Thursday, September 6, 2012

തസ്രാക്കിലേക്ക്‌

തസ്രാക്ക്‌ - ഫോട്ടോ : നിത്യ പ്രമോദ്‌ 
(പഴയ വഴികള്‍ പുതിയ കാഴ്‌ച്ചകള്‍ - തുടര്‍ച്ച)

തസ്രാക്കിലെ പാടവരമ്പുകളിലൂടെ ഞങ്ങള്‍ വെറുതെ മുന്നോട്ട്‌ നടന്നു. പകല്‍ പതുക്കെ രാത്രിയ്‌ക്ക്‌ വഴിമാറികൊണ്ടിരുന്നു. തുറസ്സിടങ്ങളില്‍ നിന്നും വിട്ടുപോകാന്‍ പകല്‍ വെളിച്ചത്തിന്‌ മടിയുള്ളതുപോലെ തോന്നി. മഴയൊഴിഞ്ഞ ആകാശത്ത്‌ ചന്ദ്രന്‍ നിലാവുപരത്തി നില്‍ക്കുന്നുണ്ട്‌.. വയല്‍ വരമ്പുകളില്‍ പാലക്കാടിന്റെ മുഖമുദ്രയായ കരിമ്പനകള്‍ മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്നു. ഈ വഴികളിലൂടെയാകും ഖസാക്കിലെ കഥാപാത്രങ്ങളെ മനസ്സിലിട്ട്‌ വിജയന്‍ ശാന്തയ്‌ക്കൊപ്പം സായാഹ്നസവാരികള്‍ക്കിറങ്ങിയിരുന്നത്‌.. എടവത്തിന്റെ മധ്യത്തിലായതിനാലാകണം ചൂട്‌ തസ്രാക്കിനെ തൊണ്ടുതീണ്ടിയിരുന്നില്ല. പുതുമഴ സമൃദ്ധമായി തന്നെ തസ്രാക്കിന്റെ മണ്ണിലേക്കിറങ്ങിയിട്ടുണ്ടെങ്കിലും നെല്‍പ്പാടങ്ങളുടെ ദാഹം അകന്നപോലെ തോന്നിയില്ല.

എരിപൊരികൊള്ളുന്ന ഒരു ഉഷ്‌ണക്കാലത്താണ്‌ മുന്‍പ്‌ ഈ വഴി ജലീലിനൊപ്പം നടന്നുതീര്‍ത്തത്‌., ഒപ്പം സുഹൃത്തുക്കളായ ആസിഫും അന്‍വറും. തസ്രാക്കിലെ പള്ളിയും പള്ളിക്കൂടവും വിജയനും ശാന്തയും താമസിച്ചിരുന്ന ഞാറ്റുപുരയും ഒക്കെ ചുറ്റി നടന്നുകണ്ടു അന്ന്‌.. പിന്നീട്‌ പെരുവെമ്പും കുഴല്‍മന്ദവും ചിറ്റൂരും കറങ്ങി, തത്തമംഗലത്ത്‌ ജലീലിന്റെ ഒരു ബന്ധുവിന്റെ വിവാഹചടങ്ങുകളില്‍ പങ്കുകൊണ്ടു. പിന്നീട്‌ പ്ലാച്ചിമടയിലും പോത്തുണ്ടിയിലുമൊക്കെ പോയി വെകീട്ട്‌ ഗോവിന്ദാപുരം പൊള്ളാച്ചി വഴി അട്ടപ്പാടിയിലേക്ക്‌.. ജലീല്‍ അന്നേ തസ്രാക്കിലെ തറവാടു വിട്ട്‌ പുതിയവീട്‌ വെച്ച്‌ കിണാശ്ശേരിയിലേക്ക്‌ താമസം മാറിയിരുന്നു. ഏറെക്കാലം തൃശ്ശൂരായിരുന്നു ജലീലിന്റെ തട്ടകം. ചന്ദ്രിക ദിനപത്രത്തിന്റെ ബ്യൂറോചീഫായി. അക്കാലത്തെ സൗഹൃദമാണ്‌.. ഭാര്യ പാലക്കാട്‌ ജില്ലാസഹകരണബാങ്കില്‍. രണ്ട്‌ ഇരട്ടപെണ്‍കുട്ടികള്‍, ആറില്‍ പഠിയ്‌ക്കുന്നു. പാര്‍ട്ടിപത്രത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ പത്രപ്രവര്‍ത്തനജോലിയില്‍ ഏറെയൊന്നും ചെയ്യാനില്ലാത്തതുകൊണ്ടുതന്നെ യാത്രകളിായിരുന്നു ജലീലിന്റെയും ഇഷ്ടവിനോദം. പ്രകൃതിജീവനവും യോഗയുമൊക്കെ കൂടെ കൊണ്ടുനടക്കുന്ന മറ്റു ഇഷ്ടങ്ങള്‍. 
ഖസാക്കിനുവേണ്ടി എ. എസ്‌ വരച്ച ചിത്രം 
കള്ളുചെത്തുകാരും കൃഷിക്കാരും ചുരം കടന്നുവന്ന കച്ചവടക്കാരായ റാവുത്തര്‍മാരും മാത്രമുണ്ടായിരുന്ന തസ്രാക്കിന്‌ ഇന്നും വലിയ മാറ്റങ്ങളുള്ളതുപോലെ തോന്നിയില്ല. പരിഷ്‌ക്കാരത്തിന്റെ ചിഹ്നങ്ങളോ നഗരത്തിന്റെ ഇരമ്പലോ ഇന്നും തസ്രാക്കിലേക്ക്‌ വലിയ തോതില്‍ എത്തിയിട്ടില്ല. മലമ്പുഴക്കനാലില്‍ നിന്നുള്ള വെള്ളത്തിനൊപ്പം പരിഷ്‌ക്കാരവും ആധൂനികതയും ഇങ്ങോട്ട്‌ ഒഴുകിയെത്തുമെന്ന വിജയന്റെ കണക്കൂകൂട്ടല്‍ പക്ഷെ തെറ്റിപോയതായിരിക്കാം. ഖസാക്ക്‌ പൈതൃകഗ്രാമമാക്കുന്നു എന്ന സാംസ്‌ക്കാരിക വകുപ്പിന്റെ പ്രാഖ്യാപനമുണ്ടായിരുന്നു കുറച്ചുനാളുകള്‍ക്ക്‌ മുന്‍പ്‌.വിജയന്റെ ഭാവനയിലെ ഖസാക്കിന്‌ പക്ഷെ യഥാര്‍ത്ഥ തസ്രാക്കുമായി ഏറെ ബന്ധമൊന്നുമില്ല. 
1956ലാണ്‌ വിജയന്‍ ഖസാക്കിലെത്തുന്നത്‌ ഇതിഹാസത്തിന്‌ തുടക്കമിടുന്നതും അപ്പോള്‍ തന്നെ. നീണ്ട പന്ത്രണ്ടു വര്‍ഷങ്ങളെടുത്തു അതു പൂര്‍ത്തിയാകാന്‍. അതിനു മുന്‍പും ആ കാലയളവിലും വിജയന്‍ കടന്നുപോയ വഴിയോരങ്ങളുടെ, പല തസ്രാക്കുകളുടെ ആകെത്തുകയാണ്‌ ആ ഇതിഹാസം. മൂലഗ്രാമമെന്ന്‌ വിജയന്‍ തന്നെ പറയുന്നുണ്ടെങ്കിലും ഖസാക്കിനെ അപ്പാടെ തസ്രാക്കില്‍ കണ്ടെത്താം എന്ന്‌ കരുതി ഇങ്ങോട്ടു വരേണ്ടതില്ല എന്ന്‌ തോന്നുന്നു. ചുരുക്കം ചിലര്‍ക്കൊഴിച്ച്‌ കഥാപാത്രങ്ങളെന്ന്‌ അവകാശപ്പെടുന്നവര്‍ക്കും ആരോപിക്കപ്പെട്ടവര്‍ക്കും സത്യത്തില്‍ ഖസാക്കിലെ കഥാപാത്രങ്ങളുമായി ഒരു വിദൂരഛായപ്പോലുമില്ല. എങ്ങിലും ഖസാക്ക്‌ ഒരു പൈതൃതഗ്രാമമായി നിലനില്‍ക്കേണ്ടതുതന്നെയാണ്‌., വിജയന്റെ ഓര്‍മ്മക്കായും പാലക്കാട്ടെ ഒരു തനതു ഗ്രാമമെന്നനിലയിലും ഒക്കെ. എന്തൊക്കെയായാലും ഖസാക്കിന്റെ മുളകള്‍ പൊട്ടിയത്‌ ഈ മണ്ണില്‍ നിന്നു തന്നെയാണല്ലോ.
കിട്ടേട്ടന്‍ ഞാറ്റുപുരയില്‍ - ഫോട്ടോ : അന്‍വര്‍ 
ഞാറ്റുപുരയിലെത്തുമ്പോഴെക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. പുരയുടെ ഗെയിറ്റ്‌ പൂട്ടി കാര്യസ്ഥന്‍ നെല്ലിക്കുന്നന്‍ കിട്ട എന്ന കിട്ടേട്ടന്‍ സ്ഥലം വിട്ടിരിക്കുന്നു. പെരുവെമ്പ്‌ മാന്നാട്ടില്‍ രാഘവന്‍ നായരുടെ ഉടമസ്ഥതയിലുള്ള ഞാറ്റുപുരയിലേക്ക്‌ വിജയന്‍ എത്തുന്നത്‌ അവിടത്തെ എകാധ്യാപക വിദ്യലയത്തിലെ അധ്യാപികയായ സഹോദരി ശാന്തയ്‌ക്ക്‌ കൂട്ടായാണ്‌. ഇതിഹാസത്തിലെ ശിവരാമന്‍ നായരെ വിജയന്‍ കണ്ടെത്തിയത്‌ രാഘവന്‍ നായരില്‍ നിന്നാണെന്ന്‌ ഒരു പക്ഷമുണ്ട്‌. ഞാറ്റുപുര ഇപ്പോള്‍ രാഘവന്‍ നായരുടെ മരുമകനായ ശിവദാസന്റെ കൈവശമാണ്‌. കഴിഞ്ഞ വരവിന്‌ കിട്ടേട്ടനൊപ്പം കുറെ നേരം ഈ പരിസരങ്ങളിലൊക്കെ ചിലവഴിച്ചിരുന്നു. വെള്ളയടിച്ച കുമ്മായവും മണലും ചേര്‍ത്ത്‌ തേച്ച മണ്‍ ചുമരിന്‌ പലയിടത്തും പരിക്കുണ്ടായിരുന്നു. എറയത്ത്‌ കൊമ്പോറവും പനമ്പ്‌ വിശറികളും ചില പണിയായുധങ്ങളും. കൊയ്‌തുകൂട്ടാനും നെല്ലളക്കാനുമായി സിമന്റിട്ട മുറ്റം. എലികളുടെ പ്രിയസങ്കേതമായ മുറികളില്‍ ചായ്‌പ്പിനൊഴിച്ച്‌ മരത്തിന്റെ തട്ടുണ്ട്‌. പൈതൃകപദ്ധതിയുടെ ഭാഗമായി ഞാറ്റുപുരയും അതോടൊപ്പമുള്ള 27.5 സെന്റ്‌ സ്ഥലവും ഏറ്റെടുക്കുമെന്നെും കേട്ടിരുന്നു ഒന്നും എവിടെയും എത്തിയിട്ടില്ല. ഓത്തുപള്ളി പുതുക്കിപ്പണിയുകയാണ്‌. പള്ളിയില്‍ നിന്ന്‌ കുളത്തിലേക്കിറങ്ങാവുന്ന പടവുകള്‍ അതേപടിയുണ്ട്‌.. പള്ളിക്കുളത്തിലിറങ്ങി കാലുകഴുകി തിരിച്ചുപോന്നു. സൈക്കിളിലും നടന്നുമായി എതിരെ വരുന്ന ചിലര്‍. ഒരു ഉമ്മറതിണ്ണയില്‍ പടിക്കാനുള്ള പുസ്‌തകവും നിവര്‍ത്തി വെച്ച്‌ ഒരു പെണ്‍കുട്ടി.  
ഫോട്ടോ : വിനോദ്‌കുമാര്‍ . ടി. ജി
തസ്രാക്കിലെ നാട്ടിടവഴിയിലൂടെ തിരികെ നടക്കുമ്പോള്‍ ചുണ്ടില്‍ അറിയാതെ വന്ന്‌ കയറിയത്‌ പി.പി.രാമചന്ദ്രന്റെ വരികളായിരുന്നു.
ഇവിടെയുണ്ട്‌ ഞാന്‍
എന്നറിയിക്കുവന്‍
മധുരമാമൊരു
കൂവല്‍ മാത്രം മതി

ഇവിടെ ഉണ്ടാ-
യിരുന്നു ഞാനെന്നതി-
ന്നൊരു തൂവല്‍
താഴെയിട്ടാല്‍ മതി........

ഒരു ദിവസം തങ്ങി മലമ്പുഴയും ധോണിയും അകമലവാരവുമൊക്കെ കറങ്ങിയിട്ടാകാം മടക്കയാത്ര എന്ന ജലീലിന്റെയും കുടുംബത്തിന്റെയും നിര്‍ബന്ധം സ്‌നേഹപൂര്‍വ്വം നിരസിച്ച്‌ കിണാശ്ശേരിയോട്‌ വിടപറഞ്ഞു. തിരിച്ചുവരും വഴി പാലക്കാട്‌ കോട്ടമൈതാനത്ത്‌ ഒന്നിറങ്ങി. കോട്ടയ്‌ക്ക്‌ ചുറ്റും വിളക്കുകള്‍ തെളിയിച്ചിട്ടുണ്ട്‌ വെട്ടുകല്ലു വിരിച്ച നടപ്പാതകള്‍ക്കിരുപുറവും പുല്ലുവെച്ചുപിടിപ്പിച്ചിരിക്കുന്നു. വൈകിയെത്തിയ സഞ്ചാരികളാകണം കോട്ടയെ കൗതുകത്തോടെ നോക്കിനില്‍ക്കുന്നുണ്ട്‌. ട്രാക്ക്‌ സ്യൂട്ടില്‍ കോട്ടയെ വലംവെയ്‌ക്കുന്ന ചിലരെ കണ്ടു. വൈകീട്ട്‌ നടക്കാനെത്തുന്നവര്‍ ഈ നഗരത്തിലും ഉണ്ടായി തുടങ്ങിയിരിക്കുന്നു. മടങ്ങേണ്ട സമയമായിത്തുടങ്ങി. ഒറ്റപ്പാലം പട്ടാമ്പി വഴി കൂട്ടുപാതയിലേക്ക്‌ അവിടെ ശാരിയുടെ അമ്മായി രാത്രി ഭക്ഷണമൊരുക്കി കാത്തിരിക്കുന്നുണ്ട്‌. പിന്നീട്‌ നോങ്ങല്ലൂരിലേക്ക്‌. അങ്ങിനെ ഒരു യാത്ര കൂടി അവസാനിക്കുകയാണ്‌..
. 

ഒന്നാം ഭാഗം
രണ്ടാം ഭാഗം
മുന്നാം ഭാഗം
നാലാം ഭാഗം

8 comments:

 1. ഇവിടെ ഉണ്ടാ-
  യിരുന്നു ഞാനെന്നതി-
  ന്നൊരു തൂവല്‍
  താഴെയിട്ടാല്‍ മതി.......

  ReplyDelete
 2. ഇനിയുമുണ്ടാകു-
  മെന്നതിന്‍ സാക്ഷ്യമായ്
  അടയിരുന്നതിന്‍
  ചൂടു മാത്രം മതി....

  ReplyDelete
 3. njangande thasrakkilu vanna ettanmarkkum ettathimarkkum ee panakalum kattum ishtappettu ennarinjathil santhosham....ippol malampuzha canalinu arike sarkar vaka khasakkilekku swagatham enna oru kavadamundakkiyittund.mattonnum vannittilla. vannal enthavumenna pediyumund njangakku.

  ramuvinte pathiv neelam illa, sahithyavum.

  jaleel@khasak

  ReplyDelete
 4. ഒരു തൂവല്‍ ഞാനിതാ ഇവിടെ വെച്ച് പോകുന്നു.

  ReplyDelete
 5. പ്രിയ ജലീല്‍, മുല്ല, വീ.കെ.

  വന്നതിലും കണ്ടതിലും സന്തോഷം...

  ReplyDelete
 6. കിണാശ്ശേറ്, കുഴൽ മന്ദം വഴിയുള്ള സൈക്കിൾ യാത്രകൾ മറക്കില്ല...എന്റെ വീട് തേങ്കുറിശ്ശിയിലാണ്

  ReplyDelete
 7. ആദ്യമായിട്ടാണ്‌ ഇവിടെയെത്തുന്നത്‌. അത്‌ ഈ നല്ല ഓര്‍മ്മകള്‍ പങ്കുവെക്കാവാവുന്നതില്‍ സന്തോഷം

  ReplyDelete