Thursday, February 6, 2020

റിഫ്റ്റ് വാലിയിലെ പുലരി

എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (7)
---------------------------------------------------------
ദീര്‍ഘവും ക്ലേശകരവുമായൊരു പകല്‍യാത്രക്കും പാതിരാവോളം നീണ്ട തീന്‍മേശ ചര്‍ച്ചകളും ശേഷം മതികെട്ടുറങ്ങേണ്ടതാണ്. തലേന്നത്തെ ഉറക്കവും ബാക്കിയുണ്ട്. ഡോക്ടറുടെ ഫ്‌ളാറ്റില്‍ വളരെ വൈകിയാണ് ഉറങ്ങാന്‍ കിടന്നത്, പുലരുന്നതിനെത്രയോ മുന്‍പ് എഴുന്നേറ്റ് യാത്രപുറപ്പെടുകയും ചെയ്തു. ഹെയ്‌ലി റിസോട്ടിലെ ശീതികരിച്ച മുറിയിലെ ഉയര്‍ന്ന ശയ്യാസുഖം തരുന്ന മെത്തയിലെ കട്ടിയുളള പുതപ്പിനടിയില്‍ ഏറെ കാത്തുകിടന്നിട്ടും പക്ഷെ ഉറക്കം കടന്നുവന്നില്ല. പിന്നീടെപ്പോഴോ അര്‍ദ്ധമയക്കത്തിലേക്ക് ആണ്ടു പോയി. ഇടക്കെപ്പോഴൊക്കയോ ഉണര്‍ന്നു. പുലരുമ്പോള്‍ കാത്തിരിക്കുന്നത് ഒരു അത്ഭുതമാണെന്ന സൂചന ഡോ.അജിന്‍ മുന്നേ നല്‍കിയിരുന്നു. പാതിയുറക്കത്തിലെ ഒരു തിരിഞ്ഞു കിടപ്പിനിടയിലാണ് സുതാര്യമായ അകം ജാലക തിരശ്ശീലക്കപ്പുറം ഒരു ചുവപ്പുരാശി കണ്ണില്‍പ്പെടുന്നത്. ചാടിയെഴുന്നേറ്റ് ബാല്‍ക്കണിയിലെത്തിയപ്പോള്‍ ഉദയത്തിനുള്ള തയ്യാറെടുപ്പിലാണ് സൂര്യന്‍. എല്ലാവരെയും വിളിച്ചെഴുന്നേല്‍പ്പിച്ചു. ഏറ്റവും മനോഹരമായ ദൂരകാഴ്ച്ച ലഭ്യമാകുന്നതില്‍ പെട്ടതായിരുന്നു രണ്ടാം നിലയില്‍ റിസോട്ടിന്റെ മധ്യഭാഗത്തായി ഞങ്ങള്‍ക്ക് കിട്ടിയിരുന്ന മുറികള്‍. പതുക്കെ പതുക്കെ  ഇരുട്ടിനെ വകഞ്ഞുമാറ്റിക്കൊണ്ട് ചക്രവാളത്തില്‍ ചുകന്ന പ്രകാശം പരന്നുതുടങ്ങി. മുന്‍പില്‍ നിറങ്ങളുടെ ഒരിന്ദ്രജാലം. ഹോട്ടലിന് അഭിമുഖമായി താഴെ പരന്നുകിടക്കുന്നത് ഇടതൂര്‍ന്ന വനം നിറഞ്ഞ റിഫ്റ്റ്‌വാലിയാണ്. നെച്ചിസാര്‍ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമാണ് ആ സംരക്ഷിത പ്രദേശം. ആ പച്ചമേലാപ്പുകള്‍ക്കപ്പുറം ചാമോ തടാകം. മറ്റൊരു വശത്ത് അബായ തടാകത്തിന്റെ വിദൂരദൃശ്യം. മഞ്ഞണിഞ്ഞ പുലരിയാണ്. അതിനിടയിലൂടെ സൂര്യന്റെ ആദ്യ രശ്മികള്‍ പുറത്തു വന്നുതുടങ്ങിയതോടെ നിറക്കൂട്ടുകളുടെ ഒരു സംഗമസ്ഥലമായി ചക്രവാളം.

ഭാഗ്യം പോലെ വീണുകിട്ടിയ അതിമനോഹരമായ ആ ഉദയത്തിലേക്ക് മിഴികളാഴ്ത്തി നിശബ്ദരായി നിന്നു ഞങ്ങള്‍. ഇന്നലെ രാത്രി റിഫ്റ്റിനോട് ചേര്‍ന്ന ചെറിയ അരമതില്‍കെട്ടിനിപ്പുറത്തിരുന്ന് അത്താഴം കഴിക്കുമ്പോള്‍ അവ്യക്തമായി ഒരു താഴ്‌വാരം ദൃശ്യമായിരുന്നെങ്കിലും ഇത്ര വിസ്മയകരമായ ഒരു പുലര്‍ക്കാഴ്ച്ചയിലേക്കാണ് ഡോ.അജിന്‍ ഞങ്ങളെ കൊണ്ടുവന്നിരിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ഉദയത്തിന്റെ ആ അതി സുന്ദര നിമിഷങ്ങള്‍ അവസാനിക്കാതിരുന്നെങ്കിലെന്ന് ആശിച്ചു. സൂര്യന്‍ പതുക്കെ ഉയര്‍ന്നുതുടങ്ങി. പുലര്‍വെളിച്ചം ഹോട്ടല്‍ വളപ്പിലേക്കും പടര്‍ന്നുതുടങ്ങി. താഴെ ഹോട്ടലില്‍ നിന്ന് റിഫ്റ്റിലേക്ക് തള്ളി നില്‍ക്കുന്ന ചരിച്ച് നിര്‍മ്മിച്ച ഒരു നിരീക്ഷണഗോപുരമുണ്ട്. ജോയേട്ടനും അന്‍വറിനുമൊപ്പം അങ്ങോട്ട് നടന്നു. റിഫ്റ്റിന്റെയും അതിനപ്പുറമുള്ള തടാകത്തിന്റെയും അതില്‍ അപ്പോഴും ചിത്രനിര്‍മ്മിതി നടത്തിക്കൊണ്ടിരിക്കുന്ന സുര്യന്റെയും കാഴ്ച്ചകള്‍ കണ്ട് നിശബ്ദരായി ഏറെ നേരം നിന്നു അവിടെ. പിന്നെ ഹെയ്‌ലിയുടെ ആ ഹോട്ടല്‍ വളപ്പിലൂടെ റിഫ്‌ററിന്റെ ഓരം ചേര്‍ന്ന് പ്രഭാത നടത്തത്തിനിറങ്ങി.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്തരമൊരു കാഴ്ച്ചകണ്ടത് കുടജാദ്രിയിലെ ചിത്രമൂല ഗുഹയില്‍ നിന്ന്. അന്നും അന്‍വറുണ്ടായിരുന്നു കൂടെ. പിന്നെ കണ്ണൂര് നിന്നുള്ള മൂന്ന് സുഹൃത്തുകളും ഗുഹയിലെ അന്തേവാസിയായ സന്യാസിയും. തലേന്ന് രാത്രി കാടിന് നടുവിലെ ആ ഗുഹയില്‍ തങ്ങി. ഉയരെയുള്ള ഗുഹയില്‍ നിന്ന് നോക്കിയാല്‍ താഴെ പച്ചപ്പിന്റെ വന്‍കടലാണ്. ആ ആരണ്യകത്തിന് മുകളില്‍ നിലാവ് പരക്കുന്നതിനും രാവ് കനക്കുന്നതിനും പിറ്റേന്ന് അതിമനോഹരമായ ഒരു പുലരിക്കും സാക്ഷിയായി ഞങ്ങള്‍. അതിനു മുന്‍പോ പിന്‍പോ അത്തരമൊരു പുലരി കണ്ടിരുന്നില്ല. അതാണിവിടെ വീണ്ടും സംഭവിച്ചിരിക്കുന്നത്. എത്യോപ്യന്‍ യാത്ര സഫലമായിരിക്കുന്നു. പ്രിയപ്പെട്ടവര്‍ കൂടി അരികിലുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു. വീട്ടിലേക്ക് വിളിച്ചു. അമ്മയും നിത്യയും കല്യാണിയുമായി സംസാരിച്ചു. കുഞ്ഞുണ്ണിയുടെ വിശേഷങ്ങള്‍ അറിഞ്ഞു.
അധികം സഞ്ചാരികളില്ലാത്തതുകൊണ്ടോ അതോ ഉള്ളവര്‍ ഉറക്കംവിട്ടുണരാത്തതുകൊണ്ടോ എന്നറിയില്ല ഏറെയാരുമുണ്ടയിരുന്നില്ല ആ കാഴ്ച്ചക്ക് സാക്ഷികളായി. മുകളിലെ ബാല്‍ക്കണിയില്‍ ഡോക്ടറും അബ്ദുവുമുണ്ട്. ദത്തേട്ടന്‍ വീണ്ടും ഉറക്കത്തിലേക്ക് മടങ്ങിയിരുന്നു. മുകളില്‍ നിന്ന് ഡോക്ടര്‍ കൈകാട്ടി വിളിക്കുന്നുണ്ട്. ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി. എത്രയും പെട്ടെന്ന് കുളികഴിഞ്ഞ് പ്രാതലിനെത്താന്‍ അജിന്റെ ഉത്തരവ് വന്നു. ഉറക്കത്തില്‍ നിന്നു ദത്തേട്ടനെ വിളിച്ചുണര്‍ത്തി. 8 മണിക്കാണ് ഹെയ്‌ലിയിലെ തീന്‍പുര പ്രഭാതഭക്ഷണത്തിനായി തുറക്കുന്ന സമയം. താമസത്തിനൊപ്പം സൗജന്യമായുള്ള ബ്രേക്ക്ഫാസ്റ്റാണ്. അതിവിശിഷ്ഠമായ എത്യോപ്യന്‍-പാശ്ചാത്ത്യ ഭക്ഷണ സമ്മിശ്രണമാണ് കാത്തിരിക്കുന്നതെന്ന് അജിന്‍ പറഞ്ഞു. അതിന് തന്നെ നമ്മളിവിടെ കൊടുത്ത പൈസയുടെ മൂല്യമുണ്ട്. കനത്ത ആക്രമണത്തിനായി തയ്യാറാകുക. ഇവിടെ നിന്നിറങ്ങിയാല്‍ ഇനി കോന്‍സോയിലെത്തിയിട്ടേ ഭക്ഷണമുള്ളൂ.

ഉത്തരവ് ശിരസ്സാവഹിച്ച് പ്രഭാതകൃത്യങ്ങള്‍ കഴിച്ച് ഞങ്ങള്‍ താഴേക്കിറങ്ങി. പ്രതീക്ഷിച്ചതുപോലെ അതിഭംഗീരമായ പ്രാതലാണ്‌ അവിടെ ഞങ്ങളെ കാത്തിരുന്നത്. ഉദയം കാണാന്‍ ആളു കുറവായിരുന്നെങ്കിലും ഭക്ഷണശാലയിലേക്ക് ആളുകളെത്തിക്കൊണ്ടിരുന്നു. ഒരു പൂര്‍ണ്ണ ബ്രിട്ടീഷ് ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങള്‍ക്ക് പുറമെ നിരവധിയായ എത്യോപ്യന്‍-ആഫ്രിക്കന്‍ വിഭവങ്ങളും അവിടെ നിരന്നിരുന്നിരുന്നു. വിവിധങ്ങളായ മാംസരുചികള്‍ പലതരത്തില്‍ പുഴുങ്ങിയെടുത്ത പച്ചക്കറികള്‍ ആഫ്രിക്കന്‍ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ പുതുമവിടാത്ത പഴവര്‍ഗ്ഗങ്ങള്‍ എത്യോപ്യന്‍ സ്വാദുകള്‍ വൈറ്റ് ഹണിയുള്‍പ്പടെയുള്ള നിരവധിയായ ആഫ്രിക്കന്‍ തേന്‍ ശേഖരം. അങ്ങിനെയങ്ങിനെ ഒരു വലിയൊരു വിശിഷ്ടഭോജ്യശേഖരം ഭക്ഷണപ്രിയര്‍ക്കായി ഒരുങ്ങിയിരിപ്പുണ്ട് അവിടെ. അജിന്റെയും അബ്ദുവിന്റെയും മേല്‍നോട്ടത്തിലും ശിക്ഷണത്തിലും ആ ഭക്ഷ്യലോകത്തിലൂടെ കടന്നുപോകാനുള്ള ഒരു ശ്രമം ഞങ്ങള്‍ നടത്തി. പക്ഷെ ആ രുചികള്‍ പാതിപോലും അനുഭവിച്ചറിയുന്നതിന് മുന്‍പായി നിറഞ്ഞ വയറോടെ തോറ്റ് പിന്‍മടങ്ങേണ്ടി വന്നു. ഭക്ഷണ ശേഷം താമസിക്കാതെ ഹോട്ടലില്‍ നിന്നിറങ്ങി. അടുത്ത സങ്കേതം കോന്‍സോയാണ്.
അതി സുന്ദരിയായ ഒരു എത്യോപ്യന്‍ വനിത ഹോട്ടലില്‍ നിന്ന് പുറം ഗെയ്റ്റിനടുത്തേക്ക് നടന്നുപോകുന്നുണ്ട്. ആഫ്രിക്കന്‍ സ്ത്രീ പുരുഷ സൗന്ദര്യത്തിന്റെ മാനദണ്ഢം അതിന്റെ വന്യമായ ഉടലഴകാണ്. ആകൃതിയൊത്ത ഉടലളവുകള്‍ തികഞ്ഞ കനത്ത ശരീരമുള്ളവരാണ് അവരിലെ സുന്ദരമാരും സുന്ദരികളും. മറ്റ് ആഫ്രിക്കക്കാരില്‍ നിന്ന് വ്യത്യസ്തമായി ചോക്ലേറ്റ് നിറമുള്ളവരാണ് എത്യോപ്യക്കാര്‍. വണ്ടി നിറുത്തി അബ്ദു അവരോടെന്തോ ചേദിച്ചു. പൊട്ടിച്ചിരിച്ചുകൊണ്ട് അവരെന്തോ മറുപടി പറഞ്ഞു. കുസൃതി നിറഞ്ഞ മുഖത്തോടെ ഒന്ന് തിരിഞ്ഞുനോക്കി വീണ്ടും വണ്ടിയെടുത്തു അബ്ദു. സ്ത്രീകളോടെന്നല്ല ആരോടും അപമര്യാദയായി പെരുമാറാത്ത ഒരാളാണ് അബ്ദു. നൂറ് ശതമാനം മാന്യനായ ഒരാള്‍. എന്താകാം അബ്ദു അവരോട് സംസാരിച്ചതെന്ന ആകാംക്ഷ ഞങ്ങളില്‍ നിറഞ്ഞു. ഞങ്ങളത് അജിനോട് ചോദിച്ചു. അതൊരു എത്യോപ്യന്‍ രഹസ്യമാണെന്ന് അബ്ദുവിനെനോക്കി പുഞ്ചിരിച്ചുകൊണ്ട് ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞു. അര്‍ബാമിഞ്ച് നഗരഹൃദയത്തില്‍ നിന്ന് കോന്‍സോയിലേക്കുള്ള റോഡിലേക്ക് പ്രവേശിച്ച ലാന്‍ഡ് ക്രൂയിസര്‍ അപ്പോഴേക്കും അതിന്റെ ഗതിവേഗം കൈവരിച്ചിരുന്നു. മറ്റെല്ലാം മറന്ന് അബ്ദു ഡ്രൈവിങ്ങിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു....

(തുടരും)

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. ശരിക്കും മനോഹരമായ
    വാനന കാന്തി മുഴുവൻ ഉളവാക്കുന്ന
    സൂര്യോദയം... 

    ReplyDelete
  3. യാത്രയോടൊപ്പം സഞ്ചരിക്കുന്നതിന് നന്ദി മുരളിയേട്ടാ...

    ReplyDelete