എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (17)
----------------------
എത്യോപ്യന്‍ മണ്ണില്‍ ഇത് അഞ്ചാം ദിവസമാണ്. എത്രയോ വൈവിധ്യമായ ഭൂഭാഗങ്ങളിലൂടെ തികച്ചും വ്യത്യസ്തമായ ജീവിതങ്ങളിലൂടെ വിഭിന്നമായ കാഴ്ച്ചകളിലൂടെ കടന്നുപോയ ഒരു യാത്രയാണ് അവസാനഘട്ടത്തിലേക്കെത്തുന്നത്. അബിജാട്ടാ-ഷാലാ നാഷണല്‍ പാര്‍ക്കില്‍ നിന്ന് അതി ദുര്‍ഘടമായ വഴിതാണ്ടി പുറത്തെത്തിയപ്പോള്‍ പകുതി ആശ്വാസമായി എല്ലാവര്‍ക്കും. ഗാര്‍ഡിനെ ഓഫീസിലിറക്കി യാത്രപറഞ്ഞിറങ്ങി. വണ്ടി ഹൈവേയിലേക്കെത്തിയതോടെ
ചെറു മയക്കത്തിനുള്ള തയ്യാറെടുപ്പിലായി ഞങ്ങള്‍. വെളിച്ചം പരക്കും മുന്‍പെ അവാസയില്‍ നിന്നും പുറപ്പെട്ടതാണ്. അബിജാട്ടാ-ഷാലാ ദേശീയോദ്യാനത്തിലെ മനോഹരമായൊരു പുലരിയും കാഴ്ച്ചകളും കണ്ട് കുന്നും മേടും കയറിയിറങ്ങി തളര്‍ന്നിരുന്നു എല്ലാവരും. നല്ല വിശപ്പുമുണ്ട്. A7 റോഡിലൂടെ ആഡിസ് അബാബ ലക്ഷ്യമാക്കി കുതിക്കുകയാണ് ഡോക്ടറുടെ ലാന്‍ഡ്ക്രൂയിസര്‍. അര്‍ബാമിഞ്ചില്‍ നിന്ന് അബിജട്ടഷല്ല ദേശീയ ഉദ്യാനത്തിന് മുന്നിലൂടെ മോജോവിലെത്തുന്ന പ്രധാനപാതയാണ് A7 റോഡ്. മോജോവില്‍ വെച്ച് അത് ആഡിസ് അബാബ - എത്യോപ്യ റോഡായ A1 ല്‍ ചേരും. എത്യോപ്യന്‍ റോഡ് വ്യവസ്ഥ പ്രകാരം ട്രങ്ക് റോഡുകളെയാണ് A എന്ന പദം സൂചിപ്പിക്കുന്നത്. B ലിങ്ക് റോഡുകളും C ആക്‌സസ് റോഡുകളും D കളക്ടര്‍ റോഡുകളും E ഫീഡര്‍ റോഡുകളുമാണ്.
ചെറു മയക്കത്തിനുള്ള തയ്യാറെടുപ്പിലായി ഞങ്ങള്‍. വെളിച്ചം പരക്കും മുന്‍പെ അവാസയില്‍ നിന്നും പുറപ്പെട്ടതാണ്. അബിജാട്ടാ-ഷാലാ ദേശീയോദ്യാനത്തിലെ മനോഹരമായൊരു പുലരിയും കാഴ്ച്ചകളും കണ്ട് കുന്നും മേടും കയറിയിറങ്ങി തളര്‍ന്നിരുന്നു എല്ലാവരും. നല്ല വിശപ്പുമുണ്ട്. A7 റോഡിലൂടെ ആഡിസ് അബാബ ലക്ഷ്യമാക്കി കുതിക്കുകയാണ് ഡോക്ടറുടെ ലാന്‍ഡ്ക്രൂയിസര്‍. അര്‍ബാമിഞ്ചില്‍ നിന്ന് അബിജട്ടഷല്ല ദേശീയ ഉദ്യാനത്തിന് മുന്നിലൂടെ മോജോവിലെത്തുന്ന പ്രധാനപാതയാണ് A7 റോഡ്. മോജോവില്‍ വെച്ച് അത് ആഡിസ് അബാബ - എത്യോപ്യ റോഡായ A1 ല്‍ ചേരും. എത്യോപ്യന്‍ റോഡ് വ്യവസ്ഥ പ്രകാരം ട്രങ്ക് റോഡുകളെയാണ് A എന്ന പദം സൂചിപ്പിക്കുന്നത്. B ലിങ്ക് റോഡുകളും C ആക്‌സസ് റോഡുകളും D കളക്ടര്‍ റോഡുകളും E ഫീഡര്‍ റോഡുകളുമാണ്.
സമയത്തിന് ഞങ്ങളെ എയര്‍പോര്‍ട്ടിലെത്തിക്കാനാകില്ലേയെന്ന ടെന്‍ഷന്‍ അപ്പോഴും ഡോക്ടറില്‍ നിന്ന് വിട്ടുപിരിഞ്ഞിട്ടില്ല. ഇനിയും മണിക്കൂറുകളേറെ ബാക്കിയുണ്ടല്ലോ എന്ന ജോയേട്ടന്റെ ചോദ്യത്തിന് വാരാന്ത്യത്തിലെ ആഡിസ് അബാബയുടെ തെരുവുകളെപറ്റി നിങ്ങള്‍ക്കൊന്നുമറിയില്ലെന്ന് തെല്ലൊരു ഈര്‍ഷ്യയോടെ മറുപടി കൊടുക്കുന്നു ഡോ. അജിന്‍. മോജോവിലെത്തിയാല്‍ ആഡിസ് അബാബയിലേക്ക് എക്‌സ്പ്രസ്സ് വേയുണ്ട് മോശമല്ലാത്ത ടോളാണ് എങ്കിലും ആ വഴി തന്നെ പോകാം ഡോക്ടര്‍ പറഞ്ഞു. ചൈനീസ് സഹായത്തോടെ 2014ലാണ് ഈ എക്‌സപ്രസ് ഹൈവേ പ്രവര്‍ത്തനക്ഷമമായത്. എത്യോപ്യ ഉള്‍പ്പടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അതി വിപുലമായ അടിസ്ഥാനസൗകര്യവികസനങ്ങളാണ് ചൈനീസ് സഹായത്തോടെ നടന്നുകൊണ്ടിരിക്കുന്നത്. കൃത്യവും ദീര്‍ഘവുമായ രാഷ്ട്രീയ-വാണിജ്യതാല്‍പര്യങ്ങളുമുണ്ട് ഈ ചൈനീസ് സഹായത്തിന് പുറകില്‍. സാമ്പത്തിക ആശ്രിതത്വത്തിന്റെ ഈ ചൈനീസ് നീരാളിപ്പിടുത്തും ആഫ്രിക്കന്‍ വന്‍കരയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ഇന്ന്. മിക്ക ഏഷ്യന്‍ രാജ്യങ്ങളും ചൈനീസ് ഡ്രാഗണ്‍ അതിന്റെ സാന്നിദ്ധ്യമുറപ്പിച്ചിട്ടുണ്ട്. എഷ്യന്‍, ലാറ്റിനമേരിക്കന്‍ തുടങ്ങി ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ വരെ ചൈനയുടെ ഈ നിശബ്ദ സാമ്പത്തിക അധിനിവേശം നടന്നുകൊണ്ടിരിക്കുന്നുണ്ട്.
വഴിയില്‍ സിവേ എന്ന ചെറിയൊരു നഗരത്തില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. എത്യോപ്യന്‍ റിഫ്റ്റ് വാലിയിലെ പ്രധാനശുദ്ധജലതടാകങ്ങളിലൊന്നായ (440 ചതുരശ്ര കിലോമീറ്റര്‍) സിവേ തടാകത്തോട് ചേര്‍ന്ന് രൂപം കൊണ്ട നഗരമാണിത്. കൃഷിയും മത്സ്യബന്ധനവും അലങ്കാര പൂകൃഷിയുമൊക്കെയായി താരതമ്യേന സമ്പന്നമായ ഒരു ഇടത്തരം എത്യോപ്യന്‍ നഗരം. വഴിയാത്രികര്‍ക്കായുള്ള മികച്ച ഭക്ഷണശാലകളും താമസസ്ഥലികളും ഈ നഗരത്തിലെ വഴിയോരത്തെമ്പാടുമുണ്ട്. സായ് എന്ന തനതായ ഒരു വംശീയ വിഭാഗം അതിവസിക്കുന്നത് ഈ തടാക കരയിലാണ്. മുസ്ലീം സോമാലി രാജവംശമായ അഡാല്‍ സുല്‍ത്താനേറ്റിലെ അഹമ്മദ് ഇബ്‌നു ഇബ്രാഹിം അല്‍-ഗാസി 16-ാം നൂറ്റാണ്ടില്‍ എത്യോപ്യയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പിടിച്ചടക്കിയപ്പോള്‍ ക്രിസ്തുമതവിശ്വാസികളായ സായികള്‍ അവരുടെ വിശ്വാസപ്രമാണങ്ങള്‍ക്കൊപ്പം അഭയം തേടിയത് വിജന്നമായ ഈ തടാക തീരങ്ങളിലാണ്. പിന്നീട് 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ എത്യോപ്യന്‍ ചക്രവര്‍ത്തിയായ മെനലിക് രണ്ടാമന്‍ ഈ പ്രദേശങ്ങള്‍ തിരിച്ചു പിടിച്ചപ്പോഴാണ് അവര്‍ വീണ്ടും പുറംലോകത്തേക്കെത്തുന്നത്. അവരില്‍ നിന്നാണ് എത്യോപ്യയിലെ പല പുരാതന ക്രൈസ്തവകൈയ്യെഴുത്തു പുസ്തകങ്ങളും കണ്ടെടുത്തത്.
എത്യോപ്യയിലെ പ്രധാന പുഷ്പകൃഷി മേഖലകളിലൊന്ന് കൂടിയാണ് ഇന്ന് സിവേയും പരിസരപ്രദേശങ്ങളും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കെനിയ കഴിഞ്ഞാല്‍ ഏറ്റവും വലിയ പുഷ്പ ഉല്‍പ്പാദനരാജ്യം എത്യോപ്യയാണ്. എത്യോപ്യക്ക് വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന ഒന്നായി പുഷ്പ കയറ്റുമതി മാറിയിട്ടുണ്ട്. നിരവധി ആഭ്യന്തര-വിദേശ സംരംഭകര്‍ ഈ മേഖലയില്‍ മുതല്‍ മുടക്കിയിട്ടുണ്ട്. ഒട്ടനവധി മലയാളി സംരംഭകരും എത്യോപ്യയില്‍ ഭൂമി പാട്ടത്തിനെടുത്ത് പൂകൃഷി നടത്തുന്നുണ്ട്. ഫ്‌ളോറല്‍ ഫ്‌ളവേഴസ് എന്ന യു.എ.ഇ യിലെ പ്രധാന അലങ്കാരപുഷ്പ വിതരണ കമ്പനിയുടെ ഉടമയായ നരേഷ് കോവില്‍ അവിടത്തെ ചില കൃഷിക്കാരുടെയും കച്ചവടക്കാരുടെയും ഫോണ്‍ നമ്പറുകള്‍ ഞങ്ങള്‍ക്ക് തന്നിരുന്നെങ്കിലും അവരെ കാണാനോ തോട്ടങ്ങള്‍ സന്ദര്‍ശിക്കാനോ കഴിഞ്ഞില്ല. ഇനിയാകട്ടെ അതിനുള്ള സമയം ശേഷിക്കുന്നുമില്ല.
ഭക്ഷണശാലയില്‍ മോശമില്ലാത്ത തിരക്കുണ്ട്. തുറന്ന ഒരു സ്ഥലത്ത് പരമ്പരാഗത എത്യോപ്യന്‍ വേഷമണിഞ്ഞ ഒരു യുവതിയിരുന്ന് കാപ്പിക്കുരു വറുത്ത് ബുന്ന തയ്യാറാക്കുന്നുണ്ട്. തുറന്ന ആ തീന്‍ പുരയുടെ ഒരു വശത്തായി കണ്ണാടിക്കുടിനുള്ളില്‍ മാട്ടിറച്ചി കെട്ടിത്തൂക്കി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവിടെ നിന്ന് പാചകമുറിയിലേക്ക് ആവശ്യാനുസരണം കൊണ്ടു പോയി ചൂടോടെ തയ്യാറാക്കിയെടുക്കുകയാണ് മാംസവിഭവങ്ങള്‍. പഴച്ചാറും ഇഞ്ചിറയും ബുന്നയും കാളയിറച്ചിയും ചില പച്ചക്കറി വിഭവങ്ങളുമൊക്കെ കഴിച്ച് താമസിക്കാതെ തന്നെ ഞങ്ങളവിടെ നിന്നിറങ്ങി. താമസിക്കാതെ വണ്ടി മോജോവിലെത്തി. എക്‌സ്പ്രസ് വേയില്‍ പ്രവേശിപ്പിച്ചു. ഓരോവശത്തേക്കും മൂന്നുവരികളിലായി നടുവില്‍ ഡിവൈഡറുകളോടുകൂടിയ സുന്ദരന്‍ പാത. കാര്യമായ തിരക്കില്ല ഈ വഴിയില്‍. വശങ്ങളില്‍ മരങ്ങളും നടിവിലെ ഡിവൈഡറില്‍ പുല്ലും പൂച്ചെടികളും പരിപാലിക്കുന്നുണ്ട്.
നഗരത്തിരക്കുകളില്‍ നിന്നും മാറി മനോഹരമായ എത്യോപ്യന്‍ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. വശങ്ങളില്‍ നിന്ന് പാതയിലേക്കുള്ള പ്രവേശനം അസാധ്യമായതുകൊണ്ട് തന്നെ കച്ചവടസ്ഥാപനങ്ങളോ മറ്റുനിര്‍മ്മിതികളോ കാഴച്ചകളെ മറച്ചുകൊണ്ട് ഈ പാതയോരത്ത് ഉയര്‍ന്നുവന്നിട്ടില്ല. ആഡിസ് അബാബമുതല്‍ മോജോവിലെ അഡാമ വരെ 6 85 കിലോമീറ്ററാണ് പാതയുടെ നീളം. മൊത്തം മുടക്കുമുതലിന്റെ 43 ശതമാനമാണ് സര്‍ക്കാര്‍ മുതല്‍മുടക്ക് ബാക്കി 57 ശതമാനം ചൈനീസ് വായ്പയാണ്. ചൈന കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു നിര്‍മ്മാണ് ചുമതല. ചൈനീസ് ഗവര്‍മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്യക്ഷമതക്കും നിര്‍മ്മാണമികവിനും ഏറെ പേരുകേട്ട ഈ നിര്‍മ്മാണ കമ്പനി. നമ്മുടെ പൊതുമേഖലാസ്ഥാപനങ്ങളുടെ അളവുകോല്‍ വെച്ച് ഇതിനെ അളക്കാനാകില്ല എന്ന് ആദ്യം മനസ്സിലായത് ബഹ്‌റിനില്‍ ജോലി ചെയ്യുമ്പോഴാണ്. അന്ന് നിര്‍മ്മാണത്തിലിരുന്ന ഷെല്ലാക്ക് റിസോര്‍ട്ട് എന്ന കൂറ്റന്‍ ആഡംബര ഹോട്ടലിന്റെ പ്രധാനകരാറുകാരായിരുന്നു ഈ കമ്പനി. ഞാന്‍ ജോലിചെയ്തിരുന്ന കമ്പനി അതിന്റെ ഉപകരാറുകാരും. ഇന്ന് ലോകത്തിന്റെ പലഭാഗത്തുമായി ചൈനീസ് സാമ്പത്തിക സഹായത്തോടെയും അല്ലാതെയും നടക്കുന്ന പല നിര്‍മ്മാണങ്ങളുടേയും കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നത് ഈ നിര്‍മ്മാണകമ്പനിയാണ്. മൊഡ്‌ജോ മുതല്‍ ഹവാസ വരെയുള്ള എക്‌സ്പ്രസ്സ് വേയുടെ രണ്ടാംഘട്ടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണിപ്പോള്‍.
ആഡിസ് അബാബ അടുക്കുന്നതോടെ പുതിയ കുറേ നിര്‍മ്മിതികള്‍ കണ്ടു തുടങ്ങി. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളാണ്. അതും ചൈനീസ് സഹായത്തോടെ തന്നെ നിര്‍മ്മിക്കുന്നവ. വലിയൊരു ടൗണ്‍ഷിപ്പാണ് അവിടെ വളര്‍ന്നുവരുന്നത്. കിലോമീറ്ററുകളോളം നീളത്തില്‍ ഇടവേളകളോടെ കാണുന്നത് ഈ കാഴ്ച്ചയാണ്. എത്യോപ്യയുടെ മുഖം മാറിക്കൊണ്ടിരിക്കുകയാണ്. ആഡിസ് അബാബയില്‍ വിമാനമിറങ്ങുന്നതിന് മുന്‍പായി താഴേക്ക് നോക്കിയാല്‍ വെട്ടിത്തിളങ്ങുന്ന നിരവധി കണ്ണാടികളാണ് ദൃശ്യമാകുക. വിമാനം വീണ്ടും താഴേക്കടുക്കുമ്പോഴാണ് ആ വെളിച്ചത്തിന് പുറകിലെ രഹസ്യം വെളിവാകുക. ആഡിസ് അബാബയിലെ കൂരകളുടെ തകര മേല്‍പ്പുരകളാണ് പകല്‍വെളിച്ചത്തില്‍ അങ്ങിനെ വെട്ടിത്തിളങ്ങുന്നത്. മനുഷ്യര്‍ പുഴുക്കളെപ്പോലെ കഴിയുന്ന ആഫ്രിക്കയിലെ തന്നെ വലിയൊരു ചേരിപ്രദേശമാണ് ആ ടിന്‍ഷീറ്റ് കൂരകള്‍ക്ക് താഴെ പരന്നുകിടക്കുന്നത്. കുറച്ച് മുന്നോട്ട പോയതോടെ വണ്ടി ചില പ്രശ്‌നങ്ങള്‍ കാണിച്ചു തുടങ്ങി. റേഡിയേറ്ററില്‍ നിന്ന് പുക പുറത്തു വന്നു തുടങ്ങി. എക്‌സ്പ്രസ്‌വേയിലെ സര്‍വീസ് റോഡിലേക്ക് മാറ്റി വണ്ടിയൊതുക്കി അബ്ദു. കരുതി വെച്ചിരുന്ന കുടിവെള്ള ശേഖരം മുഴുവനും ഒഴിച്ചു കൊടുത്തിട്ടും വണ്ടിയുടെ ദാഹം മാറുന്നില്ല.
യാത്ര തുടര്‍ന്നു വഴിയില്‍ ചിലയിടത്ത് നിന്നായി വീണ്ടും വെള്ളമൊഴിച്ചു കൊടുത്തു. എക്‌സ്പ്രസ്‌വേ പിന്നിട്ട് നഗരപാതയിലേക്ക് കടന്ന് ആദ്യം കണ്ട ചെറിയൊരു ഗ്യാരേജില്‍ വണ്ടി കയറ്റി ചില താല്‍ക്കാലിക ഉപായങ്ങള്‍ ചെയ്ത് വീണ്ടും യാത്ര തുടര്‍ന്നു ഞങ്ങള്‍. എക്‌സ്പ്രസ്‌വേയുടെ വിജന്നതയില്‍ നിന്ന് ആഡിസിന്റെ നഗരത്തിരക്കുകളിലേക്കാണ് വാഹനമെത്തിയിരിക്കുന്നത്. ഞങ്ങളുടെ ലഗേജുകളില്‍ പലതും ഡോക്ടറുടെ വീട്ടിലാണിരിക്കുന്നത്. അവിടെ നിന്ന് അതെടുത്തിട്ട് വേണം എയര്‍പോര്‍ട്ടിലേക്ക് പോകാന്‍. മറ്റു പലതിലുമെന്നപോലെ ഗതാഗതക്കുരുക്കിനും കുപ്രസിദ്ധമാണ് ഈ നഗരം. ശനിയാഴ്ച്ച ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞാലത് എല്ലാ നിയന്ത്രണങ്ങള്‍ക്കുമതീതമായി മാറും. സമയത്ത് വിമാനത്താവളത്തിലെത്താനാകുമോ എന്ന ഡോ. അജിന്റെ ആശങ്ക പതുക്കെ ഞങ്ങളിലേക്കും പടര്‍ന്നു.
(തുടരും)
(തുടരും)
അസ്സലായിരിക്കുന്നു ... ഇന്നാണ് ഈ ഭാഗം വായിച്ചത്
ReplyDelete