Wednesday, April 27, 2016

മഴനൂലുകള്‍ മലമ്പാതകള്‍

"ലോഡ്ജിലെ കൗണ്ടറിലിരിക്കുന്ന പയ്യന്‍ രജിസ്ട്രര്‍ കോളങ്ങള്‍ പൂരിപ്പിക്കുന്ന കൂട്ടത്തില്‍ ചോദിച്ചു 'പര്‍പ്പസ് ഓഫ് വിസിറ്റ്' പര്‍പ്പസ് ഓഫ് വിസിറ്റ്?' അയാളുടെ മനസ്സും അതു തന്നെ ഉരുവിട്ടു മനസ്സില്‍ ഒരു മറുപടി ഉരുണ്ടുകൂടി ടു ഫോന്‍ഡല്‍ സെര്‍ട്ടണ്‍ മെമ്മറീസ്" (ഈശ്വരന്‍ കോവിലിലെ പശുപതി ഉത്സവം  സി.വി.ശ്രീരാമന്‍)


നേര്യമംഗലം പാലം കടക്കുമ്പോള്‍ മുതല്‍ തണുപ്പു പടര്‍ന്നുതുടങ്ങിയിയിരുന്നത് മനസ്സിലായിരുന്നില്ലേയെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു വഴിയിലൂടെ ഇടുക്കിയിലേക്ക് പ്രവേശിക്കുമ്പോള്‍ തോന്നിപ്പോകുന്നു. ആ യാത്രകളിലൊക്കെ ഹൈറേഞ്ചിലെ തണുപ്പ് ശരീരമറിയുന്നത് വഴിയെത്രയോ പിന്നിടുമ്പോഴായിരുന്നിരിക്കണം. അല്ലെങ്കിലും തണുപ്പും ചൂടും ചിലപ്പോഴൊക്കെ നമ്മുടെ മാനസികാവസ്ഥയുടെ, മുന്‍ധാരണയുടെ, ഇഷ്ടാനിഷ്ടങ്ങളുടെ ഉല്‍പ്പന്നങ്ങളല്ലേ. നമുക്കുള്ളിലെ സ്‌നേഹവും വെറുപ്പുമൊക്കെ ചേര്‍ന്ന് മാറ്റിയെടുക്കാവുന്ന അവസ്ഥകള്‍... ശിശിരത്തിലും ചിലപ്പോഴൊക്കെ ഇവിടം പൊള്ളിച്ചിരുന്നെന്നും കത്തുന്ന വേനലില്‍ കുളിര്‍പ്പിച്ചിരുന്നെന്നും ഇപ്പോഴറിയുന്നു. ചുട്ടുപഴുത്ത ഇരമ്പുദണ്ഡാണെന്ന് ഹിപ്പ്‌നോട്ടെസ് ചെയ്ത് വിശ്വസിപ്പിച്ച്  തണുത്ത ഇരുമ്പുകഷ്ണത്തില്‍ പിടിപ്പിക്കുമ്പോള്‍ കൈ പൊള്ളുന്നത് പോലെ നമ്മുടെ കാഴ്ച്ചകള്‍ നമ്മുടെ സ്വപ്‌നങ്ങള്‍ നമ്മുടെ മുന്‍വിധികള്‍ നമ്മുടെ അനുഭവങ്ങള്‍ നമ്മെ പരുവപ്പെടുത്തുന്നുണ്ട്....


അമ്പരപ്പും കൗതുകവും കലര്‍ന്ന കണ്ണുകളോടെ പുറം കാഴ്ച്ചകളില്‍ മുഴുകിയിരിക്കുകയാണ് കല്യാണി. വെയിലാറിത്തുടങ്ങിയിരിക്കുന്നു. വാഗമണ്ണിലെ പുല്‍ മേടുകളില്‍ പോക്കുവെയിലും നിഴലും ഒളിച്ചു കളിക്കുന്നു. സനോജ് വളരെ പതുക്കെയാണ് വണ്ടിയോടിക്കുന്നത്.  തണുപ്പ് ചെറുതായി അരിച്ചെത്തുന്നുണ്ട്. പെരുനാള്‍ ദിനമായിട്ടും വാഹനങ്ങള്‍ അധികം കണ്ടില്ല. തൊടുപുഴ-മൂലമറ്റം റോഡില്‍ മുട്ടത്ത് വെച്ച് തിരിഞ്ഞ് കുത്തനെയുള്ള കയറ്റം കയറിയാല്‍ വാഗമണ്ണിലെത്താം. ഇല വീഴാപൂഞ്ചിറയിലേക്ക് പോകുന്നതും ഈ വഴിയാണ്. കുത്തനെയുള്ള കയറ്റം, വീതികുറഞ്ഞ റോഡ്, വിജന്നമായ വഴിയോരം, ചിലയിടത്തെത്തുമ്പോള്‍ ഒരു വശത്ത് അഗാധമായ താഴ്ച്ച.  ഈ വഴി താണ്ടിയാണ് വണ്ടി വാഗമണ്ണിലെത്തിയിരിക്കുന്നത്. കയറി വരുംത്തോറും ഉയരമുള്ള മരങ്ങള്‍ അപ്രത്യക്ഷമാകുന്നു, പിന്നെ വാഗമണ്ണിലെ പുല്‍മേടുകള്‍ തുടങ്ങുകയാണ്.


തൊടുപുഴയില്‍ നിന്ന് മൂലമറ്റം വഴിയും ഈരാറ്റുപേട്ട വഴിയും വാഗമണ്ണിലേക്ക് പോകാം. ഈരാറ്റുപേട്ട വഴിയുള്ള റോഡ് വന്നിട്ട് അധികകാലമായിട്ടില്ല. മുന്‍പൊരിക്കല്‍ പോയിട്ടുണ്ട് ആ വഴി. കയറ്റം കുത്തനെത്തന്നെ, പക്ഷെ വഴിക്ക് കുറച്ചുകൂടി വീതിയുണ്ട്. ഇത്ര മോശം റോഡുമല്ല. പക്ഷെ അപകടങ്ങള്‍ തുടര്‍ക്കഥകളാണ് ഈ മലമ്പാതകളിലൊക്കെ. വഴിയിലൊരിടത്ത് വണ്ടി നിറുത്തി. കുട്ടികള്‍ മലചെരുവിലേക്ക് അള്ളി പിടിച്ച് കയറാന്‍ തുടങ്ങി. പുല്‍മേടുകള്‍ക്കപ്പുറം താഴ്‌വാരം തുടങ്ങുന്നു. പഞ്ഞിക്കെട്ടുപോലെ  മലകളെ തഴുകി മേഘങ്ങള്‍ കടന്നുപോകുന്നു. കുട്ടികളികളും പടമെടുപ്പും തുടരുമ്പോള്‍ സമയം വൈകുന്നെന്ന് സനോജ് ഓര്‍മ്മപ്പെടുത്തി. വാഗമണ്ണില്‍ താമസത്തിനായി ഒരിടം കണ്ടുപിടിക്കണം സമയമുണ്ടെങ്കില്‍ അസ്തമയത്തിന് മുന്‍പ് പുറത്തൊന്നിറങ്ങണം.


8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമൊരു ഇടുക്കി യാത്ര. ഈ യാത്രയില്‍ കുടംബവുമുണ്ട് കൂടെ, അച്ഛനും അമ്മയും നിത്യയും കല്യാണിയും അനിയത്തിയുടെ മകന്‍ അപ്പുവുമടക്കം. പിന്നെ സുഹൃത്തായ ഷിബുവും ഭാര്യ സ്മിതയും മക്കളായ അച്ചുവും കിച്ചുവും പിന്നെ സാരഥിയും സുഹൃത്തുമായ സനോജ്. ഓര്‍മ്മകളിലുടെയുള്ള ഒരു യാത്രകൂടിയാണ് എനിക്കിത്. മാസത്തിലൊന്നോ രണ്ടോ തവണ വെച്ച് ഇടുക്കിയില്‍ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, ഒരിക്കല്‍. പച്ചപ്പിലേക്ക് കണ്ണുകളാഴ്ത്തി മനസ്സിനെ മേയാന്‍ വിട്ട് കെ.എസ്.ആര്‍.ടി.സി യുടെ ജാലകസീറ്റില്‍ അങ്ങിനെയിരിക്കും, അന്നൊക്കെ യാത്രകളില്‍. ഇന്നിപ്പോള്‍ യു.എ.ഇയിലെ കനത്ത ചൂടിനിടയില്‍ നിന്ന് ഊളയിട്ടതാണ് ഈ അവധിദിനങ്ങളിലേക്ക്. മഴയൊഴിഞ്ഞ ഓണക്കാലത്ത് പച്ചപ്പിന് ഒട്ടും കുറവില്ല നോങ്ങല്ലൂരിന് എങ്കിലും വീട്ടുകാര്‍ക്ക് ഇടുക്കിയെ കാണിച്ചുകൊടുക്കാന്‍ ഇതിലും നല്ലൊരു സമയമില്ലെന്ന് തോന്നി. അറേബ്യയിലെ ശേഷിക്കുന്ന വേനല്‍ ദിനങ്ങള്‍ പിന്നിടാനുള്ള ഊര്‍ജ്ജം പകര്‍ന്നുതരികയും ചെയ്യും പച്ചപ്പിലൂടെയും മഴയിലൂടെയും മഞ്ഞിലൂടെയും ഓര്‍മ്മകളിലൂടെയുമുള്ള ഈ യാത്ര.


അമ്മയുടെ മുഖത്ത് ക്ഷീണം പടര്‍ന്നു തുടങ്ങിയിരിക്കുന്നു. പുലര്‍ച്ചെ നേരത്തെ ഇറങ്ങിയാതാണ് നോങ്ങല്ലൂര് നിന്ന്. ഷിബുവിനെയും കുടുംബത്തെയും എടുത്ത് ചൂണ്ടലെത്തിയപ്പോള്‍ രാത്രിമഴയുടെ ആലസ്യം മാറി നാടുണര്‍ന്ന് തുടങ്ങിയിരുന്നതേയുള്ളൂ. ആദ്യ ലക്ഷ്യം കോടനാടാണ്. പെരിയാറിന്റെ തീരത്തെ കേരള വനം വകുപ്പിന്റെ ആന വളര്‍ത്തല്‍ കേന്ദ്രം. പിന്നെ ഇരിങ്ങോള്‍കാവ്, തട്ടേക്കാട്, ഭൂതത്താന്‍കെട്ട് വഴി ഇടുക്കിയിലേക്ക്.

(തുടരും)

5 comments:

 1. good one..nalla oru yathra vivaranam.ormakale thazhuki unarthi.Thanks Raamu

  ReplyDelete
 2. യാത്ര തുടരട്ടെ...

  ReplyDelete
 3. നല്ല വിവരണവും ചിത്രങ്ങളും
  ആശംസകള്‍

  ReplyDelete
 4. വായിച്ച, അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി...

  ReplyDelete
 5. നമ്മുടെ നാടിനുള്ളിലെ
  ഏറ്റവും നല്ല വിനോദ സഞ്ചാര
  കേന്ദ്രങ്ങൾ പരിചയപ്പെടുത്തിയുള്ള
  യാത്രകളാണല്ലോ ഭായ് ഇതൊക്കെ ...

  ReplyDelete