Friday, May 22, 2020

അബിജാട്ട-ഷാല ദേശീയോദ്യാനത്തില്‍


എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (16)
-----------------
വാസ - അഡിസ് പാതയില്‍ കര്‍ക്കരോ റിസോട്ടിലേക്കുള്ള ദിശാസൂചി പലകക്കരികെ വണ്ടി നിറുത്തി പാതയോരം ചേര്‍ന്ന് നില്‍ക്കുകയാണ് ഞങ്ങള്‍. നേരം പുലരുന്നതേയുള്ളൂ. ഏത്യോപ്യയിലെ ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന ഈ പാതയിലൂടെ ഇടവേളകളില്‍ ശരവേഗത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. വഴിയോരത്ത് വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ട് ചിലരോട് അബിജാട്ട-ഷാല ദേശീയോദ്യാനത്തിലേക്കുള്ള വഴി ചോദിക്കുന്നുണ്ട് അബ്ദു. പക്ഷെ മറുപടികള്‍ പരസ്പര വിരുദ്ധമാണ്. ഗൂഗിള്‍ മാപ്പ് ഒട്ടും ആശ്രയയോഗ്യമല്ല എത്യോപ്യയില്‍ പലയിടത്തും. ഈ സംരക്ഷിതകേന്ദ്രം രാവിലെ 9 മുതലാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുക. അത്രയും നേരം കാത്തിരിക്കാന്‍ മാത്രം സമയം ഞങ്ങള്‍ക്കില്ല. ആഡിസ് ദിശയില്‍ വീണ്ടും മുന്നോട്ട് പോയി. റോഡിന്റെ വലതുവശത്ത് ഉള്ളിലേക്ക് മാറിയാണ് ലങ്കാനോ തടാകം. അതിന്റെ കരയിലാണ് കര്‍ക്കരോ അടക്കമുള്ള ബീച്ച് കോട്ടേജുകളും ജംഗിള്‍ലോഡ്ജുകളും സ്ഥിതി ചെയ്യുന്ന ഇക്കോ-ടൂറിസം പ്രദേശങ്ങള്‍. ഇടത് വശത്ത് ഉള്ളിലായി അബിജാട്ടാ-ഷാല തടാകങ്ങളും ദേശീയോദ്യാനവും. തടാകങ്ങള്‍ പക്ഷെ റോഡില്‍ നിന്ന് ദൃശ്യമല്ല. എത്യോപ്യന്‍ വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍ അജിന്റെ അടുത്ത സുഹൃത്താണ്. പക്ഷെ കക്ഷിയെ ഫോണില്‍ കിട്ടുന്നില്ല. പ്രധാനകവാടം കൂടാതെ പാര്‍ക്കിലേക്ക് കടക്കാന്‍ മറ്റുവഴികളുമുണ്ട് അതന്വേഷിച്ചാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്.

കുറച്ചധികം ദൂരം ചെന്നപ്പോള്‍ ഇടത്തോട്ട് കാണുന്ന ഒരു ചെറിയ മണ്‍പാതക്കൊടുവില്‍ ഒരു ബോര്‍ഡ് കാണുന്നുണ്ടെന്ന് അബ്ദു പറഞ്ഞു. ആ വഴിപോയപ്പോള്‍ ഒരു ഗെയിറ്റും അതിനോട് ചേര്‍ന്ന് ചില കുടിലുകളുമാണ്. അതില്‍ നിന്ന് ഇറങ്ങി വന്ന ഒരാളോട് അബ്ദു വിവരം പറഞ്ഞു. അദ്ദേഹം സമീപത്തെ കുടിലില്‍ നിന്ന് ഒരാളെ വിളിച്ചുകൊണ്ടുവന്നു. മിനിറ്റുകള്‍ക്കകം അയാള്‍ വസ്ത്രം മാറിയെത്തി. ദേശീയോദ്യാനത്തിലെ ഗാര്‍ഡുകളിലൊരാളാണ് കക്ഷി. കാവിയില്‍ കടും പച്ച ഡിസൈനുകളോടുകൂടിയ നരച്ച യൂണിഫോമും പിഞ്ഞിത്തുടങ്ങിയ തൊപ്പിയും പരിതാപാവസ്ഥയിലുള്ള ഷൂസും ധരിച്ച ഒരു പാവം മനുഷ്യന്‍. ഞങ്ങള്‍ ഹൈവേയിലൂടെ വീണ്ടും അവാസ ദിശയിലേക്ക് തിരികെ പോന്നു. താമസിക്കാതെ അബിജാട്ടാ-ഷാലാ ദേശീയോദ്യാനത്തിന്റെ പ്രധാനകവാടത്തിലേക്കെത്തി ഞങ്ങളുടെ വാഹനം. സമയം ഏഴ് കഴിഞ്ഞിട്ടേയുള്ളൂ. അബ്ദുവില്‍ നിന്ന് പണംവാങ്ങി സമീപത്തെ ഓഫീസിലേക്ക് പോയി താക്കോലുവാങ്ങി തിരികെ എത്തിയ ഗാര്‍ഡ് ഗെയിറ്റ് തുറന്നു. നല്ല സന്തോഷത്തിലാണ് മൂപ്പര്‍. ടിക്കറ്റിലെ എന്തോ കൃത്രിമങ്ങള്‍ക്കുപുറമേ അദ്ദേഹത്തിന് പ്രത്യേകമായി ഒരു ഗൈഡ് ചാര്‍ജ്ജും ഉണ്ട് എന്ന് സംഭാഷണങ്ങളില്‍ നിന്ന് മനസ്സിലായി. വണ്ടിയില്‍ അകത്തേക്ക് പ്രവേശിച്ച ഞങ്ങള്‍ മുഖ്യകവാടത്തില്‍ നിന്ന് അധികം അകലെയല്ലാതെ മേഞ്ഞു നടക്കുന്ന ഒട്ടകപക്ഷി കൂട്ടങ്ങള്‍ക്കരികിലായി നിറുത്തി.

അമ്പതില്‍ പരം വരുന്ന ഒട്ടകപക്ഷികകളുണ്ട് ആ കൂട്ടത്തില്‍. കുറച്ച് ചിത്രങ്ങളെടുത്തതിന് ശേഷം മുന്നോട്ട് തന്നെ പോയി. ഒറോമിയ സംസ്ഥാനത്തെ മലനിരകളില്‍ 1963ല്‍ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിന്റെ ആകെ വിസ്തീര്‍ണ്ണം 887 ചതുരശ്ര കിലോമീറ്ററാണ്. 1540 മുതല്‍ 2075 വരെ മീറ്റര്‍ ഉയരത്തിലാണ് ഇത്‌ സ്ഥിതിചെയ്യുന്നത്.  മണ്‍പാതയിലൂടെ മുന്നോട്ട് പോകുമ്പോള്‍ വശങ്ങളില്‍ കാണുന്ന ചില കൃഷിയിടങ്ങളില്‍ നിലമൊരുക്കല്‍ നടക്കുന്നുണ്ട്. വെളിപ്രദേശങ്ങളില്‍ കുട്ടികള്‍ കാലികളെ മേക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ദര്‍ഗ് ഭരണത്തിന്റെ അവസാനകാലത്തെ അരാജകാവസ്ഥമുതലെടുത്ത് ഭൂരഹിതകര്‍ഷകരും ചില ഗോത്രവിഭാഗക്കാരും ഈ സംരക്ഷിതപ്രദേശത്ത് അതിക്രമിച്ചു കടന്ന് വാസമുറപ്പിച്ചിരുന്നു. അവരുടെ ചെറുകുടിപാര്‍പ്പുകേന്ദ്രങ്ങളാണ് വശങ്ങളില്‍ കാണുന്നത്. അവരെ കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള പങ്കാളിത്ത വന-പരിപാലനമാണ് എത്യോപ്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നത്.
വീണ്ടും വനപ്രകൃതിയിലേക്കെത്തി. കാട്ടുപന്നികളെയും മ്‌ളാവുകളെയും മറ്റും കണ്ടുതുടങ്ങി വഴിയരികില്‍. മുന്നോട്ട് പോകും തോറും വഴി അതി ദുര്‍ഘടമായി മാറി. വളക്കുറുള്ള കറുത്തമണ്ണുള്ള സ്ഥലങ്ങള്‍ വിട്ട് ചരലും കല്ലും നിറഞ്ഞ മേടിലേക്ക് വണ്ടി കയറിത്തുടങ്ങി. അബിജാട്ടാ തടാകത്തെയും ഷാലാ തടാകത്തെയും വേര്‍ത്തിരിക്കുന്നത് 3 കിലോമീറ്ററോളം വീതിയില്‍ കിടക്കുന്ന ഒരു പര്‍വ്വതഭാഗമാണ്. അവിടേക്കാണ് ഈ മണ്‍പാത ചെന്നെത്തുന്നത്. വണ്ടി മേട് കയറി മുകളിലെത്തിയപ്പോള്‍ അതി മനോഹരമായ ദൂരക്കാഴ്ച്ചകള്‍ ദൃശ്യമായിത്തുടങ്ങി. വലതു വശത്തു ദൂരെയായി കടലുപോലൊരു ജലാശയം. അബിജാട്ടാ തടാകമാണതെന്ന് വഴികാട്ടി പറഞ്ഞു. അതിമനോഹരമാണ് അവിടെ നിന്നുള്ള തടാകത്തിന്റെ കാഴ്ച്ച. റിഫ്റ്റിനുള്ളിലാണ് തടാകം. ഉയരം കുറഞ്ഞ മരങ്ങള്‍ മേലാപ്പ് വിരിച്ച റിഫ്റ്റിലെ സമതലത്തിനപ്പുറം തടാകം പരന്നു കിടക്കുന്നു. എത്രയോ വന്യമൃഗങ്ങളുടെ വിഹാരഭൂമിയായിരിക്കണം ആ പ്രദേശങ്ങള്‍. കെനിയയിലെയും ടാന്‍സാനിയയിലെയും പോലെ പ്രശസ്തമായ വൈല്‍ഡ് സഫാരികള്‍ കുറവാണ് എത്യോപ്യന്‍ സംരക്ഷിത വനപ്രദേശങ്ങളില്‍. ആ രാജ്യങ്ങളെ വെച്ച് നോക്കുമ്പോള്‍ വന്യമൃഗബാഹുല്യവും കുറവാണ്  എത്യോപ്യയില്‍.

ഫോര്‍വീല്‍ വണ്ടിചക്രങ്ങള്‍ തീര്‍ത്ത വഴിത്താരയിലൂടെയാണ് മുന്നോട്ടുള്ള
പ്രയാണം. ഒരിടത്തെത്തിയപ്പോള്‍ അതിദുര്‍ഘടമായ ഇറക്കം. മലവെള്ളമൊലിച്ച് വഴിയെന്ന് പറയാവുന്നത് ഒരു ചാലായി തീര്‍ന്നിരിക്കുന്നു. ഞങ്ങള്‍ താഴോട്ട് നടന്നിറങ്ങി. അതി ശക്തമായി കാറ്റടിക്കുന്നതിന്റെ ശീല്‍ക്കാര ശബ്ദം കാതില്‍ മുഴങ്ങുന്നുണ്ട് വിജന്നമായ ആ മലഞ്ചെരുവില്‍ നില്‍ക്കുമ്പോള്‍. വരണ്ട വനപ്രകൃതിയാണ്. ഒട്ടും വൃക്ഷനിബിഡമല്ല പരിസരങ്ങള്‍. അബ്ദു അതിസാഹസികമായി വണ്ടി താഴെയെത്തിച്ചു. വീണ്ടും യാത്രതുടര്‍ന്നു. ഇനി ഇറക്കമാണ്. ഒരു തിരുവ് കഴിഞ്ഞതോടെ മുന്‍പില്‍ അങ്ങ് ദൂരെയായി മറ്റൊരു
ജലസമുദ്രം. ഷാലാ തടാകം. ഞങ്ങളുടെ ലക്ഷ്യസ്ഥാനം. അവിടെയെത്തി മറ്റൊരു വഴിയിലൂടെ ഞങ്ങള്‍ മടങ്ങും. പലയിടത്തും വെച്ച് വണ്ടിയില്‍ നിന്നിറങ്ങേണ്ടി വന്നു. ഒടുവില്‍ ഞങ്ങള്‍ തടാകത്തോടടുത്തുതുടങ്ങി. തടാക തീരം മുഴുവന്‍ ശ്വേതരക്തവര്‍ണ്ണമാണ്. എന്താണതെന്ന് മനസ്സിലാക്കാന്‍ സമയമെടുത്തു.
പതിനായിരക്കണക്കിന് ഫ്‌ളെമിംഗോ പക്ഷികള്‍. ഒരു പക്ഷെ ഇതാണ് അബിജാട്ട-ഷാല നാഷണല്‍ പാര്‍ക്കിലെ പ്രധാനകാഴ്ച്ച. ഞങ്ങള്‍ അല്‍പ്പം അകലെ നിന്ന് ആ കാഴ്ച്ച ആസ്വദിച്ചു. വണ്ടി നിറുത്തിയതിന് കുറച്ചകലെയായി ഒരു മോട്ടോര്‍ബൈക്ക് ഇരിക്കുന്നുണ്ട്. ഒരു പക്ഷെ അതില്‍ വന്നവരാകാം ഒരു യുവമിഥുനങ്ങള്‍. മറ്റൊന്നും കാണാതെ അറിയാതെ പ്രണയത്തിലാഴ്ന്ന് ആ തീരത്ത് ഇരിക്കുന്നുണ്ട് അവര്‍.

നാഷണല്‍ പാര്‍ക്ക് തുറക്കാന്‍ ഇനിയും ഒരു മണിക്കുറോളം സമയമുണ്ട്. ആ പരിസരത്ത് തന്നെ മറ്റാരുമില്ല. മുന്നില്‍ വിശാലമായി കിടക്കുന്ന ജലാശയം അതിനുമപ്പുറം റിഫ്റ്റ് വാലിമലനിരകള്‍ തീരമാകെ പാടലവര്‍ണ്ണത്തില്‍ മുക്കി അരയന്നക്കൊക്കുകള്‍. ഇത്ര മനോഹരമായൊരു അന്തരീക്ഷത്തില്‍ പ്രണയം പങ്കിടുകയാണ് ആ കമിതാക്കള്‍പുരാണങ്ങളിലെ ദേവ, യക്ഷ, കിന്നര, ഗന്ധര്‍വ്വ പ്രണയകഥകളുടെ പശ്ചാത്തലം മനസ്സിലേക്കെത്തി. അവരെ ഒട്ടു ശല്യപ്പെടുത്താതെ കുറച്ചപ്പുറത്തേക്ക് മാറി ആ തീരത്തിന്റെ കാഴ്ച്ചകള്‍ കണ്ടു ഞങ്ങള്‍. കുറച്ച് സമയം അവടെ ചിലവഴിച്ചപ്പോഴേക്കും ഡോക്ടറുടെ വിളിയെത്തി. വീണ്ടും മുന്നോട്ട് തന്നെ. ചെറിയൊരു കൈത്തോട്ട് മുറിച്ച് വണ്ടി സാഹസികമായി അപ്പുറത്തേക്കെത്തിച്ചു അബ്ദു. താമസിക്കാതെ വഴി മുറിച്ചുകൊണ്ട് വലിയൊരരുവി. ഫോര്‍ വീല്‍ വാഹനങ്ങള്‍ അതും മുറിച്ചുകടക്കാറുണ്ടെന്ന് വഴികാട്ടി പറഞ്ഞു. അബ്ദുവും അത് ശരിവെച്ചു. പക്ഷെ ഡോ. അജിന്‍ അതിന് സമ്മതിച്ചില്ല. വണ്ടി അതിലെങ്ങാനും പെട്ട്‌പോയാല്‍ ഇന്ന് വൈകീട്ടത്തെ വിമാനത്തില്‍ ദുബായിലേക്ക് മടങ്ങാനാകില്ലെന്നത് നൂറ്‌ ശതമാനം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നാഷണല്‍ പാര്‍ക്കില്‍ നിന്ന് പുറത്തുകടക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണ്ടി വരും പിന്നീട് ആഡിസിലെത്താനായി ഒരു വണ്ടി കണ്ടെത്താന്‍ അതിലുമേറെ ബുദ്ധിമുട്ടാകും.

ഒടുവില്‍ വന്ന വഴി തിരിച്ചു പോകാമെന്ന് തീരുമാനമായി. പക്ഷെ അതി സാഹസികമായാണ് ഇതുവരെ എത്തിയത്. ആ വഴി എങ്ങിനെ മടങ്ങിപോകും. ആ കയറ്റങ്ങള്‍ എങ്ങിനെ മറികടക്കും. എല്ലാവരും ആശങ്കയിലായിരുന്നു. പക്ഷെ ഒട്ടും കുലുക്കമില്ലാതെ നിന്നുഅബ്ദു. ഡോ. അജിനാകട്ടെ ഗൈഡിനെ ശകാരിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. പൊതുവെ അക്ഷോഭ്യനെങ്കിലും ദേഷ്യം വന്നാല്‍ സമ്മര്‍ദ്ദം വന്നാല്‍ ചിലപ്പോള്‍ കണ്ണുകാണില്ല മൂപ്പര്‍ക്ക്‌. കാന്താലോഡ്ജില്‍ വെച്ച് ഞങ്ങളത്‌
തിരിച്ചറിഞ്ഞതാണ്. അജിന്റെ ചീത്ത വിളിയില്‍ നിന്ന് രക്ഷനേടാനാകണം വലിയൊരു കാഴ്ച്ചയുണ്ടെന്ന് പറഞ്ഞ് ഞങ്ങളെ മുന്നിലേക്ക് നടത്തിച്ചു വഴികാട്ടി. അരുവി മുറിച്ച് അപ്പുറം കടന്ന് കുറച്ച് നടന്നപ്പോള്‍ മുന്നില്‍ വലിയൊരു പ്രദേശം നിറയെ ജലം തിളച്ചുമറിയുന്നു. ഭൂമിക്കടിയില്‍ നിന്ന് തിളച്ചുമറിയുന്ന വെള്ളമാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ആ പ്രദേശത്തൊട്ടാകെ നീരാവി അന്തരീക്ഷത്തിലേക്കുയരുന്നുണ്ട്. ചുടുനീരുറവ(Hot Spring) പാടമാണ് മുന്നില്‍. തിളച്ച
ആ ജലം മറ്റൊരു ഉറവയുമായി ചേര്‍ന്ന് ചൂട് നഷ്ടമായി പിന്നീടാണ് തടാകത്തിലേക്ക് ഒഴുകുന്നത്. ഇവിടെ സന്ദര്‍ശകര്‍ കുളിക്കാനായി എത്താറുണ്ടത്രെ. ചര്‍മ്മ രോഗങ്ങള്‍ ശമിപ്പിക്കാനും ആരോഗ്യം പ്രധാനം ചെയ്യാനും കഴിവുള്ളതാണ് ഇത്തരം ഉഷ്ണജല പ്രവാഹങ്ങളെന്ന് കരുതുന്നുണ്ട്. കുറച്ച് നേരം ആ കാഴ്ച്ചകണ്ട്‌ വെള്ളം സ്പര്‍ശനയോഗ്യമാകുന്ന അരുവിയുടെ ഭാഗത്ത് നിന്ന് കൈകാലുകളും മുഖവും കഴുകി കയറി ഞങ്ങള്‍. ഒന്ന് കുളിച്ചുകറിയാലോ എന്ന ആശയം മുന്നോട്ട് വെച്ച ജോയേട്ടനെ ഒരു നോട്ടം കൊണ്ട് നിശബ്ദനാക്കി ഡോ. അജിന്‍.
തിരികെ കയറേണ്ട കൊടുകയറ്റവും വളവുകളും സൃഷിടിക്കുന്ന ആശങ്ക മനസ്സിലുണ്ടെങ്കിലും ഡോ. അജിന്റെ ലാന്‍ഡ്ക്രൂയിസറിലും (27 വര്‍ഷം പഴക്കമുണ്ട് ആ പഴയ പടക്കുതിരക്ക്) അബ്ദുവിലും വിശ്വസമുറപ്പിച്ച് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.
(തുടരും)

1 comment: