Saturday, February 1, 2020

അര്‍ബാമിഞ്ചിലെ രാവ്


എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (6)
---------------------------------------------------------
ബായ തടാകതീരത്തെത്തിയപ്പോഴേക്കും പകല്‍ വെളിച്ചം പിന്‍വാങ്ങി തുടങ്ങിയിരുന്നു. സമുദ്രത്തിലെന്നതുപോലെ അലയടിക്കുന്നുണ്ട് ജലം. വെള്ളത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലായി ചിലരൊക്കെ. മത്സ്യബന്ധത്തിനും മറ്റുമായി നാട്ടുകാര്‍ ഈ തടാകത്തില്‍ ധാരാളമായി ഇറങ്ങുന്നതാണെങ്കിലും വിജന്നമായ പരിസരത്ത് ഇരുട്ടിയ നേരത്ത് വെള്ളത്തിലിറങ്ങുന്നതിനെ ഒട്ടുമനുകൂലിച്ചില്ല. അബ്ദുവും ഡോക്ടറും. മുതലയും ഹിപ്പോയുമടക്കമുള്ള ജലജീവികളുടെ വാസകേന്ദ്രങ്ങളാണ് എത്യോപ്യന്‍ റിഫ്റ്റ് വാലി തടാകങ്ങള്‍. സമീപത്തു തന്നെയുള്ള ചാമോ തടാകമാണ് മുതലകളുടെ എത്യോപ്യയിലെ ഏറ്റവും വലിയ സംരക്ഷിത കേന്ദ്രങ്ങളിലൊന്ന്. അര്‍ബാമിഞ്ചിലേക്കുള്ള പെരുവഴിയുടെ ഓരത്തോട് ചേര്‍ന്നുള്ള തീരത്ത് ആ വൈകിയ വേളയില്‍ മഹാതടാകം നോക്കി നില്‍ക്കുമ്പോള്‍ അതിന്റെ വൈപുല്യത്തിനൊപ്പം ആഫ്രിക്കയുടെ വിശാലതയും വന്യതയും കൂടി അനുഭവിച്ചറിയുകയായിരുന്നു ഞങ്ങള്‍. ഒരു പ്രധാന ഹൈവേയായിട്ടും വല്ലപ്പോഴും കടന്നുപോകുന്ന കാറുകളും ചില മിനിലോറികളുമൊഴിച്ചാല്‍ ഒട്ടും വാഹനത്തിരക്കുണ്ടായിരുന്നില്ല തടാകത്തിന് മുകളിലെ പാതയില്‍ ആ സായംകാലത്ത്. വഴിക്കപ്പുറം വനം റിഫ്റ്റിന്റെ അവസാനം വരെ നീണ്ടു കിടന്നു. ആ വിജന്നതയിലേക്ക് ഇരുട്ട് അരിച്ചിറങ്ങിക്കൊണ്ടിരുന്നു.

സമുദ്രസമാനമായ ആ ജലസാമിപ്യത്തിനും നിര്‍ജ്ജനമായ പരിസരത്തിനും അഭൗമമായൊരു ആകര്‍ഷണീയതക്കൊപ്പം ഹേതുവറിയാത്ത  ഭീതിജനിപ്പിക്കുന്ന ഒരു നിഗൂഢത കൂടിയുണ്ടായിരുന്നു. തടാകത്തിലെ ഓളങ്ങളും കാറ്റും ചേര്‍ന്ന് സൃഷ്ടിക്കുന്ന സീല്‍ക്കാരശബ്ദവും വല്ലപ്പോഴും വാഹനങ്ങള്‍ അടുത്തുവരുന്നതിന്റെയും അകന്നുപോകുന്നതിന്‍റെയും ആരോഹണ-അവരോഹണക്രമത്തിലുമള്ള  ശബ്ദങ്ങളും അത് സൃഷ്ടിക്കുന്ന പ്രതിധ്വനികളുമൊഴിച്ചാല്‍ സാന്ദ്രമായൊരു നിശബ്ദതയുണ്ടായിരുന്നു ആ പരിസരത്തിന്.

ചിത്രമെടുപ്പും തടാകതീരത്തുകൂടെയുള്ള നടത്തവുമായി കാഴ്ച്ചാകൗതുകങ്ങളില്‍ മുഴുകി അവിടെനിന്നും പോരാന്‍ കൂട്ടാക്കാതെ ഞങ്ങള്‍ നില്‍ക്കുമ്പോള്‍ എന്തുകൊണ്ടോ ഡോക്ടര്‍ പരിഭ്രാന്തിയിലായിരുന്നു. അധികനേരം ഇവിടെ തങ്ങാന്‍ പറ്റിയ സമയമല്ല ഇതെന്ന് വീണ്ടും വീണ്ടും ഞങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു ഡോ. അജിന്‍. ഒടുവില്‍ ഞങ്ങള്‍ വാഹത്തിലേക്ക് മടങ്ങി. വനപ്രകൃതിയിലൂടെ ഒരു മണിക്കൂറില്‍ താഴെ പിന്നിട്ടാല്‍ അര്‍ബാമിഞ്ച് നഗരാതിര്‍ത്തിയിലെത്താം അവിടെ നിന്ന് അധികം ദൂരമില്ല ഇന്നത്തെ താമസസ്ഥലമായ ഹെയ്ലി റിസോര്‍ട്ട് എന്ന നക്ഷത്ര ആഡംബര ഹോട്ടലിലേക്ക്. തടാകതീരത്തുകൂടെ തന്നെയായിരുന്നു ഏറെ നേരത്തെ യാത്ര. ഇരുട്ടിന് ഗാഢത ഏറിയിരുന്നെങ്കിലും തടാകത്തിന് മുകളില്‍ നേരിയ ഒരു വെളിച്ചം ശേഷിച്ചിരുന്നു അപ്പോഴും. ഒട്ടും മെച്ചമില്ലാത്ത പ്രകാശരഹിതമായ വഴികളിലൂടെയായിരുന്നു തുടര്‍യാത്ര.

ഹെയ്ലി റിസോട്ടിന്റെ പ്രവേശനകവാടം പിന്നിടുമ്പോള്‍ 8 മണി കഴിഞ്ഞിരുന്നു. എത്യോപ്യയിലെ ഒട്ടും യാത്രാസുഖം തരാത്ത പാതകളിലൂടെയുള്ള ദീര്‍ഘയാത്ര വല്ലാതെ ക്ഷീണിപ്പിച്ചിട്ടുണ്ട് ശരീരത്തെ. പിന്നിട്ട യാത്രാപഥങ്ങളിലെ ചേതോഹരമായ വഴിയോരങ്ങളും ഇടത്താവളങ്ങളും യാത്രാകൗതുകങ്ങളും ആകാംക്ഷകളുമാണ് ഒട്ടും മടുപ്പില്ലാതെ ഇതുവരെ ഞങ്ങളെ എത്തിച്ചത്. പക്ഷെ ഹോട്ടല്‍ മുറിയിലെത്തിയതോടെ എല്ലാവരും കിടക്കയിലേക്ക് ചാഞ്ഞു. രണ്ടാം നിലയുടെ മധ്യഭാഗത്തായി  ഇടവാതില്‍ തുറന്നാല്‍ ഒന്നായി ഉപയോഗിക്കാവുന്ന ചേര്‍ന്നുള്ള രണ്ട് മുറികളാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ബഡ്ജറ്റ് യാത്രക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന ഒന്നായിരുന്നില്ല എത്യോപ്യയിലെ പ്രശസ്തമായ ആ ആഡംബര ഹോട്ടല്‍. പക്ഷെ ആ താമസം തരുന്ന അനുഭവം വെച്ച് നോക്കുമ്പോള്‍ തുക ഒരിക്കലും ഒരു നഷ്ടമാകില്ല എന്ന അജിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അന്നവിടെ താമസിക്കാന്‍ തീരുമാനമായത്. തന്റെ ബന്ധങ്ങളുപയോഗിച്ച് ഞങ്ങള്‍ക്കായി വാടകയില്‍ മോശമല്ലാത്ത ഒരിളവ് നേടിയെടുക്കുകയും ചെയ്തിരുന്നു അദ്ദേഹം.

ഉറക്കത്തിന് മുന്‍പായി ഭക്ഷണമേശക്ക് ചുറ്റുമിരുന്ന് ഇന്നത്തെ യാത്രയുടെ വിശകലനവും തുടര്‍യാത്രയുടെ ആസൂത്രണവും നടത്താമെന്ന് മുന്‍പേ തന്നെ തീരുമാനിച്ചിരുന്നു. ചൂടുവെള്ളത്തിലുളള കുളി കഴിഞ്ഞപ്പോഴേക്കും ഉറക്കം കണ്ണിലേക്കരിച്ചിറങ്ങിത്തുടങ്ങി. ദത്തേട്ടുനും ജോയേട്ടനും ഡോക്ടറും ഭക്ഷണത്തിന് മുന്‍പായുള്ള മധുപാനത്തിലാണ്. അബ്ദുവിന്റെ കൈകളില്‍ പതിവുപോലെ തണുത്ത ബിയര്‍കുപ്പി. എല്ലാവരുടേയും കുളിയും ഫോണ്‍വിളികളും കഴിഞ്ഞ് ഭോജനശാലയിലേക്ക് പോകുമ്പോഴേക്കും രാത്രി കനത്തിരുന്നു. അപ്പോഴേക്കും അടച്ചിരുന്ന റിസോട്ടിന്റെ പുറത്തെ ഡൈനിങ്ങ് ഏരിയ വീണ്ടും തുറപ്പിച്ചു ഡോക്ടര്‍. മോശമല്ലാത്ത തണുപ്പത്ത് മൊഴുകിതിരിയുടെ ചെറു വെട്ടത്തില്‍ ആഫ്രിക്കന്‍ ആകാശത്തിന് കീഴില്‍ അവിസ്മരണീയമായ ഒരു അത്താഴം.

അരണ്ട നാട്ടുവെളിച്ചത്തില്‍ അറ്റം കാണാത്ത ഒരു പ്രദേശം മുന്നില്‍ അവ്യക്തമായി പരന്നുകിടക്കുന്നുണ്ട്. അവിടെ നിന്ന് കാടിന്റെ വന്യമായ ശബ്ദങ്ങളുയരുന്നുമുണ്ട്. പഴയ പെരുമ്പിലാവ് ദിനങ്ങള്‍ വീണ്ടും ഓര്‍ത്തെടുത്തു ഡോക്ടര്‍. പൊതു സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിച്ചു. കനത്ത ബില്ലാവുമെന്നതുകൊണ്ട് പുറത്തുനിന്നാകാം രാത്രി ഭക്ഷണം എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് ലളിതമായി എന്തെങ്കിലും ഇവിടെ നിന്നു തന്നെ കഴിക്കാമെന്ന് തീരുമാനിക്കുന്നത്. ആ ചതുര്‍നക്ഷത്ര സുഖസ്ഥലിയിലെ എത്യോപ്യന്‍ ഭക്ഷണത്തിന്റെ രുചി കഴിപ്പിലെ ലാളിത്യം മറക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. മായികമായ ആ ആഫ്രിക്കന്‍ രാവില്‍ സ്വപ്നസമാനമായ ആ അന്തരീക്ഷത്തില്‍ മുന്‍പിലെ അവ്യക്തമായ വിജന്നതയിലേക്ക് മിഴികളാഴ്ത്തി ഇടക്കൊക്കെ വന്യശബ്ദങ്ങള്‍ക്ക് കാതോര്‍ത്ത് ആ അത്താഴമേശക്ക് ചുറ്റും ഏറെ നേരം സംസാരിച്ചിരുന്നു ഞങ്ങള്‍.

എത്യോപ്യന്‍ മതം, രാഷ്ട്രീയം, സാമുഹ്യ-സാംസ്‌ക്കാരിക ധാരകള്‍, കച്ചവട-തൊഴില്‍ സാധ്യതകള്‍, സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ അങ്ങിനെ രാവേറിക്കൊണ്ടിരുന്നു. ഇനി ഭക്ഷണം വെണ്ടെന്നുണ്ടെങ്കില്‍ പാത്രങ്ങളെടുത്തുമാറ്റി വൃത്തിയാക്കാമായിരുന്നെന്ന് റെസ്റ്റോറന്റ് ചുമതലക്കാരിയായ എത്യോപ്യന്‍ പെണ്‍കുട്ടി ഒട്ടും അലോസരപ്പെടുത്താതെ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. അവരവിടം വൃത്തിയാക്കി പോയിട്ടും ഏറെ നേരം ഞങ്ങളവിടെ തന്നെ തുടര്‍ന്നു. വിട്ടു പോരാന്‍ തോന്നാത്ത ഒരു കാന്തികശക്തിയുണ്ട് ആ അന്തരീക്ഷത്തിന്. വിഷയക്ഷാമമൊട്ടുമില്ലായിരുന്നു ആ തീന്‍മേശ ചര്‍ച്ചകള്‍ക്ക്. ഒടുവില്‍ രാവ് പാതിയോടടുത്തപ്പോള്‍ സംവാദങ്ങള്‍ക്ക് ഇടവേള കൊടുത്ത് തീരുമാനമാകാത്ത ചില തര്‍ക്കങ്ങള്‍ ബാക്കിയാക്കി മനസ്സില്ലാ മനസ്സോടെ മുറിയിലേക്ക് മടങ്ങി ഞങ്ങള്‍.

അര്‍ബാമിന്‍ചിലെ ഏറ്റവും പ്രധാന നിര്‍മ്മിതികളിലൊന്നാണ് ഹെയ്ലി റിസോര്‍ട്ട്. എത്യോപ്യയിലെ ഒളിമ്പിക്സ് മെഡല്‍ ജേതാവായ ഹെയ്‌ലി ഗബ്രസെലാസിയുടെ ഉടമസ്ഥതയിലുള്ളതാണത്. ദീര്‍ഘദൂര ഓട്ടത്തിലിലൂടെ ഒളിമ്പിക്സില്‍ സാന്നിദ്ധ്യമറിയിച്ചവരുടെ നാടാണ് എത്യോപ്യ. 1960ല്‍ ഒളിമ്പിക്സില്‍ മത്സരിക്കാനായി ആബെബെ ബിക്കില എന്ന എത്യോപ്യക്കാരന്‍ നഗ്‌നപാദനായി റോമിലെത്തിയതോടെ തുടങ്ങുന്നു എത്യോപ്യയുടെ മാരത്തോണ്‍ പെരുമ. പരിഹാസത്തിന്റെയും സഹതാപത്തിന്റെയും നോട്ടങ്ങള്‍ ഗ്യാലറിയില്‍ നിന്ന് ബിക്കിലക്കുനേരെ ഉയര്‍ന്നു. എന്നാല്‍ ആ സെപ്തംബര്‍ 10ന് ബിക്കില മുത്തമിട്ടത് സ്വര്‍ണ്ണ മെഡലിനൊപ്പം ഒളിമ്പിക്സ് റെക്കോഡില്‍ കൂടിയായിരുന്നു. മാരത്തോണില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ ആഫ്രിക്കക്കാരന്‍ കൂടിയായി ബിക്കില. തുടര്‍ന്നുള്ള 1964ലെ ടോക്യോ ഒളിമ്പിക്സിലും സ്വര്‍ണ്ണമെഡല്‍ മറ്റാര്‍ക്കും വിട്ടുകൊടുത്തില്ല ബിക്കില. അത്തവണ അദ്ദേഹം പാദുകമണിഞ്ഞായിരുന്നു മത്സരിക്കാനിറങ്ങിയത്. അതിന് ശേഷം നിരവധി തവണ ഒളിമ്പിക്സ് ദീര്‍ഘ ദൂര ഓട്ടമത്സരങ്ങളില്‍ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചുഎത്യോപ്യ.
ദാരിദ്രവും രാഷ്ട്രീയ അനിശ്ചിതത്ത്വവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമൊന്നും അവരെ ട്രാക്കുകളില്‍ നിന്ന് അകറ്റിയില്ല. പ്രതികൂല പരിസ്ഥിതികളോട് പടവെട്ടി ഓരോ തവണവും ഇപ്പോഴും അവരെത്തുന്നു വരവറിയിക്കുന്നു. മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ കെനിയാണ് പലപ്പോഴും എത്യോപ്യയുടെ എതിരാളി. 1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിലും 2000ലെ സിഡ്നി ഒളിമ്പിക്സിലും പതിനായിരം മീറ്ററില്‍ റെക്കോഡോടെ സ്വര്‍ണ്ണം നേടിയത് ഹെയ്‌ലി ഗബ്രസെലാസിയായിരുന്നു. ഒറോമിയ പ്രവിശ്യയിലെ അസെല്ലയില്‍ ഒരു ദരിദ്രകുടുംബത്തിലെ പത്ത് മക്കളിലൊരാളായാണ് ഹെയ്ലി ജനിക്കുന്നത്. ദിവസവും 10 കിലോമീറ്ററിനപ്പുറമുള്ള സ്‌ക്കൂളിലേക്കും തിരിച്ചുമുള്ള ഓട്ടമാണ് അദ്ദേഹത്തെ പിന്നീട് ദീര്‍ഘദൂര ഓട്ടമത്സരങ്ങളിലെ കിരീടം വെക്കാത്ത രാജാവാക്കി മാറ്റിയത്. ഇടതുകൈയ്യില്‍ അടക്കിപ്പിടച്ച പുസ്തകങ്ങളുമായി ഓടിയോടി പിന്നീട് ആ ശൈലി കൈവിടാനായില്ല അദ്ദേഹത്തിന്. 1993, 1995, 1997, 1999 വര്‍ഷങ്ങളിലെ ലോക മാരത്തോണ്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണമെഡല്‍ നേടി എത്യോപ്യന്‍ കായികരംഗത്തിന്റെ കീര്‍ത്തി ലോകമെങ്ങും പരത്തി ഹെയ്ലി. മാരത്തണിന്റെ പര്യയമായി മാറി ഈ എത്യോപ്യക്കാരന്‍.

ലോക ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ചാമ്പ്യന്‍ഷിപ്പുകളിലായി 25 തവണയിലേറെയാണ് ഹെയ്ലി റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. ബെര്‍ലിന്‍ മാരത്തണിലെ തുടര്‍ച്ചയായ നാലു തവണയും ദുബൈ മാരത്തണിലെ തുടര്‍ച്ചയായി മൂന്നുതവണയും കിരീടം നേടി ഹെയ്ലി. മാരത്തണില്‍ എത്യോപ്യന്‍ ദേശീയ റെക്കോര്‍ഡ് 61 തവണയാണ് സെലാസി തിരുത്തിക്കുറിച്ചത്. ഓരോ തവണ ഓടുമ്പോഴും പുതിയ വേഗം കണ്ടെത്തുമായിരുന്ന ഗബ്രെസെലാസിയെ മാരത്തണിനായി മാത്രം ജനിച്ച ജീവിച്ച ഒരാളായാണ് ലോകം കണ്ടത്. പക്ഷെ ഇന്ന് എത്യോപ്യന്‍ ബിസിനസ്സ് രംഗത്താണ് ഹെയ്ലി തന്റെ പാദമുദ്ര പതിപ്പിക്കുന്നത്. എത്യോപ്യന്‍ കായികരംഗത്തിന് ഹെയ്ലി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സുപ്രധാനസ്ഥലങ്ങളിലൊക്കെ അദ്ദേഹത്തിന്റെ ഹോട്ടല്‍ ശൃംഖലക്ക് സ്ഥലമനുവദിച്ച് നല്‍കിയിട്ടുണ്ട് സര്‍ക്കാര്‍. അങ്ങിനെയാണ് അര്‍ബാമിഞ്ചിലെ ഏറ്റവും മനോഹരമായ ദൂരക്കാഴ്ച്ച ലഭ്യമാകുന്ന ഇവിടെ 2018 ജൂണില്‍ 110 മുറികളോടെ ഹെയ്ലിയുടെ നക്ഷത്രഹോട്ടലുയരുന്നത്.

തിരിച്ച് മുറിയിലെത്തി കിടക്കാനൊരുങ്ങുമ്പോഴാണ് മേശപ്പുറത്ത് ഹെയ്ലിയുടെ ജീവചരിത്രഗ്രന്ഥമായ 'THE GREATEST' എന്ന പുസ്തകമിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. നിഷ്‌കളങ്കമായ ചിരിയോടെ ചിറവുകള്‍ പോലെ വിടര്‍ത്തി ഉയര്‍ത്തിയ കൈകളോടെ ട്രാക്കില്‍ വിജയിയായി ഓട്ടമവസാനിപ്പിക്കുന്ന ഹെയ്ലിയുടെ വര്‍ണ്ണചിത്രമാണ് Jim Denison എഴുതിയ ആ പുസ്തകത്തിന്റെ പുറം ചട്ട. ഹെയ്ലിയെ പോലെ ദുരിത കടലുകള്‍ ഏറെ താണ്ടിയിരിക്കുന്നു എത്യോപ്യ എന്ന ഈ രാജ്യവും. ഇന്നത് മാറ്റത്തിന്റെ വഴിയിലാണ്. ആഫ്രിക്കയിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയാണ് എത്യോപ്യയുടേതത്. എത്യോപ്യന്‍ യുവത്വത്തെ ഏറെ പ്രചോദിപ്പിക്കുന്ന മുഖങ്ങളിലൊന്നാണ് ഹെയ്ലിയുടേത്. മുഖചിത്രത്തിലെ ഹെയ്ലിയുടെ ചിത്രം തന്നെയാണ് ഇന്നത്തെ എത്യോപ്യയുടെ ചിത്രവുമെന്ന് ഒരു വേള തോന്നി. ഹെയ്ലിയെപ്പോലെ ലോകത്തിന് മുന്നില്‍ ഓടി മുന്നേറാനുള്ള ഒരുക്കത്തിലാണ്‌ ഇന്ന് എത്യോപ്യയും.

(തുടരും)

2 comments:

  1. കൊള്ളാം ..
    എത്യോപ ചരിതം തുടരൂ 

    ReplyDelete
  2. വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി മുരളിയേട്ടാ...

    ReplyDelete