Saturday, July 31, 2010

മേപ്പാടി ദിനങ്ങള്‍

(ഫോട്ടോ : ഫിജിന്‍ ജേക്കബ്‌)
(വയനാട്‌ സ്‌മരണകള്‍ തുടരുന്നു....)

ടമുറിയാതെ പെയ്യുന്ന ഒരു ഞാറ്റുവേലക്കാലത്താണ്‌ ഗോകുലേട്ടനും ഗീതേച്ചിക്കുമൊപ്പം മേപ്പാടിയിലെത്തുന്നത്‌. രാവിലെ കുന്നംകുളത്തുനിന്ന്‌ വെളുപ്പിന്‌ പുറപ്പെടുമ്പോഴെ കനത്ത മഴയുണ്ട്‌. കുറ്റിപ്പുറം പാലത്തിനു കീഴെ നിള കലങ്ങി മറഞ്ഞ്‌ നിറഞ്ഞൊഴുകുന്നു. ഉച്ചഭക്ഷണം വിശപ്പുതുടങ്ങുന്നതിനും മുന്‍പായി കോഴിക്കോട്ടെ ഗോകുലിന്റെ വീട്ടില്‍ നിന്ന്‌. കല്ലുമ്മക്കായുടെ രുചിയറിയുന്നതും അന്നാണ്‌. മലബാറിന്റെ തനത്‌ വിഭവങ്ങളൊക്കെ തികഞ്ഞ കൈപുണ്യത്തോടെ തയ്യാറാക്കി എടുക്കുമായിരുന്നു ആ അമ്മ.

ലക്കിടി-കല്‍പ്പറ്റ റൂട്ടില്‍ വൈത്തിരി നിന്ന്‌ ഉള്ളിലേക്ക്‌ മാറിയാണ്‌ മേപ്പാടിയിലെ റിപ്പണ്‍ ടീ എസ്‌റ്റേറ്റ്‌. സ്ഥാപകനായ സായിപ്പിനെ ഓര്‍മ്മപ്പെടുത്തുന്നതാകണം ആ പേര്‌. അന്ന്‌ ഒരു ബംഗാളി ഗ്രൂപ്പിന്റെ അധീനതയിലായിരുന്നു കമ്പനി. ഗോകുലവിടെ എസ്റ്റേറ്റ്‌ ഡോക്ടറായി ജോലിചെയ്യുന്നു. ഉപരിപഠനസാധ്യതകളും സ്വകാര്യപ്രാക്ടീസുമൊക്കെ വേണ്ടെന്ന്‌ വെച്ച്‌, കോഴിക്കോട്ടങ്ങാടിയുടെ ബഹളങ്ങളോടും രാഷ്ടീയ പ്രവര്‍ത്തനത്തിലുള്ള താല്‍പര്യത്തോടും വിട പറഞ്ഞ്‌, വായനയും ഉറക്കവുമൊക്കെയായി അങ്ങിനെ.


തേയിലത്തോട്ടങ്ങളുടെ ഉയര്‍ച്ച താഴ്‌ച്ചകള്‍ക്കിടയിലുള്ള മനോഹരമായ ഒരു കുന്നിന്‍ മുകളിലാണ്‌ പഴയ കൊളോണിയല്‍ ശൈലിയിലുള്ള ബംഗ്ലാവ്‌. കരിങ്കല്ലുകൊണ്ടുള്ള ചുമരുകള്‍. വെളുത്ത ചായം തേച്ച മരത്തിന്റെ ചട്ടകുടോടുകൂടിയ ചില്ലുജാലകങ്ങളും വാതിലുകളും. വീടിനുള്ളില്‍ തന്നെ തീകായാനുള്ള നെരിപ്പോട്‌. വൈവിധ്യാമാര്‍ന്ന പനിനീര്‍ പുഷ്‌പങ്ങളും മറ്റ്‌ ചെടികളും നിറഞ്ഞ വര്‍ണ്ണാഭമായ പൂന്തോട്ടം സുതാര്യമായ ജനല്‍ കര്‍ട്ടനുകള്‍ അതിനുമപ്പുറം കട്ടികര്‍ട്ടന്‍ കൊണ്ടുള്ള മറ്റൊരാവരണം. മുറ്റം അവസാനിക്കുന്നിടത്തുനിന്ന്‌ ചെറിയൊരു താഴ്‌വാരം. സില്‍വര്‍ ഓക്ക്‌ മരങ്ങള്‍, തേയില തോട്ടങ്ങള്‍ അങ്ങകലെ വെറൊരു കുന്നത്ത്‌ അതുപോലെയുള്ള മറ്റൊരു ബംഗ്ലാവ്‌. പഴയബ്രിട്ടീഷ്‌ മാടമ്പിവാഴ്‌ച്ചക്കാലത്തെ ആചാരപരമായ ചില ശേഷിപ്പുകള്‍ അന്നും ചെറിയതോതിലെങ്കിലും നില നിന്നിരുന്നു ഈ എസ്‌റ്റേറ്റുകളില്‍.

ജനറല്‍ മാനേജര്‍ക്കും മാനേജര്‍മാര്‍ക്കുമുള്ളതാണ്‌ മറ്റ്‌ ബംഗ്ലാവുകള്‍. നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള അവയോരൊന്നും തികഞ്ഞ സൗന്ദര്യരാധകരമായ വാസ്‌തുശില്‌പികളാല്‍ സ്ഥാനം നിര്‍ണ്ണിയിപ്പിച്ച്‌ പണിതീര്‍ത്തവയാവണം. കട്ടിയുള്ള ജനല്‍ കര്‍ട്ടനുകള്‍ മാറ്റി കിടക്കിയിലിരുന്നാല്‍ സുതാര്യമായ ചില്ലുജാലകങ്ങള്‍ക്കപ്പുറം കാറ്റിനും മഴയ്‌ക്കും മഞ്ഞിനും നിലാവിനുമൊക്കെ അനുസരിച്ച്‌ രൂപം മാറിവരുന്ന മറ്റൊരു ലോകം കാണം. ആ അവധി ദിവസങ്ങളില്‍ അവിടെ ഇരുന്നാണ്‌ ഏകാന്തതയുടെ നൂറ്‌ വര്‍ഷങ്ങള്‍ വായിക്കുന്നത്‌. ഒരു മായാലോകത്തുനിന്ന്‌ മറ്റൊന്നിലേക്ക്‌.

ഗീതേച്ചിക്കും ഗോകുലേട്ടനും പുറമെ അന്നവിടെ ഉണ്ടായിരുന്നത്‌ ഗോകുലിന്റെ മുത്തശ്ചിയാണ്‌. ചിട്ടയായ ജീവിതശൈലി കൊണ്ടാവണം പ്രായം അതിനനുസരിച്ച്‌ ബുദ്ധിമുട്ടിച്ചിരുന്നില്ല അവരെ. അടുക്കളയുടെ മേല്‍നോട്ടവും വീടിന്റെ വൃത്തിയും പരിപാലനവുമൊക്കെ അവരുടെ മേല്‍നോട്ടത്തിലായിരുന്നു. അടുക്കളജോലിക്ക്‌ ഒരാളുണ്ട്‌, തോട്ടത്തിലെ ജോലികള്‍ക്ക്‌ മറ്റൊരാള്‍, വീടുകാവലിന്‌ വേറൊരാള്‍. പഴയ ബ്രിട്ടീഷ്‌ വാഴ്‌ച്ചയുടെ കാലം തോട്ടങ്ങളില്‍ നിന്ന്‌ പൂര്‍ണ്ണമായി മാഞ്ഞുപോയിരുന്നില്ല അന്നും. പഴയ ശൈലിയിലുള്ള പാര്‍ട്ടികളും നൃത്ത വിരുന്നുകളും അവിടെ തുടര്‍ന്നുപോന്നു. കീഴ്‌ ജീവനക്കാരില്‍ നിന്ന്‌ അകലം പാലിച്ചു. വെറുപ്പുള്ളവാക്കുന്ന അച്ചടക്കവും കുലീനത്വവും തുടര്‍ന്നു പോന്നു. ജീവിതശൈലികളിലും പെരുമാറ്റത്തിലും ആചാരമര്യാദകളിലും പഴയകാലത്തെ അനുകരിക്കാന്‍ ശ്രമിച്ചു.

അതിലൊന്നും ഇടപെടാതെ പുസ്‌തകങ്ങളും രോഗികളുമായി ഒരു ഡോക്ടറെന്ന നിലയില്‍ മാത്രം ഒതുങ്ങി ജീവിച്ചുപോന്നു ഗോകുലന്ന്‌. ചില കാലങ്ങളിലൊഴിച്ചാല്‍ വലിയ ജോലിയൊന്നുമില്ല പിന്നെ പരിചയസമ്പന്നരായ സഹായികള്‍. തോട്ടം തൊഴിലാളികള്‍ക്ക്‌ പ്രിയപ്പെട്ടവനായിരുന്നു അന്നദ്ദേഹം. ജനതാപാര്‍ട്ടിക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചുപോന്ന ഒരു കാലത്തുനിന്നാണ്‌ ഗോകുല്‍ വരുന്നത്‌. അരങ്ങില്‍ ശ്രീധരനും നാണുവും പോലുള്ള സോഷ്യലിസ്‌റ്റുകളുടെ ഉറച്ച അനുയായിയായിരുന്ന ഒരു ഭൂതകാലം വിട്ട്‌.

മലബാര്‍ ക്രിസ്‌റ്റിയന്‍ കോളേജിലും കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലും പഠനത്തോടൊപ്പം തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയവും കൊണ്ടു നടന്നു ഗോകുല്‍. ഒടുവില്‍ ഗ്രൂപ്പ്‌ കളികളില്‍ ഇഷ്ടനേതാക്കള്‍ പുറംതള്ളപ്പെടുന്നതുകണ്ട്‌ ആ രംഗം വിട്ടു. രാഷ്ടീയ പ്രവര്‍ത്തനകാലത്തെ ജനകീയ ബന്ധം തന്റെ ജോലിയിലും ഗോകുലിനെ സഹായിച്ചു പോന്നു. രോഗികളുടെ പശ്ചാത്തലവും ജീവിതവും മനസ്സിലാക്കാനും അവരുടെ വിശ്വാസം നേടിയെടുക്കാനും അയാള്‍ക്കായി. ഔപചാരിക സൗഹൃദങ്ങള്‍ക്കപ്പുറം തോട്ടത്തിലെ മറ്റ്‌ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി അടുത്ത സൗഹൃദവും ഗോകുലിനുണ്ടായിരുന്നതായി തോന്നിയില്ല.

രാവിലെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞാല്‍ പിന്നെ മുന്‍വരാന്തയിലിരുന്ന്‌ പത്രം വായനയാണ്‌. മഴയില്ലെങ്കില്‍ കോടയുണ്ടാകും. വെളുത്ത പഞ്ഞിക്കെട്ടുകള്‍ പോലെ മേഘങ്ങള്‍ ഒഴുകിവരും. കണ്‍മുന്നിലെ തേയിലത്തോട്ടങ്ങള്‍ നോക്കിയിരിക്കെ കാഴ്‌ച്ചയില്‍ നിന്നും മറയും. മുറ്റത്തെ അതിര്‍ത്തിയിലെ പൂമരമാകും പിന്നെ കാണാതാകുക. പിന്നെ പുല്‍തകിടിയിലെ ഇരുമ്പൂഞ്ഞാല്‍, പിന്നെ നമ്മളും അതിനുള്ളിലാകും. രാവിലത്തെ ഭക്ഷണവും ഉച്ചക്കുള്ള പാചകവും തീര്‍ന്ന്‌ മുത്തശ്ശിയും ഗീതേച്ചിയും ഉറക്കറകളിലേക്ക്‌ പിന്‍വാങ്ങിയിരിക്കും. മുത്തശ്ശി ഉച്ചയ്‌ക്ക്‌ മുന്‍പായി ഉറങ്ങാറില്ല. എന്തെങ്കിലുമൊക്കെ നെയ്‌തുകൊണ്ടിരിക്കും അല്ലെങ്കില്‍ വായിക്കും. ഗോകുലിന്‌ ചെറുതല്ലാത്ത വൈവിധ്യമാര്‍ന്ന ഒരു പുസ്‌തകശേഖരം സ്വന്തമായുണ്ടായിരുന്നു. ദല്‍ഹി ദൂരദര്‍ശന്റെ കൃഷിദര്‍ശനില്‍ തുടങ്ങുന്ന ഹിന്ദിപരിപാടികള്‍ക്കപ്പുറം ടെലിവിഷന്‍ അന്ന്‌ ശൂന്യമാണ്‌ അതാകട്ടെ തോട്ടത്തില്‍ കിട്ടിയിരുന്നുമില്ല.

വടക്കേ മലബാറിലെ ബ്രിട്ടീഷ്‌ സിലബസ്സിലുള്ള മിഷനറി സ്‌ക്കൂളിലാണ്‌ മുത്തശ്ശി പഠിച്ച്‌ വളര്‍ന്നത്‌. വര്‍ഷങ്ങള്‍ക്കപ്പുറം  താനംഗമായിരുന്ന വനിത ക്രിക്കറ്റ്‌ ടീമിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവര്‍ പങ്കുവെക്കുമായിരുന്നു. തികഞ്ഞ ആഡ്യത്ത്വത്തോടൊപ്പം പഴയൊരു മലബാറുകാരിയുടെ ഗ്രാമീണമായ ലാളിത്യവും അവരുടെ ഓരോ ചലനങ്ങളിലുമുണ്ടായിരുന്നു. ദൃഡതയാര്‍ന്ന വ്യക്തിത്വത്തില്‍ സ്‌നേഹവും അച്ചടക്കവും സര്‍വ്വചരാചരങ്ങളോടുമുള്ള കരുണയും ഒരേ സമയം നിറഞ്ഞുനിന്നു. ആ കുറച്ച്‌ ദിവസങ്ങള്‍ കൊണ്ട്‌ അവരെ വല്ലാതെ ഇഷ്ടപ്പെട്ടുപോയി.

സായാഹനങ്ങള്‍ യാത്രകളുടെതായിരുന്നു. വെട്ടിനിറുത്തിയ കുറ്റിച്ചെടികള്‍ അതിരിടുന്ന തേയിലത്തോട്ടങ്ങള്‍ക്ക്‌ നടുവിലൂടയുള്ള റോഡിലൂടെ ഏറെ ദൂരം നടക്കും ചിലപ്പോള്‍ മഴയുണ്ടാകും അല്ലെങ്കില്‍ മഞ്ഞ്‌. വേഗത്തില്‍ നടക്കാനാകില്ല അന്തരീക്ഷത്തിലെ ഓക്‌സിജന്റെ കുറവുമൂലം ശ്വാസം മുട്ടലനുഭവപ്പെടും. മഴയില്ലെങ്കില്‍ എസ്‌റ്റേറ്റ്‌ പാടികള്‍ക്കടുത്തുള്ള മൈതാനത്ത്‌ ചെറുപ്പക്കാരുടെ കാല്‍പ്പന്ത്‌ കളിയുണ്ടാകും കുറച്ച്‌ നേരം അത്‌ കണ്ടിരുന്ന്‌ തിരിച്ച്‌ നടക്കും വയനാട്ടിലെ മഴയെ, മഞ്ഞിനെ, കാറ്റിനെ, മണ്ണിനെ, ഗന്ധത്തെ അറിഞ്ഞ്‌ അനുഭവിച്ച്‌ അങ്ങിനെ...
(തുടരും)

10 comments:

 1. കാഴ്ചകള്‍ നേരില്‍ കാണുന്ന പ്രതീതി,നന്നായിരിക്കുന്നു പ്രമോദ്...

  ReplyDelete
 2. നല്ല പോസ്റ്റ്!
  തുടരൂ!

  (മഴ എന്നെയും ഒരു ഭാവനാലോകത്തെത്തിച്ചു. ഒന്നു നോക്കൂ http://jayandamodaran.blogspot.com/2010/07/blog-post.html)

  ReplyDelete
 3. വായിക്കുന്നു....അവസാനം കമന്റാം....സസ്നേഹം

  ReplyDelete
 4. വായിയ്ക്കുന്നുണ്ട്

  ReplyDelete
 5. കൃഷ്‌ണകുമാറിനും ജയനും യാത്രികനും ശ്രീയ്‌ക്കും നന്ദി. പറയാത്ത അഭിപ്രായവും പൊട്ടാത്ത ബോബും ഒരുപോലെയാണ്‌...

  ReplyDelete
 6. നന്നാവുന്നുണ്ട് പ്രമോദ്. ഉള്ളില്‍ തോന്നുന്ന ഒരു അഭിപ്രായം പറയാതിരുന്നാല്‍ ശരിയല്ല എന്നത് കൊണ്ട് ഒന്ന് വിമര്സിക്കട്ടെ.!!!. തിരക്കഥക്ക് വേണ്ടി നട്ടം തിരിയുന്ന ഒരു കഥാകൃത്ത്‌ നിര്‍മ്മാതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി നിശ്ചിത സമയതിനുക്ള്ളില്‍ തയ്യാറാക്കിയ ഒരു സെമി അവാര്‍ഡ്‌ മൂവി തിരക്കഥ പോലെ തോന്നുന്നു. പ്രമോദ് ഇതിലും നന്നയി എഴുത്തും എന്ന് അറിയുന്നത് കൊണ്ടാണ് എനിക്ക് ഇങ്ങനെ തോന്നുന്നത് പ്രമോദ്. വരികള്‍ക്കിടയില്‍ എന്തോ ഒരു മിസ്സിംഗ്‌ ലിങ്ക് ഉള്ളത് പോലെ. പക്ഷെ വയനാടിന്റെ സൌന്ദര്യം നല്ലോണം അനുബവവേധ്യം ആയിട്ടുണ്ട്‌. ഭൂമിയിലെ യഥാര്‍ത്ഥ സ്വര്‍ഗം തന്നെയാണ് വയനാട് എന്ന് എനിക്ക് ശരിക്കും തോന്നുന്നുണ്ട് പ്രമോദ്.

  ReplyDelete
 7. ഇതൊക്കെ ശരിക്കും പറഞ്ഞാൽ പുസ്തകം ആക്കാം അത്രയ്ക്ക് ഉണ്ട് എഴുത്തിലുള്ള ആ ടച്ചിങ്ങ്

  ReplyDelete
 8. നന്നായിരിക്കുന്നു...

  ReplyDelete
 9. ഓർമ്മകൾക്ക് അഭിനന്ദനങ്ങൾ. മനോഹരമായ ചിത്രങ്ങൾ. ആ പഴയ വയനാട് ഇപ്പോഴുണ്ടോ? കഴിഞ്ഞ വർഷം വീണ്ടും ഇടക്കൽ ഗുഹകാണാൻ വന്നപ്പോൾ അമ്പരന്നു പോയി.

  ReplyDelete
 10. ഉള്ളില്‍ തോന്നുന്ന അഭിപ്രായം പറഞ്ഞ മനോജിനും, അനൂപിനും ജിഷാദിനും വെഞ്ഞാറനും നന്ദി... ഇനിയും ഈ വഴി വരിക....

  ReplyDelete