Sunday, April 19, 2020

ഹിപ്പോകളെ തേടി

എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (14)
---------------------------
വാസ (ഹവാസ) തടാകതീരത്തെ അസഖ്യം ഭക്ഷണശാലകളിലെന്നില്‍ തടാകത്തിനഭിമുഖമായിട്ട ഇരിപ്പിടങ്ങളില്‍ തയ്യാറാക്കാനാവശ്യപ്പെട്ട മത്സ്യവിഭവങ്ങള്‍ കാത്തിരിക്കുകകായിരുന്നു ഞങ്ങള്‍. ജലാശയത്തിനപ്പുറം ചക്രവാളത്തില്‍ നിറങ്ങളുടെ ആഘോഷം നടക്കുകയാണ്. തടാകതീരത്തെ ഭോജനശാലകളില്‍ നിന്ന് അത്യുച്ചത്തിലുള്ള ആഫ്രിക്കന്‍ സംഗീതമുയരുന്നുണ്ട്. തടാകത്തില്‍ ചെറുവള്ളങ്ങളിലും തീരത്ത് നിന്ന് ചൂണ്ടയെറിഞ്ഞും അപ്പോഴും മീന്‍പിടുത്തം തുടരുന്നുണ്ട് ചിലര്‍. ഒട്ടും പഴക്കമില്ലാത്ത പിടക്കുന്ന മീനിനെ വറുത്ത് കൊണ്ട് വരാനാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. പഴക്കം തോന്നിയാല്‍ പണംതരില്ലെന്ന അബ്ദുവിന്റെ ഭീഷണിയും പുറകെ പോയിട്ടുണ്ട്. എത്യോപ്യന്‍ യാത്രക്കിടയില്‍ തീര്‍ച്ചയായും അനുഭവിച്ചറിയേണ്ട ഒന്നാണത്ര അവാസ തടാകതീരത്തിനഭിമുഖമായ റെസ്‌റ്റോറന്റുകളില്‍ പോക്കുവെയിലേറ്റിരുന്നുകൊണ്ടുള്ള ഈ മത്സ്യഭോജനം.

അഘോഷതിമിര്‍പ്പിലാണ് എല്ലാവരും. എങ്ങും പ്രസന്നവദനരായ ആളുകള്‍. തൊട്ടുരുമ്മിക്കൊണ്ട് നടന്നു നീങ്ങുന്ന യുവമിഥുനങ്ങള്‍. കുട്ടികളോടൊപ്പം വന്നിട്ടുള്ള അച്ഛനമ്മമാര്‍, ചുരുക്കം ചില ഏകാന്ത യാത്രികര്‍. പല രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുണ്ട് അവര്‍ക്കിടയില്‍. സ്വര്‍ണ്ണവെയിലേറ്റ് കാഴ്ച്ചമങ്ങുന്ന വിദൂരതയിലേക്ക് കണ്ണുകളാഴ്ത്തി തടാകതീത്ത് ഇങ്ങിനെയിരിക്കുമ്പോള്‍ അറിയുന്നത് എത്യോപ്യയുടെ മറ്റൊരു മുഖമാണ്. ആഡിസ് അബാബയുടെ ജനം പുളക്കുന്ന ചേരികള്‍, കോന്‍സോയിലെ പ്രാകൃതഗോത്രവര്‍ഗ്ഗക്കാര്‍, പച്ചപുതച്ച അര്‍ബാമിഞ്ച് റിഫ്റ്റ് വാലി, നിലമുഴുന്ന കര്‍ഷകരും കാലിമേക്കുന്ന ഇടയന്‍മാരുമുള്ള സമതലങ്ങള്‍, എറിത്രിയയോടു ചേര്‍ന്നുള്ള മരുഭൂമികള്‍, ഉപ്പുപാടങ്ങള്‍, ചുടുനീരുറവകള്‍ പതഞ്ഞുപൊങ്ങുന്ന സള്‍ഫര്‍ നിലങ്ങള്‍ അങ്ങിനെയങ്ങിനെ എത്രയോ എത്യോപ്യകള്‍.
അവാസ എന്ന് പദത്തിനര്‍ത്ഥം വിശാലമായ ജലാശയം എന്നാണ്. എന്നാല്‍ വലിപ്പത്തിന്റെ കാര്യത്തില്‍ ഇതിനേക്കാല്‍ വലിയ പന്ത്രണ്ടോളം തടാകങ്ങളുണ്ട് എത്യോപ്യയില്‍. 16 കിലോമീറ്റര്‍ നീളവും 9 കിലോമീറ്റര്‍ വീതിയുമുള്ള ഈ റിഫ്റ്റ്‌വാലി ശുദ്ധജലതടാകം വിപുലമായ മത്സ്യസമ്പത്തിനെകൂടി ഉള്‍ക്കൊള്ളുന്നു. കരിമീന്‍, ടിലാപിയ, ഭീമന്‍ പെഞ്ച്, സ്ഫിനോരോഗി, കാറ്റ്ഫിഷ് തുടങ്ങിയവയൊക്കെയാണ് എത്യോപ്യയിലെ പ്രധാന ശുദ്ധജല മത്സ്യങ്ങള്‍. ഈ തടാകതീരത്തെ മനോഹരമായ കാഴ്ച്ചകള്‍ കാണാനും മത്സ്യരുചികള്‍ ആസ്വദിക്കാനും ലോകത്തെ പല ഭാഗത്തുനിന്നും എത്തിയവരുണ്ട് സമീപത്തെ ഇരിപ്പിടങ്ങളിലൊക്കെ. തടാകത്തിനപ്പുറം റിഫ്റ്റ് വാലിയുടെ അതിര്‍ത്തികുറിക്കുന്ന വന്‍ പര്‍വ്വതങ്ങളാണ്. അതിനുമപ്പുറമാണ് വര്‍ണ്ണവിരുന്നൊരുക്കി യാത്രപറയുന്ന ആദിത്യന്‍.

കോന്‍സോയില്‍ നിന്നുള്ള ദീര്‍ഘയാത്രക്ക് ശേഷം ഉച്ചക്കാണ് അവാസയിലെത്തിയത്. മെയ്മാസത്തിലെ ആ മദ്ധ്യാഹ്നത്തിലും അവാസയില്‍ ഒട്ടും ചൂടുണ്ടായിരുന്നില്ല. നേരിട്ട് വെയിലടിക്കാത്ത ഇടങ്ങളിലൊക്കെ അപ്പോഴും സുഖകരമായ ഒരിളം തണുപ്പ് ബാക്കി കിടന്നിരുന്നു അവിടെ. ഹവാസ ഒയാസിസ് ഇന്റര്‍ നാഷണല്‍ ഹോട്ടലിലെ റൂമില്‍ ലഗേജുകള്‍ നിക്ഷേപിച്ച് ആദ്യം പോയത് തടാകത്തിലെ ഹിപ്പോകളെകാണാനായുള്ള ബോട്ടിങ്ങിനായിരുന്നു. കുറച്ച് ചെറു മോട്ടോര്‍ ബോട്ടുകള്‍ സഞ്ചാരികളെ കാത്തുകിടക്കുന്നുണ്ട് ഈ തടാകതീരത്ത്. ആഫ്രിക്കന്‍ തടാകങ്ങളെ അടുത്തറിയുകയും ആഫ്രിക്കന്‍ ജലഭീമന്‍മാരായ ഹിപ്പോകളെ അവരുടെ ആവാസമേഖലയില്‍ ചെന്ന് കാണുകയുമാണ് അവാസ യാത്രയുടെ ലക്ഷ്യം. എത്യോപ്യയിലെ ഏറ്റവും പ്രധാനസുഖവാസകേന്ദ്രങ്ങളിലൊന്നാണ് എപ്പോഴും സുഖകരമായ കാലാവസ്ഥ പ്രധാനം ചെയ്യുന്ന അവാസ. സമുദ്രം പോലെ പരന്നുകിടക്കുകയാണ് ലെയ്ക്ക് അവാസ. വിനോദസഞ്ചാരികളുടെ വലിയ തിരക്കില്ല അപ്പോളവിടെ. കരകൗശലസാധനങ്ങള്‍ കച്ചവടം ചെയ്യുന്ന കുട്ടികള്‍ വരുന്ന ഓരോ സന്ദര്‍ശകരേയും സമീപിക്കുന്നുണ്ട്. പക്ഷികളുടെ നഖം കൊണ്ടുള്ള ആഭരണങ്ങള്‍ തൂവലുകള്‍ കൊണ്ടുള്ള കൗതുകവസ്തുക്കള്‍.
മുതല നഖവും പല്ലുമുണ്ടെന്ന് പറഞ്ഞ് ഒരാള്‍ ഞങ്ങള്‍ക്കരികിലേക്കെത്തി. അത് പരിശോധിച്ച് വിലയുറപ്പിച്ച് വാങ്ങാനാരംഭിച്ച ജോയേട്ടനെ പിന്‍തിരിപ്പിച്ചു അജിന്‍. മുതലയുടെ നഖവും ദന്തവും മാത്രമല്ല കണ്ടാമൃഗത്തിന്റെ കൊമ്പുവരെ കൊണ്ടുവന്നുതരും അവര്‍ പക്ഷെ ശുദ്ധവ്യാജമാണെന്ന് മാത്രം. ചൈനയില്‍ നിന്ന് ആഫ്രിക്കയിലേക്ക് ആഫ്രിക്കന്‍ കരകൗശലവസ്തുക്കളുടെ പകര്‍പ്പെത്തിക്കുന്നവര്‍ തന്നെ മൃഗങ്ങളുടെ നഖ-ദന്തങ്ങളുടെ തിരിച്ചറിയാന്‍ പോലുമാകാത്ത പകര്‍പ്പുകളുമെത്തിക്കുന്നുണ്ടത്രെ. അബ്ദുവും അയാളോടെന്തോ പറഞ്ഞു. ചിരിച്ചുകൊണ്ട് അയാള്‍ ഞങ്ങളെ വിട്ടു പോയി. ചൈനാ പകര്‍പ്പുകള്‍ ആഫ്രിക്കന്‍ കരകൗശലവിപണിക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മരത്തിലും കായകളുടെ പുറന്തോടിലും ഇലകളിലും കല്ലില്ലും എല്ലുകളിലുമൊക്കെ അതുല്യമായ കലാനിര്‍മ്മിതികള്‍ സൃഷ്ടിച്ചിരുന്ന ഒരു വലിയ വിഭാഗം ഗ്രാമീണ കൈവേലക്കാര്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ തന്നെ തിരിച്ചറിയാന്‍ കഴിയാത്ത യന്ത്രനിര്‍മ്മിത പകര്‍പ്പുകളോട് മത്സരിക്കാന്‍ കഴിയാതെ അവരുടെ പരമ്പരാഗത തൊഴിലുകളില്‍ നിന്ന് പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു.

ബോട്ടില്‍ കയറിയ വഴിക്ക് ഞങ്ങളെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചു ഡൈവറുടെ സഹായിയായ ബാലന്‍. പച്ചപുതച്ച് നില്‍ക്കുകയാണ് അവാസതടാകതീരങ്ങള്‍. തടാകത്തിന്റെ വടക്ക് ഭാഗത്തേക്കായാണ് യാത്ര. ഹെയ്‌ലിയുടേതുള്‍പ്പടെയുള്ള പ്രസ്തമായ നക്ഷത്ര റിസോര്‍ട്ടുകള്‍ കിഴക്കുഭാഗത്തെ തടാകതീരത്തെ പച്ചപ്പിന് പുറകില്‍ ഒളിച്ചിരിക്കുന്നുണ്ട്. പടിഞ്ഞാറ് ഭാഗത്തേക്ക് നോട്ടമെത്തുന്നില്ല. ഗ്രാമീണരുടെ ചെറുവള്ളങ്ങള്‍ മത്സ്യബന്ധനത്തിനായി തടാകത്തിലുണ്ട്. ചില വന്‍ ബോട്ടുകള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന തിരകളില്‍ പെട്ട് ബോട്ട് ഉലയുന്നുണ്ട്. നിരവധിയായ ദേശാടനപക്ഷികളുടെ ഒരു കേന്ദ്രം കൂടിയാണ് ഈ ശുദ്ധജലതടാകവും പരിസരങ്ങളും. പുതിയ കാഴ്ച്ചയുടെ കൗതുകങ്ങളിലാണ് എല്ലാവരും ഒപ്പം ഹിപ്പോക്ക് വേണ്ടിയുള്ള കാത്തിരിപ്പിലും.
ലോകത്ത് ഹിപ്പോകളെ കണ്ടു വരുന്നത് ആഫ്രിക്കന്‍ വന്‍കരയില്‍ സഹാറ മരുമേഖലക്ക് തെക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമാണ്. പ്രധാനമായും റിഫ്റ്റ് വാലി തടാകങ്ങളാണ് അവയുടെ സ്വാഭാവിക വാസസ്ഥലങ്ങള്‍. വംശാനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവി വര്‍ഗ്ഗം കൂടിയാണ് ഹിപ്പോപ്പൊട്ടാമസ് എന്ന നീര്‍ക്കുതിരകള്‍. സസ്യബുക്കാണെങ്കിലും മുതലകളേക്കാളും അപകടകാരികളാണ് ഈ ഭീമന്‍മാര്‍ വന്‍കരയില്‍ മുതലകളുടെ ആക്രമണത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ ഹിപ്പോയുടെ കടിയേറ്റ് മരിക്കുന്നുണ്ടെന്നാണ് കണക്ക്. അതിനാല്‍ തന്നെ സംരക്ഷിത ജന്തുവിഭാഗമാണെങ്കിലും സൗകര്യപ്രദമായി കിട്ടിയാല്‍ ആഫ്രിക്കന്‍ വേട്ടക്കാര്‍ ഹിപ്പോകളെ കൊന്നിരിക്കും. രുചികരവും പോഷകസമൃദ്ധവുമായ മാംസം ഭക്ഷണത്തിന് വേണ്ടിയും തൊലിയും പല്ലും നഖങ്ങളും വില്‍പ്പനക്കായും ഉപയോഗിക്കും. വേട്ടയും സ്വാഭാവികവാസസ്ഥലങ്ങള്‍ ചുരുങ്ങിവരുന്നതും തടാകങ്ങള്‍ മലിനമാക്കപ്പെടുന്നതുമെല്ലാം ഇവയുടെ വംശനാശത്തിന് കാരണമാകുന്നുണ്ട്. പകല്‍ മുഴുവന്‍ വെള്ളത്തില്‍ കഴിയുന്ന ഇവര്‍ രാത്രിയില്‍ പുല്ലും മറ്റ് സസ്യഭക്ഷണവും തേടി കിലോമീറ്ററുകളോളം കരയില്‍ സഞ്ചരിക്കും.

ഒരു മണിക്കൂറില്‍ പരം നീണ്ട യാത്രക്കൊടുവില്‍ ബോട്ടിന്റെ വേഗം കുറഞ്ഞു. ബോട്ട് തീരത്തോട് അടുത്താണ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. തടാകപരപ്പിന് മുകളിലേക്ക് വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍. അബ്ദുവാണ് ആദ്യം ആ കാഴ്ച്ച കണ്ടത്. തടാകപ്പരില്‍ തല മാത്രം പുറത്ത് കാണിച്ച് നീന്തുന്ന രണ്ട് ഹിപ്പോകള്‍. രണ്ടെണ്ണമല്ല അതെന്ന് പിന്നീട് മനസ്സിലായി അതൊരു ഹിപ്പോ കുടുംബമാണ്. 6-7 പേരുണ്ട്. ചിലര്‍ അലസരായി വെയില്‍ കാഞ്ഞു കിടക്കുന്നു. കുഞ്ഞന്‍മാര്‍ ചില്ലറ വികൃതികളുമായി കൂത്തുമറിയുന്നു. അവര്‍ക്കടുത്തേക്ക് ബോട്ട് അടുപ്പിക്കാനാഞ്ഞ ഡ്രൈവറെ ഡോക്ടര്‍ തടഞ്ഞു. മടിയന്‍മാരാണെങ്കിലും ദേഷ്യം വന്നാല്‍ അപകടകാരികളാണ് ഹിപ്പോകള്‍. ബോട്ട് മറിച്ച് യാത്രക്കാരെ കടിച്ചു മുറിക്കും അവര്‍. നിരന്തരമുള്ള സന്ദര്‍ശകരുടെ വരവ് ഹിപ്പോകള്‍ക്ക് പരിചിതമായതുകൊണ്ട് ആക്രമണത്തിനൊന്നും മുതരാതെ അങ്ങിനെ വെറുതെ കിടക്കുക തന്നെയാണ് അവര്‍ ചെയ്യുക. എങ്കിലും അവരെ പ്രകോപിക്കേണ്ടെന്നും തന്റെ അതിഥികളെ സുരക്ഷിതരായി മടക്കി അയക്കേണ്ടതുണ്ടെന്നും ഡോ. അജിന്‍ അവരോട് പറഞ്ഞു. വെള്ളത്തിലേക്കാള്‍ അപകടകാരികളാണ് ഹിപ്പോകള്‍ കരയില്‍ മണിക്കൂറില്‍ 35 കിലോമീറ്ററോളം വേഗതയില്‍ ഓടാന്‍ ഇവര്‍ക്ക് കഴിയും. കനത്ത ശരീരഭാരവും അലസമായ ഗമനവും മൂലം ഇത്തരമൊരു ആക്രമണം ഹിപ്പോകളില്‍ നിന്നും ആരും പ്രതീക്ഷിക്കില്ല.
ബോട്ടിങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും പോക്ക് വെയില്‍ പരന്നുതുടങ്ങിയിരുന്നു. തീരം നിറയെ മാറാബൂ കൊക്കുകളാണ് ( Marabou stork). അവക്ക് തീറ്റ കൊടുക്കാനുള്ള ധാന്യങ്ങളുമായി ചിലര്‍ നില്‍ക്കുന്നുണ്ട്. പണം കൊടുത്താല്‍ അവര്‍ മാറാബൂ കൊക്കുകള്‍ക്കുള്ള ഭക്ഷണം വാരിയെറിയും അത് കഴിക്കാന്‍ ചാടിവീഴുന്ന കൊക്കുകളെ പശ്ചാത്തലമാക്കി സഞ്ചാരികള്‍ക്ക് ചിത്രങ്ങളെടുക്കാം. സഹാറന്‍ പ്രദേശങ്ങള്‍ക്ക് പുറത്ത് തെക്കന്‍ ആഫ്രിക്കയില്‍ മാത്രം കണ്ടു വരുന്ന ഒരു കൊറ്റിവര്‍ഗ്ഗമാണിത്. കഴുകനെ പോലെ ചീഞ്ഞളിഞ്ഞ മാംസമാണ് പ്രിയഭക്ഷണം. 9 കിലോവരെ തൂക്കം വരും വളര്‍ച്ചയെത്തിയ മാറാബൂ കൊറ്റുകള്‍ക്ക്. അവിടെ കുറച്ച് സമയം ചിലവഴിച്ചു പിന്നീട് റൂമിലേക്ക് പോകാതെ നേരെ വന്നത് ഈ തടാകഭാഗത്തേക്കാണ്. ഇവിടെയിരുന്ന് അസ്തമയം കാണാന്‍. ഈ മത്സ്യരുചികളറായാന്‍.
എത്യോപ്യയിലെ പ്രധാനനഗരങ്ങളിലൊന്നാണ് അവാസ. വിമാനത്താവളവും നിരവധിയായ വിദ്യഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശകര്‍ക്കുള്ള ഹോട്ടലുകളും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും ഒക്കെ അടങ്ങുന്ന നഗരമാണത്. അബ്ദുപഠിച്ച കോളേജ് ഇവിടെയാണ്. ഈജിപ്തിലെ കെയ്‌റോമുതല്‍ ദക്ഷിണാഫ്രിക്കയിലെ കെയ്പടൗണ്‍ വരെ നീണ്ടു കിടക്കുന്ന ട്രാന്‍സ് ആഫ്രിക്കന്‍ ഹൈവേ കടന്നുപോകുന്നത് ഈ നഗരത്തിലൂടെയാണ്. സൗത്ത് സുഡാനുമായും കെനിയയുമായും അതിര്‍ത്തി പങ്കിടുന്ന എത്യോപ്യയിലെ തെക്കന്‍ സംസ്ഥാനത്തിന്റെ (SNNPR)ആസ്ഥാനം കൂടിയാണ് ഈ നഗരം. 2017ല്‍ 300 ഹെക്ടര്‍ സ്ഥലത്ത് സ്ഥാപിതമായ അവാസ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് അവാസയുടെ മുഖച്ഛായ വലിയ രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമായും തുണിത്തരങ്ങളും വസ്ത്ര ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്ന അവിടെ നിലവില്‍ അമേരിക്ക, ചൈന, ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള പതിനഞ്ച് പ്രമുഖ ആഗോള തുണി - വസ്ത്ര നിര്‍മ്മാതക്കളും ആറ് പ്രാദേശിക കമ്പനികളും പ്രവര്‍ത്തിക്കുന്നു. പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ 60,000ത്തോളം തൊഴിലവസരങ്ങളും പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളറിന്റെ വിറ്റുവരവുമാണ് പ്രതീക്ഷിക്കുന്നത്.
നിരന്തരമായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഒരു ഭൂമികകൂടിയാണ് അവാസ. സ്വന്തമായി ഒരു പുതിയ സംസ്ഥാനം എന്ന സിഡാമ ഗോത്രക്കാരുടെ ആവശ്യമാണ് സര്‍ക്കാരും അവരും തമ്മിലുള്ള രക്തരൂക്ഷിതമായ സമരങ്ങള്‍ക്ക് കാരണമാകുന്നത്. സിഡാമ ലിബറേഷന്‍ മൂവ്‌മെന്റ് എന്ന രാഷ്ട്രീയ കക്ഷിയാണ് പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. എത്യോപ്യയിലെ അഞ്ചാമത്തെ വലിയ വംശീയ വിഭാഗമാണ് ജനസംഖ്യയുടെ 4% വരുന്ന സിഡാമ ഗോത്രക്കാര്‍. ഒറോമോ(34%), അംഹാര(27%) സോമാലി (6.2%) ടിഗ്രേയന്‍ (6%) എന്നിവയാണ് സിഡാമ ഗോത്രത്തേക്കാളും ജനസംഖ്യയുള്ള മറ്റ് നാല് ഗോത്രങ്ങള്‍ ആ നാല് ഗോത്രഭൂരിപക്ഷ മേഖലകള്‍ക്കും പ്രത്യേക സംസ്ഥാനങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് സിഡാമക്കാരുടെ ആവശ്യം. എന്നാല്‍ ഇനിയൊരു സംസ്ഥാനം സിഡാമകള്‍ക്ക് പ്രത്യേകമായി അനുവദിച്ചാല്‍ അതിലും കുറവ് ജനസംഖ്യയുള്ള മറ്റ് ഗോത്രങ്ങളും ഈ ആവശ്യവുമായി രംഗത്തെത്തുമെന്ന ഭയം സര്‍ക്കാരിനുണ്ട്. പ്രധാനമായും കൃഷിക്കാരാണ് സിഡാമ ഗോത്രക്കാര്‍. പ്രധാനവിള കാപ്പിയും. ഓരോ സംസ്ഥാനത്തിനും പ്രദേശികമായി അവിടത്തെ ഔദ്യോഗികഭാഷ തിരഞ്ഞെടുക്കാം അതാത് സംസ്ഥാനങ്ങള്‍ക്ക് അവരുടെ സാമൂഹ്യ-സാംസ്‌ക്കാരിക-സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസൃതമായ നിയമങ്ങള്‍ നിര്‍മ്മിക്കാനുമാകും ഇതാണ് പുതിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള വാദങ്ങള്‍ ഉയര്‍ന്നു വരുന്നതിനുള്ള കാരണം.
താമസിക്കാതെ മീനെത്തി. ടിലോപിയയാണ്. രണ്ടു തരത്തില്‍ മസാലപുരട്ടിയ മീനുകളുണ്ട്. കൂടെ മുറിച്ച ചെറുനാരങ്ങയും മുളക് ചട്‌നിയും. അറ്റാക്ക് അന്‍വര്‍ പറഞ്ഞു തീര്‍ന്നതും. ആക്രമണം തുടങ്ങി. കടുത്ത പോരാളികള്‍ പോരാട്ടവീര്യം കുറഞ്ഞവരുടെ ടെറിട്ടറികളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. തടാകത്തില്‍ നിറങ്ങളുടെ കൊട്ടിക്കലാശം കഴിഞ്ഞ് ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു. ഈച്ചയും കൊതുകുകളുമുണ്ട്. സംഗീതം അപ്പോഴും ഉച്ചസ്ഥായിയിലാണ്. തീന്‍ മേശകളിലേക്കും തിരിച്ചുമുള്ള ഓട്ടങ്ങളിലാണ് പരിചാരകര്‍. പതിനായിരക്കണക്കിന് ബിറിന്റെ കച്ചവടം നടക്കുന്നുണ്ടാകണം ഇത്തരം ഓരോ ഭക്ഷണശാലയിലും. അത്യാവശ്യം വലിയ മത്സ്യങ്ങളെയാണ് നൊടിയിടയില്‍ അപ്രത്യക്ഷമാക്കിയത്. വിശപ്പടങ്ങിയിരുന്നെങ്ങിലും മീനിന്റെ രുചി അപ്പോഴും നാവില്‍ നിന്നു വിട്ടൊഴിയാതെ നിന്നു. വീണ്ടും ഓര്‍ഡര്‍ പോയി. അപ്പോഴേക്കും തടാകം ഇരുണ്ടാലാണ്ടു കഴിഞ്ഞിരുന്നു. കൊതുകിനെ പേടിച്ച് ഇരിപ്പ് തടാകക്കരയില്‍ നിന്ന് റെസ്റ്റോറന്റിനുള്ളിലേക്ക് മാറ്റി. ഏറെ താമസിക്കാതെ വീണ്ടും മത്സ്യമെത്തി.

വൈദ്യുതി ക്ഷാമം ഇവിടേയും പ്രകടമാണ്. മങ്ങിയ വെളിച്ചം പ്രസരിപ്പിക്കുന്ന റെസ്റ്റോറന്റുകളില്‍ നിന്ന് പതുക്കെ ജനം ഒഴിഞ്ഞു തുടങ്ങിയിരുന്നു. ഇരുട്ടും വെളിച്ചവും ഇടകലര്‍ന്ന നടപ്പാതകളിലൂടെ ഞങ്ങളും വാഹനത്തിനടുത്തേക്ക് മടങ്ങി. ഹോട്ടലിലെ സാമാന്യം വലിപ്പമുള്ള രണ്ടു മുറകളികളിലായാണ് ഇന്നത്തെ താമസം. ഹവാസ ഒയാസിസ് ഹോട്ടലിലെ മുറികളില്‍ മിക്കതിലും ആളുകളുണ്ടെന്ന് തോന്നി. ഹോട്ടല്‍ ലോബിക്കപ്പുറമായുള്ള റെസ്റ്റോറന്റിലും മോശമല്ലാത്ത തിരക്കുണ്ട്. എത്യോപ്യന്‍ നൈറ്റ് ലൈഫ് അടുത്തറിയുകയാണ് ഇന്നത്തെ ശേഷിക്കുന്ന യാത്രാ പരിപാടി. നിരവധിയായ നൈറ്റ് ക്ലബുകളും ബാറുകളുമുള്ള നഗരം കൂടിയാണ് ഹവാസ. ചുടുവെള്ളത്തിലുള്ള കുളി കഴിഞ്ഞതോടെ ഉറക്കം കണ്ണുകളിലേക്കിരച്ചെത്തി. റൂമില്‍ നെറ്റ് കിട്ടുന്നില്ല. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ അത് ശരിയായി കിട്ടി. നാട്ടിലേക്കുള്ള ഫോണ്‍വിളികളും മറ്റു സന്ദേശങ്ങള്‍ക്കുള്ള മറുപടി അയക്കലുകളും കഴിഞ്ഞതോടെ സമയം വൈകി. കോളേജ് പഠന കാലത്തെ കൂട്ടുകാരെ കാണാന്‍ പോയ അബ്ദു. തിരിച്ചെത്താനും കുറച്ച് വൈകി. ഒടുവില്‍ നെറ്റ് ക്ലബ് സന്ദര്‍ശനം വേണ്ടെന്ന് വെച്ചു. ഹോട്ടലിനു സമീപത്തെ തെരുവോരങ്ങളിലേക്ക് നടക്കാനിറങ്ങി. ഇരുണ്ട ആ വഴികളിലൂടെയുള്ള യാത്ര അപകടകരമാകുമെന്ന് മനസ്സിലാക്കി മുറിയിലേക്ക് മടങ്ങി.
എത്യോപ്യന്‍ രാത്രി ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ കാണാനാകുക ആഡിസിലാണ്. അതും ശനിയാഴ്ച്ചകളില്‍. ഒരാഴ്ച്ചത്തെ അധ്വാനത്തിന് ശേഷം നഗരത്തിലെ യുവത്വം അഘോഷിക്കാനായി അവിടെ ഒത്തുചേരും. അവിടത്തെ ഭോജന നൃത്ത ശാലകളില്‍ നിന്ന് ഉയരുന്ന നൃത്തവും സംഗീതവും പതയുന്ന മദ്യവും പിറ്റേന്ന് പുലരും വരെ ആ നഗരത്തെ സജീവമാക്കും. വിദേശികളായ സഞ്ചാരികളും സ്വദേശികളായ യുവതി-യുവാക്കളും കലാകാരന്‍മാരുമൊക്കെ ചേര്‍ന്ന് ആഡിസിന്റെ ആ ആഘോഷരാവുകളെ കൊഴുപ്പിക്കും. ഡോ. അജിന്‍ പറഞ്ഞു. പക്ഷെ ആ എത്യോപ്യന്‍ രാത്രി ജീവിതം കാണാന്‍ ഇനിയൊരു രാത്രി എത്യോപ്യയിലില്ല.

(തുടരും)

7 comments:

  1. മുതലയും ,നീർകുതിരയും എത്യോപ്യൻ രാത്രികളുമൊക്കെയായി അനേകം കാണാക്കാഴ്ച്ചകൾ സമ്മാനിച്ചതിന് നന്ദി 

    ReplyDelete
    Replies
    1. നന്ദി മുരളിയേട്ടാ...

      Delete
  2. Wonderful narration Promodetta...

    ReplyDelete