Thursday, October 20, 2016

കോടനാട്ടെ കാഴ്ച്ചകള്‍...


(മഴനൂലുകള്‍ മലമ്പാതകള്‍-2)

രിവീരന്‍മാരൊക്കെ തേച്ചുകുളിക്കായി പെരിയാറിലേക്ക് നീങ്ങുകയാണ്. പുറകെ ഞങ്ങളും ചേര്‍ന്നു. കല്ലുപാകിയ വഴിയിറങ്ങുമ്പോള്‍തന്നെ ഏറെ ദൂരെയല്ലാതെ നിറഞ്ഞൊഴുകുന്ന പെരിയാറിന്റെ മനോഹരമായ കാഴ്ച്ചകാണാം. വല്ലാത്തൊരു സൗന്ദര്യമാണ് പെരിയാറിന് കോടനാടെത്തുമ്പോള്‍. ഇല്ലിക്കുട്ടങ്ങള്‍ക്കപ്പുറത്ത് കൂടി നിറഞ്ഞൊഴുകുകയാണ് നദി. സമയം 9 ആകുന്നതേയുള്ളൂ. സഞ്ചാരികളുടെ തിരക്ക് ഇനിയും തുടങ്ങിയിട്ടില്ല. അമ്മയും നിത്യയും രാവിലെ നേരത്തേ എഴുന്നേറ്റ് ഇഡലിയൊക്കെ ഉണ്ടാക്കിക്കൊണ്ടുവന്നിട്ടുണ്ട്, സ്മിത ദോശയും. അതൊക്കെ കഴിച്ചു. കല്യാണിയും അപ്പുവും പുതിയ കൂട്ടുകാരായ കിച്ചുവിനോടും സാവിയോടുമൊപ്പം കുട്ടികള്‍ക്കായുള്ള കളിയൂഞ്ഞാലുകളിലാണ്. രാവിലെ ചെറുതല്ലാത്ത ഒരു മഴ പെയ്ത് തോര്‍ന്നിട്ടുണ്ട്. ടാര്‍ വിരിച്ച നിലമാകെ നനഞ്ഞ് കിടക്കുന്നു. വലിയ മരച്ചില്ലകളില്‍ നിന്നും അപ്പോഴും ചെറുതായി അട്ടാറ് വീണുകൊണ്ടിരിക്കുന്നു. ആദ്യമായാണ് ഇവിടെ. ഇടുക്കിയിലേക്ക് പച്ചപ്പിന്റെ ലോകം തേടിയുള്ള യാത്രയിലെ ആദ്യ താവളമാണിത്. പെരിയാറിലെ കലക്കലില്ലാത്ത വെള്ളത്തില്‍ നീരാട്ട് തുടങ്ങിയിരിക്കുന്നു സഹ്യന്റെ മക്കള്‍.



















1895ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കാട്ടില്‍ നിന്ന് ആനകളെ പിടികൂടി ചട്ടം പടിപ്പിക്കാന്‍ സ്ഥാപിച്ച കളരികളിലൊന്നാണ് കോടനാട്. കാട്ടില്‍ വാരിക്കുഴി വെച്ച് ആനകളെ പിടിച്ച് പിന്നീടവരെ ചട്ടം പഠിപ്പിച്ച് നാട്ടാനകളാക്കിയിരുന്നു. 1965 ലാണ് ഇവിടത്തെ ആനക്കൊട്ടില്‍ ഇന്നുകാണുംവിധം 6മുറി കൊട്ടിലായി പുതുക്കിപണിയുന്നത്. ആനകളെ ചട്ടം പഠിപ്പിക്കുന്നതില്‍ പ്രാവിണ്യം നേടിയ നിരവധി പരിശീലകര്‍ ഇവിടെ ഉണ്ടായിരുന്നു. 1969ല്‍ നിയമം മൂലം ആന പിടുത്തം നിരോധിച്ചതോടെ ഇവിടത്തെ ആനപന്തിയില്‍ തിരക്കൊഴിഞ്ഞു. ഇന്ന് കാട്ടില്‍ നിന്ന് കൂട്ടം തെറ്റിയും പരിക്കുപറ്റിയും ഒറ്റപ്പെട്ടുപോകുന്ന കുട്ടിയാനകളാണ് ഇവിടത്തെ അന്തേവാസികള്‍. ഒരു കാലത്ത് 20 ഓളം ആനകള്‍ വരെയുണ്ടായിരുന്നു ഇവിടെ. ഇന്ന് ആനകളുടെ എണ്ണം ആറാണ്. വനം വകുപ്പിന്റെ ഇത്തരത്തിലുള്ള മറ്റൊരു ആനക്കൊട്ടില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ്. ഇപ്പോള്‍ ടൂറിസവുമായി കൂട്ടിയിണക്കിയാണ് ഇവിടത്തെ ആനപ്പന്തിയുടെ പ്രവര്‍ത്തനം. അധികം താമസിക്കാതെ ഈ ആനക്കൊട്ടില്‍ ചരിത്രത്തിന്റെ ഭാഗമാകും.  ഇവിടത്തെ എല്ലാ ആനകളേയും കോടനാട് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കപ്രിങ്ങാട്ടെ അഭയാരണ്യത്തിലേക്ക് മാറ്റും. 250 ഏക്കറുള്ള തുറന്ന മൃഗശാലയാണ് അഭയാരണ്യം ഇക്കോടൂറിസം പദ്ധതി. ആനകളെ മാറ്റിയാലും ഭാവിയില്‍ നിലവിലുള്ള ആനക്കൊട്ടിലിനൊപ്പം ഒരു ആന മ്യൂസിയം കൂടി സ്ഥാപിച്ച് പൈതൃക-വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി ഇവിടം നിലനിര്‍ത്താനാണ് വനം വകുപ്പിന്റെ പദ്ധതി.

വനംവകുപ്പിന്റെ ഇക്കോടൂറിസം സെന്ററായ പാണിയേലിപ്പോര് ഇവിടെ നിന്ന് 5 കിലോമീറ്റര്‍ മാത്രം ദൂരെയാണ്. പെരിയാറിന്റെ മറുകരയിലാണ് പ്രശസ്ത ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂര്‍. കോടനാട് നിന്ന് ഇന്ന് മലയാറ്റൂരിലേക്ക് പാലം വന്നിട്ടുണ്ട്. ഏറെ കാലത്തെ മുറവിളിക്കും സമരപരമ്പരകള്‍ക്കും ശേഷം. അവിടെ നിന്ന് അതിരപ്പിള്ളിയിലേക്കും ദൂരമേറെയില്ല. പെറിയാറിലെ നീരാട്ട് ഏറെ ആസ്വദിക്കുന്നുണ്ട് സഹ്യന്റെ മക്കള്‍. കല്യാണിയുടെയും ചേട്ടന്‍മാരുടെയും കണ്ണുകള്‍ ആനകളില്‍ തന്നെ ഉടക്കി നില്‍ക്കുകയാണ് ആനകളുടെ നീരാട്ട് ആദ്യമായി കാണുകയാണ് അവര്‍. പതുക്കെ സഞ്ചാരികള്‍ കൂടി വരുന്നുണ്ട്. മാനത്ത് മഴക്കറുപ്പ് പടര്‍ന്നു തുടങ്ങിയിരിക്കുന്നു. അടുത്ത സങ്കേതം ഇരിങ്ങോള്‍കാവാണ്. മടിച്ച് നില്‍ക്കുന്ന കുട്ടികളേയും കൂട്ടി പെരിയാര്‍ തീരത്ത് നിന്ന് മടങ്ങി. ആനക്കൊട്ടിലൊഴിച്ചുള്ള സ്ഥലങ്ങള്‍ ഒട്ടും പരിപാലിക്കപ്പെടാതെ കിടക്കുകയാണ്. ചെറിയൊരു മൃഗശാലയുള്ളത് പൂട്ടികിടക്കുന്നു. താമസിക്കാതെ അഭയാരണ്യത്തിലേക്ക് മാറ്റാനുള്ളതുകൊണ്ടായിരിക്കാം. മറ്റൊരു കാഴ്ച്ച വനം വകുപ്പിന്റെ നക്ഷത്രവൃക്ഷങ്ങളുടെ ഉദ്യാനമാണ്. ഓരോ ജന്മനക്ഷത്രത്തോടും ബന്ധപ്പെട്ടുള്ള മരങ്ങള്‍ നട്ടുപിടിപ്പിച്ച ഉദ്യാനം പുല്ലുകയറിക്കിടക്കുന്നു. സമീപത്ത് തന്നെ പരിപാലിക്കപ്പെടാതെ കുട്ടികള്‍ക്കായുള്ള ചെറിയൊരു പാര്‍ക്ക്.
ഇനി ഇരിങ്ങോള്‍ക്കാവിലേക്കാണ്... ആനക്കൊട്ടിലിനരികെ തന്നെ ചുറ്റിക്കറങ്ങുന്ന കുട്ടികളേയും കൊണ്ട് വണ്ടിക്കരികിലേക്ക് നടന്നു. മഴക്ക് പുറകെയെത്തിയ വെയിലിന് സുഖകരമായ ഒരിളം ചൂട്.
(തുടരും)

3 comments:

  1. കോടനാട്ടെ കാഴ്ചകളൊക്കെ കണ്ടു, ഇഷ്ടായി. ഇനി ഇരിങ്ങോള്‍ക്കാവിലെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നു.

    ReplyDelete
  2. ചരിത്രത്തിന്‍റെ ഭാഗമായിമാറിയേയ്ക്കാവുന്ന നല്ല അറിവുകള്‍.....
    ആശംസകള്‍

    ReplyDelete
  3. ആനക്കൊട്ടിലൊഴിച്ചുള്ള
    സ്ഥലങ്ങള്‍ ഒട്ടും പരിപാലിക്കപ്പെടാതെ
    കിടക്കുകയാണ്. ചെറിയൊരു മൃഗശാലയുള്ളത് പൂട്ടികിടക്കുന്നു.
    താമസിക്കാതെ അഭയാരണ്യത്തിലേക്ക് മാറ്റാനുള്ളതുകൊണ്ടായിരിക്കാം. മറ്റൊരു കാഴ്ച്ച വനം വകുപ്പിന്റെ നക്ഷത്രവൃക്ഷങ്ങളുടെ ഉദ്യാനമാണ്. ഓരോ ജന്മനക്ഷത്രത്തോടും ബന്ധപ്പെട്ടുള്ള മരങ്ങള്‍ നട്ടുപിടിപ്പിച്ച ഉദ്യാനം പുല്ലുകയറിക്കിടക്കുന്നു. സമീപത്ത് തന്നെ പരിപാലിക്കപ്പെടാതെ കുട്ടികള്‍ക്കായുള്ള ചെറിയൊരു പാര്‍ക്ക്...'
    ഇക്കോ ടൂറിസം വരുന്നതിനൊക്കെ മുമ്പ് ഏതാണ്ട്
    കാൽ നൂറ്റാണ്ട് മുമ്പ് കോടനാട് കാണുവാൻ പോയതോർക്കുന്നു

    ReplyDelete