Sunday, December 18, 2011

വനസ്ഥലികള്‍ ഉണ്ടാകുന്നത്‌

റമ്പു മുഴുവന്‍ നടന്ന്‌ കണ്ടപ്പോള്‍ റഫീക്ക്‌ജി പറഞ്ഞു. നമുക്കിത്‌ ഇങ്ങനെതന്നെ നിലനിറുത്താം, മണ്ണിളക്കാതെ മരംവെട്ടാതെ ഒരു പൂവുപോലുമിറുക്കാതെ. എത്രയോകാലമായി കൈക്കോട്ടുവീഴാത്തമണ്ണാണ്‌. വന്‍മരങ്ങളുടെ ഇലകള്‍ കാലാകാലങ്ങളായി മണ്ണില്‍ വീഴുകയും അതിനോട്‌ ചേരുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. മണ്ണിന്റെ ജൈവസ്വഭാവം വെളിവാക്കികൊണ്ട്‌ ചിതല്‍പ്പുറ്റുകള്‍. മരങ്ങളില്‍ പടര്‍ന്ന്‌ കയറികൊണ്ട്‌ വള്ളിപടര്‍പ്പുകള്‍. കാട്ടുപൊന്തകള്‍ക്കിടയില്‍ കുറുക്കനും മുയലും കാട്ടുകോഴിയും കീരിയും പാമ്പുകളും അടക്കമുള്ള ജന്തുജാലം. അതിരിലെ മുളങ്കുട്ടങ്ങള്‍ ഇടവഴിക്ക്‌ മുകളില്‍ മേലാപ്പ്‌ വിരിക്കുന്നു. 


ആവശ്യങ്ങള്‍ ഏറുന്നു ജീവിതശൈലികള്‍ മാറുന്നു. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളാകുന്നു. ഒരയേക്കര്‍ ഭൂമിയൊന്നും കാവിനായി നീക്കിവെക്കാന്‍ ആര്‍ക്കും കഴിയാതാകുന്നു. കാവുകളുടെ പാരിസ്ഥിതിക ധര്‍മ്മം വിട്ടുകളഞ്ഞ്‌ വിശ്വാസത്തിന്റെ കണ്ണിലൂടെ മാത്രം കണ്ടുതുടങ്ങുമ്പോള്‍ ചിത്രക്കൂടക്കല്ലിന്റെ നാലഞ്ചടി ചുറ്റളവ്‌ മാത്രമായി കാവുകള്‍ ഒതുങ്ങുന്നു. എന്നിട്ടും ആവശ്യങ്ങള്‍ തികയാതെ വരുമ്പോള്‍ പാമ്പുമേക്കാട്ട്‌ ചെന്ന്‌ സര്‍പ്പക്കാവ്‌ കുടിയൊഴിപ്പിക്കുന്നു. പരിഹാരകര്‍മ്മങ്ങള്‍ നടത്തി അതും ഉപയോഗ്യമാക്കുന്നു. നമ്മുടെ കാവും ഒരേക്കറോളം സ്ഥലത്താണ്‌ സ്ഥിതിചെയ്‌തിരുന്നത്‌ കാലം അതിനെ 5 സെന്റിലേക്ക്‌ ചുരുക്കിയിരിക്കുന്നു. ബാക്കിസ്ഥലം താവഴികള്‍ ഭാഗം വെച്ചെടുത്തു. അതിലെ ഒരു താവഴിയുടെ 34 സെന്റ്‌ സ്ഥലമാണ്‌ വില്‍പ്പനക്ക്‌ വെച്ചിരിക്കുന്നത്‌. 

കൊച്ചുണ്ണിഏട്ടന്‍ കാണുമ്പോഴൊക്കെ പറയും "സ്ഥലത്തിന്റെ കാര്യം ഒന്നുമായില്ല ആരെങ്കിലുമൊക്കെയുണ്ടെങ്കില്‍ പറയണം". സൗഹൃദസംഘത്തിന്‌ കൂടിച്ചേരാന്‍ ഒരിടം വേണം എന്ന ആലോചന ശക്തിപ്പെട്ട സമയം. കൂടാതെ കുട്ടികളുടെ കളിക്കൂട്ടത്തിന്‌ ഒരു ഗ്രന്ഥശാലയും ജൈവഗ്രാമം പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരാസ്ഥാനവും മനസ്സിലുണ്ട്‌ അതിനെല്ലാമായി ഈ സ്ഥലം തിരഞ്ഞെടുത്താലോ എന്ന ആലോചന വന്നു. സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ആലോചനകള്‍ക്കുമൊന്നും അതിരില്ലല്ലോ പക്ഷെ പണമെങ്ങിനെ കണ്ടെത്തും. സെന്റിന്‌ 6000 രൂപയാണ്‌ കൊച്ചുണ്ണിഏട്ടന്‍ പറയുന്നത്‌. 5000 ത്തിന്‌ വരെ തരാന്‍ തയ്യാറാണ്‌ എന്ന്‌ ഒടുവില്‍ അദ്ദേഹം സൂചിപ്പിച്ചു. അതത്ര വലിയ സംഖ്യയൊന്നുമല്ല. പക്ഷെ മുറിച്ചുതരില്ല. എത്രയും പെട്ടെന്ന്‌ രജിസ്‌ട്രേഷന്‍ നടത്തണം പൈസ കിട്ടണം. അനിയന്റെ ചികിത്സയ്‌ക്കാണ്‌. കാവിന്റെ സ്ഥലമായതുകൊണ്ട്‌ മാര്‍ക്കറ്റ്‌ കുറവാണ്‌. സ്ഥലം വിറ്റിട്ട്‌ ഉടമകള്‍ക്ക്‌ അത്യാവശ്യവുമുണ്ട്‌. അതുകൊണ്ട്‌ തന്നെ പൊരുത്തകച്ചവടക്കാര്‍ ചുളുവിലയ്‌ക്ക്‌ ഭൂമി തട്ടിയെടുക്കാന്‍ കാത്തിരിക്കുയാണ്‌. 


ഒരു ഞായറാഴ്‌ച്ച റഫീക്ക്‌ജിയെയും രവിയേട്ടനേയും കൂട്ടി അക്കിക്കാവ്‌ നിന്ന്‌ പന്നിത്തടം റോഡിലൂടെ തടം വരെ വന്ന്‌ അവിടന്ന്‌ താന്തിരുത്തി വഴി കപ്പൂരമ്പലത്തിന്റെ പുറകിലെ പാടത്തേക്കിറങ്ങി. പിന്നെ പാറപ്പുറത്തെ ജോബേട്ടന്റെയും അരിക്കത്തെ വീടിന്റെയും ഇടയിലൂടെയുള്ള കുണ്ടനിടവഴിയിലൂടെ കുരുമാന്റെ വീടിനുമുന്‍പിലേക്ക്‌ പിന്നെ പീറ്ററുടെ മാട്ടം ഇടവഴിയിലൂടെ നോങ്ങല്ലൂരിലേക്ക്‌. വിജന്നമായ ശാന്തമായ നാട്ടുവഴികളിലൂടെ വന്നതുകൊണ്ടായിരിക്കണം, സ്ഥലം വാങ്ങി വെറുതെയിട്ട്‌ കാടുവളര്‍ത്താം എന്ന റഫീക്ക്‌ജിയുടെ അഭിപ്രായത്തോട്‌ പെട്ടെന്ന്‌ യോജിക്കാന്‍ രവിയേട്ടനും തോന്നിയത്‌. തൊട്ടുമുന്നില്‍ അംഭിയേട്ടന്റെ വീടാണ്‌. ചുറ്റും മരങ്ങള്‍ തണല്‍ വിരിക്കുന്ന മണല്‍ മുറ്റവും മൂന്നുവശവും നീളന്‍ വരാന്തകളുള്ള പഴയ ഓടുവീട്‌. രാഘവേട്ടന്‍ മരിച്ചിട്ട്‌ വര്‍ഷങ്ങളായി. മുത്തമകന്‍ ബേബി പാലക്കാട്ടെ പ്രശസ്‌തനായ ഡോക്ടറാണ്‌, അംഭിയേട്ടന്‍ യു. എ. ഇ യില്‍ പിന്നെയുള്ള രണ്ട്‌ പെണ്‍മക്കളും അവരുടെ ഭര്‍തൃഗൃഹങ്ങളില്‍. കാര്യസ്ഥനായ മോഹനേട്ടന്റെയും ജോലിക്കാരി കുഞ്ഞമ്മുവിന്റെയും സഹായത്തോടെ ആ വലിയ വീട്ടില്‍ ജാനകി ഏടത്തി. ആഴ്‌ച്ചയിലൊരിക്കലെങ്കിലും അവിടെയെത്തും. നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ചോദിച്ചറിഞ്ഞ്‌ വിഷമങ്ങള്‍ പറഞ്ഞ്‌ വിശേഷങ്ങള്‍ പങ്കുവെച്ച്‌ വരുമ്പോള്‍ ചിലപ്പോള്‍ കണ്ണുനിറയും പിന്നെ കുറച്ചുനേരം മൗനത്തിലേക്ക്‌ മടങ്ങും അവര്‍. കൂടെ റഫീക്ക്‌ജിയേയും രവിയേട്ടനേയും കൂടി കണ്ടപ്പോള്‍ ജാനകിയേടത്തിക്ക്‌ സന്തോഷമായി. കുഞ്ഞമ്മു കൊണ്ടുവന്നു വെച്ച ചായ കുടിക്കുമ്പോള്‍ തെക്കെ പറമ്പിലൂടെ മയിലുകള്‍ വരിവെച്ച്‌ കടന്നുപോയി. താമസിക്കാതെ സുര്‍ജിത്തും അജീഷും വിജീഷും പ്രദീപുമെത്തി പുറകെ മണികണ്‌ഠനും സനോജും വിജേഷും പ്രദീപ്‌ കുമാറും. 
ഒരു ലാഭേച്ഛയും പ്രതീക്ഷിക്കേണ്ടാത്ത കാര്യത്തിന്‌ പൈസ തരാന്‍ ആരാണ്‌ തയ്യാറാകുക. അമ്പലക്കമ്മറ്റിക്കുവേണ്ടിയോ ഉത്സവാഘോഷത്തിനുവേണ്ടിയോ ഒക്കെയാണെങ്കില്‍ പണം വരവിന്‌ ബുദ്ധിമുട്ടില്ല. അതല്ലാതെ ഒരു സ്ഥലം കാടായി നിലനിര്‍ത്താനാണെന്നൊക്കെ പറഞ്ഞാല്‍ ആരാണ്‌ സഹായിക്കുക. പ്രവര്‍ത്തകര്‍ പങ്കുവെച്ചെടുക്കാം എന്നു വെച്ചാല്‍ പലരും വിദ്യാര്‍ത്ഥികളാണ്‌. വരുമാനമുള്ളവര്‍ തന്നെ വലിയൊരു സംഖ്യയൊന്നും സംഭാവനയായി തരാന്‍ കഴിവുള്ളവരുമല്ല. എന്തായാലും വാങ്ങാം എന്ന തീരുമാനം എടുത്താണ്‌ പിരിഞ്ഞത്‌. പലരും കുറേശ്ശേസ്ഥലം വീതം സ്‌പോണ്‍സര്‍ ചെയ്‌ത്‌ കലശമലക്കുന്ന്‌ പെതുകൂട്ടായ്‌മയില്‍ വാങ്ങി സംരക്ഷിക്കാം എന്ന ആശയം പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ എരമംഗലത്തെ സേതു പറയാറുണ്ടായിരുന്നത്‌ മനസ്സിലുണ്ടായിരുന്നു. പി.എന്‍. ഉണ്ണികൃഷ്‌ണേട്ടനും കനാറാബാങ്ക്‌ ഫ്രാന്‍സിസേട്ടനും യൂണിവേഴ്‌സിറ്റ്‌ കോളേജിലെ കുഞ്ഞികൃഷ്‌ണന്‍മാഷും കനാറാബാങ്ക്‌ ബാലചന്ദ്രനുമൊക്കെ ചേര്‍ന്ന്‌ വാങ്ങിയ അട്ടപ്പാടിയിലെ ഇക്കോഫാം ഒരു മാതൃകയായി മുന്നിലുണ്ടായിരുന്നു. എന്നാലും ഓരോരുത്തരും എത്ര തുക വെച്ച്‌ സംഭാവന തരും എങ്ങിനെ പിരിക്കും. ആറു മാസം വരെ മാക്‌സിമം അവധി ചോദിക്കാം അതിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയുമോ സംശയങ്ങള്‍ ഏറെയുണ്ടായിരുന്നു. ഭാരതപ്പുഴയ്‌ക്കും തൂതപ്പുഴയ്‌ക്കും ഇടയിലുള്ള സ്വന്തം നാടായ പള്ളിപ്പുറത്തെ പോലെ നോങ്ങല്ലൂരിനെ സ്‌നേഹിച്ചിരുന്ന സി. രാജഗോപാല്‍ എന്ന രാജേട്ടനോട്‌ വിവരം പറഞ്ഞു. സസന്തോഷം രാജേട്ടന്‍ പദ്ധതിയോട്‌ യോജിച്ചു. 


അശോകേട്ടനും വിജയന്‍മാഷുമൊക്കെ മുന്‍ക്കൈ എടുത്ത്‌ സൗഹൃദസംഘത്തിന്റെ വിപുലമായ യോഗം താമസിക്കാതെ ഹാരിസ്‌ജിയുടെ വീട്ടില്‍ വെച്ച്‌ ചേര്‍ന്നു. പതുക്കെ പരിപാടികള്‍ ഉരുത്തിരിഞ്ഞു വന്നു. 34 സെന്റ്‌ 34 പേര്‍കൂടി വാങ്ങാം ഒരാള്‍ക്ക്‌ ഒരു സെന്റ്‌. കൊച്ചുണ്ണി ഏട്ടനോട്‌ വിവരം പറഞ്ഞു ഒടുവില്‍ കരാറായി റഫീക്ക്‌ജിയും രവിയേട്ടനും സി. രാജഗോപാലേട്ടനും താടി രാജേട്ടനും കൂടി തന്ന പൈസകൊണ്ട്‌ മുന്‍കൂര്‍ തുക കൊടുത്തു കരാറെഴുതി. പിന്നെയും ഒത്തുചേരലുകള്‍... ആദ്യമെത്തിയവരില്‍ തിരുവന്തപുരം തണലിന്റെ പ്രവര്‍ത്തകനായ സതീഷും, സഖിയിലെ ഗ്രേസിയും, മഞ്ചേരിയില്‍ നിന്ന്‌ അഡ്വ. പി.എ പൗരനും, സ്‌ത്രീവേദി കോര്‍ഡിനേറ്ററായ അഡ്വ. ആശയും യുക്തിവാദിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഡേവീസ്‌ വളര്‍ക്കാവും, അതിരപ്പിള്ളി സംരക്ഷണസമിതി പ്രവര്‍ത്തകനായ മോഹന്‍ദാസ്‌ മാഷും ശില്‍പ്പിരാജനും. ഒക്കെയുണ്ടായിരുന്നു. ആറുമാസമുണ്ടായിരുന്നു സമയം പലരും സര്‍ക്കാര്‍ ജോലിക്കാര്‍ 5,000 രൂപ സംഭാവന പോലെ ഒരുമിച്ച്‌ തരാന്‍ ബുദ്ധിമുട്ടുള്ളവര്‍ എന്നാലും കൂട്ടായ്‌മയോടുള്ള യോജിപ്പുകൊണ്ട്‌ ഗഡുക്കളായി പണം തന്നു.

തൃശ്ശൂര്‍ വിമല കോളേജിലെ ഉമടീച്ചര്‍, മണ്ണാര്‍ക്കാട്‌ നിന്നും ഷീബ, പി.എന്‍. ഉണ്ണികൃഷ്‌ണന്റെ ഭാര്യയായ സൈനബ, കൊടകരനിന്നും സോജടീച്ചര്‍, ജൈവകര്‍ഷകനായ ഒ. പി. ശങ്കരനാരായണന്‍ നമ്പൂതിരി, പയ്യൂരെ കൃഷ്‌ണേട്ടന്‍, തൃശ്ശൂര്‍ പി.ജി.സെന്ററിലെ ഡോ. പി.രണ്‍ജിത്ത്‌, സിനിമാനിരൂപകനും എഴുത്തുകാരനുമായ പ്രെഫ. ഐ. ഷണ്‍മുഖദാസ്‌, മൂഴിക്കുളം ശാലയിലെ പ്രേമന്‍, കെ. എം. രമേഷ്‌അരുവാക്കോട്‌ കുംഭത്തിലെ ജിനന്‍ ഓരോരുത്തരായി എണ്ണം കൂടിത്തുടങ്ങി എന്നിട്ടും ഏറെ ബാക്കി. സമയം അടുത്തുവന്നുതുടങ്ങി. രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയില്ല എന്നുതന്നെ സുഹൃത്തുക്കളില്‍ പലരും കരുതി. സ്ഥലം മറിച്ചുകൊടുക്കുന്നുണ്ടോ എന്നന്വേഷിച്ച്‌ ബ്രോക്കര്‍മാരും വന്നുതുടങ്ങി. തിയ്യതി നീട്ടിച്ചോദിക്കുമോ എന്ന പേടിയില്‍ കൊച്ചുണ്ണി എട്ടന്‍ കൃത്യസമയത്തുതന്നെ രജിസ്‌ട്രേഷന്‍ നടക്കണമെന്ന്‌ ആദ്യമേ പറഞ്ഞു. ആള്‍ട്ടര്‍ മീഡിയ സ്വാമിനാഥന്റെ സഹോദരനായ രാജഗോപാലാണ്‌ പിന്നെ വന്നത്‌, വി.ടി.യുടെ മകന്‍ വാസുദേവേട്ടന്‍ പറഞ്ഞ സമയത്ത്‌ തന്നെ പണമെത്തിച്ചു. ഗുരുവായൂര്‍ പുത്തന്‍പല്ലിയിലെ ദാമോദരേട്ടന്‍, തണലിലെ ഉഷചേച്ചി, കനറാബാങ്കിന്റെ ആസാം ശാഖയില്‍ ജോലിചെയ്‌തിരുന്ന കുട്ടിയേട്ടന്‍, ശ്രീകൃഷ്‌ണപുരത്തെ ചന്ദ്രിക ടീച്ചര്‍, കോയമ്പത്തൂരെ അമൃതയില്‍ നിന്നുള്ള അജേഷ്‌, നാഷണല്‍ മ്യൂസിയം ഓഫ്‌ നാച്വറല്‍ ഹിസ്റ്ററി ഡയറക്ടര്‍ ഡോ. വേണുഗോപാല്‍ഉറവിലെ കൃഷ്‌ണന്‍കുട്ടി, സെന്‍സിലെ സുനില്‍, അട്ടപ്പാടി ഫ്രാന്‍സിസേട്ടന്‍, തൃശ്ശൂരെ ശങ്കരനാരായണന്‍, ജോഷി. സി. ഹരന്‍തൃശ്ശൂരെ ഗിരീശന്‍ മാഷ്‌,..... അങ്ങിനെ ഓരോരുത്തരായി കൂട്ടായ്‌മയിലേക്ക്‌... 

വനസ്ഥലികള്‍ ഉണ്ടാകുന്നത്‌ മണ്ണില്‍ മാത്രമല്ല മനുഷ്യരുടെ മനസ്സില്‍ കൂടിയാണെന്ന്‌ തിരിച്ചറിഞ്ഞത്‌ അന്നാണ്‌. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള മണ്ണിനെയും മനുഷ്യരേയും സ്‌നേഹിക്കുന്ന 34 പേരുടെ കൂട്ടായ്‌മയില്‍ അതിനുമപ്പുറം വലിയൊരു സൗഹൃദസംഘത്തിന്റെ കരുതലില്‍  ഇന്നും ആ ചെറിയ തുണ്ട്‌ ഭൂമി നില നില്‍ക്കുന്നു നോങ്ങല്ലൂരിന്റെ പൊതുഇടമായി, സൗഹൃദങ്ങളുടെ തെളിനീരുറവയായി, ഓര്‍മ്മകളിലെ പച്ചതുരുത്തായി....

2 comments:

  1. ee samrambhatthil amgamaakaan kazhiyaathe poyathil vishamamundu.....kaararanam ente ormakalum ivideyokke alayunnundallo.

    AASAMSAKAL.....ABHINANDHANANGAL...

    ReplyDelete
  2. oru samskrithi samraskhikkappedunnathil anghamahan kazhinjathil santhosham. nattil ellayidanhalilum ithoru mathrukayakkappedentathunde ee samrambham ellavaralum ariyappedanam

    ReplyDelete