Sunday, June 20, 2010

യുക്തിവാദി യാവുട്ടിക്കായും കാവില്‍വട്ടം പറന്വും.

ആ ഒന്നരയേക്കര്‍ പറമ്പ്‌ തന്റെ കൈയ്യിലെത്തിപ്പെട്ട ആ നശിച്ച നിമിഷത്തെ യാവുട്ടി ശപിച്ചു. തനിയ്‌ക്കത്‌ എഴുതിതന്ന വാപ്പയേയും വാപ്പക്ക്‌ അത്‌ കൊടുത്ത മുഹമ്മദാപ്ലയേയും മുഹമ്മദാപ്ലയ്‌ക്ക്‌ കിട്ടിയ കാശിനതുവിറ്റ കൃഷ്‌ണന്‍ മാഷേയും മാഷ്‌ക്ക്‌ അത്‌ കച്ചവടം ചെയ്‌ത പരീത്‌ഹാജിയേയും പരീത്‌ ഹാജിക്കത്‌ കൈമാറി നാടുവിട്ട അമ്മുകുട്ടി അമ്പ്രാളേയും യാവുട്ടി ആ നിമിഷത്തില്‍ വല്ലാതെ വെറുത്തുപോയി. അല്ലെങ്കില്‍ കുട്ടംകുളങ്ങര അപ്പുവേട്ടന്‍ പറയുന്നതുപോലെ ഒക്കെ കര്‍മ്മഫലാകും. കേച്ചേരിയിലെ അടയ്‌ക്കാകച്ചവടം ആകെ പൊളിഞ്ഞുപാളീസായിരിക്കുന്നു കിട്ടാനുള്ള പൈസ ചോദിച്ച്‌ വരുന്നവരോട്‌ അവധിപറഞ്ഞു മടുത്തു. പറമ്പ്‌ അവരുടെ പേരിലെഴുതികൊടുക്കാമെന്നു വെച്ചാല്‍ "ഞങ്ങളുടെ കുടുംബം നശിപ്പിച്ച്‌ നിനക്കെന്ത്‌ കിട്ടാനാ യാവുട്ട്യേ" എന്ന്‌ മറു ചോദ്യം. തൊട്ടപ്പുറത്തെ കഷ്‌ണം സെന്റിന്‌ 47 വെച്ച്‌ കച്ചവടം നടന്നപ്പോ നമ്മടെ പറമ്പിന്‌ വില പറഞ്ഞത്‌ 22 അതില്‍ ഇടനിലക്കാര്‍ക്കുള്ള രണ്ട്‌ കഴിച്ച്‌ കൈയ്യില്‍ കിട്ടുന്നത്‌ 20 എന്നിട്ടും വാക്കുപറഞ്ഞുറപ്പിച്ച ചെതലന്‍ ബെന്നി കാലുമാറിക്കളഞ്ഞു. രാവിലെ നേരത്തെ തന്നെ ഓഫീസില്‍ കണ്ടപ്പോള്‍ രാമകൃഷ്‌ണേട്ടന്‍ ചോദിച്ചതാ ''നടക്ക്വോ യാവുട്ട്യേ, ഇന്നാരെങ്കിലും വരാന്ന്‌ പറഞ്ഞിട്ടുണ്ടോ ? ''. അക്കിക്കാവ്‌ സബ്‌-രജിസ്‌ടാറോഫീസിനു മുന്‍പിലുള്ള വലിയ പാലമരത്തിനു താഴെ ബൈക്കില്‍ ചാരി ഇരിക്കുമ്പോള്‍ പലരും തന്നെ നോക്കി ചിരിക്കുന്നത്‌ ചെറിയൊരു പരിഹാസത്തോടെയല്ലേ എന്ന്‌ യാവുട്ടിക്ക്‌ തോന്നി.

വര : റഫീക്ക്‌ അഹമ്മദ്‌
പഴയ നാട്ടുമരങ്ങളും പാറ്റത്തെങ്ങുകളും ആരോഗ്യമില്ലാത്ത കവുങ്ങുകളും നിറഞ്ഞ ആ പുരയിടം ബാപ്പയ്‌ക്ക്‌ കൊടുത്തത്‌ പരീത്‌ ഹാജിയാണ്‌. കുന്നംകുളം മാര്‍ക്കറ്റിലെ മീന്‍ ലേലത്തിന്റെ കുത്തകയുണ്ടായിരുന്ന ഹാജി പൊട്ടി എന്നുകേട്ടിരുന്ന കാലമായിരുന്നു അത്‌. അന്നത്തെ മാര്‍ക്കറ്റ്‌ നിരക്കിലും താഴ്‌ന്ന്‌ ഭൂമി കച്ചവടം ചെയ്യുമ്പോ ഹാജി പറഞ്ഞത്‌ ഇത്രയാണ്‌ " വേറൊന്നും ഉണ്ടായിട്ടല്ല പൈസയ്‌ക്ക്‌ കുറച്ച്‌ അത്യാവശ്യം ഉണ്ട്‌, എത്രയും പെട്ടെന്ന്‌ തീറ്‌ നടത്തി കായി തരാന്‍ പറ്റിയ ഒരാളെ വെറെ കിട്ടിയില്ല അതോണ്ടാ ഇങ്ങയ്‌ക്കീ വിലയ്‌ക്ക്‌ തരുന്നത്‌ ". തീറിന്റെ തലേന്ന്‌ മാമ വന്നിരുന്നു "അളിയാ നമുക്കീ പറമ്പുവേണ്ട, അത്‌ വാങ്ങി ഒരു മാസം തികയുന്നതിനു മുന്‍പാ മുഹമ്മദ്‌ സായ്‌വ്‌ മരണപ്പെട്ടത്‌. പരീത്‌ഹാജിയുടെ കച്ചവടം പൊളിഞ്ഞു പാളീസായതും ഈ പറമ്പുവാങ്ങിയതില്‍ പിന്നെയാണത്രെ". അകത്തു നിന്ന്‌ ഉമ്മയെ വിളിച്ചുവരുത്തി ബാപ്പ പറഞ്ഞു "കണ്ടോ ഞാന്‍ നന്നാവുന്നത്‌ നിന്റെ ആങ്ങളയ്‌ക്ക്‌ പിടിക്കിണില്ല്യ, ചുളുവില്‌ ഒരു പറമ്പ്‌ ഒത്തു വന്നപ്പോ അത്‌ വാങ്ങാന്‍ പാടില്ല്യാന്ന്‌ " ഒന്നും മിണ്ടാതെ അന്നിറങ്ങിപ്പോയ മാമ പിന്നെ ഉപ്പ വീണന്ന്‌ വൈകീട്ടാണ്‌ വീണ്ടും പടിചവിട്ടിയത്‌.

ഒക്കെ യാദ്യശ്ചികതകളാണ്‌. പടച്ചോനും ജിന്നും സാത്താനും ചാത്തനും ഈശോയും ഈശ്വരനുമൊന്നുമില്ലെന്ന്‌ പഴയ യുക്തിവാദിയായ യാവുട്ടിക്ക്‌ ഇന്നും നല്ല ഉറപ്പുണ്ട്‌. യുക്തിവാദി ജോസേട്ടനും പള്ളിക്കര വിജയേട്ടനുമൊപ്പം പെന്നമ്പലമേട്ടില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന്‌ മകരവിളക്ക്‌ കത്തിക്കുന്നതിന്റെ അപ്പുറത്ത്‌ നിന്ന്‌ പന്തം വീശിക്കാട്ടിയവനാണ്‌ യാവുട്ടി. അന്ന്‌ ആ സംഘത്തില്‍ താനടക്കം എഴുപത്തിനാല്‌ പേരുണ്ടായിരുന്നു. യുക്തിവിചാരം ജോസേട്ടന്റെ കറന്റ്‌ ബൂക്ക്‌സ്‌ പുറത്തിറക്കിയ ആത്മകഥയില്‍ ചേര്‍ത്ത ചിത്രങ്ങളില്‍ തന്റെ മുഖം തെളിഞ്ഞുകാണാം. ചൊവ്വന്നുര്‌ തെക്കേപ്പാട്ടെ ചാത്തനേറ്‌ പിടികൂടിയതും ഇയ്യാല്‌ കുന്നത്തെ എട്ടുനാഴികപ്പൊട്ടനെ കൈയ്യോടെ പിടിച്ചതുമൊക്കെയായ കാലങ്ങള്‍ യാവുട്ടി ഓര്‍ത്തുപോയി. പിന്നീട്‌ ജീവിതപ്രശ്‌നങ്ങള്‍ ഏറിവന്നപ്പോള്‍ യുക്തിവാദവും പാര്‍ട്ടിപ്രവര്‍ത്തനവുമൊക്കെ വിട്ടതും കുടുംബജീവിത്തിലേക്ക്‌ മാറിയതും. ഇന്നും മനസ്സുകൊണ്ട്‌ താനൊരവിശ്വാസിയാണെന്ന്‌ പഴയ സഖാക്കളില്‍ ചിലര്‍ക്കെങ്കിലുമറിയാം. അങ്ങിനെയുള്ള താനാണിപ്പോള്‍ ഈ കുരുക്കില്‍ പെട്ടുപോയത്‌. രണ്ടരയേക്കറോളം വരുന്ന കാവില്‍വട്ടം പറമ്പില്‍ ഒരേക്കര്‍ തനിക്കും ഒരേക്കര്‍ സുലൈമാനും 43 സെന്റ്‌ സൈനൂനും എഴുതി വെച്ചാണ്‌ ബാപ്പ പോയത്‌. സൈനു മോളുടെ കല്ല്യാണത്തിന്റെ പേര്‌ പറഞ്ഞു അവളുടെ ഭാഗം തനിക്ക്‌ തന്ന്‌ അന്നത്തെ നടപ്പുവില വാങ്ങി തടി കഴിച്ചിലാക്കി. വല്ലിക്കാക്ക്‌ ഇതിലൊന്നും വിശ്വാസമില്ലാത്തതോണ്ട്‌ എനിക്ക്‌ ഭാഗ്യായി എന്ന്‌ അവള്‍ ഉമ്മയോട്‌ പറയുകയും ചെയ്‌തു. അടയ്‌ക്കക്ക്‌ നല്ല വിലയുണ്ടായിരുന്ന അക്കാലത്ത്‌ തന്റെ കൈയ്യിലാവശ്യത്തിലധികം പണവുമുണ്ടായിരുന്നു.

ഹൈവേയില്‍ നിന്നും മാറി ശാന്തമായ അവിടെ നല്ലൊരു വീട്‌ പിന്നെ ചെറിയ രീതിയില്‍ കുറച്ച്‌ കൃഷി ഇതൊക്കെ മനസ്സിലുണ്ടായിരുന്നു അന്ന്‌. ഇന്നും ഹൈവേയിലുള്ള സ്ഥലം വിറ്റ്‌ അങ്ങോട്ടുമാറിയാല്‍ തന്റെ പ്രശ്‌നങ്ങളൊക്കെ തീരും പക്ഷെ എൈഷയും മക്കളും ഒട്ടും സമ്മതിക്കുന്നില്ല. കളരിത്തറയും കാവുമൊക്കെയുണ്ടായിരുന്ന പുരാതന കുടുംബമാണ്‌ കാവില്‍വട്ടത്തുകാരുടേത്‌. പിന്നെ ക്രമേണ ക്ഷയിച്ചു അവസാനം ബാക്കിയായ അമ്മുക്കുട്ടി അമ്പ്രാളാണ്‌ ആ സ്ഥലം പരീത്‌ഹാജിക്ക്‌ കിട്ടിയ കാശിനുകൊടുത്ത്‌ മദ്രാസിലുള്ള മകളുടെ അടുത്തേക്ക്‌ പോയത്‌. ഹാജിയുടെ ചെറിയ മകന്‍ ദുബായില്‍ വെച്ച്‌ വാഹനാപകടത്തില്‍ മരിച്ചതും കച്ചവടം പൊളിഞ്ഞതും ഈ പറമ്പുമൂലമാണെന്ന്‌ ആദ്യം കണ്ടെത്തിയത്‌ ആരാണെന്നറിയില്ല. ഹാജിയുടെ മകള്‍ നാദിറയുടെ വിവാഹമോചനം കൂടിയായപ്പോള്‍ പതുക്കെ ആ വാദത്തിന്‌ സ്വീകാര്യത വന്നു. പിന്നെ കൃഷ്‌ണന്‍ മാഷുടെ ഊഴമായിരുന്നു പെട്ടെന്നുള്ള വയറുവേദന, ഓപ്പറേഷന്‍, മരണം. അര്‍ബുദമായിരുന്നുവെന്ന്‌ അറിഞ്ഞതു തന്നെ മരണശേഷമാണ്‌. അതോടെ വിശ്വാസം ഏറി. പിന്നീട്‌ ആ പറമ്പിന്റെ ഉടമസ്ഥനായ കൊട്ടേക്കാട്ടില്‍ മുഹമ്മദ്‌ അറ്റാക്ക്‌ വന്ന്‌ മരിച്ചപ്പോഴും ആളുകള്‍ കാരണം കണ്ടത്‌ കാവില്‍വട്ടം പറമ്പായിരുന്നു. പിന്നെയാണത്‌ ബാപ്പയുടെ കൈയ്യിലെത്തുന്നത്‌ ബാപ്പ പറമ്പു നന്നാക്കി എടുത്തതോടെ പഴയ വിശ്വാസത്തിന്‌ ഇളക്കം തട്ടി. അതിനിടയിലാണ്‌ ഹൈവേയില്‍ വെച്ച്‌ കോഴിക്കോട്‌ ബസ്സുമായി മോപ്പഡ്‌ കൂട്ടിയിടിച്ച്‌ ഉപ്പ മരിക്കുന്നത്‌. സ്ഥലം കൈയ്യില്‍ വെക്കുന്നത്‌ ബുദ്ധിയല്ല എന്നു കണ്ട അനിയന്‍ വില്‍പ്പനക്കുള്ള ശ്രമങ്ങള്‍ തുടങ്ങി. ആരും വരുന്നില്ല എന്ന്‌ കണ്ടപ്പോള്‍ ആധാരം ഗുരുവായൂരുള്ള ഒരു ബ്ലേയ്‌ഡ്‌ കമ്പനിയില്‍ പണയം വെച്ച്‌ കിട്ടാവുന്നതിന്റെ പരമാവധി തുക വാങ്ങി. പലിശയും കൂട്ടു പലിശയുമായി കടം പെരുകി. തുക തിരിച്ചുചോദിച്ചുവന്ന അവരോട്‌ പറമ്പെടുത്തുകൊള്ളാന്‍ പറഞ്ഞു സുലൈമാന്‍.


ആയിടക്കാണ്‌ കാവില്‍വട്ടം തറവാട്ടിലെ തന്നെ ഗോവിന്ദന്‍നായര്‍ക്ക്‌ ലോട്ടറി കിട്ടുന്നത്‌ കടം വീട്ടലും വീതം വെക്കലും കഴിഞ്ഞ്‌ ബാക്കിയായ ഒന്‍പത്‌ ലക്ഷം രൂപയുംകൊണ്ട്‌ ഗോവിന്ദന്‍ നായര്‍ ബ്ലേഡുകാരെ പോയികണ്ടു. പതിനൊന്നു കിട്ടിയാല്‍ തരാമെന്നേറ്റ അവരോട്‌ മറുപടി പറയാതെ നായര്‍ മടങ്ങി. ഒടുവില്‍ 4 മാസം കഴിഞ്ഞ്‌ കൈയ്യില്‍ വന്നുപെട്ട സ്ഥലത്തിന്റെ യഥാര്‍ത്ഥ കുരുക്കറിഞ്ഞ ബ്ലേഡുകാര്‍ നായരെ തേടിയെത്തി അപ്പോഴേക്കും നായരുടെ കൈയ്യിലുള്ള തുക വീണ്ടും കുറഞ്ഞിരുന്നു. ഒടുവില്‍ നായരെ കൈയ്യോടെ കൂട്ടികൊണ്ടുപോയി സ്ഥലം 7.5 ലക്ഷത്തിന്‌ തീറെഴുതി കൊടുത്ത്‌ അവരും രക്ഷപ്പെട്ടു. നായരവിടെ കപ്പയും വാഴയുമൊക്കെ കൃഷിചെയ്യുന്നു. തറവാട്ടുകാരനായതുകൊണ്ടാണത്രെ നായര്‍ക്ക്‌ ഉപദ്രവമില്ലാത്തത്‌. എന്നാലും വീടു വെക്കാന്‍ ഇപ്പോള്‍ നായര്‍ക്കും ഭയമാണ്‌.

സുഹൃത്തും സഹപാഠിയുമായിരുന്ന പ്രഭാകരന്‍ ഗള്‍ഫില്‍ നിന്ന്‌ നാട്ടിലെത്തി എന്നറിഞ്ഞ്‌ യാവുട്ടിക്കാ അദ്ദേഹത്തെ പോയികണ്ടു. പണ്ട്‌ അന്ധവിശ്വാസങ്ങള്‍ക്കെതിരെ തോളോടു തോള്‍ ചേര്‍ന്ന്‌ പേരാടിയ സഖാവാണ്‌. പ്രഭാകരന്‌ കുറച്ച്‌ സ്ഥലം വാങ്ങണമെന്നുണ്ടെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞ്‌ യാവുട്ടി കേട്ടിരുന്നു. ആദ്യം പല ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും അവസാനം പ്രഭാകരന്‍ സത്യം പറഞ്ഞു. "മുന്‍പ്‌ നാടകം കളിച്ച്‌, പന്ത്‌ തട്ടി, കുറ്റിപ്പുഴ കൃഷ്‌ണപ്പിള്ളയുടെയും ഇ.ടി. കോവൂരിന്റെയും പുസ്‌തകങ്ങള്‍ വായിച്ച്‌ നടന്നിരുന്ന കാലത്ത്‌ നമുക്കൊന്നും ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല യാവുട്ട്യേ ഇപ്പോ അങ്ങിനെയാണോ, ദുബായിലെ ബിസിനസ്സ്‌, കുട്ടികളുടെ പഠനം, വിവാഹം, റിസ്‌ക്ക്‌ എടുക്കാന്‍ വയ്യ". ദേഷ്യം സഹിക്കാനാകാതെ പഴയ സംസ്‌കൃത വാക്കുകള്‍ പുറത്തെടുത്ത യാവുട്ടിയോട്‌ പ്രഭാകരന്‍ പറഞ്ഞു " എന്നാലൊരു കാര്യം ചെയ്യാം നിന്റെ ഹൈവേയിലെ വീടും സ്ഥലവും മറ്റാരും തരുന്നതിനേക്കാള്‍ സെന്റിന്‌ 10 കൂട്ടി ഞാനെടുക്കാം നീ കാവില്‍വട്ടം പറമ്പിലേക്ക്‌ മാറിക്കോ ". എൈഷയുടെ ദൈന്യമായ മുഖവും ഭീതിപുരണ്ട കണ്ണുകളും യാവുട്ടിയുടെ മനസ്സിലേക്ക്‌ വന്നു. "ആദ്യം സ്വന്തം ജീവിതം കൊണ്ട്‌ വിപ്ലവം കാണിക്ക്‌ യാവുട്ട്യേ എന്നിട്ടാകാം പാവങ്ങളുടെ നെഞ്ചത്തേക്ക്‌ കയറണത്‌" പ്രഭാകരന്‍ പറഞ്ഞത്‌ കേട്ടില്ലെന്ന്‌ നടിച്ച്‌ യാവുട്ടി പടിയിറങ്ങി.


ഒടുവില്‍ അതു തന്നെ തീരുമാനിച്ചു യാവുട്ടിക്കാ. 5 സെന്റ്‌ വീതം വീടു വെക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത 5 പേര്‍ക്ക്‌ തീര്‍ത്തും സൗജന്യമായി കൊടുക്കും. കാവില്‍വട്ടം പറമ്പില്‍ വീടുവരുന്നതോടെ പതുക്കെ ആളുകളുടെ പേടി മാറും ബാക്കിസ്ഥലത്തിന്‌ വിലയേറും അങ്ങിനെ ആ പറമ്പ്‌ മുറിച്ചുകൊടുക്കാം ഇതൊക്കെയായിരുന്നു മൂപ്പരുടെ കണക്കുകൂട്ടല്‍. അങ്ങിനെ അയല്‍ പ്രദേശങ്ങളിലൊക്കെ അറിയിപ്പുകൊടുത്തു. ജാതി - മത പരിഗണനകളൊന്നുമില്ലാതെയാണ്‌ ആളെ തിരഞ്ഞെടുക്കുക. സ്വന്തമായി ഒരു സെന്റു പോലും ഭൂമിയുണ്ടായിരിക്കരുത്‌, സാക്ഷ്യപ്പെടുത്തിക്കൊണ്ട്‌ സ്വന്തം ദേശത്തെ വാര്‍ഡുമെമ്പറുടെ കത്തുവേണം. പേരിലാക്കിതരുന്ന സ്ഥലം വില്‍ക്കാനോ വെറുതെ ഇടാനൊ പാടില്ല. വീട്‌ വെച്ച്‌ താമസമാക്കണം. പല നാട്ടിലുമായുള്ള സുഹൃത്തുക്കള്‍ വഴിയും അറിയിപ്പുകൊടുത്തു. അതിനിടയില്‍ അതേ വേഗത്തില്‍ തന്നെ കാവില്‍ വട്ടം പറമ്പിനെപ്പറ്റിയുള്ള കഥകളും സമീപപ്രദേശങ്ങളിലൊക്കെ പരന്നു തുടങ്ങിയിരുന്നു. ഒരു ലോക്കല്‍ ടി. വി.. ചാനലില്‍ അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും വെച്ചുകൂട്ടി സ്‌റ്റോറിയും വന്നു. ഫോണ്‍ വഴിയും മറ്റുമുള്ള ചില അന്വേഷണങ്ങളൊഴിച്ചാല്‍ സൗജന്യഭൂമി രജിസ്‌ട്രര്‍ ചെയ്‌തുവാങ്ങാന്‍ ആരും എത്തിയില്ല.


അങ്ങിനെയിരക്കെ ഒരു നാള്‍ യാവുട്ടിക്കായുടെ പറമ്പ്‌ തേടി ചാവക്കാട്ടുകാരന്‍ ഒരു രമേശന്‍ പാറേമ്പാടം ബസ്റ്റോപ്പില്‍ വന്നിറങ്ങി്‌. വഴി പറഞ്ഞു തന്ന ഓരോരുത്തരുടെ മുഖത്തും പരിഹാസമോ, അവജ്ഞയോ, സഹതാപമോ അതോ ഇതൊക്കെ കൂടി കലര്‍ന്ന ഭാവമോ ഉള്ളതായി അയാള്‍ക്ക്‌ തോന്നിയത്രെ. പാറേമ്പാടത്തു നിന്നും രണ്ടുകിലോമീറ്ററോളം നടന്ന്‌ അകതിയൂര്‍ സെന്ററിലെത്തിയപ്പോഴേക്കും രമേശന്‍ ക്ഷീണിച്ചിരുന്നു. അസുഖമായതില്‍ പിന്നെ ഇത്ര ദൂരയാത്ര പതിവില്ല എന്ന്‌ രമേശന്‍ ആരോടോ പറഞ്ഞുപോലും. സെന്ററിലെ കടയില്‍ ചായ കുടിക്കാന്‍ കയറിയ രമേശനോട്‌ ബാലകൃഷ്‌ണേട്ടന്‍ കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കി. പതുക്കെ വാര്‍ത്ത കേട്ട്‌ ചെറിയൊരാള്‍ക്കൂട്ടം സെന്ററില്‍ രൂപപ്പെട്ടു. വലിയൊരു ദുരന്തത്തിലേക്ക്‌ നടന്നടുക്കുന്ന ഒരാളോടുള്ള കാരുണ്യത്തോടെയെന്നോണം ആള്‍ക്കൂട്ടം രമേശനെ യാത്രയാക്കി. അതിനിടയില്‍ തന്നെ കാവില്‍വട്ടം പറമ്പുമായി ബന്ധപ്പെട്ട കഥകള്‍ ഒട്ടുമുക്കാലും രമേശന്‍ കേട്ടുകഴിഞ്ഞിരുന്നു. എങ്കിലും തന്റെ കഷ്ടപ്പാടുകളുടെയും ഇല്ലായ്‌മകളുടെയും ഇടയില്‍ അതില്‍ കവിഞ്ഞൊരു ദുരന്തമൊന്നും കാവില്‍ വട്ടം പറമ്പ്‌ കൊണ്ടുവരില്ലെന്ന്‌ അയാള്‍ക്ക്‌ തോന്നി. രമേശനോടൊപ്പം സ്ഥലം കാണിച്ചുകൊടുക്കാനായി സെന്ററില്‍ നിന്നുമുള്ള ചിലരും കൂടി ചേര്‍ന്നു. കാവില്‍ വട്ടം പറമ്പിലേക്ക്‌ ആ സംഘം നടക്കും വഴി എതിരെ വരുന്നു വട്ടംപറമ്പിലെ മാധവേട്ടന്‍ "എവിടേക്കാ മക്കളെ" വലിയവളപ്പിലെ വിജേഷ്‌ കാര്യം പറഞ്ഞു. "ആരൊക്കെയുണ്ട്‌ വീട്ടില്‌" രമേശനോടായി മാധവേട്ടന്‍ ചോദിച്ചു. "ഭാര്യയും രണ്ട്‌ മക്കളും അമ്മയും". "അവരോടൊക്കെ വിവരങ്ങള്‍ ശരിക്ക്‌ പറഞ്ഞിട്ടുണ്ടോ തനിക്ക്‌ ജീവിക്കണന്നില്ലെങ്കിലും അവര്‍ക്ക്‌ ജീവിക്കാന്‍ മോഹണ്ടാവും". മാധവേട്ടന്റെ ശബ്ദം ഉയര്‍ന്നു. ഭാവ പകര്‍ച്ചകണ്ട്‌ അമ്പരന്നു നില്‍ക്കുന്ന ചെറുപ്പക്കാരോട്‌ പിന്നീടൊരലര്‍ച്ചയായിരുന്നു. "തിരിച്ചുകൊണ്ടോടാ ആ പാവത്തിനെ ഒരു കൂടുംബത്തിനെ കൊല്‌ക്കുകൊടുക്കാന്‍ കൂട്ടുനില്‍ക്കണ മഹാപാപികള്‍, ആരാന്റമ്മക്ക്‌ പ്രാന്ത്‌ പിടിക്കണ്‌ കാണാന്‍ നിക്കണ കുറേ മനുഷ്യമ്മാര്‌". നിന്ന നില്‍പ്പിലാണത്രെ രമേശനെ കാണാനില്ലാതായത്‌...


വര : റഫീക്ക്‌ അഹമ്മദ്‌
കാവില്‍വട്ടം പറമ്പ്‌ കാടുകയറി ഒരു ചെറുകാവായിക്കഴിഞ്ഞു. യാവുട്ടിക്കാ ഇപ്പോഴും പുതിയ കക്ഷികളെകാത്ത്‌ ആധാരം രാമകൃഷ്‌ണേട്ടന്റെ പീടിക വരാന്തയിലും അക്കിക്കാവ്‌ രജിസ്‌ട്രോഫീസ്‌ പരിസരത്തും ഒക്കെ തന്നെയുണ്ട്‌. ചെറിയ രീതിയില്‍ സ്ഥലകച്ചവടവും തുടങ്ങിയിട്ടുണ്ടത്രെ പുള്ളി. ഇപ്പോള്‍ വഴിതെറ്റിപ്പോലും കാവില്‍വട്ടം പറമ്പുകാണാനായി ആരും ഈ വഴി വരാറില്ലത്രെ നാട്ടില്‍ നിന്ന്‌ അജീഷ്‌ ഓണ്‍ലൈനില്‍ തരുന്ന വാര്‍ത്തകളാണ്‌... സത്യമാണോ എന്തോ...

20 comments:

  1. ഇതു വല്ലാത്ത ഒരു പറംബു തന്നെ ഈ കാവില്‍ വട്ടം പറംബ്

    ReplyDelete
  2. കാവിൽ‌വട്ടം പറമ്പ്... ഭയപ്പെടുത്തുന്നു. ഈ കഥ വായിക്കുന്നവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമൊ പോലും.
    യുക്തിവാദി യാ‍വൂട്ടിയെ ദൈവം സഹായിക്കട്ടെ.

    നല്ല എഴുത്ത് ഇഷ്ടപ്പെട്ടു.

    ReplyDelete
  3. പലപ്പോഴും തോന്നാറുണ്ട് കഥകളാണ് ഭയം പരത്തുന്നതെന്ന്...
    മനുഷ്യന് പേടിയെ എന്തൊരു പേടി!!!

    ReplyDelete
  4. അയ്യേ.......
    നല്ലൊരു കഥ, പക്ഷേ അന്തവിശ്വാസത്തെ പ്രൊമോട്ട് ചെയ്യുന്നതായോണ്ട് ഇഷ്ട്ടായില്ലാ
    കൂതറ സബ്ജെക്റ്റ്

    ReplyDelete
  5. രാമു അസ്സലായി എഴുതുന്നു.
    ഒരു സംശയം.
    എന്താണ് ഈ കഥയിലെ സന്ദേശം?
    ഹാഷിം പറഞ്ഞപോലെ അന്ധവിശ്വാസം പ്രമോട്ട് ചെയ്യുക എന്ന ഒരുദ്ദേശ്യം മാത്രമേ ഉള്ളോ?

    ReplyDelete
  6. ജിത്തുവിന്‌ നന്ദി.

    അലി പേടിക്കേണ്ടതില്ല, ഈ പോസ്‌റ്റ്‌ വായിക്കുന്നവര്‍ക്ക്‌ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാകില്ല ശ്രീ മഹാമായ പെരിങ്ങോട്ടുകര ചാത്തന്‍ സ്വാമികളും ചിറമനേങ്ങാട്‌ കുഞ്ഞിക്കോയ ഉപ്പാപ്പയും ഈ ബ്ലോഗിന്റെ എൈശ്വര്യം.

    കഥകള്‍ മാത്രമാണോ ഭയം പരത്തുന്നത്‌ മുഹമ്മദ്‌ ഷാന്‍....

    കൂതറയും കല്‍ക്കിയും ക്ഷമിക്കണം അങ്ങനെ ഒരുദ്ദേശം തീര്‍ച്ചയായും ഇല്ല. എല്ലാവരും വിശ്വാസികളും അന്ധവിശ്വാസികളും ആയി മാറുന്ന,്‌ സമൂഹത്തിന്‌ മൊത്തത്തില്‍ ഭ്രാന്ത്‌ പിടിക്കുന്ന ഇക്കാലത്ത്‌ ജീവിക്കാന്‍ പാടുപെടുന്ന ഒരു പാവം യുക്തിവാദിയുടെ ചിത്രം വരയ്‌ക്കാനാണ്‌ ശ്രമിച്ചത്‌ അത്‌ നടന്നില്ലെങ്കില്‍ എന്റെ എഴുത്തിന്റെ പരാജയം...

    ReplyDelete
  7. കൊച്ചു കൊച്ചനുഭവങ്ങളെ (യദ്ര്ശ്ചികതകളെ )
    കഥകള്‍ വിശ്വാസവുമായി എളുപ്പം ബന്ധിപ്പിക്കുന്നു ..

    അത് കൊണ്ടാണ് അങ്ങിനെയൊരു കമന്റിട്ടത്.

    ReplyDelete
  8. കാവില്‍വട്ടം പറമ്പ്!!! ഇപ്പഴും ഇതു പോലുള്ള സ്ഥലങ്ങളും കഥകളും നിലനില്‍ക്കുന്നുണ്ടല്ലേ...?

    ReplyDelete
  9. ഞാനങ്ങോട്ട് ഈ സ്ഥലം വാങ്ങിയാലോ?

    ReplyDelete
  10. ആ ഹാ.. അത് വിറ്റ് പോയില്ലെ ഇതുവരെ?..
    എന്‍റെ ഒരു സുഹൃത്തിനു വീട് വെക്കാന്‍ വേണ്ടി സ്ഥലം നോക്കിയപ്പോള്‍ ഒരാള്‍ (ആള്‍ ഒരു എഞ്ചിനിയര്‍ കൂടിയാണ്) അവനോട് പറഞ്ഞു അവിടെ വീട് വെക്കാന്‍ പറ്റില്ല “പോക്കുവരവ്” ഉള്ള സ്ഥലമാണ് എന്ന്. പാവം സുഹൃത്ത് ആ സ്ഥലം വാങ്ങിയില്ല അവന്‍റെ തന്നെ വീട്ടുവളപ്പിലെ ഒരു ഭാഗത്ത് വീട് വെച്ചു. ഇപ്പോള്‍ ആ പോക്കുവരവ് ഉണ്ട് എന്ന് പറഞ്ഞ സ്ഥലത്ത് നില്‍ക്കുന്നത് ആ എഞ്ചിനിയറുടെ വീടാ.... അപ്പോള്‍ മനസ്സിലായില്ലെ കാര്യങ്ങള്‍ :)

    ReplyDelete
  11. ശ്രീയും, ടോട്ടോച്ചാനും, ഹംസയും അറിയുന്നതിനുവേണ്ടി ചില വിവരങ്ങള്‍....

    ഈ പറമ്പ്‌ ചില മാറ്റങ്ങളോടെ മുന്‍പും ബ്ലോഗിലെത്തിയിട്ടുണ്ട്‌. ഞാന്‍ കൈമാറിയ വിവരങ്ങള്‍ വെച്ച്‌ പ്രിയ സുഹൃത്ത്‌ കെ. ആര്‍. രണ്‍ജിത്ത്‌ നടത്തിയ ഒരു റിയല്‍ എസ്‌റ്റേറ്റ്‌ സംരംഭം............

    രണ്‍ജിത്തിന്റെ ബ്ലോഗിലേക്ക്‌.......

    ഈന്തപ്പന (Friday, November 09, 2007)

    81 സെന്റും പ്രതാപികളായ പിതൃക്കളും ചുളുവിലയ്‌ക്ക്: ഈന്തപ്പന റിയല് എസ്റ്റേറ്റ്
    http://eenthappana.blogspot.com/2007_11_01_archive.html

    അങ്ങിനെ പോകുന്നു കാര്യങ്ങള്‍.........

    ReplyDelete
  12. കഥ രസമായിട്ടുണ്ട്...
    ശരിക്കുള്ള സംഭവം ആണോ?
    ആണെങ്കില്‍ ഒരു സംശയം ഈ യാവൂട്ടീക്കാ എന്തുകൊണ്ട് അവിടെ കൃഷി ചെയ്യാന്‍ ശ്രമിച്ചില്ല?

    ReplyDelete
  13. ഇത് സത്യമാണെങ്കില്‍ അതില്‍ വലിയ അത്ഭുതമൊന്നുമില്ല.... ഇന്നത്തെ, വാസ്തൂ.ഫുന്‍ഷൂ, യന്ത്രതന്ത്രഎലാദി യുഗമാണല്ലോ ഇപ്പോള്‍........

    ഇത് കഥയാണെങ്കില്‍....... എന്റെ വക കൊട്ടിപ്പിടിച്ച് ഒരുമ്മ.

    അനുഭവത്തിന്റെയും, വായനയുടെയും ഗുണം പ്രമോദിന്റെ വരികളില്‍ കാണാം...... അതു തന്നെയാവും. പ്രമോദിന്റെ വരികളെ മനോഹരമാക്കുന്നതും..........

    ReplyDelete
  14. എല്ലാം ഒരു വിശ്വാസമല്ലേ............!!!!!!!!!!!!

    ReplyDelete
  15. valare nalla kadha. viswasikalilum ardhaviswasikalilum yukthivadikalilum yukthi bodham orupadu gunakaramaya mattangal varuthumbolum samoham avarariyathe thanne pinnottayunna chila sandarbhangalil oru sarasari yukthivadi vadiyude nissahayatha....ENKILUM YUKTHIVADIKKU THOLKKAN VAYYA. ITHUPOLULLA ORUPADU STHALANGAL YUKTHIVADIKALUM YUKTHIBODDAMULLA 'VISWASIKALUM' CHERIYA VILAKKU VANGI VEEDUNDAAKKIYATHUM VALIYA VILAYKKU VITTATHUM ANAVADHI, YAVOOTI NALLA VILAYKKU VILKKUM, KOZHINJU VEENA ANDHAVISWANGALUDE KOOTATHIL ITHUM KOOTICHERKUM KAALAM. YUKTHIVADIIKKU THOLKKAN VAYYA, KARANAM AVAN SATHRATHINTE KOODEYANU.

    ReplyDelete
  16. കഥയില്‍ ചോദ്യമില്ല റിനീസ്‌

    മോഹനേട്ടന്‌ നന്ദി

    ദീപ്‌കുമാറിന്‌ നന്ദി

    വേണ്ട നട്ടപിരാന്ത വേണ്ട

    ശരിയാണ്‌ ജയരാജ്‌, എല്ലാം ഒരോരോ വിശ്വാസങ്ങള്‍

    പ്രിയ അജ്ഞാത, യുക്തിവാദി ജയിക്കുന്ന ഒരു കാലം വരട്ടെ....

    ReplyDelete
  17. ishtayi tto.nalla sukham,vayikkumbol.nalla saamoohika idapedal.

    ReplyDelete