Sunday, July 18, 2010

മാനന്തവാടി, തിരുനെല്ലി....(തുടര്‍ച്ച)

അലസമായ ഒരു സാഹായ്‌നസവാരിക്കൊടുവിലാണ്‌ പഴശ്ശി സ്‌മാരകത്തിലെത്തുന്നത്‌. മാനന്തവാടി അങ്ങാടിയും പരിസരങ്ങളും അത്രയൊന്നും സജീവമായിരുന്നില്ല അന്ന്‌. കണ്ണുകളില്‍ വായിച്ചെടുക്കാനാവാത്ത ഭാവങ്ങളുമായി പുകയില ചവയ്‌ക്കുന്ന ചില ആദിവാസികളുടെ മുഖങ്ങള്‍ നേരിയ ഓര്‍മ്മയായി ഇന്നും മനസ്സിലുണ്ട്‌. സുഖകരമായ തണുപ്പുണ്ടായിരുന്നു അന്തരീക്ഷത്തിന്‌. സന്ദര്‍ശകരുടെ ഒന്നോ രണ്ടോ കുടുംബങ്ങളൊഴിച്ചാല്‍ വിജന്നമായിരുന്നു സ്‌മാരക പരിസരം. പരമേശ്വരന്‍ മാഷുടെ ക്ലാസുകളിലൂടെ പഴശ്ശിയുടെ വയനാട്‌ മനസ്സിലുണ്ടായിരുന്നു. തന്റെ വിഷയം മലയാളമായിരുന്നിട്ടും എരുമപ്പെട്ടി സ്‌ക്കൂളിലെ 9 ബി. യിലെ ക്ലാസധ്യാപകനായ മാഷ്‌ കുട്ടികളെ പലപ്പോഴും ചരിത്രത്തിലേക്ക്‌ കൂട്ടികൊണ്ടുപോയി. പഴശ്ശിയുടെ പഴയ വയനാടിനെക്കുറിച്ചും ഭൂരഹിതരായ ആദിവാസികളെക്കുറിച്ചും അവിവാഹിതരായ ആദിവാസി അമ്മമാര്‍ പെരുകിവരുന്ന പുതിയ വയനാടിനെക്കുറിച്ചും ഞങ്ങള്‍ക്ക്‌ പറഞ്ഞുതന്നതും മാഷാണ്‌.

ഫോട്ടോ: സതീഷ്‌


വയനാട്‌ ജില്ലാആശുപത്രിയോട്‌ ചേര്‍ന്നാണ്‌ പഴശ്ശിസ്‌മാരകം. ഉയര്‍ന്ന ആ കുന്നിന്‍പുറത്ത്‌ നിന്ന്‌ ദൂരക്കാഴ്‌ച്ചകള്‍ ദ്യശ്യമായിരുന്നു. വൈകീട്ടത്തെ റൗണ്ടസ്‌ കഴിഞ്ഞ്‌ വരാമെന്നേറ്റിരുന്ന ദാസേട്ടനെകാത്ത്‌ ഞങ്ങള്‍ പുല്ലിലിരുന്നു. പഴശ്ശിയെക്കുറിച്ചുള്ള ചില അറിവുകള്‍ നിരീക്ഷണങ്ങള്‍ പങ്കുവെച്ചു പാപ്പന്‍. വല്യമ്മയും ചേച്ചിമാരും അപ്പോഴും പറഞ്ഞുതീരാത്ത വിശേഷങ്ങളുമായി അവരുടെ ലോകത്തായിരുന്നു.


ആകാശത്ത്‌ മഴയ്‌ക്കുള്ള ചില മുന്നൊരുക്കങ്ങള്‍. ദാസേട്ടനെ കാക്കാതെ ഞങ്ങള്‍ ഓട്ടോറിക്ഷ പിടിച്ച്‌ മടങ്ങി. വീടെത്തുംമുന്‍പ്‌ കാറ്റിന്റെ അകമ്പടിയോടെ കനത്ത മഴയെത്തി. കറന്റും പോയിരിയ്‌ക്കുന്നു.

.................................................................................
രാവിലത്തെ പൂജകളൊക്കെ കഴിഞ്ഞ്‌ നടയടച്ച സമയത്താണ്‌ തെങ്കാശിയെന്നറിയപ്പെടുന്ന തിരുനെല്ലിയിലെത്തുന്നത്‌. ക്ഷേത്രവും പരിസരവും വലിയ ആളനക്കങ്ങളില്ലാതെ കിടന്നു. തെളിഞ്ഞ അന്തരീക്ഷം. ഇളം ചൂടിന്‌ വല്ലാത്തൊരു സുഖവും പ്രസന്നതയും. കല്ലുപാകിയ പ്രദക്ഷിണ വഴികള്‍ പിന്നിടുമ്പോള്‍ കാണുന്ന ബ്രഹ്മഗിരിയുടെ ചേതോഹരമായ കാഴ്‌ച്ച. മലമുകളില്‍ ക്ഷേത്രത്തിലേയ്‌ക്ക്‌ കൊടും വേനലിലും വെള്ളമെത്തിക്കുന്ന കല്‍പ്പാത്തി. പക്ഷെ പാപനാശിനിയോളം തെളിമകിട്ടുന്നില്ല മറ്റ്‌ ചിത്രങ്ങള്‍ക്കൊന്നും.


പ്രകൃതിക്കപ്പുറം ഉപാസിക്കേണ്ട മറ്റൊരു ശക്തിയില്ല പ്രപഞ്ചത്തില്‍ എന്ന്‌ നമുക്ക്‌ പറഞ്ഞുതരുന്നു ഈ കാട്ടരുവി. വിശ്വാസത്തിനോട്‌ മതത്തിനോട്‌ ചെറിയൊരു പരിഭവം, നിഷേധം അന്നുമുണ്ട്‌. അതുകൊണ്ടുതന്നെ ചെയ്‌ത പാപങ്ങളെല്ലാം കഴുകികളയാനായി ആചാരപരമായ ഒരു കുളി വേണ്ടെന്ന്‌ മുന്നേ മനസ്സിലുറപ്പിച്ചിരുന്നു. തെളിഞ്ഞ ആ ജലപ്രവാഹത്തില്‍ കണ്ണുടക്കിയപ്പോഴെ മുന്‍തീരുമാനം മനസ്സില്‍ നിന്ന്‌ പിഴുതുമാറ്റി. പാപ്പനോടൊപ്പം ജലശയ്യയിലേയ്‌ക്ക്‌. മൂകാംബികയായാലും തിരുനെല്ലിയായാലും ശബരിമലയായാലും പ്രകൃതിയുടെ ഏറ്റവും അനുഗ്രഹീതമായ ഇടങ്ങളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. മനസ്സിനെ ഏകാഗ്രമാക്കാനും ശരീരത്തെ ആയാസരഹിതവും ഭാരരഹിതവുമാക്കാനും അങ്ങിനെ പരുവപ്പെടുന്ന മനുഷ്യനെ ദൈവ സങ്കല്‍പ്പത്തിലേക്കെത്തിക്കാനുമായിരിക്കണം ഈ ഇടങ്ങള്‍ തന്നെ പൂര്‍വ്വികര്‍ കണ്ടെത്തിയത്‌. അവിടങ്ങളിലെ ആരാധനകളായിരിക്കണം സൗഖ്യത്തിലേയ്‌ക്കും സമാധാനത്തിലേയ്‌ക്കും അവനെ കൊണ്ടുചെന്നെത്തിച്ചിരുന്നതും.


ഭാരങ്ങളേതുമില്ലാതെയാണ്‌ ആ ചെറിയ കാട്ടരുവിയില്‍ ഞാന്‍ കിടന്നത്‌. വിട്ടുപോരാന്‍ തോന്നാത്തത്ര അടുപ്പം നിമിഷ നേരം കൊണ്ട്‌ ആ ജല സ്‌പര്‍ശം നമ്മളിലുണ്ടാക്കുന്നു. പ്രകൃതി സങ്കല്‍പ്പം മാതൃസങ്കല്‍പ്പമായി മാറുന്നത്‌ ഈയൊരു വാത്സല്യം കൊണ്ടുതന്നെയാവണം. 14 വര്‍ഷത്തിനിടയില്‍ ചെയ്‌ത പാപങ്ങള്‍ കണക്കുകൂട്ടി നോക്കി അന്ന്‌, അത്രയ്‌ക്കൊന്നുമില്ല. ചിലത്‌ പാപങ്ങളാണോ അല്ലയോ എന്ന സംശയവും ഉണ്ടായി. പാപങ്ങള്‍ ഒഴുക്കികളയുക അല്ലെങ്കില്‍ പ്രകൃതി തന്നിലേക്കാവാഹിക്കുക. പക്ഷെ പാപങ്ങളുടെയും മാലിന്യങ്ങളുടെയും അളവുകളേറുമ്പോഴാകും പ്രശ്‌നം. ഗംഗയെപ്പോലെ, പമ്പയെപ്പോലെ.. വല്യമ്മയുടെ വിളിവന്നപ്പോള്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. മടക്കയാത്രയില്‍ കാട്ടിക്കുളത്ത്‌ ഒരിടത്ത്‌ കയറാനുണ്ട്‌. ദാസേട്ടന്റെ ഒരു ബന്ധുവീട്ടില്‍.


വയനാടിന്റെ യഥാതഥമായ ഒരു ചിത്രം ഒരു പക്ഷേ തിരുനെല്ലിയാത്രയിലാകും ലഭിക്കുക. വനസ്ഥലികള്‍, മുളങ്കാടുകള്‍, ജീരകശാലയും ഗന്ധകശാലയും പോലുള്ള വയനാടിന്റെ തനത്‌ നെല്ലിനങ്ങളും ധാന്യങ്ങളും വളരുന്ന ചതുപ്പുവയലുകള്‍,. കൃഷിയിടങ്ങള്‍ക്കു നടുവിലുള്ള കാവല്‍മാടങ്ങള്‍, മുളയും ഈറ്റയും ഉപയോഗിച്ച്‌ ചട്ടക്കുടുണ്ടാക്കി അതിന്‍മേല്‍ ചെളിതേച്ച്‌ പണിതെടുത്ത പുല്ലുമേഞ്ഞ ആദിവാസികുടികള്‍. പലയിടത്തും കാട്‌ തേക്ക്‌ പ്ലാന്റേഷനുകള്‍ക്ക്‌ വഴിമാറിയിരിക്കുന്നു. കാപ്പിത്തോട്ടങ്ങളില്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന വന്‍മരങ്ങള്‍ അതിനേല്‍ അടിമുടി പടര്‍ന്നുകയറിയ കുരുമുളകുവള്ളികള്‍......

(ഫോട്ടോ : സതീഷ്‌)


പുല്‍പ്പള്ളി പോലീസ്‌ സ്‌റ്റേഷന്‍ ആക്രമണത്തിന്റെ കഥകള്‍ കേട്ടിട്ടുണ്ടായിരുന്നു അച്ഛനില്‍ നിന്ന്‌. അങ്ങിനെയാണ്‌ അജിതയും കുന്നിക്കല്‍ നാരായണനും മന്ദാകിനിയും ഫിലിപ്പ്‌. എം. പ്രസാദും  മനസ്സിലെത്തുന്നത്‌. പുലിക്കോടന്‍ നാരായണനും ലക്ഷണയും ജയറാം പടിക്കലും സുപരിചിതമായ പേരുകളായിരുന്നു അന്ന്‌. തട്ടിന്‍പുറത്തെ പഴയപുസ്‌തക ശേഖരത്തില്‍ വത്സലയുടെ നെല്ല്‌ പ്രസിദ്ധീകരിച്ചുവന്നിരുന്ന മാതൃഭൂമിയുടെ പഴയലക്കങ്ങളുമൂണ്ടായിരുന്നു. ഇടയ്‌ക്കും തലയ്‌ക്കുമായി വായിച്ചതൊഴിച്ചാല്‍ അന്നത്‌ പൂര്‍ണ്ണമായി വായിച്ചിട്ടില്ല. വിഷകന്യക വായിച്ചിരുന്നു. പക്ഷെ പെറ്റെക്കാട്‌ തന്ന ചിത്രങ്ങളൊന്നും കണ്ടെത്താനായില്ല ആ വയനാട്‌ യാത്രയില്‍. കെ. പാനൂരിലൂടെ വായിച്ചറിഞ്ഞ ആദിവാസി ജീവിതം ചെറിയൊരു തിരിച്ചറിവായി അന്ന്‌ മനസ്സിലുണ്ട്‌. കെ. ജെ. ബേബിയെ പറ്റി വായിച്ചറിഞ്ഞിരുന്നുവെങ്കിലും നല്ലതമ്പിതേരയെ പറ്റി അന്ന്‌ കേട്ടറിവുപോലുമുണ്ടായിരുന്നില്ല.

(തുടരും)

14 comments:

 1. ..
  പ്രകൃതിക്കപ്പുറം ഉപാസിക്കേണ്ട മറ്റൊരു ശക്തിയില്ല പ്രപഞ്ചത്തില്‍ എന്ന്‌ നമുക്ക്‌ പറഞ്ഞുതരുന്നു ഈ കാട്ടരുവി.

  :)
  ..
  നന്നായിട്ടുണ്ട് :)
  വിവരണവും അനുബന്ധ ചിത്രങ്ങളും ഒന്നിപ്പിക്കൂ,
  കാട്ടരുവിക്ക് പകരം വേറെ ഫോട്ടൊയാണ് കാണുന്നത്.
  ..

  ReplyDelete
 2. മനോഹരം മാഷേ. ചിത്രങ്ങളും വിവരണവും. തുടരൂ...

  ReplyDelete
 3. 'രവി 'യ്‌ക്കും 'ശീ ' യ്‌ക്കും നന്ദി.....
  പതിനഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറത്തേക്കുള്ള ചില ഓര്‍മ്മകളും യാത്രാനുഭവങ്ങളുമാണ്‌ തീര്‍ച്ചയായും അതിന്റെ പരിമിതികള്‍. ഫോട്ടോകള്‍ ആ യാത്രയുടേതല്ല, ചില സുഹൃത്തുക്കളുടെ അവരുടെ അനുവാദത്തോടെ ചേര്‍ത്തവ. ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന അല്‍പ്പത്തരത്തില്‍ നിന്നുണ്ടാകുന്ന ധൈര്യത്തില്‍ എഴുതിപോകുന്നു....

  ReplyDelete
 4. രാമൂ - എന്റെ സ്വപ്നഭൂമിയാണ് വയനാട്. എത്ര കണ്ടാലും വായിച്ചാലും മതിയാകില്ല. ചിലപ്പോള്‍ എന്റെ അവസാന നാളുകള്‍ ആ നാട്ടിലാകാനും മതി. അത്രയ്ക്കാണ് വയനാടിനോടുള്ള ഇഷ്ടം.

  രാമുവിന്റെ എഴുത്താകുമ്പോള്‍ മറ്റൊരു അനുഭവമാണ്, വായനാസുഖമാണ്. തുടരട്ടെ യാത്ര.

  ReplyDelete
 5. പ്രമോദ് .
  എഴുത്ത് നന്നായിരിക്കുന്നു..
  വയനാടന്‍ യാത്രയുടെ ശാന്തിയും തെളിമയും വരികളില്‍ ചേര്‍ന്ന് കിടപ്പുണ്ട് ...
  ചെറിയൊരു വസ്തുതാ തെറ്റ് ചൂണ്ടിക്കാട്ടാനുണ്ട് ..
  തൃശിലേരി പോലീസെ സ്റ്റേഷന്‍ ആക്രമണം അന്ന ഒരു ആകഷന്‍ നക്സലൈറ്റ് ചരിത്രത്തിലില്ല ..
  സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടത് പുല്പള്ളിയിലാണ് ,അതിനോടൊപ്പം തലശ്ശേരിയിലും
  അജിതയും കുന്നിക്കളും മായുമൊക്കെ പങ്കെടുക്കുന്നത് തുടര്‍ പരിപാടികള്‍ എന്നാ നിലയില്‍ ആസൂത്രണം ചെയ്ത ഈ രണ്ടു കലാപങ്ങളിലാണ്..
  ത്രിശിലേരിയില്‍ പിന്നെയും നാളുകള്‍ കഴിഞ്ഞ് വര്‍ഗീസിന്റെ മുന്‍ കയ്യിലാണ് ഒരു ആക്രമനമുണ്ടാവുന്നത്,അന്ന് ആക്രമിക്കപെട്ടത്‌ ഒരു ജന്മി കുടുംബമായിരുന്നു ..
  ഒരുപാട് ഗൌരവമുള്ള തെറ്റൊന്നുമല്ല ,പല ചരിത്രവും വാമൊഴികളാല്‍ പ്രചരിപ്പിക്കപെടുമ്പോള്‍ ചെറു മാറ്റങ്ങള്‍ വന്നു ചേരുന്നത് സ്വാഭാവികം
  അല്ലെങ്കില്‍ തന്നെ എഴുപതുകളിലെ ഈ പാകപ്പെടത്ത വിപ്ലവ ശ്രമങ്ങളെ ബാലിശമായ എടുത്തുചാട്ടങ്ങള്‍ എന്ന് കാലം തന്നെ വിലയിരുത്തുമ്പോള്‍ ഇതിലിത്രമാത്രം വസ്തുനിഷ്ടമാകേണ്ടാതുമില്ല..
  തുടര്‍ന്നും എഴുതുക ,വായിക്കാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നു
  നല്ലത് വരട്ടെ ..

  ReplyDelete
 6. പ്രിയ നിരക്ഷരന്‍,

  വളരെ ശരിയാണ്‌ താങ്കള്‍ പറഞ്ഞത്‌. വയനാട്‌ ഒരിക്കല്‍ സന്ദര്‍ശിച്ചിട്ടുള്ളവരുടെയൊക്കെ സ്വപ്‌നഭൂമി തന്നെ. ആഗ്രഹം പോലെ നടക്കട്ടെ...

  പ്രിയ വയനാടന്‍

  തെറ്റ്‌ ചൂണ്ടിക്കാണിച്ചതിന്‌ വളരെ നന്ദി. ചെറിയൊരു ഓര്‍മ്മത്തെറ്റ്‌ എഴുത്തിലെ ജാഗ്രതക്കുറവ്‌. തിരുത്തിയിട്ടുണ്ട്‌. അജിതയുടെ ഓര്‍മ്മക്കുറിപ്പുകളിലൂടെ അവിടങ്ങളിലൊക്കെ സഞ്ചരിച്ചതാണ്‌. പിന്നെ വളരെ വിശദമായി കെ. വേണു ആ കാലം മുഴുവന്‍ എഴുതിയിരുന്നല്ലോ പരമ്പരയായി. തുടര്‍ന്ന്‌ വാസുവേട്ടന്റെ ഇടപെടലും രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലുകളും ഒരിക്കല്‍ കൂടി ആ പഴയ ദിനങ്ങളിലൂടെ കേരളം കടന്നുപോയതുമാണ്‌.

  വായിച്ചതിനും തെറ്റ്‌ ചൂണ്ടിക്കാട്ടിയതിന്‌ ഒരിക്കല്‍ കൂടി നന്ദി..

  ReplyDelete
 7. വളരെ മനോഹരമായിരിക്കുന്നു..

  ReplyDelete
 8. എഴുത്ത് വളരെ മനോഹരമായിരിക്കുന്നു. വയനാടിന്റെ മനോഹാരത കണ്ടരിഞ്ഞിട്ടുണ്ട് ഞാന്‍ പലവട്ടം.

  ReplyDelete
 9. രൂപേഷിനും ജിഷാദിനും നന്ദി. വീണ്ടും വരിക....

  ReplyDelete
 10. പ്രമോദ്,
  നല്ല ശൈലി.
  വയനാട് കാണുക എന്നത് എന്റേയും സ്വപ്നമാണ്.ആ ഫോട്ടോസ് ഒക്കെ കൊതിപ്പിക്കുന്നു.

  ReplyDelete
 11. Ramu nalla vaakkukalum and ormayum kure vayichu eniyum ezhuthamtto.

  ReplyDelete
 12. "പ്രകൃതിക്കപ്പുറം ഉപാസിക്കേണ്ട മറ്റൊരു ശക്തിയില്ല പ്രപഞ്ചത്തില്‍" സത്യമാണ് ഇത് എല്ലാവരും മനസിലാക്കണം . അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു

  ReplyDelete
 13. ലേഖാവിജയ്‌, സ്വാമി, ജയരാജ്‌

  വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി..

  ReplyDelete
 14. രാമൂ,മനോഹരമായ ശൈലി. ചിത്രങ്ങളും വിവരണവും തുടരൂ...

  ReplyDelete