'ആ പൂശാരി കുമാരേട്ടന്‍ എന്താ പറയാന്നറിയോ... പടക്കം പോട്ടിക്കണ നേരം പോയി പപ്പടം കാച്ചി തിന്നൂടടാ മക്കളേന്ന്'.. പൈസ കത്തിച്ചുകളയാനുള്ളതല്ലാന്ന് വരവും ചെലവും കൂട്ടിമുട്ടിച്ച് കാര്യമായൊന്നും മിച്ചംപിടിക്കാന്‍ കഴിയാതിരുന്ന ഒരു കര്‍ഷകനായ അച്ഛന്‍ വിശ്വസിച്ചു. സ്‌ക്കൂള്‍ തുറക്കുമ്പോള്‍ രണ്ടോ മൂന്നോ ജോഡി ഡ്രസ്സ് എടുക്കും എന്നതല്ലാതെ ഓണത്തിനും വിഷുവിനുമൊന്നും കോടി എടുക്കുന്ന പതിവും ഉണ്ടായിരുന്നില്ല വീട്ടില്‍. കാലം മാറിയതുകൊണ്ടോ പഴയതുപോലെ ഞെരുക്കമില്ലാത്തതുകൊണ്ടോ മാമൂലുകള്‍ പിന്തുടരാനുള്ള അമ്മയുടെ നിര്‍ബന്ധം കൊണ്ടോ ചെറുമക്കളുടെ മുന്‍പില്‍ ആര്‍ദ്രനായതുകൊണ്ടോ എന്നറിയില്ല, ഇന്ന് പേരക്കുട്ടികള്‍ക്കൊക്കെ പുതുവസ്ത്രങ്ങളെടുക്കാനായി പണം കൊടുക്കും അച്ഛന്‍. പക്ഷെ 3 പാക്കറ്റ് കമ്പിപ്പൂത്തിരി തന്റെ 3 വയസ്സുകാരി പേരക്കുട്ടിക്കായയി വാങ്ങിയെന്നും 25 പടക്കം വാങ്ങണമെന്നുണ്ടായിരുന്നെന്നും മിനിമം 50 എണ്ണമെങ്കിലും എടുക്കണമെന്നുള്ളതുകൊണ്ട് വാങ്ങാതെ മടങ്ങി എന്നും കേട്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. പ്രത്യേകിച്ചും കൊല്ലം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അച്ഛനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത്. അനാവശ്യങ്ങള്‍ ഒട്ടുമില്ലായിരുന്നെങ്കിലും വീട്ടിലെ ആവശ്യങ്ങള്‍ക്കൊന്നും ഒരു കുറവും വരുത്തിയിരുന്നില്ല അദ്ദേഹം. പക്ഷെ അനാവശ്യങ്ങള്‍ അനാവശ്യങ്ങളാണെന്ന് തന്നെ കരുതി.
ഒന്‍പതാം ക്ലാസ് വരെ മാത്രം പഠിച്ച അച്ഛന്റെ ജീവിതം തികച്ചും മാതൃകാപരമാണ്. വിളവ് കൂടുതല്‍ ലഭിക്കാനായി ഒരിക്കലും കീടനാശിനികളൊ രാസവളങ്ങളോ അദ്ദേഹം ഉപയോഗിച്ച് കണ്ടിട്ടില്ല. പുനരുപയോഗം ചെയ്യാനാകാതെ ഭൂമിക്ക് ഭാരമാകുന്ന സാധനങ്ങളൊന്നും തന്നെ പരമാവധി ഉപയോഗിക്കാറില്ല. പൊതു ഗതാഗതസംവിധാനങ്ങളിലല്ലാതെ യാത്രചെയ്യാറില്ല. ജനിച്ച ജാതിയോടൊ മതത്തോടൊ പ്രത്യേകിച്ച് യാതൊരു മമതയുമില്ല. തികഞ്ഞ പാരിസ്ഥിതിക ബോധവും മാനവികതയും ഗാന്ധിയന്‍ ലാളിത്യവും ജീവിത്തില്‍ പുലര്‍ത്തുന്ന ഒരു സാധാരണ കര്‍ഷകന്‍. കള്ളം പറയാറില്ല, ആരെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കാറും ആര്‍ക്കുമുന്‍പിലും തല താഴ്ത്താറുമില്ല. നാടോടുമ്പോള്‍ നടുവെ ഓടിയില്ല, ആരോടും മത്സരിച്ചില്ല, ആരേയും അനുകരിച്ചുമില്ല. രോഗങ്ങള്‍ക്കല്ല രോഗകാരണങ്ങള്‍ക്കാണ് ചികിത്സ വേണ്ടത് എന്ന് അദ്ദേഹം കരുതി. അതിനനുസരിച്ച് ജീവിച്ചു.
അമ്മവീട്ടിലെ ഒരു വിഷുകാലത്താണ് ഞാന്‍ വിഷു പൂര്‍ണ്ണമായി അറിയുന്നത്. അച്ഛന്‍ ജാതിയിലും മതത്തിലും വംശത്തിലും വര്‍ണ്ണത്തിലും ദേശത്തിലുമൊന്നും അധികം വിശ്വസിക്കാത്ത ഒരാളയാതുകൊണ്ട് തന്നെ ചടങ്ങുകളും ആചാരങ്ങളും അനുഷ്ടാനങ്ങളുമൊക്കെ വളരെ കുറവായിരുന്നു വീട്ടില്‍. എന്നാല്‍ അമ്മയുടെ വീട്ടില്‍ നേരെ വിവരീതവും. കന്നുപൂട്ടലും കണികാണലും വാഴപ്പോള ചതുരത്തില്‍ വാഴയില കുമ്പിളുകുത്തിയുള്ള വിഷു കഞ്ഞികുടിയും വിഷുകൈനീട്ടവും വിഷുക്കട്ടയും അങ്ങിനെ ആചാരപരമായാണ് അവിടത്തെ വിഷു. ഒരു വര്‍ഷം വേനലവധിക്ക് അവിടെയെത്തിയ ഞാന്‍ വിഷുവിന് വീട്ടിലേക്ക് മടങ്ങിയില്ല. 60-80 രൂപയ്ക്ക് അന്ന് 1000 ഓലപടക്കം കിട്ടും. 6 ആണ്‍മക്കളും 3 പെണ്‍കുട്ടികളുമുള്ള വലിയ കുടുംബമാണ് അമ്മയുടേത്. അതില്‍ നാഗ്പൂരുള്ള മൂന്നാമത്തെ മാമനും ലണ്ടനിലുള്ള ഇളയമാമനും ഒഴിച്ചുള്ള ആണ്‍മക്കളും അവരുടെ കുടുംബങ്ങളുമൊക്കെ ഓണത്തിന് തറവാട്ടില്‍ ഒത്തുകൂടും. പിന്നെ പടക്കം പൊട്ടിതുടങ്ങുകയായി നിറുത്താതെ രണ്ടുദിവസത്തോളം. പിന്നെ രാത്രി തലചക്രം, പൂത്തിരി, ലാത്തിരി, മത്താപ്പ്, വാണം, കമ്പിത്തിരി, മേശപ്പൂവ് അങ്ങിനെ... വിഷുകഴിഞ്ഞ് രണ്ടാം നാളാകുമ്പോഴേക്കും പടക്കശേഖരം തീരും പിന്നെ കുട്ടികളൊക്കെ കൈനീട്ടം കിട്ടിയ പൈസയുമായി കടയിലേക്ക് ഓടുകയായി ഒടുവില്‍ അതും കത്തിച്ച് തീരുന്നതോടെ പൊട്ടാതെ കിടക്കുന്ന പടക്കങ്ങള്‍ക്കായുള്ള അന്വേഷണമായി. അതും കഴിഞ്ഞാല്‍ കാപ്പ് വാങ്ങി കൊണ്ട് വന്ന് കല്ലിന്‍മേല്‍ കുത്തിപ്പൊട്ടിക്കലായി. അങ്ങിനെ വിഷുകഴിഞ്ഞതിന്റെ ഹാങ്ങോവറിറങ്ങാന്‍ ആഴ്ച്ചയൊന്ന് കഴിയും...
അതില്‍ പിന്നെ വീട്ടിലെ വിഷുദിനങ്ങളിലേക്കും ചെറിയ തോതില്‍ വിഷു കടന്നുവന്നു തുടങ്ങി. ബന്ധുക്കള്‍ തരാറുള്ള പോക്കറ്റ് മണിയില്‍ നിന്ന് മിച്ചം വെക്കുന്ന പൈസ പതുക്കെ പടക്കവും കമ്പിത്തിരിയും ഒക്കെ ആയി മാറാന്‍ തുടങ്ങി, അച്ഛന്റെ അനിഷ്ടത്തിനിടയിലും. ആവശ്യങ്ങള്‍ അംഗീകരിച്ചു തരുമ്പോഴും ചില കാര്യങ്ങള്‍ അനാവശ്യമെന്ന് തന്നെ കരുതി അച്ഛന്‍ അതിലൊന്നായിരുന്നു പടക്കവും. പടക്കം വാങ്ങാനുള്ള പൈസക്കായി കശുവണ്ടി മോഷ്ടിക്കാനെത്തുന്ന കുട്ടികളെ പിടിക്കാനുള്ള ചുമതലക്കിടയില്‍ വിഷു ശരിക്ക് ആസ്വദിക്കാന്‍ പറ്റാറില്ല അന്നൊന്നും. പിന്നെ സഹോദരിമാരുടെ വിവാഹം കഴിഞ്ഞതോടെ വിഷുദിനങ്ങളിലെ പടക്കം പൊട്ടിക്കലുകളുമവസാനിച്ചു. പിന്നെ സഹോദരിയുടെ മകന്‍ അപ്പു പടക്കം പൊട്ടിക്കാന്‍ തുടങ്ങിയ പ്രായമെത്തിയപ്പോഴാണ് അവന് വേണ്ടി വാങ്ങാന്‍ തുടങ്ങിയത്. പിന്നെ പ്രവാസമാരംഭിച്ചതോടെ അതും നിന്നു.
ഇപ്പോഴിതാ മൂന്നു വയസ്സുകാരിയില്‍ നിന്ന് വിഷു വീണ്ടും തുടങ്ങുന്നു. അമ്മയുടെ അച്ഛനോടും അച്ഛന്റെ അച്ഛനോടും കമ്പിത്തിരി ആവശ്യപ്പെട്ട് ചോദിച്ച് വാങ്ങുന്നു. മൂന്നും ആറും ചേര്‍ത്ത് ഒന്‍പതാക്കുന്നു. അത് നിധിപോലെ സൂക്ഷിച്ച് വെച്ച് സൂര്യനുറങ്ങാന്‍ പോകുന്നത് കാത്തിരിക്കുന്നു, കത്തിച്ച് തീര്‍ക്കാനായി. മക്കള്‍ക്ക് മുന്‍പില്‍ കര്‍ക്കശക്കാരായിരുന്ന അച്ഛന്‍മാര്‍ പേരമക്കള്‍ക്ക് മുന്‍പില്‍ ഉദാരരാകുന്നു.. കക്കാട് പറയും പോലെ കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും ഓരോ പൂവിലും ഇല വരും കായ് വരും...
(ചിത്രങ്ങള്‍ക്ക് വാട്‌സ്അപ്പിലെ അജ്ഞാത സുഹൃത്തിനോട് കടപ്പാട്)
എന്റെയോർമ്മകൾ മുഴുവനും ദരിദ്രനാരായണന്മാരുടെ വിഷുക്കാലമാണ്
ReplyDeleteസമ്പന്നതയിലെ, ആര്‍ഭാടത്തിലെ ആഘോഷങ്ങളാല്‍ സന്തോഷം തരുന്നത് ഇല്ലായ്മകളിലെ ലളിതമായ ആഘോഷങ്ങളല്ലേ അജിത്തേട്ടാ...
Deleteമക്കളുടെ മുമ്പില്‍ കര്‍ക്കശക്കാരനായ അച്ഛന്മാര്‍ കൊച്ചുമക്കളുടെ അടുത്ത് ഉദാരരാകുന്നു...
ReplyDeleteസത്യം.
ഓര്‍മ്മക്കുറിപ്പ് നന്നായി.
ആശംസകള്‍
അതെ തങ്കപ്പേട്ടാ... പല ഭീകരന്‍മാരും കൊച്ചുമക്കളുടെ ശാഠ്യങ്ങള്‍ക്ക് മുന്‍പില്‍ തോറ്റുകൊടുക്കുന്നത് കണ്ടിട്ടുണ്ട്...
Deleteപടക്കം പൊട്ടിക്കാന്‍ അന്നും ഇന്നും വീട്ടില്‍ അനുവാദമില്ല, കമ്പിത്തിരിയെ അനുവദിക്കൂ... വിഷു ഓര്‍മ്മകള്‍ നന്നായി :)
ReplyDeleteഅതെ മുബി, പല വീട്ടിലും അങ്ങിനെതന്നെ... അതു തന്നെയല്ലേ നല്ലതും... ഉത്സവാചാരങ്ങളും അത് പിന്‍ തുടരട്ടെ... ശബ്ദമലിനീകരണം ഒഴിവാക്കി ദൃശ്യഭംഗിക്ക് പ്രാധാന്യം കൊടുത്ത്...
Deleteഅജിത്തേട്ടന്‍, തങ്കപ്പേട്ടന്‍, മുബി... സന്തോഷം ഈ വഴി വന്നതിനും അഭിപ്രായമെഴുതിയതിനും...
ReplyDeleteഇപ്പോഴിതാ മൂന്നു
ReplyDeleteവയസ്സുകാരിയില്‍ നിന്ന്
വിഷു വീണ്ടും തുടങ്ങുന്നു.
അമ്മയുടെ അച്ഛനോടും അച്ഛന്റെ
അച്ഛനോടും കമ്പിത്തിരി ആവശ്യപ്പെട്ട്
ചോദിച്ച് വാങ്ങുന്നു. മൂന്നും ആറും ചേര്‍ത്ത്
ഒന്‍പതാക്കുന്നു. അത് നിധിപോലെ സൂക്ഷിച്ച്
വെച്ച് സൂര്യനുറങ്ങാന്‍ പോകുന്നത് കാത്തിരിക്കുന്നു,
കത്തിച്ച് തീര്‍ക്കാനായി. മക്കള്‍ക്ക് മുന്‍പില്‍ കര്‍ക്കശക്കാരായിരുന്ന
അച്ഛന്‍മാര്‍ പേരമക്കള്‍ക്ക് മുന്‍പില്‍ ഉദാരരാകുന്നു..
കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും ഓരോ പൂവിലും ഇല വരും കായ് വരും...
സത്യം.
ഓര്‍മ്മക്കുറിപ്പ് നന്നായി.