Saturday, January 11, 2020

മഹാതാഴ്‌വാരം...


എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (5)
---------------------------------------------------------
ബുട്ടാചിറയില്‍ നിന്നുമുള്ള യാത്രക്കിടയില്‍ വൊറാബെ (worabe) എന്നൊരു ഗ്രാമപ്രദേശത്ത് വണ്ടി നിറുത്തി. കൃഷിയിടങ്ങള്‍ക്ക് നടുവിലായി പരമ്പരാഗത എത്യേപ്യന്‍ ശൈലിയിലുള്ള ഗ്രാമീണ കുടിലുകള്‍. അത്തരമൊരു കുടിലിന് സമീപത്തേക്ക് ചെന്നു. നനഞ്ഞു കിടക്കുന്ന വളക്കൂറുള്ള കറുത്ത മണ്ണ്. അധികം അകലെയല്ലാതെ നിലമുഴുന്നുണ്ട് ഒരു ഗ്രാമീണന്‍. കമ്പും മരത്തടികളും ഉപയോഗിച്ചുണ്ടാക്കുന്ന ചട്ടക്കൂടിന് ഇരുപുറത്തുമായി ചളിവാരിപൊത്തിയാണ് വീടിന്റെ ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. നീണ്ടകമ്പുകള്‍ക്ക് പുറത്ത് നല്ല കനത്തില്‍ പുല്ലുമേഞ്ഞ മേല്‍ക്കൂര. കുടിലനകത്ത് വെളിച്ചം കുറവാണ്. പരിസരഭംഗി ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടക്ക് അജിന്‍ ഡോക്ടറുടെ വിളി വന്നു. എത്യോപ്യന്‍ ഗ്രാമങ്ങള്‍ക്ക് നടുവിലൂടെ കടന്നുപോകുന്ന B51 ബുട്ടാച്ചിറ - ഹൊസൈന ലിങ്ക് റോഡിലൂടെ ഞങ്ങളുടെ വാഹനം വീണ്ടും യാത്ര തുടര്‍ന്നു. അവിശ്വസനീയമായൊരു സൗന്ദര്യമുണ്ട് എത്യോപ്യന്‍ ഗ്രാമപ്രകൃതിക്ക്. നീലാകാശവും ദൂരക്കാഴ്ച്ച പ്രദാനം ചെയ്യുന്ന സസ്യനിബിഡമല്ലാത്ത പരിസരങ്ങളും ആധുനികയുടെ അടയാളങ്ങളൊന്നുമില്ലാത്ത ചുറ്റുപാടുകളും എല്ലാം ചേര്‍ന്ന് അത് നമ്മെ ആകര്‍ഷിപ്പിച്ചുകൊണ്ടേയിരിക്കും.

അടുത്ത കേന്ദ്രം അലാബയാണ് അവിടെ നിന്ന് ഒരു കാപ്പി പിന്നീട് അര്‍ബാമിഞ്ചിലെത്തുന്നത് വരെ ഇടവേളകളില്ലാത്ത ഒരു ദീര്‍ഘയാത്ര അതാണ് ഡോക്ടറും അബ്ദുവും ചേര്‍ന്ന് ധാരണയിലെത്തിയിരിക്കുന്ന അന്നത്തെ യാത്രാപദ്ധതി. മൂന്നരയോടെ അലാബ(Alaba)യിലെത്തി. എത്യോപ്യയുടെ സതേണ്‍ നേഷണ്‍സ് റീജിയനില്‍ പെട്ട നഗരമാണ് അലാബ. എത്യോപ്യയെ 9 റീജിയനുകളും രണ്ട് വന്‍ നഗരങ്ങളും എന്ന രീതിയില്‍ 11 വ്യത്യസ്ത പ്രവിശ്യകളായാണ് തിരിച്ചിരിക്കുന്നത്. ആഡിസ് അബാബയില്‍ നിന്ന് പുറപ്പെട്ട ഞങ്ങളിപ്പോള്‍ ഒറോമിയ റീജിയന്‍റെ ഒരു ഭാഗം പിന്നിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. വഴിയിലൊരിടത്ത് ബുന്ന വില്‍ക്കുന്ന ഒരു കുടുംബം. മരത്തണലിന് കീഴെയുള്ള ചെറു ഇരിപ്പിടങ്ങളിലിരുന്ന് ഒരു കാപ്പി. എത്യോപ്യന്‍ എറിത്രിയന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമാണ് ബുന്ന. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ എത്യോപ്യക്കാരും അതിഥികളെ സല്‍ക്കരിക്കുന്നത് ബുന്ന കൊടുത്താണ്. തിയയില്‍ നിന്ന് ആ ബുന്ന ആചാരപരമായി കഴിച്ചതോടെ ഞങ്ങളും അതിന്റെ ആരാധകരായി മാറി.
മരത്തണലിലിരുന്ന് ബുന്നയും നിലക്കടല വറുത്തതും ചേര്‍ത്ത് കഴിച്ചു. പിന്നീട് അവര്‍ തന്നെ വില്‍പ്പനക്ക് വെച്ചിരുന്ന വെണ്ണപ്പഴങ്ങള്‍ വാങ്ങി. അന്തരീക്ഷത്തിന് ഒരിളം തണുപ്പാണ് പക്ഷെ നേരിട്ട് വെയില്‍ ശരീരത്തിലടിക്കുമ്പോള്‍ നല്ല ചൂടും. ഇനി കടന്നുപോകുന്നതും എത്യോപ്യയുടെ മനോഹരമായ ഭൂഭാഗങ്ങളിലൂടെ തന്നെയാണ്. അബായ തടാകത്തിന്റെ തീരത്തെ പച്ചപ്പു നിറഞ്ഞ സമതലഭൂമിയിലൂടെ. ഡോക്ടര്‍ പഴയമലയാള ഗാനങ്ങളുടെ ആരാധകനാണ്. മുന്‍പില്‍ നിന്നും പഴയ സിനിമാഗാനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ജോയേട്ടനും ഒപ്പം കൂടി. താമസിക്കാതെ അന്‍വറും ആ ഗായക സംഘത്തിന്റെ ഭാഗമായി. ദത്തേട്ടന്‍ പ്രസന്നവദനായി പുറംകാഴ്ച്ചകളിലേക്ക് മിഴി നട്ടിരുന്നു. നേര്‍രേഖയിലുള്ള നല്ല റോഡാണ്. സമതലത്തിലേക്കുള്ള ഒട്ടും കുത്തനെയല്ലാത്ത ഇറക്കം. സോഡോയില്‍ നിന്നും അര്‍ബാമിഞ്ചിലേക്കുള്ള പ്രധാനപ്പെട്ട ഒരു പാതയായിട്ടും കാര്യമായ വാഹനത്തിരക്കില്ലാത്ത ആ റോഡില്‍ അബ്ദു ഒരു ഡ്രൈവറല്ല വൈമാനികനാണ്.


ഒരു മേടിറങ്ങിയതോടെ മുന്‍പില്‍ വളരെ അകലെയായി അവ്യക്തമായി ആ ദൃശ്യം കണ്ടു. മോഹനമായ വലിയൊരു താഴ്‌വാരം മുന്‍പില്‍ പരന്നങ്ങിനെ കിടക്കുന്നു. അതിന്റെ അവസാനത്തിലായി ഭൂമിയുടെ അതിര്‍രേഖ പോലെ ജല സമുദ്രം. നിമിഷാര്‍ദ്ധം കൊണ്ട് എല്ലാവരും നിശബ്ദരായി. വിവരണാതീതമായ ആ കാഴ്ച്ചയുടെ മനോഹാരിതയില്‍ അത്ഭുതം കൂറി സ്വയം മറന്ന് അങ്ങിനെയിരുന്നു. ലെയ്ക്ക് അബായയുടെ മോഹിപ്പിക്കുന്ന വിദൂര ദൃശ്യമാണ് അതെന്ന് പിന്നീടാണ് ഞങ്ങളറിയുന്നത്.
തടാകങ്ങളുടെ നാടാണ് എത്യോപ്യ. ഇരുപത്തിയഞ്ചോളം വന്‍ ശുദ്ധജല / ഉപ്പു തടാകങ്ങള്‍ ഈ രാജ്യത്തുണ്ട്. അതി വിപുലമായൊരു ജൈവവെവിധ്യം ഈ നാടിന് സംഭാവന ചെയ്യുന്നു ഈ ജലാശയങ്ങളും അതിന്റെ തീരങ്ങളും. തടാകങ്ങളിലെ ബൃഹത്തായ മത്സ്യസമ്പത്ത് അതിന് ചുറ്റുമായി വ്യാപിച്ച് കിടക്കുന്ന വനസ്ഥലികള്‍ ആ സംരക്ഷിതപ്രദേശങ്ങളിലെ നിരവധിയായ സസ്യ-ജന്തുജാലങ്ങള്‍. അങ്ങിനെ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പോലെ എത്യോപ്യയുടെയും ജീവനാഡികളാണ് ഈ തടാകങ്ങള്‍. എത്യോപ്യയുടെ സാമ്പത്തികവ്യവസ്ഥയിലും വലിയ പങ്കാണ് ഈ ജലാശയങ്ങള്‍ വഹിക്കുന്നത്. നൈലിന്റെ പ്രധാന കൈവഴിയായ ബ്ലൂനൈല്‍ ഉദ്ഭവിക്കുന്നത് മധ്യ എത്യോപ്യയിലെ 'ടാനാ' എന്ന ഇത്തരമൊരു ബൃഹദ് തടാകത്തില്‍ നിന്നാണ്.
എത്യോപ്യയിലെ ഏറ്റവും വലിയ തടാകമായ 'അബായ' യാണ് ഞങ്ങളുടെ കാഴ്ച്ചയുടെ അതിരില്‍ ഒരു സമുദ്രം പോലെ കണ്ണെത്താത്തിടത്തോളം പരന്നു കിടക്കുന്നത്. 1162 സ്‌ക്വയര്‍ കിലോമീറ്ററാണ് അബായ തടാകത്തിന്റെ വിസ്തീര്‍ണ്ണം. ആ തടാക തീരത്തേക്കാണ് ഞങ്ങള്‍ അടുത്തു കൊണ്ടിരിക്കുന്നത്. റിഫ്റ്റ്‌വാലി (വിള്ളല്‍ താഴ്‌വര) എന്ന ഭൗമപ്രതിഭാസമേഖലയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. എഷ്യയിലെ സിറിയ മുതല്‍ ആഫ്രിക്കയിലെ മൊസാംബിക്ക് വരെ 6000 കിലോമീറ്ററോളം നീളം വരുന്ന ഭൂപാളിയിലെ പിളര്‍പ്പ് സൃഷ്ടിച്ച താഴ്‌വരയാണ് ഗ്രേറ്റ് റിഫ്‌ററ് വാലി. അതിന്റെ ഒരു ഭാഗമാണ് ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലി അതിന്റെ തുടര്‍ച്ചയാണ് എത്യോപ്യയുടെ വടക്കുകിഴക്കന്‍ അതിര് മുതല്‍ തെക്കന്‍ അതിരുവരെ കടന്നുപോകുന്ന എത്യോപ്യന്‍ റിഫ്റ്റ് വാലി.
35 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയുടെ ബാഹ്യപാളിയായ മാന്റില്‍ പിളര്‍ന്നാണ് ഗ്രേറ്റ് റിഫ്റ്റ് വാലി ഉണ്ടാകുന്നത്. 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് പര്യവേക്ഷകനായ ജോണ്‍ വാള്‍ട്ടര്‍ ഗ്രിഗറിയാണ് ഇത്തരമൊരു ഭൗമപ്രതിഭാസം ആദ്യമായി ലോകശ്രദ്ധയിലെത്തിക്കുന്നത്. തുടര്‍ന്ന് നിരവധി ഭൗമ-നരവംശ ശാസ്ത്ര പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നു. തുടര്‍ച്ചയായ ഒരൊറ്റ പിളര്‍പ്പ് എന്നതിനേക്കാള്‍ സാംസ്‌ക്കാരികപരവും ചരിത്രപരവുമായ പ്രത്യേകതകള്‍ കൂടിയുണ്ട് ഗ്രേറ്റ് റിഫ്റ്റ് വാലിക്ക്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രധാന തടാകങ്ങളൊക്കെ എന്നതു പോലെ എത്യോപ്യയിലെ പ്രധാന തടാകങ്ങളും സ്ഥിതി ചെയ്യുന്നത് ഈ റിഫ്റ്റ് വാലി പ്രദേശങ്ങളിലാണ്. ലെയ്ക്ക് അബായക്ക് പുറമേ ചാമോ, സ്വായ്, കോക, ലംഗാനോ, ഹവാസ, ഷാല, അബിജാട്ട എന്നിവയാണ് എത്യോപ്യന്‍ റിഫ്റ്റ് വാലിയിലെ മറ്റു തടാകങ്ങള്‍. അതില്‍ അബിജട്ടയും ഷാലയും ഒഴികെയുള്ളതെല്ലാം ശുദ്ധജലത്തടാകങ്ങളാണ്.


ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള കിഴക്കന്‍ ആഫ്രിക്കയിലാണ് എത്യോപ്യയുടെ സ്ഥാനം. കിഴക്കനാഫ്രിക്കയില്‍ തന്നെ ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന ഭൂഭാഗമുണ്ട്. കണ്ടാമൃഗത്തിന്റെ കൊമ്പിനോട് സാദൃശ്യം തോന്നുന്ന തരത്തില്‍ ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന പ്രദേശം. എത്യോപ്യ, എറിത്രിയ, സോമാലിയ, ഡിജിബൂട്ടി എന്നീ രാജ്യങ്ങള്‍ ചേര്‍ന്നതാണിത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നരവംശത്തിന്‍റെ ആവിര്‍ഭാവവും പിന്നീട് ഹോമോസാപ്പിയന്‍സിന്റെ ഉത്ഭവവും ഈ ഭൂഭാഗത്തായിരുന്നു. രണ്ട് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോമോസാപ്പിയന്‍സില്‍ നിന്ന് ഇന്ന് കാണുന്ന ആധൂനിക മനുഷ്യനായി മാറുന്നതും ഇവിടെ വെച്ച് തന്നെ. ഇവിടെ നിന്നാണവര്‍ ലോകത്തിന്റെ പല ഭാഗത്തേക്ക് വ്യാപിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍ നമ്മുടെ പിതൃഭൂമിയാണ് ഈ പ്രദേശങ്ങള്‍. തെക്കന്‍ എത്യോപ്യയിലെ അവാഷ് താഴ്വരയില്‍ നിന്നാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പുരാതനമായ (32 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന) ‘ആസ്ട്രലോപിത്തക്കസ് അഫാറന്‍സിസ്’ (ഹോമോസാപിയന്‍സിന് മുന്‍പുള്ള നരവംശം) വംശത്തില്‍ പെട്ട  ലൂസി എന്ന് മനുഷ്യ ഫോസില്‍ 1974 ല്‍ ലഭിച്ചിരുന്നത്. എന്നാല്‍ 2016ല്‍ എത്യോപ്യയിലെ തന്നെ അഫാര്‍ മേഖലയില്‍ നിന്നും 38 ലക്ഷം വര്‍ഷം പഴക്കമുള്ള  ‘ആസ്ട്രലോപിത്തക്കസ് അനമെന്‍സിസ്’ വംശത്തില്‍ പെട്ട തലയോട്ടി കണ്ടെടുക്കപ്പെടുകയുണ്ടായി.
വണ്ടി ഒരു തിരിവ് കഴിഞ്ഞ് ആ മഹാതാഴ്വാരത്തിലേക്കിറങ്ങി (റിഫ്റ്റിലേക്ക്) തുടങ്ങുമ്പോള്‍ കണ്ട തടാകത്തിന്റെ ആ ആദ്യ ദൃശ്യം താമസിക്കാതെ മറഞ്ഞുപോയി. ഏറെ കഴിയും മുന്‍പ് വീണ്ടും ആ കാഴ്ച്ച. പിന്നീട് മുന്‍പില്‍ മറ്റു തടസ്സങ്ങളില്ലാതെ ആ കാഴ്ച്ച മാത്രമായി. ഒട്ടനവധി കിലോമീറ്ററുകള്‍ക്കപ്പുറമാണ് ആ ജല ലോകം. അപരാഹ്നസൂര്യന്റെ പ്രഭയില്‍ വെട്ടിത്തിളങ്ങി മോഹിപ്പിച്ച് കൊണ്ട് അങ്ങിനെ കിടക്കുകയാണവള്‍. നീണ്ട യാത്രയുടെ ആലസ്യവും വിരസതയും ക്ഷീണവുമൊക്കെ പമ്പകടന്നു. ആ ജല സമുദ്രത്തിലേക്ക് കണ്ണുംനട്ടിരിക്കുമ്പോള്‍ എത്രയും പെട്ടെന്ന് അവിടെ എത്തിപ്പെടാനുള്ള ധൃതിയിലായിരുന്നു എല്ലാവരും. മുന്‍പില്‍ നേര്‍ രേഖപോലെ നീണ്ടു കിടക്കുന്ന പാത. വിജന്നമായ വഴിയോരങ്ങള്‍ പിന്നിട്ട വരണ്ട പ്രകൃതിയില്‍ നിന്നുമാറി പച്ചപ്പാണ് മുന്‍പിലും ചുറ്റിലും. ഇനിയും മണിക്കൂറുകളുടെ യാത്രയുണ്ട് ആ തടാകക്കരയിലേക്ക് എന്ന് അബ്ദു പറഞ്ഞു.
(തുടരും)

4 comments:

  1. ഓട്ടത്തിലൂടെ എത്യോപ്യയുടെ യശസ്സുയർത്തിയ ഹെയ്‌ലി  തന്നെയാണ്  ഇതിലെ ഹൈലൈറ്റ്സ് ...  

    ReplyDelete
  2. നന്ദി മുരളിയേട്ടാ...

    ReplyDelete
  3. ക്ഷമിക്കണം മുരളിയേട്ടാ... എഡിറ്റ് ചെയ്തു ചില കൂട്ടിച്ചേര്‍ക്കലുകളും ചില മാറ്റങ്ങളും വരുത്തി....

    ഇടയില്‍ ഒരു അധ്യായം കൂടി കൂട്ടിച്ചേര്‍ത്തു...

    ReplyDelete
  4. കൂട്ടിച്ചേര്‍ക്കലുകളും വായിച്ചു ..കേട്ടോ ഭായ്

    ReplyDelete