‍ത്തിയായ മെനലിക് രണ്ടാമന്‍ ഈ പ്രദേശങ്ങള്‍ തിരിച്ചു പിടിച്ചപ്പോഴാണ് അവര്‍ വീണ്ടും പുറംലോകത്തേക്കെത്തുന്നത്. അവരില്‍ നിന്നാണ് എത്യോപ്യയിലെ പല പുരാതന ക്രൈസ്തവകൈയ്യെഴുത്തു പുസ്തകങ്ങളും കണ്ടെടുത്തത്.
എത്യോപ്യയിലെ പ്രധാന പുഷ്പകൃഷി മേഖലകളിലൊന്ന് കൂടിയാണ് ഇന്ന് സിവേയും പരിസരപ്രദേശങ്ങളും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കെനിയ കഴിഞ്ഞാല്‍ ഏറ്റവും വലിയ പുഷ്പ ഉല്‍പ്പാദനരാജ്യം എത്യോപ്യയാണ്. എത്യോപ്യക്ക് വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന ഒന്നായി പുഷ്പ കയറ്റുമതി മാറിയിട്ടുണ്ട്. നിരവധി ആഭ്യന്തര-വിദേശ സംരംഭകര്‍ ഈ മേഖലയില്‍ മുതല്‍ മുടക്കിയിട്ടുണ്ട്. ഒട്ടനവധി മലയാളി സംരംഭകരും എത്യോപ്യയില്‍ ഭൂമി പാട്ടത്തിനെടുത്ത് പൂകൃഷി നടത്തുന്നുണ്ട്. ഫ്‌ളോറല്‍ ഫ്‌ളവേഴസ് എന്ന യു.എ.ഇ യിലെ പ്രധാന അലങ്കാരപുഷ്പ വിതരണ കമ്പനിയുടെ ഉടമയായ നരേഷ് കോവില്‍ അവിടത്തെ ചില കൃഷിക്കാരുടെയും കച്ചവടക്കാരുടെയും ഫോണ്‍ നമ്പറുകള്‍ ഞങ്ങള്‍ക്ക് തന്നിരുന്നെങ്കിലും അവരെ കാണാനോ തോട്ടങ്ങള്‍ സന്ദര്‍ശിക്കാനോ കഴിഞ്ഞില്ല. ഇനിയാകട്ടെ അതിനുള്ള സമയം ശേഷിക്കുന്നുമില്ല.
ഭക്ഷണശാലയില്‍ മോശമില്ലാത്ത തിരക്കുണ്ട്. തുറന്ന ഒരു സ്ഥലത്ത് പരമ്പരാഗത എത്യോപ്യന്‍ വേഷമണിഞ്ഞ ഒരു യുവതിയിരുന്ന് കാപ്പിക്കുരു വറുത്ത് ബുന്ന തയ്യാറാക്കുന്നുണ്ട്. തുറന്ന ആ തീന്‍ പുരയുടെ ഒരു വശത്തായി കണ്ണാടിക്കുടിനുള്ളില്‍ മാട്ടിറച്ചി കെട്ടിത്തൂക്കി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. അവിടെ നിന്ന് പാചകമുറിയിലേക്ക് ആവശ്യാനുസരണം കൊണ്ടു പോയി ചൂടോടെ തയ്യാറാക്കിയെടുക്കുകയാണ് മാംസവിഭവങ്ങള്‍. പഴച്ചാറും ഇഞ്ചിറയും ബുന്നയും കാളയിറച്ചിയും ചില പച്ചക്കറി വിഭവങ്ങളുമൊക്കെ കഴിച്ച് താമസിക്കാതെ തന്നെ ഞങ്ങളവിടെ നിന്നിറങ്ങി. താമസിക്കാതെ വണ്ടി മോജോവിലെത്തി. എക്‌സ്പ്രസ് വേയില്‍ പ്രവേശിപ്പിച്ചു. ഓരോവശത്തേക്കും മൂന്നുവരികളിലായി നടുവില്‍ ഡിവൈഡറുകളോടുകൂടിയ സുന്ദരന്‍ പാത. കാര്യമായ തിരക്കില്ല ഈ വഴിയില്‍. വശങ്ങളില്‍ മരങ്ങളും നടിവിലെ ഡിവൈഡറില്‍ പുല്ലും പൂച്ചെടികളും പരിപാലിക്കുന്നുണ്ട്.
നഗരത്തിരക്കുകളില്‍ നിന്നും മാറി മനോഹരമായ എത്യോപ്യന്‍ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. വശങ്ങളില്‍ നിന്ന് പാതയിലേക്കുള്ള പ്രവേശനം അസാധ്യമായതുകൊണ്ട് തന്നെ കച്ചവടസ്ഥാപനങ്ങളോ മറ്റുനിര്‍മ്മിതികളോ കാഴച്ചകളെ മറച്ചുകൊണ്ട് ഈ പാതയോരത്ത് ഉയര്‍ന്നുവന്നിട്ടില്ല. ആഡിസ് അബാബമുതല്‍ മോജോവിലെ അഡാമ വരെ 6 85 കിലോമീറ്ററാണ് പാതയുടെ നീളം. മൊത്തം മുടക്കുമുതലിന്റെ 43 ശതമാനമാണ് സര്‍ക്കാര്‍ മുതല്‍മുടക്ക് ബാക്കി 57 ശതമാനം ചൈനീസ് വായ്പയാണ്. ചൈന കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു നിര്‍മ്മാണ് ചുമതല. ചൈനീസ് ഗവര്‍മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്യക്ഷമതക്കും നിര്‍മ്മാണമികവിനും ഏറെ പേരുകേട്ട ഈ നിര്‍മ്മാണ കമ്പനി. നമ്മുടെ പൊതുമേഖലാസ്ഥാപനങ്ങളുടെ അളവുകോല്‍ വെച്ച് ഇതിനെ അളക്കാനാകില്ല എന്ന് ആദ്യം മനസ്സിലായത് ബഹ്‌റിനില്‍ ജോലി ചെയ്യുമ്പോഴാണ്. അന്ന് നിര്‍മ്മാണത്തിലിരുന്ന ഷെല്ലാക്ക് റിസോര്‍ട്ട് എന്ന കൂറ്റന്‍ ആഡംബര ഹോട്ടലിന്റെ പ്രധാനകരാറുകാരായിരുന്നു ഈ കമ്പനി. ഞാന്‍ ജോലിചെയ്തിരുന്ന കമ്പനി അതിന്റെ ഉപകരാറുകാരും. ഇന്ന് ലോകത്തിന്റെ പലഭാഗത്തുമായി ചൈനീസ് സാമ്പത്തിക സഹായത്തോടെയും അല്ലാതെയും നടക്കുന്ന പല നിര്‍മ്മാണങ്ങളുടേയും കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നത് ഈ നിര്‍മ്മാണകമ്പനിയാണ്. മൊഡ്‌ജോ മുതല്‍ ഹവാസ വരെയുള്ള എക്‌സ്പ്രസ്സ് വേയുടെ രണ്ടാംഘട്ടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണിപ്പോള്‍.
ആഡിസ് അബാബ അടുക്കുന്നതോടെ പുതിയ കുറേ നിര്‍മ്മിതികള്‍ കണ്ടു തുടങ്ങി. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളാണ്. അതും ചൈനീസ് സഹായത്തോടെ തന്നെ നിര്‍മ്മിക്കുന്നവ. വലിയൊരു ടൗണ്‍ഷിപ്പാണ് അവിടെ വളര്‍ന്നുവരുന്നത്. കിലോമീറ്ററുകളോളം നീളത്തില്‍ ഇടവേളകളോടെ കാണുന്നത് ഈ കാഴ്ച്ചയാണ്. എത്യോപ്യയുടെ മുഖം മാറിക്കൊണ്ടിരിക്കുകയാണ്. ആഡിസ് അബാബയില്‍ വിമാനമിറങ്ങുന്നതിന് മുന്‍പായി താഴേക്ക് നോക്കിയാല്‍ വെട്ടിത്തിളങ്ങുന്ന നിരവധി കണ്ണാടികളാണ് ദൃശ്യമാകുക. വിമാനം വീണ്ടും താഴേക്കടുക്കുമ്പോഴാണ് ആ വെളിച്ചത്തിന് പുറകിലെ രഹസ്യം വെളിവാകുക. ആഡിസ് അബാബയിലെ കൂരകളുടെ തകര മേല്‍പ്പുരകളാണ് പകല്‍വെളിച്ചത്തില്‍ അങ്ങിനെ വെട്ടിത്തിളങ്ങുന്നത്. മനുഷ്യര്‍ പുഴുക്കളെപ്പോലെ കഴിയുന്ന ആഫ്രിക്കയിലെ തന്നെ വലിയൊരു ചേരിപ്രദേശമാണ് ആ ടിന്‍ഷീറ്റ് കൂരകള്‍ക്ക് താഴെ പരന്നുകിടക്കുന്നത്. കുറച്ച് മുന്നോട്ട പോയതോടെ വണ്ടി ചില പ്രശ്‌നങ്ങള്‍ കാണിച്ചു തുടങ്ങി. റേഡിയേറ്ററില്‍ നിന്ന് പുക പുറത്തു വന്നു തുടങ്ങി. എക്‌സ്പ്രസ്‌വേയിലെ സര്‍വീസ് റോഡിലേക്ക് മാറ്റി വണ്ടിയൊതുക്കി അബ്ദു. കരുതി വെച്ചിരുന്ന കുടിവെള്ള ശേഖരം മുഴുവനും ഒഴിച്ചു കൊടുത്തിട്ടും വണ്ടിയുടെ ദാഹം മാറുന്നില്ല.
യാത്ര തുടര്‍ന്നു വഴിയില്‍ ചിലയിടത്ത് നിന്നായി വീണ്ടും വെള്ളമൊഴിച്ചു കൊടുത്തു. എക്‌സ്പ്രസ്‌വേ പിന്നിട്ട് നഗരപാതയിലേക്ക് കടന്ന് ആദ്യം കണ്ട ചെറിയൊരു ഗ്യാരേജില്‍ വണ്ടി കയറ്റി ചില താല്‍ക്കാലിക ഉപായങ്ങള്‍ ചെയ്ത് വീണ്ടും യാത്ര തുടര്‍ന്നു ഞങ്ങള്‍. എക്‌സ്പ്രസ്‌വേയുടെ വിജന്നതയില്‍ നിന്ന് ആഡിസിന്റെ നഗരത്തിരക്കുകളിലേക്കാണ് വാഹനമെത്തിയിരിക്കുന്നത്. ഞങ്ങളുടെ ലഗേജുകളില്‍ പലതും ഡോക്ടറുടെ വീട്ടിലാണിരിക്കുന്നത്. അവിടെ നിന്ന് അതെടുത്തിട്ട് വേണം എയര്‍പോര്‍ട്ടിലേക്ക് പോകാന്‍. മറ്റു പലതിലുമെന്നപോലെ ഗതാഗതക്കുരുക്കിനും കുപ്രസിദ്ധമാണ് ഈ നഗരം. ശനിയാഴ്ച്ച ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞാലത് എല്ലാ നിയന്ത്രണങ്ങള്‍ക്കുമതീതമായി മാറും. സമയത്ത് വിമാനത്താവളത്തിലെത്താനാകുമോ എന്ന  ഡോ. അജിന്റെ ആശങ്ക പതുക്കെ ഞങ്ങളിലേക്കും പടര്‍ന്നു.

(തുടരും)

Friday, May 22, 2020

അബിജാട്ട-ഷാല ദേശീയോദ്യാനത്തില്‍


എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (16)
-----------------
വാസ - അഡിസ് പാതയില്‍ കര്‍ക്കരോ റിസോട്ടിലേക്കുള്ള ദിശാസൂചി പലകക്കരികെ വണ്ടി നിറുത്തി പാതയോരം ചേര്‍ന്ന് നില്‍ക്കുകയാണ് ഞങ്ങള്‍. നേരം പുലരുന്നതേയുള്ളൂ. ഏത്യോപ്യയിലെ ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന ഈ പാതയിലൂടെ ഇടവേളകളില്‍ ശരവേഗത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. വഴിയോരത്ത് വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ട് ചിലരോട് അബിജാട്ട-ഷാല ദേശീയോദ്യാനത്തിലേക്കുള്ള വഴി ചോദിക്കുന്നുണ്ട് അബ്ദു. പക്ഷെ മറുപടികള്‍ പരസ്പര വിരുദ്ധമാണ്. ഗൂഗിള്‍ മാപ്പ് ഒട്ടും ആശ്രയയോഗ്യമല്ല എത്യോപ്യയില്‍ പലയിടത്തും. ഈ സംരക്ഷിതകേന്ദ്രം രാവിലെ 9 മുതലാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുക. അത്രയും നേരം കാത്തിരിക്കാന്‍ മാത്രം സമയം ഞങ്ങള്‍ക്കില്ല. ആഡിസ് ദിശയില്‍ വീണ്ടും മുന്നോട്ട് പോയി. റോഡിന്റെ വലതുവശത്ത് ഉള്ളിലേക്ക് മാറിയാണ് ലങ്കാനോ തടാകം. അതിന്റെ കരയിലാണ് കര്‍ക്കരോ അടക്കമുള്ള ബീച്ച് കോട്ടേജുകളും ജംഗിള്‍ലോഡ്ജുകളും സ്ഥിതി ചെയ്യുന്ന ഇക്കോ-ടൂറിസം പ്രദേശങ്ങള്‍. ഇടത് വശത്ത് ഉള്ളിലായി അബിജാട്ടാ-ഷാല തടാകങ്ങളും ദേശീയോദ്യാനവും. തടാകങ്ങള്‍ പക്ഷെ റോഡില്‍ നിന്ന് ദൃശ്യമല്ല. എത്യോപ്യന്‍ വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍ അജിന്റെ അടുത്ത സുഹൃത്താണ്. പക്ഷെ കക്ഷിയെ ഫോണില്‍ കിട്ടുന്നില്ല. പ്രധാനകവാടം കൂടാതെ പാര്‍ക്കിലേക്ക് കടക്കാന്‍ മറ്റുവഴികളുമുണ്ട് അതന്വേഷിച്ചാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്.

കുറച്ചധികം ദൂരം ചെന്നപ്പോള്‍ ഇടത്തോട്ട് കാണുന്ന ഒരു ചെറിയ മണ്‍പാതക്കൊടുവില്‍ ഒരു ബോര്‍ഡ് കാണുന്നുണ്ടെന്ന് അബ്ദു പറഞ്ഞു. ആ വഴിപോയപ്പോള്‍ ഒരു ഗെയിറ്റും അതിനോട് ചേര്‍ന്ന് ചില കുടിലുകളുമാണ്. അതില്‍ നിന്ന് ഇറങ്ങി വന്ന ഒരാളോട് അബ്ദു വിവരം പറഞ്ഞു. അദ്ദേഹം സമീപത്തെ കുടിലില്‍ നിന്ന് ഒരാളെ വിളിച്ചുകൊണ്ടുവന്നു. മിനിറ്റുകള്‍ക്കകം അയാള്‍ വസ്ത്രം മാറിയെത്തി. ദേശീയോദ്യാനത്തിലെ ഗാര്‍ഡുകളിലൊരാളാണ് കക്ഷി. കാവിയില്‍ കടും പച്ച ഡിസൈനുകളോടുകൂടിയ നരച്ച യൂണിഫോമും പിഞ്ഞിത്തുടങ്ങിയ തൊപ്പിയും പരിതാപാവസ്ഥയിലുള്ള ഷൂസും ധരിച്ച ഒരു പാവം മനുഷ്യന്‍. ഞങ്ങള്‍ ഹൈവേയിലൂടെ വീണ്ടും അവാസ ദിശയിലേക്ക് തിരികെ പോന്നു. താമസിക്കാതെ അബിജാട്ടാ-ഷാലാ ദേശീയോദ്യാനത്തിന്റെ പ്രധാനകവാടത്തിലേക്കെത്തി ഞങ്ങളുടെ വാഹനം. സമയം ഏഴ് കഴിഞ്ഞിട്ടേയുള്ളൂ. അബ്ദുവില്‍ നിന്ന് പണംവാങ്ങി സമീപത്തെ ഓഫീസിലേക്ക് പോയി താക്കോലുവാങ്ങി തിരികെ എത്തിയ ഗാര്‍ഡ് ഗെയിറ്റ് തുറന്നു. നല്ല സന്തോഷത്തിലാണ് മൂപ്പര്‍. ടിക്കറ്റിലെ എന്തോ കൃത്രിമങ്ങള്‍ക്കുപുറമേ അദ്ദേഹത്തിന് പ്രത്യേകമായി ഒരു ഗൈഡ് ചാര്‍ജ്ജും ഉണ്ട് എന്ന് സംഭാഷണങ്ങളില്‍ നിന്ന് മനസ്സിലായി. വണ്ടിയില്‍ അകത്തേക്ക് പ്രവേശിച്ച ഞങ്ങള്‍ മുഖ്യകവാടത്തില്‍ നിന്ന് അധികം അകലെയല്ലാതെ മേഞ്ഞു നടക്കുന്ന ഒട്ടകപക്ഷി കൂട്ടങ്ങള്‍ക്കരികിലായി നിറുത്തി.

അമ്പതില്‍ പരം വരുന്ന ഒട്ടകപക്ഷികകളുണ്ട് ആ കൂട്ടത്തില്‍. കുറച്ച് ചിത്രങ്ങളെടുത്തതിന് ശേഷം മുന്നോട്ട് തന്നെ പോയി. ഒറോമിയ സംസ്ഥാനത്തെ മലനിരകളില്‍ 1963ല്‍ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിന്റെ ആകെ വിസ്തീര്‍ണ്ണം 887 ചതുരശ്ര കിലോമീറ്ററാണ്. 1540 മുതല്‍ 2075 വരെ മീറ്റര്‍ ഉയരത്തിലാണ് ഇത്‌ സ്ഥിതിചെയ്യുന്നത്.  മണ്‍പാതയിലൂടെ മുന്നോട്ട് പോകുമ്പോള്‍ വശങ്ങളില്‍ കാണുന്ന ചില കൃഷിയിടങ്ങളില്‍ നിലമൊരുക്കല്‍ നടക്കുന്നുണ്ട്. വെളിപ്രദേശങ്ങളില്‍ കുട്ടികള്‍ കാലികളെ മേക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ദര്‍ഗ് ഭരണത്തിന്റെ അവസാനകാലത്തെ അരാജകാവസ്ഥമുതലെടുത്ത് ഭൂരഹിതകര്‍ഷകരും ചില ഗോത്രവിഭാഗക്കാരും ഈ സംരക്ഷിതപ്രദേശത്ത് അതിക്രമിച്ചു കടന്ന് വാസമുറപ്പിച്ചിരുന്നു. അവരുടെ ചെറുകുടിപാര്‍പ്പുകേന്ദ്രങ്ങളാണ് വശങ്ങളില്‍ കാണുന്നത്. അവരെ കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള പങ്കാളിത്ത വന-പരിപാലനമാണ് എത്യോപ്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നത്.
വീണ്ടും വനപ്രകൃതിയിലേക്കെത്തി. കാട്ടുപന്നികളെയും മ്‌ളാവുകളെയും മറ്റും കണ്ടുതുടങ്ങി വഴിയരികില്‍. മുന്നോട്ട് പോകും തോറും വഴി അതി ദുര്‍ഘടമായി മാറി. വളക്കുറുള്ള കറുത്തമണ്ണുള്ള സ്ഥലങ്ങള്‍ വിട്ട് ചരലും കല്ലും നിറഞ്ഞ മേടിലേക്ക് വണ്ടി കയറിത്തുടങ്ങി. അബിജാട്ടാ തടാകത്തെയും ഷാലാ തടാകത്തെയും വേര്‍ത്തിരിക്കുന്നത് 3 കിലോമീറ്ററോളം വീതിയില്‍ കിടക്കുന്ന ഒരു പര്‍വ്വതഭാഗമാണ്. അവിടേക്കാണ് ഈ മണ്‍പാത ചെന്നെത്തുന്നത്. വണ്ടി മേട് കയറി മുകളിലെത്തിയപ്പോള്‍ അതി മനോഹരമായ ദൂരക്കാഴ്ച്ചകള്‍ ദൃശ്യമായിത്തുടങ്ങി. വലതു വശത്തു ദൂരെയായി കടലുപോലൊരു ജലാശയം. അബിജാട്ടാ തടാകമാണതെന്ന് വഴികാട്ടി പറഞ്ഞു. അതിമനോഹരമാണ് അവിടെ നിന്നുള്ള തടാകത്തിന്റെ കാഴ്ച്ച. റിഫ്റ്റിനുള്ളിലാണ് തടാകം. ഉയരം കുറഞ്ഞ മരങ്ങള്‍ മേലാപ്പ് വിരിച്ച റിഫ്റ്റിലെ സമതലത്തിനപ്പുറം തടാകം പരന്നു കിടക്കുന്നു. എത്രയോ വന്യമൃഗങ്ങളുടെ വിഹാരഭൂമിയായിരിക്കണം ആ പ്രദേശങ്ങള്‍. കെനിയയിലെയും ടാന്‍സാനിയയിലെയും പോലെ പ്രശസ്തമായ വൈല്‍ഡ് സഫാരികള്‍ കുറവാണ് എത്യോപ്യന്‍ സംരക്ഷിത വനപ്രദേശങ്ങളില്‍. ആ രാജ്യങ്ങളെ വെച്ച് നോക്കുമ്പോള്‍ വന്യമൃഗബാഹുല്യവും കുറവാണ്  എത്യോപ്യയില്‍.

ഫോര്‍വീല്‍ വണ്ടിചക്രങ്ങള്‍ തീര്‍ത്ത വഴിത്താരയിലൂടെയാണ് മുന്നോട്ടുള്ള
പ്രയാണം. ഒരിടത്തെത്തിയപ്പോള്‍ അതിദുര്‍ഘടമായ ഇറക്കം. മലവെള്ളമൊലിച്ച് വഴിയെന്ന് പറയാവുന്നത് ഒരു ചാലായി തീര്‍ന്നിരിക്കുന്നു. ഞങ്ങള്‍ താഴോട്ട് നടന്നിറങ്ങി. അതി ശക്തമായി കാറ്റടിക്കുന്നതിന്റെ ശീല്‍ക്കാര ശബ്ദം കാതില്‍ മുഴങ്ങുന്നുണ്ട് വിജന്നമായ ആ മലഞ്ചെരുവില്‍ നില്‍ക്കുമ്പോള്‍. വരണ്ട വനപ്രകൃതിയാണ്. ഒട്ടും വൃക്ഷനിബിഡമല്ല പരിസരങ്ങള്‍. അബ്ദു അതിസാഹസികമായി വണ്ടി താഴെയെത്തിച്ചു. വീണ്ടും യാത്രതുടര്‍ന്നു. ഇനി ഇറക്കമാണ്. ഒരു തിരുവ് കഴിഞ്ഞതോടെ മുന്‍പില്‍ അങ്ങ് ദൂരെയായി മറ്റൊരു
ജലസമുദ്രം. ഷാലാ തടാകം. ഞങ്ങളുടെ ലക്ഷ്യസ്ഥാനം. അവിടെയെത്തി മറ്റൊരു വഴിയിലൂടെ ഞങ്ങള്‍ മടങ്ങും. പലയിടത്തും വെച്ച് വണ്ടിയില്‍ നിന്നിറങ്ങേണ്ടി വന്നു. ഒടുവില്‍ ഞങ്ങള്‍ തടാകത്തോടടുത്തുതുടങ്ങി. തടാക തീരം മുഴുവന്‍ ശ്വേതരക്തവര്‍ണ്ണമാണ്. എന്താണതെന്ന് മനസ്സിലാക്കാന്‍ സമയമെടുത്തു.
പതിനായിരക്കണക്കിന് ഫ്‌ളെമിംഗോ പക്ഷികള്‍. ഒരു പക്ഷെ ഇതാണ് അബിജാട്ട-ഷാല നാഷണല്‍ പാര്‍ക്കിലെ പ്രധാനകാഴ്ച്ച. ഞങ്ങള്‍ അല്‍പ്പം അകലെ നിന്ന് ആ കാഴ്ച്ച ആസ്വദിച്ചു. വണ്ടി നിറുത്തിയതിന് കുറച്ചകലെയായി ഒരു മോട്ടോര്‍ബൈക്ക് ഇരിക്കുന്നുണ്ട്. ഒരു പക്ഷെ അതില്‍ വന്നവരാകാം ഒരു യുവമിഥുനങ്ങള്‍. മറ്റൊന്നും കാണാതെ അറിയാതെ പ്രണയത്തിലാഴ്ന്ന് ആ തീരത്ത് ഇരിക്കുന്നുണ്ട് അവര്‍.

നാഷണല്‍ പാര്‍ക്ക് തുറക്കാന്‍ ഇനിയും ഒരു മണിക്കുറോളം സമയമുണ്ട്. ആ പരിസരത്ത് തന്നെ മറ്റാരുമില്ല. മുന്നില്‍ വിശാലമായി കിടക്കുന്ന ജലാശയം അതിനുമപ്പുറം റിഫ്റ്റ് വാലിമലനിരകള്‍ തീരമാകെ പാടലവര്‍ണ്ണത്തില്‍ മുക്കി അരയന്നക്കൊക്കുകള്‍. ഇത്ര മനോഹരമായൊരു അന്തരീക്ഷത്തില്‍ പ്രണയം പങ്കിടുകയാണ് ആ കമിതാക്കള്‍പുരാണങ്ങളിലെ ദേവ, യക്ഷ, കിന്നര, ഗന്ധര്‍വ്വ പ്രണയകഥകളുടെ പശ്ചാത്തലം മനസ്സിലേക്കെത്തി. അവരെ ഒട്ടു ശല്യപ്പെടുത്താതെ കുറച്ചപ്പുറത്തേക്ക് മാറി ആ തീരത്തിന്റെ കാഴ്ച്ചകള്‍ കണ്ടു ഞങ്ങള്‍. കുറച്ച് സമയം അവടെ ചിലവഴിച്ചപ്പോഴേക്കും ഡോക്ടറുടെ വിളിയെത്തി. വീണ്ടും മുന്നോട്ട് തന്നെ. ചെറിയൊരു കൈത്തോട്ട് മുറിച്ച് വണ്ടി സാഹസികമായി അപ്പുറത്തേക്കെത്തിച്ചു അബ്ദു. താമസിക്കാതെ വഴി മുറിച്ചുകൊണ്ട് വലിയൊരരുവി. ഫോര്‍ വീല്‍ വാഹനങ്ങള്‍ അതും മുറിച്ചുകടക്കാറുണ്ടെന്ന് വഴികാട്ടി പറഞ്ഞു. അബ്ദുവും അത് ശരിവെച്ചു. പക്ഷെ ഡോ. അജിന്‍ അതിന് സമ്മതിച്ചില്ല. വണ്ടി അതിലെങ്ങാനും പെട്ട്‌പോയാല്‍ ഇന്ന് വൈകീട്ടത്തെ വിമാനത്തില്‍ ദുബായിലേക്ക് മടങ്ങാനാകില്ലെന്നത് നൂറ്‌ ശതമാനം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നാഷണല്‍ പാര്‍ക്കില്‍ നിന്ന് പുറത്തുകടക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണ്ടി വരും പിന്നീട് ആഡിസിലെത്താനായി ഒരു വണ്ടി കണ്ടെത്താന്‍ അതിലുമേറെ ബുദ്ധിമുട്ടാകും.

ഒടുവില്‍ വന്ന വഴി തിരിച്ചു പോകാമെന്ന് തീരുമാനമായി. പക്ഷെ അതി സാഹസികമായാണ് ഇതുവരെ എത്തിയത്. ആ വഴി എങ്ങിനെ മടങ്ങിപോകും. ആ കയറ്റങ്ങള്‍ എങ്ങിനെ മറികടക്കും. എല്ലാവരും ആശങ്കയിലായിരുന്നു. പക്ഷെ ഒട്ടും കുലുക്കമില്ലാതെ നിന്നുഅബ്ദു. ഡോ. അജിനാകട്ടെ ഗൈഡിനെ ശകാരിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. പൊതുവെ അക്ഷോഭ്യനെങ്കിലും ദേഷ്യം വന്നാല്‍ സമ്മര്‍ദ്ദം വന്നാല്‍ ചിലപ്പോള്‍ കണ്ണുകാണില്ല മൂപ്പര്‍ക്ക്‌. കാന്താലോഡ്ജില്‍ വെച്ച് ഞങ്ങളത്‌
തിരിച്ചറിഞ്ഞതാണ്. അജിന്റെ ചീത്ത വിളിയില്‍ നിന്ന് രക്ഷനേടാനാകണം വലിയൊരു കാഴ്ച്ചയുണ്ടെന്ന് പറഞ്ഞ് ഞങ്ങളെ മുന്നിലേക്ക് നടത്തിച്ചു വഴികാട്ടി. അരുവി മുറിച്ച് അപ്പുറം കടന്ന് കുറച്ച് നടന്നപ്പോള്‍ മുന്നില്‍ വലിയൊരു പ്രദേശം നിറയെ ജലം തിളച്ചുമറിയുന്നു. ഭൂമിക്കടിയില്‍ നിന്ന് തിളച്ചുമറിയുന്ന വെള്ളമാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ആ പ്രദേശത്തൊട്ടാകെ നീരാവി അന്തരീക്ഷത്തിലേക്കുയരുന്നുണ്ട്. ചുടുനീരുറവ(Hot Spring) പാടമാണ് മുന്നില്‍. തിളച്ച
ആ ജലം മറ്റൊരു ഉറവയുമായി ചേര്‍ന്ന് ചൂട് നഷ്ടമായി പിന്നീടാണ് തടാകത്തിലേക്ക് ഒഴുകുന്നത്. ഇവിടെ സന്ദര്‍ശകര്‍ കുളിക്കാനായി എത്താറുണ്ടത്രെ. ചര്‍മ്മ രോഗങ്ങള്‍ ശമിപ്പിക്കാനും ആരോഗ്യം പ്രധാനം ചെയ്യാനും കഴിവുള്ളതാണ് ഇത്തരം ഉഷ്ണജല പ്രവാഹങ്ങളെന്ന് കരുതുന്നുണ്ട്. കുറച്ച് നേരം ആ കാഴ്ച്ചകണ്ട്‌ വെള്ളം സ്പര്‍ശനയോഗ്യമാകുന്ന അരുവിയുടെ ഭാഗത്ത് നിന്ന് കൈകാലുകളും മുഖവും കഴുകി കയറി ഞങ്ങള്‍. ഒന്ന് കുളിച്ചുകറിയാലോ എന്ന ആശയം മുന്നോട്ട് വെച്ച ജോയേട്ടനെ ഒരു നോട്ടം കൊണ്ട് നിശബ്ദനാക്കി ഡോ. അജിന്‍.
തിരികെ കയറേണ്ട കൊടുകയറ്റവും വളവുകളും സൃഷിടിക്കുന്ന ആശങ്ക മനസ്സിലുണ്ടെങ്കിലും ഡോ. അജിന്റെ ലാന്‍ഡ്ക്രൂയിസറിലും (27 വര്‍ഷം പഴക്കമുണ്ട് ആ പഴയ പടക്കുതിരക്ക്) അബ്ദുവിലും വിശ്വസമുറപ്പിച്ച് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.
(തുടരും)