Saturday, February 22, 2020

എത്യോപ്യന്‍ ഗ്രാമചിത്രങ്ങള്‍

എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (9)
---------------------------------------------------------
നൂറ് കിലോമീറ്ററില്‍ താഴെയാണ് അര്‍ബാമിഞ്ചില്‍ നിന്ന് കോന്‍സോ പട്ടണത്തിലേക്കുള്ള ദൂരം. പക്ഷെ സ്വഭാവികമായ ഒരു യാത്ര ഒട്ടും സാധ്യമാകുന്ന തരത്തിലുള്ളതല്ല അങ്ങോട്ടുള്ള റോഡിന്റെ അവസ്ഥ. തലേന്നാള്‍ ഇവിടെയൊക്കെ മഴ പെയ്തിട്ടുണ്ട്‌. റോഡിലെ പല കുഴികളിലും വെള്ളം കെട്ടി കിടക്കുന്നു. മറയൂര്‍ താഴ്‌വാരത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഭൂപ്രകൃതി. ചുറ്റും പച്ചപ്പുനിറഞ്ഞ സമതലം. ദൂരെ അതിന് അതിരിടുന്ന പര്‍വ്വതപ്രദേശം. അവിസ്മരണീയമായ ഒരു പുലരിയുടെ ഓര്‍മ്മകളില്‍ കുരുങ്ങിക്കിടക്കുന്നതുകൊണ്ടാവും എല്ലാവരും നിശബ്ദരാണ്. പുറം കാഴ്ച്ചകളിലേക്ക് കണ്ണുകളയച്ച് അങ്ങിനെയിരുന്നു. ഫോണില്‍ ഇ-മെയില്‍ വാടസ്അപ്പ് സന്ദേശങ്ങളുടെ ലോകത്താണ് ഡോ. അജിന്‍. അര്‍ബാമിഞ്ചില്‍ നിന്നും കോന്‍സോയിലേക്ക് പോകുന്ന അതിപ്രധാനമായ പാതയാണിങ്ങനെ തകര്‍ന്നു കിടക്കുന്നത്. യാത്ര കൂടുതല്‍ ദുസ്സഹമാക്കിക്കൊണ്ട് റോഡില്‍ ചിലയിടത്തൊക്കെ മരാമത്ത് പണികള്‍ നടക്കുന്നുണ്ട്.

വഴിയില്‍ കാലിക്കൂട്ടങ്ങളെ കണ്ടു തുടങ്ങി. അമ്പതും നൂറും അതിലധികവുമുളള പശുക്കളും കാളകളും ഇട കലര്‍ന്ന കൂട്ടങ്ങള്‍. എത്യോപ്യന്‍ ഗ്രാമീണമേഖലകളില്‍ പലയിടത്തും ഇന്നും ഒരാളുടെ സമ്പത്തും സാമൂഹ്യപദവിയും നിശ്ചയിക്കുന്നത് അവര്‍ക്ക് സ്വന്തമായുള്ള കാലികളുടെ എണ്ണം കണക്കാക്കിയാണ്. അതു കൊണ്ട് തന്നെ ചെറിയ കൂട്ടികള്‍ മുതല്‍ കാലി വളര്‍ത്തലില്‍ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങും. ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ വളരെ കുറവാണെങ്കിലും പ്രഥമിക വിദ്യാഭ്യാസം എത്യോപ്യയില്‍ സാര്‍വത്രികമാണിന്ന്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വരെ പ്രാഥമിക വിദ്യാലയങ്ങളും ഏകാധ്യാപക വിദ്യാലയങ്ങളുമുണ്ട്. എന്നാല്‍ കൃഷിയിലും കാലിവളര്‍ത്തലിലും കുടിവെള്ള ശേഖരണത്തിലുമൊക്കെ കുട്ടികളുടെ കൂടി സഹായം കുടുംബങ്ങള്‍ക്ക് ആവശ്യമുള്ളതുകൊണ്ട് അവരില്‍ പലരുടെയും സ്‌ക്കൂള്‍ ദിനങ്ങള്‍ വളരെ പരിമിതമാണ്. വഴിയോരങ്ങളില്‍ വാഴത്തോട്ടങ്ങളുടെ സമൃദ്ധിയാണ് ഇപ്പോഴത്തെ കാഴ്ച്ച. തോട്ടങ്ങള്‍ക്കപ്പുറം അങ്ങകലെ അബായ തടാകത്തിലെ കലങ്ങിമറിഞ്ഞ ജലപരപ്പ് കാണുന്നുണ്ട്. നീണ്ടകൊടുവാളും വടിയും വെള്ളക്കുപ്പകളുമായി പശുക്കൂട്ടങ്ങള്‍ക്കൊപ്പമുള്ള ഇടയന്‍മാരിലധികവും കുട്ടികളാണ്. ചില വാഴത്തോട്ടങ്ങളില്‍ പണികള്‍ നടക്കുന്നുണ്ട്. ചോളവും തെഫുമൊക്കെ കൃഷി ചെയ്യുന്നു നിലങ്ങള്‍ ഇടക്ക് കാണാം. 

റിഫ്റ്റിവാലി തടങ്ങളിലെ പച്ചപ്പും ജലസമൃദ്ധിയും കാര്‍ഷികസമ്പന്നതയുമൊന്നും എത്യോപ്യയുടെ പൊതുചിത്രമല്ല. ക്ഷാമവും വരള്‍ച്ചയും ദാരിദ്രവും പിടി മുറുക്കിയ എത്യോപ്യയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് സൗദി അറേബ്യ എന്ന വാഗ്ദത്തഭൂമി തേടി കാല്‍നടയായി പാലായനം ചെയ്യുന്നുണ്ട് പതിനായിരക്കണക്കിന് സ്തീപുരുഷന്‍മാര്‍ ഓരോവര്‍ഷവും. ലോകത്തിലെ തന്നെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ അഫാര്‍ മരുനിലങ്ങളിലുടെ എത്യോപ്യന്‍ അതിര്‍ത്തി താണ്ടി ഡിജിബൂട്ടിയിലെത്തി അവിടത്തെ മരുപ്രദേശങ്ങളും പിന്നിട്ട് ഏഡന്‍ കടലിടുക്ക് താണ്ടി യെമനിലെ ആഭ്യന്തരയുദ്ധം സൃഷ്ടിച്ച അപകടകരമായ കുരുതിനിലങ്ങളിലൂടെ സൗദി അറേബ്യയില്‍ കുടിയേറാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. കുറേപേര്‍ കടുത്തചുടിനെ അതിജീവിക്കാനാകാതെ മരുനിലങ്ങളില്‍ തന്നെ മരിച്ചുവീഴും. ഏദന്‍ കടലിടുക്കില്‍ മനുഷ്യക്കടത്തുകാര്‍ കുത്തിനിറച്ചുകൊണ്ടുപോകുന്ന ബോട്ടുങ്ങള്‍ മുങ്ങി മരണപ്പെടുന്നവരും നിരവധി. മോചനദ്രവ്യത്തിനുവേണ്ടിയും അടിമപ്പണിക്കായും യെമനിലെ മാഫിയകളാല്‍ ബന്ദികളാക്കുന്നവരും ഒട്ടനവധിയാണ്. സൗദിഅതിര്‍ത്തി രക്ഷാസേനയുടെ വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെട്ട് അതര്‍ത്തിക്കപ്പുറത്തേക്ക് കടക്കാനാകുന്നത് വളരെ ചെറിയൊരു ന്യൂനപക്ഷത്തിന് മാത്രം. അനധികൃത കുടിയേറ്റക്കാര്‍ എന്ന നിലയില്‍ അവരും എത്തിപ്പെടുന്നത് ആടുജീവിത സാഹചര്യങ്ങളിലേക്കാണ്. 2000 കിലോമീറ്ററോളം താണ്ടി ഓരോപ്രദേശത്തേയും മനുഷ്യക്കടത്തുസംഘങ്ങള്‍ക്കും മാഫിയകള്‍ക്കും സര്‍വ്വതും അടിയറവ് വെച്ച് ഇങ്ങിനെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരില്‍ അധികവും ഒറോമോ ഗോത്രവര്‍ഗ്ഗക്കാരാണ് ഇതില്‍ തന്നെ വലിയൊരു വിഭാഗം സ്ത്രീകളുമുണ്ട്. ടിഗ്രായാന്‍ അമാര ഗോത്രങ്ങള്‍ ഒറോമോകളേക്കാള്‍ താരതമ്യേന സമ്പന്നരായതുകൊണ്ട് വാഹനങ്ങളിലാണ് അതിര്‍ത്തി കടന്ന് ഏദന്‍ കടലിടുക്കിലെത്തുന്നത്. കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യക്കടത്ത് സംഘങ്ങള്‍ വഴി അതിര്‍ത്തി കടക്കാന്‍ അവര്‍ക്ക് കഴിയുമെങ്കിലും അവരേയും അവസാനം കാത്തിരിക്കുന്നത് തീരാദുരിതങ്ങള്‍ തന്നെയാണ്. 

മനോഹരമായ ദൂരക്കാഴ്ച്ചകള്‍ ദൃശ്യമാകുന്ന വഴിയോരങ്ങളില്‍ വാഹനം നിറുത്താനാവശ്യപ്പെടുന്നുണ്ട് അന്‍വര്‍. ഫോട്ടോഗ്രാഫര്‍മാരെ വഴിയരികിലിറക്കി യാത്ര തുടരേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്നു ഡോ. അജിന്‍. ഒടുവില്‍ വഴിയിലൊരിടത്ത് ബുന്ന കുടിക്കാനായി വണ്ടി നിറുത്തി. നദീതട സമതലത്തോട് ചേര്‍ന്നുള്ള ചെറിയൊരു തീന്‍പുര. പുറകില്‍ ഒന്നോ രണ്ടോ കിലോമീറ്റര്‍ പച്ചനിറഞ്ഞ ചതുപ്പിനപ്പുറം അബായ തടാകം. ചില യു.എന്‍ വാഹനങ്ങള്‍ ആ വഴി കടന്നുപോകുന്നുണ്ട്. ഗ്രാമങ്ങളിലേക്കുള്ള യു.എന്‍. സഹായപദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ വാഹനവ്യുഹമാണ്. ഗോക്കളും ഗോപാലകരും അപ്പോഴും കടന്നുപോകുന്നുണ്ട് ആ വഴി. എങ്ങോട്ടാണായാത്ര എന്ന് പിടിക്കിട്ടിയില്ല. ഒരു പക്ഷെ അങ്ങകലെയെങ്ങോ ഉള്ള മേച്ചില്‍ പുറങ്ങളിലേക്കായിരിക്കും അല്ലെങ്കില്‍ ഏതെങ്കിലും ഗ്രാമീണ മൃഗചന്തയിലേക്ക്. കാലങ്ങള്‍ക്ക് മുന്‍പത്തെ പെരുമ്പിലാവ്, വാണിയംകുളം ചന്ത ദിവസങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌ ആ കാഴ്ച്ച. അജിനും അതു തന്നെ പറഞ്ഞു. ചില ഇടയന്‍മാര്‍ ടയര്‍ചക്രങ്ങളോട് കൂടിയ കാളവണ്ടികളിലിരുന്നാണ് കാലിക്കുട്ടത്തേയും തെളിച്ച് പോകുന്നത്.

തീന്‍പുരയോട് ചേര്‍ന്നുള്ള ഒരു കുടിലിലെ എത്യോപ്യന്‍ ഗ്രാമസുന്ദരിയുടെ ചിത്രം അവരുടെ അനുവാദത്തോടെ പകര്‍ത്തി അന്‍വര്‍. വീണ്ടും യാത്ര തുടര്‍ന്നു. ഉച്ചഭക്ഷണത്തിന് മുന്‍പായി കോന്‍സോയിലെ താമസസ്ഥലത്തെത്തണം അവിടെ ഉച്ചഭക്ഷണവും ചെറിയൊരു വിശ്രമവും കഴിഞ്ഞ് കോന്‍സോയുടെ കാഴ്ച്ചകളിലേക്കിറങ്ങണം. വലിയ വാഹനത്തിരക്കുള്ള വഴിയല്ല ഇതും. ഇരുചക്രവാഹനങ്ങള്‍, ബജാജ് ഓട്ടോറിക്ഷകള്‍, കാളവണ്ടികള്‍, ചില കാറുകള്‍ അപൂര്‍വ്വമായി ബസ്സുകള്‍ ചില ട്രക്കുകള്‍ ഇതൊക്കെയാണ് വാഹനങ്ങള്‍. ചിലയിടങ്ങളില്‍ വാഴത്തോട്ടങ്ങളില്‍ നിന്നുള്ള കുലകള്‍ വെട്ടി ലോറികളില്‍ കയറ്റുന്നുണ്ട്. ബുന്ന കഴിഞ്ഞിറങ്ങിയതോടെ എല്ലാവരും വീണ്ടും ഉഷാറായി. ജോയേട്ടന്റെ നേതൃത്ത്വത്തില്‍ ഗാനമേള തുടങ്ങി. മറ്റൊന്നിലും ശ്രദ്ധിക്കാതെ തകര്‍ന്നു കിടക്കുന്ന റോഡിലൂടെ അതിവിദഗ്ധമായി വണ്ടി ഓട്ടുകയാണ് അബ്ദു. 3 വര്‍ഷത്തോളമാകുന്നു അബ്ദു അജിനൊപ്പം കൂടിയിട്ട്. മെക്കാനിക്കല്‍ ഡിപ്ലോമധാരികൂടിയാണ് അബ്ദു. ഉറച്ച ശരീരപ്രകൃതിയുള്ള അബ്ദു കഠിനാധ്വാനിയും സത്യസന്ധനും സഹായമനസ്‌ക്കനുമാണ്. ഒട്ടും വളച്ചുകെട്ടില്ലാത്ത തുറന്ന പെരുമാറ്റം. നിരവധിയായ എത്യോപ്യന്‍ പെണ്‍കുട്ടികളുടെ കണ്ണിലുണ്ണിയാണ് അബ്ദുവെന്ന് പറഞ്ഞിരുന്നു അജിന്‍, പരിചയപ്പെടുത്തിയപ്പോള്‍.

യാത്ര ഒരു മണിക്കൂറോളം പിന്നിട്ടപ്പോള്‍ ഭൂപ്രകൃതി മാറിത്തുടങ്ങി. തടാകതടം പിന്നീട് വണ്ടി മേടിലേക്ക് കയറുകയാണ്‌. പച്ചപ്പ് പതുക്കെ പതുക്കെ വരണ്ട ഭൂപ്രകൃതിയിലേക്ക് വഴിമാറുകയാണ്. മലപ്പുറം ജില്ലയിലെ പറങ്കിമാവിന്‍ കൂട്ടങ്ങള്‍നിറഞ്ഞ ഇടനാടന്‍ ചെങ്കന്‍കുന്നുകളിലൂടെ യാത്ര ചെയ്യുന്ന ഒരു പ്രകൃതി. പിന്നെ പിന്നെ സസ്യപ്രകൃതിയും കുറഞ്ഞു വന്നു. വിശാലമായി കിടക്കുന്ന തരിശായ ആഫ്രിക്കന്‍ സമതലപ്രകൃതിയിലൂടെയായി യാത്ര. വീണ്ടും മേടുകളിലേക്ക് വണ്ടി കയറി. ഒടുവില്‍ 11.30തോടെ കോന്‍സോ അങ്ങാടിയിലെത്തി. പ്രധാന കവലയില്‍ നിന്ന് 1.5 കിലോമീറ്ററോളം മാറി കോന്‍സോ കള്‍ച്ചറല്‍ ലാന്‍ഡ് സ്‌കേപ്പിലേക്ക് പോകുന്ന പാതയോട് ചേര്‍ന്ന് പരമ്പരാഗത ആഫ്രിക്കന്‍ ശൈലി പിന്തുടര്‍ന്ന് നിര്‍മ്മിച്ച ഒരു റിസോട്ടുണ്ട്.  കാന്താ ലോഡ്ജ് (Kanta Lodge) എന്നാണ് അതി മനോഹരമായ ആ വാസഗേഹത്തിന്റെ പേര്. പരുക്കന്‍ കല്ലുകള്‍ അടുക്കി നിര്‍മ്മിച്ച അതിര്‍ത്തിമതിലിനുള്ളില്‍ ബോഗണ്‍വില്ലകള്‍ അതിരിടുന്ന കല്ല് വിരിച്ച പാതകള്‍ അതില്‍ നിന്നുള്ള ചെറിയ ഉപ നടപ്പാതകള്‍ അതിന്റെ ഓരം ചേര്‍ന്ന് ആഫ്രിക്കന്‍ പരമ്പരാഗത വാസ്തു മാതൃകകളെ പിന്തുടര്‍ന്ന് നിര്‍മ്മിച്ച മനോഹരമായ പുല്ല് മേഞ്ഞ വൃത്താകൃതിയിലുള്ള കുടിലുകള്‍. ആ വളപ്പിന്റെ ഒരു വശം മനോഹരമായ താഴ്‌വരയാണ്. മരങ്ങളില്‍ നിറയെ ചെറു കിളികള്‍. ശാന്തവും സ്വച്ഛവുമായ പരിസരം. പതിവു പോലെ വിശപേശലുകള്‍ക്ക് ശേഷം അവരുമായി ധാരണയിലെത്തി അന്നവിടെ തങ്ങാമെന്ന് തീരുമാനമായി. തീന്‍ പുരക്ക് പുറത്തായി ഒരു വന്‍വൃക്ഷഛായയില്‍ നിരത്തിയിട്ട മേശകളിലൊന്നില്‍ ബുന്ന കുടിച്ച് അല്‍പ്പനേരം കാത്തിരുന്നപ്പോള്‍ ചൂടോടെ എത്യോപ്യന്‍ ഉച്ചഭക്ഷണമെത്തി. അപ്പോഴേക്കും എവിടെ നിന്നോ കടന്നുവന്ന പൂച്ചകള്‍ക്കൊപ്പം അത് കഴിച്ച് അല്‍പ്പനേരം വിശ്രമിച്ചു ഞങ്ങള്‍.

ഇനി കോന്‍സോയുടെ കാഴ്ച്ചകളിലേക്കാണ്. എത്യോപ്യന്‍ വിനോദസഞ്ചാരഭൂപടത്തിലെ പ്രധാനപ്പെട്ട ഒരിടത്തേക്ക്. ആഫ്രിക്കയിലെ ഏറ്റവു പ്രാകൃതരായ ഗോത്രവര്‍ഗ്ഗക്കാരുള്ളത് ഓമോ വാലിയിലാണ്. എത്യോപ്യന്‍ ആദിവാസി-ഗോത്രവംശജര്‍ പാരമ്പര്യതനിമയോടെ അവരുടെ സ്വാഭാവിക ചുറ്റുപാടില്‍ ഇന്നും ജീവിക്കുന്ന ഇടം. അന്തമാനിലെ പ്രാകൃതമനുഷ്യരെപോലെ അവരും അര്‍ദ്ധനഗ്നരാണ്. അവിടേക്ക് കോന്‍സോയില്‍ നിന്നും 300 കിലോമീറ്ററോളം പോകേണ്ടതുണ്ട്. കോന്‍സോയില്‍ കൂടിയാണ് ഓമോ വാലിയിലേക്കുള്ള പ്രധാന പാത കടന്നുപോകുന്നതും. പക്ഷെ ഞങ്ങളുടെ യാത്രാപരിപാടിയില്‍ ഓമോ വാലിയില്ല. എന്നാല്‍ അതിനോളം പ്രാധാന്യമുള്ള, ഒരു കാലത്ത് ഏറ്റവും സംസ്‌കൃതരായിരുന്ന, കര്‍ഷകരായ, തനത് ആഫ്രിക്കന്‍ പൈതൃകം പിന്‍തുടര്‍ന്ന് പോരുന്ന, പ്രാചീനമായൊരു ജനവിഭാഗം ഇപ്പോഴും അതേ പാരമ്പര്യത്തനിമയോടെ ജീവിക്കുന്ന കോന്‍സോ സാംസ്‌ക്കാരിക ഭൂമികയാണ് ഞങ്ങളുടെ അന്നത്തെ ലക്ഷ്യം.

(തുടരും)

2 comments:

  1. ഭൂമിയിലെ ആദിമ സംസ്‌കാരം
    തേടിയുള്ള കാണാക്കാഴ്ചകളിലേക്കുള്ള യാത്രകൾ

    ReplyDelete
  2. വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി മുരളിയേട്ടാ...

    ReplyDelete