Monday, February 10, 2020

എത്യോപ്യയുടെ ഇന്നലെകള്‍

The Battle of Dogali (1887)
എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (8)
---------------------------------------------------------
ത്യോപ്യയുടെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലൊന്നാണ് റിഫ്റ്റ് വാലിയിലെ അബായ തടാക തടം. കറുത്ത മണ്ണും പച്ചപ്പുനിറഞ്ഞ കൃഷിയിടങ്ങളുമുള്ള ആ ഹരിതമോഹന ഭൂപ്രദേശത്തുകൂടിയാണ് അര്‍ബാമിഞ്ചില്‍ നിന്നും കോന്‍സോയിലേക്കുള്ള പാത കടന്നുപോകുന്നത്. ആ വഴിയിലൂടെയാണ് അബ്ദുവിനും ഡോ. അജിനുമൊപ്പം ഞങ്ങളും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എത്യോപ്യയിലെ തനതായൊരു കാര്‍ഷിക ഗോത്രജീവിതം പുലരുന്ന സാംസ്‌ക്കാരിക ഭൂമികയാണ് കോന്‍സോ മലമടക്കുകള്‍ എന്ന് അജിന്‍ പറഞ്ഞിരുന്നു. ഇന്ത്യയെ പോലെ ഒരു രാജ്യത്തിനുള്ളില്‍ തന്നെ നിരവധിയായ എത്രയോ സംസ്‌ക്കാരങ്ങള്‍, ജീവിതരീതികള്‍, ഭാഷകള്‍. നിരവധിയായ ഉപദേശീയതകളുടെ ഒരു സമന്വയമാണ് എത്യോപ്യന്‍ ദേശീയതയും. 80 ഓളം ഉപദേശീയതകള്‍ ഇന്ത്യയുടെ മൂന്നിലെന്ന് വലുപ്പം വരുന്ന (1,104,300 ചതുരശ്രകിലോമീറ്റര്‍) ഈ രാജ്യത്തുണ്ടെന്നാണ് കണക്ക്. കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ജൈവസമ്പത്തിലും സംസ്‌ക്കാരത്തിലും സാമൂഹ്യജീവിതത്തിലും മനുഷ്യപ്രകൃതിയിലുമൊക്കെ ഈ വൈവിധ്യം പ്രകടമാണ്. അതിദരിദ്രരായ ആളുകളും അതിസമ്പന്നരും ഇവിടെയുണ്ട്. ഇപ്പോഴും നഗ്നരായി ശരീരത്ത് പച്ചകുത്തി ജീവിക്കുന്ന ആദിവാസി ഗോത്രവിഭാഗങ്ങളുള്ള ഈ രാജ്യത്ത് തന്നെയാണ് AD ആദ്യദശകങ്ങള്‍ മുതല്‍ കേന്ദ്രീകൃത രാജ്യഭരണവും നിലവിലുണ്ടായിരുന്നതെന്ന് ആശ്ചര്യകരമാണ്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോളനിവല്‍ക്കരണത്തിന്റെ ഭാഗമായാണ് പാശ്ചാത്യ ക്രിസ്തുമതം കടന്നു വന്നതെങ്കില്‍ ഇവിടത്തെ പൗരസ്ത്യക്രിസ്തുമതവിശ്വാസങ്ങള്‍ക്ക് ആ മതത്തിന്റെ പ്രാരംഭകാലത്തോളം തന്നെ പഴക്കമുണ്ട്. ആഫ്രിക്കയിലെ താരതമ്യേന ശാന്തമായ പ്രദേശമാണ് എത്യോപ്യ. ഭുഖണ്ഡത്തിലെ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി കോളനിവല്‍ക്കരണത്തിന് കീഴ്‌പ്പെടാതിരുന്ന ഏക ആഫ്രിക്കന്‍ രാജ്യം, അടിമസമ്പ്രദായം നിലവിലില്ലാതിരുന്ന രാജ്യം എന്നിങ്ങനെയുള്ള പ്രത്യേകതകളും കൂടിയുണ്ട് എത്യോപ്യക്ക്.

പൊള്ളിയ മുഖങ്ങളുടെ രാജ്യം എന്നാണ് എത്യോപ്യ എന്ന പദത്തിന്റെ അര്‍ത്ഥം. മനുഷ്യവംശത്തിന്റെ വികാസ പരിണാമങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണിത്. 3 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട പ്രദേശം. കണ്ടെടുക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴയ ഹോമോസാപിയന്‍സ് ഫോസിലുകള്‍ ലഭിച്ചത് ഇവിടെ നിന്നാണ്. അബിസീനിയ എന്നാണ് എത്യോപ്യയുടെ പഴയ പേര്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന രാജ്യങ്ങളിലൊന്നായാണ് എത്യോപ്യയെ കണക്കാക്കുന്നത്. ബിസി 980 ഓടെ ഒരു രാജ്യമായി എത്യോപ്യ വികസിച്ചു.  മൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായ അക്‌സുമാണ് എത്യോപ്യയിലെ ആദ്യത്തെ സുസംഘടിത രാജ്യം. നാലാം നൂറ്റാണ്ടില്‍ എസ്‌നാ രാജാവിന്റെ കീഴില്‍ അത് വികസിച്ചു. പിന്നീട് അദ്ദേഹം ക്രിസ്തുമതത്തിലേക്ക് കടന്നുവരികയും മുഴുവന്‍ രാജ്യത്തേയും അതിലേക്ക് പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. അങ്ങിനെ എത്യോപ്യയില്‍ ക്രിസ്തുമതം പ്രബലമായി. തുടര്‍ന്ന് യഹൂദമതവും പിന്നീട് ഇസ്ലാമും എത്യോപ്യയിലേക്ക് കടന്നു വരുന്നുണ്ട്. എത്യോപ്യന്‍ രാജ്യകുടുംബ വംശാവലി ബൈബിളില്‍ പരാമര്‍ശിക്കുന്ന സോളമന്‍ രാജാവില്‍ നിന്നും ഷേബാ രാജ്ഞിയില്‍ നിന്നുമാണ് തുടങ്ങുന്നതെന്ന് എത്യോപ്യക്കാര്‍ വിശ്വാസിക്കുന്നു. സോളമന്‍-ഷേബ ബന്ധത്തില്‍ പിറന്ന മെന്‍ലിക്കിന്റെ പിന്‍ഗാമികളാണത്ര എത്യോപ്യന്‍ ചക്രവര്‍ത്തിമാര്‍. നിരവധിയായ ഉള്‍പിരിവുകളും പോരുകളും നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന അധികാരത്തര്‍ക്കങ്ങളുമൊക്കെ രാജ പരമ്പരയില്‍ നിലനിന്നിരുന്നു. കൃത്യമായ ഒരു വംശത്തിന്റെ ദായ പ്രകാരമുള്ള തുടര്‍ച്ച എത്യോപ്യന്‍ രാജവംശത്തിലും സംഭവിച്ചിട്ടില്ലെങ്കിലും നിര്‍മ്മിച്ചെടുത്ത വംശാവലി രേഖകളിലൂടെ ഈ കുലമഹിമവാദങ്ങളെ സ്ഥാപിക്കാന്‍ എല്ലാ കാലത്തും ശ്രമിച്ചിരുന്നു എതോപ്യന്‍ ഭരണവര്‍ഗം. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയും ഇതിനവര്‍ക്കുണ്ടായിരുന്നു.
Haile Selassie
ഏഴാം നൂറ്റാണ്ടോടു കൂടി പുറം ലോകവുമായുള്ള ബന്ധങ്ങള്‍ ക്രമേണ കുറഞ്ഞ് പിന്നീട് ശതാബ്ദങ്ങളോളം പുറംലോകത്തുനിന്നും ഒറ്റപ്പെട്ടു കിടന്നു എത്യോപ്യ. ഇസ്ലാം വ്യാപനത്തിന്റെ ഈ കാലത്ത് ഈജിപ്ത് പോലുള്ള പൗരസ്ത്യക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ ഇസ്ലാമിന് കീഴടങ്ങിയതോടെ സംഭവിച്ച മതപരമായ ഒറ്റപെടലായിരുന്നു ഇതിന്റെ പ്രധാന കാരണം. എത്യോപ്യയിലും ഇത് ഇസ്ലാം വ്യാപനത്തിന്റെ കാലമായിരുന്നു. പിന്നീട് 15-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പൗരാണിക ക്രസ്തുമത ചരിത്രത്തില്‍ ഏറെ പ്രാധാന്യത്തോടെ പരാമര്‍ശിക്കപ്പെട്ട ഈ രാജ്യത്തെ തേടി പോര്‍ച്ചുഗീസുകാരെത്തുന്നതോടെയാണ് എത്യോപ്യ പുറംലോകവുമായുള്ള  ബന്ധങ്ങള്‍ പുനരാരംഭിക്കുന്നത്. ഓട്ടോമാന്‍ മുസ്ലീം സാമ്രാജ്യത്തിനെതിരായ വിശുദ്ധയുദ്ധത്തില്‍ ഈ പുരാതന ക്രൈസ്തവ രാജ്യത്തെ സംഖ്യകക്ഷിയാക്കാമെന്ന പ്രതീക്ഷ കൂടിയുണ്ടായിരുന്നു പോര്‍ട്ടുഗലിന്. പുതിയ സംഖ്യത്തില്‍ ഭാഗമായെങ്കിലും ഓട്ടോമാന്‍ ഭരണാധികാരികളില്‍ നിന്ന് കനത്ത തിരിച്ചടികള്‍ നേരിടേണ്ടി വന്നു എത്യോപ്യക്ക്. ഒടുവില്‍ 1541 ല്‍ വാസകോഡഗാമയുടെ മകനായ ക്രിസ്റ്റഫര്‍ ഡ ഗാമയാണ് മുസ്ലീം ഭരണാധികാരികളുമായുള്ള യുദ്ധത്തില്‍ എത്യോപ്യയെ സഹായിക്കാനെത്തുന്നത്. ക്രിസ്റ്റഫര്‍ ഗാമ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടെങ്കിലും പോര്‍ട്ടുഗീസ് സഹായത്തോടെ എത്യോപ്യന്‍ സൈന്യം നവീകരിക്കപ്പെടുകയും 1543ല്‍ സമ്പൂര്‍ണ്ണ വിജയം നേടുകയും ചെയ്തു.

എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസത്തിന് മുകളില്‍ കാത്തോലിക്കാ വിശ്വാസം അടിച്ചേല്‍പ്പിക്കാനാണ് പിന്നീട് പോര്‍ട്ടുഗല്‍ ശ്രമിച്ചത്. ജെസ്യൂട്ട് പാതിരിമാരും പോര്‍ട്ടുഗീസുകാര്‍ക്കൊപ്പം ചേര്‍ന്നു. മതപരമായ ഈ ഇടപെടലുകള്‍ രാജ്യത്തെ സംഘര്‍ഷങ്ങളിലേക്ക് നയിച്ചു. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ ഈ നീക്കങ്ങളെ ശക്തമായി എതിര്‍ത്തു. ഒടുവില്‍ 1633ല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രേരണക്ക് വഴങ്ങി ചക്രവര്‍ത്തി പോര്‍ട്ടുഗീസുകാരെയും ജസ്യൂട്ടുകളെയും രാജ്യത്ത് നിന്ന് പുറത്താക്കി. 150 വര്‍ഷത്തോളം എത്യോപ്യ യൂറോപ്പുമായി പൂര്‍ണ്ണമായും അകന്നു നിന്നു. ഇക്കാലത്താണ് എത്യോപ്യ അതിന്റെ സൈനികശക്തി വര്‍ദ്ധിപ്പിക്കുന്നതും കോട്ടകളും കൊട്ടാരങ്ങളും പണിയുന്നതും 'ഗോണ്ടര്‍' തലസ്ഥാനനഗരമാക്കുന്നതും. 18ാം നൂറ്റാണ്ടോടെ ചക്രവര്‍ത്തിയുടെ ശക്തി ക്ഷയിക്കുകയും ഫ്യൂഡല്‍ പ്രഭുക്കള്‍ പ്രബലരാകുകയും ചെയ്തു.

1769 ല്‍ ബ്രിട്ടീഷ് സഞ്ചാരിയായ ജെയിംസ് ബ്രൂസ് എത്യോപ്യയിലെത്തി നൈല്‍ നദിയുടെ തുടക്കം കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. 1855ല്‍ എത്യോപ്യന്‍ സൈനികനേതാവായ 'തിയോഡ്രോസ്' ചക്രവര്‍ത്തിയെ നിഷ്‌കാസിതനാക്കി സിംഹാസനം പിടിച്ചെടുക്കുകയും ഫ്യൂഡല്‍ പ്രഭുക്കളെ അടിച്ചമര്‍ത്തി വീണ്ടും കേന്ദ്രീകൃതഭരണം ശക്തമാക്കുകയും ചെയ്തു. കച്ചവടത്തിനായും പര്യവേഷണങ്ങള്‍ക്കായും രാജ്യത്തെത്തിയ ഇംഗ്ലീഷുകാരുമായുള്ള സംഘര്‍ഷങ്ങള്‍ യുദ്ധത്തിലേക്ക് വഴിമാറുന്നത് അക്കാലത്ത്. ബ്രിട്ടീഷുകാര്‍ക്കെതിരെ നിര്‍ണ്ണായക വിജയങ്ങള്‍ നേടി എത്യോപ്യന്‍ സഭ. 1867 ല്‍ ബ്രിട്ടന്‍ ജനറല്‍ റോബര്‍ട്ട് നേപ്പിയറുടെ നേതൃത്വത്തില്‍ എത്യോപ്യയിലേക്ക് സൈന്യത്തെ അയക്കുകയും 1868ല്‍ ബ്രിട്ടീഷുസൈന്യം വിജയിക്കുകയും ചെയ്യുന്നു. പരാജയഭീതിയാല്‍ തിയോഡ്രോസ് സ്വയം വെടിവെച്ച് മരിച്ചിരുന്നു. ഈ യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ സഹായിച്ച ജോഹന്നാസ് നാലാമനാണ് തുടര്‍ന്ന് എത്യോപ്യയുടെ ഭരണാധികാരിയായി മാറുന്നത്.

1869 ല്‍ സൂയസ് കനാല്‍ തുറന്നതോടെ മെഡിറ്ററേനിയന്‍ തീരത്തു നിന്ന് ചെങ്കടല്‍ തീരത്തേക്ക് കോളനിമോഹങ്ങളുമായി യൂറോപ്യന്മാരെത്തി തുടങ്ങി. എത്യോപ്യക്ക് മുകളില്‍ കണ്ണുവെച്ചത് ഇറ്റലിയായിരുന്നു. 1872 ല്‍ അസബ് തുറമുഖവും 1885 ല്‍ മസാവയും പിടിച്ചെടുത്തു ഇറ്റലി. ശേഷം എത്യോപ്യയുടെ ഉള്‍പ്രദേശങ്ങളിലേക്ക് മുന്നേറിയ ഇറ്റലിക്കാരെ 1887 ജനുവരിയില്‍ എത്യോപ്യന്‍ സൈന്യം ദൊഗാലി പട്ടണത്തില്‍ വെച്ച് കീഴ്‌പ്പെടുത്തി. 1889 ല്‍ എത്യോപ്യന്‍ ചക്രവര്‍ത്തിയായി ഷോഹ മെനലിക് സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ കാലത്ത് ഇറ്റലിയും എത്യോപ്യയും തമ്മില്‍ ഒരു ഉടമ്പടി ഒപ്പുവെച്ചു. അതിന് പുറകില്‍ ഒരു ചതി ഒളിപ്പിച്ചുവെച്ചിരുന്നു ഇറ്റലി. അമാരിക്ക് ഭാഷയില്‍ എഴുതിയ യഥാര്‍ത്ഥ കരാറില്‍ നിന്ന് വ്യത്യസ്തമായിരുന്നു അതിന്റെ ഇറ്റാലിയന്‍ പതിപ്പ്. അതനുസരിച്ച് എത്യോപ്യ ഇറ്റലിയുടെ സംരക്ഷണ കേന്ദ്രമാണ് അതിന്റെ മറവില്‍ എത്യോപ്യയില്‍ വീണ്ടും ഇടപെടാന്‍ തുടങ്ങി ഇറ്റലി. 1895-ല്‍ ഇറ്റലിയും എത്യോപ്യയും തമ്മില്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം ഇറ്റാലിയന്‍ സൈന്യം കനത്ത തോല്‍വി ഏറ്റുവാങ്ങി. എത്യോപ്യയുടെ സ്വാതന്ത്ര്യം അംഗീകരിക്കാന്‍ ഇറ്റലി നിര്‍ബന്ധിതമായി. മെനലിക് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ നേടിയ ഈ യുദ്ധവിജയം ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നവരാണ് എത്യോപ്യക്കാര്‍.
Mengistu Haile Mariam
ഇരുപതാം നൂറ്റാണ്ടില്‍ മെനലിക് ചക്രവര്‍ത്തിക്ക് ശേഷം നടന്ന അധികാര വടംവലികളുടെ അവസാനം 1916 മുതല്‍ യുവരാജാവും പിന്നീട് രാജാവുമായിരുന്ന ഹെയ്‌ലി സെലാസി എത്യോപ്യന്‍ ചക്രവര്‍ത്തിയായി സ്ഥാനം ഏറ്റെടുത്തു. ആധൂനിക എത്യോപ്യയുടെ പിതാവ് ഹെയ്‌ലി സെലാസിയാണ്. സെലാസിയുടെ കാലത്താണ് ഇറ്റലി ഒരിക്കല്‍ കൂടി എത്യോപ്യയില്‍ അധിനിവേശം നടത്തുന്നത്. 1936ല്‍ ഇറ്റലിയിലെ മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകാലത്ത്. 1939ല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ഇറ്റലിയെ 1941ല്‍ ബ്രിട്ടന്‍ എത്യോപ്യയില്‍ നിന്നും പുറംതള്ളി. തുടര്‍ന്ന് ലോകമഹായുദ്ധാനന്തരവും എത്യോപ്യയില്‍ ഹെയ്‌ലി സെലാസിയുടെ രാജഭരണം തുടര്‍ന്നു. പാന്‍ ആഫ്രിക്കന്‍  സങ്കല്‍പ്പത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായിരുന്നു ഹെയ്‌ലി സെലാസി. എത്യോപ്യക്ക് പുറത്ത് ആഫ്രിക്കക്കൊട്ടാകെ സ്വീകാര്യനായ നേതാവ്. അന്തര്‍ ദേശീയ വേദികളില്‍ അദ്ദേഹത്തിന്റെ ശബ്ദത്തിന് കാതോര്‍ത്തു ലോകം.

രണ്ടാം ലോകമഹായുദ്ധം പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും കോളനിഭരണത്തിന് അറുതി വരുത്തിയിരുന്നു. ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിരുന്നു പല രാജ്യങ്ങളും. അതിന്റെ അലയൊലികള്‍ രാജ്യത്തുമെത്തിയിരുന്നെങ്കിലും ചക്രവര്‍ത്തിയുടെ ജനസമ്മതിയെ തകര്‍ക്കാന്‍ അതിനൊന്നിനുമായില്ല. പക്ഷെ 1970കളുടെ തുടക്കത്തിലെ കനത്ത ക്ഷാമം എത്യോപ്യയിലെങ്ങും അസംതൃപ്തിയും സംഘര്‍ഷങ്ങളും വളര്‍ത്തി. അതിനെ മറികടക്കാനായി 1974ല്‍ നടത്തിയ ചില സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങള്‍ ഈ അസംതൃപ്തി രൂക്ഷമാകാനാണ് സഹായിച്ചത്. ഒരു കാലത്ത് എത്യോപ്യക്കാര്‍ക്ക് ദൈവതുല്യനായ ചക്രവര്‍ത്തിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. കൊട്ടാരവുമായി ബന്ധപ്പെട്ട ഒരു ഉപജാപകവൃന്ദം ചക്രവര്‍ത്തിയുടെ തീരുമാനങ്ങളെ വരെ സ്വാധീനിക്കാവുന്ന തരത്തില്‍ വളര്‍ന്നു വന്നിരുന്നു അതിന് മുന്‍പേ തന്നെ. പല മന്ത്രിമാരും വകുപ്പു തലവന്‍മാരും സൈനികമേധാവികളും അഴിമതിക്കാരായിരുന്നു. മേലേത്തട്ടില്‍ നില നിന്നിരുന്ന ധൂര്‍ത്തും സുഖലോലുപതയും ആഢംബര ജീവിതവും രാജഭരണത്തെ ജനങ്ങളില്‍ നിന്നകറ്റിയിരുന്നു. ചക്രവര്‍ത്തി ഇവര്‍ക്കിടയില്‍ നിസ്സഹായനായിരുന്നു. ജനരോഷം താമസിക്കാതെ കൊട്ടാരത്തിനു നേരെ തിരിഞ്ഞു.

1974ല്‍ തന്നെ സൈനിക നേതൃത്വത്തിലെ ചിലരുടെ മുന്‍കൈയ്യില്‍ അട്ടിമറി നടക്കുകയും ദെര്‍ഗ് (Derg, Provisional Military Government of Socialist Ethiopia) എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിന് തുടക്കമാകുയും ചെയ്തു. ആദ്യം സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സെലാസി പിന്നീട് കൊല്ലപ്പെട്ടു. സോവിയറ്റ് യൂണിയനും ക്യൂബയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ഇടതുഗവര്‍മെന്റിന് പൂര്‍ണ്ണ പിന്തുണ നല്‍കി. എതിരാളികളെയും വിമതശബ്ദങ്ങളെയും ക്രൂരമായി അടിച്ചമര്‍ത്തിയ ചുവപ്പ് ഭീകരത (Red Terror) എന്നറിയപ്പെടുന്ന കാലമാണ് പിന്നീട് എത്യോപ്യ കണ്ടത്. ലക്ഷകണക്കിന് പേരാണ് ഇക്കാലത്ത് കൊല്ലപ്പെട്ടത്. 1977  മുതല്‍ 1987 വരെ എത്യോപ്യന്‍ രാഷ്ട്ര തലവനും, ദെര്‍ഗ് ചെയര്‍മാനും തുടര്‍ന്ന് 1987 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് എത്യോപ്യയുടെ ( People's Democratic Republic of Ethiopia) യുടെ പ്രഥമ പ്രസിഡന്റുമായ മെങ്കിസ്റ്റോ ഹെയലീ മറിയമാണ് ഈ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയത്. 1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ കാലത്ത് എത്യോപ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണവും തകര്‍ത്തെറിയപ്പെട്ടു. ഇ പി ആര്‍ ഡി എഫ് (Ethiopian People's Revolutionary Democratic Front) സായുധ പോരാളികള്‍ വിജയം നേടിയതോടെ മെങ്കിസ്റ്റോയും അടുത്ത അനുയായികളും സിംബാബ്വേയില്‍ രാഷ്ട്രീയ അഭയം തേടി. 1991 മെയ് മാസത്തില്‍ നടന്ന ഈ അട്ടിമറിക്ക് ശേഷം അധികാരത്തില്‍ വന്നത് വിമതഗ്രൂപ്പുകളുടെ നേതൃസ്ഥനത്തുണ്ടായിരുന്ന മെലസ് സെനാവിയായിരുന്നു. മെലസ് എത്യോപ്യയെ ജനാധിപത്യത്തിലേക്ക് കൈപിടിച്ച് നടത്തി. ആദ്യം എത്യോപ്യയുടെ പ്രസിഡന്റും പിന്നീട് 1994 ല്‍ ഭരണഘടന അംഗീകരിച്ച് റിപ്പബ്ലിക്കായതിന് ശേഷം പ്രധാനമന്ത്രിയുമായി മെലസ്. തുടര്‍ന്നിങ്ങോട്ട് ഇതൊരു ജനാധിപത്യരാജ്യമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. വീണ്ടും പലവട്ടം ക്ഷാമവും യുദ്ധവും വംശീയസംഘര്‍ഷങ്ങളുമൊക്കെ ചേര്‍ന്ന് ഞെരിച്ചമര്‍ത്തിയെങ്കിലും ഇന്നും എത്യോപ്യ അനുശീലിക്കുന്നത് ജനാധിപത്യം തന്നെയാണ്. അതു തന്നെയാണ് മറ്റാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്യോപ്യയെ വ്യത്യസ്തമാക്കുന്നതും.

ഇന്ന് ആഫ്രിക്കയിലെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയാണ് എത്യോപ്യയുടേത്. ആ എത്യോപ്യയിലൂടെയാണ് ഞങ്ങള്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. ആ മാറ്റങ്ങള്‍ കൂടി കണ്ടുകൊണ്ട്. അറിഞ്ഞു കൊണ്ട്.

(തുടരും)

2 comments:

  1. എത്യോപ്യയെ കുറിച്ച്
    വിജ്ഞാനപ്രദമായ അനേകം സംഗതികൾ ...

    ReplyDelete
  2. നന്ദി മുരളിയേട്ടാ....

    ReplyDelete