Monday, May 25, 2020

എത്യോപ്യയോട് യാത്ര പറയുന്നു.

എത്യോപ്യന്‍ ഓര്‍മ്മകള്‍ അവസാനഭാഗം (18)
--------------------
ആഡിസിലെ ഗതാഗതക്കുരുക്കുകളില്‍ നിന്ന് കുതറി മാറി 12.30ഓടെ ഞങ്ങള്‍ ഡോ. അജിന്റെ ഫ്‌ളാറ്റിലെത്തി. പെട്ടെന്ന് തന്നെ ലഗേജുകളെടുത്ത് യാത്ര പറഞ്ഞിറങ്ങി. അജിന്‍ ഞങ്ങള്‍ക്കൊപ്പം എയര്‍പോര്‍ട്ടിലേക്ക് വന്നില്ല. നിരവധി ജോലികള്‍ അദ്ദേഹത്തെ കാത്തുകിടപ്പുണ്ടായിരുന്നു.
നഗരത്തിരക്കുകളില്‍ നിന്നുംമാറി ബോലെയില്‍ സമ്പന്നരായവര്‍ താമസിക്കുന്ന ഒരിടത്താണ് അജിന്റെ ഫ്‌ളാറ്റ്. രണ്ട് കിലോമീറ്ററോളം ദൂരമേയുള്ളൂ ഇവിടെ നിന്ന് എയര്‍പോര്‍ട്ടിലേക്ക്. പക്ഷെ ഏകദേശം മുക്കാല്‍ മണിക്കൂറോളം സമയമെടുത്തു ആ യാത്രക്ക്. തെരുവോരങ്ങളിലെ കച്ചവടം, യാതൊരു ട്രാഫിക്ക് മര്യാദകള്‍ക്കും വഴിപ്പെടാത്ത ഡ്രൈവര്‍മാര്‍, വാഹനങ്ങളെ ഒട്ടും കൂസാതെ നടന്നുനീങ്ങുന്ന കാല്‍നടയാത്രികര്‍, നഗരത്തിരക്കുകളില്‍ സ്വതന്ത്രമായി അലയുന്ന കന്നുകാലികളും നായ്ക്കളും. ആഡിസിന്റെ ചില വഴികളിങ്ങനെയാണ്.

എത്യോപ്യന്‍ ചക്രവര്‍ത്തിയായ മെനെലിക് രണ്ടാമനാണ് 1886 ല്‍ 'നിത്യ വസന്തത്തിന്റെ നഗരം ' എന്ന അഡിസ് അബാബ സ്ഥാപിച്ചത്. വര്‍ഷം മുഴുവനും മിതശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെ. ആഫ്രിക്കയുടെ രാഷ്ട്രീയ തലസ്ഥാനമെന്നറിയപ്പെടുന്ന ഈ നഗരത്തിലാണ് ആഫ്രിക്കന്‍ യൂണിയന്റെയും യു.എന്‍. ന്റെ ആഫ്രിക്കന്‍ സാമ്പത്തിക സമിതിയുടെയും ആസ്ഥാനം. 1896 ല്‍ ഇറ്റലിക്കെതിരായ യുദ്ധവിജയത്തിന്റെ ഓര്‍മ്മക്കായി മെനലിക് ചക്രവര്‍ത്തി സ്ഥാപിച്ച മെര്‍ക്കാറ്റോ മാര്‍ക്കറ്റ് എന്ന ആഫ്രിക്കയിലെ തന്നെ  ഏറ്റവും വലിയ ബസാറാണ് നഗരത്തിലെ ഏറ്റവും പ്രധാനകാഴ്ച്ചകളിലൊന്ന്. നഗര ചിഹ്നം സിംഹമാണ്.

മ്യൂസിയങ്ങളുടെ നഗരം കൂടിയാണ് എത്യോപ്യ. ലൂസി മുത്തശ്ശിയുടെ അസ്ഥികൂടം സൂക്ഷിച്ചിരിക്കുന്ന എത്യോപ്യന്‍ നാഷണല്‍ മ്യൂസിയം, എത്യോപ്യന്‍ എത്‌നോളജിക്കല്‍ മ്യൂസിയം, അഡിസ് അബാബ മ്യൂസിയം, എത്യോപ്യന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, എത്യോപ്യന്‍ റെയില്‍വേ മ്യൂസിയം, നാഷണല്‍ പോസ്റ്റല്‍ മ്യൂസിയം എന്നിവയൊക്കെ ഇവിടെയാണ്.
മെസ്‌കല്‍ സ്‌ക്വയര്‍, മെനെലിക് രാജാവിന്റെ ഇംപീരിയല്‍ കൊട്ടാരം (പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണിതിന്ന്) ബ്രിട്ടണിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ജൂബിലി കൊട്ടാരം. പാര്‍ലമെന്റ് മന്ദിരമായ ഷെന്‍ഗോ ഹാള്‍ എന്നിവയാണ് നഗരത്തിലെ മറ്റ് കാഴ്ച്ചകള്‍.

 പ്രധാനനഗര വീഥികള്‍ക്ക് ഇരുപുറവുമായി കൂറ്റന്‍ കെട്ടിടങ്ങളും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഷോപ്പിങ്ങ് മാളുകളും നക്ഷത്രഹോട്ടലുകളും ഗവര്‍മെന്റ് കെട്ടിടങ്ങളും ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും അതിന് പുറകില്‍ ചേരികളും അഴുക്കുചാലുകളും ചവറുകൂനകളും നിറഞ്ഞ മനുഷ്യര്‍ ഇടതിങ്ങി കഴിയുന്ന മറ്റൊരു ആഡിസ് ഒളിഞ്ഞിരിക്കുന്നുണ്ട്. 3 ദശലക്ഷത്തിലധികമാണ് ഈ മഹാനഗരത്തിലെ ഇപ്പോഴത്തെ ജനസംഖ്യ.

ലൈംഗികതൊഴിലിന്‌ കുപ്രസിദ്ധമായ നഗരം കൂടിയാണ് ആഡിസ്. ക്ഷാമങ്ങളും ആഭ്യന്തരസംഘര്‍ഷങ്ങളും വംശീയകലാപങ്ങളും സൃഷ്ടിച്ച അരക്ഷിതാവസ്ഥയും പട്ടിണിയും ഈ നഗരത്തില്‍ കൊണ്ടു ചെന്നെത്തിച്ച സ്ത്രീകളുടെ എണ്ണം വളരെ വലുതാണ്. അനാഥകുട്ടികളും യാചകരും തെരുവു വേശ്യകളും അടക്കം ആഡിസില്‍ തെരുവില്‍ കഴിയുന്നവരുടെ എണ്ണം അമ്പതിനായിരത്തോളമാണ്. ഇതിന് 90% ത്തോളം രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിച്ചേര്‍ന്നവരാണ്.

പുതുക്കിയ നിയമപ്രകാരം ഭിക്ഷാടനവും വേശ്യാവൃത്തിയും ആഡിസില്‍ നിയമവിരുദ്ധമാക്കിയിട്ടുണ്ടെങ്കിലും അതിന് തടയിടാനോ തിലേര്‍പ്പെട്ടവരെ പുനരധിവസിപ്പിക്കാനോ സര്‍ക്കാരിനായിട്ടില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടേയും പ്രതിദിനവരുമാനം 1 ഡോളറില്‍ താഴെയാണ്. അതു തന്നെയാണ് അവരെ ഭിക്ഷാടനത്തിലേക്കും വേശ്യാവൃത്തിയിലേക്കും മറ്റ് കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നതും.  പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഇവിടെ കുറ്റകരമല്ല. സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി ലൈംഗികത ഉപയോഗിക്കുന്നതിനെയാണ് 2005ലെ നിയമം തടയുന്നത്. ബാലലൈംഗിക ചൂഷണത്തിന്റെ ലോകത്തിലെ തന്നെ കുപ്രസിദ്ധ കേന്ദ്രങ്ങളിലൊന്ന് കൂടിയാണ് ആഡിസ് ഇന്ന്.

തെരുവുജീവിതങ്ങളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും വിദേശ ഏജന്‍സികളും ചേര്‍ന്ന് നടത്തുന്നുണ്ടെങ്കിലും പട്ടിണിയും തൊഴിലില്ലായ്മയും മൂലം രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി ഈ തെരുവില്‍ എത്തിപ്പെടുന്നവരുടെ ഏണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുപ്രസിദ്ധമായ ഒരു മനുഷ്യക്കടത്ത് കേന്ദ്രം കൂടിയാണ് ആഡിസ്. മിഡില്‍ ഈസ്റ്റിലേക്കും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും നിര്‍ബന്ധിതജോലിക്കും ലൈംഗികതൊഴിലിനും മറ്റുമായി മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടിഗ്രാമങ്ങളില്‍ നിന്നെത്തുന്നവരെ കടത്തിക്കൊണ്ടുപോകുന്നുണ്ട് ഇവിടെ നിന്നും.

എത്യോപ്യയിലെ ചുരുങ്ങിയ ദിവസങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്ന സംതൃപ്തിയോടെയാണ് മടക്കയാത്ര. അതിന് നന്ദി പറയേണ്ടത് ഡോ.അജിനും അദ്ദേഹത്തിന്റെ സന്തതസഹചാരിയായ അബ്ദുവിനോടുമാണ്. നഗരക്കുരുക്കുകളില്‍ നിന്നും വിടുതല്‍ നേടി ഒടുവില്‍ ബോലെ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിന്റെ കൗണ്ടറില്‍ അവസാന ആളുകളായി ഞങ്ങളെത്തി. ബോര്‍ഡിങ്ങ് പാസ് വാങ്ങി. മുകളിലെത്തിയപ്പോഴേക്കും വിമാനത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. എത്യോപ്യയില്‍ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സിന്റെ 360 സീറ്റുള്ള വിമാനത്തില്‍ ഫസ്റ്റ് ക്ലാസിലും ബിസിനസ്സ് ക്ലാസിലുമൊഴിച്ച് മുഴുവന്‍ സീറ്റിലും ആളുണ്ട്. വൈകീട്ട് കൃത്യം 4 ന് വിമാനം ഉയര്‍ന്നു പൊങ്ങി. താഴെ ആഡിസ് നഗരം പരന്നു കിടക്കുന്നു. വിമാനമിറങ്ങുമ്പോള്‍ കണ്ട വെട്ടിത്തിളങ്ങുന്ന ടിന്‍ഷീറ്റ് മേല്‍പ്പുരകള്‍ക്ക്‌ മുന്‍പ് കണ്ട പ്രഭയില്ല
സമയം വൈകിത്തുടങ്ങിയതുകൊണ്ടാകാം. ഈയൊരു ദൃശ്യം ഒരു പക്ഷെ അടുത്ത വരവിലുണ്ടായിക്കൊള്ളണമെന്നില്ല. ഈ നഗരം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കരുത്തുറ്റ ഒരു രാഷ്ട്രീയ നേതൃത്വമുണ്ട് എത്യോപ്യക്കിന്ന്. സ്വപ്നങ്ങളെ നെഞ്ചേറ്റിയ ഒരു തലമുറയും.

മനുഷ്യന്‍ പിറന്ന മാനവകുലത്തിന്റെ വികാസപരിണാമത്തിലെ പല ഏടുകള്‍ക്കും സാക്ഷിയായ ഈ മണ്ണിനെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് ഇപ്പോള്‍. എത്യോപ്യന്‍ മണ്ണില്‍ നിരവധിയായ കാഴ്ച്ചകള്‍ ഇപ്പോഴും ബാക്കികിടക്കുകയാണ്. ലാലിബെല്ല തന്നെയാണ് അതില്‍ പ്രധാനം. ഗോണ്ടേര്‍ കോട്ട, ബ്ലൂനൈലിന്റെ ഉത്ഭവ കേന്ദ്രം, ഉപ്പു തടാകം, അഗ്നിപര്‍വ്വത മുഖം. പുരാതനമായ മൊണാസ്ട്രികള്‍ അങ്ങിനെ ഒട്ടനവധി കാഴ്ച്ചകള്‍. ആഡിസ് അബാബ നഗരത്തിലെ നിരവധിയായ കാഴ്ച്ചകളും ബാക്കിയുണ്ട്. പക്ഷെ കണ്ടു തീര്‍ത്തതെല്ലാം തികച്ചും ഒന്നിനൊന്ന് വ്യത്യസ്തമായ കാഴ്ച്ചകളും അനുഭവങ്ങളായിരുന്നു. അടുത്തറിയുമ്പോഴാണ് നമ്മുടെ മുന്‍ധാരണകള്‍ പലതും തെറ്റായിരുന്നെന്ന് തിരിച്ചറിയികുക. മനസ്സുപൊള്ളിക്കുന്ന മുഖങ്ങളും കാഴ്ച്ചകളും ബാക്കിയുണ്ടെങ്കിലും ശേഷിക്കുന്നത് പ്രത്യാശ തന്നെയാണ്. ഗോത്രസംഘര്‍ഷങ്ങളെയും അഴിമതിയെയും രാഷ്ട്രീയ അസ്ഥിരതയെയും പുത്തന്‍ കോളനിവല്‍ക്കരണത്തേയും മറികടക്കാന്‍ തീര്‍ച്ചയായും എത്യോപ്യക്കാകും. പുതിയ യുഗത്തില്‍ ആഫ്രിക്കന്‍ വന്‍കരക്ക് വെളിച്ചം വീശുന്നത് എത്യോപ്യയായിരിക്കും.

വിമാനത്തിലെ യാത്രക്കാരില്‍ അധികവും എത്യോപ്യന്‍ സ്വദേശികള്‍ തന്നെയാണ്. മലയാളികളെപ്പോലെ എത്യോപ്യക്കാരില്‍ വലിയൊരു വിഭാഗവും പ്രവാസികളാണ്. രണ്ടാം ലോകമഹായുദ്ധകാലത്തും പിന്നീട് പലപ്പോഴായുണ്ടായ ക്ഷാമങ്ങളുടെ കാലത്തും റെഡ് ടെറര്‍ കാലത്തും ഏറിത്രിയയുമായുണ്ടായ യുദ്ധകാലത്തും വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്നുമൊക്കെ നാടുവിട്ടവര്‍. അവരില്‍ പലരും ഇന്ന് എത്യോപ്യയിലേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുന്നു. അവരുടെ മുന്‍കൈയ്യില്‍ പല വാണിജ്യ-വ്യവസായ പദ്ധതികളും നടപ്പിലായിക്കൊണ്ടിരിക്കുന്നു. ആഡിസിന്റെ മുഖച്ഛായ മാറ്റുന്നതും അവരാണ്.

എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന്റെ നേതൃത്വത്തില്‍ എറിത്രിയയുമായി ദീര്‍ഘകാലം തുടര്‍ന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തിയത് രാജ്യത്തിന്റെ കുതിപ്പിന് വലിയ രീതിയില്‍ സഹായകരമാകും. വലിയ ടൂറിസം സാധ്യതകളുള്ള നാടാണ് എത്യോപ്യ സമാധാനം പുലരുന്നത് ആ രംഗത്തേയും വലിയ രീതിയില്‍ സഹായിക്കും. ബ്ലൂനൈലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഡാം എത്യോപ്യയുടെ മുഖച്ഛായ മാറ്റും

വിമാനം വളരെ ഉയരത്തിലെത്തി കഴിഞ്ഞിരുന്നു. താഴത്തെ കാഴ്ച്ചകള്‍ മറച്ചുകൊണ്ട് മേഘപടലങ്ങള്‍ക്കിടയിലൂടെയാണ് ഇപ്പോഴത്തെ യാത്ര. യു.എ.ഇ സമയം 8.30 നാണ് വിമാനം ദുബായിലെത്തുക. നല്ലൊരുറക്കത്തിനുള്ള സമയമുണ്ട്. ആകാശ കാഴ്ച്ചകളില്‍ നിന്ന് മുഖം തിരിച്ച് പതിയെ കണ്ണുകളടച്ചു.

(അവസാനിച്ചു)

2 comments:

  1. ആദിമ മനുഷ്യന്റെ സംസ്കാരം പിറന്ന വലിയ ടൂറിസം സാധ്യതകളുള്ള   നാടാണ് എത്യോപ ...



         ഈ ബൃഹത്തായ   എത്യോപ്യൻ സഞ്ചാരത്തിലൂടെ മലയാളത്തിൽ നല്ലൊരു യാത്രാവിവരണം കൂടി രാമു ഭായിയിലൂടെ ഇപ്പോൾ കിട്ടിയിരിക്കുന്നു ... അഭിനന്ദനങ്ങൾ ...

    ReplyDelete
  2. മുടങ്ങാതെ വായിക്കുന്നതിന് നന്ദി മുരളിയേട്ടാ...

    ReplyDelete