Friday, September 19, 2014

ഘടികാരങ്ങള്‍ നിലക്കുന്ന സമയം അഥവാ ചിലതല്ലാത്ത ചില മരണങ്ങള്‍......

 
ഫോട്ടോ : ഇമ ബാബു

 "ഒരാള്‍ ഒരു സ്വര്‍ണ്ണമാല മോഷ്ടിക്കുന്നു. കള്ളമുതലാണെന്നു മനസ്സിലായിട്ടായാലും അല്ലെങ്കിലും ആദായത്തില്‍ കിട്ടുന്നതല്ലേ എന്നുകരുതി സ്വര്‍ണ്ണപ്പണിക്കാരന്‍ അതു വാങ്ങുന്നു. മാല ഉരുക്കിപ്പണിതീര്‍ക്കുമ്പോഴാണ്‌ പോലീസെത്തുന്നതും തൊണ്ടി പിടിച്ചെടുക്കുന്നതും. ന്യായമായും എന്താണുണ്ടാകുക ? മോഷ്ടാവിന്‌‌ ശിക്ഷ ഉറപ്പ്‌. മോഷണമുതല്‍ വാങ്ങിയവനോ? ശിക്ഷയൊന്നും കിട്ടിയില്ലെങ്കില്‍പ്പോലും മുതലും മുടക്കിയതുകയും നഷ്ടപ്പെടുകയില്ലേ ? ഒന്നു നിറുത്തി ആനന്ദന്‍ തുടര്‍ന്നു. എന്നാല്‍ ഈ ന്യായം ന്യയമല്ല എന്നാണ്‌ നമ്മള്‍ തെരെഞ്ഞെടുത്തയച്ച 139 എം. എല്‍. എമാരും പറയുന്നത്‌. തൊണ്ടി ഇപ്പോള്‍ കയ്യിലില്ലാത്തതുകൊണ്ട്‌ മോഷ്ടാവിനെ വെറുതെ വിടാം. മോഷണമുതലില്‍ ഏറെ അധ്വാനിച്ചതു പരിഗണിച്ച്‌ സ്വര്‍ണ്ണപ്പണിക്കാരനെയും വെറുതെ വിടാം. മോഷണം പോയ മാല അതേ രൂപത്തില്‍ തിരികെ കിട്ടുക നടപ്പില്ലാത്തതിനാല്‍ സര്‍ക്കാരിന്‌ ഒരു കാര്യമേ ചെയ്യാന്‍ പറ്റൂ. മാലയുടെ യഥാര്‍ത്ഥ ഉടമയ്‌ക്ക്‌ വേറൊരുമാലയും ചെറിയൊരു നഷ്ടപരിഹാരവും ഖജനാവില്‍നിന്നെടുത്തുകൊടുക്കുക..."
 
(ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍ - കെ. വി. അനൂപ്‌)

തിരുവനന്തപുരത്തെ നില്‍പ്പ്‌ സമരം അനന്തമായി തുടരുന്നതിടിയ്‌ക്കാണ്‌ ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങളെക്കുറിച്ചോര്‍ത്തു പോകുന്നത്‌. അതിനടുത്ത ദിവസങ്ങളിലായിത്തന്നെ ചില മരണങ്ങളിലൊന്നായി ആ വാര്‍ത്ത കടന്നുവരികയും ചെയ്‌തു.

കൊക്കാല റെയില്‍വേസ്‌റ്റേഷന്‍ കവലയില്‍ നിന്ന്‌ ബ്രഹ്മസം മഠം തെക്കേച്ചിറയിലേക്കുള്ള വഴിയില്‍ കെ.ജി.എസ്സിന്റെ വീടിന്‌ തൊട്ടുമുമ്പായി ഇടതുവശത്തേക്ക്‌ ചെറിയൊരു ഉള്‍വഴിയുണ്ട്‌. റെയില്‍വേചേരിയില്‍ ചെന്നവസാനിക്കുന്ന ആ റോഡിന്റെ ഏകദേശം അവസാനത്തിലാണ്‌ തൃശ്ശൂരിലെ അവിവാഹിതരും ഇടത്തരക്കാരുമായ ഒട്ടനവധി ചെറുപ്പക്കാരുടെ ആശ്രയമായ ബാച്ചിലേഴ്‌സ്‌ ലോഡ്‌ജ്‌. ന്യൂജനറേഷന്‍ ജോലികളൊക്കെ വരുന്നതിനുമുന്‍പാണ്‌. പണക്കൊഴുപ്പും ആര്‍ഭാടവുമൊന്നും അധികമില്ലാത്ത ഒരിടം. അന്തേവാസികളില്‍ പലരും മെഡിക്കല്‍ റെപ്പുകളാണ്‌. ചെറിയ ചില മരുന്നു വിതരണ കമ്പനികളുടെ ഓഫീസുകളും അവിടെ തന്നെയായിരുന്നു. ഇടുങ്ങിയ ഇടനാഴികകളില്‍ അട്ടിയിട്ടിരിക്കുന്ന കാര്‍ഡ്‌ബോഡ്‌  പെട്ടികള്‍ക്കിടയിലൂടെ അതിന്റെ അവസാനത്തെ മുറി കളിലൊന്നിലേക്ക്‌ കടന്നു ചെല്ലാറുണ്ടായിരുന്നു ഇടയ്‌ക്കൊക്കെ. അവിടെയായിരുന്നു വാഞ്ചിലോഡ്‌ജ്‌ വാസക്കാലത്തിന്‌ ശേഷം കറന്റ്‌ ജോണിയുടെ താവളം. പിന്നീട്‌ അനൂപേട്ടന്റെയും ചെറുപ്പക്കാരായ മറ്റ്‌ ചില പത്രപ്രവര്‍ത്തകരുടെയും. ഓര്‍മ്മ ശരിയാണെങ്കില്‍ മലയാളപഠന ഗവേഷണ കേന്ദ്രത്തിലെ പഠനവും കറന്റ്‌ ബുക്ക്‌സ്‌ ജോലിയുമായി കുറച്ചുകാലം സുസ്‌മേഷ്‌ ചന്ദ്രോത്തും ആ ലോഡ്‌ജിലുണ്ടായിരുന്നു.

ഇടുങ്ങിയ മുറിയില്‍ അട്ടിയായി അടുക്കിവെച്ച പുസ്‌തകങ്ങള്‍, ആനുകാലികങ്ങള്, ദിനപ്പത്രങ്ങള്‍. പല പുതിയ പുസ്‌തകങ്ങളും ആദ്യമായി കാണാറുണ്ടായിരുന്നത്‌ അവിടെ നിന്നായിരുന്നു. ഒരു ബാച്ചിലര്‍ റൂമിന്റെ അടുക്കില്ലായ്‌മയൊന്നും പ്രകടമാക്കിയിരുന്നില്ല ആ മുറി. അനൂപേട്ടനുമായുള്ള കൂടിക്കാഴ്‌ച്ചകള്‍ ഏറെയും അവിടെ വെച്ചായിരുന്നു. ഡസ്‌ക്കിലെ ജോലിയായിരുന്നതുകൊണ്ടു തന്നെ പകല്‍ അവിടെയൊക്കെ തന്നെയുണ്ടാകും കക്ഷി. ഒരു തരത്തില്‍ പറഞ്ഞാല്‍ വൃത്തിയായി പരിപാലിക്കപ്പെട്ട പുസ്‌തകഗുദാമായിരുന്നു അത്‌. വെളിച്ചം കുറഞ്ഞ ആ കുടുസ്സുമുറിയില്‍ പുസ്‌തക ഗോപുരങ്ങള്‍ക്കിടയില്‍ രണ്ടു പേര്‍ക്കുള്ള സ്ഥലം ശേഷിച്ചിരുന്നില്ല, എന്നിട്ടും ചിലപ്പോഴൊക്കെ ഞാനും അവിടെ അന്തിയുറങ്ങി. മേശപ്പുറത്ത്‌ ന്യുസ്‌ പ്രിന്റ്‌ നോട്ട്‌ പാഡുകളില്‍ മനോഹരമായ കൈപ്പടയില്‍ എഴുതി തുടങ്ങിയ കഥകളുണ്ടായുന്നു ലേഖനങ്ങളുണ്ടായിരുന്നു ഫീച്ചറുകളുണ്ടായിരുന്നു. കഥയെഴുതുമെന്ന്‌ അറിയാമായിരുന്നു എന്നതൊഴിച്ചാല്‍ അനൂപേട്ടന്റെ കഥകളൊന്നും വായിച്ചിരുന്നില്ല അന്നൊന്നും. എണ്ണത്തിലധികമില്ലെങ്കിലും ഇന്നും ആ കഥാലോകത്തിലൂടെ പൂര്‍ണ്ണമായി കടന്നുപോയിട്ടുമില്ല.























പത്രപ്രവര്‍ത്തന പഠനത്തിന്‌ ശേഷമുള്ള മാതൃഭൂമിയിലെ ഇന്റേണ്‍ഷിപ്പ്‌ കാലത്താണ്‌ അനൂപേട്ടനുമായുള്ള ബന്ധം തുടങ്ങുന്നത്‌. നവാഗതരായ രണ്ട്‌ കണ്ണൂര്‍ക്കാരുണ്ടായിരുന്നു അന്ന്‌ തൃശ്ശൂര്‍ മാതൃഭുമിയില്‍. നാട്ടിന്‍പുറത്തുകാരായ ചെറുപ്പക്കാരായ നിലപാടുകളുള്ള കളങ്കമില്ലാത്ത രണ്ടുപേര്‍. സി. നാരായണനും കെ. വി. അനൂപും. ഇടതുപക്ഷ പശ്ചാത്തലത്തില്‍ നിന്നാണ്‌ രണ്ടുപേരും വന്നിരുന്നത്‌ കോളേജില്‍ എസ്‌. എഫ്‌. ഐ യുടെ യൂണിയന്‍ ഭാരവാഹിത്ത്വങ്ങളിലൂടെ കടന്നു വന്നവര്‍. എങ്കിലും നാരായണേട്ടനായിരുന്നു രാഷ്ടീയം സജീവമായി പിന്തുടര്‍ന്നിരുന്നത്‌. രാഷ്ടീയത്തേക്കാളേറെ സാഹിത്യവും സിനിമയുമൊക്കെയായിരുന്നു അനൂപേട്ടന്റെ ഇഷ്ടങ്ങള്‍. സി.പി.എം രാഷ്ടീയം എന്നതിലുപരി നവ സാമൂഹ്യപ്രസ്ഥാനങ്ങളുമായും ജനകീയ രാഷ്ടീയ പ്രവര്‍ത്തനങ്ങളുമായും കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നതും അനൂപേട്ടനായിരുന്നു. അനൂപേട്ടന്റെ എഴുത്തും അത്തരമൊരു രാഷ്ടീയപ്രവര്‍ത്തനമായിരുന്നു. അന്ന്‌ മാതൃഭൂമിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ഇന്റേണ്‍ഷിപ്പുകാരായ ഞങ്ങളെ പരിഗണിച്ചിരുന്നതും വഴികാട്ടിയിരുന്നതും വല്ലതുമൊക്കെ പ്രസിദ്ധികരിച്ചുവരുമ്പോള്‍ പ്രോത്സാഹനമാകട്ടെ എന്നുകരുതി അഭിനന്ദിച്ചിരുന്നതും ഇവരായിരുന്നു. ചുരുങ്ങിയ മാതൃഭൂമിക്കാലത്തിനുശേഷവും ആ ബന്ധം തുടര്‍ന്നു. പിന്നീട്‌ കേരളീയത്തിലെത്തിയപ്പോഴാണ്‌ അനൂപേട്ടനും അവിടത്തെ സന്ദര്‍കനാണെന്ന്‌ അറിയുന്നത്‌. വൈദ്യശസ്‌ത്രം പി. എന്‍. ദാസ്‌ മാഷുടെ ബന്ധുകൂടിയായിരുന്നു അനൂപേട്ടന്‍. പിന്നീട്‌ കേരളീയത്തിനു വേണ്ടി അനൂപേട്ടനെക്കൊണ്ട്‌ എഴുതിക്കുന്ന ചുമതല ഏറ്റെടുത്തു. 













പല പത്രപ്രവര്‍ത്തകരും അന്നും കേരളീയം പോലുള്ള സമാന്തര പ്രസിദ്ധീകരണങ്ങളില്‍ മറ്റുപേരുകളില്‍ എഴുതിപ്പോന്നിരുന്നു. മുഖ്യധാര മൂടിവെക്കുന്ന പല വാര്‍ത്തകളും പുറത്തുവന്നിരുന്നത്‌ അങ്ങിനെയൊക്കെയായിരുന്നു. പല വാര്‍ത്തകളും അനൂപേട്ടന്‍ എഴുതി. പലരെക്കൊണ്ടും എഴുതിച്ചു. ജനകീയസമരങ്ങളിലും പ്രതിരോധപ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്നു സാംസ്‌ക്കാരിക പരിപാടികളില്‍ ഭാഗബാക്കായി. ന്യൂസ്‌ഡെസ്‌ക്കില്‍ നിന്ന്‌ ചവറ്റുകൊട്ടയിലേക്ക്‌ പറക്കേണ്ടിയിരുന്ന ചെറു സംഘടനകളുടെ വാര്‍ത്തകളില്‍ പലതും പ്രധാനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്‌ അവരുടെയൊക്കെ ഇടപെടലുകളിലൂടെയായിരുന്നു. നിലനില്‍പ്പിനുവേണ്ടി ശൂന്യതയില്‍ നിന്ന്‌ വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുന്ന ചാനലുകളും സജീവമായ സോഷ്യല്‍മീഡിയകളുമുള്ള ഇക്കാലത്ത്‌ നിന്ന്‌ പറഞ്ഞാല്‍ മനസ്സിലാകുന്നതായിരുന്നില്ല അന്നത്തെ തമസ്‌ക്കരണത്തിന്റെ ഭീകരതയൊന്നും. നാട്യങ്ങളില്ലാത്ത സൗമ്യനായ കണ്ണൂരിന്റെ സ്‌നേഹവും നൈര്‍മല്യവും മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളായിരുന്നു എന്നും അനൂപേട്ടന്‍. മൂട്ടിന്‌ താഴെ വരെ തെറുത്തു വെച്ച ഫുള്‍ക്കൈ ഷര്‍ട്ട്‌, മുണ്ട്‌, കയ്യിലൊരു പുസ്‌തകം, ചെറിയൊരു താടി, മുഖത്തൊരു പുഞ്ചിരി, സൗമ്യഭാഷണം.

കഥയുടെ ലോകത്തേക്ക്‌ ഇന്നത്തേക്കാള്‍ സജീവമായി എത്തേണ്ടിയിരുന്ന ഒരാളായിരുന്നു അനൂപേട്ടന്‍. മാതൃഭൂമി നടത്തിയ ചെറുകഥാമത്സരത്തില്‍ സമ്മാനാര്‍ഹമായ എറണാംകുളം മഹാരാജാസ്‌ കോളേജ്‌ വിദ്യാര്‍ത്ഥി സുഭാഷ്‌ചന്ദ്രന്റെ(കാലങ്ങക്ക്‌ ശേഷം മാതൃഭൂമിയില്‍ അനൂപേട്ടന്റെ സഹപ്രവര്‍ത്തകനായി സുഭാഷ്‌ചന്ദ്രന്‍)  ഘടികാരങ്ങള്‍ നിലക്കുന്ന സമയം എന്ന കഥവായിക്കുന്നതോടെയാണ്‌ അനൂപേട്ടന്‍ എഴുത്തില്‍ നിന്ന്‌ ഉള്‍വലിയുന്നത്‌. ആ കഥ വായിച്ചതോടെ സമകാലികനായ സുഭാഷ്‌ചന്ദ്രന്‍ എന്ന കഥാകൃത്തില്‍ നിന്ന്‌ താന്‍ എത്രപുറകിലാണെന്ന്‌ തിരിച്ചറിയുന്നതെന്നും അതോടുകൂടി എഴുതുവാനുള്ള ആത്മവിശ്വസക്കുറവ്‌ ബാധിച്ചെന്നും അന്ന്‌ ആ മത്സരത്തില്‍ പങ്കെടുത്തിരുന്ന അനൂപേട്ടന്‍ പിന്നിടൊരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആനന്ദപ്പാത്തുവും അമ്മദൈവങ്ങളുടെ ഭൂമിയും തൊട്ട്‌ അവസാനപുസ്‌തകമായ മെസ്സിയുടെ ജീവചരിത്രം വരെ എഴുതിയ അനൂപേട്ടന്‍ എഴുത്തില്‍ ഒരു സമകാലികനേക്കാളും പുറകിലായിരുന്നില്ല എന്ന്‌ വ്യക്തം. ഉറൂബ്‌ പുരസ്‌ക്കാരം നേടിയ അമ്മദൈവങ്ങളുടെ ഭൂമി എന്ന നോവല്‍ എഴുതുമ്പോള്‍ 19 വയസ്സാണ്‌ അനൂപേട്ടന്റെ പ്രായം. വ്യക്തമായ രാഷ്ടീയവും നിലപാടും ഉള്ളതായിരുന്നു ആ കഥകളൊക്കെ തന്നെ. ഇനിയും ഏറെ എഴുതേണ്ടതുമുണ്ടായിരുന്നു അദ്ദേഹം. ഉറൂബ്‌ അവാര്‍ഡും, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡും അങ്കണം അവാര്‍ഡും മുണ്ടൂര്‍ കൃഷ്‌ണക്കുട്ടി അവാര്‍ഡുമൊക്കെ ലഭിച്ച അനൂപേട്ടന്‍ പക്ഷെ ഒരു കഥാകൃത്തന്നെ രീതിയില്‍ വളരെയൊന്നും കൊണ്ടാടപ്പെടാത്തതിനുള്ള കാരണം ഈ സ്വതവേയുള്ള പിന്‍വലിയല്‍ തന്നെയായിരുന്നു. എഴുത്തുകാരൊക്കെ സ്വയം മാര്‍ക്കറ്റുചെയ്യാനിറങ്ങുന്ന ഒരു കാലത്ത്‌ അത്തരം ഗിമ്മിക്കുകളുടെയും കോക്കസുകളുടെയും പുറകെപോകാതിരുന്നതാവാം മറ്റൊരു കാരണം. സമൂഹത്തിന്റെ രോഗം കണ്ടെത്തി ചികിത്സിക്കേണ്ട വൈദ്യനാകണം എഴുത്തുകാരന്‍ എന്നും അത്തരം ജീവന്‍മശായിമാരെയാണ്‌ സമൂഹത്തിന്‌ അവശ്യം എന്നും വിശ്വസിച്ചിരുന്ന അത്തരമൊരു ജീവന്‍ മശായിയാകാനാണ്‌ താനാഗ്രഹിക്കുന്നത്‌ എന്ന്‌ പറഞ്ഞ എഴുത്തുകൊണ്ടും ജീവിതം കൊണ്ടും സത്യസന്ധത പുലര്‍ത്തിയിരുന്ന ചെറുപ്പക്കാരനായിരുന്നു അനൂപേട്ടന്‍. അതിനിടയില്‍ പുരസ്‌ക്കാരങ്ങളൊ അംഗീകാരങ്ങളൊ ഒന്നും ആ മനസ്സിനെ ബാധിച്ചതേയില്ല...

ആദ്യം നാരായണേട്ടനും പിന്നീട്‌ അനൂപേട്ടനും തൃശ്ശൂര്‍ വിട്ട്‌ പോയി. കോഴിക്കോട്‌ മാതൃഭൂമി പിരിയോഡിക്കല്‍സിലായിരുന്നു പിന്നീട്‌. അതിനിടയില്‍ തന്നെ എന്റെ പ്രവാസ ജീവിതവും തുടങ്ങി. ഫോണിലൂടെ ഉള്ള ബന്ധം മാത്രം തുടര്‍ന്നു. അതിനിടയില്‍ വൃക്കരോഗബാധ. അസുഖവിവരമറിഞ്ഞിട്ടും ധൈര്യപൂര്‍വ്വം ജീവിതത്തിലേക്ക്‌ കയറിവന്ന സ്വീറ്റിയുമായുള്ള വിവാഹം, ഇതള്‍ എന്ന മകള്‍. വൃക്കമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ. അമ്മ ശ്രീമതി ടീച്ചറാണ്‌ അനൂപേട്ടന്‌ വൃക്ക നല്‍കിയത്‌. അവസാനം വിളിക്കുമ്പോള്‍ സന്തോഷവാനായിരുന്നു. അസുഖത്തിന്റെ ശേഷിപ്പുകളൊന്നും ശബ്ദത്തില്‍ നിന്ന്‌ തിരിച്ചറിയാനായില്ല. ഒടുവില്‍ അപ്രതീക്ഷിതമായാണ്‌ ആ വാര്‍ത്തയറിയുന്നത്‌. ഫെയ്‌സ്‌ബുക്കിലൂടെയുള്ള ഒരലസയാത്രക്കിടയില്‍ മനോജ്‌കുറൂരിന്റെ ഒരു സ്‌റ്റാറ്റസ്‌ അപ്‌ഡേറ്റ്‌. നാരായണേട്ടനെ വിളിച്ചു പ്രതീക്ഷച്ചതുപോലെ സംഭവസ്ഥലത്തുതന്നെയുണ്ടായിരുന്നു. വീണ്ടും അസുഖം വര്‍ദ്ധിച്ചതും ആശുപത്രിവാസത്തിലേക്ക്‌ വന്നതുമൊക്കെ പറഞ്ഞത്‌ നാരായണേട്ടനാണ്‌. ചില മരണങ്ങള്‍ എന്ന അനൂപേട്ടന്റെ ഒരു കഥയുണ്ട്‌. ഒരു രാഷ്ടീയനേതാവിന്റെ കൊലപാതകം. അതേ തുടര്‍ന്നുണ്ടാകുന്ന ഹര്‍ത്താല്‍. അന്നേദിനം രാവിലെ നടക്കുന്ന ഒരപകടമരണം. ആ മരണരംഗത്ത്‌ നില്‍ക്കവേ മരിച്ചയാളുടെ അനാഥമായി റോഡില്‍ കിടക്കുന്ന ചെരുപ്പ്‌ ധരിച്ച്‌ പകരം തന്റെ തേഞ്ഞുതീരാരായ ചെരുപ്പവിടെ ഉപേക്ഷിച്ചുപോകുന്ന ഒരു വഴിപോക്കന്‍. ജീവിതം ഇങ്ങിനെയൊക്കെയാണെന്ന്‌ പറഞ്ഞുവെച്ച ഒരാളും അങ്ങിനെ കടന്നുപോയി. ചിലമരണങ്ങളിലൊന്നായി. എന്നാല്‍ കെ. വി. അനൂപ്‌ എന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടവര്‍ക്ക്‌, ആ ജീവിതം നോക്കിക്കണ്ടവര്‍ക്ക്‌, അടുത്തറിഞ്ഞവര്‍ക്ക്‌ അതു ചില മരണങ്ങളിലൊന്നാകുന്നില്ല... ഓര്‍മ്മകളില്‍ ആ ഘടികാരം നിലക്കുകയുമില്ല...  

19 comments:

  1. അനൂപ് എന്ന വ്യക്തിയെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും ഉള്‍ക്കാഴ്ച തന്ന ലേഖനം. ആദരാഞ്ജലികളോടെ വായിച്ചു. ഫേസ് ബുക്കിലെ മലയാളം ബ്ലോഗ് ഗ്രൂപ്പില്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്നതില്‍ വിരോധം ഉണ്ടാവില്ലെന്ന സ്വാതന്ത്ര്യത്താല്‍ അങ്ങനെ ചെയ്യുന്നു.

    ReplyDelete
  2. അനൂപ്‌ എന്ന പ്രതിഭയെക്കുറിച്ച് അറിയാന്‍ ഇവിടേക്ക് എത്തിച്ച അജിതേട്ടനും അദ്ദേഹത്തെ പറഞ്ഞു തന്ന ലേഖനത്തിനും നന്ദി.

    ReplyDelete
  3. "ജീവിതം ഇങ്ങിനെയൊക്കെയാണെന്ന്‌ പറഞ്ഞുവെച്ച ഒരാളും അങ്ങിനെ കടന്നുപോയി."

    ReplyDelete
  4. ലേഖനം വായിച്ചതിനും മലയാളം ബ്ലോഗ്‌ ഗ്രൂപ്പില്‍ പോസ്‌റ്റ്‌ ചെയ്‌തതിലും നന്ദി അജിത്തേട്ടാ...

    ReplyDelete
  5. അതെ സുധീര്‍ദാസ്‌... മരണം അങ്ങിനെയൊക്കെതന്നെയാണ്‌....

    ReplyDelete
  6. അനൂപ്‌ എന്ന വ്യക്തിയെക്കുറിച്ചും കഥാകാരനെക്കുറിച്ചും അറിയാൻ സഹായിച്ചു ഈ ലേഖനം, നന്ദി രാമു... ഇത് ഷെയർ ചെയ്ത അജിത്തേട്ടനും നന്ദി....

    ReplyDelete
  7. നന്ദി കുഞ്ഞൂസ്‌...

    ReplyDelete
  8. ആദരാഞ്ജലികളോടെ വായിച്ചു.

    ReplyDelete
  9. ആദ്യ നന്ദി അജിത്തേട്ടന് ! പലപ്പോഴും ഇത്തരം പ്രതിഭകളെ അവരുടെ മരണാനന്തരമാണ് അറിയാനാവുക എന്നത് ഒരുപാട് വേദന സമ്മാനിക്കുന്നു ......ദൈവമേ മരണാനന്തരം ഒരു ജീവിതമുണ്ടെങ്കില്‍ ഇദേഹത്തെ എനിക്ക് പരിചയപ്പെടാന്‍ കഴിയണെ....!

    ReplyDelete
  10. ചന്തു നായര്‍, മിനി പി സി..... നന്ദി...

    ReplyDelete
  11. ആദരാഞ്ജലികള്‍

    ReplyDelete
  12. http://parayathebakivachath.blogspot.in/2014/09/blog-post.html
    കുറച്ചു ഇതാ ഇവിടെയും

    ReplyDelete
  13. അജിത്‌ ഏട്ടന്‍ ഈ ലിങ്ക് ഗ്രൂപ്പില്‍ പരിചയപ്പെടുത്തിയിരുന്നില്ല എങ്കില്‍ അനൂപ്‌ എന്ന എഴുത്തുകാരനെ ഞാനും അറിയാതെ പോവുമായിരുന്നു. ആദരാഞ്ജലികള്‍, നല്ലൊരു അനുസ്മരണ കുറിപ്പ് .

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. കെ.വി.അനൂപിന്റെ കുടുംബത്തെ സഹായിക്കാന്‍ സൃഹൃത്തുക്കളുടെ കൂട്ടായ്മ

    18 Sep 2014



    കോഴിക്കോട്: അന്തരിച്ച പ്രശസ്ത എഴുത്തുകാരനും മാതൃഭൂമി പത്രപ്രവര്‍ത്തകനുമായ കെ.വി.അനൂപിന്റെ കുടുംബത്തിന് സഹായഹസ്തമായി സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും കൂട്ടായ്മ. അതിനായി ഒരു സ്‌നേഹനിധി രൂപീകരിക്കാനാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് തീരുമാനിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കോഴിക്കോട്ട് സ്വകാര്യ ആസ്​പത്രിയിലായിരുന്നു അനൂപിന്റെ അന്ത്യം.

    വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു അനൂപ്. അതിന്റെ ഫലമായുണ്ടായ ഭാരിച്ച ചെലവും മറ്റ് ബാധ്യതകളും കുടുംബത്തിന് താങ്ങാവുന്നതിന് അപ്പുറമാണ്. ഈ പശ്ചാത്തലത്തിലാണ് സുഹൃത്തുക്കള്‍ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. കോഴിക്കോട് എസ്ബിടി മെയിന്‍ ബ്രാഞ്ചില്‍ ഇതിനായി ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങള്‍ :

    Acct Name: K V Anoop Welfare Committee
    Account no: 67294062565
    SBT, Calicut Main Branch
    CIFno: 77116209354
    Branch code: 70188
    IFSC Code: SBTR0000188
    Tags :

    ReplyDelete
  16. ശ്രീ, Roopz, ഫൈസല്‍ബാബു, വരികള്‍ക്കിടയില്‍ എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  17. കെ-വി- അനൂപ്‌ എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തിയതിന് നന്ദി.

    അജിത്തേട്ടന്‍, വരികള്‍ക്കിടയില്‍ സാരഥി ഫൈസല്‍ ബാബു thanks......

    ReplyDelete